Read Time:32 Minute


ഡോ. സി. ജോര്‍ജ് തോമസ്

ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.

ആവാസവ്യവസ്ഥ എന്നാല്‍?

സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ സമൂഹമായി, ഭൂപ്രകൃതിയുടെയും പരിസ്ഥിതിയിലെ ജീവനില്ലാത്ത മറ്റ് ഘടകങ്ങളുമായി സംയോജിച്ച് ഒരു വ്യവസ്ഥയായി ഇടപഴകുകയും പരസ്പരം ഇഴ ചേര്‍ന്ന് ഒത്തുചേരുകയും ചെയ്യുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ അഥവാ ഇക്കോസിസ്റ്റം.

ആവാസവ്യവസ്ഥകൾ ഒരു വനം പോലെ വലുതായിരിക്കാം, അല്ലെങ്കിൽ ഒരു കുളം പോലെ ചെറുതാകാം. പലതും മനുഷ്യനിലനില്‍പ്പിന് നിർണ്ണായകമാണ്. ജനങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, നിർമ്മാണ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ആവാസവ്യവസ്ഥകളില്‍ നിന്നു ലഭിക്കുന്നു. കാലാവസ്ഥാ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക സേവനങ്ങളും ഇവ നൽകുന്നു. സമീപദശകങ്ങളിൽ, മനുഷ്യരുടെ വിഭവങ്ങളോടുള്ള ആര്‍ത്തി പല ആവാസവ്യവസ്ഥകളെയും തകര്‍ച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം നാം ഓര്‍ക്കണം.

ലോകത്തിലെ എട്ട് പ്രധാന ആവാസവ്യവസ്ഥകൾ

  1. വനങ്ങൾ
  2. കൃഷിസ്ഥലങ്ങൾ
  3. ശുദ്ധജല ആവാസവ്യവസ്ഥ (നദികളും, തടാകങ്ങളും, തണ്ണീര്‍ത്തടങ്ങളും),
  4. പർവതങ്ങൾ,
  5. ചുള്ളിക്കാടുകള്‍, പുൽമേടുകൾ, സാവന്നകൾ,
  6. സമുദ്രങ്ങളും തീരങ്ങളും,
  7. പീറ്റ്ഭൂമി (peatlands),
  8. നഗര പ്രദേശങ്ങൾ എന്നിവയാണ്.

എന്താണ് ഇക്കോസിസ്റ്റം പുനസ്ഥാപനം?

വനങ്ങളും കൃഷിസ്ഥലങ്ങളും മുതല്‍ സമുദ്രങ്ങൾ വരെയുള്ള ആവാസവ്യവസ്ഥകളുടെ ഊർജ്ജവും വൈവിധ്യവുമാണ് മനുഷ്യന്റെ അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അടിസ്ഥാനം. എന്നിട്ടും, നാം ഈ വിലയേറിയ വിഭവങ്ങളെ ഭയാനകമാംവിധം മാറ്റിമറിക്കുകയും കേടുവരുത്തുകയുമാണ്. ഈ അവസ്ഥ മാറ്റാനും ജനങ്ങള്‍ക്കും പ്രകൃതിക്കും സുസ്ഥിരമായ ഭാവി ഉറപ്പ് വരുത്താനുമുള്ള അവസരമാണ് യു. എൻ ആവാസവ്യവസ്ഥ പുനസ്ഥാപനദശകം കൊണ്ട് ഉദ്ദേശിക്കുന്നത്.

അധപതിച്ചതോ നശിച്ചതോ ആയ ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പിന് സഹായിക്കുക, നിലവീലുള്ള പരിസ്ഥിതി വ്യവസ്ഥകളെ പരിക്കുകളൊന്നും ഏശാതെ സംരക്ഷിക്കുക എന്നിവയാണ് ഇക്കോസിസ്റ്റം പുനസ്ഥാപിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ ഫലഭൂയിഷ്ഠമായ മണ്ണ്, തടിയുടെയും മത്സ്യത്തിന്റെയും നല്ലവിളവ്, ഹരിതഗൃഹ വാതകങ്ങളുടെ വലിയ തോതിലുള്ള സംഭരണം എന്നീ മികച്ച നേട്ടങ്ങളും സമ്പന്നമായ ജൈവവൈവിധ്യമുള്ള ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ നൽകുന്നു. പുനസ്ഥാപനം പല തരത്തിൽ നടപ്പില്‍ വരുത്താം. ഉദാഹരണത്തിന്, സജീവമായ നടീൽ വഴിയോ അല്ലെങ്കിൽ നിലവിലുള്ള സമ്മർദ്ദങ്ങൾ നീക്കം ചെയ്യുന്നതിലൂടെയോ പ്രകൃതിക്ക് ആവാസവ്യവസ്ഥകള്‍ സ്വയം വീണ്ടെടുക്കാൻ കഴിയും.

2021 മുതൽ 2030 വരെ, അധപതിച്ച 350 ദശലക്ഷം ഹെക്ടർ ഭൗമ, ജല ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുന്നതിലൂടെ 9 ട്രില്യൺ ( 90,000 കോടി) ഡോളർ മൂല്യമുള്ള പരിസ്ഥിതി സേവനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തിൽ നിന്ന് 13 മുതൽ 26 ജിഗാടൺ (1 ജിഗാടൺ 100 കോടി ടണ്‍ ആണ്) ഹരിതഗൃഹ വാതകങ്ങൾ നീക്കംചെയ്യാനും കഴിയും. ഇത്തരം ഇടപെടലുകളുടെ സാമ്പത്തിക നേട്ടങ്ങൾ നിക്ഷേപച്ചെലവിന്റെ ഒൻപത് മടങ്ങ് കവിയുമെന്ന് കണക്ക് കൂട്ടുന്നു. അതേസമയം, നിഷ്ക്രിയത്വം തുടര്‍ന്നാല്‍ പരിസ്ഥിതി പുനസ്ഥാപനത്തിന് ചിലവിടുന്നതിനെക്കാള്‍ കുറഞ്ഞത് മൂന്നിരട്ടി നഷ്ടം വരികയും ചെയ്യും.

ഒരു ആവാസവ്യവസ്ഥയെ അതിന്റെ പഴയ യഥാർത്ഥ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നത് എല്ലായ്പ്പോഴും അഭികാമ്യമായെന്ന് വരില്ല. ഉദാഹരണത്തിന്, ഒരു കാലത്ത് വനമായിരുന്ന ഭൂമിയിൽ നമുക്ക് ഇപ്പോഴും കൃഷിസ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ജന്തുസമൂഹങ്ങളെപ്പോലെ ആവാസവ്യവസ്ഥകളും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുമുണ്ട്.

വനങ്ങൾ, കൃഷിസ്ഥലങ്ങൾ, നഗരങ്ങൾ, തണ്ണീർത്തടങ്ങൾ, സമുദ്രങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം ആവാസവ്യവസ്ഥകളും പുനസ്ഥാപിക്കാൻ കഴിയും. സര്‍ക്കാരുകളും വികസന ഏജൻസികളും മുതൽ ബിസിനസുകാര്‍, സമൂഹങ്ങള്‍, വ്യക്തികൾ വരെ ഏതൊരാൾക്കും പുന സ്ഥാപന സംരംഭങ്ങൾ ആരംഭിക്കാനും ഒത്താശ നല്‍കാനും കഴിയും. ലോകത്തിലെ പ്രധാന ആവാസവ്യവസ്ഥകളെക്കുറിച്ച് സാമാന്യമായി മനസ്സിലാക്കാം.

1.വനങ്ങൾ

ഭൂമിയെ സജീവമായി നിലനിര്‍ത്തുന്നതില്‍ വനങ്ങളും മരങ്ങളും വന്യ ജീവികളും വഹിക്കുന്ന പങ്ക് വലുതാണ്. അവ നമുക്ക് ശുദ്ധമായ വായുവും വെള്ളവും നൽകുന്നു. ധാരാളം കാർബൺ സംഭരിക്കുന്നതിലൂടെയും കാലാവസ്ഥയെ മിതമാക്കുന്നതിലൂടെയും ആഗോള താപത്തിനെതിരായ നിർണായക പ്രതിരോധമാണ് വനങ്ങള്‍. ഭൂമിയിലെ അതിശയകരമായ ജൈവവൈവിധ്യത്തിന്റെ ഭൂരിഭാഗവും വനങ്ങളുടെ സംഭാവനയാണ്. കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് വനങ്ങള്‍.

വന ആവാസവ്യവസ്ഥകൾ നമ്മുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ കൂടുതൽ ഭൂമിക്കും വിഭവങ്ങൾക്കുമുള്ള ആവശ്യങ്ങളുടെ ഫലമായി കടുത്ത സമ്മർദ്ദത്തിലാണ്. ആഗോളതലത്തിൽ, പ്രതിവർഷം ഏകദേശം 4.7 ദശലക്ഷം ഹെക്ടർ ഉഷ്ണമേഖലാവനം നമുക്ക് നഷ്ടപ്പെടുന്നുവെന്ന് കണക്കാക്കുന്നു. തടി വെട്ടല്‍, വിറക് മുറിക്കൽ, മലിനീകരണം, അധിനിവേശ കളകള്‍, ആക്രമണാത്മക കീടങ്ങൾ, കാട്ടുതീ എന്നിവ കാരണം അവശേഷിക്കുന്ന പല വനങ്ങളും നശിപ്പിക്കപ്പെടുന്നു. വീടുകൾക്കും റോഡുകൾക്കും ഡാമുകൾക്കും തീവ്രമായ കാർഷിക മേഖലയ്ക്കും വഴിയൊരുക്കാൻ കാടുകൾക്ക് പുറത്തുള്ള മരങ്ങൾ പോലും വെട്ടി മാറ്റുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതൽ വഷളാകുന്ന കാട്ടുതീ വന ആവാസവ്യവസ്ഥകളെ നശിപ്പിക്കും.

വന ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. നശിച്ച വനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നത്തിന് മരങ്ങൾ നട്ടു മടക്കിനൽകുന്ന രീതി ഉപകാരപ്പെടും. അത് പോലെ തന്നെ, അധപതിച്ചതും ഉപയോഗിക്കാത്തതുമായ കൃഷിസ്ഥലവും വന പുനസ്ഥാപനത്തിന് അനുയോജ്യമാണ് . നാടന്‍ മരങ്ങള്‍ നടുന്നതിനൊപ്പം കാട്ടുചെടികളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതും വന ആവാസവ്യവസ്ഥയുടെ ഭാഗമായ മണ്ണിനെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള വനങ്ങളിൽ, വൃക്ഷത്തിന്റെ ആവരണം പുനരുജ്ജീവിപ്പിക്കുന്നതിന് ആ വനത്തിന്റെ തന്നെ ഭാഗമായുള്ള മരങ്ങള്‍ കൃത്രിമമായി നട്ടു പിടിപ്പിക്കാം. ചില സന്ദർഭങ്ങളിൽ, വനവൃക്ഷങ്ങൾ സ്വാഭാവികമായി വീണ്ടും വളരും.

2. കൃഷിസ്ഥലങ്ങൾ (farmlands)

മനുഷ്യജീവിതത്തെ നിലനിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആവാസവ്യവസ്ഥയാണ് കൃഷിസ്ഥലങ്ങൾ. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മനുഷ്യന്‍ വനമേഖല വിട്ട് ഈ ആവാസവ്യവസ്ഥയുടെ ഭാഗമാകുന്നത്. ഭൂമിയുടെ മൂന്നിലൊന്നിൽ കൂടുതൽ ഭൂപ്രദേശങ്ങളും കൃഷിസ്ഥലങ്ങളാണ്. ഭക്ഷണം, കാലിത്തീറ്റ, നാരുകൾ എന്നിവക്കു പുറമെ, പാടങ്ങളും മേച്ചിൽപ്പുറങ്ങളും പക്ഷികൾ, വവ്വാലുകൾ, ഷഡ്പദങ്ങള്‍, പുഴുക്കൾ തുടങ്ങി ധാരാളം ജീവജാലങ്ങളുടെ വീടായി മാറുന്നുമുണ്ട്. നൂറ്റാണ്ടുകളുടെ മനുഷ്യപ്രയത്നവും ചാതുര്യവും കൊണ്ട് അടയാളപ്പെടുത്തിയ ഈ ആവാസവ്യവസ്ഥകൾ നമ്മുടെ സാംസ്കാരിക ഭൂമികകള്‍ കൂടിയാണ്.

കൃഷിസ്ഥലങ്ങളെ ഉപയോഗിക്കുന്ന രീതി അവയുടെ ചൈതന്യത്തെ ചോര്‍ത്തിക്കളയുന്ന രീതിയിലാവരുത്. തീവ്രമായ ഉഴവും, കൃഷിരീതികളും, ഏകവിളതോട്ടങ്ങളും, അമിത കാലിമേച്ചിലും, മരങ്ങളെ മുറിച്ച് മാറ്റുന്നതും, മഴയും കാറ്റും കൊണ്ടുള്ള മണ്ണൊലിപ്പിന് ആക്കം കൂട്ടുകയും വിലയേറിയ മണ്ണ് നഷ്ടപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. രാസവളത്തിന്റെ അമിത ഉപയോഗം ജലസ്രോതസ്സുകളെ മലിനമാക്കുകയും മണ്ണിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായുള്ള വിഷവീര്യമേറിയ കീടനാശിനികളുടെ ഉപയോഗം പരാഗണത്തിന് സഹായിക്കുന്ന തേനീച്ച പോലുള്ള പ്രാണികൾ ഉൾപ്പെടെയുള്ള വന്യജീവികളെ ദോഷകരമായി ബാധിക്കുന്നു. ജനപ്പെരുപ്പമാണ് കൃഷിസ്ഥലങ്ങളുടെ സൂസ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകം. ഇന്നത്തെ 790 കോടി ജങ്ങള്‍ എന്നത് 2050 ല്‍ 1000 കോടി കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതായത്, ഇന്നത്തെ ഭക്ഷ്യോല്‍പ്പാദനം 70 ശതമാനം കണ്ടു വര്‍ദ്ധിപ്പിക്കേണ്ടി വരും!

കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രകൃതിയുടെ മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിച്ച് കൊണ്ട് കാർഷിക ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കാൻ ഗ്രാമീണ സമൂഹങ്ങള്‍ക്കു കഴിയണം. സുസ്ഥിരകൃഷി രീതികളുടെ ഭാഗമായി പ്രകൃതിദത്ത വളങ്ങളുടെ ഉപയോഗവും കീട നിയന്ത്രണവും ഉയര്‍ത്തിക്കൊണ്ട് വരണം. വിള പരിക്രമണങ്ങളും വൃക്ഷങ്ങൾ ഉൾപ്പെടെ കൂടുതൽ വൈവിധ്യമാർന്ന വിളകൾ വളർത്തുന്നതും കന്നുകാലികളെ വളർത്തുന്നതുമായി സംയോജിപ്പിക്കുന്നതും ജൈവവൈവിധ്യത്തെ പുനസ്ഥാപിക്കാനും കൂടുതൽ പോഷകങ്ങള്‍ നൽകാനും കഴിയും. ഉത്തമകൃഷിരീതികളിലൂടെ ജൈവകാർബൺ സംഭരണവും, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനവും ത്വരിപ്പിച്ച് മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത നിലനിർത്താനും കഴിയും.

3. ശുദ്ധജല ആവാസവ്യവസ്ഥകൾ (നദികള്‍, തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍)

ശുദ്ധജല ആവാസവ്യവസ്ഥകൾ ബഹുസഹസ്രം ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഊർജ്ജവും പ്രദാനം ചെയ്യുന്നു. വരൾച്ചയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നു. കണ്ടൽക്കാടുകൾ, ഉൾനാടൻ തടാകങ്ങൾ, മത്സ്യങ്ങൾ ധാരാളമുള്ള തോടുകളും പുഴകളും, തണ്ണീർത്തടങ്ങൾ എന്നിവ ഇവയില്‍പ്പെടും. കടല്‍ത്തീരമണ്ണൊലിപ്പിനും സുനാമികൾക്കും എതിരെ കണ്ടൽക്കാടുകൾ തീര്‍ക്കുന്ന കവചം ഏവര്‍ക്കും അറിവുള്ളതാണല്ലോ? ശുദ്ധജല ആവാസവ്യവസ്ഥ പല തരത്തിലുള്ള ഭീഷണികള്‍ നേരിടുന്നു. രാസവസ്തുക്കൾ, പ്ലാസ്റ്റിക്, മലിനജലം എന്നിവയിൽ നിന്നുള്ള മലിനീകരണവും, ജലസേചനം, വൈദ്യുതി ഉൽപാദനം, വ്യവസായം, കുടിവെള്ളം, മത്സ്യബന്ധനം എന്നിവക്കെല്ലാമായി വെള്ളം അമിതമായി ചൂഷണം ചെയ്യപ്പെടുന്നതും ഉദാഹരണങ്ങള്‍. അണക്കെട്ടുകൾ, മണൽ ഖനനം എന്നിവയിൽ നിന്നുമുള്ള ഭീഷണികളും ചെറുതല്ല.

സുരക്ഷിതവും സമൃദ്ധവുമായ ജലം ഒരു ആഡംബരമായി മാറിയിരിക്കുന്നു. ശുദ്ധജല ആവാസവ്യവസ്ഥയെ പരിരക്ഷിക്കുന്നതും പുനസ്ഥാപിക്കുന്നതും ജലത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, എല്ലാ മലിനജലവും സംസ്കരിച്ച് മാത്രമേ പുറത്തേക്ക് ഒഴുക്കാന്‍ പാടുള്ളു. മീൻപിടുത്തവും മണല്‍ ഖനനവും നിയന്ത്രിക്കണം. മല്‍സ്യങ്ങളുടെ സ്വഭാവിക പ്രജനനത്തിന് “ഊത്ത പിടുത്തം” ഒരു കരണവശാലും അനുവദിക്കാന്‍ പാടില്ല. നദീതട ബന്ധം പുനസ്ഥാപിക്കുന്നതിനായി ഡാമുകൾ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യാന്‍ കഴിയണം.

ശുദ്ധജല ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുനസ്ഥാപിക്കൽ എന്നാൽ മലിനീകരണം തടയുക, മാലിന്യങ്ങൾ കുറയ്ക്കുക, സംസ്കരിക്കുക, വെള്ളത്തിന്റെയും മത്സ്യത്തിന്റ്റെയും ആവശ്യം കൈകാര്യം ചെയ്യുക, ഉപരിതലത്തിന് മുകളിലും താഴെയുമുള്ള സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നിവയൊക്കെയാണ്.

4. പർവതനിരകൾ (mountains)

ഭൂമിയുടെ കരഭാഗത്തിന്റെ നാലിലൊന്നും പർവതങ്ങൾ കൈവശപ്പെടുത്തിയിരിക്കുകയാണ്! ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകള്‍ എന്നു വിളിക്കുന്നവയില്‍ ഭൂരിഭാഗവും പര്‍വത പ്രദേശങ്ങളിലാണ് ഉള്ളത്. മാത്രമല്ല, എകദേശം പകുതിയോളം മനുഷ്യര്‍ക്കുള്ള ശുദ്ധജലം നല്‍കുന്നതും പര്‍വത പ്രദേശങ്ങളാണ്. ഹിമ പുള്ളിപ്പുലികൾ, പർവത ഗോറില്ലകൾ എന്നിങ്ങനെയുള്ള അനേകം ജീവജാലങ്ങള്‍ വസിക്കുന്ന ഇടം കൂടിയാണ് പർവതപ്രദേശങ്ങള്‍. പലതരം ആവാസവ്യവസ്ഥകൾ ഇവിടെ കാണാം.

പർവത പ്രദേശങ്ങൾ മനുഷ്യന്റെ സമ്മർദ്ദങ്ങളിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുമുള്ള വിവിധങ്ങളായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. കുത്തനെയുള്ള ചരിവുകൾ സ്ഥിരം കാഴ്ചയാണ്. കൃഷി, വാസസ്ഥലങ്ങൾ, അടിസ്ഥാന സൌകര്യങ്ങൾ എന്നിവയ്ക്കായി വനം വെട്ടിമാറ്റുന്നത് ഗുരുതരമായ മണ്ണൊലിപ്പിനും ആവാസവ്യവസ്ഥയുടെ നാശത്തിനും കാരണമാകും. മണ്ണൊലിപ്പും മലിനീകരണവും താഴേക്ക് ഒഴുകുന്ന ജലത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിത്തോട്ടങ്ങൾ, നഗരങ്ങൾ, വ്യവസായം, വൈദ്യുത നിലയങ്ങൾ എന്നിവയിലേക്കുള്ള ജലവിതരണത്തിന്റെ അളവിനെയും ബാധിക്കുന്നു. കുതിച്ചുയരുന്ന താപനില ജീവിവർഗങ്ങളെയും ജനങ്ങളെയും ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് പ്രേരിപ്പിക്കുന്നു.

പർവത ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുക എന്നതിനർത്ഥം മുഴുവൻ പ്രകൃതിയെയും പരിഗണിക്കുക എന്നതാണ്. വനവല്‍ക്കരണം ഉൾപ്പെടെ പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾക്ക് മണ്ണ് സംരക്ഷിക്കാനും, ജലപ്രവാഹം സംരക്ഷിക്കാനും, പ്രകൃതിദുരന്തങ്ങളായ ഹിമപാതങ്ങൾ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയിൽ നിന്ന് രക്ഷനേടാനും കഴിയും. നദികളും മറ്റ് ആവാസ വ്യവസ്ഥകളും വിഘടിക്കുന്നത് ഒഴിവാക്കാൻ ഡാമുകളും റോഡുകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശരിയായി ആസൂത്രണം ചെയ്യാൻ കഴിയണം. പര്‍വതപ്രദേശങ്ങളിലെ കൃഷിഭൂമിയില്‍ കാർഷിക വനവല്‍ക്കരണം (അഗ്രോഫോറസ്ട്രി), കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതിന് ഉതകുന്ന ഒന്നാണ്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം സുസ്ഥിരമായി നിലനിർത്തുന്നതിൽ തദ്ദേശീയമായ അറിവിനും കാര്യമുണ്ട്.

5. ചുള്ളിക്കാട്, പുൽമേടുകൾ, സാവന്നകൾ (Shrublands, grasslands, and savannahs)

ചുള്ളിക്കാടും, പുൽമേടുകളും, സാവന്നകളും ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളാണ്. വിപുലമായ കന്നുകാലി വളര്‍ത്തലിനായി ഇടയന്മാർ ഉപയോഗിക്കുന്ന റേഞ്ച്‌ലാൻഡുകളുടെ പ്രധാന ഘടകമാണ് ഈ ആവാസവ്യവസ്ഥകൾ. പല തരം മൃഗങ്ങളും, പക്ഷികളും, മറ്റു പ്രാണികളും ഇത്തരം ആവാസവ്യവസ്ഥകളുടെ ഭാഗമാണ്. അമിതമായ ചൂഷണത്തിലൂടെയും മോശം മാനേജ്മെന്റിലൂടെയും കുറ്റിച്ചെടികളും പുൽമേടുകളും സാവന്നകളും നശിക്കുകയാണ്. പോഷകങ്ങളും ജലലഭ്യതയും കൂടുതലുള്ള പ്രദേശങ്ങൾ കൃഷിസ്ഥലമാക്കപ്പെടുന്നു. വളരെയധികം കാലിമേച്ചിലും മോശം മാനേജ്മെൻറും ഈ പ്രദേശങ്ങള്‍ മണ്ണൊലിപ്പിന് വിധേയമാകുന്നതിനും കുറ്റിച്ചെടികളെയും അധിനിവേശസസ്യങ്ങളെയും വേഗത്തിൽ ആക്രമിക്കാൻ അനുവദിക്കുകയും സ്വസ്ഥാന സസ്യങ്ങളെ മാറ്റുകയും ചെയ്യും. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നതും അങ്ങിനെയാണ്

ഈ മേഖലകളുടെ ഉചിതമായ പുനസ്ഥാപനം അത്യന്താപേക്ഷിതമാണ്. ഇവ കാര്‍ഷിക മേഖലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഒഴിവാക്കുക തന്നെ വേണം. നശിച്ചുപോയ ചുള്ളിക്കാടുകള്‍, പുൽമേടുകള്‍, സാവന്നകള്‍ എന്നിവയുടെ തിരിച്ചുവരവിനെ സഹായിക്കുന്നതിനുള്ള പ്രവർത്തനത്തിൽ അധിവേശ കളകളെ നശിപ്പിക്കുന്നതും, ചെടികള്‍ നടുന്നതും, നാടന്‍പുല്ലുകൾ വീണ്ടും വിതയ്ക്കുന്നതും ഉൾപ്പെടുന്നു. ഉന്മൂലനം ചെയ്യപ്പെട്ട സസ്യജന്തുജാലങ്ങളെ വീണ്ടും പരിചയപ്പെടുത്തുകയും അവയെ വേട്ടയാടലിൽ നിന്നും സംരക്ഷിക്കുകയും ചെയ്യാം. ഈ ആവാസവ്യവസ്ഥയുടെ സ്വാഭാവിക രൂപവത്കരണവും പുൽമേടുകളെ ഇഷ്ടപ്പെടുന്ന പക്ഷികൾ പോലുള്ള ജീവജാലങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുണ്ട്. ഈ ആവാസവ്യവസ്ഥകളെ സുസ്ഥിരമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികളിൽ കന്നുകാലി ഉടമകള്‍ക്കും മറ്റ് ഉപയോക്താക്കൾക്കും വലിയ പങ്കുണ്ടായിരിക്കണം. ജലം, മരം, വന്യജീവികള്‍, ധാതുക്കൾ, മറ്റ് വന ഉൽപന്നങ്ങൾ തുടങ്ങിയ വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നത് സുസ്ഥിരമായി തുടരേണ്ടതുണ്ട്.

പുല്‍മേടുകളുടെ കേരളത്തിലെ സ്ഥിതി പരിതാപകരമാണ്.  1960-61 ല്‍ 45,000 ഹെക്ടര്‍ പുല്‍മേടുകളുണ്ടായിരുന്നു. 2012-13ല്‍ രേഖപ്പെടുത്തിയത് 118 ഹെക്ടര്‍,  2018-19 ലെ കണക്ക് പ്രകാരം സ്ഥിരം പുല്‍മേടുകളേ ഇല്ല!

6. സമുദ്രങ്ങളും തീരങ്ങളും (Oceans and coasts)

ഭൂമിയുടെ 70 ശതമാനത്തിലധികവും സമുദ്രങ്ങളും കടലുകളും ഉൾക്കൊള്ളുന്ന ഒരു നീല ഗ്രഹത്തിലാണ് നാം ജീവിക്കുന്നത്. സമുദ്രങ്ങൾ നമുക്ക് ഭക്ഷണം നൽകുന്നു, കാലാവസ്ഥ നിയന്ത്രിക്കുന്നു, നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നു. വിനോദ സഞ്ചാരം, മല്‍സ്യബന്ധനം, തുടങ്ങിയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെ അവ സഹായിക്കുന്നു. സമുദ്രത്തിലെ വിവിധ ആവാസ വ്യവസ്ഥകളിൽ തിമിംഗലങ്ങൾ മുതൽ പ്ലാങ്ക്ടൺ വരെയുള്ള ജൈവവൈവിധ്യത്തെ ഉൾക്കൊള്ളുന്നു. സമുദ്രആവാസവ്യവസ്ഥ ആഗോളതലത്തിൽ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗങ്ങളെ പിന്തുണയ്ക്കുന്നു.

പരിസ്ഥിതിപരമായി അതീവ പ്രാധാന്യമുണ്ടെങ്കിലും സമുദ്രങ്ങളും തീരങ്ങളും അഭൂതപൂർവമായ ഭീഷണികളെ അഭിമുഖീകരിക്കുന്നു. ദശലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോക സമുദ്രങ്ങളിൽ പ്രവേശിക്കുകയും കടൽ പക്ഷികൾ, ആമകൾ, ഞണ്ടുകൾ എന്നിവയുൾപ്പെടെയുള്ള ജീവികളെ ദ്രോഹിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം പവിഴപ്പുറ്റുകളെയും മറ്റ് പ്രധാന പരിസ്ഥിതി വ്യവസ്ഥകളെയും നശിപ്പിക്കുന്നു.

ജനങ്ങള്‍ കണ്ടൽക്കാടുകളിൽ നിന്ന് വളരെയധികം വിറകു മുറിച്ച് മത്സ്യഫാമുകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി നശിപ്പിക്കുന്നു. അമിത മത്സ്യബന്ധനം മത്സ്യ സ്റ്റോക്കുകളുടെ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നു. ലോകത്തെ 80 ശതമാനം മലിനജലവും സംസ്കരണമില്ലാതെ സമുദ്രത്തിലേക്ക് പുറന്തള്ളപ്പെടുന്നുവെന്നാണ് അനുമാനം.

സമുദ്രങ്ങളും തീരങ്ങളും പുനസ്ഥാപിക്കുകയെന്നാൽ അവയുടെമേലുള്ള സമ്മർദ്ദം കുറച്ച് സ്വാഭാവികരീതിയിലോ കൃത്രിമമായോ ആവാസവ്യവസ്ഥയെ വീണ്ടെടുക്കുക എന്നതാണു. പരിസ്ഥിതി വ്യവസ്ഥകളെയും മല്‍സ്യബന്ധനകമ്മ്യൂണിറ്റികളെയും എങ്ങനെ കൂടുതൽ ഊർജ്ജസ്വലമാക്കാം എന്ന് മനസിലാക്കുകയും വേണം. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, അമിത ചൂഷണം എന്നിവയിൽ നിന്ന് സമുദ്ര പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കണം. മലിനജലവും മറ്റ് മാലിന്യങ്ങളും ശരിയായി സംസ്കരിക്കാനും പ്ലാസ്റ്റിക് ചവറുകൾ വെള്ളത്തിൽ പ്രവേശിക്കുന്നത് തടയാനും അവർക്ക് കഴിയും. മത്സ്യബന്ധനം കൂടുതൽ സുസ്ഥിരമാക്കാൻ സർക്കാരുകൾക്കും സമൂഹങ്ങൾക്കും കഴിയും. “ട്രോളിങ്” നിരോധനമൊക്കെ ഇതിന്റെ ഭാഗമായി കാണണം. മലിനവസ്തുക്കള്‍ സമുദ്രത്തിൽ എത്തുന്നതിനുമുമ്പ് സംസ്കരിക്കേണ്ടതുണ്ട്. കൂടാതെ പ്ലാസ്റ്റിക് പോലുള്ള ഖരമാലിന്യങ്ങൾ സമുദ്രത്തിലെത്തിച്ചേരുന്നത് പൂർണ്ണമായും തടയണം. വളരുന്ന തീരദേശ നഗരങ്ങൾക്കു തീരദേശ പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ, കടൽത്തീരങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും സജീവമായി പുന സ്ഥാപിക്കുകയും വേണം.

7. പീറ്റ്ഭൂമി (Peatlands)

പീറ്റ്ഭൂമി 180 ലധികം രാജ്യങ്ങളിൽ കാണപ്പെടുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വലിയ തടി ഉള്‍പ്പെടെയുയുള്ള സസ്യഭാഗങ്ങള്‍ ഭാഗികമായി അഴുകിയ നിലയിലോ ഒട്ടും അഴുകാതെയോ കാണപ്പെടും. കരയുടെ 3 ശതമാനം മാത്രമേ ഉള്ളൂവെങ്കിലും ആകെ മണ്‍കാര്‍ബണിന്റെ 30 ശതമാനം ഇവ സംഭരിക്കുന്നു. ഇന്ത്യയില്‍ കേരളം, അരുണാചല്‍, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ പീറ്റ്ഭൂമിയുണ്ട്. കേരളത്തില്‍ കുട്ടനാട് പ്രദേശം പീറ്റ്ഭൂമിക്കു ഉദാഹരണമാണ്. അപൂർവമായ സസ്യങ്ങളും ജന്തുക്കളും ഈ അദ്വിതീയവും ജലമയവുമായ അന്തരീക്ഷത്തിൽ മാത്രം നിലനിൽക്കുന്നു. ഇങ്ങനെ പരിസ്ഥിതി പ്രാധാന്യമുണ്ടെങ്കിലും, പീറ്റ്ഭൂമികള്‍ കൃഷി, അടിസ്ഥാന സൌകര്യ വികസനം, ഖനനം, എണ്ണ, വാതക പര്യവേക്ഷണം എന്നിവയ്ക്കായി ഉപയോഗപ്പെടുത്തുന്നു. തീ, അമിതകാലിമേച്ചില്‍, നൈട്രജൻ മലിനീകരണം, ഇന്ധനമായി വേർതിരിച്ചെടുക്കൽ, വളര്‍ത്തുമാധ്യമം എന്നിങ്ങനെ ഉപയോഗിക്കുന്നതിനാല്‍ പീറ്റ്ഭൂമികള്‍ നശിപ്പിക്കപ്പെടുന്നു.

ആഗോള ശരാശരി താപനില 2 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്തുക എന്ന പാരിസ് ഉടമ്പടി ലക്ഷ്യം നേടുന്നതിന് പീറ്റ് ലാൻഡ് കാർബൺ എവിടെയാണോ അവിടെ സൂക്ഷിക്കാൻ അടിയന്തിര നടപടി ആവശ്യമാണ്.

8. നഗരപ്രദേശങ്ങൾ (Urban areas)

ഭൂമിയിലെ കരപ്രദേശത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണ് നഗരപ്രദേശങ്ങളെങ്കിലും ലോകജനസംഖ്യയുടെ പകുതിയിലധികം ഇവിടെയാണ് വസിക്കുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങള്‍, ജനക്കൂട്ടം, ഗതാഗതകുരുക്ക് എന്നിവയൊക്കെയാണു മുഖമുദ്രയെങ്കിലും നഗരങ്ങളും പട്ടണങ്ങളും ഇപ്പോഴും നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ്. നഗര ആവാസവ്യവസ്ഥകൾ പ്രവർത്തിക്കുന്നത് നമ്മുടെ വായുവും വെള്ളവും ശുദ്ധമാക്കികൊണ്ടും, ചൂട് കുറച്ചു കൊണ്ടും, സുസ്ഥിരതാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് വിശ്രമത്തിനും വ്യായാമത്തിനുമുള്ള അവസരങ്ങൾ നൽകിക്കൊണ്ടും, നഗവാസികളുടെ പൊതുക്ഷേമത്തെ ലാക്കാക്കിയുമാകണം. മനസ്സ് വെച്ചാല്‍ അത്ഭുതകരമായ അളവിൽ ജൈവവൈവിധ്യവും നിലനിര്‍ത്താനും കഴിയും.

നഗര ആവാസവ്യവസ്ഥകൾ അവ മാറ്റിസ്ഥാപിച്ച പ്രകൃതിദത്തപ്രദേശങ്ങളുടെ സമൂലമായ പരിവർത്തനത്തെ പ്രതിനിധീകരിക്കുന്നു. മോശം ആസൂത്രണം വീടുകൾക്കും റോഡുകൾക്കും ഫാക്ടറികൾക്കുമിടയിൽ ഒരുതരത്തിലുമുള്ള സസ്യജാലങ്ങൾക്കും വളര്‍ന്ന് വരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നില്ല. വ്യവസായം, ഗതാഗതം, വീടുകൾ എന്നിവയിൽ നിന്നുള്ള മാലിന്യങ്ങളും മലിനീകരണവും ജലപാതകളെയും, മണ്ണിനെയും, വായുവിനെയും മലിനമാക്കുന്നു. നഗരവ്യാപനം കൂടുതൽ കൂടുതൽ പ്രകൃതിദത്ത ആവാസവ്യവസ്ഥയും ഫലഭൂയിഷ്ഠമായ കൃഷിസ്ഥലവും നശിക്കാനിടയാക്കുന്നു.

നഗര പരിസ്ഥിതി ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കാൻ പൗരന്മാരുടെയും അധികാരികളുടെയും അവബോധവും പ്രതിബദ്ധതയും ആവശ്യമാണ്. നഗര ആസൂത്രണത്തിന്റെ പ്രധാനഭാഗമായി തന്നെ ഹരിതഇടങ്ങൾ ഇടം പിടിക്കണം. സാമൂഹ്യ സംഘടനകള്‍ക്കും, മുനിസിപ്പൽ അധികാരികൾക്കും ജലപാതകൾ വൃത്തിയാക്കാനും, മരങ്ങൾ നട്ടുപിടിപ്പിക്കാനും പാർക്കുകൾ, സ്കൂളുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവയിൽ നഗര വനങ്ങളും ( urban forests) വന്യജീവി ആവാസവ്യവസ്ഥകളും സൃഷ്ടിക്കാനും കഴിയും. വെള്ളം കിനിഞ്ഞിറങ്ങാന്‍ സഹായിക്കുന്ന നടപ്പാതകൾക്കും നഗര തണ്ണീർത്തടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും പട്ടണപ്രകൃതിയെ സംരക്ഷിക്കാൻ കഴിയും. മലിനമായ വ്യാവസായിക മേഖലകളെ പുനരുദ്ധരിച്ച് പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനും വിനോദത്തിനും വിശ്രമത്തിനുമുള്ള സ്ഥലങ്ങളാക്കാനും കഴിയും.

നഗരങ്ങളും പട്ടണങ്ങളും പാരിസ്ഥിതിക മരുഭൂമികൾ എന്നു പറഞ്ഞ് എഴുതി തള്ളേണ്ടവയല്ല. ലോകജനങ്ങളില്‍ പകുതിയലധികം വസിക്കുന്ന ഇടമെന്ന നിലയിലുള്ള പ്രാധാന്യം തീര്‍ച്ചയായും നല്കണം. വീടുകൾക്കും റോഡുകൾക്കും ഫാക്ടറികൾക്കുമിടയിൽ പച്ചതുരുത്തുകള്‍ക്കു സ്ഥലം കണ്ടെത്തണം. ബോട്ടാനിക്കല്‍ ഗാര്‍ഡന്‍, മൃഗശാല, പാര്‍ക്കുകള്‍, ബയോളജിക്കല്‍ പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, മിയാവാകി മോഡല്‍ വനങ്ങള്‍, പൂമ്പാറ്റ ഉദ്യാനങ്ങള്‍, പാതയോര വൃക്ഷങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിങ്ങനെ വിവിധങ്ങളായ ഇടപെടലുകള്‍ ഉണ്ടാവണം. സ്കൂളുകള്‍ അടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ പരിസരം ഇത്തരം ഹരിതവല്‍ക്കരണത്തിന് തീര്‍ച്ചയായും ഉപയോഗപ്പെടുത്തണം. ഇവയൊക്കെ നഗരാസൂത്രണത്തിന്റെ ഭാഗമായി തന്നെ ഉയര്‍ന്നു വരേണ്ടതുണ്ട്.


വീഡിയോ കാണാം

കുട്ടികൾക്കായുള്ള പരിസ്ഥിതിദിന ക്വിസിൽ പങ്കെടുക്കാം

Happy
Happy
25 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
0 %
Angry
Angry
38 %
Surprise
Surprise
25 %

Leave a Reply

Previous post ലൂക്ക പരിസ്ഥിതി ദിന ക്വിസിൽ പങ്കെടുക്കാം
Next post ആവാസവ്യവസ്ഥകളെ പുനസ്ഥാപിക്കാം, വംശനാശത്തെ പ്രതിരോധിക്കാം
Close