Read Time:6 Minute
കേരള വികസനവുമായി നടക്കുന്ന ചര്‍ച്ചകളില്‍ പൊതുജനാരോഗ്യം സംബന്ധിച്ച് നടപ്പിലാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടുവെക്കുന്ന കർമ്മപരിപാടികൾ
- പൊതുമേഖല ആരോഗ്യ സംവിധാനങ്ങൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള യൂണിവേഴ്സൽ ഹെൽത്ത് കെയർ മാതൃക വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക.
- പകർച്ചവ്യാധികളും പകർച്ചേതര രോഗങ്ങളും മാനസിക രോഗങ്ങളും അപകടം മൂലമുണ്ടാകുന്ന മരണവും ആരോഗ്യ പ്രത്യാഘാതങ്ങളും അടങ്ങിയ രോഗാതുരത കുറയ്ക്കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കുക. രോഗാതുരത കുറയ്ക്കുന്നതിലൂടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യച്ചെലവ് കുറയ്ക്കാനുമാണ് ശ്രമിക്കേണ്ടത്.
- പല ആരോഗ്യ സൂചികകളുടെ കാര്യത്തിലും ഇന്നും കേരളത്തിലെ പൊതു നിലവാരത്തിൽ താഴെ നിൽക്കുന്ന ആദിവാസി സമൂഹങ്ങൾക്കു വേണ്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കുക. സമയബന്ധിതമായി ആദിവാസികളുടെ ആരോഗ്യ നിലവാരം മറ്റുള്ളവർക്കൊപ്പമെത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം.
- ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് നടത്തിപ്പ് കാലതാമസം കൂടാതെ പൂർത്തിയാക്കുക. ആക്ടിൽ വിവിധ ചികിത്സയ്ക്കായി ചുമത്താവുന്ന ഫീസ് നിജപ്പെടുത്തുക.
- പൊതുജനാരോഗ്യ നിയമം ചർച്ച ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക.
- കോവിഡ് 19 നോടനുബന്ധിച്ചുണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സംവിധാനം കൊണ്ടുവരിക.
- സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കാവുന്ന തരത്തിൽ ബ്ലഡ് ബാങ്ക് സേവനങ്ങളുടേയും ആംബുലൻസ് സേവനങ്ങളുടേയും ഒരു നെറ്റ്‌വർക്ക് തയ്യാറാക്കുക.
- കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെയും പ്രയോഗങ്ങളെയും ജ്ഞാനോല്പാദന പ്രക്രിയയിലേക്കു കൊണ്ടുവരാവുന്ന രീതിയിൽ വികേന്ദ്രീകൃതമായ ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക.
- ഏകാരോഗ്യം (വൺ ഹെൽത്ത്) സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ പൊതു ജനാരോഗ്യ പ്രശ്നങ്ങളെയും പ്രയോഗങ്ങളെയും നവീകരിക്കാനും പരിഷ്കരിക്കാനുമുള്ള ഒരു കർമ്മ പരിപാടി ഉണ്ടാക്കുക.
- വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളിലുള്ള സങ്കീര്‍ണത കണക്കിലെടുത്ത് സമഗ്രമായ വയോജനാരോഗ്യ സംരക്ഷണ പരിപാടി (Comprehensive Geriatric Health Care Program) ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
- സംസ്ഥാനത്തെ ആശുപത്രികളിലെ ഉപയോഗത്തിന് ആവശ്യമുള്ളത്രയും ഔഷധങ്ങളും ഔഷധ ചേരുവകളും നിർമിക്കാൻ കഴിയുന്ന തരത്തിൽ ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയെ ശക്തിപ്പെടുത്തുക.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ പ്രോജക്ടുകൾ തയ്യാറാക്കല്‍, ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, ആരോഗ്യ പഠനങ്ങൾ നടത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹായം നല്‍കുന്നതിനുമുള്ള നോഡല്‍ ഏജന്‍സിയായി മെഡിക്കൽ കോളേജുകളിലെ സാമൂഹ്യാരോഗ്യ (കമ്മ്യൂണിറ്റി മെഡിസിൻ) വിഭാഗങ്ങളെ മാറ്റുക.
- ആരോഗ്യ വകുപ്പിൽ പബ്ലിക്ക് ഹെൽത്ത് കേഡർ നടപ്പിലാക്കുക.
- ജനങ്ങളുടെ ആരോഗ്യാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പരാതികൾ അന്വേഷിച്ച് പരിഹരിക്കാൻ വേണ്ടി മെഡിക്കൽ ഓംബുഡ്സ് മാനെ നിയോഗിക്കുക. പൊതുജനതാത്പര്യത്തെ പ്രതിനിധാനം ചെയ്യുന്നത് ഓബുഡ്സ്മാന്റെ ചുമതലയായിരിക്കണം.
- ആരോഗ്യ സേവന മേഖലയിലേക്കുള്ള നിയമനങ്ങൾ കാലാനുസൃതമായും ത്വരിത ഗതിയിലും നടത്തുന്നതിന് ഒരു പ്രത്യേക മെഡിക്കൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുക.
- നഗരാരോഗ്യ പദ്ധതി (Urban Health Care Programme) നടപ്പിലാക്കുക.
- പബ്ലിക്ക് ഹെൽത്ത് ലാബറട്ടറിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പബ്ലിക് ഹെൽത്ത് ലാബറട്ടറികൾ സ്ഥാപിക്കുക.
- കേരള സ്റ്റേറ്റ് ഡ്രഗ് ഫോർമുലറി തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ ഡ്രഗ് ഫോർമുലറി സമിതിയെ നിയോഗിക്കുക.
- ഒരു കേരള ഏകീകൃത മെഡിക്കൽ പ്രാക്റ്റീഷണേഴ് സ് ആക്ട് (The Kerala Unified Medical Practioners Act) തയ്യാറാക്കി നടപ്പിലാക്കുക.
- ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals) സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
Related
0
0