പ്രേമം എന്നാൽ എന്താണ് ?
ഫിസിക്സിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഇങ്ങനെ കണ്ടാൽ നിങ്ങളുടെ ഉത്തരം എന്തായിരിക്കും.
ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber
പ്രേമം എന്നാൽ എന്താണ് ?
ഫിസിക്സിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഇങ്ങനെ കണ്ടാൽ നിങ്ങളുടെ ഉത്തരം എന്തായിരിക്കും. മലയാളത്തിൽ ആയിരുന്നെങ്കിൽ പ്രേമത്തെ കുറിച്ച് എന്തെങ്കിലും കവിതയോ അല്ലെങ്കിൽ “പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു എന്ന സിനിമാപ്പാട്ടെങ്കിലുമോ എഴുതി വെയ്ക്കാമായിരുന്നു. ഇതിപ്പോ ഫിസിക്സിൽ പ്രേമത്തിനൊക്കെ നിർവചനം ഉണ്ടോ? അങ്ങനൊരു നിർവചനം പ്രേമത്തിനു ഉണ്ടാവാൻ അധികം സമയം വേണ്ടാ എന്നാണു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഫിസിക്സ് ലെറ്റേഴ്സ് എ (Physics Letters A) സെപ്തംബർ ലക്കത്തിൽ റിപ്പോർട്ട് ചെയ്ത ഗവേഷണം പറയുന്നതനുസരിച്ച് പ്രേമം എന്നത് തലച്ചോറിൽ നടക്കുന്ന ഒരു സെക്കന്റ് ഓർഡർ ഫേസ് ട്രാൻസിഷൻ (Love might be a second-order phase transition) അതായത് തലച്ചോറിന്റെ സാധാരണമായ പ്രവർത്തനാവസ്ഥയിൽ നിന്ന് വ്യത്യസ്തമായ ഒരുതരം പ്രവർത്തനാവസ്ഥയിലേക്കുള്ള മാറ്റം – ആയിരിക്കാം എന്നാണ്.
ഇപ്പോൾ ഇതൊരു പരികൽപന (hypothesis) യാണ്. ഈ പരികല്പന വച്ച് ആദ്യ ദർശനാനുരാഗവും, കുറേക്കാലം കണ്ട് പരിചയിച്ച അനുരാഗവും എന്താണെന്നു വിശദീകരിക്കാൻ ശ്രമിക്കുകയാണു ഭൗതികശാസ്ത്രജ്ഞർ.
ഖരം ദ്രാവകാവസ്ഥയിലേക്കും വാതകാവസ്ഥയിലേക്കും തിരിച്ചും മാറുന്നതിനെ ആണ് ഫേസ് ട്രാൻസിഷൻ എന്ന് പറയുന്നത്. കർപ്പൂരം കത്തുന്നതുപോലെ ഒരു ഖരം നേരിട്ട് വാതകമാകുന്നതിനെ സബ്ലിമേഷൻ എന്ന് പറയും. മുഴുവൻ വെള്ളവും തിളച്ച് നീരാവി ആകുന്നതുവരെ വെള്ളം അതിന്റെ തിളനിലയായ നൂറ് ഡിഗ്രി സെൽഷ്യസിൽ തന്നെ ആയിരിക്കും. ഇതാണു ലേറ്റന്റ് ഹീറ്റ്. ഇങ്ങനെ ലേറ്റന്റ് ഹീറ്റ് ഉള്ള ഫേസ് ട്രാൻസിഷനുകൾ ഫസ്റ്റ് ഓർഡർ ഫേസ് ട്രാൻസിഷൻ, ലേറ്റന്റ് ഹീറ്റ് ഇല്ലാത്തവയും ഉണ്ട്. അവയാണു സെക്കന്റ് ഓർഡർ ഫേസ് ട്രാൻസിഷൻ.
ദ്രാവകം ചൂടാകുമ്പോൾ വാതകം ആകും. ദ്രാവകത്തിന്റെ മർദം കൂടുന്നതിനനുസരിച്ച് തിളനിലയും മാറും. സമുദ്ര നിരപ്പിൽ തിളക്കുന്നതിനേക്കാൾ കുറഞ്ഞ ചൂടിൽ ആയിരിക്കും പർവതമുകളിൽ വെള്ളം തിളക്കുന്നത്. ചൂടും മർദവും കൂടുന്നതിനനുസരിച്ച് ഒരു പ്രത്യേക ചൂടിലും മർദത്തിലും എത്തുമ്പോൾ ദ്രാവകവും വാതകവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാകും (ചിത്രം നോക്കുക). ഇതാണു ക്രിട്ടിക്കൽ പോയന്റ്. ക്രിട്ടിക്കൽ പോയന്റിനു മുകളിൽ ഉള്ളതിനെ സൂപ്പർ ക്രിട്ടിക്കൽ ദ്രാവകം എന്ന് വിളിക്കുന്നു.
സാധാരണ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് ക്രിട്ടിക്കൽ പോയന്റിലാണ് എന്നാണു ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ അനുമാനം. ലേറ്റന്റ് ഹീറ്റ് ഉള്ള വെള്ളം ക്രിട്ടിക്കൽ പോയന്റ് കടന്ന് സൂപ്പർ ക്രിട്ടിക്കൽ ആകുന്നത് ഫസ്റ്റ് ഓർഡർ ആണ്. എന്നാൽ തലച്ചോറ് ലേറ്റന്റ് ഹീറ്റ് ഇല്ലാത്ത സെക്കന്റ് ഓർഡർ രീതിയിലൂടെയാണു ക്രിട്ടിക്കൽ സ്റ്റേജിൽ നിന്ന് സൂപ്പർ ക്രിട്ടിക്കൽ ആകുന്നത്. ഇങ്ങനെ സെകന്റ് ഓർഡർ ഫേസ് ട്രാൻസിഷനു തൊട്ടുള്ള ക്രിട്ടിക്കൽ പോയന്റിൽ പ്രവർത്തിക്കുന്നത് കൊണ്ടാണു അതിജീവനത്തിനു ആവശ്യമുള്ളത്ര പരമാവധി കാര്യക്ഷമതയിൽ തലച്ചോറിനു പ്രവർത്തിക്കാനാകുന്നത്.
ശാസ്ത്രത്തിനു ഇതൊക്കെ മുൻപേ അറിയുന്നതാണ്. എന്നാൽ പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ’ എന്ന് പാടാൻ പറ്റുന്നതിന്റെ “ഹിക്മത് എന്താണു എന്നാണു ഈ പുതിയ ഗവേഷണം അന്വേഷിക്കുന്നത്. ഇതിൽ കണ്ടെത്തെതിയതോ, പ്രേമിക്കുമ്പോൾ നമ്മുടെ തലച്ചോറ് സാധാരണ പ്രവർത്തിക്കുന്ന ക്രിട്ടിക്കൽ പോയന്റിൽ നിന്ന് സൂപ്പർ ക്രിട്ടിക്കൽ പോയന്റിൽ കടന്നാണു പ്രവർത്തനങ്ങൾ നടത്തുക. തലച്ചോറിന്റെ ഈ ഫേസ് ട്രാൻസിഷൻ സാധ്യമാക്കുന്നത് രണ്ട് ഹോർമോണുകൾ ആണ്; ഡൊപമിനും സെറോട്ടീണിനും. ഡോപ്പമിന്റെ അളവ് കൂടുമ്പോൾ ഉത്തേജനം (excitation) കൂടും, സെറോട്ടോണിന്റെ അളവ് കുറയുമ്പോൾ അടുക്കാനുള്ള വിഷമം (inhibition) കുറയും.
രസകരമായ മറ്റൊരു കാര്യം ഈ ഭൗതികശാസ്ത്രം ഗവേഷണം നടത്തിയത് ഭൗതിക നിയമങ്ങളുടെ കൂടെ അതിപ്രശസ്തമായ നാലു പ്രണയ പുസ്തകങ്ങൾ കൂടി ചേർത്തുവച്ചാണു. വില്യം ഷേക്സ്പിയറിന്റെ റോമിയോ & ജൂലിയറ്റ്( Romeo and Juliet”, W. Shakespeare), എച്ച്.ഡി. ബാൽസാകിന്റെ ലില്ലി ഓഫ് ദ വാലി (“The Lily of the Valley”, H. de Balzac) ജെ. ലണ്ടന്റെ മാർട്ടിൻ ഈഡൻ (“Martin Eden”, J.London). ഷാർലറ്റ് ബാൻഡിന്റെ ജെയിൻ എയർ (“Jane Eyre” by Charlotte Bront e) എന്നിവയാണവ.
അധികവായനയ്ക്ക്
ഫിസിക്സ് ലെറ്റേഴ്സ് എ (Physics Letters A) സെപ്തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധം വായിക്കാം.. Love might be a second-order phase transition
I think as gravitons, some loveons may be transferring between loving hearts.