കേൾക്കാം
പ്രിയപ്പെട്ട മനുഷ്യവംശമേ,
നിന്നെക്കുറിച്ചുള്ള ഓർമകളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു ഈ വാലൻന്റൈൻ ദിനത്തിൽ. റേഡിയോ തരംഗങ്ങൾ മുതൽ ഗാമാ തരംഗങ്ങൾ വരെ നീളുന്ന ‘വിദ്യുത്കാന്തിക വർണരാജി’ എന്ന ഔദ്യോഗികനാമത്തെക്കാൾ എനിപ്പോഴുമിഷ്ടം ‘പ്രകാശം/ വെളിച്ചം’ എന്ന ആ പഴയ ഓമനപ്പേരു തന്നെയാണ്. നമ്മുടെ അനശ്വരപ്രണയത്തിന്റെ ഓർമ്മകൾ ആ വാക്കിൽ ഇന്നും നിലനിൽക്കുന്നു.
ആധുനിക മനുഷ്യരാശിയുടെ ആദ്യ ഹൃദയതുടിപ്പിന് ശേഷം ഇരുന്നൂറായിരമോ അതിലധികമോ വർഷങ്ങൾ കഴിഞ്ഞിട്ടും നിന്നെപ്പറ്റിയുള്ള ആദ്യകാല ഓർമ്മകൾ ഇന്നും പച്ചപിടിച്ചു നിൽക്കുന്നുണ്ട് മനസ്സിൽ. ചരിത്രാതീതകാലം മുതൽ പ്രകൃതിയെയും പ്രപഞ്ചത്തെയും ജീവിതത്തെയും നീ അടുത്തറിഞ്ഞത് കണ്ണുകളിലൂടെയാണ്. മറ്റുള്ള ജീവിവർഗങ്ങളിൽനിന്നും വ്യത്യസ്തമായി, കാണാൻ പറ്റുന്ന തരംഗങ്ങൾക്കപ്പുറമുള്ള എന്റെ വ്യക്തിത്വം തേടിനടന്ന ഒരേയൊരു ജീവിവർഗ്ഗമാണ് നിങ്ങൾ മനുഷ്യർ.
നീയോർക്കുന്നുണ്ടോ, പുരാതന ഗ്രീസിൽ നേർരേഖയിൽ സഞ്ചരിക്കുന്ന എന്റെ പ്രത്യേകതയും അപഭംഗവും (refraction) ഒക്കെ പഠിച്ചതും, അപഭംഗം എന്ന ഈ പ്രത്യേകതയിലധിഷ്ഠിതമായി 1608 ൽ ലിപ്പേർഷെ ‘ദൂരദർശിനി’ ഉണ്ടാകാൻ പേറ്റന്റ് എടുത്തതുമൊക്കെ? ഐസക് ന്യൂട്ടൺ എന്ന ഒരു യുവാവല്ലേ ആദ്യമായി പലനിറങ്ങളുള്ള എന്റെ സങ്കീർണമായ സ്വഭാവം മനുഷ്യരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്? വെള്ളപ്രകാശമെന്നത് ചുവപ്പും പച്ചയും നീലയുമൊക്കെയായി വേർതിരിയുമെന്ന് മൂപ്പർ കണ്ടെത്തി, അല്ലേ! അന്നെനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമൊക്കെ തോന്നി. ‘പ്രകാശം’ എന്ന് മാത്രം പറഞ്ഞു നടന്ന എനിക്ക് ഒരു പുതിയ വ്യക്തിത്വം കിട്ടിയപോലെ ആയിരുന്നു അന്ന്. ന്യൂട്ടണു മുൻപുള്ള തലമുറയിലെ യൊഹാനെസ് കെപ്ലർ ആയിരുന്നു ‘വികിരണ മർദ്ദം’ (radiation pressure) എന്ന എന്റെ സ്വഭാവം കണ്ടെത്തിയത്. ധൂമകേതുവിന്റെ പൊടികൾ നിറഞ്ഞ വാലിന്റെ ചരിവ് ശ്രദ്ധിച്ചാണ് കെപ്ലർ ഈ അനുമാനത്തിലെത്തിയത്. പൊടി നിറഞ്ഞ ആ വാൽ എപ്പോഴും സൂര്യനു എതിർവശത്തേക്കു ചെരിഞ്ഞു നിന്നു. അന്നത്തെ ആ കണ്ടെത്തൽ ഇരുപതാം നൂറ്റാണ്ടിൽ ഒപ്റ്റിക്കൽ ട്വീസർ (optical tweezers) എന്ന കണ്ടെത്തലിലേക്കു വരെ എത്തിച്ചു. ഇപ്പോൾ കാണാൻ പറ്റാത്ത നാനോമീറ്റർ – മൈക്രോമീറ്റർ വലുപ്പത്തിലുള്ള കുഞ്ഞു കണികകളെയൊക്കെ ഈ വികിരണ മർദ്ദം മുതലെടുത്ത് കൃത്യമായി ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എടുത്തുവയ്ക്കാൻ പറ്റും! ഇതൊക്കെ പറ്റുമെന്ന് എനിക്കുപോലുമറിയില്ലായിരുന്നു.
16-17 നൂറ്റാണ്ടിനിപ്പുറം ‘പ്രകാശശാസ്ത്രം (Ray Optics)’ എന്ന ഒരു പുതിയ പഠനശാഖ തന്നെ നീ വളർത്തിയെടുത്തു. അതിനു ശേഷം ‘പ്രകാശവേഗത’ കണക്കെയല്ലേ മാറ്റങ്ങൾ വന്നത്! ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, എക്സ്-റേ, റേഡിയോ തരംഗങ്ങൾ, ഗാമതരംഗങ്ങൾ, മൈക്രോവേവ് അങ്ങിനെ എന്തൊക്കെയാണ് നിങ്ങൾ കണ്ടെത്തിയത്. സ്പേസ്-ടൈമിന്റെ താഴ്വാരങ്ങളിലൂടെയും സമതലങ്ങളിലൂടെയും, ചിലപ്പോൾ തമോദ്വാരത്തിനു ചുറ്റും കറങ്ങിയും യാത്ര ചെയ്യുമ്പോൾ നിങ്ങളെ എപ്പോഴും ഞാൻ ഓർക്കാറുണ്ട്. JWST (James Webb Space Telescope) വന്നതോടെ കുറച്ചുകൂടെ നല്ല ചിത്രങ്ങൾ തരാൻ എനിക്കാവുന്നുണ്ട്. നോക്കട്ടെ ഇനിയെന്തൊക്കെ അങ്ങോട്ട് അയക്കാൻ പറ്റുമെന്ന്!
ഭൂമിയിലേക്ക് വരുമ്പോഴാവട്ടെ ഒരുകൂട്ടം മാന്ത്രികവിദ്യകണക്കെയല്ലേ നിങ്ങൾ എന്റെ പ്രത്യേകതകളെ ഉപയോഗിക്കുന്നത്. വൈദ്യശാസ്ത്രത്തിലെ എക്സ്-റേ ഉപയോഗം, വീട്ടിലിരുന്നു പാട്ട് കേൾക്കുന്നത് മുതൽ യുദ്ധത്തിന് വരെ ഉപയോഗിച്ച റേഡിയോ തരംഗങ്ങൾ, ആഹാരം വയ്ക്കാൻ ഇന്ഫ്രാറെഡും മൈക്രോവേവും അങ്ങിനെ ഒരുപാട് തലങ്ങളിലേക്ക് നിങ്ങൾ ഊഴിയിട്ടിറങ്ങി.
ഈ കൂട്ടത്തിൽ തല കറങ്ങിപോയത്, വിദ്യുത്കാന്തിക ‘തരംഗ’ത്തിന്റെ ‘കണികാ സ്വഭാവം’ (particle nature) കേട്ടപ്പോഴാണ്. അത്രയും കാലം തരംഗമെന്ന കണക്കെ നടന്ന എനിക്ക് അതുൾക്കൊള്ളാൻ തന്നെ കുറച്ചു കാലമെടുത്തു. എങ്കിലും, ആത്മാവബോധം കൂട്ടാൻ അതൊരുപാട് സഹായിച്ചു എന്ന് പറയാതെ വയ്യ. എന്നെക്കുറിച്ചുള്ള തരംഗസിദ്ധാന്തം വായിച്ചപ്പോൾ ഇന്റർഫെറെൻസ് (interference) എങ്ങിനെ സംഭവിക്കുന്നു എന്നു മനസ്സിലായിരുന്നു, എങ്കിലും, എന്തുകൊണ്ടാണ് ഏതെങ്കിലും ലോഹ പ്രതലത്തിൽ പോയി വീഴുമ്പോൾ, അതിന്റെ തീവ്രതയ്ക്കനുസരിച്ച് ഒരു പ്രത്യേക അനുപാതത്തിൽ ഇലെക്ട്രോണുകൾ പുറത്തേക്കു പോയതെന്ന് (photoelectric effect) മനസിലായത് ഈ കണികാ സ്വഭാവത്തെക്കുറിച്ച് വായിച്ചപ്പോഴാണ്.
സിദ്ധാന്തങ്ങൾ ഏതുമാവട്ടെ, ഈ മനുഷ്യനിർമിത ലോകത്ത് നിനക്കൊപ്പം നിന്ന് ഓരോ പക്ഷിയേയും പൂമ്പാറ്റയെയും നക്ഷത്രത്തെയും കൺ കുളിർക്കെ കാണണം… ഒരിക്കൽ നിന്നെയും കൂട്ടി പ്രപഞ്ചത്തിന്റെ അതിർവരമ്പിലേക്കൊക്കൊരു യാത്രപോവണം എന്നാണെന്റെ ആഗ്രഹം. എത്ര യുഗങ്ങൾ എടുത്താലും നമ്മളതിന് ശ്രമിക്കും. പറയാനൊരുപാടുണ്ട് ഇനിയും. പക്ഷേ കുറച്ച് ഗാലക്സികളും ഡാർക്ക് മാറ്ററും ഒക്കെയായി ഒരുപാട് സ്പേസ്-ടൈം വളവുകളും തിരക്കുകളുമുള്ള ട്രാഫിക്കിലേക്ക് കടക്കാറായി ഇപ്പൊ. അതുകൊണ്ടു കത്ത് ചുരുക്കുന്നു.
വാലൻന്റൈൻ ദിനമാശംസിച്ചുകൊണ്ടു നിർത്തട്ടെ.
എന്ന് സ്വന്തം,
വെളിച്ചം