ഈ വിപത്ത് എങ്ങനെ സംഭവിച്ചു?
നൈയോസ് തടാകം, തമ്മിൽ തമ്മിൽ ചേരാത്ത പാളികളായി, അട്ടിയട്ടിയായി സ്ഥിതിചെയ്യുന്നു. ഉപരിതലത്തിലുള്ള ശുദ്ധജലവും, അടിത്തട്ടിലുള്ള ഖനിജങ്ങളും കാർബൺ ഡൈ ഓക്‌സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ലയിച്ചുചേർന്ന സാന്ദ്രമായ ജലവും തമ്മിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. അഗ്‌നിപർവതസ്‌ഫോടനഫലമായി ഉണ്ടായ തടാകമാണിത്.
ഉറവകളിൽനിന്ന് തടാകത്തിന്റെ അടിയിൽ ഒലിച്ചിറങ്ങിയ കാർബണേറ്റിയ ഭൗമജലമാണ് കാർബൺ ഡൈ ഓക്‌സൈഡിന്റെ ഉറവിടം. തടാകത്തിന്റെ അടിത്തട്ടിൽ ജലമർദം വളരെ കൂടുതലായിരിക്കും. അതിനാൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ ജലത്തിലെ ലേയത്വം വർധിക്കും. അങ്ങനെ ജലത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് അപകടകരമാംവിധം വർധിക്കും (ഹെന്റിയുടെ നിയമം ഓർക്കുക). സീൽചെയ്ത ഒരു കൂറ്റൻ സോഡാകുപ്പി പോലെയാകുമിത്. എന്നാൽ ഈ കാർബൺ ഡൈ ഓക്‌സൈഡ് ശേഖരം എങ്ങനെ പൊട്ടി പുറത്തേക്ക് വന്നുവെന്നത് കൃത്യമായി ഇന്നും അറിയില്ല.
ഭൂകമ്പത്താലോ, ഉരുൾപൊട്ടൽ വഴിയോ എന്തിന് അതിശക്തമായ കാറ്റിനാൽ പോലുമോ, തടാകത്തിലെ അതിലോലമായ സന്തുലനം അട്ടിമറിക്കപ്പെട്ടിരിക്കാം. അങ്ങനെ ഉണ്ടായ ശക്തമായ ഓളങ്ങൾ, ഭിന്നജലപാളികളെ കീഴ്‌മേൽ മറിച്ചിരിക്കാം. അടിത്തട്ടിലെ ജലം, ഉപരിതലത്തിൽ എത്തിയപ്പോൾ, അതിൽ ലയിച്ചിരുന്ന കാർബൺ ഡൈ ഓക്‌സൈഡ് വാതകം പുറത്തേക്ക് തുപ്പിയിരിക്കാം (സോഡ പൊട്ടിക്കുമ്പോൾ, കാണുന്നതുപോലെ). വായുവിനെക്കാൾ ഘനത്വം (density) കൂടിയ വാതകമാണല്ലോ കാർബൺ ഡൈ ഓക്‌സൈഡ്. അതിനാൽ അത് അന്തരീക്ഷത്തിൽ ഭൂമിയോട് ചേർന്ന് നീങ്ങി ഏതാണ്ട് 15 കിലോമീറ്റർ ദൂരെയുള്ള ജനവാസമുള്ള ഗ്രാമത്തെയാകെ അക്ഷരാർത്ഥത്തിൽ തന്നെ ശ്വാസംമുട്ടിച്ചു കൊന്നു.
എന്നാൽ ഈ സംഭവം നടന്ന് ഏതാണ്ട് 2 ദശകം കഴിഞ്ഞപ്പോൾ, തടാകത്തിന്റെ അടിയിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ ഗാഢത അതിസാന്ദ്രമായ നിലയിലേക്ക് എത്തുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ദുരന്തം ആവർത്തിക്കുന്നത് ഒഴിവാക്കാൻവേണ്ടി തടാകത്തിന്റെ ആഴത്തട്ടിൽനിന്ന് വെള്ളം മുകളിലേക്ക് പമ്പ്‌ചെയ്ത് കാർബൺ ഡൈ ഓക്‌സൈഡ് വാതകത്തെ പുറന്തള്ളാൻ ഒരു ശ്രമം നടന്നു. എന്നാൽ ഇത് ചെലവേറിയ ഒരു പ്രക്രിയയായിരുന്നു. കൂടാതെ പരിസ്ഥിതിവാദികൾ ഈ നടപടിയെ എതിർത്തു. പമ്പ് ചെയ്യുമ്പോൾ അടിത്തട്ടിലെ ജലം ഇളകിമറിയാൻ സാധ്യതയുണ്ടെന്നും അതുവഴി നിയന്ത്രണാതീതമായ തോതിൽ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടുമെന്നും അവർ വാദിച്ചു. അതോടെ പമ്പ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടു. തടാകം ഒരു ടൈംബോബായി ഇന്നും നിലനിൽക്കുന്നു.