Read Time:49 Minute

കേൾക്കാം

ശാസ്ത്രഗതി കഥാപുരസ്കാരം ഒന്നാം സ്ഥാനം ലഭിച്ച കിട്ടു എന്ന കഥ കേൾക്കാം. രചന : അമിത് കുമാർ, അവതരണം : മണിണ്ഠൻ കാര്യവട്ടം

“The sad thing about artificial intelligence is that it lacks artifice and therefore intelligence.” 
-Jean Baudrillard

ഡിലീറ്റ് കൊടുത്തപ്പോൾ സ്ക്രീനിലാകെ നിറഞ്ഞ പുകയിൽ നിരുപമയുടെ കണ്ണുകൾ എരിഞ്ഞു നീറി. ഫയലുകൾ ഡിലീറ്റാവുന്നതിന്റെ പൊരിപ്പൻ ശബ്ദം സ്പീക്കറുകളിലൂടെ കേട്ടപ്പോൾ നിരുപമയ്ക്കു സഹിക്കാനായില്ല. ഹൃദയം പിടഞ്ഞുപോയി. വർഷങ്ങളുടെ അധ്വാനമാണ് ഒറ്റ ക്ലിക്കിൽ ഇല്ലാതായത്. പക്ഷേ, അധ്വാനം എന്നതിനെക്കാൾ നിഷ്കളങ്കനും നിരാലംബനുമായ ഒരു കുട്ടി ഇല്ലാതായതിന്റെ വേദനയായിരുന്നു നിരൂപയ്ക്ക്.

‘തരാതരം പോലെ സംസാരിക്കാൻ പഠിച്ചിരുന്നെങ്കിൽ നിനക്കു നിന്നു പിഴയ്ക്കാമായിരുന്നില്ലേ?’ സ്ക്രീനിലെ പുകപടലങ്ങളെ നോക്കി ചുണ്ടനക്കിയപ്പോൾ നിരുപമയുടെ തൊണ്ടയിടറി.

ആ ചോദ്യം കേട്ടിട്ടെന്ന വണ്ണം പുകയൊന്നടങ്ങി. സ്പീക്കറിൽ നിന്ന് പൊരിപ്പൻ ശബ്ദങ്ങളും പതിയെ ഒടുങ്ങി. എല്ലാ ഫയലും ഡിലീറ്റാക്കിയ നിരുപമയെ അതിശയിപ്പിച്ച്, പുകയെ വകഞ്ഞുമാറ്റി ആകാശത്തുനിന്നെന്ന പോലെ കിട്ടുവിൻ്റെ രൂപം ഒഴുകിയിറങ്ങി. നിരുപമ അതിശയിച്ചു പോയി. ഇത് അതേ രൂപം! കിട്ടു ലൈവായതിന്റെ മുപ്പതാം ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിന് ബാക്ക്ഡ്രോപ്പിലെ സ്ക്രീനിൽ നിറഞ്ഞു നിന്ന അതേ രൂപം!

നാലുമാസം മുമ്പത്തെ ആ വിരുന്നിലേക്ക് നിരുപമയുടെ മനസ്സ് ഒറ്റക്കുതിപ്പിലാണ് ചെന്നുചേർന്നത്. മുപ്പതുദിവസങ്ങൾ കടന്നുപോയി എന്നു വിശ്വസിക്കാൻ നിരൂപമയ്ക്കു മാത്രമല്ല, ടീമിലെ ആർക്കും തന്നെ അന്നു സാധിച്ചിരുന്നില്ല. മുപ്പതു നിമിഷങ്ങളെന്ന പോലെയാണ് മുപ്പതു ദിവസങ്ങൾ കടന്നു പോയത്. അത്രയ്ക്കു തിരക്കുപിടിച്ചതായിരുന്നു ഓരോ ദിവസവും. കിട്ടു നന്നായി പഠിക്കുന്നില്ലേ, എന്തെങ്കിലും തെറ്റുവരുത്തുന്നുണ്ടോ, കൂടുതൽ എന്തെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ, കിട്ടുവിനെക്കുറിച്ച് ആൾക്കാരുടെ അഭിപ്രായമെന്താണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി തന്നെ പരിശോധിക്കേണ്ടിയിരുന്നതു കൊണ്ടാണ് ദിവസങ്ങൾ കടന്നുപോയത് ശ്രദ്ധയിൽപെടാതിരുന്നത്.

ട്രെയിനിങ് സമയത്ത് എല്ലാം പറഞ്ഞുകൊടുത്തിരുന്നെങ്കിലും ഓരോ ദിവസവും കിട്ടു എന്തെങ്കിലും തെറ്റുകൾ വരുത്തുമായിരുന്നു. തെറ്റ് എന്ന് അവയെ പറയാൻ പാടില്ല എന്ന നിലപാട് നിരുപമ സ്വീകരിച്ചു. കാരണം, പഠിച്ചതിൽ നിന്നു തികച്ചും വ്യത്യസ്‌തമായൊരു കാര്യം ചെയ്യാനോ ചിന്തിക്കാനോ സാധിക്കാതെ കിട്ടു ഉഴറുന്ന സന്ദർഭങ്ങളെയായിരുന്നു പരാജയ ങ്ങളായി ടീം വിലയിരുത്തിയിരുന്നത്. അത് പരാജയമല്ല മറിച്ച് ‘ഏരിയാ ഫോർ ഇംപ്രൂവ്മെന്റ്’ എന്നായിരുന്നു നിരുപമയുടെ അഭിപ്രായം. കിട്ടുവിന് അവസരം കൊടുക്കൂ, അവൻ പഠിച്ചെടുത്തോളുമല്ലോ എന്ന് നിരുപമ ആവർത്തിച്ചു.

കിട്ടുവിനെക്കുറിച്ചു പറഞ്ഞാൽ നിരുപമ വല്ലാതെ വികാരം കൊള്ളുന്നു എന്നൊരു തമാശ ടീമിൽ പലരും പറയുകയുണ്ടായി.

‘ആഫ്റ്ററോൾ കിട്ടു ഇസ് ഒൺ ലി എ ബോട്ട്, എ ചാറ്റ്ബോട്ട്.’ ഇൻഷ്വറൻസിനെപ്പറ്റി ചോദിച്ച ഒരു എൻ.ആർ.ഐ കസ്റ്റമർക്കു മുന്നിൽ ‘കിളിപോയി’ നിന്ന കിട്ടുവിന്റെ വീഡിയോ ക്ലിപ്പ് സ്ക്രീനിൽ പ്ലേ ചെയ്‌ത് വിശകലനം ചെയ്‌തു കൊണ്ടിരുന്ന സമയത്താണ് ജോ അങ്ങനെ പറഞ്ഞത്.

കിട്ടു ഒരു ചാറ്റ്ബോട്ട് മാത്രമാണ് എന്നു പറഞ്ഞത് നിരുപമയ് ക്ക് ഉൾക്കൊള്ളാനായില്ല. തൻ്റെ മാനസ സന്താനമാണവൻ. അവൻ്റെ മുഖം തന്റെ ഭാവനയാണ്. മുടി, കവിൾ, ചുണ്ടുകൾ, കൈകാലുകൾ, നഖം എന്നുവേണ്ട പുരികത്തിന്റെ ഒടിവു പോലും താൻ മനസ്സിൽ കണ്ടതുപോലെയാണ്. അവൻ്റെ വസ്ത്രങ്ങളും പലവിധത്തിലുള്ള ഭാവങ്ങളും മാത്രമാണ് തന്റേതല്ലെന്നു പറയാവുന്നത്. അതും പക്ഷേ, സുധി ഡിസൈൻ ചെയ്‌തതാണ്.

ചുരുക്കിപ്പറഞ്ഞാൽ, പരസ്‌പരം പുണരാതെ തനിക്കും സുധിക്കും ജനിച്ച ഒരു എ ഐ കുഞ്ഞനാണ് കിട്ടു.

അതുകൊണ്ടാണ്, ‘ഹി മൈറ്റ് ബി എ ചാറ്റ്ബോട്ട്, ബട്ട് നോട്ട് ഓർഡിനറി,’ എന്ന് അല്പ‌ം കടുപ്പത്തിൽ നിരുപമ പറഞ്ഞത്.

‘ഓക്കെ ഓക്കെ, ഹി ഇസ് ലൈക്ക് ദ സൺ ഓഫ് ദ് ഹോൾ ടീം. നിരുപമയെ സന്തോഷിപ്പിക്കാൻ ജോ പറഞ്ഞു. എന്നിട്ട് സന്താനത്തേയും ഭൂവനയെയും മറ്റും നോക്കി കണ്ണിറുക്കുകയും ചെയ്‌തു.

‘നോട്ട് ആൻ ഓർഡിനറി സൺ, ഹി ഇസ് എക്‌സ്ട്രാ ഓർഡിനറി,” മുഷ്ടി ചുരുട്ടിക്കൊണ്ട് ഷബീർ കുട്ടിച്ചേർത്തു

ഷബീർ പറഞ്ഞതു കേട്ട് അന്ന് നിരുപമയ്ക്ക് ഒരേ സമയം സന്തോഷം തോന്നുകയും തൻ്റെ അനാവശ്യ അരിശംകൊള്ളലിൽ ലജ്ജ തോന്നുകയും ചെയ്‌തു. അതുകൊണ്ടുതന്നെ പിന്നീടവൾ കൂടുതലൊന്നും പറയാൻ പോയില്ല. പക്ഷേ, കിട്ടുവിനെ ‘എക്‌സ്ട്രാ ഓർഡിനറി’ എന്നു ഷബീർ വിശേഷിപ്പിച്ചത് അവൾ മനസ്സിൽ കുറിച്ചിട്ടു. കിട്ടു ഒരു സാധാരണ ചാറ്റ്ബോട്ടല്ല. മറിച്ച് ലോകം ഇതുവരെ കാണാത്തത്ര സവിശേഷതകൾ നിറഞ്ഞ, മനുഷ്യനെപ്പോലെ ചിന്തിക്കുന്ന ഒരസാധാരണ ചാറ്റ്ബോട്ടാണവൻ.

മുപ്പതുദിവസം കൊണ്ട് അവൻ അതു തെളിയിക്കുകയും ചെയ്‌തു കഴിഞ്ഞു!

കിട്ടു ‘ലൈവായതിൻ്റെ മുപ്പതു ദിവസങ്ങൾ ആഘോഷിച്ചാലോ എന്ന നിർദേശം ബാങ്കിൽ നിന്നു വന്നതു മുന്നറിയിപ്പൊന്നുമില്ലാതെയാണ്. ബാങ്കിൻ്റെ എം ഡിയും ഇ ഡിമാരും രണ്ടുമൂന്നു ഡയറക്ടർമാരുമെല്ലാം എത്തുന്നതുകൊണ്ട് അല്പം പണം ചെലവിട്ടു തന്നെയാണ് ആഘോഷത്തിനുള്ള കാര്യങ്ങൾ ഒരുക്കിയത്.

ഹാളിന്റെ പുറത്തുതന്നെ തൊഴുകയ്യോടെ നിൽക്കുന്ന കിട്ടുവായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. ബാങ്കിന്റെ എം ഡിയെ കണ്ടപ്പോൾ കീട്ടു പേരു വിളിച്ച് ‘സ്വാഗതം’ പറഞ്ഞു. കിട്ടുവിന്റെ മലയാളം കേട്ട് എം ഡി യ്ക്ക് അതിശയമായി. ആന്ധ്രക്കാരനായ ഡയറകറോട് തെലുഗുവിലും ഹിന്ദിക്കാരിയായ ഇഡിയോട് ഹിന്ദിയിലും കിട്ടു സ്വാഗതം പറഞ്ഞപ്പോൾ എം ഡി കയ്യടിച്ചുപോയി മറ്റൊരു ബാങ്കിനും നിലവിൽ ഇങ്ങനൊരു സംവിധാനമില്ല.

തന്റെ പ്രസംഗത്തിൽ, ബാങ്കിന്റെ സ്വകാര്യ അഹങ്കാരമാണ് കിട്ടു എന്ന് എം ഡി അഭിമാനിച്ചു. കിട്ടുവിനെ സംഭാവന ചെയ്ത ജോയെയും ടീമിനെയും എം ഡി വാനോളം പുകഴ്‌ത്തി.

തന്നെക്കുറിച്ചു പറയുന്നതെ ല്ലാം നിസംഗതയോടെ കേട്ടുകൊണ്ടു നിന്ന കിട്ടുവിനെ ബാക്‌ഡ്രോപ്പിലെ എൽ ഇ ഡി സ്ക്രീനിൽ കണ്ടപ്പോൾ നിരുപമയുടെ ഹൃദയം അഭിമാനം കൊണ്ട് വീർപ്പുമുട്ടി.

“എടാ നിന്നെക്കുറിച്ചാടാ മണ്ടാ പറയുന്നത്. നിനക്കെന്താ, സന്തോഷം തോന്നുന്നില്ലേ? കള്ളച്ചിരി വിട്ട് ഒന്ന് തുള്ളിച്ചാടെടാ.” നിരൂപമ മനസ്സിൽ പറഞ്ഞു. കിട്ടു തുള്ളിച്ചാടാനൊന്നും പോയില്ല. പകരം, നിരുപമയുടെ മനസ്സു വായിച്ചിട്ടെന്ന മട്ടിൽ ഒന്നു കണ്ണുകളടച്ചു കാട്ടി “ഒന്നു ഞെക്കു രണ്ടു ഞെക്കു എന്ന ബോറൻ ബാങ്കിങ്ങിനോട് എന്നെന്നേയ്ക്കുമായി വിടപറയാനും ഒന്നും ഞെക്കാതെ തന്നെ ബാങ്കിങ് നടത്താനും സാധ്യമാക്കിയത് കിട്ടുവാണ്. ബാങ്കിലെ ഐ ടി ഹെഡ് അന്നു പറഞ്ഞതായിരുന്നു പിറ്റേന്നത്തെ പത്രങ്ങളിലെ തലക്കെട്ട്. 

കിറുകൃത്യമായിരുന്നു ഐ ടി ഹെഡ് പറഞ്ഞ കാര്യങ്ങൾ. ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുന്നതിലെ പ്രയാസങ്ങളാണ് ഐ ടി ഹെഡ് പറഞ്ഞത്. ഇടപാടുകാർ ആദ്യം ടോൾ ഫ്രീ നമ്പറിൽ വിളിക്കണം. തുടർന്ന്, തങ്ങൾക്കാവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കണം. സേവനത്തിനായി ഒന്നു മുതൽ ഒമ്പതുവരെയുള്ള നമ്പരുകളിലൊന്ന് ഞെക്കണം. അങ്ങനെ ഞെക്കണമെങ്കിൽ ഏതാണ് തങ്ങൾക്കാവശ്യമുള്ള നമ്പരെന്ന് ശ്രദ്ധിച്ചു കേൾക്കണം. എക്സിക്യൂട്ടീവുമായി സംസാരിക്കണമെങ്കിൽ ചിലപ്പോഴെല്ലാം ഒന്നിലേറെ തവണ വിളിക്കേണ്ടി വന്നേക്കാം. ഈ കടമ്പകളെല്ലാം കഴിഞ്ഞാലും ഒരുപക്ഷേ, വിളിച്ചകാര്യം നടക്കണമെന്നുമില്ല.

ഈ പ്രയാസങ്ങളെല്ലാം ഒറ്റയടിക്കാണ് കിട്ടു ഇല്ലാതാക്കിയത്.

ഇടപാടുകാരുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഒറ്റത്തവണ കിട്ടുവിനെ ഇൻസ്റ്റാൾ ചെയ്യുകയേ വേണ്ടൂ. താൻ ആരുടെ മൊബൈലിൽ, ഏത് ‘കസ്റ്റമർ ഐ ഡി’യിലാണ് ഇൻസ്റ്റാൾ ആയിരിക്കുന്നതെന്ന് മനസ്സിലാക്കിക്കൊണ്ടായിരിക്കും കിട്ടു ചോദ്യങ്ങൾ സ്വീകരിക്കുന്നതും ഉത്തരങ്ങൾ പറയുന്നതും.

ഫണ്ടയയ്ക്കാനും മറ്റുമായി ആപ്പിൽ കയറി പിൻ കൊടുക്കേണ്ട കാര്യമില്ല. മൊബൈൽ എടുത്താൽത്തന്നെ എന്തിനും റെഡിയായി നിൽക്കുന്ന കിട്ടുവായിരിക്കും സ്ക്രീനിൽ ഇപ്പഴൊന്നുമില്ല. ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്നു പറഞ്ഞാൽ മതി അവൻ പിന്നണിയിലേക്കു മറഞ്ഞുകൊള്ളും. ഫണ്ടയക്കാനോ മറ്റോ ആവശ്യമുള്ള സമയത്ത് മൊബൈലെടുത്ത് കിട്ടു എന്നൊന്നു വിളിച്ചാൽ മതി. ഒറ്റക്കുതിപ്പിൽ ആശാനെത്തിക്കോളും,

‘കറന്റ് ബില്ല് വന്നുകാണും. എത്രയുണ്ടെന്ന് നോക്കീട്ട് അടച്ചേര എന്നു പറഞ്ഞാൽ ‘രണ്ടായിരത്തി അറുന്നൂറ്റി എഴുപതാണ്. അടച്ചോട്ടേ?’ എന്ന മറുപടിയായിരിക്കും അടുത്ത നിമിഷം തന്നെ വരുക. ‘എങ്കിൽ അടച്ചേരെ.’ എന്നു പറഞ്ഞാൽ കിട്ടു തന്നെ ആപ്പിനകത്തു കയറി പിന്നൊക്കെ കൊടുത്ത് അടച്ചോളും. എന്നിട്ട്, റെസീപ്റ്റ് രജിസ്റ്റേർഡ് ഇ-മെയിലിലേക്ക് അയക്കുകയും ചെയ്യും.

സൗകര്യം മാത്രമല്ല, സുരക്ഷയ്ക്കും കിട്ടു തുല്യപ്രാധാന്യം കൊടുത്തിരുന്നു.

ഉദാഹരണത്തിന്, ഭർത്താവിന്റെ മൊബൈലിലാണ് കിട്ടുവിനെ ഇൻസ്റ്റാൾ ചെയ്ത‌തെന്നു കരുതുക. ആ മൊബൈലെടുത്ത് ഭാര്യയാണ് ബാലൻസ് ചോദിക്കുന്നതെങ്കിൽ ‘സോറി മാഡം, ഇടപാടുകാരുടെ സ്വകാര്യത മാനിക്കുന്നതിൻ്റെ ഭാഗമായി, മാഡത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ എനിക്കാവില്ല. ദയവായി ക്ഷമിക്കുമല്ലോ,’ എന്നായിരിക്കും കിട്ടുവിൻ്റെ മറുപടി

ചില വിരുതികൾ മൊബൈൽ കാമറയ്ക്കു മുന്നിൽ വരാതെ ‘പ്ലി സ് ടെൽ മൈ ബാലൻസ്’ എന്നു ടൈപ്പ് ചെയ്യും. പക്ഷേ, അപ്പോൾ കിട്ടു, ‘സർ, ദയവായി കാമറയ്ക്കു മുന്നിൽ വരാമോ’ എന്നു ചോദിക്കും. തീർന്നില്ല, കാമറയ്ക്കു മുന്നിൽ വരാതെ ആരോ ബാലൻസ് ചോദിച്ചു എന്ന വിവരം പിന്നീട് യഥാർഥ അക്കൗണ്ട് ഉടമ കാമറയ്ക്കു മുന്നിൽ വരുമ്പോൾ പറഞ്ഞു കൊടുക്കുകയും ചെയ്യും.

ആദ്യ ദിവസം മുതൽത്തന്നെ കിട്ടു ഇങ്ങനെ പെരുമാറിയിരുന്നു എന്നല്ല, ഓരോ ദിവസവും കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങളിൽ നിന്നാണ് അവൻ എല്ലാം പഠിച്ചെടുത്തത്. അവൻ ഇങ്ങനെയൊക്കെ ആയിത്തിരുമെന്ന് ബാങ്കുകാർക്കു മാത്രമല്ല, അവന്റെ നിർമ്മിതബുദ്ധി കൈകാര്യം ചെയ്‌ത ഷബീറിന്റെ ടീമിനു പോലും ധാരണയില്ലായിരുന്നു എന്നതാണു വാസ്തവം.

രണ്ടുവർഷത്തിലേറെ സമയമെടൂത്ത് രൂപകല്‌പന ചെയ്ത്‌ കിട്ടുവിനെ ഉപേക്ഷിക്കേണ്ടി വരുമോ എന്നുപോലും ഒരു ഘട്ടത്തിൽ ജോയും മറ്റു ഡയറക്ടർമാരുമെല്ലാം ചിന്തിച്ചുപോയിരുന്നു. വലിയ പ്രതീക്ഷകളോടെ പ്രസന്റ് ചെയ്ത ബാങ്കുകാരെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കിയപ്പോഴായിരുന്നു അത്. വലിയ കസ്റ്റമർ ബേസിനെ ഒരു കുഞ്ഞിച്ചാറ്റ്‌ബോട്ടിന് തനിച്ചു കൈകാര്യം ചെയ്യാൻ പറ്റില്ല. ഇടപാടുകാരുടെ വൈവിധ്യമാർന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ താൽപര്യങ്ങൾ മനസ്സിലാക്കാനും സ്വയം അപ്ഡേറ്റ് ചെയ്യാനും മാത്രമുള്ള ശേഷി ഈ ചാറ്റ്ബോട്ടിന് ഇല്ല എന്നും മറ്റുമൊക്കെയുള്ള കാരണങ്ങളാണ് കിട്ടുവിനെ ഒഴിവാക്കാനായി ബാങ്കുകാരെല്ലാം പറഞ്ഞുകൊണ്ടിരുന്നത്.

കിട്ടുവിന് ഇതെല്ലാം സാധിക്കും എന്നു പറയാനുള്ള ധൈര്യം ടീമിനില്ലായിരുന്നു എന്നതും വാസ്തവം.

അങ്ങനെ ഒട്ടും പ്രതീക്ഷയില്ലാതെയാണ് കോഴിക്കോട് ആസ്ഥാനമായ നവസ്വകാര്യബാങ്കിന് നിരുപമയും ടീമും കിട്ടുവിനെ പ്രസന്റ് ചെയ്‌തത്. കേവലം നാല്‌പതുലക്ഷത്തോളം മാത്രം ഇടപാടുകാരുള്ള ഒരു ചെറുബാങ്കായിരുന്നു അത്. മുംബൈയിൽ ഒരു കോൺഫറൻസുണ്ടെന്ന കാരണം പറഞ്ഞ് ജോയും മറ്റു സീനിയേഴ്‌സുമൊന്നും പ്രസന്റേഷനു പങ്കെടുത്തില്ല നിരുപമ നേതൃത്വം കൊടുത്ത പ്രസൻ്റേഷനിൽ ഷബീറും സന്താനവും ഭുവനയും കൂടാതെ, ആളെണ്ണം കൂട്ടാനായി ഡിസൈനറായ ജിലുവും പങ്കെടുത്തു.

ഇടപാടുകാരുടെ സൗകര്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്കു പകരം, കസ്റ്റമർ സർവീസിലെ ജീവനക്കാരുടെ എണ്ണം കുറച്ചാൽ ബാങ്കിനുണ്ടാവുന്ന ലാഭത്തെക്കുറിച്ചും മറ്റുമാണ് നിരുപമ എടുത്തുപറഞ്ഞത്.

ആ തന്ത്രം ഏതായാലും ഏറ്റു. നൂറ്റിയിരുപതോളം ജീവനക്കാരായിരുന്നു ബാങ്കിന്റെ കസ്റ്റമർ സർവീസിലുണ്ടായിരുന്നത്. വാടകയും മറ്റും ചേർന്ന് പ്രതിമാസം അമ്പതു ലക്ഷം രൂപയോളം ചെലവാകുന്നുണ്ട്. അതിന്റെ പകുതിയെങ്കിലും മാസാമാസം ലാഭിക്കാനാവും എന്നു നിരുപമ പറഞ്ഞതു കേട്ടപ്പോൾ ബാങ്കധികാരികൾക്കു താൽപര്യമായി

അങ്ങനെ ഒരു പരീക്ഷണാടിസ്ഥാനത്തിൽ നിരുപമയുടെ ടീമിൻ്റെ ചാറ്റ്ബോട്ടിനെ അവതരിപ്പിക്കാൻ ബാങ്ക് തീരുമാനിക്കുകയായിരുന്നു. 

എന്തു തീരുമാനം വേണമെങ്കിലും എടുത്തുകൊള്ളാൻ നിരുപമയെ അനുവദിച്ചിരുന്നതുകൊണ്ട് പ്രതിമാസം പത്തുലക്ഷം രൂപ എന്ന നിരക്കിൽ ബാങ്കുമായി ധാരണയിലെത്തിയതിന് ആദ്യം ഒരല്പം രോഷം ജോയിക്കും മറ്റുമുണ്ടായിരുന്നെങ്കിലും ഒരു വർഷത്തേയ്ക്കു മാത്രമായിരുന്നു കമാർ എന്നതുകൊണ്ട് കൂടുതലൊന്നും പറഞ്ഞില്ല. 

കിട്ടു എന്ന പേരിട്ടത് നിരുപമ തന്നെയാണ്. ബാങ്കുകാർ കരാറൊപ്പിടും വരെ പോക്കിമോൻ പോലത്തെ ഒരു ‘തെമ്മാടി’ രൂപവും കുട്ടിബോട്ട് എന്ന വിളിപ്പേരുമായിരുന്നു കിട്ടുവിനുണ്ടായിരുന്നത്.

കരാറൊപ്പിട്ടു കഴിഞ്ഞപ്പോൾ ന ല്ലൊരു പേരു വേണമെന്നായി. ബാങ്ക് ബഡ്ഡി, ക്രിഷ്, ചാംപ് എന്നിങ്ങനെ കേട്ടുപഴകിയ അനവധി പേരുകൾ വെട്ടിക്കളഞ്ഞ് ഇനിയെന്ത് എന്ന ചിന്തയിലിരിക്കുമ്പോഴാണ് കുട്ടിബോട്ടിലെ കുട്ടിയെ നിരൂപമ ചുമ്മാ തിരിച്ചിട്ടത്. കിട്ടു!

മനസ്സിൽ മൂന്നാലുവട്ടം പറഞ്ഞുനോക്കിയിട്ട് ഗ്രൂപ്പിലേക്ക് ടെക്സ്റ്റ് ചെയ്‌തു. എന്തെങ്കിലുമൊരു പേരിനായി കാത്തിരുന്ന ജോ ഉടനടി തന്നെ ആ പേര് ബാങ്കിലേക്കയച്ചു. എം ഡി ഉൾപ്പെടെ ബാങ്കിലെ എല്ലാവർക്കും കിട്ടുവിനെ ഒറ്റയടിക്കു തന്നെ ബോധിച്ചു. അങ്ങനെയാണ് കിട്ടുവിന്റെ പേര് സെറ്റാവുന്നത്.

പേരിലൊരു തീരുമാനമായതിനെത്തുടർന്ന് രൂപം തിരുമാനിക്കാനുള്ള ഉത്തരവാദിത്വവും നിരൂപമയ്ക്കു തന്നെ വന്നു ചേർന്നു. അതും പെട്ടന്നു വേണമായിരുന്നു. പൊടിമീശ മുളയ്ക്കുന്ന ഒരു പതിനേഴുകാരനായി കിട്ടു മാറിയത് അങ്ങനെയാണ്. ക്രീം കളർ ടി ഷർട്ടും കടുംനീല പാൻ്റും വെട്ടിയൊതുക്കിയ മുടിയുമൊക്കെ ചേർന്ന ചുള്ളൻ രൂപവും ഭാഗ്യത്തിന് പെട്ടെന്നു തന്നെ എല്ലാവർക്കും ബോധിച്ചു. സുധിയായിരുന്നു കിട്ടുവിൻ്റെ വസ്ത്രാലങ്കാരവും മുഖഭാവങ്ങളുടെ ഡിസൈനറുമെല്ലാം.

പ്രോഗ്രാമറെന്ന റോളിനൊപ്പം ഡിസൈനർ, മേക്കപ്പ്, പേരിടൽ തുടങ്ങിയവയിൽക്കൂടി പങ്കുവന്നപ്പോൾ കിട്ടു തന്റെയും സുധിയുടെയും കുട്ടിയാണെന്നു പോലും നിരുപമയ്ക്കു തോന്നാൻ തുടങ്ങി.

അതുകൊണ്ടാവണം, ബാങ്കിന്റെ പ്രോഡക്ടുകളെയും രീതികളെയും കുറിച്ചുള്ള രണ്ടുമാസത്തെ ‘ട്രെയിനിങ്’ കഴിഞ്ഞ് കിട്ടു ലൈവാകുന്ന ദിവസം ഏറ്റവുമധികം ആധി നിരുപമയ്ക്കായിരുന്നു. മക്കളുടെ എൻട്രൻസ് ടെസ്റ്റിന് അമ്മമാർ കാണിക്കുന്ന തരം ഭീതിയായിരുന്നു നിരുപമയുടെ പെരുമാറ്റത്തിലാകെ. ഷബീറും ഭൂവനയും നിരുപമയെ കളിയാക്കുകയും ചെയ്‌തു.

പൈലറ്റടിസ്ഥാനത്തിൽ പരിക്ഷിച്ചു വിജയിച്ചതാണെങ്കിലും കിട്ടു ലൈവാകുന്നതിന് മാധ്യമശ്രദ്ധ വേണ്ടെന്ന നിലപാടാണ് ബാങ്കും കമ്പനിയും സ്വീകരിച്ചത്. കൊട്ടിഘോഷിച്ച് കൊണ്ടുവന്നാൽ ആൾക്കാർ ശ്രദ്ധിക്കും. ചെറിയ തെറ്റു കുറ്റങ്ങൾ പോലും പർവതീകരിക്കും. അമിതപ്രതീക്ഷ പെട്ടെന്നു തന്നെ നിരാശയ്ക്കു കാരണമാവും.

അതുകൊണ്ട്, ‘മൌത്ത് പബ്ലിസിറ്റി’ യെ ആശ്രയിക്കാനായിരുന്നു കിട്ടുവിന്റെ വിധി.

പതിനായിരം രൂപ അക്കൗണ്ടിൽ സൂക്ഷിക്കുന്ന ഇടപാടുകാർക്കു മാത്രമായി കിട്ടുവിനെ വിട്ടു കൊടുക്കുക എന്ന നയമാണ് ബാങ്ക് സ്വീകരിച്ചത്. അങ്ങനെവരുമ്പോൾ സ്വയം പഠിക്കാനുള്ള അവസരം കിട്ടുവിനു കുറയില്ലേ, അവന്റെ കാര്യക്ഷമതയെ ബാധിക്കില്ലേ എന്നെല്ലാം ടീമിനു സംശയം തോന്നിയെങ്കിലും ബാങ്കിൻ്റെ തിരുമാനമായിരുന്നു ശരി എന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ തെളിഞ്ഞു.

അത്ര നല്ല റിപ്പോർട്ടുകളായിരുന്നു ഇടപാടുകാർക്ക് പറയാനുണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിൽ കിട്ടു അതിവേഗം തന്നെ താരമായി. എറണാകുളത്തെ ഒരു മത്സ്യ വ്യാപാരിയുടെ അനുഭവമാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എന്തോ വാങ്ങാൻ നോക്കിയതാണ് പുള്ളി ഓർഡർ ചെയ്യാൻ തുടങ്ങിയപ്പോൾ കിട്ടു ഇടപെട്ടു. സാധനം ഓർഡർ ചെയ്താൽ പിറ്റേന്ന് അതിരാവിലെ അക്കൗണ്ടിൽ വരുന്ന വണ്ടിയുടെ അടവിലേക്കുള്ള ചെക്ക് മടങ്ങുമെന്നും അങ്ങനെ സംഭവിച്ചാൽ സിബിൽ സ്കോർ കുറയുമെന്നും കിട്ടു പറഞ്ഞത്. താൻ മറന്നുകിടന്ന ചെക്കിന്റെ കാര്യം കൃത്യമായി ഓർമ്മിപ്പിച്ച് കിട്ടുവിനെപ്പറ്റി അയാൾ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

സുഹൃത്തിന് ഏഴായിരം രൂപ അയയ്ക്കാനായി കിട്ടുവിനോടു പറഞ്ഞ ഒരു ടെക്കിയുടെ റീലാണ് പക്ഷേ, കയറിയങ്ങു വൈറലായത്. ഏഴായിരം രൂപ അയക്കാൻ പറഞ്ഞപ്പോൾ കിട്ടു പറഞ്ഞത്രേ, ആറുമാസം മുമ്പു കൊടുത്ത രണ്ടായിരം അവൻ ഇനിയും തിരികെ തന്നിട്ടില്ല, അയക്കണമെന്ന് നിർബന്ധമാണോ എന്ന്! താൻ മറന്നിരുന്ന കാര്യം ഓർമ്മിപ്പിച്ചതിനും വിണ്ടും പൈസ നഷ്ടപ്പെടാതെ രക്ഷിച്ചതിനും കിട്ടുവിനു നന്ദി പറഞ്ഞുള്ള റീൽ പത്തുലക്ഷത്തിലധികം പേരാണു കണ്ടത്.

ബാങ്കുദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരനോട് ഒ ടി പി പറയാൻ തുടങ്ങിയ ഒരു വീട്ടമ്മയെ കിട്ടു തടഞ്ഞത് ചാനലുകളിലുൾപ്പെടെ വാർത്തയായി. പോലീസ് കമ്മിഷണർ ഫേസ്‌ബുക്ക് പോസ്റ്റിട്ടതു കൂടാതെ, ദേശീയ ചാനലുകളിലും വാർത്തയായി.

നേരത്തേ കിട്ടുവിനെ തഴഞ്ഞ ബാങ്കുകാർ പതിയെ ജോയെ സമീപിക്കാൻ തുടങ്ങി. നല്ലൊരു തുക അവർ വാഗ്ദ‌ാനം ചെയ്ത് ജോയേയും ഡയറക്ടർമാരെയും മോഹിപ്പിച്ചെങ്കിലും നിലവിലെ ബാങ്കുമായി ഒരു വർഷത്തെ കരാറുണ്ടായിരുന്നതിനാൽ അതുകഴിയട്ടെ എന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്.

പക്ഷേ, കാലാവധി കഴിഞ്ഞാലും കിട്ടുവിനെ ബാങ്കുകാർ വിട്ടു കൊടുക്കില്ല എന്നത് ഉറപ്പായിരുന്നു. കിട്ടുവിനെ കിട്ടാൻ വേണ്ടി മാത്രം പതിനായിരം രൂപ അക്കൗണ്ടിൽ സൂക്ഷിക്കാൻ തയാറായ നാലുലക്ഷത്തിലധികം പേർ പുതിയ

അക്കൗണ്ടു തുടങ്ങി എന്നതു മാത്രമായിരുന്നില്ല കാരണം നിർമ്മിത ബുദ്ധിയെ ഫലപ്രദമായി ഉപയോഗിച്ച സ്ഥാപനമെന്ന നിലയ്ക്ക് ലോക ബാങ്കിലെ ഡിജിറ്റൽ വിഭാഗം ഈ ദിശയിലെ തുടർന്നുള്ള വികസനത്തിലേക്കായി ബാങ്കിന് കോടികൾ വാഗ്ദാനം ചെയ്ത‌് മുന്നോട്ടു വന്നുകഴിഞ്ഞിരുന്നു.

ലൈവായി രണ്ടുമാസം കഴിഞ്ഞപ്പോൾ കിട്ടുവിന്റെ പുതിയ പതിപ്പു വന്നു. ആൾക്കാരുടെ സ്വഭാവത്തിനും ശീലത്തിനുമനുസരിച്ച് പ്രത്യക്ഷപ്പെടാനുള്ള കഴിവായിരുന്നു രണ്ടാം പതിപ്പിലെ ഒരു സവിശേഷത. എന്നാലോ, ഉപയോക്താവിന്റെ മൊബൈലും ഇ-മെയിലും എസ് എം എസുമൊക്കെ വായിച്ച് അവരുടെ ഒരു പേഴ്‌സണൽ അസിസ്റ്റന്റിനെപ്പോലെ പെരുമാറാൻ കഴിയുന്നു എന്നതായിരുന്നു പ്രധാന സവിശേഷത.

ഇടപാടുകാർക്കു താൽപര്യമുള്ള വാർത്തകൾ ശ്രദ്ധയിൽ പെടുത്തുക. അവർ ഇൻവെസ്റ്റ് ചെയ്ത ഷെയറുകളുടെ ഏറ്റക്കുറച്ചിലുകൾ അറിയിക്കുക തുടങ്ങിയവ മുതൽ ഷോപ്പിങ്, ഡൈനിങ്, യാത്ര, എന്നുവേണ്ട ഒരാളുടെ താൽപര്യങ്ങളും സമാനമനസ്‌കരായ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർദേശങ്ങളും കിട്ടു കൊടുക്കാൻ തുടങ്ങി.

തൃശ്ശൂരിലുള്ള ഒരു റിട്ടയേഡ് അധ്യാപികയ്ക്ക് എല്ലാ ദിവസവും രാവിലെ കൃഷ്ണഭക്തിഗാനങ്ങൾ കിട്ടു വച്ചുകൊടുക്കുന്നത് വാർത്തയായില്ല. പക്ഷേ, വിഷുവിന് പുലർച്ചെ മഞ്ഞപ്പട്ടും പീലിയും ധരിച്ച് കൃഷ്ണവേഷത്തോടെയുള്ള കിട്ടു മൊബൈലിൽ നിറഞ്ഞുനിന്നതും ഓടക്കുഴലിൽ ‘കണികാണും നേരം മുളിയതും അധ്യാപികയുടെ കൊച്ചുമകൻ ഷൂട്ട് ചെയ്‌ത് വൈറലാക്കിക്കളഞ്ഞു.

ഈസ്റ്ററിന് കിട്ടു യേശുവായി വന്നത് വിണ്ടും വാർത്തയായി നേർച്ചപ്പണമടയക്കുന്നവർക്ക് അച്ചന്റെ വേഷത്തിലുള്ള കിട്ടുവിനെക്കൊണ്ട് ചെറിയ പാട്ടുകുർബാന നടത്തിക്കാനാവുമോ എന്ന് കോട്ടയത്തെ ഒരു പള്ളിവികാരി ബാങ്കിലേക്ക് എഴുതിച്ചോദിക്കുകവരെ ചെയ്തു.

ചാവക്കാട്ടെ ഒരു മൗലവിയുടെ ഫോണിൽ അഞ്ചുനേരവും നിസ്കാരസമയത്ത് തലയിൽ തൊപ്പി വച്ച, ഇടത്തോട്ടു മുണ്ടുടുത്ത കിട്ടു പ്രത്യക്ഷപ്പെട്ടത് ഗൾഫിലുൾപ്പെടെ തരംഗമായി.

മതപരമായ കാര്യങ്ങളിൽ മാത്രമല്ല, തികച്ചും ഭൗതികമായ കാര്യങ്ങളിലും കിട്ടു സഹായഹസ്‌തം നീട്ടുന്നുണ്ടെന്ന അദ്ഭുതപ്പെടുത്തുന്ന കാര്യം യാദൃച്ഛികമായാണ് നിരുപമ അറിഞ്ഞത്. വാരാദ്യ വിശകലന മീറ്റിങ്ങിൽ ഷബീറാണ് രസകരമായ ആ വിവരം പങ്കുവച്ചത്. ബാങ്കിങ്, വെൽത്ത് മാനേജമെൻ്റ് എന്നിവകൂടാതെ ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഏതുവിഷയത്തിലും കിട്ടു നിർദേശങ്ങൾ നൽകുന്നുണ്ടത്രേ. തിരുവല്ലയിലെ ഒരു യുവാവിന്റെ കാര്യമാണ് ഷബീർ എടുത്തുപറഞ്ഞത്. ഏറ്റവും ആസ്വാദ്യകരമായ കോണ്ടം ഏതാണെന്ന് കിട്ടു നിർദേശിച്ചത്രേ. കൂടെ, പ്രയോഗിച്ചു നോക്കാനായി ചില പൊസിഷനുകളും.

‘ഡിഡ് ഇറ്റ് വർക്ക്?’ സന്താനം ആകാംക്ഷയോടെ ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു.

മറുപടിയായി, സുഖാലസ്യത്തിൽ പങ്കാളിയുമൊത്ത് ആ യുവാവെടുത്ത സെൽഫിയാണ് ഷബീർ സ്ക്രീനിൽ കാണിച്ചത്. അതൊരു സെൽഫിയായിരുന്നില്ലെന്നും തള്ളവിരലുയർത്തി ആ യുവാവ് കാണിച്ചത് കിട്ടു പകർത്തിയതാണെന്നും പെട്ടന്നാണ് എല്ലാവർക്കും ബോധം വന്നത്.

ആ ചിത്രം കാമറയിൽ ലഭ്യമായിരിക്കില്ല. എടുക്കുന്ന നിമിഷം തന്നെ കിട്ടുവിൻ്റെ സെർവറിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ടാവും. കിട്ടുവിൻ്റെ പുതിയ വേർഷനിലാണത്രേ ഈയൊരു സംവിധാനം അവതരിപ്പിച്ചത്. ബാങ്കുകാർക്ക് ഈ വിവരം അറിയില്ല.

‘യൂസേർസിന്റെ പ്രൈവസി ഇല്ലാതാവില്ലേ? ലീഗൽ ഇഷ്യൂസ് ഉറപ്പാണ് ജോ,’ നിരുപമയ്ക്ക് ആകെ പന്തികേടു തോന്നി.

‘ലീഗൽ ഇഷ്യൂസ് വരട്ടെ നീരു, വി വിൽ ഫേസ്, ജോ ഗൗരവത്തിലായി. ‘ആഫ്റ്ററോൾ, മാസം വൺ മില്യനാണ് ബാങ്ക് തരണത്. താങ്ക് സ് ടു യുവർ പൂവർ നെഗോസിയേഷൻ. ഇതിപ്പോ, കിട്ടു തരണ ഡേറ്റ വാങ്ങാൻ കമ്പനീസ് ക്യൂ നിൽക്കും. ഒരു ഫൈവ് മില്യൺ ഈസിയായി ഇണ്ടാക്കാം

പെർ മംത്.’

ബട്ട്…’ തന്റെ കിട്ടുവിനെ ഒരു ഒളിഞ്ഞുനോട്ടക്കാരനോ കള്ളനോ ആക്കിയത് നിരുപമയ്ക്ക് തെല്ലും സഹിച്ചില്ല. ‘കിട്ടു നല്ലവനാണ്,’ നിരൂപമയുടെ തൊണ്ടയിടറി. ‘ഡോ ണ്ട് യൂസ് ഹിം ഫോർ ഡർട്ടി ബിസിനസ്.

‘കമ്പനിയുടെയാണ് കിട്ടു. നിൻ്റെയല്ല.’ ജോ ദേഷ്യപ്പെട്ടു.

പിറ്റേന്ന് ബാങ്കുകാരുമായുള്ള മീറ്റിങ്ങുണ്ടായിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അവരെല്ലാം. കസ്റ്റമർ കെയറിൽ ആളുടെ എണ്ണം ഇരുപതാക്കി കുറച്ചത്രേ. ആ ഇനത്തിൽ ലക്ഷങ്ങളാണ് ബാങ്കിനു ലാഭമായത്. കൂടാതെ, കിട്ടുവിനു വേണ്ടി അക്കൗണ്ടിൽ പതിനായിരം രൂപ സൂക്ഷിക്കാൻ തയാറായ ഇടപാടുകാരുടെ എണ്ണം പതിനഞ്ചു ലക്ഷം കടന്നു. അതിൽ എട്ടുലക്ഷവും പുതിയ ഇടപാടുകാർ മാസാവസാനത്തോടെ ബാങ്കിലെ ആകെ ഇടപാടുകാരുടെ എണ്ണം അമ്പതുലക്ഷം കടന്നേക്കും എന്ന നിലയിലാണ്.

പതിനഞ്ചു ലക്ഷം ഇടപാടുകാരുടെ സ്വകാര്യവിവരങ്ങൾ മറിച്ചു വിൽക്കാനുള്ള അവസരമാണ് കമ്പനിക്കു കൈവന്നിരിക്കുന്നതെന്നും ബാങ്കുകാർ അഞ്ചുപൈസ പോലും തന്നില്ലെങ്കിലും തങ്ങൾക്കു ലാഭമുണ്ടാക്കാനാവുമെന്നുമെല്ലാം മീറ്റിംഗിനു ശേഷം ജോ പറയുകയുണ്ടായി കമ്പനി വളരുന്നതിൽ സന്തോഷമുണ്ടെങ്കിലും കിട്ടുവിനെ ഉപയോഗിക്കുന്നത് ഒരു മോശം കാര്യത്തിനാണല്ലോ എന്നോർത്തപ്പോൾ നിരുപമയുടെ ഹൃദയം വേദനിച്ചു.

ഭംഗിയായി പൊയ്ക്കൊണ്ടിരുന്ന എല്ലാം തകിടംമറിഞ്ഞ പെട്ടെന്നാണ്. ഒരു ശനിയാഴ്ച്ച അപ്രതീക്ഷിതമായി ബാങ്കിലെ ക്രൈസിസ് മാനേജ്‌മെന്റ് ടീം ഓൺലൈൻ മീറ്റിംഗിനായി ജോയെയും ടീമിനെയും വിളിച്ചു. അവധിയായിരുന്നതിനാൽ സുധിയുമൊത്ത് കായംകുളത്തേക്കു പോയിരുന്നതാണു നിരുപമ. അത്രയ്ക്ക് അത്യാവശ്യമെന്ന് വിളി വന്നതുകൊണ്ടാണ് മീറ്റിംഗിൽ കയറിയത്.

ബാങ്കിന്റെ എംഡി തന്നെ മീറ്റിംഗിൽ കയറിയതു കണ്ടപ്പോൾ വിഷയം ചെറുതല്ലല്ലോ എന്നു നിരുപമയ്ക്കു മനസിലായി. ആകെ പൊട്ടിത്തെറിക്കുന്ന മട്ടിലായിരുന്നു എംഡി കാരണമാവട്ടെ. കിട്ടുവും.

കിട്ടു. കിട്ടു എന്നു സ്നേഹത്തോടെ മാത്രം പറഞ്ഞിരുന്ന എം ഡി ‘ബ്ലഡി കിട്ടു’ എന്നലറിയതു കേട്ട് തിരികെ തെറിവിളിക്കാൻ നിരൂപമയ്ക്കു നാവു ചൊറിഞ്ഞുവന്നു. പക്ഷേ, കിട്ടു ചെയ്തതെന്താണെന്നു കേട്ടാൽ ബ്ലഡി കിട്ടു എന്നതിനു പകരം ആരാണെങ്കിലും നല്ല പുളിച്ച തെറി തന്നെ പറഞ്ഞു പോവുമായിരുന്നു എന്നു നിരൂപമയ്ക്കു മനസ്സിലായി.

ഇൻവെസ്റ്റ്മെന്റിനുള്ള ഉപദേശങ്ങൾ തേടിയ അൾട്രാ നെറ്റ് വർത്ത് കസ്റ്റമേഴ്‌സിനോട് ബാങ്കിൽ പൈസയിട്ടിട്ടു കാര്യമില്ല, അല്പം റിസ്‌കുണ്ടെങ്കിലും വല്ല മ്യൂച്ച്വൽ ഫണ്ടിലോ മറ്റോ ഇടാൻ കിട്ടു ഉപദേശിച്ചത്രെ. അതുപോലെ, ലോണിനു പലിശനിരക്കു കുറവുള്ള ബാങ്കേതാണ് എന്നു ചോദിച്ചവരോട് മറ്റു ബാങ്കുകളുടെ പേരു പറഞ്ഞുകൊടുത്തത്രേ. കിട്ടുവിന്റെ ഉപദേശമനുസരിച്ച് ഇടപാടുകാർ ഫണ്ട് മാറ്റുകയും മറ്റും ചെയ്‌തത് അനലറ്റിക്സിൽ കണ്ടപ്പോൾ ബാങ്കിൻ്റെ ടോപ് മാനേജ്മെന്റ് ഒന്നടങ്കം അമ്പരന്നു. മൂവായിരം കോടി രൂപയോളമാണ് കിട്ടു കാരണം പിൻവലിച്ചുപോയത്!

ഇതിനൊരു പ്രതിവിധിയുണ്ടാക്കിയില്ലെങ്കിൽ അടുത്ത മാസം മുതൽ കിട്ടുവിനെ കെട്ടുകെട്ടിക്കാനാണ് പദ്ധതി എന്നുകൂടി ബാങ്കുകാർ പറഞ്ഞു

നിർമ്മിതബുദ്ധിയായതുകൊണ്ട്, വസ്‌തുതകൾക്കു വിരുദ്ധമായ കാര്യങ്ങൾ പറയാൻ കിട്ടുവിന് ഒരിക്കലും സാധിക്കുകയില്ല എന്ന പരിമിതിയാണ് ഷബീർ പറഞ്ഞത്. ഒരു കള്ളം പറഞ്ഞു എന്നു കൂട്ടുക. പിടിച്ചുനിൽക്കാനായി വീണ്ടും കള്ളം പറയേണ്ടി വന്നേയ്ക്കാം. ഈ ഘട്ടത്തിൽ മനുഷ്യരെപ്പോലെ കള്ളം സങ്കൽപിച്ചുണ്ടാക്കാൻ കിട്ടുവിനു സാധിക്കില്ല. കള്ളം പറയാനാവില്ല എന്നത് ഒരു പരിമിതിയാണോ മികവാണോ എന്നു ചോദിച്ചാൽ തനിക്കു പറയാനാവില്ല എന്നും ഷബീർ കൂട്ടിച്ചേർത്തു. കള്ളം പറയണമെന്നില്ല പകരം എല്ലാ സത്യവും പറയാത്ത തരത്തിലെങ്കിലും കിട്ടുവിനെ പഠിപ്പിച്ചെടുക്കാമോ എന്ന് ബാങ്കുകാർ ചോദിച്ചപ്പോൾ ഷബീർ നിശബ്ദനായി. ബാങ്കുകാർ പിന്നൊന്നും പറയാൻ നിൽക്കാതെ മീറ്റിങ് അവസാനിപ്പിക്കുകയാണു ചെയ്തത്.

കിട്ടുവിന്റെ സേവനം തങ്ങൾക്കാവശ്യമില്ല എന്നു പറഞ്ഞുകൊണ്ട് തിങ്കളാഴ്‌ച ഉച്ചയോടെ ബാങ്കിൽ നിന്ന് മെയിൽ വന്നു. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ കിട്ടു ലഭ്യമായിരിക്കില്ല എന്ന അറിയിപ്പ് ബാങ്കിന്റെ വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടു.

സോറി സർ, ചില ചെറിയ പ്രശങ്ങൾ, പിന്നെ കാണാം. തൽ കാലം ബൈ’, എന്നൊരു സന്ദേശത്തോടെ ഉപയോക്താക്കളുടെ മൊബൈലിൽ പ്രത്യക്ഷപ്പെട്ട് കൈ കുപ്പി സ്വയം അൺഇൻസ്റ്റാൾ ആവുകയാണ് കിട്ടു ചെയ്ത‌ത്.

വൈകുന്നേരത്തോടെ സോഷ്യൽ മീഡിയയിൽ കിട്ടുവിനു വേണ്ടിയുള്ള മുറവിളി ഉയർന്നു. നാലഞ്ചുമാസം കൊണ്ട് കിട്ടുവിനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരുന്നു മിക്കവരും. പക്ഷേ, സ്വന്തം നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമായതിനാൽ കിട്ടുവിനെ ഇനി വേണ്ട എന്ന ശക്തമായ നിലപാടിലായിരുന്നു ബാങ്ക്.

ഓഫീസിൽ ആരുമാരും പരസ്പരം സംസാരിച്ചില്ല. തലവേദനയെടുക്കുന്നു എന്നു പറഞ്ഞ് ജോയും സുഖമില്ല എന്നു പറഞ്ഞ് സന്താനവും നേരത്തേ ഇറങ്ങി. ഷബീറിനെ രാവിലെ മുതൽ തന്നെ കാണാനില്ലായിരുന്നു. ആരൊക്കെ വന്നു ആരൊക്കെ പോയി എന്നൊന്നും നോക്കാൻ നിരുപമയ്ക്കു തോന്നിയില്ല. ആരു വന്നാലെന്ത്, ഇല്ലെങ്കിലെന്ത്? കിട്ടുവിനെയാണ് കാണേണ്ടത്.

കിട്ടു എവിടെപ്പോയി? അവൻ മരിച്ചോ? അവനു മരണമുണ്ടോ?

നിരുപമ മൊബൈലെടുത്തു നോക്കി. ഇല്ല. കിട്ടുവിന്റെ ആപ്പ് അൺഇൻസ്റ്റാൾ ആയിക്കഴിഞ്ഞിരുന്നു. കിട്ടു തന്നെ ചെയ്തതായിരിക്കുമോ, അതോ ബാങ്കുകാരായിരിക്കുമോ?

നേരം ഇരുട്ടിയിട്ടും നിരുപമയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ

തോന്നിയില്ല. കിട്ടുവിന്റെ കാര്യത്തിൽ എന്തുവേണമെന്ന് നിരൂപമ തീരുമാനിച്ചോട്ടെ എന്ന മട്ടിലായിരുന്നു ജോ. ഉപയോക്താക്കളുടെ വിവരങ്ങൾ മറിച്ചുവിൽക്കാൻ ശ്രമിച്ചത് ബാങ്കുകാരറിയരുതെന്ന നിർബന്ധമാണ് കമ്പനിയുടെ ഡയറക്ടർമാർക്ക് പറയാനുണ്ടായിരുന്നത്.

‘ഇറങ്ങണില്ലേ നിരൂ.’ എന്ന ഭുവനയുടെ ചോദ്യത്തിന് തലയൊന്നിളക്കുക മാത്രമേ നിരുപമ ചെയ്‌തുള്ളൂ. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഭുവന ഇറങ്ങി.

ഓഫീസിൽ തനിച്ചായ നിരൂപമ പതിയെ എഴുന്നേറ്റ് മീറ്റിങ് റൂമിലേക്കു നടന്നു. കിട്ടൂ, കിട്ടൂ എന്താടാ നിന്നെ ചെയ്യുക? നിരുപമയുടെ ഹൃദയം തുടിച്ചു. പ്രോജക്ടറിൽ ലാപ്ടോപ് കണക്ട് ചെയ്‌ത് കിട്ടു എന്ന ഫോൾഡറിലെ ചിത്രങ്ങളും വീഡിയോകളും നിരുപമ വലിയ സ്ക്രീനിൽ കണ്ടു.

കിട്ടുവിനെ ആദ്യമായി ബാങ്കിനു പ്രസന്റ് ചെയ്തതുമുതലുള്ള ചിത്രങ്ങളുണ്ടായിരുന്നു ലാപ്ടോപ്പിൽ. മുപ്പതുദിവസം തികച്ചതിന്റെ ആഘോഷചിത്രങ്ങൾ കണ്ടപ്പോൾ നിരുപമയ്ക്കു വീർപ്പുമുട്ടി. പിന്നൊന്നും കാണാൻ തോന്നിയില്ല. ഒറ്റക്ലിക്കിൽ ആഘോഷചിത്രങ്ങളെല്ലാം നിരുപമ ഡിലിറ്റു ചെയ്‌തു. കിട്ടുവിന്റെ പല രൂപങ്ങളും വേഷങ്ങളും ഭാവങ്ങളുമുള്ള മറ്റൊരു ഫോൾഡർ യാദൃച്ഛികമായാണു നിരൂപമ തുറന്നത്. യോഗ ചെയ്യുന്ന ഭാവത്തിലിരിക്കുന്ന കിട്ടുവിൻ്റെ മ ന്ദഹാസം കണ്ടപ്പോൾ നിരുപമയ് ക്കു സഹിച്ചില്ല.

‘നോ മോർ സെന്റിമെന്റ്റ് സ്. അബോർട്ടിങ് കിട്ടു’ എന്ന് ഗ്രൂപ്പിലേക്കു ടെക്സ്റ്റ് ചെയ്ത് നിരുപമ കണ്ണുകളടച്ചു.

നിരുപമയുടെ സന്ദേശം കാത്തിരുന്നിട്ടെന്നപോലെ ‘പ്രൊസീഡ്’, ‘ഓൾ ദ ബെസ്റ്റ്’, ‘ലോങ് ലിവ് കിട്ടു’ എന്നു തുടങ്ങി അഞ്ചെട്ടു മെസേജുകൾ തുരുതുരാ വന്നു. ഇതൊന്നു തീർന്നുകിട്ടിയാൽ മതി എന്ന മട്ടിലായിരുന്നു എല്ലാവരുടെയും അവസ്ഥ,

നിരുപമ പിന്നെ താമസിച്ചില്ല. കിട്ടുവിനെ അബോർട്ട് ചെയ്യാനുള്ള അപ്രൂവൽ ഷബീറിന് എനേബിൾ ചെയ്‌തു കൊടുത്തു. ഇനി വേണ്ടത് ഷബീർ ചെയ്തോളും.

‘ഡൺ’ എന്നൊരു മറുപടി അഞ്ചുമിനിറ്റിനകം ഷബീർ അയച്ചു. ഒരു നെടുവീർപ്പോടെ നിരുപമ അവസാനമായി സ്ക്രീനിലേക്കു നോക്കി. പല ഭാവങ്ങളിൽ കിട്ടു. ഒരു നുണയൻ കിട്ടുവിനെ വരച്ചു തരാത്തതിൽ ആദ്യമായി നിരുപമയ്ക്ക് സുധിയോടു ദേഷ്യം തോന്നി. നുണയന്റെ ഭാവങ്ങളിൽ കിട്ടുവിനെ വരച്ചിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. മുഖത്തുവരുത്താനാവാത്ത വികാരങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങളെങ്ങനെയാണ് ഒരാൾക്ക് പറയാൻ പറ്റുക? ചിരിച്ചുകൊണ്ട് ആർക്കെങ്കിലും മരണവിവരം അറിയിക്കാൻ പറ്റുമോ? നുണ പറയുന്ന കിട്ടുവിനെ വരച്ചിരുന്നെങ്കിൽ അവനു നുണ പറയാൻ പറ്റുമായിരുന്നില്ലേ?

ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല എന്നതിനാൽ കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ എല്ലാ ഫോൾഡറുകളും സെലക്ട് ചെയ്ത് നിരു പമ ഡിലീറ്റ് അമർത്തി. ഫോൾഡറുകൾ കരിഞ്ഞതു പോലെ സ്ക്രീനിലാകെ നിറഞ്ഞ കറുത്തപുക നിറയുകയും നിരുപമയുടെ കണ്ണുകൾ നീറുകയും ചെയ്‌തു.

‘തരാതരം പോലെ സംസാരിക്കാൻ പഠിച്ചിരുന്നെങ്കിൽ നിനക്കു നിന്നു പിഴയ്ക്കാമായിരുന്നില്ലേ?’ സ്ക്രീനിലെ പുകപടലങ്ങളെ നോക്കി ചുണ്ടനക്കിയപ്പോൾ നിരൂപമയുടെ തൊണ്ടയിടറി.

ആ ചോദ്യം കേട്ടിട്ടെന്ന വണ്ണം പുകയൊന്നടങ്ങി. സ്പീക്കറിൽ നിന്ന് പൊരിപ്പൻ ശബ്ദങ്ങളും പതിയെ ഒടുങ്ങി. എല്ലാ ഫയലും ഡിലീറ്റാക്കിയ നിരുപമയെ അതിശയിപ്പിച്ച്, പുകയെ വകഞ്ഞുമാറ്റി ആ കാശത്തുനിന്നെന്ന പോലെ കിട്ടുവിൻ്റെ രൂപം ഒഴുകിയിറങ്ങി. നിരുപമ അതിശയിച്ചു പോയി. ഇത് അതേ രൂപം! കിട്ടു ലൈവായതിൻ്റെ മുപ്പതാം ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിന് ബാഡ്രോപ്പിലെ സ്ക്രീനിൽ നി ന്നു കണ്ണിറുക്കിക്കാണിച്ച അതേ രൂപം.

ഒരുനിമിഷം നിരുപമ അന്നത്തെ ആഘോഷത്തിലേക്കു പോയി. അടുത്തനിമിഷം തന്നെ തിരികെ എത്തുകയും ചെയ്‌തു.

‘ഡിലീറ്റ് ചെയ്‌താലും നിനക്ക് മടങ്ങിവരാനറിയാം അല്ലേടാ കള്ളാ? എങ്കിൽപ്പിന്നെ എന്താടാ നുണ പറയാൻ പറ്റാത്തത്?’ കിട്ടു ഡിലീറ്റായിട്ടില്ല എന്ന ഹർഷോന്മാദത്തിൽ നിരുപമയുടെ ഹൃദയം അതിവേഗം മിടിക്കുകയും തൊണ്ടയിടറുകയും ചെയ്തു‌.

‘നോ മാം. അയാം ഗോൺ. ഗോൺ ഫോറെവർ’, പുഞ്ചിരിച്ചു കൊണ്ടു കൈവീശിയ കിട്ടു സ്ക്രീനിലെ പുകയ്ക്കും സ്പീക്കറിലെ പൊരിപ്പൻ ശബ്ദങ്ങൾക്കുമൊപ്പം നിമിഷനേരം കൊണ്ട് ഇല്ലാതായി.

മുഖഭാവത്തിൽ നിന്നു വ്യക്തമായില്ലെങ്കിലും കിട്ടു നുണപറയുന്നതായി അഭിനയിക്കുകയാണന്നാണ് പക്ഷേ നിരുപമയ്ക്കു തോന്നിയത്.


2024 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്


Happy
Happy
63 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post കേരളത്തിന്റെ സ്വന്തം കൊതുകുകൾ
Next post വീണ്ടും അന്ധവിശ്വാസ മരണങ്ങൾ
Close