പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍
ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19.
ആധുനിക രസതന്ത്രത്തിലെ അതികായരിൽ അതികായൻ (colossus among colossi), സയൻസിലെ അമേരിക്കൻ കൗ ബോയ് എന്നിങ്ങനെ സമകാലികരാൽ വിശേഷിപ്പിക്കപ്പെട്ട ലൈനസ് പോളിങ് (Linus Pauling), സാഹസികതയുടെ, മേധാശക്തിയുടെ, വറ്റാത്ത ഊർജത്തിന്റെ, കൂസലില്ലായ്മയുടെ, കഠിനാധ്വാനത്തിന്റെ, പരുക്കൻ സ്വഭാവത്തിന്റെ, കറയറ്റ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകംതന്നെയായിരുന്നു. വെല്ലുവിളികളിൽനിന്നും വിവാദങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ കൂട്ടാക്കാത്ത പോളിങ് പലപ്പോഴും അവയിലേക്ക് സ്വയം എടുത്തുചാടുകയും ചെയ്തിട്ടുണ്ട്. ഒഴുക്കിനെതിരെ നീന്തി കരയ്ക്കണയണത് ഒരു ശീലമാക്കി മാറ്റി പോളിങ്.
രണ്ടുതവണ നൊബേൽ സമ്മാനം ലഭിക്കുക – ആദ്യം രസതന്ത്രത്തിന് (1954), തുടർന്ന് ലോകസമാധാനത്തിന് (1962), തീർത്തും വ്യത്യസ്തമായ രണ്ടു മേഖലകളിൽ, രണ്ടും ആരുമായും പങ്കുവയ്ക്കാതെ – ഈ നേട്ടം കൈവരിച്ച ഏകവ്യക്തിയാണ് ലൈനസ് പോളിങ്. 93 വയസ്സുവരെ തന്റെ കർമമണ്ഡലത്തിൽ ജ്വലിച്ചുനിന്ന താരമായിരുന്നു അദ്ദേഹം.
ജനനം, വിദ്യാഭ്യാസം.
അമേരിക്കയിൽ ഓറിഗൺ സ്റ്റേറ്റിൽ പോർട്‌ലണ്ട് നഗരത്തിനു സമീപം ‘ഓസ്വേഗോ’ എന്ന കുഗ്രാമത്തിൽ 1901 ഫെബ്രുവരി 28ന് ലൈനസ് പോളിങ് ജനിച്ചു. പിതാവ് ചെറുകിട ഔഷധവ്യാപാരിയായിരുന്ന ഹെർമൻ പോളിങ്, മാതാവ് കാർഷികകുടുംബത്തിൽ നിന്നുവന്ന ലൂസി ഇസബെല്ല. പൊതുവേ ഓസ്വേഗോ ഗ്രാമവാസികൾ ദരിദ്രരായിരുന്നു. ഹെർമൻ കുടുംബവും ഏതാണ്ട് അതേനിലയിൽ ആയിരുന്നു. മെച്ചപ്പെട്ട ജീവിതം കാംക്ഷിച്ച് ഇസബെല്ലയുടെ ഇഷ്ടപ്രകാരം അവരുടെ ഗ്രാമമായ കോൺഡോണിലേക്ക് കുടിയേറി. പോളിൻ, ലൂസില്ലെ എന്നീ രണ്ട് സഹോദരികൾ ലൈനസ്സിനുണ്ടായിരുന്നു.
ആദ്യകാലവിദ്യാഭ്യാസം വാഷിങ്ടൺ ഹൈസ്‌കൂളിലും ഓറിഗോൺ സ്റ്റേറ്റ് കോളേജിലും ആയിരുന്നു. 1922-ൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടി. 1925-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Caltech)യിൽനിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി സമ്പാദിച്ചു. പിന്നീട് ഒരുവർഷം യൂറോപ്പിൽ ഗവേഷണപഠനം. മ്യൂണിക് യൂണിവേഴ്‌സിറ്റി പ്രൊഫസറും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന സോമ്മർഫീൽഡായിരുന്നു, പോളിങ്ങിന്റെ ഗുരുക്കളിൽ പ്രധാനി.
അധ്യാപകൻ, ഗവേഷകൻ.
1927-ൽ കാൽടെക്കിൽ തിരിച്ചെത്തി, അധ്യാപകനായും ഗവേഷകനായും ജോലിയിൽ പ്രവേശിച്ചു. 1963 വരെ – നീണ്ട 36 വർഷക്കാലം അവിടെതന്നെ സേവനമനുഷ്ഠിച്ചു. ‘രസതന്ത്രത്തിലെ പോളിങ്‌യുഗ’മായിരുന്നു അത്. 1967-69 കാലഘട്ടത്തിൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയുടെ സാൻഡിയാഗോ കാമ്പസ്സിലും, 1969 മുതൽ 73 വരെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലും ജോലിനോക്കി. 1973-ൽ ലൈനസ് പോളിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും, മരണംവരെ ഗവേഷണപ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.
പോളിങ്‌യുഗം
20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ‘കെമിസ്റ്റ്’ എന്ന് പോളിങിനെ വിശേഷിപ്പിച്ചത് മറ്റാരുമല്ല, പ്രശസ്ത ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഐസക് അസിമോവ് തന്നെയാണ്. ‘രസതന്ത്രത്തിലെ ഐൻസ്റ്റൈൻ’ എന്നും ചിലർ അദ്ദേഹത്തെ വാഴ്ത്തി. ക്വാണ്ടം കെമിസ്ട്രി, മോളിക്യുലാർ ബയോളജി എന്നീ ശാസ്ത്രശാഖകളുടെ പ്രതിഷ്ഠാപകരിൽ മുഖ്യനാണ് പോളിങ്. ഓർബിറ്റൽ ഹൈബ്രിഡേഷനും, മൂലകങ്ങളുടെ ഇലക്‌ട്രോ നെഗറ്റിവിറ്റിക്ക് കൃത്യമായ ഒരു സ്‌കെയിൽ ഉണ്ടാക്കിയതുമാണ് രാസബന്ധസിദ്ധാന്തത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ. ജൈവതന്മാത്രകളിൽ അദ്ദേഹം നടത്തിയ ഗവേഷണപഠനങ്ങൾ എടുത്തുപറയേണ്ടതാണ്. 1948-ൽ പ്രോട്ടീനുകളുടെ ആൽഫാ ഹെലിക്‌സ് ഘടന (alpha helix)അദ്ദേഹം കണ്ടുപിടിച്ചു. ജൈവരസതന്ത്ര പ്രാധാന്യമുള്ള പല വസ്തുക്കളുടെയും ഘടന കണ്ടുപിടിക്കാൻ എക്‌സ്‌റേ ഡിഫ്രാക്ഷൻ എന്ന സങ്കേതം പ്രയോജനപ്പെടുത്തിയവരിൽ പ്രമുഖനായിരുന്നു പോളിങ്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ് DNAയുടെ ഘടന നിർണയിക്കുന്നതിൽ ജെയിംസ് വാട്‌സണും, ഫ്രാൻസിസ് ക്രിക്കിനും റോസലിൻഡ് ഫ്രാങ്ക്‌ളിനും പ്രചോദനമായത്. ജീവികളുടെ ജനിതകകോഡ് അനാവരണം ചെയ്യാൻ കഴിഞ്ഞതിലും പോളിങ്ങിന്റെ ഗവേഷണങ്ങൾക്ക് പങ്കുണ്ട്. ഭൗതികം, ജീവശാസ്ത്രം എന്നീ ശാസ്ത്രശാഖകളെ രസതന്ത്രവുമായി വിളക്കിച്ചേർക്കാൻ പോളിങ്ങിന് കഴിഞ്ഞു.
ശാസ്ത്രരംഗത്ത് അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളെ ഇങ്ങനെ പട്ടികപ്പെടുത്താം.
- വാലൻഡ് ബോഡ് സിദ്ധാന്തം വികസിപ്പിച്ചെടുത്തത്
- രാസബന്ധത്തിന്റെ വിവിധ ഭാവങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത്.
- ഇലക്‌ട്രോ നെഗറ്റിവിറ്റി എന്ന സങ്കല്പനത്തിന്റെ സൃഷ്ടി
- രാസഘടന നിർണയിക്കാൻ എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി, ഇലക്‌ട്രോൺ വിഭംഗനം, കാന്തികമാപനം തുടങ്ങിയ സങ്കേതങ്ങളുടെ ഉപയോഗം
- കോർഡിനേഷൻ സങ്കീർണങ്ങളെ സംബന്ധിച്ച പഠനങ്ങൾ
- കാർബണികരസതന്ത്രത്തിന് സൈദ്ധാന്തിക അടിത്തറ നൽകിയത്.
- ഹീമോഗ്ലോബിൻ സംബന്ധിച്ച പഠനങ്ങൾ
- പ്രോട്ടീൻ തന്മാത്രയുടെ ആൽഫാ ഹെലിക്‌സ് ഘടന കണ്ടുപിടിച്ചത്
- സിക്കിൾ-സെൽ അനീമിയ ഒരു ജനിതകരോഗമാണെന്ന് തെളിയിച്ചത്.
- പോളിപെപ്‌റ്റൈഡ് ശൃംഖലയുടെ ഘടന കണ്ടുപിടിച്ചത്
- ആന്റിബോഡികളെ സംബന്ധിച്ച ടെംപ്ലേറ്റ് സിദ്ധാന്തം.
ഈ പട്ടിക ഇനിയും നീട്ടാം.
വിശ്രമമില്ലാത്ത തൂലികയുടെ ഉടമസ്ഥൻ
പോളിങ് തന്റെ തൂലികയ്ക്ക് ഒരിക്കലും വിശ്രമം നൽകിയിരുന്നില്ല. ശാസ്ത്രഗ്രന്ഥങ്ങൾ, പ്രബന്ധങ്ങൾ, ലേഖനങ്ങൾ, വിമർശനങ്ങൾ, അഭിപ്രായങ്ങൾ, പത്രാധിപർക്കുള്ള കത്തുകൾ, നിവേദനങ്ങൾ, കുറിപ്പുകൾ മുതലായവ എഴുതുന്നതിൽ യാതൊരു പിശുക്കും കാണിച്ചില്ല.
പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ :
- 1935 – Introduction to Quantum Mechanics with Applications to Chemistry
- 1939 – Nature of the Chemical Bond and Structure of Molecules and Crystals. (ഈ ഗ്രന്ഥം രസതന്ത്രത്തിലെ ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു)
- 1947 – General Chemistry
- 1964 – The Architecture of Molecules
- 1958 – No more War
- 1977 – Vitamin C, the common Cold and Flu
- 1987 – How to Live Longer and Feel Better
- 1998 – Linus Pauling on Peace.
ഇനിയൊരു യുദ്ധം വേണ്ട
1945-50 കാലഘട്ടത്തിൽ അണ്വായുധങ്ങൾക്കെതിരെ അതിശക്തമായ വാദങ്ങളോടെ പോളിങ് പൊതുരംഗത്ത് നിറഞ്ഞുനിന്നു. ഇത് അദ്ദേഹത്തിന് ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. അമേരിക്കൻ ഭരണകൂടം പോളിങ്ങിന്റെ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ നടപടികൾ എടുത്തുതുടങ്ങി. 1952-ൽ ശാസ്ത്രസമ്മേളനങ്ങളിൽ സംബന്ധിക്കാൻ യൂറോപ്പിലേക്കു പോകാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ല. 1954-ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ക്ഷണമനുസരിച്ച് ഇന്ത്യയിലേക്ക് വരാൻ പോളിങ് തയ്യാറായെങ്കിലും അമേരിക്കൻ ഭരണകൂടം പാസ്‌പോർട്ട് നിഷേധിച്ചതിനാൽ യാത്രമുടങ്ങി. 1954-ൽ നൊബേൽ പുരസ്‌കാരം നേരിട്ടുവാങ്ങാനായി സ്വീഡനിലേക്ക് പോകാൻ പോളിങ്ങിന് പാസ്‌പോർട്ട് ലഭിച്ചത് അവസാനനിമിഷത്തിലാണ്. പക്ഷെ സ്വീഡനിലെ പൗരാവലി വൻ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്. 1958-ൽ പോളിങ് ‘ഇനി ഒരു യുദ്ധം വേണ്ട’ (ചീ ങീൃല ണമൃ)എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1958 ജനുവരി 15-ാം തീയതി പോളിങ് അണ്വായുധപരീക്ഷണങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് ഒരു പെറ്റീഷൻ സമർപ്പിച്ചു. ലോകത്തെ 49 രാജ്യങ്ങളിൽനിന്നായി 11,021 ശാസ്ത്രജ്ഞർ അതിൽ ഒപ്പിട്ടിരുന്നു. ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തി ഭരണകൂടവും മാധ്യമങ്ങളും ചില ശാസ്ത്രജ്ഞർപോലും അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ഐൻസ്റ്റൈൻ, ബെർട്രാൻഡ് റസ്സൽ എന്നിവരോടൊപ്പം 8 പ്രസിദ്ധ ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ചേർന്ന് തയ്യാറാക്കിയ റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോയിൽ പോളിങ്ങും കയ്യൊപ്പിട്ടു. അണ്വായുധങ്ങൾക്കുവേണ്ടി നിലകൊണ്ട എഡ്വേർഡ് ടെല്ലറും പോളിങ്ങും തമ്മിലുള്ള ആശയയുദ്ധം അമേരിക്കയിൽ ബുദ്ധിജീവികൾക്കിടയിൽ വലിയ ചർച്ചാവിഷയമായി. 1962-ൽ ലോകസമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലൈനസ് പോളിങ്ങിന് ലഭിച്ചു. അമേരിക്കയിൽ ആകമാനം പടർന്നുപിടിച്ച കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം പോളിങ്ങിന്റെയും ഐൻസ്റ്റൈന്റെയും സമാധാനപ്രസ്ഥാന പ്രവർത്തനങ്ങൾക്ക് വിഘാതമായി. ഇവർ രണ്ടുപേരും സോവിയറ്റ് അനുഭാവികളാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതൊക്കെയാണെങ്കിലും 1963-ൽ പ്രമുഖ രാഷ്ട്രങ്ങൾ അംഗീകരിച്ച ഭാഗിക അണ്വായുധപരീക്ഷണ നിരോധന ഉടമ്പടി ഇവരുടെയൊക്കെ പ്രവർത്തനങ്ങളുടെ പരിണിതഫലമായിരുന്നു.
ജീവകം സി-പോളിങ്ങിന്റെ ജീവകം
1966-ൽ പോളിങ്ങിന് ജീവകം-സിയോട് പ്രത്യേക കമ്പം തോന്നിത്തുടങ്ങി. മരണംവരെ അദ്ദേഹം അതിൽനിന്ന് പിന്മാറിയില്ല. ഏതാണ്ടൊരു സർവരോഗസംഹാരിയായിട്ടാണ് പോളിങ് അവതരിപ്പിച്ചത്. എന്നാൽ ദിനംപ്രതി 2ഗ്രാമെങ്കിലും വിറ്റമിൻ സി കഴിച്ചാൽ ജലദോഷം ഒഴിവാക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വയം നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ‘വിറ്റമിൻ സിയും ജലദോഷവും‘ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. എന്നാൽ പോളിങ്ങിന്റെ സിദ്ധാന്തത്തിനെതിരെ വൈദ്യശാസ്ത്രവിദഗ്ധന്മാർ രംഗത്തുവന്നു. വിറ്റമിൻ-സി വലിയ വിവാദവിഷയമായി മാറി. ‘പോളിങ്ങിന്റെ ജീവകം‘ എന്ന പര്യായവും ജീവകം-സിക്ക് ലഭിച്ചു. കാൻസറിനെതിരെയും പ്രതിരോധിക്കാനുള്ള ശക്തി ജീവകം-സിക്ക് ഉണ്ടെന്ന പ്രഖ്യാപനത്തോടെയാണ് പോളിങ് വിമർശകരെ നേരിട്ടത്. മേയോക്ലിനിക് നിയോഗിച്ച വിദഗ്ധസമിതി തെളിവുകൾ സഹിതം പോളിങ്ങിന്റെ വാദങ്ങളെ എതിർത്തുവെങ്കിലും പോളിങ് വിട്ടുകൊടുത്തില്ല.
ഏവാ ഹെലൻ പോളിങ്
1923 ജൂൺ 17-ാം തീയതി പോളിങ് ഏവാ ഹെലനെ വിവാഹംചെയ്തു. പൊതുകാര്യങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ഹെലൻ ഒരു സോഷ്യലിസ്റ്റ് അനുഭാവിയായിരുന്നു. പോളിങ്ങിന്റെ അണ്വായുധവിരുദ്ധസമരത്തിൽ അവർ ഒപ്പം ഉണ്ടായിരുന്നു. പസഫിക് ലീഗ് എന്ന സംഘടനയിൽ ഏവാ ഹെലൻ അംഗമായിരുന്നു. (ഈ സംഘടന പിന്നീട് കമ്യൂണിസ്റ്റ് ഗ്രൂപ്പായി മുദ്രകുത്തപ്പെട്ടു) പല മഹിളാസംഘടനകളിലും പൗരാവകാശസംഘടനകളിലും അവർ ഭാരവാഹിത്വം വഹിച്ചു. ഏവാ ഹെലന്റെ ഭർത്താവായിട്ടാണ് പോളിങ്ങിനെ ചിലരെങ്കിലും കണ്ടത്. 1981-ൽ അവർ ഉദരാർബുദത്താൽ നിര്യാതയായി. പോളിങ്-ഏവാ ഹെലൻ ദമ്പതികൾക്ക് നാലു മക്കൾ ഉണ്ടായി. 3 പുത്രന്മാരും ഒരു പുത്രിയും. പോളിങ്ങിനും സഹധർമിണിക്കും അഭിമാനിക്കാൻ തക്കവണ്ണം അവരുടെ മക്കൾ വളർന്നു.
ബഹുമുഖപ്രതിഭ
അതിപ്രശസ്തനായ ശാസ്ത്രജ്ഞൻ, ലോകസമാധാനപ്രചാരകൻ, പൊതുജനാരോഗ്യപ്രവർത്തകൻ, പൗരാവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട പോരാളി ഒക്കെ ആയിരുന്നു പോളിങ് എങ്കിലും സാധാരണ മനുഷ്യരെപ്പോലെ ദൗർബല്യങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരുന്നു. പക്ഷെ അത് മറ്റുള്ളവരിൽനിന്ന് മറച്ചുവയ്ക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ഞാനെന്ന ഭാവം, അഹങ്കാരം, കടുംപിടുത്തം, അധികാരഗർവം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, വായാടിത്തം … വിമർശനങ്ങൾക്ക് വിധേയമായ സ്വഭാവഗുണങ്ങളായിരുന്നു, അവ. ഇതൊക്കെയാണെങ്കിലും ശത്രുക്കൾപോലും ശാസ്ത്രജ്ഞൻ എന്ന നിലയിൽ പോളിങ്ങിന്റെ അനിതരസാധാരണ കഴിവുകളെ അംഗീകരിക്കുന്നു.
രണ്ട് നൊബേൽ പുരസ്‌കാരങ്ങൾ ഉൾപ്പെടെ അനേകം പുരസ്‌കാരങ്ങളും ബഹുമതികളും പദവികളും പോളിങ്ങിനെ തേടിയെത്തിയിട്ടുണ്ട്.
ഏതാണ്ട് 7 ദശകക്കാലം അമേരിക്കൻ സാമൂഹികജീവിതത്തിൽ നിറഞ്ഞുനിന്നിരുന്ന ലൈനസ് പോളിങ് 1994 ആഗസ്റ്റ് 19-ാം തീയതി തന്റെ 93-ാം വയസ്സിൽ നിര്യാതനായി. ഏതായാലും അതിന് 2 ദശകം മുമ്പുതന്നെ അമേരിക്കൻ പ്രസിഡണ്ട് ഫോർഡ് അദ്ദേഹത്തിന് മേൽ ചുമത്തിയ കുറ്റങ്ങളെല്ലാം ഒഴിവാക്കി നാഷണൽ മെഡൽ ഫോർ സയൻസ് സമ്മാനിച്ച് ആദരിക്കുകയും ചെയ്തിരുന്നു. എരിഞ്ഞടങ്ങിയ അഗ്നിപർവതം എന്നാണ് അദ്ദേഹത്തിന്റെ മരണവാർത്ത പ്രസിദ്ധീകരിച്ച ഒരു പത്രം പോളിങ്ങിനെ വിശേഷിപ്പിച്ചത്
വീഡിയോകള്‍ കാണാം
1. സമാധാന പ്രസ്ഥാനങ്ങളില്‍ ശാസ്ത്രജ്ഞരുടെ പങ്ക് (Role of scientists in the peace movement) എന്ന വിഷയത്തില്‍ ലൈനസ് പോളിങുമായുള്ള സംഭാഷണം.
2. ലൈനസ് പോളിംഗ് മികച്ച അധ്യാപകനും കൂടിയായിരുന്നു. Valence and Molecular Structure എന്ന വിഷയത്തിലെ അദ്ദേഹത്തിന്റെ ഒരു lecture വീഡിയോ കാണാം.