H-IIA റോക്കറ്റിലേറിയാണ് ജപ്പാന്റെ ചന്ദ്രദൗത്യം പുറപ്പെട്ടത്. മൂൺ സ്നിപ്പർ എന്നു വിളിപ്പേരുള്ള Smart Lander for Investigating Moon (SLIM) എന്ന ദൗത്യമാണ് ജപ്പാന്റേത്. ഒരു ചെറിയ പേടകമാണിത്. ദീർഘമായ യാത്രയ്ക്കുശേഷമാവും ഈ ദൗത്യം ചന്ദ്രനിലെത്തുക. മാസങ്ങൾ എടുക്കും ചന്ദ്രനു ചുറ്റുമുള്ള പരിക്രമണപഥത്തിലേക്ക് എത്താൻ തന്നെ. പിന്നെയും അവശ്യമായ സമയമെടുത്തിട്ടേ ഇറങ്ങാൻ ശ്രമിക്കൂ. അങ്ങനെ അടുത്ത വർഷം ആദ്യം ലാൻഡർ ചന്ദ്രനിലിറങ്ങും.
X-Ray Imaging and Spectroscopy Mission (XRISM) എന്ന ഒരു എക്സ്-റേ ടെലിസ്കോപ്പുകൂടി ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ജപ്പാൻ സ്പേസ് ഏജൻസി, നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നവരുടെ സംയുക്ത ദൗത്യമാണ് ഇത്.
ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ ഇറങ്ങുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും. നാല് മുതൽ ആറ് മാസത്തിനുള്ളിൽ ലാൻഡിങ് നടത്താൻ പദ്ധതിയിട്ടിരിക്കുന്ന സ്ലിം ചന്ദ്രനിലേക്ക് ഒരു നീണ്ട പാതയിലൂടെയാവും സഞ്ചരിക്കുക. വിജയിച്ചാൽ ചന്ദ്രനിൽ ഇറങ്ങുന്ന ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ബഹിരാകാശ പേടകമായിരിക്കും സ്ലിം. വിജയകരമായ വിക്ഷേപണത്തിൽ ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി (ജാക്സ) ക്ക് ഐ.എസ്.ആർ.ഒ ആശംസകൾ അറിയിച്ചു.
രണ്ടു പേടകങ്ങളും റോക്കറ്റിൽനിന്ന് വിജയകരമായി പരിക്രമണപഥത്തിലേക്ക് മാറിക്കഴിഞ്ഞതായി ജാക്സ അറിയിച്ചു.