Home » ശാസ്ത്രം » ഗണിതം » വായിക്കാന്‍ കൊള്ളാത്ത ഒരു പുസ്തകത്തെപ്പറ്റി

വായിക്കാന്‍ കൊള്ളാത്ത ഒരു പുസ്തകത്തെപ്പറ്റി

ഡോ. എൻ ഷാജി

.

വായിച്ചിരിക്കേണ്ട, വായിക്കാൻ കൊള്ളാവുന്ന പുസ്തകങ്ങള്‍ പലരും പരിചയപ്പെടുത്താറുണ്ടല്ലോ.. എന്നാല്‍ വായിക്കാൻ തീരെ കൊള്ളാത്ത ഒരു പുസ്തകത്തെ നമുക്ക് പരിചയപ്പെടാം.  അതിന്റെ പ്രസിദ്ധീകരണ ജോലി ചെയ്തവരുൾപ്പടെ പത്തു പേരിൽ കൂടുതൽ അതു വായിച്ചിട്ടുണ്ടാവില്ല.അതു് ഒരു ഗണിതശാസ്ത്ര പുസ്തകമാണ്.

pi
കടപ്പാട്: വിക്കിപിഡിയ

ഒരു വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന തുക ഒന്നു തന്നെയായിരിക്കും എന്ന്  ഏറെക്കാലം മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആ സംഖ്യയെ ഗ്രീക്ക് അക്ഷരമായ ‘പൈ’ കൊണ്ടു സൂചിപ്പിക്കുന്നു.  ‘പൈ’ ഒരു അഭിന്നകമാണ്. അതായത് ഭിന്നസംഖ്യയുടെ രൂപത്തില്‍ എഴുതാനാവാത്തത്. അതിനാല്‍ യാതൊരു ക്രമത്തിലും ആവര്‍ത്തിക്കാത്തതാണ് അതിലെ ദശാംശസ്ഥാനങ്ങള്‍.


കടപ്പാട് : Pixabay

വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള കൃത്യമായ അനുപാതം കണ്ടെത്തുക എന്നത് പഴയകാല ഗണിതശാസ്ത്രജ്ഞരുടെ പ്രധാന യജ്ഞമായിരുന്നു.അതിന്റെ ഏകദേശ വില 22/7 അതായത്  3.125 എന്നാണ് ബാബലോണിയക്കാര്‍ കണക്കാക്കിയത്. ആര്‍ക്കിമിഡസ് 3.1408 നും 3.14285 നും ഇടയിലുള്ളതാണ് അതിന്റെ വിലയെന്ന് മനസ്സിലാക്കിയിരുന്നു.വൃത്തത്തെ ബഹുഭുജവുമായി സാമ്യപ്പെടുത്തിയാണത്രെ അദ്ദേഹമത് കണക്കാക്കിയത്. ചൈനക്കാര്‍ അഞ്ചാം നൂറ്റാണ്ടില്‍  ഇതേ രീതിയില്‍ കുറച്ചുകൂടി കൃത്യതയോടെ 355/113 എന്ന് കണക്കാക്കി. അതായത് 3.1415929. ഏറെ കൃത്യതയോടെ അത് കണക്കു കൂട്ടിയതില്‍ മലയാളി ഗണിത ശാസ്ത്രജ്ഞനായ മാധവാചാര്യനും (CE 1340-1425)ഉള്‍പ്പെടും. അനന്തശ്രേണി ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം അത് കണക്കാക്കിയത്. ഇന്ന്  കംപ്യൂട്ടര്‍ ഉപയോഗിച്ച് അതിന്റെ വില പരമാവധി കണക്കാക്കിയിട്ടുണ്ട്. . സാധാരണ ഗതിയിൽ ഏതു കണക്കുകൂട്ടലിനും എട്ടുസ്ഥാനത്തിനപ്പുറത്തേക്ക് വേണ്ടി വരില്ല. അതായത് 3.14159265.പൈ യുടെ ആദ്യ ഒരു ലക്ഷം അക്കങ്ങൾ പ്രിന്റ് ചെയ്ത പുസ്തകമാണ് ലോകത്തെ ഏറ്റവും ബോറൻ പുസ്തകമായി വിശേഷിപ്പിക്കപ്പെട്ട മേൽ സൂചിപ്പിച്ച പുസ്തകം.

അതിന്റെ ഒരു കോപ്പി മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസെർച്ചിൽ നിന്ന് സംഘടിപ്പിച്ച് അതിന്റെ നല്ലൊരു ഭാഗം ഹൃദിസ്ഥമാക്കി പ്രസിദ്ധനായ ഒരാളുണ്ട്, മംഗലാപുരം കാരനായ രാജൻ മഹാദേവൻ. 1981-ൽപൈയുടെ ആദ്യ 31811 അക്കങ്ങൾ ഓർമയിൽ നിന്ന് തെറ്റാതെ പറഞ്ഞ് അയാൾ ലോക റിക്കാർഡിന് ഉടമയായി. പിന്നീട് ഇന്ത്യക്കാർ ഉൾപ്പടെ പലരും ഈ റിക്കാർഡ് തിരുത്തിയിട്ടുണ്ട്. 2006-ൽ ജപ്പാൻകാരനായ അകിര ഹരഗുചി (Akira Haraguchi) ഒരു ലക്ഷം അക്കങ്ങൾ ഓർമയിൽ നിന്ന് തെറ്റാതെ പറഞ്ഞത് വലിയ വാർത്തയായിരുന്നു.

രാജൻ മഹാദേവൻ.
രാജൻ മഹാദേവൻ ഗിന്നസ് റെക്കോര്‍ഡ്‌  പുസ്തകവുമായി |Copyrighted Picture :www.kansascity.com

കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് പൈയുടെ അക്കങ്ങൾ കണ്ടെത്തുന്നതിനുള്ള ലോക റിക്കാർഡ് അമ്പരപ്പിക്കുന്നതാണ്.   3.14 ദശലക്ഷം കോടി (31.4 ട്രില്യൺ) അക്കങ്ങളാണ് എമ്മ ഹറുക്ക ഇവാവോ (Emma Haruka Ewao) എന്ന ജപ്പാൻകാരി കണ്ടെത്തിയത്. ഒരാൾ ഇതൊന്ന് നോക്കി വായിക്കുകയാണെങ്കിൽ, ഒരു സെക്കൻഡിൽ ഒരക്കം എന്ന നിരക്കിലാണെന്നങ്കിൽ ഒരു പത്തുലക്ഷം വർഷമെടുക്കും. ഇത് പുസ്തകങ്ങളാക്കി പ്രിൻറു ചെയ്താൽ അതിന്റെ ഒരു കോപ്പി സൂക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിൽ പോലും ഇടം തികയില്ല. ഒരു വാല്യത്തിൽ 3 ലക്ഷം എന്ന നിരക്കിൽ അക്കങ്ങൾ നിറച്ചാൽ 10 കോടിയിലധികം വാല്യങ്ങൾ വേണ്ടിവരും.പിന്‍കുറിപ്പ്
പൈയുടെ 10 കോടി അക്കങ്ങള്‍ ഇന്റര്‍നെറ്റ്‌ ആര്‍ക്കൈവില്‍ (Full text of “Pi to 100 million decimal places” – Internet Archive) ലഭ്യമാണ്. ഇത് നിങ്ങള്‍ എത്ര സമയം സ്ക്രോള്‍ ചെയ്ത് വായിക്കും ? (പുസ്തകമായും ഡൌണ്‍ലോഡ് ചെയ്യാം) 

Solar Glass

Check Also

ഇലക്ട്രോണും സ്റ്റാൻഡേർഡ് മോഡലും

കേവലം അണുവെന്ന ആശയത്തിൽ കുടുങ്ങിക്കിടന്ന ദ്രവ്യപ്രപഞ്ചഘടന പിളർന്നു വിശാലമായി സ്റ്റാൻഡേർഡ് മോഡലിലേക്കു വഴി തുറക്കാനിടയായ ആദ്യകണം ഇലക്ട്രോൺ ആണ്. അതുകൊണ്ടാണ് നമ്മുടെ കണങ്ങളുടെ കഥ ഇലൿട്രോണിൽ നിന്നും ആരംഭിക്കുന്നത്..

One comment

  1. Interesting and informative. Thanks

Leave a Reply

%d bloggers like this: