Read Time:17 Minute

മുരളി തുമ്മാരുകുടി

ദുരന്ത നിവാരണ വിഭാഗം തലവന്‍, UNEP

ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

ഇന്ത്യയൊന്നാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിലെ നൂറ്റി എൺപത്തഞ്ചോളം രാജ്യങ്ങളിൽ ഇപ്പോൾ കൊറോണ എത്തി ചേർന്നല്ലോ. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണയുടെ വളർച്ചയുടെ കാലമാണ്. ഇറ്റലിയുൾപ്പടെ യൂറോപ്യൻ രാജ്യങ്ങളൊന്നും കൊറോണയെ പിടിച്ചു കെട്ടാൻ പോയിട്ട് തടഞ്ഞു നിർത്താനുള്ള ശ്രമത്തിൽ പോലും വിജയിച്ചിട്ടില്ല. അതെ സമയം ചൈനയും ദക്ഷിണകൊറിയയും ജപ്പാനുമൊക്കെ ഈ യുദ്ധത്തിൽ താൽക്കാലമെങ്കിലും മേൽക്കൈ നേടിയിട്ടുമുണ്ട്. അപ്പോൾ ഈ യുദ്ധം വിജയിക്കാൻ പറ്റുന്നതാണ് എന്ന് ഉദാഹരണങ്ങൾ ഉണ്ട്. സർക്കാരും ജനങ്ങളും ഒരുമിച്ചു തയ്യാറെടുക്കണം, പോരാടണം എന്ന് മാത്രം. എങ്ങനെയാണ് ഈ ലോക്ക് ഡൌൺ കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണയുദ്ധത്തിൽ പങ്കാളിയാവാൻ പറ്റുന്നതെന്ന് നോക്കാം.

  • ഇതൊരു സാധാരണ ഹർത്താലോ ബന്ദോ ഒന്നുമല്ല, കഴിഞ്ഞ നൂറുവര്‍ഷത്തിനിടയിൽ മനുഷ്യകുലം നേരിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോലും ലോകത്തിലെ ഇത്രയും രാജ്യങ്ങൾ ഒരുമിച്ച് വെല്ലുവിളിയെ നേരിട്ടിട്ടില്ല. വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവെക്കുന്ന കാലം ഉണ്ടായിട്ടില്ല.   ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

  • പല തലമുറകൾക്കിടക്ക് മാത്രം വന്നു ചേരുന്ന ഒരു വെല്ലുവിളിയാണ് ഇത്. ലോകത്ത് ഒരു രാജ്യവും, അതെത്ര സമ്പന്നമാകട്ടെ, ഇങ്ങനൊരു വെല്ലുവിളിക്ക് തയ്യാറല്ല. ഈ യുദ്ധത്തിൽ ആര് ജയിക്കുമെന്നത് ഒരു രാജ്യത്തെയും സമ്പത്തിനേയോ സൈന്യത്തെയോ  സർക്കാരിനേയോ ആശ്രയിച്ചല്ല ഇരിക്കാൻ പോകുന്നത്. ഈ വെല്ലുവിളിയെ ചൈനയും അമേരിക്കയും ജപ്പാനും ഇറ്റലിയും ഒക്കെ നേരിടുന്നതിന്റെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജനസംഖ്യയോട് ചേർന്ന് നിൽക്കുന്ന ഉദാഹരണങ്ങൾ ദക്ഷിണകൊറിയയുടെയും ഇറ്റലിയുടെയും ആണ്.
    ഇറ്റലിയിൽ കേസുകളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു, മരണം ആറായിരവും

     

  • ഏതാണ്ട് ഒരു മാസം മുൻപ് (ഫെബ്രുവരി ഇരുപതിന് ) രണ്ടു സ്ഥലങ്ങളിലും കൊറോണ പോസിറ്റീവ് കേസുകൾ നൂറിനടുത്തായിരുന്നു, ഇറ്റലിയിൽ വെറും നാലുകേസും. ഇന്നിപ്പോൾ ഇറ്റലിയിൽ കേസുകളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു, മരണം ആറായിരവും. ദക്ഷിണകൊറിയയിൽ ആകട്ടെ ഇപ്പോൾ കേസുകളുടെ എണ്ണം ആറായിരത്തിൽ താഴെയും മരണം നൂറിനടുത്തുമാണ്. പോരാത്തതിന് ഓരോ ദിവസവും അവിടെ കേസുകൾ കുറഞ്ഞു വരികയുമാണ്.
    ദക്ഷിണകൊറിയയിൽ  കേസുകളുടെ എണ്ണം ആറായിരത്തിൽ താഴെയും മരണം നൂറിനടുത്തുമാണ്.
ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം രോഗവ്യാപനം തുടങ്ങി എത്ര നേരത്തെയാണ് അവർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്, അത് എത്ര ഫലപ്രദമായി നടപ്പിലാക്കി എന്നതാണ്.  ഒരു മാസം കഴിയുമ്പോൾ രണ്ടു സ്ഥലത്തേയും ലോക്ക് ടൗണിന്റെ രീതിയും ജനങ്ങളുടെ അതിനോടുള്ള സഹകരണവും ഏതാണ്ട് ഒരുപോലെയാണ്. പക്ഷെ ഇറ്റലിയിൽ കാര്യങ്ങൾ അല്പം വൈകിപ്പോയി, അതുകൊണ്ടു തന്നെ അവിടുത്തെ ആരോഗ്യരംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറം അസുഖം വളരുകയും ചെയ്തു. ഇന്നിപ്പോൾ ഓരോ ദിവസവും കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി സർക്കാർ വരുന്നു. അതിലും കർശനമായി ആളുകൾ അത് പാലിക്കുന്നു.

  • ഇറ്റലിയെയും ദക്ഷിണകൊറിയയെയും അപേക്ഷിച്ച് നമ്മുടെ ആരോഗ്യരംഗത്തെ ഭൗതിക സാഹചര്യങ്ങൾ (ആശുപത്രികൾ, ബെഡുകൾ, വെന്റിലേഷൻ) ഏറെ കുറവാണ്. ഇപ്പോൾ തന്നെ ഏറ്റവും അടിസ്ഥാനമായ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ (PPE) നമ്മുടെ കയ്യിൽ വേണ്ടത്ര സ്റ്റോക്ക് ഇല്ല. അതുകൊണ്ട് തന്നെ കേസുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ നിറുത്തുക എന്നതാണ് ഈ യുദ്ധം ജയിക്കാൻ കേരളത്തിന് ആകെ ഉള്ള മാർഗ്ഗം. അതിന് നമ്മുടെ കയ്യിലുള്ള ഒരേ ഒരു മാർഗ്ഗം വൈറസ്ബാധ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമ്പർക്കം ഏറ്റവും കുറക്കുക എന്നതാണ്.

  • വൈറസ് ബാധയുള്ള ഒരാൾ (വൈറസ്ബാധ ഉള്ള ഏല്ലാവരും രോഗലക്ഷണം കാണിക്കണമെന്നില്ല) എത്രപേർക്ക് ആ വൈറസ് നല്കുമെന്നതിനെ അനുസരിച്ചിരിക്കും രോഗം പറക്കുന്നതിന്റെ വേഗത. ഒരാൾ ശരാശരി രണ്ടുപേരിലേക്ക് രോഗം പകർന്നു നൽകിയാൽ, രണ്ടിൽ നിന്നും നാലിലേക്കും നാലിൽ നിന്നും എട്ടിലേക്കുമൊക്കെയായി ഇപ്പോഴത്തെ നൂറ് പതിനായിരമാകാൻ രണ്ടാഴ്ച പോലും വേണ്ടിവരില്ല. അതെ സമയം രോഗമുള്ള ഒരാളിൽ നിന്നും പകരുന്ന കേസുകളുടെ എണ്ണം ഒന്നിൽ താഴെ നിറുത്തിയാൽ ആയിരം കേസുകൾക്കുള്ളിൽ നമുക്ക് ഈ രോഗത്തെ പിടിച്ചു നിർത്താം. അത് മാത്രമാണ് നമ്മുടെ രക്ഷ.

  • ഇവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുന്നതിലൂടെ വൈറസ് ബാധ ഉള്ളവർ മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങൾ പരമാവധി പരിമിതപ്പെടുത്തുന്നു. പക്ഷെ  ഈ ലോക്ക് ഡൗണിനെ “സർക്കാർ നിയന്ത്രണങ്ങൾ” ആയി കാണുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇനി വേണ്ടത് സാമൂഹ്യ നിയന്ത്രണമാണ്. സർക്കാരിന് നിയന്ത്രണങ്ങൾക്ക് ചില അതിരുകൾ ഉണ്ടാക്കുക എന്ന ജോലി മാത്രമേ ചെയ്യാനുള്ളൂ. സർക്കാർ പറയുന്നതിലെ ലൂപ്പ് ഹോൾ കണ്ടെത്തി ലോക്ക് ഔട്ട് ലംഘിക്കുന്നത് വലിയ കഴിവായി കാണുന്നവർ അവരുടെ ജീവൻ മാത്രമല്ല സമൂഹത്തിന്റെ മൊത്തം ഭാവിയെടുത്താണ് പന്താടുന്നത്. പോലീസ് തൊട്ടു കളക്ടർ വരെയുള്ള നമ്മുടെ സർക്കാർ സംവിധാനങ്ങളെ ലോക്ക് ഡൗണിനെ പാലിക്കാനായി സമയം ചിലവാക്കാൻ നിര്‍ബന്ധിതമാക്കരുത്. അതിലും എത്രയോ ഉത്തരവാദിത്തപ്പെട്ട ജോലികൾ അവർക്ക് വരാനിരിക്കുന്നു.
കോടിക്കണക്കിന് ആളുകളുടെ ജീവിതം ഒറ്റയടിക്ക് പിടിച്ചു കെട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾക്ക് ഭക്ഷണം, വെള്ളം, ആരോഗ്യ സംവിധാനങ്ങൾ, സുരക്ഷ ഇതൊക്കെ എപ്പോഴും നിലനിർത്തണം അല്ലെങ്കിൽ ഒരു വശത്തുകൂടി ആളുകൾ ലോക്ക് ഡൌൺ ലംഘിക്കും, മറുവശത്ത് കൊറോണകൊണ്ടുണ്ടുണ്ടാകുന്നതിൽ നിന്നും കൂടിയ ഭവിഷ്യത്ത് ലോക്ക് ഔട്ടിൽ നിന്നും ഉണ്ടാകും. അപ്പോൾ ലോക്ക് ഡൌൺ നടപ്പിലാക്കുന്നതും ജനങ്ങളുടെ മിനിമം ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതും തമ്മിലുള്ള ട്രേഡ് ഓഫ് ആണ് സർക്കാരുകൾക്ക് ചെയ്യാനുള്ളത്.

യൂറോപ്പിൽ ഫ്രാൻസിലാണ് ഏറ്റവും ശക്തമായ ലോക്ക് ഡൌൺ സർക്കാർ നടപ്പിലാക്കിയത്. അവിടെ വീടിന് പുറത്തിറങ്ങാൻ അഞ്ചു കാര്യങ്ങൾ മാത്രമേ സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നുള്ളൂ.

  1. അത്യാവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്ക് പോകാൻ
  2. അടിയന്തിര  ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ
  3. കുട്ടികളെയോ വയസ്സായവരെയോ അന്വേഷിക്കാനോ സഹായിക്കാനോ
  4. അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ (ഫ്രാൻസിൽ വൈനും ബിയറും ഒക്കെ സൂപ്പർ മാർക്കറ്റിൽ തന്നെ കിട്ടും)
  5. വ്യക്തിപരമായി അല്പം എക്സർസൈസ് ചെയ്യാൻ

ഓരോ തവണയും വീടിന് പുറത്തിറങ്ങുമ്പോൾ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നത് എന്ന് എഴുതി കയ്യിൽ വക്കാൻ ഒരു ഫോം ഉണ്ട്. ഈ ഫോമിൽ പറഞ്ഞ കാര്യങ്ങൾ മുൻപ് പറഞ്ഞവ ആകാതിരിക്കുകയോ ഫോം ഇല്ലാതിരിക്കുകയോ ഫോമിൽ പറയാത്ത സ്ഥലത്ത് കാണുകയോ ചെയ്താൽ ഉടൻ ഫൈൻ അടിക്കും (പതിനായിരത്തോളം രൂപ) സർക്കാർ ചിലവിൽ വീട്ടിൽ കൊണ്ടുപോയി ആക്കുകയും ചെയ്യും.

ഈ പറഞ്ഞതിൽ വീടിന് പുറത്തുള്ള എക്സെർസൈസിനായുള്ള യാത്രയും രണ്ടുപേരിൽ കൂടുതൽ കൂട്ടുകൂടി പോകുന്നതും സ്വിറ്റസർലാൻഡ് നിരോധിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകൾ തുറന്നിട്ടുണ്ട്, പക്ഷെ ആളുകൾ ഓരോ മീറ്റർ അകാലമിട്ട് ക്യു നിൽക്കണം, ഒന്നൊന്നായി അകത്തുപോയി സാധനങ്ങൾ വാങ്ങുകയും ചെയ്യാം.

  • നിയമങ്ങൾ പാലിച്ചല്ല ലംഘിച്ചാണ് നമുക്ക് ശീലം. ഹെൽമെറ്റ് തൊട്ട് സീറ്റ്ബെൽറ്റ് വരെ പൊലീസുകാരെ കാണുമ്പോൾ ഇടാൻ നോക്കുന്നവരാണ് നമ്മൾ. ഈ ലോക്ക്ഡൗണിനെയും അങ്ങനെ കണ്ടാൽ ഒരു സമൂഹം എന്നുള്ള രീതിയിൽ നമ്മുടെ അവസാനമാകും ഇത്.
  • ഈ ലോക്ക് ഡൗണിൽ  സർക്കാർ പറഞ്ഞിട്ടുള്ള കാര്യങ്ങളെ “സർക്കാർഅനുവദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യാം” എന്ന രീതിയിലല്ല സർക്കാർ അനുവദിച്ചിട്ടില്ലാത്ത ഒന്നും ഒരിക്കലും ചെയ്യുകയില്ല, അനുവദിച്ചിട്ടുള്ളത് തന്നെ അത്യാവശ്യമെങ്കിൽ മാത്രം ചെയ്യാം എന്ന രീതിയിലാണ് നാം കാണേണ്ടത്. വീടിന് പുറത്ത് ഇറങ്ങുന്നത്, പരമാവധി കുറക്കുക. ഫ്ളാറ്റുകളിലോ ഗേറ്റഡ് കമ്മ്യൂണിറ്റിയിലോ ഹോസ്റ്റലിലോ ലേബർ ക്യാമ്പിലോ ഒക്കെ ജീവിക്കുന്നവർ “ഇതിനകത്ത് പോലീസ് ഒന്നും വരില്ലല്ലോ, അപ്പോൾ ഇവിടെ കമ്പനികൂടുന്നതും കളിക്കുന്നതും ശരിയാണ്” എന്ന ചിന്ത എടുക്കാതിരിക്കുക.
    പരമാവധി വീടുകളിലേക്ക് ഒതുങ്ങുക. വീട്ടിൽ തന്നെ പ്രായമായവർ ഉണ്ടെങ്കിൽ അവരെ പരമാവധി സൂക്ഷിച്ച് മാറ്റിനിർത്തുക, അത് അവരുടെ ആരോഗ്യത്തിന് വേണ്ടിയാണ്.

ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വരാൻ പോകുന്ന ലോകത്തെ പറ്റി അല്പം ഒന്നറിയുന്നത് നല്ലതാണ്.

ഇന്നത്തെ നൂറിൽ നിന്നും കേസുകൾ പതിനായിരത്തിനു മുകളിൽ പോകാൻ പതിനാലു ദിവസം പോലും വേണ്ട. ആ നിലയെത്തിയാൽ നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറം കാര്യങ്ങൾ പോകും. രോഗം ബാധിക്കുന്നവർ പോയിട്ട് സീരിയസ് ആയവരെ പോലും ചികിൽസിക്കാൻ സാധിക്കാതെ വരും. അപ്പോൾ ഉള്ള ഐ സി യു വും വെന്റിലേറ്ററും ഒക്കെ ആർക്ക് കൊടുക്കണം എന്നൊക്ക തീരുമാനിക്കേണ്ടി വരും, അതായത് ആരാണ് ജീവിക്കേണ്ടത് ആരെ മരണത്തിന് വിട്ടുകൊടുക്കണം എന്നുള്ള തീരുമാനങ്ങൾ നമ്മുടെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് എടുക്കേണ്ടി വരും. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ആർജ്ജിച്ചിട്ടുള്ള എല്ലാ സംസ്കാരവും അതോടെ ഇടിഞ്ഞുപൊളിഞ്ഞു വീഴും, സ്വന്തം കുടുംബത്തിന്റെ കാര്യം പോലും വിട്ട് സ്വന്തം ജീവൻ മാത്രം നിലനിർത്താൻ ശ്രമിക്കുന്ന ഒരു മനോനിലയിലേക്ക് മനുഷ്യൻ മാറും.

ആരോഗ്യരംഗത്തും വിദ്യാഭ്യസ രംഗത്തും ഒക്കെ നമ്മൾ ആർജ്ജിച്ചിട്ടുള്ള കഴിവും മുന്നേറ്റവും ഒന്നും ഇങ്ങനെ ഒരു വൈറസിൽ തട്ടി തകരാൻ അനുവദിക്കരുത്. ഇനി അധികം സമയം ബാക്കിയില്ല, സർക്കാരിന് ചെയ്യാനാവുന്നത് വേണ്ട സമയത്ത് സർക്കാർ ചെയ്യുന്നുണ്ട്. ഇനി നമ്മുടെ ഊഴമാണ്, അത് കഴിവിനുമപ്പുറം പാലിക്കുക. നമ്മൾ ഈ യുദ്ധം വിജയിക്കുമോ എന്ന് തീരുമാനിക്കുന്നത് ഇനി വരുന്ന രണ്ടാഴ്ചയാണ്. നമുക്കതിനു തീർച്ചയായും സാധിക്കും, പക്ഷെ നമ്മളൊന്നാകെ മനസ്സുവക്കണം. മനസ്സ് വക്കാത്തവരെ പറഞ്ഞു മനസ്സിലാക്കണം. പറഞ്ഞാലും മനസ്സിലാകാത്തവരെ സർക്കാർ സംവിധാനങ്ങൾക്ക് മുന്നിലെത്തിക്കണം.

ഒരു കാര്യം കൂടി പറഞ്ഞിട്ട് ഈ ലേഖനം അവസാനിപ്പിക്കാം. ഈ ലോക്ക് ഡൌൺ എന്നുള്ളത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഏറെ ആളുകൾക്ക് ഏതാണ്ട് ജീവന്മരണ പ്രശ്നം തന്നെയാണ്. അന്നന്നത്തേക്കുള്ള ഭക്ഷണത്തിന് ജോലി ചെയ്യുന്നവർ, വീട്ടുജോലി ചെയ്യുന്നവർ, ചെറിയ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മറുനാടൻ തൊഴിലാളികൾ, വയസ്സായി കൂടെ ആരുമില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിങ്ങനെ.
ഇവരുടെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണകഴിയുന്നതിന് മുൻപ് മറ്റു ദുരന്തങ്ങൾ ഉണ്ടാകും. ഈ വിഷയത്തിൽ നമുക്ക് ഏറെ ചെയ്യാനുണ്ട്. അത് നാളെ എഴുതാം.

സുരക്ഷിതരായിരിക്കുക. #weshallovercome


മുരള തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ
Next post കൊറോണ വൈറസുകൾ വായുവിലൂടെ (Air borne) പടരുമോ?
Close