രാമനെങ്ങനെ രാമനായി?

പ്രൊഫ.കെ. പാപ്പൂട്ടി

ചന്ദ്രശേഖര വെങ്കട്ടരാമൻ അയ്യർ എങ്ങനെ നാമിന്ന് അറിയുന്ന സർ സി.വി.രാമൻ ആയി എന്നറിയുന്നതിൽ ശാസ്ത്ര കുതുകികൾക്ക് താല്പര്യമുണ്ടാകുമല്ലോ. ഈ നവമ്പർ 7 അദ്ദേഹത്തിന്റെ 131 -ാം പിറന്നാൾ ആയതു കൊണ്ടു അതു സ്വാഭാവികവുമാണ്.

ഫോട്ടോ കടപ്പാട്‌: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൽബം

[dropcap]ഒ[/dropcap]രു യാഥാസ്ഥിതിക ശൈവ ബ്രാഹ്മണ കുടുംബത്തിൽ നിന്നൊരാൾ ശാസത്രജ്ഞനായി നൊബേൽ സമ്മാനം നേടുക എന്നത് 18-ാം നൂറ്റാണ്ടിലോ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലുമോ അചിന്ത്യമായ ഒരു കാര്യമായിരുന്നു.രാമന്റെ ജ്യേഷ്ഠന്റെ മകൻ എസ്സ് ചന്ദ്രശേഖറും നൊബേൽ സമ്മാനം നേടി എന്നോർക്കുമ്പോൾ  രാമന്റെ നേട്ടം വെറും യാദൃച്ഛികമല്ല എന്നു വ്യക്തം.(സമ്മാനം കിട്ടുമ്പോൾ ചന്ദ്രശേഖർ ഇന്ത്യൻ പൗരനായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ വിദ്യാഭ്യാസം മുഴുവൻ ഇന്ത്യയിലായിരുന്നു )

സുബ്രമണ്യ ചന്ദ്രഷൃശേഖർ | ഫോട്ടോ കടപ്പാട്‌: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൽബം

ഒരേ കുടുംബത്തിലേക്ക് രണ്ടു നൊബേൽ സമ്മാനങ്ങൾ എത്തിച്ച വിപ്ലവത്തിന്റെ തുടക്കം രാമന്റെ മുത്തശ്ശൻ രാമനാഥനിൽ നിന്നാണ്. തഞ്ചാവൂർ ജില്ലയിലെ മാംഗുഡി ഗ്രാമത്തിൽ അല്പം കൃഷിയും ശിവക്ഷേത്രത്തിലെ പൂജയുമായി കഴിഞ്ഞ രാമനാഥന് ആധുനിക വിദ്യാഭ്യാസമൊന്നും കിട്ടിയിരുന്നില്ല.തന്റെ ഏക മകൻ ചന്ദ്രശേഖരൻ അങ്ങനെ ആയാൽ പോര എന്നദ്ദേഹം തീരുമാനിച്ചു.( ആദ്യ മകൻ കുഞ്ഞുന്നാളിലേ മരിച്ചു പോയിരുന്നു.) ചന്ദ്രശേഖരനെ അദ്ദേഹം, കുറേ ദൂരെയാണെങ്കിലും കുംഭകോണത്തെ സ്കൂളിൽ ചേർത്തു. അവൻ മികച്ച നിലയിൽ പഠിച്ച് 15-ാം വയസ്സിൽ (1881ൽ ) മട്രിക്കുലേഷൻ പാസ്സായി ഇൻറർ മിഡിയറ്റിന് തൃശ്ശിനാപ്പിളളി SPG കോളജിൽ ചേർന്നു. അവിടുന്ന് സ്കോളർഷിപ്പോടെ പാസ്സായി ബി.എ.യ്ക്ക മദ്രാസ് ക്രിസ്ത്യൻ  കോളജിൽ ചേർന്നു. വിഷയം ഫിസിക്സും മാത്‍സും .(അന്ന് എല്ലാം BA ആണ്, BSc ഇല്ല ). ഇതിനകം ചന്ദ്രശേഖരൻ ഒരു വലിയ പുസ്തകപ്രേമി ആയിക്കഴിഞ്ഞിരുന്നു.മദ്രാസ് ക്രിസ്റ്റ്യൻ കോളജിലെ വിശാലമായ ലൈബ്രറി കണ്ട് അയാൾ അന്തംവിട്ടു പോയി. എത്ര പുസ്തകങ്ങളാ! സാഹിത്യവും ശാസ്ത്രവും ഗണിതവും തത്ത്വചിന്തയും യുക്തിവാദവും എല്ലാം ചർച്ച ചെയ്യുന്നവ. അതു മുഴുവൻ വായിക്കണമെന്ന് ചന്ദ്രശേഖറിന് തോന്നി. മറ്റെല്ലാം മറന്ന് അയാൾ വായനയിൽ മുഴുകി. ഫിസിക്സും ഗണിതവും വായിച്ചു;ഇംഗ്ലീഷ് സാഹിത്യവും തത്വവചിന്തയും വായിച്ചു .ഇംഗർ സോളിനെ പോലുള്ള യുക്തിവാദികളുടെ കൃതികൾ വളരെ ഇഷ്ടായി. ഫലമോ? പാരമ്പര്യമായി കിട്ടിയ ദൈവ വിശ്വാസം നഷ്ടമായി.

ഫോട്ടോ കടപ്പാട്‌: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൽബം

സിലബസിന്റ കാര്യം ചന്ദ്രശേഖർ ഓർത്തില്ല. പരീക്ഷ പാസാകാൻ പരന്ന വായന പോരല്ലോ. അതു കൊണ്ട് പരീക്ഷയിൽ തോറ്റു – അതും മാതൃഭാഷയായ തമിഴിൽ. മട്രിക്കുലേഷൻ കഴിഞ്ഞപ്പോൾത്തന്നെ (15-ാം വയസ്സിൽ ) കല്യാണം കഴിഞ്ഞിരുന്നു. അന്നത്തെ രീതി അതാണല്ലോ .മക്കൾ പിറക്കാനും ഒട്ടും താമസമുണ്ടായില്ല. മൂത്തയാൾ CS അയ്യർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട  ചന്ദ്രശേഖര സുബ്രഹ്മണ്യ അയ്യർ .( സാക്ഷാൽ എസ്സ് ചന്ദ്രശേഖറിന്റെ അച്ഛൻ ). രണ്ടാമൻ സി.വി.രാമൻ. പിന്നെയുമുണ്ടായി ആറു പേർ കൂടി .ആകെ 5 ആണും 3 പെണ്ണും. ജോലിയില്ല.എങ്ങനെ ജീവിക്കും?ഒടുവിൽ ഭാര്യാപിതാവിന്റെ സ്വന്തം പ്രൈമറി സ്കൂളിൽ അധ്യാപകനായി. തുച്ഛമായ ശമ്പളം. ദാരിദ്ര്യം നിറഞ്ഞ ജീവിതം. പുസ്തകം വാങ്ങാൻ കാശില്ലല്ലോ എന്നതാണ് ഏറെ വിഷമിപ്പിച്ച കാര്യം.

നെഹ്‌റുവും സി.വി.രാമനും | ഫോട്ടോ കടപ്പാട്‌: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൽബം

ചന്ദ്രശേഖർ പക്ഷേ തോറ്റു പിന്മാറാൻ കൂട്ടാക്കിയില്ല. പഴയ SPG കോളജിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതി ബിഎ പാസ്സായി. ആദ്യം അതേ കോളജിലും പിന്നീട് (1893 ൽ ) വിശാഖപട്ടണത്തെ എ.വി.നരസിംഹറാവു ഇന്റർമീഡിയറ്റ്കോളജിലും അധ്യാപകനായി.(രാമന് അന്ന് 4 വയസ്സാണ് ). പട്ടിണി തീർന്നു. ഇഷ്ട വിഷയങ്ങൾ ആയ ഫിസിക്സും മാത്‍സും ഫിസിക്കൽ ജ്യോഗ്രഫിയും പഠിപ്പിക്കണം. പക്ഷേ അതു പോര. മദ്രാസ് പ്രസിഡൻസിയിലെ മാത്‍സ് സിലബസ് അറുപഴഞ്ചനാണ്. അത് പരിഷ്ക്കരിക്കാനുള്ള ശ്രമമായി പിന്നീട്. അതിൽ വിജയിക്കുകയും ചെയ്തു.

ഫോട്ടോ കടപ്പാട്‌: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൽബം

കിട്ടുന്ന ശമ്പളത്തിൽ ജീവിക്കാൻ അത്യാവശ്യമുള്ളതു കഴിച്ച് ബാക്കി മുഴുവൻ പുസ്തകങ്ങൾ വാങ്ങാനാണ് ചന്ദ്രശേഖർ ചെലവിട്ടത്. എല്ലാ വിഷയങ്ങളിലുമുള്ള പുസ്തകങ്ങൾ .ഏറെയും ഫിസിക്സും മാത്‍സും. ഈ പുസ്തകങ്ങളുടെ നടുവിലാണ് രാമനും സഹോദരങ്ങളും ജ്യേഷ്ഠന്റ മകൻ ചന്ദ്രശേഖറും എല്ലാം വളർന്നത്.അതിൽ രണ്ടു പേർക്ക് നൊബേൽ സമ്മാനം കിട്ടിയതിൽ അത്ഭുതപ്പെടേണ്ടതില്ല. രാമൻ ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്: ഒരു വീട് നല്ലതാണോ, സ്കൂൾ നല്ലതാണോ എന്നു തീരുമാനിക്കുന്നത് അവ ഏതുതരം പുസ്തകങ്ങളാണ് വളരുന്ന കുട്ടികൾക്ക് നൽകുന്നത് എന്നതിനെ ആസ്പദമാക്കിയാണ്.

സ്കൂൾ പഠനകാലത്ത് രാമന് ക്ലാസ്സിൽ നിന്ന് ഏറെയൊന്നും കിട്ടാനുണ്ടായിരുന്നില്ല. പഠിപ്പിക്കുന്ന അധ്യാപകരേക്കാൾ ഏറെ മുന്നിലായിരുന്നു അയാൾ. അച്ഛൻ അയാൾക്ക് പഠന കാര്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം നൽകി.ഒരിക്കൽ പനി പിടിച്ച് സ്കൂളിൽ പോകാൻ കഴിയാതെ കിടന്നപ്പോൾ രാമൻ അച്ഛനോടാവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ കോളജിൽ നിന്ന് ഒരു ലെയ്ഡൻ ജാർ കൊണ്ടത്തരണം എന്നായിരുന്നു. ചില വൈദ്യുത പരീക്ഷണങ്ങൾ ചെയ്യാനാണ്. മററു കുട്ടികൾ പോയിട്ട് അവന്റെ അധ്യാപകർ പോലും അത്തരം ഒരു സാധനത്തെക്കുറിച്ച് കേട്ടിരുന്നില്ല എന്ന കാര്യം ഓർക്കണം.

11-ാം വയസ്സിൽ രാമൻ മട്രിക്കുലേഷനും 15-ാം വയസ്സിൽ മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് ഫസ്റ്റ് റാങ്കോട്ടെ ഫിസിക്സിൽ ബി.എ യും പാസ്സായി. അവിടെത്തന്നെ എം എ യ്ക്ക് ചേർന്നു. ക്ലാസ്സിലിരിക്കാൻ അയാളെ അധ്യാപകരാരും നിർബന്ധിച്ചിരുന്നില്ല .ഏറെ സമയവും ലബോറട്ടറിയിൽ ചെലവിട്ടു.1906 ൽ, എം എ യ്ക്ക് പഠിക്കുമ്പോൾ ത്തന്നെ ഫിലോസഫിക്കൽ മാഗസിൻ പോലുള്ള പ്രശസ്ത ശാസ്ത്രജർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ രാമനു കഴിഞ്ഞു.

ഫോട്ടോ കടപ്പാട്‌: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൽബം

രാമനെ രാമനാക്കിയ സാഹചര്യം ഈ കുടുംബ പശ്ചാത്തലം മാത്രമായിരുന്നില്ല. സ്വാതന്ത്ര്യ സമരം ഇന്ത്യയിലെ യുവത്വത്തെ ജ്വലിപ്പിച്ചു തുടങ്ങിയ ഘട്ടത്തിൽ, അതിന്റെ സിരാ കേന്ദ്രമായ കൽക്കത്തയിൽ രാമൻ എത്തിച്ചേർന്നില്ലായിരുന്നെങ്കിൽ അയാൾ ബ്രിട്ടീഷ് രാജിനു കീഴിൽ ഒരു നല്ല ഓഡിറ്റർ ജനറലായി ജീവിതം അവസാനിപ്പിച്ചേനേ. അതായിരുന്നല്ലോ എംഎ പാസ്സായപ്പോൾ അയാൾക്കു കിട്ടിയ ജോലി.ജെ സി ബോസിനെയും പി സി റേയെയും എം എൻ സാഹയെയും എസ് എൻ ബോസിനെയും മഹലോബനിസിനെയും എല്ലാം സൃഷ്ടിച്ച കൽക്കത്തയെ, ആ കാലഘട്ടത്തെ മനസ്സിലാക്കാതെ രാമൻ രാമനായ കഥ പൂർണമാകില്ല. അതു പിന്നെയാവട്ടെ.

Leave a Reply