വൈദ്യുതി ഇറക്കുമതിയിലെ ആശങ്ക
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ എഴുപത് ശതമാനത്തിലധികം ഇന്ന് സംസ്ഥാനത്തിനു പുറത്തെ വൈദ്യുതനിലയങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നു. വൈദ്യുതി രംഗത്തെ ഈ പരാശ്രയത്വം വർഷങ്ങളായി തുടരുന്നു എന്നു മാത്രമല്ല, കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ (കൊറോണക്കാലം ഒഴികെ) വൈദ്യുതി ഇറക്കുമതി പരിശോധിച്ചാൽ അതിന്റെ ശരാശരി വാർഷിക വർദ്ധനവ് 5 ശതമാനത്തിനടുത്തു വരും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEBL) കേരളത്തിൽ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ പകുതിയിലധികവും പോകുന്നത് ഗാർഹിക മേഖലയിലേക്കാണ്. അതായത്, ഉത്പാദനപ്രവർത്തനങ്ങൾക്കല്ലാതെ കേവലം അടിസ്ഥാന സൗകര്യങ്ങൾക്കായി ഇങ്ങനെയൊരു പരാശ്രയത്വം വളർത്തുന്നത് ആശങ്ക ഉണ്ടാക്കുന്നു. കരാറുകൾ പുതുക്കുമ്പോൾ വില വർദ്ധനവ് ഉണ്ടാകുന്നതും അല്ലാതെ തന്നെ ഇടയ്ക്കിടെ ഡ്യൂട്ടിയും സർച്ചാർജും കൂടുന്നതും എല്ലാം ഉയർന്ന വാങ്ങൽശേഷി ഉണ്ടെന്നു പറയുന്ന മലയാളികളുടെ ആശങ്ക കൂട്ടിക്കൊണ്ടേയിരിക്കുന്നു.
ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം ഊർജ പരിവർത്തനം എന്ന സാർവദേശീയ ലക്ഷ്യത്തിന്റെ പരിപ്രേക്ഷ്യത്തിൽ ഇങ്ങനെ കൽക്കരി കത്തിച്ച് താപവൈദ്യുത നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇറക്കുമതി ചെയ്യുന്നത് ദീർഘ കാലം തുടരാൻ നമുക്കാവില്ല എന്നതാണ്.
താപ വൈദ്യുത നിലയങ്ങളിലെ വൈദ്യുതി ഉത്പാദനം കാലക്രമേണ കുറച്ചു കൊണ്ടുവരേണ്ടത് ഇതര ലോക രാഷ്ട്രങ്ങളേപ്പോലെ തന്നെ ഇന്ത്യയുടെയും കടമയാണ്. അടുത്ത 25 വർഷങ്ങൾക്കുള്ളിലെങ്കിലും കേരളം താപവൈദ്യുതിയിൽ നിന്ന് പൂർണമായും വിടുതൽ നേടേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങൽ കരാറുകൾ KSEBLന് തുടരേണ്ടി വന്നേക്കാം – പക്ഷേ അതെല്ലാം പൂർണമായും ഹരിത വൈദ്യുതിക്ക് മാത്രം ആയിരിക്കണം.
തീർച്ചയായും ഇറക്കുമതിയേക്കാൾ എല്ലാം കൊണ്ടും ഉചിതം ആഭ്യന്തര ഉത്പാദനം തന്നെയെന്നതിൽ തർക്കമില്ല. എങ്കിലും ഔദ്യോഗിക കേരളം മോഹിക്കുന്നതു പോലെ 2040ൽ നാട് കണി കണ്ടുണരുക സുസ്ഥിര സ്രോതസ്സുകൾ സ്വന്തമായുള്ള അക്ഷയ ഊർജത്തിന്റെ നന്മ തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്ക വയ്യ, കാരണം താഴെ കൊടുക്കുന്ന കണക്കുകളിലുണ്ട്
KSEBL വെബ്സൈറ്റ് ഡാഷ്ബോഡിൽ നിന്ന് ലഭിച്ച കണക്കുകൾ പറയുന്നത് 2023-ലെ വാർഷിക വൈദ്യുതി ഉപഭോഗം 27069 MU (MU- million units, ദശലക്ഷം യൂണിറ്റ്) ആയിരുന്നു എന്നാണ്. 2010 മുതൽ 2023 വരെയുള്ള ശരാശരി പ്രതിവർഷ വർധനവ് ഏകദേശം 3.5% ആണ് എന്നും കാണാം. കാലാവസ്ഥാവ്യതിയാനവും വൈദ്യുതവാഹനങ്ങളും കൂടി പരിഗണിച്ച് ഈ വളർച്ചാ നിരക്ക് 5% ആയി കണക്കാക്കിയാൽ 2040-ൽ വൈദ്യുതി ഉപഭോഗം ഏകദേശം 62000 MU മറി കടന്നേക്കും. ഇന്നത്തേപ്പോലെ അന്നും നമ്മുടെ ജലവൈദ്യുത പദ്ധതികൾ 7200 MU തന്നാൽ, 2040നുള്ളിൽ സ്ഥാപിച്ചെടുക്കാൻ കഴിയുന്ന എകദേശം 500 MW (മെഗാവാട്ട്) കാറ്റാടിപ്പാട ശേഷിയിൽ നിന്നും പ്രതീക്ഷിക്കാവുന്ന 1200 MU ലഭിച്ചാൽ, പിന്നെ ബാക്കി വരുന്ന 54000 MU ഉത്പാദിപ്പിക്കാൻ ഏതാണ്ട് 37000 MW ശേഷിയുള്ള സോളാർ പ്ളാന്റുകൾ വേണ്ടി വരും. അതിന് കേരളത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ ഒരു ശതമാനത്തോളം വരുന്നത്ര നിഴലില്ലാത്ത സ്ഥലം വേണം, ഇന്നത്തെ കമ്പോള നിലവാരം അനുസരിച്ച് 1.4 ലക്ഷം കോടി രൂപ ചെലവ് വരും, സങ്കീർണമായ സ്മാർട് ഗ്രിഡ് സാങ്കേതിക വിദ്യ നടപ്പിലാക്കുകയും വേണം. നാളിതു വരെ (2024 വരെ) പ്രയത്നിച്ചുണ്ടാക്കിയത് കേവലം 1000 മെഗാവാട്ട് സോളാർ മാത്രം, അതും ഒറ്റ സ്മാർട് മീറ്റർ പോലും ഇല്ലാത്ത ഗ്രിഡിൽ. അതുകൊണ്ട് 2040-നുള്ളിൽ വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കി, ആഭ്യന്തര ഉത്പാദനത്തിലൂടെ വൈദ്യുതി സ്വയംപര്യാപ്തത നേടും എന്ന് കരുതാനാവില്ല. പകരം ഹരിത വൈദ്യുതി വാങ്ങൽ കരാറുകളിലേക്ക് മാറിയാൽ നമ്മുടെ പരിസ്ഥിതിപ്രതിബദ്ധത എങ്കിലും നിറവേറ്റാം.
വൈദ്യുതി വിതരണത്തിലെ ആശങ്കകൾ, ആസൂത്രണത്തിലെ വെല്ലുവിളികൾ
2024ലെ വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം മഴക്കാലത്തേതിനേക്കാൾ വളരെയധികം ഉയർന്നു പോയത് വിതരണ ശൃംഖലയുടെ നിലവിലെ ശേഷിയെത്തന്നെ വെല്ലുവിളിക്കുന്ന നിലയിലെത്തി എന്നു മാത്രമല്ല, നിരവധി ട്രാൻസ്ഫോർമറുകൾ കത്തിപ്പോകാനും പലയിടങ്ങളിലും വൈദ്യുതി വിതരണം ഭാഗികമായെങ്കിലും മുടങ്ങാനും കാരണമായി. ഈ പ്രതിഭാസം വരുംവർഷങ്ങളിൽ തുടരുമോ എന്ന ആശങ്കയും അത് ഒഴിവാക്കാൻ മുൻകൂട്ടിയുള്ള ആസൂത്രണം ഉതകുമോ എന്ന ചോദ്യവും ഇപ്പോൾ ഉയർന്നിരിക്കുന്നു. ഭാവിയിലെ വൈദ്യുതി ആവശ്യത്തിന്റെ അളവ് പ്രവചിക്കാൻ ഗഹനമായ പഠനങ്ങൾ തന്നെ വേണം, പഠനം നടത്താൻ ഉത്പാദന-പ്രസരണ-വിതരണ മേഖലകളിലെ ഡാറ്റ ആവശ്യമാണ് – അവിടെയാണ് ആധുനിക മീറ്ററിംഗ് സംവിധാനങ്ങളുടെ (Advanced Metering Infrastructure – AMI) ആവശ്യം നേരിടുന്നത്. വർഷങ്ങളായി സ്മാർട് മീറ്ററുകളുടെ സ്ഥാപനം തടഞ്ഞുവച്ചത് ദീർഘവീക്ഷണം ഇല്ലാഞ്ഞതുകൊണ്ടു മാത്രമാണ്. ഭാവിയിലേക്കു വേണ്ട വൈദ്യുത ശൃംഖല ഇന്ന് ആസൂത്രണം ചെയ്യുമ്പോൾ ഈയൊരു കുറവ് അതിനുണ്ടാകുമെന്നുറപ്പ്.
ഇന്ന് കരണീയമായതും ഇനിയും വൈകരുതാത്തതുമായ വൈദ്യുതി ആസൂത്രണത്തിന്റെ അവിഭാജ്യ ഘടകങ്ങൾ താഴെ പറയുമ്പോലെ ആവാം എന്ന് കരുതുന്നു.
- മുൻകാലങ്ങളിലെ വൈദ്യുതി ഉത്പാദന-സമ്പാദന (ഇറക്കുമതി)-വിതരണ സംബന്ധിയായ ഡാറ്റയുടെ വിശദമായ വിശ്ളേഷണത്തിന്റെയും ഭാവിയെക്കുറിച്ചുള്ള സമഗ്രമായ അവബോധത്തിന്റെയും അടിസ്ഥാനത്തിൽ വിതരണ ശൃംഖലയിലെ സാമഗ്രികളുടെ ശേഷി പുനർനിർണയം നടത്തുക.
- ഉത്പാദന-പ്രസരണ-വിതരണ ശൃംഖലകളിലെ ഡാറ്റ സമയക്കുറിപ്പ് (time stamping) സഹിതം തൽസമയം ശേഖരിക്കാൻ AMI സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നതിന് കേന്ദ്ര ഏജൻസികളുടെ (കേന്ദ്ര വൈദ്യുതി അഥോറിറ്റി, പവർ ഗ്രിഡ് കോർപറേഷൻ മുതലായവ) സഹായം തേടുക.
- ഹരിതവൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ സാധ്യതയും പ്രബലതയും അതിന്റെ അളവും സ്ഥാനവും സഹിതം നിർണയിക്കുക.
- രാഷ്ട്ര-സംസ്ഥാന തലങ്ങളിലെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി കേരളത്തിന്റെ ഊർജപരിവർത്തനത്തിന്റെ രൂപരേഖ തയാറാക്കുക.
ഇനിയും മെച്ചപ്പെടേണ്ട ഊർജ സംരക്ഷണ ശ്രമങ്ങൾ
കേരള സംസ്ഥാനത്തെ ഊർജ സംരക്ഷണ ശ്രമങ്ങൾക്ക് നമ്മുടെ അനെർടിന്റെ പ്രായമുണ്ട്. ഊർജസംരക്ഷണത്തെക്കുറിച്ച് ഇന്ത്യയിൽ ആദ്യമായി സംസാരിക്കുന്നത് കേരളം തന്നെയാണ്, അതും ആഗോള തലത്തിൽ ഈ വിഷയം ആദ്യമായി ഉയരുന്ന തൊണ്ണൂറുകളിൽ, വൈദ്യുത വിളക്കുകളുടെ ദക്ഷതയെക്കുറിച്ചും വൈദ്യുതഉപകരണങ്ങളുടെ സ്റ്റാർ റേറ്റിങ്ങുകളെക്കുറിച്ചും ഒക്കെ മലയാളികൾ പ്രബുദ്ധരായിട്ടുപോലും വൈദ്യുതിയുടെ ദുർവ്യയം ഇന്ന് കേരളത്തിൽ വ്യാപകമാണ്. 5 സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങളുടെ ഉയർന്നവില കാര്യക്ഷമത കുറഞ്ഞ ഉപകരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. അതേ സമയം ഈ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന ഊർജത്തിന്റെ വില വാങ്ങിയ വിലയുടെ പല മടങ്ങായിരിക്കുമെന്നും മൊത്തം വില താരതമ്യം ചെയ്താൽ 5 സ്റ്റാർ ഉപകരണങ്ങൾ തന്നെയാണ് ലാഭകരമെന്നും ഉള്ള തിരിച്ചറിവ് ഉപഭോക്താക്കൾക്കില്ല തന്നെ. ഈ ബോധന ശ്രമങ്ങൾ ഫലപ്രദമായി നടത്തണമെങ്കിൽ ജനങ്ങൾ ഉപകരണങ്ങൾ വാങ്ങാനായി തിരഞ്ഞെടുക്കുന്ന രീതിയും ഈ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളും തിരിച്ചറിയണം. പെരുമാറ്റ ശാസ്ത്രം (Behavioral Science) ഇവിടെ വളരെ പ്രസക്തമാണ്.
ഗാർഹിക, വ്യാവസായിക മേഖലകളിലെ ഊർജസംരക്ഷണത്തിൽ ഇന്ന് ഏറെ പ്രാധാന്യം കൊടുക്കേണ്ട ഉപകരണം ആണ് സീലിങ് ഫാനുകൾ. BLDC ഫാനുകളിലേക്ക് മാറുന്നത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കും. പുതിയ കെട്ടിടങ്ങൾ വൈദ്യുതീകരിക്കുമ്പോഴോ വലിയ സ്ഥാപനങ്ങളിലെ വാർഷിക അറ്റകുറ്റപ്പണികൾക്കോ ആണ് ഫാനുകൾ ഒന്നിച്ച് വാങ്ങേണ്ടി വരുക. BLDC ഫാനുകളുടെ ബൾക് പർചേസിന് പ്രോത്സാഹനം ആയി മൃദു വായ്പയോ ഡിസ്കൗണ്ടോ നൽകുന്നത് ശ്രദ്ധേയമായ നേട്ടം ഉണ്ടാക്കും. ഇന്ന് നിലവിലുള്ള ഫാനുകൾ BLDC ഫാനുകളായി മാറ്റിക്കൊടുക്കുന്ന റിട്രോഫിറ്റ് കിറ്റുകളുടെ നിർമാണത്തിന് സാമ്പത്തിക ഇളവുകൾ നൽകുന്നതും ഗുണകരം ആയിരിക്കും.
പൂർണ്ണ ഹരിതോർജ്ജവും നെറ്റ് സീറോ പദവിയും
2040 ഓടെ പൂർണ്ണ ഹരിതോർജ്ജം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ 35-40 GW (ഗിഗാവാട്ട്) ശേഷിയുള്ള സൗര-പവന-ജല വൈദ്യുത പദ്ധതികൾ വേണ്ടിവരും എന്നു കണ്ടല്ലോ. ഇതിൽ ജലവൈദ്യുതപദ്ധതികൾക്ക് മാത്രമേ സ്വാശ്രയ പ്രവർത്തനം സാധ്യമാകൂ. സൗര-പവന വൈദ്യുത പദ്ധതികൾക്ക് താങ്ങായി ജല വൈദ്യുത പദ്ധതികളോ ഊർജ സംഭരണ (Energy Storage) സംവിധാനങ്ങളോ വേണ്ടി വരും. ഗ്രിഡിലെ ഉത്പാദന മിശ്രിതത്തിൽ സൗര-പവന വൈദ്യുതി പോലുള്ള സ്ഥിരതയില്ലാത്ത ഊർജത്തിന്റെ (Variable Renewable Energy, VRE) അനുപാതം ഏറെ ഉയർന്നാൽ. VRE ഉത്പാദനവും തൽസമയ ഡിമാന്റും തമ്മിലുള്ള വിടവ് നികത്താൻ ജല വൈദ്യുത പദ്ധതികൾക്കും ജലാരോഹ (Pumped Hydro, PH) പദ്ധതികൾക്കും കഴിയും. 2000 MW ശേഷിയുള്ള കേരളത്തിലെ ജലവൈദ്യുതപദ്ധതികൾക്കൊപ്പം സാധ്യമായ ശേഷിയിൽ PH കൂടി ചേർത്താൽ പോലും അഞ്ചോ പത്തോ ഗിഗാവാട്ടിലധികം VRE ഉത്പാദനത്തെ സഹായിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പവർ സിസ്റ്റം സിമുലേറ്റർ ഉപയോഗിച്ചുള്ള പഠനത്തിലൂടെ VREയുടെ ഈ പരിധി നിർണയിക്കാൻ കഴിയും. VRE ശേഷി അതിനും മേലെ ഉയർത്തുന്നത് അസാധ്യമൊന്നുമല്ല, വ്യാപകമായ വികേന്ദ്രീകൃത ഊർജ സംഭരണ (ബാറ്ററിയും സൂപ്പർ കപ്പാസിറ്ററും പോലുള്ള) സംവിധാനങ്ങളിലൂടെ 40 ഗിഗാവാട്ട് തന്നെ സാധ്യമാക്കാം – അതിന് പണവും സ്ഥലവും സാങ്കേതിക വിദ്യയും മാത്രം പോരാ, ഉയർന്നു പ്രകടമാകേണ്ട രാഷ്ട്രീയ ഇച്ഛാശക്തിയും വേണം. ഏതിനും ഈ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ മാത്രമേ അത് പ്രതീക്ഷിക്കാനാകൂ.
2050 ഓടെ കേരളം നെറ്റ് സീറോ സംസ്ഥാനമായി മാറും എന്നും പ്രതീക്ഷിക്ക വയ്യ. കാർബൺ നെറ്റ് സീറോ ജനങ്ങളിലൂടെ എന്ന നവ കേരള മിഷന്റെ മുദ്രാവാക്യം 2023 മുതൽ കേട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും ഊർജരംഗത്തെ കാർബൺ സന്തുലനം പൂർണ്ണ ഹരിതോർജ്ജവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അതിന്റെ പ്രാപ്യതയും നീണ്ടുപോകും.
കാർബൺ കാൽപാട് (Carbon footprint) നിർണയത്തിന് ഒരു രീതി നിർവചിക്കുകയും അത് ജില്ലാ തലത്തിൽ ഓരോ വർഷവും നിർണയിക്കുകയും ചെയ്യേണ്ടത് ഈ കർമ പദ്ധതിയുടെ ഭാഗമായിരിക്കണം. എങ്കിൽ മാത്രമേ ഇന്ന് ചർച്ച ചെയ്യുന്ന സന്തുലന ശ്രമങ്ങൾ സഫലമോ വിഫലമോ എന്ന് വഴിയേ അറിയാൻ കഴിയൂ. കാർബൺ കാൽപാട് നിർണയരീതി നിർവചിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് – ഖനിജ ഇന്ധന സംബന്ധിയായ കാർബൺ ഉദ്വമനം മാത്രമേ കാർബൺ കാൽപാട് ആയി നിർണയിക്കേണ്ടൂ. പ്രകൃത്യാ നടക്കുന്ന കാർബൺ ആഗിരണ-വിഗിരണ പ്രക്രിയകളുമായി ഇതിനെ ബന്ധിപ്പിക്കരുത്. ഒറ്റപ്പാലം നഗരസഭ ഈയിടെ 2022, 2023 വർഷങ്ങളിലെ കാർബൺ കാൽപാടുകൾ നിർണയിച്ച് പ്രഖ്യാപിക്കുകയുണ്ടായി. നഗരസഭയുടെ പരിധിക്കുള്ളിൽ വിതരണം ചെയ്യപ്പെട്ട വൈദ്യുതി, പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ അളവുകൾ കേന്ദ്രീകൃതമായി ശേഖരിച്ച് കാർബൺ എമിഷൻ കണക്കു കൂട്ടുകയാണ് അവിടെ ചെയ്തത്. ഇതേ രീതിയിൽ ജില്ലാ തലത്തിൽ കാർബൺ കണക്കെടുപ്പ് നടത്തുകയാണ് നവ കേരള മിഷൻ ചെയ്യേണ്ടത്.
സാധ്യമായ ഊർജ സംഭരണ സംവിധാനങ്ങൾ
ഹരിതോർജ വികസനത്തിന് എനർജി സ്റ്റോറേജ് അത്യന്താപേക്ഷിതമാണ്, കാരണം ഹരിത ഊർജത്തിനായി നമുക്ക് ആശ്രയിക്കാനുള്ളത് കാറ്റും വെയിലും പോലുള്ള അസ്ഥിര സ്രോതസുകൾ മാത്രമാണല്ലോ. ഇവിടെ ഊർജ സംഭരണത്തിന്റെ തോത് VRE ഉത്പാദനത്തിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ചോ, തൽസമയ ഉത്പാദന-ഉപഭോഗ വ്യത്യാസം അനുസരിച്ചോ, അതുമല്ലെങ്കിൽ ഗ്രിഡിലെ തൽസമയ ആവൃത്തി (frequency) അനുസരിച്ചോ നിരന്തരം ക്രമപ്പെടുത്തിക്കൊണ്ടേയിരിക്കണം. അതുകൊണ്ട് ഇവിടെ ആവശ്യമായ ജലാരോഹ സംഭരണികൾക്ക് സാധാരണ PHൽ നിന്ന് വ്യത്യസ്ഥമായി സ്പീഡ് നിയന്ത്രണം (Variable Speed Drive) വേണ്ടി വരും. ബാറ്ററിയാണ് (Battery Energy Storage System, BESS) ഉപയോഗിക്കുന്നത് എങ്കിൽ നിയന്ത്രിത ചാർജ്-ഡിസ്ചാർജ് ഓപ്പറേഷൻ എളുപ്പമാണ് എന്ന് മാത്രമല്ല ഗ്രിഡ് സ്റ്റബിലിറ്റി ഉറപ്പാക്കുന്ന അതിവേഗ നിയന്ത്രണങ്ങളും BESSൽ സാധ്യമാണ്. BESS വികേന്ദ്രീകൃതമായി എവിടെയും പെട്ടെന്ന് സ്ഥാപിച്ചെടുക്കാവുന്നതാണ്. PH ജലവൈദ്യുത പദ്ധതികളോടനുബന്ധിച്ചു മാത്രമേ നിർമ്മിക്കാനാകൂ എന്നതിനാൽ കേരളത്തിൽ മൊത്തത്തിൽ സാധ്യമായ PH ശേഷി കുറവാണ്.
കാറ്റും വെയിലും ഉപയോഗിച്ചുള്ള ആഭ്യന്തര ഊർജ ഉത്പാദനത്തിന് മാത്രമല്ല എനർജി സ്റ്റോറേജ് ഉപകരിക്കുന്നത്. വൈദ്യുതി ഇറക്കുമതിയുടെ ഹരിത കോൺട്രാക്ടുകൾ പലതും സൗരപാടങ്ങളിൽ നിന്ന് ആയിരിക്കുമല്ലോ. ഇത് പകൽ സമയം വാങ്ങുന്ന പക്ഷം കുറഞ്ഞ വിലയ്ക്ക് ലഭിച്ചേക്കാം. ഒരു പക്ഷേ ഇത് BESSൽ ശേഖരിച്ചു വച്ച് രാത്രി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് KSEBL നെ സംബന്ധിച്ചിടത്തോളം പീക് ടൈം പർചേസിനേക്കാൾ ലാഭകരമായേക്കാം.
കേരളത്തിന്റെ ഭാവി വൈദ്യുതി ഡിമാന്റ് നിറവേറ്റാൻ ഉള്ള പരിഹാര മാർഗങ്ങൾ പലതുണ്ട്. സുസ്ഥിര വികസന താൽപര്യങ്ങൾക്കും തൃപ്തികരമായ വില-ഗുണ നിലവാരങ്ങൾക്കും അനുസൃതമായി കാലാകാലങ്ങളിൽ വേണ്ട തീരുമാനങ്ങൾ എടുക്കാൻ വളരെ വിശദമായ പഠനങ്ങൾ ആവശ്യമാണ് – KSEBL അത് ഗൗരവമായി എടുക്കണം.
പീക്ക് സമയത്താണ് (5 pm – 10 pm ) ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യം,(9.50 രൂപാ ശരാശരി വില) ഡാമിൽ നിന്ന് ഈ സമയത്ത് മുഴുവൻ ജനറേറ്ററുകളും പ്രവർത്തിപ്പിക്കുകയും, ഒഴുകിപ്പോകുന്ന ജലം മറ്റ് ഒരു ഡാമിൽ ശേഖരിച്ച് പകൽ സമയത്തെ സോളാറിൽ നിന്നുള്ള വില കുറഞ്ഞ വൈദ്യുതി ( 3.40 രൂപാ) ഉപയോഗിച്ച് ഈ ജലത്തെ ഡാമിൽ തിരികെ എത്തിക്കുകയും ചെയ്താൽ അതായിരിക്കും ഏറ്റവും മെച്ചം
സൗരവൈദ്യുതി ഉൽപാദിപ്പിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം മാറ്റി അവരെ പിഴിയാതെ സൗഹാർദ്ദത്തോടെ പരമാവധി സഹായം നല്കി കൂടുതൽ ആളുകളെ പുരുഷുര’സോളാർ പദ്ധതിയിലേക്കു ആകർഷിക്കാൻ സാ്ധിച്ചാൽ ഇപ്പോഴുള്ളതിൻ്റെ ഇരട്ടിയോ മൂന്നിരട്ടിയോ സോളാർ എനർജി ഉൽ പാദിപ്പിക്കാൻ സാധിക്കും. KSEB യുടെ ഭാഗത്ത് നിന്ന് അതിനുള്ള ഇശ്ചാ ശക്തി പ്രകടിപ്പിക്കണം