അല്പം ചരിത്രം
ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ചൈനക്കാർ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് കടൽജലം ശുദ്ധീകരിച്ചിരുന്നത്രെ. ഭൂമിയിൽനിന്നും പുറത്തേക്കു ചീറ്റുന്ന വാതകത്തെ മുള കൊണ്ടുള്ള കുഴൽ ഉപയോഗിച്ചാണ് കടൽത്തീരത്ത് എത്തിച്ചിരുന്നത്. 1626 ൽ അമേരിക്കയിലെ നിവാസികൾ പ്രകൃതി വാതകം കത്തിക്കുന്നതായി അവിടെ പര്യവേഷണം നടത്തിയിരുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞർ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1821ൽ വില്യം ഹാർട് (William Hart) ആണ് ആദ്യമായി അമേരിക്കയിലെ ഫിലാഡൽഫിയയിൽ കിണർ നിർമിച്ചു പ്രകൃതി വാതകം ഉൽപ്പാദിപ്പിച്ചത്. തുടർന്ന് അമേരിക്കയിലെ ആദ്യത്തെ പ്രകൃതി വാതക കമ്പനിയായ ഫ്രിഡോണിയ ഗ്യാസ് ലൈറ്റ് കമ്പനി (Fredonia Gas Light Company) സ്ഥാപിതമായി. ദ്രവീകരിച്ച പ്രകൃതി വാതകം വഹിച്ചു കൊണ്ടുള്ള ആദ്യത്തെ കപ്പൽ അമേരിക്കയിൽ നിന്നും ഇൻഗ്ലണ്ടിലേക്കു യാത്ര പുറപ്പെട്ടത് 1959 ജനുവരി 25 നുമായിരുന്നു.
എന്താണീ പ്രകൃതി വാതകം ?
പെട്രോളിയത്തെപ്പോലെ ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന ഇന്ധനമാണിത്. ഇതിലെ പ്രധാന ഘടകം മീഥേൻ (Methane) വാതകമായതിനാൽ (90%ൽ ഏറെ മീഥേൻ, 3-4% ഇഥേൻ കൂടാതെ ചെറിയ അളവിൽ പ്രോപെയിൻ എന്നിവയും ഉണ്ടായിരിക്കും. വ്യത്യസ്ത പ്രദേശത്തു നിന്നും ലഭിക്കുന്ന വാതകങ്ങളിൽ ഇവ ചെറിയ തോതിൽ വ്യതാസപ്പെട്ടിരിക്കും) അന്തരീക്ഷോഷ്മാവിൽ ഉയർന്ന മർദം പ്രയോഗിച്ചു ദ്രവീകരിക്കാൻ ആവില്ല. എന്നാൽ -160oC യിലേക്ക് തണുപ്പിച്ചാൽ ഈ വാതകം അന്തരീക്ഷ മർദത്തിൽ ദ്രാവകമായിത്തീരും. ഇപ്രകാരം ദ്രാവകാവസ്ഥയിലുള്ള ഇന്ധനത്തെ LNG (Liquified Natural gas) എന്നും ഉയർന്ന മർദ്ദത്തിൽ സൂക്ഷിച്ചിട്ടുള്ള വാതകത്തെ CNG (Compressed Natural Gas) എന്നും വിളിക്കുന്നു. രണ്ടിലും അടങ്ങിയിട്ടുള്ള ഘടകങ്ങൾ ഒന്നാണെന്നർത്ഥം.
LPG ഗ്യാസ് സിലിണ്ടറിൽ വിതരണം ചെയ്യുന്നതുപോലെ CNG വിതരണം ചെയ്യാത്തതെന്തുകൊണ്ട് ?
LPG ഗ്യാസിൽ അറുപത് ശതമാനത്തോളം പ്രോപെയ്‌നും (propane) നാൽപ്പതു ശതമാനത്തോളം ബ്യുട്ടയിനും (butane) ആണുള്ളത്. അന്തരീക്ഷോഷ്മാവിൽ ഉയർന്ന മർദ്ദം പ്രയോഗിച്ചാൽ ഇതിനെ ദ്രാവകാവസ്ഥയിൽ ആക്കാൻ കഴിയും. ഇതിൻറെ പേരുതന്നെ ദ്രവീകൃത പെട്രോളിയം ഗ്യാസ് (Liquified Petrolium Gas) എന്നാണല്ലോ. ഈ വാതകം ദ്രവീകരിക്കപ്പെടുമ്പോൾ വ്യാപ്തം ഗണ്യമായി കുറയുന്നതാണ്. വീട്ടിൽ ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ ദ്രാവകാവസ്ഥയിലുള്ള 14.2kg ഇന്ധനം ആണുള്ളത്. ഇത് വാതകാവസ്ഥയിലേക്ക് മാറുമ്പോൾ ഏഴായിരം ലിറ്ററോളം ഉണ്ടായിരിക്കും. എന്നാൽ CNG അന്തരീക്ഷോഷ്മാവിൽ ദ്രവീകരണം സാധ്യമല്ല. വാതകാവസ്ഥയിലുള്ള പ്രകൃതി വാതകം ഉയർന്ന മർദ്ദത്തിൽ താരതമ്യേന കുറഞ്ഞ അളവിൽ മാത്രമേ സിലിണ്ടറിൽ ശേഖരിക്കാനാകൂ.
വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന CNG ബലമേറിയ സ്റ്റീൽ സിലിണ്ടറുകളിൽ ഇരുനൂറു മുതൽ ഇരുനൂറ്റി അൻപത് മടങ്ങ് വരെ അന്തരീക്ഷ മർദ്ദത്തിലാണ് ശേഖരിക്കാറുള്ളത്.
ഗാർഹിക ഇന്ധനമെന്നനിലയിൽ കൂടുതൽ സുരക്ഷിതമെന്നത് ശരിയാണോ ?
ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന LPG യുടെ സാന്ദ്രത (1.89kg/m3) വായുവിനേക്കാൾ( 1.27kg/m3) കൂടുതലാണ്. അതിനാൽ നല്ല വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ ഇന്ധനം ലീക്ക് ചെയ്താൽ അവിടെ കെട്ടിക്കിടന്ന് അപകടം വരുത്തിവെക്കാം. എന്നാൽ CNG യുടെ സാന്ദ്രത (0.7 kg/m3) വായുവിനേക്കാൾ കുറവായതിനാൽ മുകളിലേക്ക് പൊങ്ങി പുറത്തുപോകാനുള്ള സാധ്യത ഏറെയാണ്, അതിനാൽ സുരക്ഷിതവുമാണ്.
പരിസ്ഥിതി സൗഹൃദം ആണെന്ന് കേട്ടതോ ?
ജൈവ ഇന്ധനങ്ങൾ ജ്വലന വിധേയമായാൽ (അവ ഭൂരിപക്ഷവും കാർബണും ഹൈഡ്രജനും മാത്രം അടങ്ങിയവയാണ്) കാർബൺ ഡയോക്സൈഡും ജലവും ആണ് പുറംതള്ളുന്നത്. കാർബൺ ഡയോക്സൈഡ് ഭൗമ താപനത്തിനു കാരണമാകുമല്ലോ. മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ചു (പെട്രോൾ ~84%, LPG ~ 81%) CNG യിലുള്ള കാർബണിന്റെ ശതമാനം(~75%) കുറവാണ്, അതിനാൽ താരതമ്യേന പരിസ്ഥിതി സൗഹൃദവും.
വില കൂടുതലല്ലേ ?
ഒരു ലിറ്റർ പെട്രോളിൻറെ വില എൺപതു രൂപയിൽ അധികമാണല്ലോ (ഒരു ലിറ്റർ പെട്രോളിന്റെ ഭാരം (0.74kg) മാത്രമാണ്!) കൊച്ചിയിൽ നവംബർ മാസത്തിൽ ഒരു കിലോഗ്രാം CNG യുടെ വില 56.5 രൂപ മാത്രമായിരുന്നു.
GAIL pipeline ഉൽഘാടനം ചെയ്യപ്പെട്ടതോടെ കേരളത്തിലെ വടക്കൻ ജില്ലകളായ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ വിതരണ കേന്ദ്രങ്ങളുടെ നിർമാണം നടക്കുന്നുണ്ട്. CNG യുടെ കലോറിക മൂല്യം മറ്റു ഇന്ധനങ്ങളിൽ നിന്നും അല്പം കുറവാണെങ്കിലും മറ്റുള്ളവയെക്കാൾ ഒന്നിലേറെ മേന്മകളുണ്ട്.