Read Time:36 Minute


വി.എസ്.ശ്യാം 

ജനുവരി ഒന്ന് ലോകമെങ്ങും പുതുവത്സരവേളയാണ്. പ്രത്യാശയുടെ, പോയവർഷത്തിന്റെ ഓഡിറ്റിന്റെ ഒക്കെ സമയം. പുതിയ കലണ്ടറിലെ ആദ്യത്തെ താൾ. എന്നാൽ 1925 ജനുവരി 1 എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും അസാധാരണമായ തീയതികളിലൊന്നാണ്. കോസ്മോളജിയെ സംബന്ധിച്ച്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ, ഖഗോളവിജ്ഞാനത്തിന്റെ ജന്മദിനമായി ആ ദിവസം മാറി. പ്രപഞ്ചം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും  മനുഷ്യനു മുന്നിൽ ചുരുളഴിഞ്ഞു തുടങ്ങിയ ദിവസം! ഈ വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളേയും കാഴ്ചപ്പാടുകളേയും രണ്ടായി പകുത്ത ദിവസം !

ശരി. എന്താണാ കഥ ? 

1920 കളുടെ പകുതി വരെ മിക്ക ശാസ്ത്രജ്ഞർക്കും നമുക്കന്നേവരെ കാണാനായ ക്ഷീരപഥം മുഴുവനുമാണ്, അല്ലെങ്കിൽ അതിന്റെ അതിരു വരെയാണ് സാധ്യമായ പ്രപഞ്ചമെന്നും അത് സ്ഥിരവും മാറ്റമില്ലാത്തതുമാണെന്നും കരുതുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. ആകാശ നിരീക്ഷകർക്ക് ഒട്ടനവധി കൗതുകമാർന്ന വലിയ വസ്തുക്കളെ കാണാൻ കഴിയുമായിരുന്നുവെങ്കിലും അവയുടെ സൂക്ഷ്മസ്വഭാവവും സവിശേഷതകളുമൊന്നും ആഴത്തിലറിയുവാൻ അവർക്ക് കഴിഞ്ഞില്ല. എന്തിനെയാണ് തങ്ങൾ നിരീക്ഷിക്കുന്നതെന്നും എന്താണതിന്റെ സ്വഭാവമെന്നും മനസിലാക്കാനുള്ള തെളിവുകൾക്കായി അവർ കണ്ണുനട്ടിരുന്നു. ആകാശത്തുടനീളം അതിശയകരമായ സർപ്പിള നീഹാരികകൾ (Spiral Nebulae) – പ്രത്യേകിച്ച് ആൻഡ്രോമിഡ പോലെയുള്ളവ നഗ്നനേത്രങ്ങൾക്ക് പോലും കാണാൻ കഴിഞ്ഞെങ്കിലും സർവ്വവ്യാപിയായ വസ്തുക്കളുടെ പ്രാധാന്യം ഒരു രഹസ്യമായി തന്നെ തുടർന്നു.

നക്ഷത്രാന്തരീയ പൊടിപടലങ്ങൾ, ഹൈഡ്രജൻ വാതകങ്ങൾ പ്ലാസ്മ എന്നിവയുടെ മേഘങ്ങളെയാണ് നീഹാരിക [Nebula (ഏകവചനം) Nebulae (ബഹുവചനം/ഒന്നിലധികം നെബുലകൾ)] അഥവാ ധൂമതാര എന്ന് സാധാരണയായി വിളിക്കുന്നത്. വർഷങ്ങൾക്കു മുൻപ് തന്നെ ഇത്തരം വലിയ നെബുലകളെ മനുഷ്യൻ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു എങ്കിലും അവയുടെ സൂക്ഷ്മ – സ്ഥൂല സവിശേഷതകൾ,  പ്രപഞ്ചത്തിൽ അവയ്ക്കുള്ള സ്ഥാനം – പ്രാധാന്യം ഇവയൊക്കെയും പ്രഹേളികകളായിരുന്നു

മുൻപ് സൂചിപ്പിച്ചത് പോലെ പല ജ്യോതിശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നത് അക്കാലത്ത് നെബുല എന്നറിയപ്പെട്ടിരുന്ന ഈ വസ്തുക്കൾ നമ്മുടെ ഗാലക്സിയിലെ തന്നെ അടുത്തുള്ള വാതക മേഘങ്ങളാണെന്നും ക്ഷീരപഥം എന്നത് മാത്രമാണ് നമ്മുടെ ദൃശ്യപ്രപഞ്ചത്തിന്റെ അതിരെന്നുമാണ്. അത് സാധ്യമായ പ്രപഞ്ചം മുഴുവൻ ആണെന്നും മറ്റുള്ളവർ കരുതി, നീഹാരികകൾ യഥാർത്ഥത്തിൽ നമ്മുടെ ഗാലക്സിയിൽ നിന്ന് വേർതിരിക്കപ്പെട്ട “ദ്വീപ് പ്രപഞ്ചങ്ങൾ” (Island Universes) ആയി അറിയപ്പെട്ടു.

നമ്മുടെ ക്ഷീരപഥവുമായി തന്നെ താരതമ്യപ്പെടുത്താവുന്ന “ദ്വീപ് പ്രപഞ്ചങ്ങൾ” എന്ന സർപ്പിള നെബുലകൾ വളരെ വലുതും വിദൂരവുമായ നക്ഷത്രവ്യവസ്ഥയാണെന്ന് മറ്റു ചില ഗവേഷകർ അനുമാനിച്ചു. അവ ചെറുതും സമീപത്തുള്ളതുമായ വാതക മേഘങ്ങളുമാണെന്ന് മറ്റു പലർക്കും ഒരുപോലെ ബോധ്യപ്പെട്ടു. പക്ഷെ എന്താണവ ? എങ്ങിനെയാണവ? നമ്മളെപ്പോലെ തന്നെയാണോ അവിടെയും ഘടനയും രൂപവും? പ്രപഞ്ചത്തിലെ അന്യവസ്തുക്കളെയും അവയുടെ സമസ്ത സ്വഭാവത്തേയും മുഴുവൻ നിർവചിക്കുന്ന ഒരൊറ്റ കാഴ്ചപ്പാട് സാദ്ധ്യമാകുമോ എന്ന നിലയ്ക്കായി ശാസ്ത്രജ്ഞരുടെ അന്വേഷണം. ഇരുപക്ഷവും തമ്മിലുള്ള തർക്കവും അഭിപ്രായവ്യത്യാസവും മത്സരവും ഒക്കെ രൂക്ഷമായതിനാൽ 1920 ലെ പ്രസിദ്ധമായ ഒരു വലിയ സംവാദത്തിലേക്ക് വരെ ഇത് വഴി തുറന്നു.

1920 ലെ  പ്രസിദ്ധമായ  ജ്യോതിശാസ്ത്ര സംവാദം

അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസ് അവരുടെ 1920 വാർഷിക മീറ്റിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച ജോർജ്ജ് എല്ലെറി ഹേൽ പ്രഭാഷണ പരമ്പരയുടെ ആഭിമുഖ്യത്തിലാണ് പ്രപഞ്ചവിജ്ഞാനീയ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ The Great Debate നടക്കുന്നത്. അന്ന് ലിക്ക് ഒബ്സർവേറ്ററിയുടെ ബാനറിൽ ഹെബർ  കർട്ടിസും [Heber Doust Curtis 1872 – 1942] മൗണ്ട് വിൽസൺ സോളാർ ഒബ്സർവേറ്ററിയിലെ ഹാർലോ ഷാപ്ലി [Harlow Shapley 1885 – 1972]എന്നിവരാണ് രണ്ടു ചേരികളിലായി സംവാദത്തെ നയിച്ചത്. പ്രപഞ്ചത്തിന്റെ വ്യാപ്തിയും ഘടനയും സംബന്ധിച്ച്‌! .

പ്രപഞ്ചം വലിയ ഒരൊറ്റ താരാപഥത്തെ ഉൾക്കൊള്ളുന്നുവെന്ന് ഷാപ്ലി വാദിച്ചു, എന്നാൽ കർട്ടിസ് അതിൽ നിരവധി താരാപഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വാദിച്ചു. വിശാലപ്രപഞ്ചം നമ്മുടേതു പോലുള്ള നിരവധി താരാപഥങ്ങളാൽ നിർമ്മിതവും  സർപ്പിള നീഹാരികകൾ നമ്മുടെ സ്വന്തം ബാഹ്യ താരാപഥങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം, ഷാപ്ലി പറഞ്ഞത് വാതകം കൊണ്ട് നിർമ്മിച്ച ക്ലസ്റ്ററുകളാണിവ എന്നാണ്.  ഷാപ്ലിയുടെ മാതൃകയിൽ നമ്മുടെ സൂര്യൻ ഈ മഹത്തായ പ്രപഞ്ചത്തിന്റെ / ഗാലക്‌സിയുടെ കേന്ദ്രത്തിൽ നിന്ന് വളരെ അകലെയായിരുന്നു.

മഹത്തായ ആ സംവാദത്തിന് കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ആയില്ലെങ്കിലും പ്രപഞ്ചത്തിന്റെ വ്യാപ്തിയെയും സ്വഭാവത്തെയും അതിലെ നമ്മുടെ സ്ഥാനത്തെയും കുറിച്ചുള്ള നമ്മുടെ വികാസപരമായ ധാരണയിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ഏറ്റവും വിശദമായി അവിടെ വിശകലനങ്ങൾ നടന്നു. 

അതാ സാക്ഷാൽ ഹബിൾ കടന്നു വരുന്നു 

തൊള്ളായിരത്തി ഇരുപതിലെ മഹത്തായ സംവാദത്തിനു ശേഷം പ്രപഞ്ചത്തെ, അതിന്റെ ശരിയായ ബൃഹത് രൂപത്തിൽ നോക്കിക്കാണുന്നതിൽ ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധാലുക്കളായി. 1920-25 കാലഘട്ടങ്ങളിൽ സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞനായ നട്ട് ലണ്ട്മാർക്ക് [Knut Emil Lundmark 1889-1958], അദ്ദേഹം ബാഹ്യപ്രാപഞ്ചികവസ്തുക്കളിലേക്കുള്ള ദൂരവും അവയുടെ സ്വഭാവവും കണക്കാക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു മൗണ്ട് വിൽസൺ ഒബ്സർവേറ്ററിയിലെ ജോൺ ഡൺകൺ തുടങ്ങി നിരവധി പേർ നമ്മുടെ ക്ഷീരപഥത്തിന്റെ പരിസരങ്ങളിൽ ഉണ്ടായിരുന്ന സർപ്പിളനീഹാരികയുടെ (Spiral Nebula) പല ഭാഗങ്ങളിലായി വ്യക്തിഗത നക്ഷത്രങ്ങളെയും അവയുടെ വ്യത്യസ്തമായ തിളക്കങ്ങളുടെ പാറ്റേണുകളും ഒക്കെ നിരീക്ഷിച്ചു രേഖപ്പെടുത്തി.

നമ്മുടെ കഥാനായകനായ, സിദ്ധാന്തത്തിലും വ്യാഖ്യാനത്തിലും എല്ലായ്‌പ്പോഴും ജാഗ്രത പുലർത്തുന്ന എഡ്വിൻ ഹബിൾ “ദ്വീപ് പ്രപഞ്ച” വ്യാഖ്യാനത്തെ പരസ്യമായി അംഗീകരിക്കാതെ തന്റെ സർപ്പിള നീഹാരികകകളിൽ നിരീക്ഷണ ശ്രദ്ധ കേന്ദ്രീകരിച്ചു. തെളിവുകൾ ചൂണ്ടിക്കാണിക്കുന്നിടത്തേക്ക് പോകാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്.

എഡ്വിൻ ഹബിൾ [Edwin Powell Hubble 1889 – 1953]

അമേരിക്കയിലെ മിസോറിയിൽ ജനിച്ചു. തന്റെ ചെറുപ്പത്തിൽ, ഉയരവും കായികക്ഷമതയുമുള്ള അദ്ദേഹം ബോക്സിംഗ്, ബാസ്കറ്റ് ബോൾ, ട്രാക്ക് എന്നിവയിലെ കഴിവുകൾക്ക് പേരുകേട്ടവനായിരുന്നു. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. തുടർന്ന് തന്റെ പിതാവിന്റെ ആഗ്രഹത്തെ തുടർന്ന് റോഡ്‌സ് സ്‌കോളർഷിപ്പിൽ ഓക്‌സ്‌ഫോർഡിൽ നിയമം പഠിച്ചു. ശേഷം യുഎസിൽ തിരിച്ചെത്തി ഒരു അഭിഭാഷകൻ എന്ന നിലയിൽ കെന്റക്കി ബാറിൽ ചേർന്നു, പക്ഷേ നിയമം തനിക്കു ചേർന്ന പണിയല്ലെന്ന് വേഗത്തിൽ തന്നെ തിരിച്ചറിഞ്ഞു..1917 ൽ ജ്യോതിശാസ്ത്രത്തിൽ പിഎച്ച്ഡി നേടുന്നതിനായി ചിക്കാഗോ സർവകലാശാലയിലേക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം ഒരു വർഷം ഒരു സ്‌കൂളിൽ  സ്പാനിഷ് പഠിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ കരസേനയിൽ സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം തെക്കൻ കാലിഫോർണിയയിലേക്ക് പോയി. ചെന്നെത്തിയത് 100 ഇഞ്ച് ഹുക്കർ ദൂരദർശിനിയുടെ ഭവനമായ മൗണ്ട് വിൽസൺ ഒബ്സർവേറ്ററി, അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര നിരീക്ഷണശാലയിൽ. പിന്നെ ഹബിൾ അവിടെ നിന്നു തിരുത്തിക്കുറിച്ചത്  മനുഷ്യന്റെ പ്രപഞ്ചവീക്ഷണത്തെ മുഴുവനുമാണ്. കൂടുതൽ വിവരങ്ങൾക്ക് എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും ലൂക്ക ലേഖനം വായിക്കാം

ഹബിൾ തന്റെ ശ്രമങ്ങൾ ത്വരിതപ്പെടുത്തി. മൗണ്ട് വിൽസൺ വാനനിരീക്ഷണകേന്ദ്രത്തിലെ തന്റെ പ്രിയപ്പെട്ട ഒരു തടിക്കസേരയിൽ അദ്ദേഹം നീണ്ട രാത്രികളിൽ ഉറക്കമിളച്ചു. ഭൂമിയുടെ ഭ്രമണം ഉണ്ടാക്കുന്ന നേരിയ അളവുവ്യത്യാസങ്ങളെ റദ്ദാക്കുന്നതിന് ഹുക്കർ ദൂരദർശിനിയുടെ സ്റ്റീൽ മൗണ്ട് ഉറപ്പിക്കുന്ന പ്രവൃത്തിയ്ക്ക് മണിക്കൂറുകൾ ചിലവിട്ടു. അതിന്റെ ചലനങ്ങളെ നയിച്ചു. ആൻഡ്രോമിഡ നെബുലയുടെ വളരെ വിശദമായ, ദീർഘനേരം എക്സ്പോഷർ ചെയ്ത ചിത്രങ്ങൾ അദ്ദേഹം പകർത്തി. നീഹാരികയുടെ പ്രകാശം പലതരം തിളക്കമുള്ള പോയിന്റുകളായി ഫോട്ടോഗ്രാഫിക് പ്ളേറ്റുകളിൽ പതിഞ്ഞു. അത്  വാതകത്തിന്റെ ഒരു പടലം പോലെയല്ല, മറിച്ച് നക്ഷത്രങ്ങളുടെ വിശാലമായ കൂട് പോലെയാണ് അത് ഹബ്ബിളിന് മുന്നിൽ തെളിഞ്ഞത് !

1923 ഒക്ടോബറിൽ ആൻഡ്രോമിഡയുടെ ഒരു ‘കയ്യിൽ’ ഒരു സെഫീഡ് വേരിയബിൾ നക്ഷത്രത്തിന്റെ തിളക്കം ഹബ്ബിളിന്റെ ശ്രദ്ധ ആകർഷിച്ചു.    ആ നക്ഷത്രം അതാ സ്ഥിരവും പ്രവചനാതീതവുമായ രീതിയിൽ തിളങ്ങിയും മങ്ങിയും മിന്നുന്നു. ഹബിൾ വിട്ടില്ല. പിറകെ കൂടി. അതിന്റെ തിളക്കം അതിന്റെ വ്യതിയാന കാലഘട്ടവുമായി നേരനുപാതത്തിൽ ആണെന്ന് കണ്ടു. മുപ്പതു ദിവസം ഹബിൾ ആ നക്ഷത്രത്തെ തുടർച്ചയായി നിരീക്ഷിച്ചു രേഖപ്പെടുത്തി. അതിന്റെ പ്രഭയും ഒളിമങ്ങലും അവയുടെ ആവർത്തനസ്വഭാവവും ഉപയോഗിച്ച് അതിലേക്കുള്ള ദൂരം ഹബിൾ ഏകദേശം കണക്കു കൂട്ടിയെടുത്തു.

ചുരുങ്ങിയ കാലയളവിൽ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവിൽ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കിൽ അത്തരം നക്ഷത്രത്തെ ചര നക്ഷത്രം (variable star) എന്നു വിളിക്കുന്നു. പ്രഭയുടെ അളവിൽ വ്യത്യാസം വരുന്നത് ആ നക്ഷത്രത്തിന്റെ പരിണാമത്തിന്റെ ഫലമായോ അല്ലെങ്കിൽ ആ നക്ഷത്രത്തോട് ചേർന്ന് കിടക്കുന്ന മറ്റു ഖഗോള വസ്തുകൾ സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രതിഭാസം മൂലമോ ആകാം. പ്രപഞ്ചത്തിലെ പല പോയിന്റുകളിലേക്കുമുള്ള ദൂരം അളക്കുന്നതിനുള്ള അളവുകോലുകൾ ആയാണ് ചരനക്ഷത്രങ്ങളെ ഉപയോഗിക്കുന്നത്.
1784 സെപ്തംബർ 10 – ന്, എഡ്വേർഡ് പിഗോട്ട്, മാതൃകാ സീഫിഡുകളുടെ ശ്രേണിയിൽ പെട്ട ആദ്യ ചരനക്ഷത്രമായ ഈറ്റാ അക്വിലൈ യുടെ ചര-സ്വഭാവം നിരീക്ഷിച്ചു. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ജോൺ ഗുഡ്റിക് കണ്ടെത്തിയ ഡെൽറ്റ സെഫൈ-യിൽ നിന്നാണ് സീഫിഡുകൾക്ക് ആ പേര് ലഭിച്ചത്.ഹെൻറിയേറ്റ ലെവിറ്റ് നേരത്തെ കണ്ടെത്തിയതിനെ അടിസ്ഥാനമാക്കി ഒരു രീതി ഉപയോഗിച്ചു. സെഫീഡ് വേരിയബിൾ എന്നറിയപ്പെടുന്ന ഒരുതരം നക്ഷത്രത്തിന് അതിന്റെ തിളക്കവും പൾസേഷൻ നിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് അവർ കണ്ടെത്തി. നക്ഷത്രത്തിന്റെ തെളിച്ചത്തിന്റെ കാലഘട്ടം അളക്കുന്നത് അതിന്റെ കേവല തെളിച്ചം നൽകും, ഒപ്പം നക്ഷത്രത്തിന്റെ വ്യക്തമായ തെളിച്ചവുമായി താരതമ്യം ചെയ്യുന്നത് നക്ഷത്രത്തിന്റെ ദൂരത്തിന്റെ ഒരു അളവ് നൽകും.
അധികവായനയ്ക്ക് : ഹെന്‍റിയെറ്റ സ്വാന്‍ ലെവിറ്റ്: പ്രപഞ്ചവികാസത്തിന് തിരികാട്ടിയവള്‍…!

ഈ നക്ഷത്രത്തിന്റെ ഒരു മാസത്തെ നിരീക്ഷണത്തിൽ നിന്ന് ഹബിളിന് അതിലേക്കുള്ള ദൂരം ഏതാണ്ട് 930,000 പ്രകാശവർഷം (സെക്കൻഡിൽ മൂന്നുലക്ഷം കിലോമീറ്റർ വേഗതയിൽ പോകുന്ന പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം) ആണെന്ന് കണക്കു കൂട്ടിയെടുക്കാനായി ഇത് ആധുനിക എസ്റ്റിമേറ്റിന്റെ പകുതിയിൽ താഴെ ആണെങ്കിലും അക്കാലത്ത് അത് ഞെട്ടിക്കുന്ന ഒരു വലിയ സംഖ്യയായിരുന്നു. ആൻഡ്രോമിഡ നെബുലയിലെ സെഫീഡ് വേരിയബിളുകളുടെ അടിസ്ഥാനവിവരങ്ങൾ കണ്ടെത്താൻ തനിക്ക് കഴിഞ്ഞുവെന്ന് ഹബിൾ മനസിലാക്കി, ഷിപ്‌ളേയും മറ്റും വാദിച്ച പോലെ നമ്മുടെ ക്ഷീരപഥ (MilkyWay Galaxy)ത്തിനുള്ളിലെ നമ്മുടെ തന്നെ ഭാഗമോ തുടർച്ചയോ ആയ വാതക മേഘപടലമല്ല മറിച്ച് ആൻഡ്രോമിഡ എന്നത് വാസ്തവത്തിൽ പ്രത്യേക താരാപഥമാണെന്നും (Galaxy) പിടികിട്ടി. മുമ്പ് കരുതിയിരുന്നതിനേക്കാൾ വളരെ അകലെയാണ് ആ ഗാലക്സി എന്നും അദ്ദേഹം കണ്ടെത്തി. അതായത് തത്വത്തിൽ, 1920ലെ മഹത്തായ സംവാദത്തിൽ ചർച്ചാവിഷയമായ സർപ്പിള നീഹാരികകൾ മറ്റ് താരാപഥങ്ങളാണെന്ന് ഹബിൾ ഉറപ്പിച്ചു. നമ്മുടെ ക്ഷീരപഥം എന്നത് കൂടുതൽ വിശാലമായ ഒരു പ്രപഞ്ചത്തിനുള്ളിലെ ഒരു കുഞ്ഞു പ്രദേശം മാത്രമാണെന്നും നമ്മുടെ മനസിലാക്കലിനും അപ്പുറത്തേക്ക് എത്രയോ വലുതാണ് ഈ പ്രപഞ്ചമെന്നും ഹബിൾ അറിഞ്ഞു. ഇത് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ അപ്പാടെ അട്ടിമറിച്ചു കളഞ്ഞു.

ഹബിൾ പക്ഷെ തനിക്കുണ്ടായ ആവേശം ആഘോഷിക്കാനോ പ്രകടിപ്പിക്കാനോ പോകുന്നതിനു പകരം തന്റെ മനസിലാക്കലുകൾ ഊട്ടിയുറപ്പിക്കുവാൻ കൂടുതൽ ജാഗ്രതയോടെ, കൂടുതൽ മികച്ച തെളിവുകൾക്കായി തിരഞ്ഞു കൊണ്ടേയിരുന്നു. അടുത്ത ഫെബ്രുവരിയിൽ, ആൻഡ്രോമിഡയിൽ രണ്ടാമത്തെ ഒരെണ്ണവും M33 നെബുലയിലും മറ്റു മൂന്നു നെബുലകളിലും അദ്ദേഹം സെഫീഡ് വേരിയബിൾ (ചരനക്ഷത്രങ്ങൾ) നക്ഷത്രങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു. അവയിലേക്കുള്ള ദൂരമളന്നു. അവയുടെ സവിശേഷതകൾ പഠിച്ചു. തന്റെ കണ്ടെത്തലുകൾക്ക് കൂടുതൽ ബലം വന്നു. ഇപ്പോൾ യാതൊരു സംശയവുമില്ല, അദ്ദേഹം സർപ്പിളനീഹാരിക എന്നത് ചെറുതും നമ്മുടെ വളരെ അടുത്തുള്ളതുമായ ഒരു ഗ്യാസ് ക്ലൗഡ് ആണെന്ന ആശയത്തിന്റെ പ്രമുഖ വക്താവ് തന്റെ എതിരാളി ഹാർലോ ഷാപ്ലിക്ക് ഒരു കത്തെഴുതി. അതിങ്ങനെയാണ് തുടങ്ങുന്നത് :

പ്രിയ ഷെപ്ലി,

ആൻഡ്രോമിഡ നെബുലയിൽ ഞാൻ ഒരു ചരനക്ഷത്രത്തെ (സെഫീഡ്‌വേരിയബിൾ) കൂടി കണ്ടെത്തി എന്ന വാർത്ത കേൾക്കാൻ നിങ്ങൾ വളരെ തല്പരനായിരിക്കും എന്ന്.കരുതുന്നു…

ഷെപ്ലിയ്ക്ക് ഹബിളിന്റെ വാക്കുകളുടെ പ്രാധാന്യം മനസിലാക്കാൻ കൂടുതൽ താഴേക്ക് വായിക്കേണ്ടി വന്നില്ല. “എന്റെ പ്രപഞ്ചത്തെ നശിപ്പിച്ച കത്ത് ഇതാ,” എന്നലറിക്കൊണ്ട് തന്റെ അടുത്തുണ്ടായിരുന്ന ഹാർ‌വാർഡ് ഗവേഷകയായിരുന്ന  സിസിലിയ പെയ്ൻ-ഗാപോഷ്കിന്റെ മേശപ്പുറത്തേക്ക് ഷെപ്ലി ആ കത്ത് വലിച്ചെറിഞ്ഞു

ആധുനിക ജ്യോതിർഭൗതികത്തിലെ മറ്റൊരു പ്രധാന വ്യക്തിയായിരുന്നു സിസിലിയ പെയ്ൻ-ഗാപോഷ്കിൻ [Cecilia Helena Payne-Gaposchkin 1900 – 1979)  എന്ന ജ്യോതിശാസ്ത്രജ്ഞ. നക്ഷത്രങ്ങൾ ഹൈഡ്രജനും ഹീലിയവുമാൽ നിർമ്മിതവും സമ്പന്നവുമാണെന്ന് കണ്ടെത്തിയുറപ്പിച്ച മഹത് വനിത. ശ്രദ്ധേയമായ യാദൃശ്ചികതയാൽ, സ്റ്റെല്ലാർ സ്പെക്ട്രത്തെ അധികരിച്ച് അവരുടെ പഠനങ്ങൾ പൂർത്തിയാക്കിഅവതരിപ്പിക്കപ്പെട്ടതും 1925 ജനുവരി 1 ന് ആണ്. അതെ പ്രപഞ്ചത്തിലെ സംഭവവികാസങ്ങൾ തികച്ചും യാദൃശ്ചികവും കൂടിയാണ്!

കൂടുതൽ വിവരങ്ങൾക്ക്

  1. സിസിലിയ പെയ്ന്‍-ഗപോച്കിന്‍: സൂര്യന്റെ ഉള്ള് കണ്ടവള്‍…!
  2. സെസിലിയ പയ്നും ഹീലിയം വിശേഷങ്ങളും

ഇതൊക്കെയാണെങ്കിലും, ആൻഡ്രോമിഡയിലെ ചരനക്ഷത്രങ്ങളുടെ കണ്ടെത്തലുകളിൽ വ്യക്തമായ ആവേശം ഉണ്ടായിരുന്നിട്ടും, ഹബിൾ തന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ വലിയ വിമുഖത കാണിച്ചിരുന്നു. ഒരൽപം അന്തർമുഖനായ  അദ്ദേഹം തന്റെ കണ്ടെത്തലുകളിൽ ഉറപ്പുണ്ടായിരുന്നിട്ടും അകാലത്തിൽ ഒരു മഹത്തായ പ്രഖ്യാപനം നടത്തുന്നതിനെ വല്ലാതെ  ഭയപ്പെട്ടു. കൂടുതൽ ഉറപ്പുകൾ അദ്ദേഹത്തിന് വേണ്ടിയിരുന്നു.  മൗണ്ട് വിൽസൻ ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഉച്ചകോടികൾക്കും സ്ഥിരമായുള്ള അവിടുത്തെ താമസ സ്ഥലമായ മൊണാസ്ട്രിയിലെ അത്താഴവേളകളിലും ഒക്കെ , ഹബിളിന് തന്റെ സഹപ്രവർത്തകരെ അഭിമുഖീകരിക്കേണ്ടി വന്നു. അവരൊന്നും മറ്റ് താരാപഥങ്ങളുടെ അസ്തിത്വം അംഗീകരിച്ചിരുന്നവരായിരുന്നില്ല. തന്റെ പ്രതിച്ഛായയെക്കുറിച്ച് അൽപം ബോധവാനായിരുന്നു ഹബിൾ അവരൊക്കെ തന്നെ ഒരു വിഡ്ഢിയായി കണക്കാക്കുമോ എന്ന ചിന്ത അദ്ദേഹത്തിൽ രൂഢമൂലമായിരുന്നു. മൗണ്ട് വിൽ‌സണിലെ ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ അഡ്രിയാൻ വാൻ മാനെൻ അതിനിടയിൽ മറ്റൊരു വാദവുമായി രംഗത്തെത്തി. ചില സർപ്പിള നീഹാരികകൾ കറങ്ങുന്നത് താൻ നിരീക്ഷിച്ചുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു, അങ്ങനെ സംഭവിക്കണമെങ്കിൽ അവ താരതമ്യേന ചെറുതും സമീപത്തുള്ളതുമാണെങ്കിൽ മാത്രമേ സാധ്യമാകൂ. ഇതറിഞ്ഞ ഹബിൾ അസ്വസ്ഥനായി തന്റെ പഠന ഫലങ്ങളെക്കുറിച്ച് പൂർണ്ണമായി ഉറപ്പുണ്ടാകുന്നതുവരെ അതിനെക്കുറിച്ചു ചർച്ച ചെയ്യാൻ തയ്യാറാവാതെ കഴിഞ്ഞ ഹബ്ബിളിനെ ഇത് വല്ലാതെ അലട്ടി. ഹബിൾ തന്റെ സഹപ്രവർത്തകന്റെ ഫോട്ടോഗ്രാഫിക് പ്ലേറ്റുകൾ പുനഃപരിശോധിക്കുകയും അവയിലെ കൃത്യമായ പിശകുകൾ തിരിച്ചറിയുകയും ചെയ്തു. അവ ചലനത്തെ സൂചിപ്പിക്കുന്ന നിരീക്ഷണഫലങ്ങൾ അല്ലെന്ന് മനസിലായി. വാൻ മാനെന് തന്റെ തെറ്റ് സമ്മതിക്കാൻ തയ്യാറായില്ലെങ്കിലും ഹബ്ബിളിന് കാര്യം ബോധ്യപ്പെട്ടു. തന്റെ കണ്ടെത്തലിൽ അദ്ദേഹം കൂടുതൽ ഉറച്ചു.

ഇങ്ങനെയൊക്കെ ഇരിക്കെയും തന്റെ മഹത്തായ കണ്ടെത്തലുകളെ ഏറെനാൾ തന്നിലേക്ക് ഒതുക്കി വയ്ക്കാൻ ഹബ്ബിളിന് കഴിഞ്ഞില്ല. ഹബിളിന്റെ കണ്ടെത്തലിന്റെ കഥ  അനിവാര്യമായും മാധ്യമങ്ങളിലേക്ക് ചോർന്നു. തൽഫലമായി, 1924 നവംബർ 23 ന് ന്യൂയോർക്ക് ടൈംസിൽ ഒരു ചെറിയ വാർത്തയായി അദ്ദേഹത്തിന്റെ ജ്യോതിശാസ്ത്രപരമായ മുന്നേറ്റത്തിന്റെ വിവരങ്ങൾ അച്ചടിച്ചു വന്നു. കോപ്പർനിക്കസിനോ ഗലീലിയോയ്ക്കോ ശേഷം നമ്മുടെ പ്രാപഞ്ചികവീക്ഷണത്തെ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് നാലു നൂറ്റാണ്ടുകളിൽ ഉണ്ടായ ഏറ്റവും പ്രാധാന്യമുള്ള കണ്ടെത്തൽ ! 

ഇത് ശ്രദ്ധയിൽ പെട്ട പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ആയ ഹെൻറി നോറിസ് റസ്സൽ തന്റെ കണ്ടെത്തലുകൾ വാഷിംഗ്ടൺ ഡി.സിയിലെ അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ യോഗത്തിൽ അവതരിപ്പിക്കാൻ ഹബിളിൽ സമ്മർദ്ദം ചെലുത്തി. ഹബിളിന്റെ ഭാഗത്ത് നിന്ന് വലിയ പ്രതികരണമൊന്നും കാണാഞ്ഞപ്പോൾ റസ്സൽ പറഞ്ഞു, “ഈ ഹബിൾ എന്തൊരു മണ്ടനാണ്? ഒന്നുമില്ലെങ്കിലും ഒരു ആയിരം ഡോളർ സമ്മാനമെങ്കിലും ഇവിടെ അവതരിപ്പിക്കപ്പെടുന്ന മികച്ച പ്രബന്ധത്തിന് കിട്ടുമെന്ന് അയാൾക്കറിയില്ലേ”? എന്നിട്ടും ഇയാളെന്താണ് വിസമ്മതിക്കുന്നത്? ഇത് പറഞ്ഞു തീർന്നു തപാൽ പെട്ടി തുറന്ന റസലിനു മുന്നിൽ അതാ ഹബ്ബിളിന്റെ പേപ്പർ!

മഹത്തായ ആ ദിവസം ! 

അങ്ങനെ 1925 ജനുവരി 1-ന് ഹബിൾ മൗണ്ട് വിൽസൺ വാനനിരീക്ഷണശാലയിൽ ഒറ്റയ്ക്ക് കഴിയുന്ന വേളയിൽ, ഹെൻറി റസ്സൽ മറ്റ് താരാപഥങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ഹബ്ബിളിന്റെ വിപ്ലവകരമായ പ്രബന്ധം ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിച്ചു! അക്കാദമിക ലോകം ഞെട്ടി. അക്കൊല്ലത്തെ മികച്ച ഗവേഷണപ്രബന്ധത്തിനുള്ള സമ്മാനം ഹബിൾ പങ്കിട്ടു. അദ്ദേഹത്തിന്റെ പ്രബന്ധം 1920ലെ മഹത്തായ സംവാദത്തിൽ ഉയർന്ന പ്രഹേളികകൾക്ക് ഉത്തരമായി. അന്നോളം മനുഷ്യൻ മനസിലാക്കിയ പ്രപഞ്ചത്തിന്റെ വലിപ്പം അതിശയിപ്പിക്കുന്ന രീതിയിൽ 10,000 മടങ്ങു വർദ്ധിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ കണ്ടെത്തലിന് ഇത് വേദിയൊരുക്കി, ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന്റെ തറക്കല്ല് അവിടെ വീണു. ഏതെങ്കിലും ഒരു തീയതിയെ ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമാണെന്ന് പറയാൻ കഴിയുമെങ്കിൽ, അത് ഇതാണ്, 1925 ജനുവരി 1 ! .

രസകരമായ കാര്യം ചരനക്ഷത്രങ്ങളെ (സിഫീഡുകൾ)  തന്നെയായിരുന്നു 1915-ൽ, ഹാർലോ ഷാപ്ലേ (Harlow Shapley) ആകാശഗംഗയുടെ ആകൃതിയും വലിപ്പവും അതിൽ സൂര്യന്റെ സ്ഥാനവും നിർണ്ണയിക്കുന്നതിനു ആധാരമാക്കിയത്. ഹബിളാകട്ടെ, ആൻഡ്രോമീഡ ഗാലക്സിയിലെ ചരനക്ഷത്രങ്ങളിലേക്കുള്ള അകലം നിർണയിക്കുകയും, അതുവഴി അവ ആകാശഗംഗയുടെ ഭാഗമല്ലെന്നു തെളിയിക്കുകയും ചെയ്തു. അങ്ങനെ ആകാശഗംഗ പ്രപഞ്ചത്തിലെ ഒരേയൊരു ഗാലക്സിയാണെന്നും, അതല്ല വിശാലമായ പ്രപഞ്ചത്തിലെ അനേക ഗാലക്സികളിലൊന്ന് മാത്രമാണെന്നുമുള്ള, 1920 ലെ പ്രശസ്തമായ സംവാദത്തിനു തീർപ്പ് കൽപ്പിക്കപ്പെട്ടു.

അധികവായനയ്ക്ക് : ഹാരോള്‍ഡ് ഷേപ്‍ലി ആകാശഗംഗയിലെ നമ്മുടെ സ്ഥാനം നിര്‍ണ്ണയിച്ചതെങ്ങിനെ?

നമ്മുടെ കഥ അവിടെയും തീരുന്നില്ല ! ജനുവരി ഒന്നിലെ ആ തകർപ്പൻ പ്രഖ്യാപനത്തിനു ശേഷവും ഹബിൾ അടങ്ങിയിരുന്നില്ല. വിദൂര വസ്തുക്കളിലേക്കുള്ള ദൂരം അളക്കുന്നത് അദ്ദേഹം തുടർന്നു, ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രപഞ്ചശാസ്ത്രത്തിന് കൂടുതൽ സമൂലമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു കണ്ടെത്തലിന് മൂലകാരണമായ നിരീക്ഷണങ്ങൾ! .

ഹബിൾ തന്റെ സൂക്ഷ്മമായ ജ്യോതിശാസ്ത്ര അളവുകൾ മൗണ്ട് വിത്സൺ ഒബ്സർവേറ്ററിയിലെ ഒരു കാവൽക്കാരനായി ജോലി ചെയ്യാൻ തുടങ്ങിയ മിൽട്ടൺ ഹുമസണുമായി (Milton Humason) പങ്കുവച്ചു. ഹ്യൂമസൺ പിന്നീട് ഒരു നൈറ്റ് അസിസ്റ്റന്റായും ഹബിളിനോടൊപ്പം ചേർന്ന് ഒരു ജ്യോതിശാസ്ത്രജ്ഞനായും ഉയർന്നു. ഹുമസൺ സ്പെക്ട്രങ്ങൾ നിരീക്ഷിച്ചു, അതേസമയം ഹബിൾ വിവിധ വസ്തുക്കളിലേക്ക് ദൂരം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

മതിയായ ഡാറ്റ പോയിന്റുകൾ ശേഖരിച്ച ശേഷം, ഹബിളും ഹ്യൂമസോണും ഒരു വസ്തുവിന്റെ വേഗതയും അവയ്ക്ക് നമ്മിൽ നിന്നുള്ള ദൂരവും തമ്മിലുള്ള ലളിതമായ രേഖീയ ബന്ധം കണ്ടെത്തി. നാൽപ്പത്തി അഞ്ചോളം ഗാലക്സികളെയും നക്ഷത്രക്കൂട്ടങ്ങളേയും ഹബിൾ പഠന വിധേയമാക്കി. വരും വർഷങ്ങളിൽ കൂടുതൽ ഗാലക്സികൾക്കായി വിവരങ്ങൾ ശേഖരിക്കുന്നത് തുടർന്നു, ഇത് ഹബിളിന്റെ കണ്ടെത്തലുകൾക്ക് കൂടുതൽ സ്ഥിരീകരണം നൽകി. കൂടുതൽ നെബുലകളിൽ ഉള്ള സെഫീഡ്‌ വേരിയബിളുകളെ അളക്കുന്നതിൽ  അല്പം പിശകുകൾ ഒക്കെ ഹബ്ബിളിന് സംഭവിച്ചുവെങ്കിലും കോസ്മോളജിയിലെ ആണിക്കല്ലായി ഇന്നും നിലനിൽക്കുന്നത് ഹബ്ബിളിന്റെ പ്രപഞ്ചവികാസനിയമംതന്നെയാണ്. ഹബിളിന്റെ നിയമം സൂചിപ്പിക്കുന്നത് താരാപഥങ്ങൾ അവയുടെ അകലത്തിന് ആനുപാതികമായ വേഗതയിൽ പരസ്പരം അകന്നുപോകുന്നു എന്നാണ്. നെബുലകളുടെ ചുവപ്പുനീക്കം (red shift) സംബന്ധിച്ച് മറ്റു ശാസ്ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളും ഇതിന് പിൻബലമേകി.

വീണ്ടും ഒരു ജനുവരിയിൽ, 1929ൽ  നാഷണൽ അക്കാദമി ഓഫ് സയൻസസിന് പ്രപഞ്ചത്തിലെ വലിയ വസ്തുക്കളുടെ വേഗത – ദൂരബന്ധം വിവരിക്കുന്ന ഒരു പ്രബന്ധം ഹബിൾ സമർപ്പിച്ചു, തന്റെ പ്രബന്ധത്തിൽ, കണ്ടെത്തലുകളുടെ  പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം അതിന്റെ വ്യാഖ്യാനത്തെ സൈദ്ധാന്തികർക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം താൽപ്പര്യപ്പെട്ടത്. താരാപഥങ്ങളുടെ ദൂര-വേഗതയുമായും പ്രപഞ്ചത്തിന്റെ ചലനം സംബന്ധിച്ചും ഒക്കെയുള്ള പുതിയ അറിവുകൾ അദ്ദേഹം അനുഭാവപൂർവ്വം അവതരിപ്പിച്ചു. അന്നേവരെ  പ്രപഞ്ചം നിശ്ചലമാണെന്ന ബോധ്യവും, ഒരു സ്റ്റാറ്റിക് പ്രപഞ്ചവുമായി പൊരുത്തപ്പെടുന്നതിനായി ഐൻ‌സ്റ്റൈൻ തന്റെ സമവാക്യങ്ങളിൽ കോസ്മോളജിക്കൽ സ്ഥിരാങ്കം എന്നറിയപ്പെടുന്ന ഒരു ഘടകം കൂട്ടി ചേർത്തതും ഒക്കെ ചരിത്രമായി. ഭൗതികശാസ്ത്രജ്ഞരായ അലക്സാണ്ടർ ഫ്രീഡ്‌മാനും ലീമത്രെയും ഐൻ‌സ്റ്റീന്റെ സമവാക്യങ്ങളെ അടിസ്ഥാനമാക്കി പ്രപഞ്ച മാതൃകകൾ വികസിപ്പിക്കാൻ സ്വതന്ത്രമായി നിർദ്ദേശിച്ചിരുന്നുവെങ്കിലും, അവരുടെ സിദ്ധാന്തങ്ങളെ പിന്തുണയ്ക്കാൻ അവർക്ക് വേണ്ടത്ര പരീക്ഷണഫലങ്ങൾ ഉണ്ടായിരുന്നില്ല താനും. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹബിളിന്റെ ഫലങ്ങൾ കാണിക്കുന്നത് കണ്ടപ്പോൾ, ഐൻ‌സ്റ്റൈനു കോസ്മോളജിക്കൽ സ്ഥിരാങ്കത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്ന് വിളിക്കേണ്ടി വന്നു. സാക്ഷാൽ ഐൻസ്റ്റൈനെ തിരുത്തിയ ഹബിൾ !

ഈ ആശയങ്ങൾ ചെറിയ കളിയല്ലെന്ന് ശാസ്ത്രജ്ഞർക്ക് പിടികിട്ടി. തങ്ങൾ കരുതുന്നതിലും എത്രയോ എത്രയോ വലുതാണീ മഹാപ്രപഞ്ചം ! മാത്രവുമല്ല. അത് വികസിച്ചു വലുതായി നീങ്ങുകയും ചെയ്യുന്നു ! 

2.5 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമിഡ ഗാലക്സി കടപ്പാട്  Adam Evans M31, the Andromeda വിക്കിപീഡിയ

ആധുനിക കണക്കെടുപ്പിലൂടെ, ആൻഡ്രോമിഡ ഗാലക്സി 2.5 ദശലക്ഷം പ്രകാശവർഷം അകലെയാണ്, അതായത് ഇപ്പോൾ നാം കാണുന്ന പ്രകാശം 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. അതായത്, 2.5 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമിഡയിലെ നക്ഷത്രങ്ങളെ നാം കാണുന്നു, മാത്രമല്ല കഴിഞ്ഞ 2.5 ദശലക്ഷം വർഷങ്ങൾ കൂടുതൽ ജീവിച്ചു എന്നിരുന്നാലും, അവ സമീപത്തുള്ള നക്ഷത്രങ്ങൾക്ക് സമാനമാണ്. എഡ്വിൻ ഹബിളും അദ്ദേഹത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട പ്രപഞ്ച വിജ്ഞാനീയവും മറ്റ് ജ്യോതിശാസ്ത്രജ്ഞരും കൂടുതൽ ദൂരങ്ങളിലേക്ക്  നോക്കുമ്പോൾ, പ്രപഞ്ചത്തിൽ എവിടെയും വൈവിധ്യങ്ങളിലും വലിപ്പങ്ങൾക്കും ഇടയിലും ഏകത എന്ന തത്വത്തിന് അവർ കൂടുതൽ കൂടുതൽ തെളിവുകൾ ചേർത്തു കൊണ്ടിരിക്കുകയുമാണ്. സ്ഥലത്തിലും സമയത്തിലുടനീളം, ആറ്റങ്ങൾ ഒരേ പ്രകാശം നൽകുന്നു. വേരിയബിൾ നക്ഷത്രങ്ങൾ കൃത്യമായ ഒരേ  ഭൗതിക നിയമങ്ങൾ പാലിക്കുന്നു. അങ്ങനെ പ്രപഞ്ചം ഒരു ചെറിയ ഇടത്തുനിന്ന് തുടങ്ങി വികസിച്ചു വളർന്നു വലുതായെന്ന ആശയം ബലപ്പെടുന്നു. ആൻഡ്രോമിഡയിലെ സെഫീഡുകളുടെ ചാക്രിക ജ്വലനവും മങ്ങലും ഹബിൾ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, അദ്ദേഹം മറ്റൊരു വിധത്തിൽ നമ്മിൽ നിന്ന് വളരെ അകലെയുള്ള നക്ഷത്രങ്ങൾ നമ്മുടെ അടുത്തുള്ള ആകാശപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി പെരുമാറാമെന്ന ആശങ്ക മായ്ച്ചു കളഞ്ഞു. ശാസ്ത്രജ്ഞർക്ക് മറ്റ് താരാപഥങ്ങളിലെ നക്ഷത്രങ്ങളെ പരിശോധിക്കാൻ കഴിഞ്ഞതിനാൽ, സ്ഥലത്തിനും സമയത്തിനും പ്രപഞ്ചത്തിന്റെ സ്ഥിരത സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു.

അങ്ങനെ ഏതാണ്ടു നൂറു വർഷങ്ങൾക്ക് മുൻപ് രണ്ടു ജനുവരികളിലായി അവതരിപ്പിക്കപ്പെട്ട ഹബിളിന്റെ നിരീക്ഷണങ്ങൾ പിന്നീട് മഹാവിസ്ഫോടന സിദ്ധാന്തത്തിനുള്ള  ആദ്യ നിരീക്ഷണ പിന്തുണയായി. പ്രത്യാശയുടെ പുതുവർഷത്തോടൊപ്പം  കോസ്മോളജി എന്ന മഹത്തായ ശാസ്ത്രശാഖയുടെ തുടക്കവും.


അവലംബം 

  1. Helge Kragh, Historical Aspects of Post-1850 Cosmology, Department of Physics and Astronomy, Aarhus University, Ny Munkegade, 8000 Aarhus, Denmark
  2. Corey S Powell, The Day We Discovered the Universe, Discover Magazine Jan.2017
  3. Hubblesite.org
  4. Bibliography of Edwin Hubble https://tinyurl.com/y9egs5cg
  5. The Great Debate Over the Size of the Universe, Centre for History of Physics, American Institute of Physics, 2019
  6. Pigott, Edward, “Observations of a new variable star”. Philosophical Transactions of the Royal Society. 1785
  7. Wendy L. Freedman, Barry F. Madore, The Hubble Constant, Annual Reviews of Astronomy and Astrophysics, Vol. 48, 2010
  8. Hubble, Edwin “A relation between distance and radial velocity among extra-galactic nebulae”. PNAS. (1929)
  9. Gale E. Christianson . Edwin Hubble: Mariner of the Nebulae. University of Chicago Press.(1996)
  10. Public Broadcasting Station (PBS). “Cosmological Constant”. PBS.org. May 29, 2011
Happy
Happy
40 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ? 

Leave a Reply

Previous post ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മവാര്‍ഷികം
Next post ജോസ് സരമാഗോയുടെ ‘അന്ധത’
Close