Read Time:9 Minute

ദർശന പ്രഭാകരൻ
സസ്യശാസ്ത്രവിഭാഗം, സർ സയ്യിദ് കോളേജ് തളിപ്പറമ്പ്

ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.

1964 ഫെബ്രുവരി 19 ന് വാഷിങ്ടൺ ഡി.സി.യിലാണ് ജെന്നിഫർ ആൻ ഡൗഡ്ന ജനിച്ചത്. ഏഴു വയസ്സുള്ളപ്പോൾ അവൾ മാതാപിതാക്കളോടൊപ്പം ഹവായിയിലെ ഹിലോ പട്ടണത്തിലേക്ക് താമസം മാറ്റി. ഹവായിയിലെ പ്രകൃതിസൗന്ദര്യവും പാരിസ്ഥിതിക വൈവിധ്യവും കണ്ടുവളർന്ന ജെന്നിഫർ, പ്രകൃതിയോട് വളരെയധികം താല്പര്യമുള്ളവളായി മാറി. ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, പരിണാമം എന്നിവയിലെല്ലാം ഒരുപോലെ താല്പര്യം പ്രകടിപ്പിച്ച ജന്നിഫറെ, മാതാപിതാക്കൾ നിർല്ലോഭം പ്രോത്സാഹിപ്പിക്കുകയും, പുസ്തകങ്ങളിലൂടെയും മ്യൂസിയം സന്ദർശനത്തിലൂടെയും മറ്റും അവളുടെ അഭിനിവേശം കൂട്ടാൻ ശ്രമിക്കുകയും ചെയ്തു.

ശാസ്ത്രാന്വേഷണത്തിന്റെ ഹരം

ഒരു വേനൽക്കാലത്ത് ഹവായി സർവകലാശാലയിലെ ജീവശാസ്തജ്ഞനും കുടുംബസുഹൃത്തുമായ ഡോൺ ഹെർമിസിനൊപ്പം സമയം ചെലവഴിക്കാൻ ജെന്നിഫറിന് അവസരം ലഭിച്ചു. പപ്പെറസ് എന്ന ചെടിയെ ഒരു പ്രത്യേക ഫംഗസ്  ആയ ഫൈറ്റോഫ് തോറ പാൽമിവോറ, എങ്ങനെ ബാധിച്ചുവെന്ന് അന്വേഷിക്കാൻ അദ്ദേഹം അവളെയും മറ്റു രണ്ടു വിദ്യാർഥികളെയും ചുമതലപ്പെടുത്തി. ഏതാനും ആഴ്ചകൾ കൊണ്ടുതന്നെ ഫംഗസിന്റെ വികാസത്തിൽ കാത്സ്യം അയോണുകൾക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് നിർണയിക്കാൻ അവർക്കു കഴിഞ്ഞു. ശാസ്ത്രീയ കണ്ടുപിടുത്തത്തിന്റെ ആവേശം മനസ്സിലാക്കാൻ സാധിച്ച  ആദ്യാനുഭവം ആയിട്ടാണ് ജെന്നിഫർ ഇതിനെ രേഖപ്പെടുത്തിയിട്ടുള്ളത്.

കൌമാരക്കാലത്തുതന്നെ  ജെന്നിഫർ ജൈവരസതന്ത്രത്തിൽ ആകൃഷ്ടയായി. അതിനുള്ള കാരണങ്ങളിൽ പ്രധാനം ജെയിംസ് വാട്സൺ എഴുതിയ ഡി.എൻ.എ.യുടെ ഇരട്ട ഹെലിക്സ് കണ്ടെത്തിയതിനെക്കുറിച്ചുള്ള പുസ്തകം വായിച്ചതായിരുന്നു. ഹോണോലുലു കാൻസർ സെന്ററിലെ ഒരു സമ്മർ പ്രോഗ്രാമിൽ, സാധാരണ – കോശങ്ങൾ എങ്ങനെയാണ് കാൻസർ ആകുന്നത് എന്നതിനെക്കുറിച്ച് ഒരു യുവ വനിതാശാസ്ത്രജ്ഞയുടെ പ്രഭാഷണം കേട്ടതായിരുന്നു മറ്റൊരു  കാരണം. ഈ രണ്ടു സംഭവങ്ങളും ജൈവരഹസ്യങ്ങൾ പര്യവേഷണം ചെയ്യാനുതകുന്ന ഒരു പാത തിരഞ്ഞെടുക്കാനുള്ള ജെന്നിഫറിന്റെ ആഗ്രഹത്തെ ജ്വലിപ്പിച്ചു.

ആർ.എൻ.എ. പഠനത്തിൽ ഡോക്ടറേറ്റ്

1985 ൽ ജൈവരസതന്ത്രത്തിൽ അവർ ബിരുദം നേടി. തുടർന്ന്, ഹാർവാർഡ് സർവകലാശാലയിൽനിന്ന് ഉൽപ്രേരക ആർ.എൻ.എ. (catalytic RNA) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ആർ.എൻ.എ.യുടെ ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം കണ്ടുപിടിക്കുക എന്ന ശ്രമകരമായ പ്രവർത്തനത്തിന്റെ ആരംഭ മായി മാറി ഈ ഗവേഷണം. പിന്നീട്, ബോൾഡറിലെ കൊളറാഡോ സർവകലാശാലയിലെ തോമസ് സെക്കിന്റെ ലബോറട്ടറിയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദം നേടി. ആർ.എൻ.എ.യുടെ ഉൽപ്രേരക സ്വഭാവ സവിശേഷതകൾ കണ്ടെത്തിയതിന്, 1989 ൽ – നൊബേൽ സമ്മാനം നേടിയിരുന്നു എന്നതാണ്  തോമസിനൊപ്പം പ്രവർത്തിക്കാൻ ജെന്നിഫറിനെ പ്രേരിപ്പിച്ചത്. ആർ.എൻ.എ.യുടെ എക്സ് റെ ഡിഫ്രാക്ഷൻ നടത്താനും ഇമേജിങ്ങിനായി തന്മാത്രകളെ ക്രിസ്റ്റലൈസ് ചെയ്യാനുമുള്ള നൈപുണിയും അവിടെനിന്ന് ജെന്നിഫർ ആർജിച്ചു.

സർവകലാശാലാ പ്രൊഫസർ

1994ൽ യേൽ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനമേറ്റെടുത്ത ജെന്നിഫറിന്, ആറു വർഷത്തിനുശേഷം മോളിക്കുലാർ ബയോഫിസിക്സ് ആന്റ് ബയോകെമിസ്ട്രി പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2002 ൽ ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിലേക്ക് മാറിയ ജെന്നിഫർ അവിടെ ബയോകെമിസ്ട്രി  മോളിക്കുലാർ ബയോളജി പ്രൊഫസറായി. 1998 ആയപ്പോഴേക്കും ജെന്നിഫറും സംഘവും അവരുടെ ആദ്യത്തെ വൈറൽ ആർ.എൻ.എ.യു ടെ ക്രിസ്റ്റൽ ഘടന നിർണയിച്ചു. ഹെപ്പറ്റൈറ്റിസ് ബിയുമായി ബന്ധപ്പെട്ടിരിക്കുന്ന, മനുഷ്യരോഗകാരിയായ ഹെപ്പറ്റൈറ്റിസ് ഡെൽറ്റ വൈറസിന്റെ (HDV) ഘടനയിൽ വ്യാപരിക്കുന്നതിലൂടെ, അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിർണയിക്കു വാനും അതുവഴി രോഗത്തെ പ്രതിരോധിക്കാനുള്ള ചികിത്സകൾ വികസിപ്പിക്കാനും സാധിക്കുമെന്ന് അവർ കണ്ടെത്തി.

ജീൻ എഡിറ്റിങ്ങിലേക്ക്

കുറച്ചു വർഷങ്ങൾക്കു ശേഷം 2011 ൽ, ഫ്രഞ്ച് മൈക്രോബയോളജിസ്റ്റും ജനിതക ശാസ്ത്രജ്ഞയുമായ ഇമ്മാനുവൽ ചാർപന്റീയറെ അവർ പരിചയപ്പെട്ടു. പല പ്രധാന മനുഷ്യരോഗങ്ങൾക്കും കാരണമാകുന്ന, മാംസം ഭക്ഷിക്കുന്ന ബാക്റ്റീരിയയായ സ്ട്രപ്റ്റോ കോക്കസ് പയോജനുകളെ സഹായിക്കുന്ന ക്രിസ്പറുമായി (CRISPR- Clustered Regularly Interspaced Short Palindromic Repeat) ബന്ധപ്പെട്ടു, കാസ്-9 എന്ന നിഗൂഢ രാസാഗ്നിയിൽ വളരെ തല്പരയായിരുന്നു ചാർപന്റിയർ. തുടർന്ന് അവർ ഒരുമിച്ച് നടത്തിയ പരീക്ഷണങ്ങളിൽ, ക്രിസ്പർ പ്രതിരോധ സംവിധാനം രണ്ടു വ്യത്യസ്ത ആർ.എൻ.എ. തന്മാത്രകൾ അടങ്ങിയതാണെന്നും ഇതു ചില പ്രത്യേകഘട്ടങ്ങളിൽ ഡി.എൻ.എ.യുടെ ഒരുഭാഗം പുറത്തെടുക്കാൻ സഹായിക്കുമെന്നും മനസ്സിലാക്കി.

ഇമ്മാനുവൽ ചാർപന്റീയറും ജെന്നിഫർ ഡൌഡ്നയും

ഇതിന്,  ജീനോം എഡിറ്റിങ് പ്രവർത്തനങ്ങൾക്ക് സാധ്യതകൾ വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് അവർ ശാസ്ത്രലോകത്തെ അറിയിച്ചു. മനുഷ്യശരീരത്തിലെ കോശങ്ങളിലും ഇത്തരം എഡിറ്റിങ് സാധ്യമാണെന്ന് അവർ പിന്നീട് തെളിയിച്ചു.  കൂടുതൽ പഠനങ്ങൾക്കുശേഷം ഇതെല്ലാം മനുഷ്യനിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്നും, എന്നാൽ പൂർണമായും പാർശ്വഫലങ്ങൾ കണ്ടെത്തുന്നതിനു മുമ്പേ ഭ്രൂണത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കരുതെന്നും ജെന്നിഫർ ലോകത്തോട് അഭ്യർഥിച്ചു. താല്കാലികമായി പരീക്ഷണം നടത്താൻ വേണ്ടിയുള്ള ഉത്തരവ് ലഭിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ജന്മനാ അംഗവൈകല്യങ്ങൾ സംഭവിച്ച കുഞ്ഞുങ്ങളുടെ കഥ കേട്ടതോടെ അതിൽനിന്ന് അവർ പിന്മാറുകയായിരുന്നു. തുടർപരീക്ഷണങ്ങൾ നടത്തി പാർശ്വഫലങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവരിപ്പോൾ.

 

അംഗീകാരങ്ങൾ

നിരവധി അവാർഡുകളും നേട്ടങ്ങളും ഈ കണ്ടുപിടുത്തത്തോടെ ജെന്നിഫറെ തേടിയെത്തി. ബീക്ക് മാൻ യംഗ് ഇൻവെസ്റ്റിഗേറ്റേർസ് അവാർഡ്, അലൻ ടി. വാട്ടർമാൻ അവാർഡ്, ഇലി അവാർഡ് ഇൻ ബയോകെമിക്കൽ കെമിസ്ട്രി, 2015 ലെ ബ്രേക്ക് എത്ര പ്രസ് ഇൻ ലൈഫ് സയൻസ് എന്നിവ അവയിൽ ചിലതു മാത്രമാണ്. ഒടുവിൽ ഇപ്പോൾ ഇതാ ഇമ്മാനുവൽ ചാർപന്റീയർക്കൊപ്പം ക്രിസ്പറിന്റെ കണ്ടുപിടുത്തത്തിന് 2020ലെ നൊബേൽ സമ്മാനവും.


കുറിപ്പിന് കടപ്പാട് : ശാസ്ത്രകേരളം 2020 മെയ് ലക്കം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനുഷ്യരാശിയെ മാറ്റിമറിച്ച മഹാമാരികൾ
Next post കുട്ടികളേ വരൂ…വാ.വാ.തീ.പു.വിൽ പങ്കെടുക്കാം
Close