കേൾക്കാം
ഏറ്റവും പ്രിയപ്പെട്ട കാർബൺ,
എന്റെ കാർവർണാ, ഞാനും മനുഷ്യരാശി ഒട്ടാകെയും നിന്നോടുള്ള പ്രണയത്താൽ നട്ടം തിരിയുന്നത് നീയറിയുന്നുണ്ടോ? നിന്റെ മായാലീലകൾ എഴുതിവെക്കാൻ എത്രയെത്ര താളുകൾ, പുസ്തകങ്ങൾ. ഒന്നോർത്താൽ എങ്ങനെ നിന്നെ പ്രണയിക്കാതിരിക്കും? ഈ ഭൂമിയിലെ (എന്റെയും) ഉയിരിന്റെ ഉയിര് തന്നെ നീയാണല്ലോ. ജീവന്റെ സൃഷ്ടിയും പരിപാലനവും നടത്തുന്നത് നീ തന്നെ. ജീവന്റെ ആധാരം നീയല്ലാതെ മറ്റാര്? ഏതാണ്ട് നാൽപ്പത് ലക്ഷം വർഷം പഴക്കമുണ്ട് നമ്മുടെ പ്രണയ കഥക്ക്. അന്ന് ഊഷ്മളത തിങ്ങിയ ലവണ ജലത്തിൽ നീ അനന്യമായൊരു ഇന്ദ്രജാല പ്രകടനം നടത്തി. അത് ഒരു ജീവനായി, മുറിഞ്ഞ് പലതായി പിന്നെ വിടർന്നനേകമായി ഈ ഭൂമിയിൽ നിറഞ്ഞു. ഇരുണ്ട വനരാശികളും, പച്ചപ്പു കൊണ്ട് കുളിർന്ന താഴ്വരകളും നീ സൃഷ്ടിച്ചു. ഇവിടെ കാമുകഹൃദയങ്ങളുണ്ടായി. നിന്റെ ലീല നിർബാധം തുടർന്നു. അമീബ മുതൽ, ദിനോസർ വരെ നിനക്കെത്ര ജീവരൂപങ്ങൾ. അജൈവരൂപങ്ങളോ അതിലേറെയും. ഒരേസമയം വജ്രം പോലെ ശക്തനും, പഞ്ഞി പോലെ മൃദുലനുമാണ് നീ. മുല്ലപ്പൂവിന്റെ സുഗന്ധവും കരിമ്പിന്റെ മധുരവും നീയേ. റോസാപ്പൂവിന്റെ ചുവപ്പിലും ചെമ്പകത്തിന്റെ സ്വർണ വർണത്തിലും നീ വിളങ്ങുന്നു. മറ്റൊരു കാർവർണന് 16008 കാമുകിമാരെന്ന് ഞങ്ങളുടെ ഭാവന. നിനക്കും ഓക്സിജൻ, നൈട്രജൻ, സൾഫർ, ഫോസ്ഫറസ് തുടങ്ങി പല പങ്കാളികൾ. ഉള്ള നാല് ഇലക്ട്രോണുകൾ നീ ആരുമായും പങ്കുവെക്കും. മുൻപിലോ പിന്നിലോ അല്ല ഒപ്പം നടക്കാനാണിഷ്ടം എന്ന് പറയും പോലെ കൊടുക്കലോ വാങ്ങലോ, അല്ലാത്ത സ്നേഹപൂർണമായ പങ്കുവെയ്ക്കലിന്റെ സഹസംയോജക ബന്ധനം. എന്തിന് നീയുമായി ഒരു സ്വഭാവ സാമ്യവുമില്ലാത്ത ലോഹങ്ങളുമായി വരെ നീ കൂടിച്ചേരും. അങ്ങനെയുമുണ്ടാവും ക്ലോറോഫിൽ, ഹീമോഗ്ലോബിൻ പോലെ പല രൂപങ്ങൾ. ഒന്നോർത്താൽ അതിലെന്തുണ്ട് കുഴപ്പം? നിന്റെ ഈ സ്വഭാവം കാരണം ജീവപ്രപഞ്ചവും പദാർത്ഥ ലോകവുമുണ്ടായല്ലോ.
കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ന്യൂക്ലിക്കാസിഡുകൾ, ലിപിഡുകൾ അങ്ങനെ എന്റെയുടലിലും ഉയിരിലും നിറയെ നീ തന്നെ. എന്നെ നിലനിർത്തുന്ന അന്നവും എന്നെ നിയന്ത്രിക്കുന്ന ജീവ തന്മാത്രകളും നീ. എന്റെ ചുറ്റും നോക്കിയാലോ ഇടുന്ന ഉടുപ്പ്, അതിന്റെ നിറം, പൂശുന്ന സുഗന്ധം, കുളിക്കുന്ന സോപ്പ്, ഇരിക്കുന്ന കസേര, സഞ്ചി, ഇഞ്ചി, ബെഞ്ച് തുടങ്ങി ഈ കത്തെഴുതുന്ന കടലാസും പേനയും വരെ നീ തന്നെ. നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം എന്ന് കവിയെപ്പോലെ എനിക്കും പാടാൻ തോന്നുന്നു. നിന്നിൽ നിന്ന് ജനിച്ചത് ലക്ഷക്കണക്കിന് ഓർഗാനിക് തന്മാത്രകൾ. നിന്റെ കൂട്ടുകാരുടെയെല്ലാവരുടേയും അനന്തരാവകാശികൾ ചേർന്നാലും നീയുണ്ടാക്കിയവയുടെ ചെറിയ ശതമാനം പോലുമാവില്ല. ചങ്ങലകൾ കോർത്തും, വളയങ്ങൾ സൃഷ്ടിച്ചും, ട്രപ്പീസും ഡാൻസും കളിച്ചും മഴയേൽക്കുമ്പോൾ മണ്ണിൽ നിന്ന് സുഗന്ധം പൊഴിച്ചും അവ ഭൂമിയെങ്ങും നിറയുന്നു. ജീവചക്രം അവസാനിക്കുമ്പോൾ മണ്ണിലലിഞ്ഞു ചേർന്ന് പൂവിലും, പുല്ലിലും, പുഴുവിലും പുനർജനിക്കുന്നു. നിന്റെ ചക്രം അനുസ്യൂതം കറങ്ങുന്നു. നിന്റെ ലീലകൾ കൊണ്ട് ഞങ്ങൾ കുഴപ്പത്തിലാവുന്നത് നീയറിയുന്നുണ്ടോ? എന്ത് രൂപത്തിലായാലും ഒടുക്കം നീ കാർബൺ ഡയോക്സൈഡായി മാറും. കുറേയൊക്കെ ജീവനായും അന്നമായും ഭൂമിയിൽ തിരിച്ചെത്തുമെങ്കിലും അന്തരീക്ഷത്തിൽ നിറഞ്ഞ് അതുണ്ടാക്കുന്ന പുകില് ചെറുതല്ല. അതിന് നിന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സൂക്ഷിക്കേണ്ടത് ഞങ്ങളും കൂടിയല്ലേ. അനാദികാലത്തേക്കുള്ള നിന്റെ സൂക്ഷിപ്പുകൾ ഞങ്ങൾ കത്തിച്ചു രസിക്കുന്നു. ഏതായാലും നിന്നോടുള്ള ആരാധനയും പ്രണയവും ഇനിയും തുറന്നു പറയാതെ വയ്യ. ഞങ്ങളോടുള്ള നിന്റെ സ്നേഹം നിർബാധം തുടരട്ടെ എന്നാഗ്രഹിക്കുന്നു. ജീവന്റെ ഉറവായി നീ ഇനിയുമൊഴുകൂ.
ലോകം സുന്ദരമാവട്ടെ എന്ന് സ്വന്തം……❤️