നാരക ശലഭം (Lime Butterfly, Papilio demoleus)
കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ ശലഭത്തെ ഇന്ത്യയിൽ എവിടെയും സുലഭമായി കാണാം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിലാണിവയെ പെടുത്തിയിരിക്കുന്നതെങ്കിലും ഇവർക്ക് പിൻചിറകിൽ കിളിവാലില്ല. നാരകശലഭത്തിന് കറുത്തതോ ചിലപ്പോൾ ഇരുണ്ട തവിട്ടുനിറത്തിലോ ആണ് ചിറകുകൾ കാണുക. ചിറകിന്‍റെ മുകൾ ഭാഗത്ത് മഞ്ഞ നിറത്തിലുള്ള പല ആകൃതിയിലുള്ള അടയാളങ്ങള്‍ ഉണ്ടാകും. ചിറകുകളുടെ അടിഭാഗത്ത് ഇളം മഞ്ഞ നിറത്തിലുള്ള പല ആകൃതിയിലും വലുപ്പത്തിലുമുള്ള അടയാളങ്ങളൂണ്ടാകും. പിന്‍ചിറകില്‍ ഓരോന്നിലും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടുണ്ട്. ശരീരം ഇളം മഞ്ഞ നിറത്തിലുള്ളതാണ്. അതില്‍ നെടുകെ കറുത്ത വരകള്‍ കാണാം.
ആണ്‍-പെണ്‍ ശലഭങ്ങൾക്ക് നിറവ്യത്യാസമില്ല. മഴക്കാലത്തും മഴ കഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഈ ശലഭത്തെ കൂടുതലായി കാണാന്‍ കഴിയുക. പുഴയോരങ്ങളിൽ ആൺ ശലഭങ്ങൾ കൂട്ടമായി ചെളിയൂറ്റൽ (Mud puddling) നടത്താറുണ്ട്. രാവിലെ മന്ദഗതിയില്‍ പറക്കുന്ന ഇവ വെയിലിന് ചൂട് കൂടുമ്പോള്‍ വേഗത്തില്‍ പറക്കുന്നു.
ചെടികളിൽ നിന്ന് തേങ്കുടിച്ച് ബേജാറായത് പോലെ തിടുക്കപ്പെട്ട് പറന്ന് കളിക്കും. മുട്ടയിടാൻ നാരക ചെടികളാണ് ഇവയ്ക്ക് ഇഷ്ടം. കൂടാതെ പാഞ്ചി (പാണല്‍), കറിവേപ്പ്, കൂവളം തുടങ്ങിയ ചെടികളിലും പെണ്‍ശലഭങ്ങള്‍ മുട്ടയിടാറുണ്ട്. ഒറ്റയ്ക്കുള്ള ഗോളകൃതിയുള്ള ഇളം മഞ്ഞ മുട്ടകളാണ് ചെടിയുടെ ഇലകളിൽ ഇട്ടു വെക്കുക. മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവയെ കണ്ടാൽ പക്ഷി കാഷ്ടം ആണെന്നേ തോന്നു. ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കും. വിരിഞ്ഞിറങ്ങിയ മുട്ടയുടെ തോടാണ് ആദ്യ ഭക്ഷണം. ഇലകൾ തിന്ന് വളന്ന് പലതവണ ഉറപൊഴിച്ചുകഴിയുമ്പോൾ നിറം പച്ചയാകും. പച്ചയോ ബ്രൗണോ നിറമുള്ളതാണ് പ്യൂപ്പ. ഒൻപതോ പത്തോ ദിവസങ്ങൾക്ക് ശേഷം പ്യൂപ്പക്കൂട് തുറന്ന് ശലഭം പുറത്ത് വരും.