

പ്രിയപ്പെട്ട മിസ്സ് നിങ്ങൾ എന്നെയോ എന്റെ പേരിനെയോ ഓർക്കുന്നുണ്ടാവില്ല. ഞങ്ങളിൽ എത്ര പേരെയാണ് നിങ്ങൾ തോല്പിച്ചത്.
അതേ സമയം ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്നു, നിങ്ങളെ കുറിച്ച്, മറ്റുള്ള അദ്ധ്യാപകരെ കുറിച്ച്, നിങ്ങൾ സ്കൂൾ എന്നു വിളിക്കുന്ന സ്ഥാപനത്തെക്കുറിച്ച്, നിങ്ങൾ തോല്പിക്കുന്ന കുട്ടികളെ കുറിച്ച്. നിങ്ങൾ ഞങ്ങളെ തോല്പിച്ച് വയലുകളിലേക്കും ഫാക്ടറികളിലേക്കും അയക്കുന്നു. എന്നിട്ട് നിങ്ങൾ ഞങ്ങളെ മറക്കുന്നു. രണ്ടു വർഷം മുൻപ് ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ നിങ്ങൾ എന്നെ നാണം കെടുത്തുമായിരുന്നു. സത്യത്തിൽ ഭീരുത്വം എന്റെ കൂടെ പിറപ്പാണ്. കുഞ്ഞായിരിക്കുമ്പോൾ ഞാൻ നിലത്തു നിന്ന് കണ്ണെടുക്കില്ലായിരുന്നു. മറ്റുള്ളവർ കാണാതിരിക്കാൻ ഞാൻ മതിലുകളുടെ മറപറ്റി നടക്കുമായിരുന്നു. ആദ്യം ഞാൻ വിചാരിച്ചു; ലജ്ജയെന്നത് മലയോരത്തു കഴിയുന്നവരുടെ ഒരു രോഗമായിരിക്കും.
ഒരു ടെലിഗ്രാം ഫോമിനു മുന്നിൽ എന്റെ അമ്മയുടെ ധൈര്യം ചോർന്നു പോകും. അച്ഛനാണെങ്കിൽ കാര്യങ്ങൾ ശ്രദ്ധിയ്ക്കും.; അധികം സംസാരിക്കില്ല. ഞാൻ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്. “ഡാഡി കുട്ടികൾ” ഭരണയന്ത്രത്തിലെ ഉത്തരവാദത്തപ്പെട്ട ജോലികളെല്ലാം സ്വന്തമാക്കും. പാർലമെന്റ് സീറ്റുകളും അവർക്കാണു കിട്ടുക. ആദ്യത്തെ അഞ്ചു വർഷങ്ങളിൽ രാഷ്ട്രം എനിക്കു നൽകിയത് രണ്ടാം കിട വിദ്യാഭ്യാസമാണ്. ഒരു മുറിയിൽ അഞ്ചു ക്ലാസ്സുകൾ. എനിക്ക് അവകാശപ്പെട്ടതിന്റെ അഞ്ചിൽ ഒന്നു മാത്രം. അമേരിക്കയിൽ അവർ കറുത്തവരും വെളുത്തവരും തമ്മിൽ വിവേചനം സൃഷ്ടിക്കുന്നത് ഈ രീതിയിൽ തന്നെയാണ്. തുടക്കം മുതലേ ഇല്ലാത്തവർക്കായി ഇല്ലായ്മയുടെ സ്കൂൾ. ആദ്യത്തെ അഞ്ചു വർഷങ്ങൾക്കു ശേഷം മൂന്നു വർഷത്തെ പഠനം കൂടി എനിക്ക് അവകാശപ്പെട്ടതായിരുന്നു. സത്യത്തിൽ അത് നിർബന്ധമാണെന്നാണ് ഭരണഘടന പറയുന്നത്. പക്ഷെ വിച്ചിയോവിൽ സെക്കൻഡറി സ്കൂൾ ഇല്ലായിരുന്നു. ബോർഗോയിലേയ്ക്ക് പോകുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.അതിനു ശ്രമിച്ചവരാകട്ടെ കൈയിലുള്ള കാശെല്ലാം തുലച്ചതിനു ശേഷം തോറ്റ് പട്ടികളെ പോലെ പുറത്തേക്ക് എറിയപ്പെട്ടു.
എനിക്കു വേണ്ടി പണം തുലച്ചുകളയരുതെന്ന് ടീച്ചർ എന്റെ വീട്ടുകാരോട് പറഞ്ഞു. അവനെ വയലിലേക്കയക്കുക. അവൻ പുസ്തകങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടവനല്ല. അപ്പൻ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ ഇങ്ങനെ വിചാരിച്ചു. ഞങ്ങൾ ബാർബിയാനയിൽ ആയിരുന്നുവെങ്കിൽ അവനെ പുസ്തകങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ആളാക്കിയേനെ.
ബാർബിയാനയിലെ കുട്ടികൾ
ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ 1966 ൽ എട്ടു വിദ്യാർത്ഥികൾ ചേർന്ന് അവരുടെ ഭാഷയായ ഇറ്റാലിയനിൽ എഴുതിയ ഒരു പുസ്തകത്തിന്റെ ആദ്യ വരികളാണ് മേൽ ഉദ്ധരിച്ചവ. ഇറ്റലിയിലെ ഫ്ളോറൻസിനടുത്ത് ടുസ്കാനിയയിലെ മലഞ്ചെരിവുകളിലെ കുടുംബങ്ങളിലെ കുട്ടികൾക്കായി ഫാദർ ലോറെൻസോ മിലാനി എന്ന പുരോഹിതൻ നടത്തിയ വിദ്യാലയത്തിലെ സഹപാഠികളായിരുന്നു അവർ. ഇറ്റലിയിലെ സാമ്പ്രദായിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുറത്തു തള്ളിയ ഇവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഫാദർ മിലാനി ഒരു നിശാ പാഠശാലയായി ആരംഭിച്ച സ്ഥാപനം പിന്നീട് ബാർബിയാന സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
ബാർബിയാനയിലെ കുട്ടികൾ ഒരു വർഷം നീണ്ടു നിന്ന ഒരു പ്രൊജക്ടായാണ് ഈ പുസ്തകം എഴുതിയത്. ഇറ്റലിയിലെ വരേണ്യ വർഗത്തിനായി ഉണ്ടാക്കപ്പെട്ട വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ കടുത്ത വിമർശനമാണ് ഈ ലേഖന സമാഹാരം. അതേ സമയം തന്നെ വികാര വിക്ഷോഭങ്ങൾക്കപ്പുറം ഒരു ഗവേഷണ പഠനം കൂടിയാണ് ഈ പുസ്തകം. ഇതിലെ സ്റ്റാസ്റ്റിക്കൽ അനാലിസിസിന്റെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ഇറ്റലിയിലെ ഭൗതിക ശാസ്ത്രജ്ഞരുടെ സംഘടനയായ ഇറ്റാലിയൻ ഫിസിക്കൽ സൊസൈറ്റി ഇവർക്ക് പ്രത്യേക പുരസ്ക്കാരം നൽകുക തന്നെയുണ്ടായി. സാധാരണ ഗതിയിൽ മികച്ച യുവശാസ്ത്രജ്ഞർക്കു മാത്രം നൽകുന്നതാണ് ഈ അവാർഡ്. സ്കൂൾ പ്രവേശനം മുതൽ പരീക്ഷ വരെയുള്ള സകല കാര്യങ്ങളും ഇവർ വിമർശനാത്മകമായി അപഗ്രഥിക്കുന്നു, അവരുടെ നിരീക്ഷണങ്ങൾ മൂർച്ചയേറിയ വാക്കുകൾ ഉപയോഗിച്ച് അവതരിപ്പിക്കുന്നു.
പഠനത്തിൽ മോശമായ കുട്ടികളെ തള്ളുകയും മിടുക്കരെന്ന് അവർ കരുതുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്കൂൾ അധികാരികളെ കുറിച്ച് അവർ പറയുന്നത് ഇതാണ്. പഠനത്തിൽ മോശമായെന്നു പറഞ്ഞ് കുട്ടികളെ തള്ളുന്ന ഒരു സ്കൂൾ അതോടെ സ്കൂൾ അല്ലാതാകുന്നു. രോഗികളെ പുറത്താക്കുകയും ആരോഗ്യമുള്ളവരെ ചികിത്സിക്കുകയും ചെയ്യുന്ന ഒരു ആശുപത്രിപോലെയായിരിക്കും അത്. നിലവിലിരിക്കുന്ന അസമതകളെ കൂട്ടാനും അത് എക്കാലത്തേക്കും നിലനിർത്താനും മാത്രമേ ഈ രീതി സഹായിക്കൂ. ഈ രീതിയെ നിങ്ങൾ പിന്തുണക്കുന്നുവോ? ഇല്ലെങ്കിൽ അവരെ തിരിച്ചെടുക്കുക. എല്ലാം ആദ്യം മുതലേ തുടങ്ങുക. നിങ്ങളെ കിറുക്കൻ എന്ന് മറ്റുള്ളവർ വിളിച്ചാലും ഇതു ചെയ്യുക. വർഗ്ഗ വിവേചനം കാട്ടുന്ന ആളായിരിക്കുന്നതിലും ഭേദം, കിറുക്കൻ എന്ന വിളി കേൾക്കലാണ്. പരീക്ഷാ രീതിയെക്കുറിച്ച് അവർ എഴുതുന്നത് നോക്കുക. ജിംനാസ്റ്റിക്സ് പരീക്ഷക്ക് പരീക്ഷകൻ ഒരു പന്ത് എറിഞ്ഞു തന്നു. എന്നിട്ട് പറഞ്ഞു. ബാസ്ക്കറ്റ് ബോൾ കളിക്കൂ. ഞങ്ങൾക്കതറിയില്ലായിരുന്നു. ടീച്ചർ പുച്ഛത്തോടെ ഞങ്ങളെ നോക്കി. ‘കഷ്ടം, അറിവില്ലാത്ത കുട്ടികൾ. ഇത് നിങ്ങളിലൊരാളാണ്. വ്യവസ്ഥാപിതമായ ഒരു അനുഷ്ഠാനം അയാൾക്ക് അത്യന്താപേക്ഷിതമായിരുന്നു. ഞങ്ങൾക്ക് വേണ്ടത്ര കായിക പരിശീലനം കിട്ടിയിട്ടില്ലെന്ന് അയാൾ പറഞ്ഞു. അതേ സമയം, ഞങ്ങൾക്ക് ആർക്കു വേണമെങ്കിലും ഒരു ഓക്ക് മരത്തിൽ കയറാൻ പറ്റും. അവിടെ കൈവിട്ടിരുന്ന് ഒരു മഴു കൊണ്ട് ഇരുന്നൂറ് പൗണ്ടുള്ള ഒരു വലിയ കമ്പ് മുറിച്ചെടുക്കാൻ കഴിയും. അത് മഞ്ഞിലൂടെ വലിച്ചിഴച്ച് അമ്മയുടെ വാതിൽപ്പടി വരെയെത്തിക്കാനും ഞങ്ങൾക്ക് കഴിയും.
ഫ്ളോറെൻസിലെ ഒരു മാന്യൻ സ്വന്തം വീടിന്റെ മുകളിലത്തെ നിലയിലേക്കു പോകുന്നത് ലിഫ്റ്റിലാണ്. പക്ഷെ അയാൾ വിലപിടിച്ച ഒരു യന്ത്രം വാങ്ങി അതിലിരുന്ന് വ്യായാമം ചെയ്യുന്നതായി നടിക്കുന്നു. നിങ്ങൾ അയാൾക്ക് ഫിസിക്കൽ എഡ്യൂക്കേഷനിൽ എ ഗ്രേഡ് കൊടുക്കും. രാഷ്ട്രം വിദ്യാഭ്യാസത്തിനു മുടക്കുന്ന പണത്തെക്കുറിച്ചു പറയുന്നിടത്തും അവരുടെ വാക്കുകൾ മൂർച്ചയേറിയതാണ്. വിസ്മയകരമായ ഒരു കാര്യം ഞങ്ങളെ പുറന്തള്ളുന്നതിന് ചിലവാകുന്ന ശമ്പളം ഞങ്ങൾ, പുറത്താക്കപ്പെടുന്നവർ തന്നെയാണ് നൽകുന്നത്. വരുമാനം മുഴുവൻ ഓരോന്നു വാങ്ങിക്കാൻ ചെലവാക്കേണ്ടി വരുന്നവർ ദരിദ്രരായിരിക്കും. പണകാരനാകട്ടെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഇതിനായി വേണ്ടി വരൂ. ഇറ്റലിയിൽ, പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെ തന്നെ ഉപഭോഗ വസ്തുക്കൾക്ക് കടുത്ത നികുതിയാണ്. എന്നാൽ ഇൻകം ടാക്സ് ഒരു വലിയ തമാശയാണ്. ഇക്കണോമിക്സ് പാഠപുസ്തകങ്ങൾ ഈ ടാക്സേഷൻ രീതിയെ വേദന രഹിതം എന്നു വിളിക്കുന്നുവത്രെ! വേദനയില്ലാത്തത് എന്നു പറഞ്ഞാൽ പാവപ്പെട്ടവരെക്കൊണ്ട് അവരറിയാതെ തന്നെ ടാക്സ് കൊടുപ്പിക്കുവാൻ പണക്കാർക്ക് സാധിക്കുന്നുവെന്നർത്ഥം. ഇത്തരത്തിൽ ഇറ്റലിയിലെ വിദ്യാഭ്യാസ രീതിയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അവർ സ്വന്തം ഭാഷയിൽ വിവരിക്കുന്നുണ്ട്. വിദ്യാഭ്യാസ വ്യവസ്ഥയുടെ ചരിത്രം മറ്റുനാടുകളിലെ വിദ്യാഭ്യാസ രീതികൾ എല്ലാം വിശദമാക്കിക്കൊണ്ടാണ് അവരുടെ വിശകലനം മുന്നേറുന്നത്.

1967 ൽ ഈ പുസ്തകം പുറത്തിറങ്ങിയപ്പോൾ അത് വിദ്യാഭ്യാസ രംഗത്ത് ഒരു ചരിത്ര സംഭവമായി. ഇത് പല ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു. കുട്ടികൾക്ക് നേതൃത്വം കൊടുത്ത ഫാദർ മിലാനിയാകട്ടെ അധികാരികളുടെ മുന്നിൽ നോട്ടപ്പുളളിയായി. അദ്ധ്യാപകരെ സംബോധനം ചെയ്തു കൊണ്ടുള്ള പുസ്തകമായിരുന്നുവെങ്കിലും യഥാർത്ഥത്തിൽ ലോകത്തെമ്പാടുമുള്ള പാവങ്ങളെ വിദ്യാഭ്യാസ രംഗത്തെ അനീതികൾക്കെതിരെ പോരാടാൻ പ്രേരിപ്പിച്ച ഒരു സമര കാഹളമായിരുന്നു അത്.

ബാർബിയാനക്കാരുടെ സ്കൂളും ഫാദർ ഡോൺ മിലാനിയും
ബാർബിയാന എന്നത് ഒരു നഗരത്തിന്റെ പേരല്ല. ഒരു സ്കൂളിന്റെ പേരുമല്ല. ഇറ്റലിയിലെ ടിസ്കാനിയിൽ മുഗെല്ലോ പ്രവിശ്യയിലെ ഇരുപതു കർഷക കുടുംബങ്ങളുടെ ഒരു കൂട്ടായ്മയാണത്. അവിടെയൊരു കുന്നിന്റെ മുകളിൽ ബാർബിയാനയിലെ പള്ളി തലയുയർത്തി നിൽക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ പണിത മനോഹരമായ ഒരു കെട്ടിടത്തിലാണത്. വിച്ചിയോവിൽ നിന്ന് വളഞ്ഞുപുളഞ്ഞ ഒരു പാതയിലൂടെ വേണം അവിടെയെത്താൻ. കല്ലു നിറഞ്ഞ ചരിവുകൾ. ചെറിയ കൃഷി ഇടങ്ങൾ, തോട്ടങ്ങൾ. ഇതെല്ലാം ചേർന്ന മനോഹരമായ ഒരു ഇടമാണത്.

1954 ൽ ബാർബിയാനാ പള്ളിയിലെ വികാരിയായി ഡോൺ ലോറൻസോ മിലാനി കടന്നു വന്നതോടെ ബാർബിയാനാക്കാരുടെ കഥയിലെ ഒരു പുതിയ അധ്യായം തുടങ്ങുകയായി. അവിടെ അങ്ങുമിങ്ങും ചിതറികിടന്നിരുന്ന വീടുകളിലെ കുട്ടികളുടെ പ്രശ്നങ്ങൾ മിലാനിക്ക് പെട്ടെന്ന് ബോധ്യമായി. മിക്കവാറും കുട്ടികൾ പരീക്ഷകൾ തോറ്റവരോ സ്കൂളുകളിലെ ദുരനുഭവങ്ങൾ കാരണം പഠനം ഉപേക്ഷിച്ചവരോ ആയിരുന്നു. ഫാദർ മിലാനി അവരിൽ പത്തു പേരെ സംഘടിപ്പിച്ച് ഒരു പാഠശാല തുടങ്ങി. പതിനൊന്നു മുതൽ പതിമൂന്നു വരെ പ്രായമുള്ളവരായിരുന്നു അവർ. ആഴ്ചയിൽ ആറോ ഏഴോ മണിക്കൂർ വീതം ഓരോ ദിവസവും 8 മണിക്കൂർ നീളുന്ന പാഠ്യപദ്ധതിയായിരുന്നു അവരുടേത്. കുട്ടികളുടെ എണ്ണം പതുക്കെ പത്തിൽ നിന്ന് ഇരുപതായി. മുതിർന്ന കുട്ടികൾ ചെറിയവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ രീതി. ജീവിതത്തെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളെ അവർ വിമർശനാത്മകമായി അപഗ്രഥിച്ചു. അവരിൽ എട്ടു വിദ്യാർത്ഥികൾ ചേർന്നു രചിച്ചതാണ് ടീച്ചർക്കൊരു കത്ത് എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ ഗ്രന്ഥം. ഇറ്റാലിയൻ വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളെ ചോദ്യം ചെയ്ത ഈ പുസ്തകം അധികാരികൾക്കു മുമ്പിൽ അസുഖകരമായ നിരവധി ചോദ്യങ്ങൾ നിരത്തി.

വിദ്യാർത്ഥികളെ അവരുടെ സാമൂഹ്യ സാമ്പത്തിക സാംസ്ക്കാരിക പശ്ചാത്തലം കണക്കാക്കി വേണം വിലയിരുത്താൻ എന്ന വാദം പൊതുവെ അംഗീകരിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹ്യ ബോധമുള്ള അധ്യാപകർ ഈ പുസ്തകത്തിലെ ആശയങ്ങൾ ഉൾക്കൊണ്ട് പല പരീക്ഷണങ്ങളും നടത്തി. ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികൾക്ക് ബാർബിയാനയിലെ കുട്ടികളുടെ വാദഗതികൾ എളുപ്പം മനസ്സിലായി. വർഷങ്ങൾക്കു ശേഷവും അതിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല.
ഫാദർ മിലാനി 1967 ൽ അന്തരിച്ചതിനെ തുടർന്ന് ബാർബിയാനയിലെ സ്കൂളും നിലച്ചു പോയി. പക്ഷെ അക്കാലത്തെ വിദ്യാർത്ഥികളിൽ ചിലർ ഇന്ന് സാങ്കേതിക വിദഗ്ദരും ട്രേഡ് യൂണിയൻ നേതാക്കളുമൊക്കെയാണ്. വർഷത്തിലൊരിക്കൽ അവരവിടെ ഒത്തു കൂടി ഫാദർ മിലാനിയെ അനുസ്മരിക്കാറുണ്ട്. തന്റെ വേറിട്ട ചിന്തകളും കലഹിക്കുന്ന മനസ്സും കാരണം കത്തോലിക്കാ പുരോഹിത നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്ന മിലാനിയുടെ ഭൗതികശരീരം അടക്കം ചെയ്തത് ബാർബിയാനായിലെ ചെറിയ സെമിത്തേരിയിലാണ്. തന്റെ ആശയങ്ങളുടെ പേരിൽ കുറ്റവിചാരണ നേരിട്ട മിലാനി അന്തിമ ശിക്ഷാ വിധിക്കു മുമ്പ ലോകത്തോട് വിടപറയുകയാണുണ്ടായത്.

Excellent