27-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 2015 ജനുവരി 27 ന് ആലപ്പുഴ ക്യാംലോട്ട് കണ്വന്ഷന് സെന്ററില്‍ ആരംഭിക്കും. ജനു. 30 വരെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ്. ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഈ വര്‍ഷത്തെ മുഖ്യവിഷയം പരമ്പരാഗത വ്യവസായമായിരിക്കും. കയറും കൈത്തറിയും കശുവണ്ടിയും ഉള്‍പ്പെടെയുളള കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും പ്രാധാന്യവും സ്വാധീനവും ദൃഢപ്പെടുത്തുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. പരമ്പരാഗത വ്യവസായ മേഖലയിലെ ആലപ്പുഴയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഈ വിഷയം സ്വീകരിച്ചിരിക്കുന്നത്.
ഗവേഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളും വിദഗ്ധരും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. നാറ്റ്പാക്കിന്റെ സഹകരണത്തോടെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗവേഷണ വികസന വിഭാഗം സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ശാസ്ത്ര കോണ്‍ഗ്രസ്സിന് ഇത്തവണ നേതൃത്വം നല്‍കുന്നത് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ പ്രോജക്ട് ഡയറക്ടറായ ആലപ്പുഴക്കാരി ഡോ.ടെസ്സി തോമസ് ആണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശ്രീ. പി. മാരപാണ്ഡ്യന്‍ ഐ.എ.എസ് ആണ് ശാസ്ത്ര കോണ്‍ഗ്രസ്സ് അധ്യക്ഷൻ. പ്രഭാഷണങ്ങള്‍ മുഖ്യ വിഷയത്തിന്റെ അവതരണം ബിരുദാനന്തര വിദ്യാര്‍ത്ഥികളുടെ ആശയവിനിമയം, ശാസ്ത്ര പ്രദര്‍ശനം വിദ്യാര്‍ത്ഥി ശാസ്ത്ര കോണ്‍ഗ്രസ്സ് എന്നിവയാണ് നാലു ദിവസത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
കൃഷി, ജൈവ സാങ്കേതിക വിദ്യ, കെമിക്കല്‍ സയന്‍സ്, എന്‍ജിനിയറിംഗ് ആന്റ് ടെക്നോളജി, പരിസ്ഥിതി ശാസ്ത്രം, വനം വന്യജീവി, മത്സ്യബന്ധന, മൃഗ ശാസ്ത്രങ്ങള്‍, ജിയോ സയന്‍സ്, ആരോഗ്യ ശാസ്ത്രം, വിവര സാങ്കേതിക വിദ്യയും കംപ്യൂട്ടര്‍ സയന്‍സും, ലൈഫ് സയന്‍സ്, ഗണിത ശാസ്ത്രം, ഭ്തിക ശാസ്ത്രം, ശാസ്ത്ര വിദ്യാഭ്യാസം, ശാസ്ത്ര വിവര വിനിമയം, ശാസ്ത്രവും സമൂഹവും, ഗതാഗത എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ തെരഞ്ഞെടുത്ത 14 വിഷയങ്ങളില്‍ പ്രതിനിധികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രത്യേക വിഷയങ്ങളിലുളള സെമിനാറുകള്‍, കൂടാതെ ശാസ്ത്ര രംഗത്തെ മണ്മറഞ്ഞ മഹാരഥന്മാരായ പി ടി ഭാസ്കര പണിക്കര്‍, പി കെ ഗോപാലകൃഷ്ണൻ, പ്രൊഫ. ജാനകി അമ്മാള്‍, പ്രഫ. പി ആര് പിഷാരടി, ഡോ. പി കെ അയ്യ ങ്കാര്‍. ഡോ. ജി എൻ രാമചന്ദ്രൻ, തുടങ്ങിയവരെ അനുസ്മരിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ നടക്കും. ശാസ്ത്രരംഗത്തെ വനിതകള്‍ എന്ന പ്രത്യേക സെഷനുമുണ്ടാകും.
മികച്ച പ്രബന്ധാവതരണത്തിന് പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് നല്‍കും. ഗവേഷണങ്ങള്‍ നടത്തുന്നതിനായി ഒരു ലക്ഷം രൂപയുടെ ധനസഹായവും വിജയികള്‍ക്ക് ലഭിക്കും. ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയതിന് മികച്ച യുവശാസ്ത്രജ്ഞരായി തെരഞ്ഞെടുക്കപ്പെട്ട 8 പേരെ കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരം നല്കി ചടങ്ങില്‍ ആദരിക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ അഗ്രഗാമിയായിരുന്ന ഡോ. എസ് വാസുദേവിന്റെ പേരിലുളള ഏറ്റവും മികച്ച ശാസ്ത്ര പ്രോജക്ട് അവാര്‍ഡുകള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ വച്ചു നല്‍കും.
വനിതകളുടെ നേതൃത്വമാണ് ഇത്തവണത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു പ്രത്യേകത. ചെയര്‍പേഴ്സണായ ടെസ്സി തോമസിനൊപ്പം, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വനിതാ വിഭാഗം മേധാവി ഡോ. കെ ആര് ലേഖയാണ് ഇത്തവണ ശാസ്ത്ര കോണ്‍ഗ്രസ്സ് ജനറല്‍ കണ്‍വീനര്‍. നാറ്റ്പാക് ഡയറക്ടര്‍ ബി ജി ശ്രീദേവി, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായും പ്രവര്‍ത്തിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് http://www.ksc.kerala.gov.in/orgc.php എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.