Read Time:14 Minute

രോഗപ്പകർച്ചയുടെ വിശദ വിവരങ്ങൾ വായിച്ച് ഗ്രഹിക്കുന്നതിനെക്കാൾ, “കൊറോണ വായുവിലൂടെ പടരും” എന്ന സ്തോഭജനക വാർത്ത ഒറ്റ ഞെക്കിൽ പടർത്തി വിടുന്ന അപകടകരമായ പ്രതിഭാസത്തെയാണ് ഇൻഫോ ഡെമിക് എന്ന് WHO വിശേഷിപ്പിച്ചത്. മഹാമാരിയെപ്പോലെ അപകടം അത്തരം പ്രവണതകൾ

കൊറോണ വൈറസുകൾ വായുവിലൂടെ പടർന്ന് പിടിച്ച് ( Air borne transmission മുഖേന) സാധാരണ ജനങ്ങൾക്കിടയിൽ രോഗം പരത്തുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. തെറ്റായ റിപ്പോർട്ടിങ്ങ് മുഖേന ഒരു തെറ്റിദ്ധാരണ വിപുലമായി എങ്ങനെ പടരാമെന്നതിന്റെ മകുടോദാഹരണമാണീ വാർത്ത. വാർത്ത ശരിയായി വായിച്ചു ഗ്രഹിക്കുകയോ, വാർത്തയിൽ ഉദ്ധരിച്ച പഠനം വായിക്കുകയോ ചെയ്യാതെ പലരും തലക്കെട്ടുകളിൽ അഭിരമിച്ച് ഫോർവേർഡ് ചെയ്തു കാണുന്നത് ഖേദകരമാണ്.

ശ്വാസകോശരോഗങ്ങൾ എല്ലാം തന്നെ, എയർബോണ് പകർച്ചയുണ്ടാക്കുന്നവയാണെന്ന തെറ്റായ ധാരണ പലർക്കും ഉണ്ട്. എന്നാൽ ശ്വാസകോശത്തെയോ, ശ്വസനവ്യവസ്ഥയോ തന്നെ ബാധിക്കുന്ന നല്ലൊരു ശതമാനം രോഗങ്ങളും ഡ്രോപ്‌ലെറ്റ് രീതിയിൽ പടരുന്നവയാണ്.

എന്താണ് ഡ്രോപ് ലെറ്റ്?

ഡ്രോപ്‍ലെറ്റുകൾ എന്നുപറഞ്ഞാൽ ചെറു ദ്രാവക കണികകൾ എന്നാണർത്ഥം. രോഗാണുവിനെ (ബാക്ടീരിയ, വൈറസുകൾ) ചെറിയ ജലകണങ്ങൾ ആവരണം ചെയ്യുമ്പോൾ ഡ്രോപ്‍ലെറ്റുകൾ അഥവാ എയറോസോളുകൾ ഉണ്ടാകുന്നു. നമ്മൾ ചുമയ്‍ക്കുമ്പോഴോ തുമ്മുമ്പോഴോ നമ്മുടെ ശരീരത്തിൽ നിന്നും പുറത്തുവരുന്ന രോഗാണുക്കളെ ഇത്തരത്തിൽ ജല കണികകളും മ്യൂക്കസ് കണികകളും ആവരണം ചെയ്യുകയും ഡ്രോപ്‍ലെറ്റുകൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം ഡ്രോപ്പ്‍ലെറ്റുകളിൽ അടങ്ങിയിരിക്കുന്ന വൈറസുകളും ബാക്ടീരിയകളും ആണ് സാധാരണഗതിയിൽ ഒരു വ്യക്തിയില്‍ നിന്നും രോഗം മറ്റൊരാളിലേക്ക് പകർത്തുന്നത്.

ഡ്രോപ്‍ലെറ്റുകൾ താരതമ്യേന ഭാരമുള്ള കണികകളാണ്. ഇതിനാൽ തന്നെ ശ്വാസകോശത്തിൽ നിന്നോ മൂക്കിൽ നിന്നോ വായിൽ നിന്നോ പുറത്തു വരുന്ന ഇത്തരം കണികകൾ ഒരു നിശ്ചിത ദൂരം മാത്രം സഞ്ചരിക്കുകയും മറ്റൊരു പ്രതലത്തിലേക്ക് വീഴുകയും ചെയ്യും. അതായത് നമ്മൾ ഒരു പേപ്പർ വിമാനം പറത്തി വിട്ടാൽ അത് കുറച്ചുകഴിഞ്ഞ് താഴോട്ട് വീഴുന്ന പോലെ ഭൂമിയുടെ ആകർഷണത്താൽ ഇത്തരം ഡ്രോപ്‍ലറ്റുകൾ വളരെ കുറച്ചു ദൂരമേ സഞ്ചരിക്കുന്നള്ളൂ. ഒരാളുടെ വായിൽ നിന്നും ഒരു ചാപത്തിന്റെ രൂപത്തിൽ സഞ്ചരിച്ച ശേഷം ഇതൊരു പ്രതലത്തിലേക്ക് പതിക്കും.

കൊറോണ  ഇത്തരം ഡ്രോപ്പ്‍ലറ്റിലൂടെ പകരുന്ന രോഗമാണ്. രോഗാണുവിനെ വഹിക്കുന്ന ഡ്രോപ്പ്‍ലെറ്റുകൾ വായുവിലൂടെ ഏകദേശം ഒരു മീറ്റർ മാത്രമേ സഞ്ചരിക്കുകയുള്ളൂ. അതുകൊണ്ട് അതിലും കുറഞ്ഞ അകലത്തിൽ രോഗിയുമായി സമ്പർക്കം വന്നാൽ മാത്രമേ രോഗം മറ്റുള്ളവരിലേക്ക് പകരുകയുള്ളൂ. അല്ലാതെ  രോഗാണു വായുവിലൂടെ ഒരുപാട് ദൂരം സഞ്ചരിക്കുകയില്ല. നാടുമുഴുവൻ പാറി നടന്നു രോഗം വരുത്തുകയുമില്ല.

 

 എന്താണ് എയർബോൺ ഡിസീസസ്?

എയർബോൺ രോഗങ്ങൾ എന്നുപറഞ്ഞാൽ വായുവിലൂടെ പകരുന്ന രോഗങ്ങള്‍ എന്നാണര്‍ഥമാക്കുന്നത്. ഇവിടെ രോഗാണുവിനെ വഹിക്കുന്ന പദാർത്ഥങ്ങൾ വളരെ ചെറുതും വായുവിലൂടെ  ദൂരത്തേക്ക് വ്യാപിക്കാൻ കഴിവുള്ളവയുമാണ്. ഡ്രോപ്‍ലറ്റ് ഇൻഫെക്ഷനുകൾ സംബന്ധിച്ച് രോഗാണു സ്രവത്തിന് യാത്ര ചെയ്യാൻ പറ്റുന്ന ദൂരം കുറവാണെങ്കിൽ എയർബോൺ ഇൻഫെക്ഷനുകൾ ഉണ്ടാക്കുന്ന രോഗാണു കണങ്ങൾക്ക്  കൂടുതല്‍ ദൂരം സഞ്ചരിക്കാൻ കഴിയും. വായുവിലൂടെ കുറച്ചധികം കറങ്ങിനടക്കാനും കുറേക്കൂടി അകലത്തിലേക്ക് രോഗം പടർത്താനും ഇടയാക്കും.

കൊറോണ ഒരു ഡ്രോപ്പ്‍ലറ്റ് ഇൻഫെക്ഷൻ ആണ്. അതൊരു എയർബോൺ ഇൻഫെക്ഷൻ അല്ല. പലരും ചൂണ്ടിക്കാണിക്കുന്നത് പുതിയൊരു പഠനത്തിൽ  വായുവിൽ ഡ്രോപ്‍ലറ്റുകൾ നാലു മണിക്കൂർ വരെ രോഗം പകർത്താൻ കഴിയും എന്നുള്ള വസ്തുതയാണ്. ആ പഠനം പറയുന്നത് ഒരു ഡ്രോപ്‍ലറ്റിനെ വായുവിൽ നമ്മൾ കൃത്രിമമായി നിർത്തുകയാണെങ്കിൽ അതിന് നാലു മണിക്കൂർ ആയുസ്സുണ്ടെന്നാണ്. നാലു മണിക്കൂറിന് ശേഷം  ആ ഡ്രോപ്‍ലറ്റ് / വൈറസ് നിർജീവമാകും. അല്ലാതെ നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉണ്ടാകുന്ന ഡ്രോപ്പ്‍ലെറ്റുകൾക്ക് നാലു മണിക്കൂർ വരെ അന്തരീക്ഷത്തിൽ നിലനിൽക്കാൻ കഴിയും എന്നല്ല. ഇതേ കാര്യം തന്നെയാണ് മറ്റു പ്രതലങ്ങളിലും (ഉദാ: ഗ്ലാസ്, ചെമ്പ്) നടന്ന പഠനങ്ങളും കാണിക്കുന്നത്. രോഗാണു എത്രനേരം ഇഫെക്ടീവ് ആണ് എന്ന് കാണിക്കാനാണ് ഉദ്ദേശിച്ചത്. ഇതു മനസ്സിലാക്കി മുൻകരുതലുകൾ എടുക്കാനും.

ലോകാരോഗ്യ സംഘടന പറഞ്ഞതെന്ത്?

 • ഒരു പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന “ആരോഗ്യ പ്രവർത്തകർക്ക് മാത്രം” കൊടുത്ത മുന്നറിയിപ്പാണ് പ്രതിപാദ്യം.
 • ആശുപത്രികളിൽ കൊറോണബാധിതരിൽ ചെയ്യുന്ന ചില ചികിത്സാ പ്രക്രിയകളിൽ എയറോസോളുകൾ രൂപപ്പെടാം.ആ എയറോസോളുകൾ പ്രസ്തുത പ്രക്രിയ ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
 • ഇൻട്യുബേഷൻ, നെബുലൈസേഷൻ പോലുള്ള പ്രക്രിയ ചെയ്യുന്ന വിദഗ്ദ്ധർ N95 മാസ്ക് ധരിക്കണം.
 • സാധാരണ പൊതു സമൂഹത്തിൽ ഇത്തരം ഒരു രോഗവ്യാപന സാധ്യതയില്ല എന്നും WHO വക്താവ് അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു.
ശ്വാസനവ്യവസ്‌ഥയെ ബാധിക്കുന്ന രോഗാണുക്കളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ്, “മുഖ്യമായും എയർബോണ്’ (preferential airborne) രീതിയിൽ പകരുന്നവ. മീസിൽസ് വൈറസ്, ചിക്കൻപോക്‌സ് വൈറസ് എന്നിവയാണ് വായുവിൽ ദീർഘനേരം തങ്ങി നിന്ന്, മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത്. മറ്റ് മിക്ക രോഗാണുക്കളും ഡ്രോപ്‌ലെറ്റ് അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളിൽ (ഓപ്പർച്ചുനിസ്റ്റിക്) മാത്രം എയർബോണ് വ്യാപനം ഉണ്ടാക്കിയേക്കാവുന്നവയാണ്.

വ്യത്യാസം മനസ്സിലാക്കാൻ ഒരു ഉദാ: ചിക്കൻ‌പോക്‌സിന് കാരണമാകുന്ന വൈറസിന്, രോഗബാധിതനായ ഒരാളിൽ നിന്ന് 9 കിലോമീറ്ററോളം വായുവിൽ സഞ്ചരിക്കാനും മറ്റെവിടെയെങ്കിലും അണുബാധകൾക്കു കാ രണമാവാനും കഴിയും, മാത്രമല്ല അവ പുറത്തുവിട്ട വ്യക്തി പോയതിനുശേഷവും ഒരു പ്രദേശത്ത് തുടരാം.

എന്നാൽ കൊറോണ വൈറസുകൾ ശ്വസന സ്രവങ്ങളുടെ വലിയ തുള്ളികൾ മുഖേനയാണ് പടരുന്നതെന്നാണ് ഇപ്പോഴത്തെ ശാസ്ത്രീയ നിഗമനം.”തുള്ളികൾ, ഭാഗ്യവശാൽ, വളരെ ദൂരം സഞ്ചരിക്കാത്തത്ര ഭാരം കൂടിയവയാണ്”, പകരം കുറച്ച് അടി മാത്രം സഞ്ചരിച്ച ശേഷം വായുവിൽ നിന്ന് വീഴുന്നു.

കൊറോണ ഗ്രൂപ്പിൽ പെട്ട സാർസ് അടക്കമുളള മുൻ വൈറസുകൾ, ഇത്തരത്തിൽ ഓപ്പോർച്ചുനിസ്റ്റിക് എയർബോണ് പകർച്ചയുള്ളവയാണ്. അതായത്, പ്രധാനമായും ഡ്രോപ്‌ലെറ്റ് രീതിയിൽ പകരുകയും, ആശുപത്രി സാഹചര്യങ്ങളിൽ നടത്തുന്ന ചില പ്രക്രിയകളിലുണ്ടാവുന്ന ചെറുകണങ്ങളിലൂടെ(aerosol), എയർബോണ് പകർച്ചയ്ക്ക് നേരിയ സാധ്യതയുമുള്ളവ.

നെബുലൈസേഷൻ, ശ്വാസകോശത്തിൽ നേരിട്ട് കുഴൽ ഇറക്കുന്ന ഇന്റുബേഷൻ പ്രക്രിയ, പോസ്റ്റ്‌മോർട്ടം, ശ്വാസകോശത്തിൽ നിന്ന് സ്രവങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയ തുടങ്ങിയവയിലൊക്കെ, ഇത്തരം ചെറുകണങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ എയറോസോളുകൾ, മണിക്കൂറുകളോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ സാധിക്കുന്നവയായത് കൊണ്ട്തന്നെ, പിന്നീട് അവിടെ എത്തുന്ന മറ്റൊരു വ്യക്തിയ്ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.

എന്താണ് നിലവിലെ പഠനങ്ങൾ പറയുന്നത് ?

 • കോവിഡ് 19 എന്ന ഈ നൂതന കൊറോണ വൈറസ്, ജനിതകമായ ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ, രൂപശാസ്ത്രപരമായും, മറ്റു ഭൗതികസവിശേഷതകൾ കൊണ്ടും, ഏറെക്കുറെ മുൻ കൊറോണ വൈറസുകളെപ്പോലെ തന്നെയാണ്.
 • ഇതിൽ നിന്നും വിഭിന്നമായി വായുവിലൂടെ രോഗപ്പകർച്ച ഉണ്ടാവണം എങ്കിൽ മൊത്തം ഘടനയിലും ഭൗതിക സവിശേഷതകളിലും സാരമായ വ്യത്യാസങ്ങൾവരേണ്ടി വരും. ജനിതക വ്യതിയാനം പോലെ പോലെ ലളിതമായി സംഭവിക്കുന്ന ഒന്നല്ല അത്.
 • ആശുപത്രിയിലല്ലാതെ സാർസ് കൊറോണ വൈറസ്, ഇത്തരത്തിൽ പകർന്നതായി സംശയിക്കുന്ന ഒരേ ഒരു പഠനമെ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. ഒരു ബഹുനില കെട്ടിടത്തിലെ ഉപയോഗശൂന്യമായ വെന്റ് പൈപ്പിലൂടെ, എക്സോസ്റ്റ് ഫാൻ ഉണ്ടാക്കിയ സമ്മർദ്ദവ്യതാസം വഴി, എയറോസോളുകൾ ഉണ്ടാക്കപെടുകയും, രോഗം ഇത് വഴി ചിലർക്ക് പകർന്നിട്ടുണ്ടാവാം എന്നതുമാണ് പഠനത്തിന്റെ നിഗമനം. സാധാരണ സാഹചര്യങ്ങളിൽ , ഒരു രോഗി ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ഒന്നും തന്നെ ഇതു പോലെ എയ്റോസോളുകൾ ഉണ്ടാവുന്നില്ല.
 • പഠനം പറയുന്നത്, സാധാരണ സാഹചര്യങ്ങളിൽ, എയർബോണ് പകർച്ച ഇത് വരെ കണ്ടെത്തിയിട്ടില്ല എന്ന് തന്നെയാണ്. പഠനം അല്ല പഠനത്തിന്റെ തെറ്റായ വ്യാഖ്യാനം മാത്രമാണ് പ്രശ്നം.വളരെ പുതിയൊരു വൈറസ് ആയത് കൊണ്ട് തന്നെ, കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്നതിനാൽ, നിലവിൽ ലഭ്യമായ ശാസ്ത്രീയ വിവരങ്ങളെ മാത്രമാണ് ആശ്രയിക്കേണ്ടത്.
 • COVID-19 എന്ന ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന കൊറോണ വൈറസ് എയറോസലൈസേഷൻ എന്ന നേർത്ത കണം ആക്കപെടുന്നതിനു ശേഷം 3 മണിക്കൂർ വരെ കണ്ടെത്താനും ആ കാലയളവിലുടനീളം കോശങ്ങളെ ബാധിക്കാനും കഴിയുമെന്ന് പഠന രചയിതാക്കൾ കണ്ടെത്തി.
 • പ്രീപ്രിന്റ് ഡാറ്റാബേസ് medRxiv- ൽ മാർച്ച് 10-ന് ആദ്യം പോസ്റ്റുചെയ്ത പഠനം ഇപ്പോഴും പ്രാഥമികമാണ്, കാരണം ഇത് വിപുലമായ പിയർ അവലോകനത്തിന് വിധേയമായിട്ടില്ല.പുനരവലോകനങ്ങളെ പ്രതിഫലിപ്പിക്കുന്ന പഠനത്തിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് മാർച്ച് 13 ന് പോസ്റ്റുചെയ്തു.

നങ്ങളെ ഭീതിയിലാഴ്ത്തുന്ന കുപ്രചരണങ്ങൾ, ശാസ്ത്രീയ അടിത്തറയില്ലാതെ ആര് പ്രചരിപ്പിച്ചാലും അപകടകരമാണ്. എന്തു കൊണ്ട് ?

രോഗപ്പകർച്ചയുടെ വിശദ വിവരങ്ങൾ വായിച്ച് ഗ്രഹിക്കുന്നതിനെക്കാൾ, “കൊറോണ വായുവിലൂടെ പടരും” എന്ന സ്തോഭജനക വാർത്ത ഒറ്റ ഞെക്കിൽ പടർത്തി വിടുന്ന അപകടകരമായ പ്രതിഭാസത്തെയാണ് ഇൻഫോ ഡെമിക് എന്ന് WHO വിശേഷിപ്പിച്ചത്.മഹാമാരിയെപ്പോലെ അപകടം അത്തരം പ്രവണതകൾ.
 • പാൻ ഡെമിക്ക് അഥവാ മഹാമാരിയെപ്പോലെ തന്നെ ഭയക്കേണ്ട ഒന്നാണ് ലോകാരോഗ്യ സംഘടന തന്നെ സൂചിപ്പിച്ചത് പോലെ ” infodemic”. വിവരങ്ങളുടെ കുത്തൊഴുക്കാണ്, ശരിയേതാണ് തെറ്റേതാണ് എന്ന് നോക്കാതെ പ്രചരിപ്പിക്കലാണ് പരിണിതഫലം.
 • സ്വാഭാവികമായും വിരസമായ ശാസ്ത്ര വസ്തുതാ വിവരണത്തെക്കാൾ ഞെട്ടിപ്പിക്കൽ വാർത്തകൾക്ക് തന്നെയാവും കൂടുതൽ പ്രചരണം കിട്ടുക.

ഈ വിഷയത്തില്‍ ഡോ.നവ്യ തൈക്കാട്ടില്‍, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോക്ലിനിക്കില്‍ എഴുതിയ കുറിപ്പിന് കടപ്പാട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം
Next post എന്തുകൊണ്ട് വൈദ്യുത വാഹനങ്ങൾ ?
Close