Read Time:29 Minute

എ.കെ.സുരഭി,

അസി. പ്രൊഫസര്‍,കൃഷ്ണമേനോന്‍ സ്മാരകവനിതാ ഗവണ്‍മെന്റ് കോളേജ്, കണ്ണൂര്‍

നൊബേല്‍ പുരസ്കാരരേഖകള്‍ പരിശോധിച്ചാല്‍ നിരവധി തവണ ലീസെ മയ്റ്റ്നറെ  നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതായി കാണാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കത് നിഷേധിച്ചു ?.  ശാസ്ത്രചരിത്രം എന്നത് അര്‍ഹതയുണ്ടായിട്ടും അവഗണനയുടെ ഗണത്തില്‍പ്പെടുന്ന വനിതകളുടെ ചരിത്രം കൂടിയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഭൗതികശാസ്ത്രം പ്രധാനമായും റേഡിയോ ആക്ടീവത എന്ന പ്രതിഭാസവുമായി, അതിലുപരി പിന്നീട് വളര്‍ന്നു വന്ന ന്യൂക്ലിയാര്‍ ഫിസിക്സ് എന്ന പഠനമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ട് മേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തിയ അതിനുമുപരി ഒരു ഭൗതികശാസ്ത്രജ്ഞയെന്ന് സ്വയം അറിയപ്പെടാന്‍ ആഗ്രഹിച്ച മഹദ് വ്യക്തിയായിരുന്നു ലിസെ മയ്റ്റ്നര്‍.

ലിസെ മയ്റ്റനറുടെ ഗവേഷണചരിത്രം വായിക്കപ്പെടേണ്ടത് 20ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തോട് ചേര്‍ത്തു നിര്‍ത്തിയാണ്. എന്നാല്‍ 90 വര്‍ഷം നീണ്ടുനിന്ന അവരുടെ ജീവിതത്തില്‍ ആത്മകഥാപരമായി യാതൊന്നും കുറിച്ചുവെക്കുകയോ ജീവചരിത്രമെഴുതാന്‍ ആരെയും അനുവദിക്കുകയോ ചെയ്തില്ല. കേംബ്രിഡ്ജിലെ ‘ചര്‍ച്ചില്‍ ആര്‍ക്കൈവ് സെന്‍ററില്‍ ‘സൂക്ഷിച്ചിട്ടുള്ള അവരുടെ സ്വാകാര്യശേഖരങ്ങള്‍, കുറച്ച് ഡയറികള്‍, ഗവേഷണക്കുറിപ്പുകള്‍, പ്രമുഖ ശാസ്ത്രജ്ഞരുമായി നടത്തിയ എഴുത്തുകുത്തുകള്‍ ഇവയൊക്കെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള അവരുടെ ഗവേഷണ പ്രബന്ധങ്ങളോട് ചേര്‍ത്ത് വായിച്ചാണ് ആ ശാസ്ത്രപ്രതിഭയുടെ ജീവിതം ലോകമറിഞ്ഞത്.

ആസ്ട്രിയയിലെ വിയന്നയില്‍ 1878 നവംബര്‍ 7 ന് സമ്പന്നമായ ഒരു ജൂതകുടുംബത്തിലാണ് ലിസെ ജനിച്ചത്. വക്കീലായിരുന്ന ഫിലിപ്പിന്റെയും സ്കോവ്റാന്‍ മയ്റ്റനറുടെയും എട്ടു മക്കളില്‍ മൂന്നാമതായി ജനിച്ച  ലിസെയുടെ കുട്ടിക്കാലം വളരെ സന്തോഷപൂര്‍ണമായിരുന്നു. തികച്ചും ജൂതപശ്ചാത്തലത്തിലുള്ള ഒരു കുടുംബത്തിലാണ് വളര്‍ന്നതെങ്കിലും അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ മതത്തിന് കഴിഞ്ഞിരുന്നില്ല. മുതിര്‍ന്നപ്പോള്‍ മിക്കവാറും കുടുംബങ്ങളെല്ലാം ബാപ്റ്റിസ്റ്റ് ആയപ്പോള്‍ ലിസെ പ്രൊട്ടസ്റ്റന്‍റ് മതത്തില്‍ ചേര്‍ന്നു. മയ്റ്റ്നെര്‍ കുടുംബത്തിലെ 5 പെണ്‍മക്കളടക്കം എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരായിരുന്നു.യൂറോപ്പിലെ അവികസിത രാജ്യങ്ങളിലൊന്നായിരുന്ന ആസ്ട്രിയയില്‍ 1878 മുതലാണ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ലഭിക്കുന്നത് എന്നറിയുമ്പോള്‍ ലിസെയും സഹോദരിമാരും അഭ്യസ്തവിദ്യരായെന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

1901 ല്‍ ലിസെ വിയന്ന സര്‍വകലാശാലയില്‍ ചേര്‍ന്നു. 19-20 നൂറ്റാണ്ടുകളിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്ര ആധ്യാപകരിലൊരാളെന്ന് ലോകം വിലയിരുത്തിയ ലുഡ്വിക് ബോള്‍ട്ട്മാന്‍ വിയന്ന യൂണിവേഴ്സിറ്റിയില്‍ ലിസെയുടെ ഫിസിക്സ് പ്രൊഫസറായിരുന്നു. ഫിസിക്സ് ആണ് തന്റെ വിഷയമെന്ന് ലിസ തിരിച്ചറി‍ഞ്ഞു. സാമൂഹ്യ പുരോഗതിക്ക്  സ്ത്രീവിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന പക്ഷക്കാരനായിരുന്നു ബോള്‍ട്സ്മാന്‍. പിന്നീടുള്ള ജീവിതത്തില്‍ കൈമുതലായി കൊണ്ടുനടന്ന ആത്യന്തികസത്യത്തിനായുള്ള പോരാട്ടം ഫിസിക്സിലൂടെ എന്ന തത്വം അല്ലെങ്കില്‍ ഉള്‍ക്കാഴ്ച്ച അവര്‍ക്ക് പകര്‍ന്നു നല്‍കിയത് ബോള്‍ട്സ്മാന്‍ ആയിരുന്നുവെന്ന് അവരുടെ മരുമകനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ഓട്ടോ റോബര്‍ട്ട് ഫ്രിഷ് പിന്നീട് നിരീക്ഷിക്കുന്നുണ്ട്.

ലിസി മയ്റ്റ്നെര്‍ 1906 ലെ ഫോട്ടോ കടപ്പാട്:  വിക്കിപീഡിയ

1906ല്‍ വിയന്നയില്‍ നിന്ന് ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ ലിസെ അതിനടുത്തുള്ള ഗേള്‍സ് സ്കൂളില്‍ അധ്യാപനജോലിക്ക് ചേര്‍ന്നു. അവരുടെ താത്പര്യം മുഴുവനും ഗവേഷണമേഖലയിലായതിനാല്‍ എല്ലാ വൈകുന്നേരങ്ങളിലും ലിസെ തന്‍റെ ഫിസിക്സ് ലാബിലെത്തി. ആദ്യകാല ശാസ്ത്രജ്ഞരിലൊരാളായ സ്റ്റീഫന്‍ മേയറില്‍ നിന്നും റേഡിയോ ആക്ടീവതയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. സ്വന്തമായി നിരവധി ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ലിസെ തുടര്‍പഠനത്തിനായി അയല്‍ രാജ്യമായ ജര്‍മനിയിലെ ബര്‍ലിനിലേക്ക് പോകാന്‍ തീരുമാനിച്ചു.ഏതാനും മാസക്കാലത്തെ പഠനം ആഗ്രഹിച്ച് ബര്‍ലിനിലെത്തിയ ലിസെ പിന്നീടുള്ള ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചത് അവിടെത്തന്നെയായിരുന്നു. ഏതാണ്ട് 31 വര്‍ഷം.

ബര്‍ലിനിലെ സ്ഥിതിയും മറ്റുരാജ്യങ്ങളില്‍ നിന്ന് വിഭിന്നമല്ലായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് പിന്തുണ കുറവായിരുന്നുവെങ്കിലും ലിസെയുടെ കാര്യത്തില്‍ താത്പര്യമെടുത്ത, ഒടുവില്‍ അവരുടെ ഏറ്റവും അടുത്ത സുഹുത്തും വഴികാട്ടിയുമായിരുന്ന മാക്സ്പ്ലാങ്കിന്‍റെ ഫിസിക്സ് ക്ലാസുകള്‍ ലിസെക്കു മുന്നില്‍ പുതിയൊരു ലോകം തുറന്നിട്ടു.

പൊതുവേ ലജ്ജാശീലയായിരുന്ന ലിസെയ്ക്ക് പറയത്തക്ക സുഹൃത് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആയിടക്കാണ് ചുറുചുറുക്കും പ്രസരിപ്പും കൈമുതലാക്കിയ യുവ രസതന്ത്രജ്ഞനായ ഓട്ടോഹാനെ ലിസെ പരിചയപ്പെടുന്നത്. ഏണസ്റ്റ് റുഥര്‍ഫോര്‍ഡിന്‍റെ കൂടെ ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ച് തിരികെയെത്തിയ ഓട്ടോഹാന്‍ റേഡിയോ ആക്ടീവതയയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

ഭൗതികശാസ്ത്രത്തിലും ഗണിതത്തിലുമുള്ള ലിസെയുടെ അപാരമായ അറിവും രസതന്ത്രത്തിലുള്ള ഓട്ടോഹാന്റെ അറിവും ഉപയോഗപ്പെടുത്തി അവര്‍ പരീക്ഷണങ്ങളാരംഭിച്ചു.

1907 ല്‍ റേഡിയോ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗത്തും നടന്നുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ പുറത്തുവന്ന ഫ്രഡറിക് സോഡിയും കാസിമിര്‍ ഫജാന്‍സും ചേര്‍ന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഡിസ്പ്ലേസ്‍മെന്‍റ് നിയമം (1913), റൂഥര്‍ഫോര്‍ഡിന്‍റെ ആറ്റം മാതൃക, നീല്‍സ് ബോറിന്റെ ഹൈഡ്രജന്‍ ആറ്റം മോഡൽ, മോഴ്‍സ്‍ലിയുടെ എക്സ്റേ പഠനങ്ങള്‍ തുടങ്ങിയവ ആറ്റംഘടനയെക്കുറിച്ചുള്ള  ധാരണകള്‍ വിപുലപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട മയ്റ്റ് നർ തോറിയത്തിനും യുറേനിയത്തിനും ഇടയിലുള്ള , അതുവരെയറിയപ്പെടാതിരുന്ന മൂലകങ്ങള്‍ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളിലേര്‍പ്പെട്ടു.തത്ഫലമായി പുതിയ മൂലകം പ്രൊട്ടാക്റ്റീനീയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഈ കണ്ടു പിടുത്തത്തിന് ഓട്ടോഹാനും ലിസെയും നൊബേല്‍ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും പരിഗണിക്കുകയുണ്ടായില്ല. എന്നിരുന്നാലും,  ശാസ്ത്രലോകം ലിസെ മെറ്റ്നെര്‍ എന്ന ശാസ്ത്രജ്ഞയെക്കുറിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

ലിസെയും ഓട്ടോഹാനും ലബോറട്ടിയില്‍ -1913  കടപ്പാട്: വിക്കിപീഡിയ

1912ല്‍ ബര്‍ലിനില്‍  തന്നെ കൈസര്‍ വില്യം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രി  തുടങ്ങിയപ്പോള്‍ ഓട്ടോഹാനും ലിസെയും അങ്ങോട്ട് മാറി. ഹാന്‍ അവിടെ പ്രൊഫസറായി നിയമിതനായപ്പോള്‍ ലിസ വെറും ‘ഗസ്റ്റ്’ എന്ന പദവിയില്‍ തുടര്‍ന്നു.

1913 ലാണ് ശമ്പളം ലഭിക്കുന്ന ഒരു പദവി ലിസെയ്ക്ക് ലഭിക്കുന്നത്. ഫിസിക്സ് വിഭാഗത്തില്‍ പ്രൊഫസര്‍ തസ്തിക ലഭിക്കുവാന്‍ ലിസെയ്ക്ക 1919 വരെ കാത്തിരിക്കേണ്ടിവന്നു. ജര്‍മന്‍ ശാസ്ത്രലോകത്തെ സംബന്ധിച്ച്  ഓരോ പദവികളിലേക്കുമുള്ള ഒരു വനിതയുടെ ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്. ന്യൂക്ലിയാര്‍ ഫിസിക്സെന്ന് പിന്നീടറിയപ്പെട്ട മേഖലയിലേക്ക് ലിസ ശ്രദ്ധകേന്ദ്രീകരിച്ചു.

1920കള്‍ ഭൗതികശാസ്ത്രത്തിന്റെ സുവര്‍ണകാലമായാണ് കണക്കാക്കുന്നത്. ലിസെയുടെയും. അരക്ഷിതമായ അവസ്ഥയില്‍ ബര്‍ലിനിലെത്തിയ ലജ്ജാലുവായ പെണ്‍കുട്ടിയില്‍ നിന്നും ലിസെ ഒരുപാട് വളര്‍ന്നു കഴിഞ്ഞിരുന്നു. അവരുടെ സുഹൃദ് വലയത്തില്‍ ഐന്‍സ്റ്റൈന്‍ , മാക്സ്പ്ലാങ്ക് , ഗുസ്താവ് ഹെര്‍ട്സ്, ഫ്രിറ്റ്സ് ഹേബര്‍ തുടങ്ങിയ ലോകോത്തര ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ടിരുന്നു.

ഗവേഷണത്തില്‍ മാത്രം മുഴുകിക്കഴിഞ്ഞിരുന്ന ലിസെയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വഴിത്തിരിവ് 1933ല്‍ ഹിറ്റ്‍ലര്‍ ജര്‍മനിയില്‍ അധികാരത്തില്‍ വന്നതാണ്. ലിസെയെ സംബന്ധിച്ചിടത്തോളം കൈസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒട്ടൊക്കെ സുരക്ഷിതമായ സ്ഥാപനമായിരുന്നു. മാത്രമല്ല അവര്‍ക്ക് ആസ്ട്രിയയുടെയും ജര്‍മനിയുടെയും ഇരട്ടപൗരത്വമുള്ളതിനാല്‍ ഭയാശങ്കകളില്ലായിരുന്നു. അതേസമയം ജൂതവിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം പേരും രാജ്യം വിട്ടുപോകാന്‍ തുടങ്ങിയിരുന്നു.

1934ല്‍ എൻറിക്കോ ഫെര്‍മി യുറേനിയം ലോഹത്തില്‍ ന്യൂട്രോണ്‍ പതിപ്പിച്ച് നടത്തിയ പരീക്ഷണങ്ങള്‍ നിരവധി ഉപോത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍‍ കലാശിച്ചു. ഇത് യുറേനിയത്തിന് ശേഷമുള്ള ഒരു മൂലകമാവാനുള്ള സാധ്യതയുണ്ടെന്നത് ശാസ്ത്രലോകത്ത് ഒരു അഭ്യൂഹമായി പടര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായി ലിസെയും ഹാനും പുതിയ സാധ്യതകളെക്കുറിച്ച് പഠിക്കാനാരംഭിച്ചു. ഫ്രിറ്റ്സ് സ്ട്രാസ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ കൂടി അവരോടൊപ്പം ചേര്‍ന്നു. അന്ന് യുറേനിയത്തെ സംക്രമണ മൂലകമായാണ് കണ്ടിരുന്നത്.  അതിനാല്‍ 93-മത്തെയും 94-മത്തെയും മൂലകങ്ങള്‍ നിശ്ചയമായും സംക്രമണമൂലകം തന്നെയെന്ന് ശാസ്ത്രലോകം കരുതി. 1937 ല്‍ ലിസെയും ഹാനും ബീറ്റാ രശ്മികള്‍ ഉത്സര്‍ജ്ജിക്കുന്ന രണ്ട് വലിയ ന്യൂക്ലിയാര്‍ ചെയിനുകള്‍ കണ്ടെത്തി. അവ 93 മുതല്‍ 97 വരെയുളള ട്രാന്‍സ് യുറേനിയം മൂലകങ്ങളായിരിക്കും എന്ന നിഗമനത്തിലെത്തി. കാരണം ഒരു ആറ്റത്തില്‍ ന്യൂട്രോണ്‍ വന്നു പതിക്കുമ്പോള്‍ ആ ആറ്റത്തേക്കാള്‍ വലിയ ആറ്റമായി അത് മാറും എന്ന സങ്കല്‍പ്പമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ലിസെ ഈ നിഗമനത്തില്‍ ഒട്ടും സംതൃപ്തയായിരുന്നില്ല. മറിച്ച് ഇവരെ അസാധാരണമായ ഈ രണ്ടു ചെയിന്‍ പ്രവര്‍ത്തനങ്ങളും വളരെയധികം അസ്വസ്ഥയാക്കിയിരുന്നു. നിലവിലുള്ള ന്യൂക്ലിയസിന്റെ ഘടനാസിദ്ധാന്തമനുസരിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒട്ടും കഴിയുകയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു.

1930 ആയപ്പോഴേക്കും ജര്‍മനിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തീരെ വഷളായിരുന്നു. ആസ്ട്രിയ കൂടി ജര്‍മനിയുടെ ഭാഗമായതോടെ ലിസെയുടെ കാര്യം പരുങ്ങലിലായി. പ്രൊട്ടസ്റ്റന്റായി പരിവര്‍ത്തനം നടത്തിയിരുന്നെങ്കിലും അടിസ്ഥാനപരമായി ലിസെ ജൂതവിഭാഗത്തില്‍പ്പെട്ടവളായിരുന്നു. ജൂതവിഭാഗത്തില്‍പ്പെട്ടവര്‍ ജര്‍മന്‍ ശാസ്ത്രത്തിന്റെ അംബാസിഡര്‍മാരായി ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് ഹിറ്റ്‍ലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ സ്ഥാനം ഏതാണ്ട് നഷ്ടപ്പെടുമെന്ന് ലിസെയ്ക്ക് മനസ്സിലായി.

ജര്‍മനി വിടാനായി പാസ്പോര്‍ട്ടിനായുള്ള അവരുടെ ആവശ്യം ഗവണ്‍മെന്റ് നിരാകരിക്കുകയുണ്ടായി. മാത്രമല്ല ജര്‍മനിയുടെ അതിരുകള്‍ അടയ്ക്കാന്‍ പോകുന്നെന്ന് വാര്‍ത്തയും പരന്നു. ഇനി വൈകരുതെന്ന് അവര്‍ക്ക് മനസ്സിലായി. ലിസെയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നീല്‍സ്ബോര്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ ലോകത്തെ പ്രധാന രാജ്യങ്ങളെ ബോധ്യപ്പെടുത്തി.ഒടുവില്‍ ഹോളണ്ടിലെ റോയല്‍ സ്വീഡിഷ് അക്കാദമി എന്ന് അറിയപ്പെട്ടിരുന്ന ( ഇന്ന് മാനേ സീഗ്ബാന്‍സ് നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് – Manne Siegbahn’s laboratory) സ്ഥാപനത്തില്‍ അവരെ പ്രവേശിപ്പിക്കാമെന്ന് അറിയിപ്പ് ലഭിച്ചു.

ജര്‍മനി വിടാനൊരുങ്ങുന്ന ജൂതന്മാര്‍ പൊതുവേ ട്രയിനുകളില്‍ നിന്നും മറ്റും കണ്ടുപിടിക്കപ്പെട്ട് അറസ്റ്റിലാവുന്നത് അന്ന് സാധാരണ വാര്‍ത്തയായിരുന്നു. അതുകൊണ്ടുതന്നെ ലിസെയുടെ യാത്ര വളരെ രഹസ്യമായിട്ടായിരുന്നു.
1938 ജൂലൈ13 ന് പതിവുപോലെ ലിസെ തന്റെ ലാബില്‍ പോയി. ഒരു യുവശാസ്ത്രജ്ഞന്റെ പ്രബന്ധം തിരുത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. രാത്രി എട്ടുമണിയോടെ തിരിച്ച് ഫ്ലാറ്റിലെത്തി. അവരുടെ കൂടെ ഓട്ടോഹാനും ഉണ്ടായിരുന്നു. അത്യാവശ്യ സാധനങ്ങള്‍ രണ്ടു സ്യൂട്ട്കേസുകളിലായി എടുത്ത് ആള്‍ത്തിരക്കില്ലാത്ത ട്രെയിന്‍മാര്‍ഗം തിരഞ്ഞെടുത്ത് ഹോളണ്ടിലേക്ക് യാത്രയായി. സുരക്ഷിതമായി അവിടെ എത്തിച്ചേര്‍ന്ന ലിസെയ്ക്ക് സ്റ്റോക്ക് ഹോമിലെ മാനേ സീഗ്ബാന്‍സ് നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വീകരണം തീര്‍ത്തും തണുപ്പന്‍ മട്ടിലുള്ളതായി അനുഭവപ്പെട്ടു.

എന്നിരുന്നാലും ഹാനുമായി ലിസെ നിരന്തരം കത്തുകളിലൂടെ സംവദിച്ചു. നേരത്തേ  തങ്ങളെത്തിയ തെറ്റായ നിഗമനത്തെക്കുറിച്ചായിരുന്നു ലിസെയ്ക്കു പറയാനുണ്ടായിരുന്നതു മുഴുവനും. 1938 ഒക്ടോബറില്‍ ഐറിന്‍ ക്യൂറിയും, പവേല്‍ സാവിച്ചും യുറേനിയത്തില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഹാനിന്റെയും ട്രാന്‍സ്മാന്റെയും ശ്രദ്ധ പതിഞ്ഞു. പുതുതായി ഉണ്ടായിരിക്കുന്ന ഉത്പന്നം റേഡിയമാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സിദ്ധാന്തപരമായി അത് തെറ്റാണെന്ന് ലിസെ അവകാശപ്പെട്ടു. നവംബറില്‍ കോപ്പന്‍ഹേഗനില്‍ വെച്ച് ലിസെയുമായി ഹാന്‍ ഒരു കൂടിക്കാഴ്ച്ച നടത്തി. അതേ പരീക്ഷണം ആവര്‍ത്തിച്ച് ഉണ്ടാകുന്ന ഉത്പന്നത്തെ ഉടന്‍ വിശദമായി പഠിക്കാന്‍ ലിസെ ഹാനോട് ആവശ്യപ്പെട്ടു. ഹാന്‍ അപ്രകാരം ചെയ്യുകയും ഉണ്ടായിരിക്കുന്നത് ബേരിയം തന്നെയാണെന്ന് ലിസെയെ അറിയിക്കുകയും ചെയ്തു. അതിനൊരു കൃത്യമായ വിശദീകരണം തരണമെന്ന് ലിസയോട് ആവശ്യപ്പെട്ടു. ലിസെ  തന്റെ മരുമകനായ ഓട്ടോ റോബര്‍ട്ട് ഫ്രിഷ്നോടൊപ്പം സ്വീഡനില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന വേളയിലായിരുന്നു ഇത്. അവര്‍ രണ്ടുപേരും ദീര്‍ഘനേരം സംഭാഷണത്തില്‍ മുഴുകി. അന്ന് പ്രസിദ്ധീകൃതമായിരുന്ന ന്യൂക്ലിയസിന്റെ ലിക്വിഡ് ഡ്രോപ്പ് മോഡലില്‍ നിന്ന് ആശയമുള്‍ക്കൊണ്ട് യുറേനിയം ന്യൂക്ലിയസിന്റെ വിഭജനത്തിന് അവര്‍ ആദ്യത്തെ സൈദ്ധാന്തിക വിശദീകരണം നല്‍കി. യുറേനിയം ന്യൂക്ലിയസില്‍ ന്യൂട്രോണ്‍ ശക്തമായി പതിക്കുമ്പോള്‍ അത് അതിലും വലിയ ന്യൂക്ലിയസാവുകയല്ല, മറിച്ച് അത് വിഭജിച്ച് രണ്ട് ചെറിയ ന്യൂക്ലിയസ് ശകലങ്ങളാകുന്നു(Nuclear Fragment)വെന്നും അതുവഴി ധാരാളം ഊര്‍ജ്ജം പുറത്തുവിടുന്നുവെന്നും കണ്ടെത്തി. അതിനുമുമ്പ് അവര്‍ കണ്ടെത്തിയ ട്രാന്‍സ് യുറേനിയം മൂലകങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ള ഫ്രാഗ്മെന്റുകളാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല ഈ പ്രതിഭാസത്തിനു നല്‍കപ്പെട്ട ന്യൂക്ലിയാര്‍ ഫിഷനെന്ന പേര് സ്വീകരിക്കപ്പെട്ടു.

മൂന്നുപേര്‍ക്കുമൊരുമിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം അന്ന് നിലവിലില്ലാത്തതിനാല്‍ ഒറ്റക്കൊറ്റക്ക് പ്രസിദ്ധീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഹാനും സ്ട്രാസ്മാനും Naturwissenschaften എന്ന ജേര്‍ണലിലും മൂന്നാഴ്ചക്കകം ലിസെയും ഫ്രിഷും Nature മാസികയിലും ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ ന്യുക്ലിയാര്‍ ഫിഷന്‍ എന്ന പ്രതിഭാസം ലോകം മുഴുവന്‍ ഖ്യാതി നേടിയെങ്കിലും ലിസെയുടെയും ഹാനിന്റെയും വര്‍ഷങ്ങളായുള്ള ഗവേഷണവിഷയത്തിലുള്ള സഹവര്‍ത്തിത്വത്തിന്റെ അവസാനമായിരുന്നു അത്.

നാസിയല്ലാതിരുന്ന ഹാന്‍ ജര്‍മ്മനിയില്‍ നിന്നും പലായനം ചെയ്ത ജൂതവിഭാഗത്തില്‍പ്പെട്ട ശാസ്ത്രജ്ഞയുടെ സഹകരണത്തോടെയാണ് ന്യൂക്ലിയാര്‍ ഫിഷന്‍ കണ്ടെത്തിയത് എന്ന് ഒരിക്കലും ലോകത്തോട് പറഞ്ഞില്ല. മാത്രമല്ല ഫിഷനെ സ്വര്‍ഗത്തില്‍ നിന്നും കിട്ടിയ സമ്മാനമായാണ് ഹാന്‍ വിശേഷി്പ്പിച്ചത്. ഹാന്‍ ആഗ്രഹിച്ചത് പോലെ ജര്‍മന്‍ മിലിറ്ററി ന്യൂക്ലിയാര്‍ ഫിഷനില്‍ താത്പര്യമെടുക്കുകയും ഹാന്ന് സര്‍വവിധ പിന്തുണ നല്‍കുകയും ചെയ്തു.

ഈ കണ്ടുപിടുത്തത്തോടെ ലിസെയും ഹാന്നും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് വിള്ളല്‍ വീണു. 1939 ഫെബ്രുവരിയില്‍ ഹാന്‍ ലിസെക്കെഴുതി. ഞങ്ങള്‍ ,ഞാനും സ്ട്രാസ്മാനും ഫിസിക്സ് ഉപയോഗിച്ചിട്ടേയില്ല. പകരം രാസപരമായി മൂലകങ്ങളെ വിഭജിച്ചെടുക്കുക (Chemical Seperation) മാത്രമാണ് ചെയ്തത്. ലിസെയുടെ സഹായം വിസ്മരിക്കുക മാത്രമല്ല ഫിഷന്‍ എന്നത് രസതന്ത്രത്തിന്റെ മാത്രം ഭാഗമാണെന്ന് വാദിക്കുകയും ചെയതു. സീഗ്ബാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലിസെയ്ക്ക് മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. മാന്‍ സിഗ്ബാന്‍ ലിസെയെ ഒട്ടും പരിഗണിച്ചില്ല എന്ന് മാത്രമല്ല സ്വതന്ത്രഗവേഷണം നടത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിലും വിമുഖത കാട്ടി. ഒരു വനിതയായ ലിസെക്ക് നൊബേല്‍സമ്മാനം ലഭിച്ചാല്‍ കിട്ടിയേക്കാവുന്ന ബഹുമാന്യതയിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.

ഫിഷന്‍ പൂര്‍ണമായും രസതന്ത്രമാണെന്നുള്ള വാദത്തില്‍ നിന്ന് ഹാന്‍ ഒരിക്കലും പിന്നോട്ടുപോയില്ല. മാത്രമല്ല അവസരം കിട്ടുമ്പോഴൊക്കെ ലിസെ ഗവേഷണത്തില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി തെറ്റിച്ചിരുന്നുവെന്നും നിഗമനങ്ങളിലേക്കെത്താന്‍ അതുവഴി വൈകിച്ചുവെന്നും മറ്റും കുറ്റപ്പെടുത്തുകയും ചെയ്തു. ലിസെ ജര്‍മ്മനിയില്‍ അറിയപ്പെട്ടത് ഓട്ടോഹാന്റെ കീഴില്‍ ഗവേഷണം നടത്തിയ സഹപ്രവര്‍ത്തകയായിട്ടാണ്.

1946 ഡിസംബറില്‍ ന്യൂക്ലിയാര്‍ ഫിഷന്‍ കണ്ടുപിടിച്ചതിന് ഓട്ടോഹാന്‍ നൊബേല്‍ സമ്മാനത്തിനര്‍ഹനായി. അതിനെത്തുടര്‍ന്ന് എല്ലാ അഭിമുഖങ്ങളിലും ലിസെയെക്കുറിച്ച് മൗനം പാലിച്ച ഹാനെക്കുറിച്ച് ലിസെ തന്റെ സുഹൃത്തിന് ഇങ്ങനെയെഴുതി. ‘ഓട്ടോഹാന്‍ തന്നാലാവുംവിധം തന്റെ ഭൂതകാലം അടിച്ചമര്‍ത്തുകയാണ്. ഞാന്‍ അടിച്ചമര്‍ത്തപ്പെട്ട ആ ഭൂതകാലത്തിന്റെ ഭാഗമാണ്.

ലിസെ മയ്റ്റ്നെര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം – പെന്‍സില്‍വാനിയയിലെ‍ Bryn Mawr College (1959)ല്‍ കടപ്പാട് photos.aip.org

ന്യൂക്ലിയാര്‍ ഫിഷന്‍ കണ്ടുപിടിക്കപ്പെട്ടതോടെ ആറ്റംബോംബുണ്ടാക്കാനുള്ള ശ്രമം ലോകമെമ്പാടും ആരംഭിച്ചുവെന്നും അവസാനം അമേരിക്ക അതില്‍ വിജയിക്കുകയും ജപ്പാനില്‍ അണുബോംബിടുകയും ചെയ്തുവെന്നതുമെല്ലാം പിന്നീടുള്ള ചരിത്രം. നേരിട്ടു ബോംബുനിര്‍മ്മാണത്തില്‍ യാതൊരുവിധ പങ്കുമില്ലാതിരിന്നിട്ടുകൂടി ലോകം ലിസെയെ ആറ്റംബോംബിന്റെ മാതാവാക്കി ആഘോഷിച്ചു.

1946 ആയപ്പോഴേക്കും ലിസെയുടെ അവസ്ഥ മെച്ചപ്പെട്ടു. അവര്‍ സ്വീഡനിലെ ആദ്യത്തെ ന്യൂക്ലിയാര്‍ റിയാക്ടറിന്റെ ചുമതല ഏറ്റെടുത്ത് സീഗ്ബാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ടു. 1960 ല്‍ കേംബ്രിഡ്ജിലേക്ക് തന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട മരുമകനായ ഓട്ടോ റോബര്‍ട്ടിന്റേയും കുടുംബാംഗങ്ങളുടെയും അടുത്തേക്ക് താമസം മാറ്റിയ ലിസെ 1968 ഒക്ടോബര്‍ 27ന് അന്തരിച്ചു..

ലിസെ മയ്റ്റ്നെറുടെ കല്ലറ
അവരുടെ കല്ലറക്ക് മുകളില്‍ ഓട്ടോ റോബര്‍ട്ട് ഇങ്ങനെ എഴുതിവെച്ചു. ‘ലിസെ മയ്റ്റ്നെര്‍- ഒരിക്കലും മനുഷ്യത്വം കൈവെടിയാത്ത ഭൗതികശാസ്ത്രജ്ഞ’
നൊബേല്‍ പുരസ്കാരരേഖകള്‍ പരിശോധിച്ചാല്‍ നിരവധി തവണ ലീസെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതായി കാണാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കത് നിഷേധിച്ചു എന്നുള്ളതിന്റെ സത്യം ഊഹാപോഹങ്ങളുടെ പുകമറക്കുള്ളിലാണിന്നും. പ്രൊട്ടക്റ്റീനിയത്തിന്റെ കണ്ടുപിടുത്തത്തിന് ലീബിഗ്സ് അവാര്‍ഡ് നേടിയിട്ടുള്ള ലിസെക്ക് നൊബേല്‍ സമ്മാനം ലഭിക്കാതെ പോയത് വനിതയായത് കൊണ്ടാണോ ?. ഓട്ടോഹാന്റെ മനപ്പൂര്‍വ്വമായ മറവികൊണ്ടാണോ ? മാനേ സിഗ്മാന്റെ വിധ്വംസകമായപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണോ ? ഇന്നും ചര്‍ച്ചകള്‍ തുടരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജര്‍മന്‍ മാഡം ക്യൂറിയെന്ന് വിശേഷിപ്പിച്ച ലീസെ മയ്റ്റനെറുടെ ജീവിതം ഇന്നും ശാസ്ത്രലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്നു. ശാസ്ത്രചരിത്രം എന്നത് അര്‍ഹതയുണ്ടായിട്ടും അവഗണനയുടെ ഗണത്തില്‍പ്പെടുന്ന വനിതകളുടെ ചരിത്രം കൂടിയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ആ പ്രഗത്ഭ ശാസ്ത്രജ്ഞയുടെ സ്മരണാര്‍ത്ഥം ശാസ്ത്രലോകം 109-മത് മൂലകത്തിന് മയ്റ്റ്നറേനിയം എന്ന് നാമകരണം ചെയ്തു.
ബര്‍ലിന്‍ സര്‍വകലാശാലയിലെ ലിസെ മെയ്റ്റ്നറുടെ ശില്‍പം കടപ്പാട് : needpix.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Manoj Komath Previous post നിങ്ങളറിയാത്ത സി.വി. രാമൻ
Next post രാമനെങ്ങനെ രാമനായി?
Close