ജയ്ദേവ് ചന്ദ്രശേഖരൻ
വിഖ്യാത ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ കാൾ സാഗന്റെ The Demon-Haunted World: Science as a Candle in the Dark എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിന്റെ സ്വതന്ത്ര വ്യഖ്യാനം – രണ്ടാം ഭാഗം. (ഒരു അവകാശവാദത്തിന്റ ശാസ്ത്രീയത പരിശോധിക്കാനുള്ള 9 ടൂളുകൾ ആണ് ഇതിന്റെ ഒന്നാം ഭാഗത്തിൽ ചർച്ച ചെയ്തത്. അത് ഇവിടെ വായിക്കാം – കപടവാദങ്ങള്‍ പൊളിച്ചടുക്കാൻ ഒരു ‘ടൂള്‍കിറ്റ് ‘)
♦
ശാസ്ത്രീയ മനോവൃത്തി (scientific temper) വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്ന ഈ സമയത്ത് സാഗൻ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ ഈ പുസ്തകം ഏറെ ശ്രദ്ധാർഹമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ കപടശാസ്ത്രവാദക്കാർ പ്രധാനമായി ഉന്നയിക്കുന്ന 20 കുയുക്തികളെ (Logical fallacies) സാഗൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. അവയെ വിശദമായി പരിശോധിക്കാം.
1 വ്യക്തിക്ക് നേരെതിരിയുക (Ad Hominem)
ഒരു വാദത്തെ ഖണ്ഡിക്കുന്നതിനു പകരം അത് പറയുന്ന വ്യക്തിയെ കടന്നാക്രമിക്കുന്ന പ്രവണത. (ഉദാഹരണം : അയാള്‍ ഇന്ന രാഷ്ട്രീയക്കാരനാണ് , അതുകൊണ്ടു അവൻ പറയുന്നത് മണ്ടത്തരമായിരിക്കും. ഏതൊരു വാദത്തെയും പറയുന്നതാര് എന്നുനോക്കാതെ ആശയപരമായി അവലോകനം ചെയ്യാൻ സാധിക്കണം.
2 തിരുവായ്ക്ക് എതിര്‍വായില്ല (Argument from authority)
ശാസ്ത്രീയമനോവൃത്തിയിൽ ആരും അതോറിറ്റി അല്ല. പറയുന്നയാൾ എത്രവലിയ ജീനിയസ് ആയാലും, എത്ര ബഹുമാനിക്കപ്പെടുന്ന ആളായാലും പറയുന്ന വസ്തുതകളുടെയും, അവയ്ക്കുള്ള സ്വതന്ത്രമായ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം വാദങ്ങൾ അംഗീകരിക്കപ്പെടേണ്ടത്.
3 അനന്തരഫലം മോശമാകും എന്ന വാദം (Argument from adverse consequences)
ഒരു അവകാശവാദം ശരിയല്ലെങ്കിൽ ഉണ്ടാകാവുന്ന പരിണിത ഫലങ്ങൾ ചൂണ്ടിക്കാട്ടി ആ വാദം ശരിയായിരിക്കണം എന്നു സ്ഥാപിക്കൽ. (ഉദാഹരണം : മരണാനന്തരം സ്വർഗ്ഗവും നരകവും ഇല്ലെങ്കിൽ പിന്നെ ഭൂമിയിൽ തിന്മ ചെയ്തവർക്ക് ആര് ശിക്ഷ കൊടുക്കും? അതുകൊണ്ട് സ്വർഗ്ഗവും നരകവും ഒക്കെ ഉണ്ട്).
4 അജ്ഞതയെ ആശ്രയിക്കല്‍ (Appeal to ignorance)
ഒരു കാര്യം ഇല്ല എന്നു തെളിയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അത് ഉണ്ട് എന്നു വാദിക്കുന്നതാണ് ഈ കുയുക്തി. മതവിശ്വാസികൾ, പാരാനോർമൽ വാദികൾ എന്നിവരെല്ലാം ധാരാളം ഉന്നയിക്കാറുള്ള ഒരു വാദമാണിത്. ഉദാഹരണമായി, പ്രേതങ്ങൾ ഇല്ല എന്നുള്ളതിനു തെളിവുകൾ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് പ്രേതങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കണമെന്ന വാദം.
ശാസ്ത്രീയ സമീപനത്തില്‍ തെളിവ് നൽകേണ്ട ബാധ്യത ‘എന്തെങ്കിലും ഉണ്ട്’ എന്നു അവകാശപ്പെടുന്നവർക്കാണ്. ഒരു ഉദാഹരണം : ഡ്രാഗണുകൾ ഇല്ല എന്നു ഇതുവരെ ആരും തെളിയിച്ചിട്ടില്ല. തെളിയിക്കാൻ സാധിക്കുകയുമില്ല. കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ ഫാൾസിഫൈയബിലിറ്റി ആണ് ഇവിടെ പ്രശ്നം. പക്ഷെ ഡ്രാഗണുകൾ ഉണ്ടെങ്കിൽ ഉണ്ട് എന്നു തെളിയിക്കാൻ വളരെ എളുപ്പമാണ്. ഒരു ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ മതിയാകും. അതുകൊണ്ട് തെളിവ് നൽകേണ്ട ബാധ്യത (burden of proof) ഡ്രാഗൺ ഉണ്ട് എന്നു വാദിക്കുന്നവരുടെ ചുമലിലാണെങ്കിലേ അത് ശാസ്ത്രീയ സമീപനമാകൂ.
5 പ്രത്യേക സാഹചര്യം കല്പിക്കല്‍ (special pleading)
ഉന്നയിച്ച വാദം ശാസ്ത്രീയമായി ഖണ്ഡിക്കപ്പെടുമ്പോൾ, തന്റെ സാഹചര്യം ഒരു പ്രത്യേക സാഹചര്യമായി കാണണം എന്നു വാദിക്കുന്നതാണ് സ്പെഷ്യൽ പ്ലീഡിങ് ഫാലസി. ഉദാഹരണം : കൈക്കൂലി വാങ്ങുന്നത് തെറ്റാണ്, പക്ഷെ ഞാൻ അങ്ങനെ കൈക്കൂലി വാങ്ങുന്ന ആളല്ല. ഇപ്പൊ വാങ്ങിയത് സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ടുമാത്രമാണ്.
6 ചോദ്യത്തില്‍തന്നെ ഉത്തരം തിരുകുക (Begging the question/Assuming the answer )
ചോദ്യത്തിൽതന്നെ അതിന്റെ ഉത്തരം തള്ളിക്കയറ്റികൊണ്ട് ചോദ്യത്തെ അപ്രസക്തമാക്കുന്നതാണ് ഈ കുയുക്തി. ഉദാഹരണം : “കഠിനമായ ശിക്ഷകളുടെ അഭാവം മൂലം വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നമുക്ക് എന്തു ചെയ്യാനാകും?” എന്ന ചോദ്യം ചോദിക്കുന്നയാൾ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണം കഠിനമായ ശിക്ഷയുടെ അഭാവമാണെന്ന് സ്വയമേ പ്രസ്താവിക്കുകയും, അതുവഴി ശിക്ഷകളുടെ കാഠിന്യം കൂട്ടലാണ് പരിഹാരം എന്ന ഉത്തരത്തിലേക്ക് നയിക്കാൻ ശ്രമിക്കുകയുമാണ്.
7 താല്പര്യമുള്ളതിനെ മാത്രം ഉയര്‍ത്തിക്കാട്ടുക (Observational selection fallacy)
ഈ കുയുക്തിയെ തന്നിഷ്ടപ്രകാരമുള്ള തെരെഞ്ഞെടുപ്പ് (Cherry Picking) എന്നും വിളിക്കും. കുറേ വസ്തുതകളിൽ നിന്ന്, അവകാശവാദത്തെ സാധൂകരിക്കുന്ന ഏതാനും ചില വസ്തുതകൾ മാത്രം ഉദ്ധരിക്കുന്നതാണ് ഈ ഫാലസി. ഉദാഹരണമായി ഒരു സ്ഥാനാർഥി ചെയ്ത നല്ല കാര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാളുടെ പാർട്ടിയും അയാൾക്കു പറ്റിയ വീഴ്ചകൾ ഉയർത്തിപ്പിടിച്ചുകൊണ്ടു എതിർ പാർട്ടിയും പ്രചാരണം നടത്തുന്നത് നമ്മൾ കാണാറുണ്ടല്ലോ. ഇവിടെ രണ്ട് പാർട്ടിക്കാരും അവർക്കു സഹായകമായ പോയിന്റുകൾ മാത്രം ചെറിപിക്ക് ചെയ്യുകയാണ്. പക്ഷെ വോട്ടർമാരായ നമുക്ക് ഈ കുയുക്തിയെ പറ്റി അറിവുണ്ടെങ്കിൽ രണ്ടു പ്രചാരണങ്ങളിലും വീഴാതെ സ്വതന്ത്രമായി തീരുമാനമെടുക്കാനാകും. അതുപോലെതന്നെ വർഗീയമായും രാഷ്ട്രീയമായുമൊക്കെ കുത്തിത്തിരിപ്പുണ്ടാക്കുന്നവരുടെ പ്രിയപ്പെട്ട കപട തന്ത്രമാണ് ഇത്. ഒരിക്കൽ രണ്ടു മതഗ്രന്ഥങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു വാട്സാപ്പ് ഫോർവേഡ് കാണുകയുണ്ടായി. ഒരു മതഗ്രന്ഥത്തിൽ നിന്നുള്ള നല്ല വചനങ്ങളും മറ്റേ മതഗ്രന്ഥത്തിൽ നിന്നുള്ള മനുഷ്യത്വരഹിതമായ വചനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യത്തെ മതം രണ്ടാമത്തേതിനേക്കാൾ മികച്ചതാണെന്ന് അവകാശപ്പെടുന്ന ഒരു മെസ്സേജ് ആയിരുന്നു അത്. ഇവിടെ തമാശ എന്തെന്നാൽ രണ്ടാമത്തെ മതത്തിലുള്ള ഒരാൾക്ക് ഇതേ മാർഗം ഉപയോഗിച്ച് ആദ്യത്തെ മതത്തെയും അപഹസിക്കാനും ഇകഴ്ത്താനും പറ്റും എന്നതാണ്!
8 ഒറ്റപ്പെട്ടവയെ സാമാന്യവൽക്കരിക്കുക ( Statistics of small numbers)
സ്റ്റാറ്റിസ്റ്റിക്‌സ് എന്ന ഗണിത ശാസ്ത്ര ശാഖയുമായി പരിചയമുള്ളവർക്കെല്ലാം അറിവുള്ള കാര്യമാണ് സ്റ്റാറ്റിസ്റ്റിക്സിന്റെ തത്വങ്ങൾ ശരിയാകുന്നത് വലിയ സംഖ്യകളുടെ കാര്യത്തിലാണെന്ന്. സാംപ്ലിങ് സൈസ് കൂടുന്നതിനനുസരിച്ചു സ്റ്റാറ്റിസ്റ്റിക്സിലെ പ്രവചനങ്ങളുടെ കൃത്യത കൂടും. പക്ഷെ ഈ തത്വങ്ങൾ ചെറിയ സാംപ്ലിങ് സൈസിൽ ഉപയോഗിക്കുന്ന ന്യായവൈകല്യമാണ് ഈ ഫാലസി. ഏറ്റവും ലളിതമായ ഉദാഹരണം എടുക്കാം – “ഇന്ത്യയിലെ അഞ്ചുപേരിൽ ഒരാൾ വെജിറ്റേറിയൻ ആണ് എന്നാണല്ലോ പഠനങ്ങൾ പറയുന്നത്. പക്ഷെ ഞങ്ങൾ അഞ്ചുപേരുണ്ടല്ലോ, എന്നിട്ടും ഞങ്ങളിൽ ആരും വെജിറ്റേറിയൻ അല്ലല്ലോ.” അതുപോലെ നമ്മൾ സാധാരണ കേൾക്കാറുള്ള ഒരു കാര്യമാണ് “പണ്ടുകാലത്തെ കാർന്നോന്മാരൊക്കെ ഒരുപാടു കാലം പൂർണ ആരോഗ്യത്തോടെ ജീവിച്ചിരുന്നു” എന്ന വാദം. ഇവിടെ ഈ വാദം ഉന്നയിക്കുന്നവർ അവർക്കു പരിചയമുള്ള ഏതാനും കാർന്നോന്മാരെ ഓർത്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുക. അതായത് അവരുടെ സാംപ്ലിങ് സൈസ് വളരെ ചെറുതാണ്. ഇതേ സമയം ഔദ്യോഗികമായി ലഭ്യമായിട്ടുള്ള എല്ലാ രേഖകളിലുമുള്ളത് പ്രകാരം പണ്ടുള്ളവരുടെ ശരാശരി ആയുർദൈർഘ്യം ഇന്നത്തെക്കാള്‍ വളരെ കുറവായിരുന്നു.
9 കണക്കുകള്‍കൊണ്ട് കബളിപ്പിക്കുക ( lying with statistics)
സ്റ്റാറ്റിസ്റ്റിക്സിന്റെ അനുമാനങ്ങളെ മനസ്സിലാക്കുന്നതിൽ വരുന്ന തെറ്റുകളോ, അഥവാ മനഃപൂർവം സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആണ് ഈ ഫാലസി. ഉദാഹരണം ഏതുപാർട്ടിയായിരിക്കും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന സർവ്വേ നടത്തുന്നത് ഒരു പ്രത്യേക പാർട്ടിക്ക് ആധിപത്യം ഉള്ള സ്ഥലത്താണെങ്കിൽ ആ സർവ്വേയുടെ ഫലത്തെ വിശ്വസിക്കാൻ പറ്റില്ല. എല്ലാ സർവേയിലെയും സാമ്പിളുകൾ അനിയമിതം(random) ആയിരിക്കണം.
10 വാദവൈരുദ്ധ്യം നിരത്തുക (Inconsistency )
ഒരാൾ അയാളുടെ സ്വന്തം വാദത്തെ തന്നെ ഖണ്ഡിക്കുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്. ഉദാഹരണം : “അവിടെ ഭയങ്കര തിരക്കായതുകൊണ്ട് ആരും അവിടെ പോകാറില്ല !”
11 കാര്യകാരണ ബന്ധമില്ലാത്ത നിഗമനം ( Non sequitur)
ഉദാഹരണം – “സിനിമാ രംഗത്തെ ഒരു മഹാ പ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ ഒരു മികച്ച നടൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ ഒരു പാർട്ടി ടിക്കറ്റ് കൊടുത്തു് ജയിപ്പിച്ചു പാർലമെന്റിൽ എത്തിക്കണം.“നല്ല ഒരു സിനിമാക്കാരൻ ആണ് എന്നത് നല്ല ഒരു പാർലിമെന്റേറിയൻ ആകാനുള്ള യോഗ്യത അല്ലല്ലോ..
12 തെറ്റായ കാരണം (Post hoc ergo propter hoc )
ഇതിനെ ചുരുക്കി post hoc fallacy എന്നും പറയും. ഒന്നിനുപുറകെ ഒന്നായി രണ്ടു സംഭവങ്ങൾ നടന്നതുകൊണ്ട് ആദ്യത്തെ സംഭവമാണ് രണ്ടാമത്തേതിന് കാരണം എന്ന തെറ്റിദ്ധാരണ ജനിപ്പിക്കപ്പെടുന്നതാണ് ഇത്. പല കപട ചികിത്സകരും ചൂഷണത്തിനായി ഉപയോഗിക്കുന്ന ഒരു ലോജിക്കൽ ഫാലസിയാണ് ഇത്. അവരുടെ മരുന്ന് കഴിച്ച ശേഷം രോഗം മാറി എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ മരുന്ന് കഴിച്ചതുകൊണ്ടാണ് രോഗം മാറിയതെന്ന് അവകാശപ്പെടുന്നത് ഇതിന് ഉദാഹരണമാണ്. പക്ഷെ രോഗം മാറിയത് ഈ മരുന്ന് കഴിച്ചതുകൊണ്ടാണ് എന്നുള്ള cause and effect relationship തെളിയിക്കപ്പെട്ടാലേ ഈ വാദത്തിന് ശാസ്ത്രീയമായ സാധുത കിട്ടുകയുള്ളൂ.
13 അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ (Meaningless question)
വളരെ ബുദ്ധിപരം എന്ന് തോന്നുന്ന, പക്ഷെ പ്രത്യേകിച്ച് സംവാദപരമായി യാതൊരു മൂല്യവുമില്ലാത്ത ചോദ്യങ്ങളാണിവ. പറയുന്ന വിഷയത്തെപ്പറ്റി അറിവില്ലാത്തവർക്ക് ഈ ചോദ്യങ്ങൾ ചോദിക്കുന്നവർ വലിയ പണ്ഡിതരാണെന്ന് തെറ്റിദ്ധാരണയുണ്ടാകും. പക്ഷെ വിഷയത്തെ പറ്റി ആറിയാവുന്നവർക്കാണെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം പറയാൻ പ്രയാസവുമായിരിക്കും. ഒരു ഉദാഹരണം : പ്രപഞ്ചോല്പത്തിക്ക് കാരണമായി ഇന്ന് ഫിസിക്സ് അംഗീകരിക്കുന്ന ബിഗ് ബാംഗ് തിയറിയെ പറ്റിയുള്ള ഒരു ഫേസ്ബുക് പോസ്റ്റിനുതാഴെ ഒരു കടുത്ത മതവിശ്വാസി ഇട്ട കമന്റ് ആണ് ഇത്. “ഏതൊരു പൊട്ടിത്തെറിയിലും ഉള്ള സാധനങ്ങൾ നശിക്കുകയേയുള്ളൂ. പുതിയതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. പിന്നെയെങ്ങനെയാണ് ഒരു പൊട്ടിത്തെറിയിലൂടെയാണ് ഈ പ്രപഞ്ചം മുഴുവൻ ഉണ്ടായതെന്ന് പറയാൻ പറ്റുക?” ഇവിടെ ഈ കമന്റ് ഇട്ട വ്യക്തിയ്ക്ക് കൃത്യമായ ഉത്തരം നൽകണമെങ്കിൽ തിയററ്റിക്കൽ ഫിസിക്സിന്റെ പ്രാഥമിക ധാരണ അയാള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടിവരും.
14 കറുപ്പോ വെളുപ്പോ എന്ന വാദം (Excluded middle )
രണ്ടു ധ്രുവങ്ങളായി മാത്രം ചിന്തിക്കുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്. “നീ ഒന്നുകിൽ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ ഞങ്ങളുടെ ശത്രുവാണ്.” എന്ന മട്ടിലുള്ള പ്രസ്താവനകളെല്ലാം ഇതിൽ പെടും. രണ്ട് എതിർ ധ്രുവങ്ങൾക്കിടയ്ക്കുള്ള മധ്യമാർഗം ഈ ഫാലസിയിൽ പെട്ടവർക്ക് സ്വീകാര്യമായിരിക്കില്ല. ചരിത്രത്തിലെ എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളും അവരെ വിമർശിച്ചവരെ രാജ്യദ്രോഹികളായാണ് കണ്ടിരുന്നത്. രാജ്യത്തിൻറെ നന്മയ്ക്കുവേണ്ടി ഗവണ്മെന്റിനെ വിമർശിക്കുന്നവർ ഉണ്ടാകാം എന്ന മധ്യമാര്‍ഗ്ഗം ഇവർക്ക് അപരിചിതമാണ്.
15 ഹ്രസ്വകാലമോ ദീര്‍ഘകാലമോ? (Short term vs Long term)
നേരത്തെ പറഞ്ഞ കറുപ്പും വെളുപ്പും ഫാലസിയുടെ മറ്റൊരു രൂപമാണെങ്കിലും പ്രത്യേക പരാമർശം അർഹിക്കുന്ന ഒന്നാണിത്. നമ്മുടെ മുൻപിലുള്ള അടിയന്തിരമായ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച്, ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ എതിർക്കുന്ന ഒരു ഫാലസി ആണിത്. ഉദാഹരണം : “ബഹിരാകാശ ഗവേഷണത്തിന് കാശു ചിലവാക്കുന്നത് രാജ്യത്തെ പട്ടിണി മാറ്റിയിട്ടുമതി.”
16 തെറ്റിലേക്ക് വഴുതി വീഴാം എന്ന വാദം (Slippery slope )
ഇപ്പോൾ ഒരു കാര്യം ചെയ്താൽ അത് ദോഷകരമായ കൂടുതൽ മാറ്റങ്ങളിലേക്കു നയിക്കും എന്ന യുക്തിരഹിതമായ ഭയം. ഉദാഹരണം : “ഇന്ന് അവനെ ഒരുമണിക്കൂർ ലേറ്റ് ആയി ഓഫീസിൽ വരാൻ അനുവദിച്ചാൽ ഭാവിയിൽ അവൻ അതൊരു ശീലമാക്കാൻ സാധ്യതയുണ്ട്.”
17 കാര്യകാരണബന്ധം സൃഷ്ടിക്കുക (Confusion of correlation and causation)
ബന്ധമില്ലാത്ത രണ്ടുകാര്യങ്ങൾ തമ്മിൽ ഒരു കാര്യ-കാരണ ബന്ധം (cause and effect relationship) ആരോപിക്കുന്ന ഫാലസിയാണ് ഇത്. ഉദാഹരണമായി ഒരു നഗരത്തിലെ ചോക്ലേറ്റ് കച്ചവടം കൂടിയതിനോടൊപ്പം തന്നെ അവിടത്തെ കുറ്റകൃത്യങ്ങളും കൂടുന്നതായി കണ്ടാൽ, ചോക്ലേറ്റ് കഴിക്കുന്നത് കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു എന്ന് അനുമാനിക്കാനാവില്ല.
18 കോലത്തെ തല്ലുക (Straw man)
നമ്മുടെ ചാനൽ ചർച്ചകളിലുംമറ്റും ധാരാളമായി കാണപ്പെടുന്ന ഒരു ഫാലസിയാണ് സ്ട്രോ മാൻ. എതിരാളിയുടെ വാദം എന്തായിരിക്കും എന്ന് നമ്മൾ തന്നെ പറഞ്ഞ ശേഷം അതിനെ ഖണ്ഡിക്കുന്നതാണ് സ്ട്രോ മാൻ ഫാലസി. ശാസ്ത്രീയമായ സംവാദത്തിൽ എല്ലാവരെയും അവരുടെ വാദം സ്വയം അവതരിപ്പിക്കാൻ അനുവദിക്കേണ്ടത് ആവശ്യമാണ്.
19 തെളിവുമറയ്ക്കൽ (Suppressed evidence )
പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവച്ചുകൊണ്ടുള്ള വാദങ്ങൾ ഇതില്‍ പെടും. പരസ്യങ്ങളിൽ ഈ ഫാലസി ധാരാളമായി കാണാം. ഒരു ഉല്പന്നവും അതിന്റെ ദോഷങ്ങളെ പറ്റി പരസ്യങ്ങളിൽ പറയില്ല. ഉത്പന്നത്തിന്റെ പാർശ്വഫലങ്ങളെപ്പറ്റി അവർ അതിന്റെ കവറിൽ എഴുതുന്നത് നിയമം മൂലം അത് നിര്ബന്ധമാക്കപ്പെട്ടതുകൊണ്ടു മാത്രമാണ്. അതുപോലെ പല കപടശാസ്ത്രവാദങ്ങളിലും അവരുടെ വാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനായി ഏതെങ്കിലും ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലങ്ങൾ ഭാഗികമായി ഉദ്ധരിക്കാറുണ്ട്. അതുപോലെ കോർപ്പറേറ്റ് മേഖലയിലും രാഷ്ട്രീയത്തിലുമൊക്കെ ഈ ഫാലസി ധാരാളമായി കാണാനാകും.
20 ആധികാരികമെന്നുതോന്നുന്ന വാക്കുകള്‍ (Weasel words )
പറയുന്നതിന് ആധികാരികതയുണ്ട് എന്ന പ്രതീതിയുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന വ്യക്തതയില്ലാത്ത വാക്കുകളാണ് weasel words. ഉദാഹരണം : “ഞങ്ങളുടെ പുതിയ മരുന്നിന് എയ്ഡ്‌സിനെ സുഖപ്പെടുത്താൻ കഴിയും എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.” ഇവിടെ “ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്” എന്ന് പറയുന്നത് അവ്യക്തമായ ഒരു weasel word ആണ്. കേൾക്കുമ്പോൾ ഒരു ആധികാരികതയൊക്കെ തോന്നുമെങ്കിലും ശാസ്ത്രീയ സമീപനത്തില്‍ ഇവ സ്വീകാര്യമല്ല. ഗവേഷണത്തിന്റെ സോഴ്സ് കാണിക്കാൻ പറ്റിയെങ്കിലേ ഇതിന് സാധുതയുള്ളൂ. അതുപോലെ ഹോളിസ്റ്റിക് മെഡിസിൻ തട്ടിപ്പുകാർ ധാരാളമായി ഉപയോഗിക്കുന്ന ഒരു weasel word ആണ് “ഡിടോക്സിഫിക്കേഷൻ”. ശരീരത്തിന് സ്വാഭാവികമായി പുറന്തള്ളാനാവാത്ത എന്തൊക്കെയോ ടോക്സിനുകൾ ഉണ്ടെന്നും, അവയെ ഇവരുടെ ഡിടോക്സിഫിക്കേഷൻ പ്രക്രിയകൾ വഴി പുറന്തള്ളാൻ കഴിയും എന്നുമുള്ള വാദങ്ങളെ ശാസ്ത്രലോകം പൊളിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇതിനെ പറ്റി അറിയാത്തവരെ ഇപ്പോളും ഈ weasel word ആകർഷിക്കുന്നുണ്ട്.
അധിക വായനക്ക്
- യുക്തിചിന്തയും കപടവാദങ്ങളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അവലംബം
- The Demon-Haunted World: Science as a Candle in the Dark
- The Baloney Detection Kit: Carl Sagan’s Rules for Bullshit-Busting and Critical Thinking
One thought on “കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ”