പഴയ പ്ലാസ്റ്റിക്കെടുക്കാനുണ്ടോ, പേപ്പറാക്കിത്തരാം !

plastic
മെക്സിക്കോയിലെ ഒരു സംഘം യുവസംരംഭകര്‍ പ്ലാസ്റ്റിക്കിനെ വെള്ളം പിടിക്കാത്ത കടലാസാക്കിമാറ്റാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുന്നു. ‘പെറ്റ്’ (പോളിത്തൈലിന്‍ ടെറിഫ്താലേറ്റ്) ബോട്ടിലുകള്‍ വലിച്ചെറിയുന്നത് ധൂര്‍ത്തായി കണാക്കുന്ന ഒരു കാലം വരുമെന്ന് ചുരുക്കം.

ഒരു ടണ്‍ വാട്ടര്‍ പ്രൂഫ് പേപ്പര്‍ നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന 20 മരങ്ങളെയും 56,000 ലിറ്റര്‍ വെള്ളത്തെയും ലാഭിക്കാമെന്നതാണ് ഈ മാര്‍ഗ്ഗത്തിന്റെ ഒരു സവിശേഷത. കൂടാതെ ഇപ്രകാരമുണ്ടാക്കുന്ന മിനറല്‍ പേപ്പര്‍ സൂര്യപ്രകാശത്താല്‍ വിഘടിപ്പിക്കാവുന്നതുമാണ് (ഫൈറ്റോ ഡീഗ്രേഡബിള്‍). പരമ്പരാഗത പേപ്പര്‍ നിര്‍മ്മാണത്തേക്കാള്‍ പതിനഞ്ച് ശതമാനം കുറഞ്ഞ ചെലവില്‍ തങ്ങള്‍ക്ക് പേപ്പര്‍ നിര്‍മ്മിക്കാനാകുമെന്നാണ് ക്രോണോളജി എന്ന പേരിലുള്ള നിര്‍മ്മാതാക്കളുടെ അവകാശവാദം . അതായത് ഈ രീതിക്ക് വെള്ളമോ ക്ലോറിന്‍ പോലുള്ള രാസവസ്തുക്കളോ ഉപയോഗിക്കേണ്ടി വരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദപരമാണ് ഈ രീതിയെന്നും കാണാം.

tree cutസാധാരണ പേപ്പറിനേക്കാള്‍ ഗുണനിലവാരം മിനറല്‍ പേപ്പര്‍, പെറ്റാ പേപ്പര്‍, സ്റ്റോണ്‍ പേപ്പര്‍ എന്നൊക്കെ അറിയപ്പെടുന്ന വിഭാഗത്തില്‍പെടുന്ന ഈ പേപ്പറിനുണ്ടത്രേ. കൈകൊണ്ട് കീറാന്‍ കഴിയില്ല, വെള്ളം പിടിക്കില്ല, ഉണക്കി വിഘടിപ്പിക്കാം, മഷി പടരില്ല എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ മുതല്‍ പാക്കിംഗ് വ്യവസായത്തിനുവരെ ഇത് ഉപയോഗിക്കാം.

സ്പെയിനിലെയും തായ്‌വാനിലെയും കമ്പനികള്‍ ഇതിനുമുന്നേ തന്നെ ഈ പേപ്പര്‍ വികസിപ്പിച്ചെടുത്തിരുന്നെങ്കിലും തങ്ങളുടെ രീതിയാണ് ഏറ്റവും ചെലവ് കുറഞ്ഞത് എന്ന് ക്രോളോജിക്കാര്‍ അവകാശപ്പെടുന്നു.

പ്ലാസ്റ്റിക് ബോട്ടിലുകളെ കാത്സ്യം കാര്‍ബണും മറ്റുമായി ചേര്‍ത്ത്  പെല്ലറ്റുകളായി പൊടിച്ച ശേഷം 100 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി പേപ്പറുണ്ടാക്കുന്ന ഒരു യന്ത്രത്തിലൂടെ കടത്തിവിട്ട് പാളികളാക്കി മാറ്റുന്നതാണ് പ്രധാന നിര്‍മ്മാണ രീതി. ഒരു ടണ്‍ മിനറല്‍ പേപ്പര്‍ ഉല്പാദിപ്പിക്കുവാന്‍ 235 കിലോ പെറ്റ് ബോട്ടിലുകള്‍ വേണ്ടിവരും.

ഇവയുടെ ഏക പരിമിതിയായി ഉല്പാദകര്‍ പറയുന്നത് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ജെല്‍ പേനകള്‍ ഉപയോഗിച്ച് എഴുതുന്നത് സുഗമമായിരിക്കില്ല എന്നതാണ്. അതേസമയം സാധാരണ മഷിവെച്ച് നന്നായി എഴുതുകയും ചെയ്യാം.

[divider]

സ്രോതസ്സ് : www.sciencedaily.com

Leave a Reply