Read Time:23 Minute


പി.കെ.ബാലകൃഷ്ണൻ

വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗയാ സിദ്ധാന്തത്തിന്റെ (Gaia theory) ഉപജ്ഞാതാവുമായ ജയിംസ് ലവ് ലോക്ക് (James Lovelock) 2022 ജൂലൈ 26ന് തന്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ അന്തരിച്ചു. അവസാനം വരെ പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് കർമനിരതമായി ജീവിച്ച ഒരു  ശാസ്ത്രജ്ഞനായിരുന്നു ലവ് ലോക്ക്. ഏതെങ്കിലും സ്ഥാപനങ്ങളുടെയോ, കോർപ്പറേറ്റുകളുടെയോ ഗവേഷണ സ്ഥാപനങ്ങളുടെയോ ഭാഗമാവാതെ തന്റെ സ്വന്തം പരീക്ഷണശാലയിൽ ഒറ്റയാനായി നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും പല പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും ചെയ്ത ഒരു ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിൽ ഏറെ ആദരവ് പിടിച്ചു പറ്റിയ ഒരു സ്വതന്ത്ര ശാസ്ത്രജ്ഞൻ കൂടിയായിരുന്നു ജെയിംസ് ലവ് ലോക്ക്.
ജയിംസ് ലവ് ലോക്ക് (James Lovelock)

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായ അദ്ദേഹത്തിന്റെ ഗയാ പരികൽപന (Gaia hypothesis)മുന്നോട്ടു വെക്കപ്പെട്ടത് 1960 കളിലായിരുന്നു. പിന്നീട്1970 കളിൽ വിഖ്യാത പരിണാമ ജീവശാസ്ത്രജ്ഞയായിരുന്ന ലിൻ മാർഗുളിസുമായി ചേർന്ന് ഈ പരികല്പന ഒരു സിദ്ധാന്തമായി അവതരിക്കപ്പെട്ടു. ഈ സിദ്ധാന്തം വിശദമാക്കുന്ന ഗയ എ ന്യൂ ലുക്ക് അറ്റ് ലൈഫ് ഓൺ എർത്ത് (Gaia:A new look at life on Earth) എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം 1979-ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ജീവന്റെ പരിണാമത്തെ തികച്ചും വ്യത്യസ്ഥമായ ഒരു തലത്തിലാണ് ഗയാ സിദ്ധാന്തം വിശദീകരിച്ചത്. ജീവന്റെ പരിണാമ പ്രക്രിയയുടെ അജൈവവും, നിഷ്ക്രിയുമായ വേദിയായി ഭൂമിയെ കാണാൻ സാധിക്കില്ല എന്ന ഒരാശയമായിരുന്നു ലവ് ലോക്ക് ലിൻ മാർഗുളിസുമായി (Lynn Margulis) ചേർന്ന് മുന്നോട്ടു വെച്ചത്. ജൈവരൂപങ്ങളും അവ സ്ഥിതി ചെയ്യുന്ന ഭൗമ ഉപരിതലവും ഒന്നിച്ചു ചേർന്ന് സ്വയം ക്രമീകരിച്ച് വികസിക്കുന്ന ഒരു വ്യവസ്ഥയായാണ് ഭൂമി നിലനില്ക്കുന്നത്. ഇതിനെയാണ് ഗയ എന്നു വിശേഷിപ്പിക്കുന്നത്. ഗയ എന്നത് ഗ്രീക്ക് പുരാണത്തിലെ ഭൂമീ ദേവിയാണ്. ജെയിംസ് ലവ് ലോക്കിന്റെ സുഹൃത്തും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച എഴുത്തുകാരനുമായ വില്യം ഗോൾഡിംഗ്  (William Golding) ആണ് ലവ് ലോക്കിന്റെ സിദ്ധാന്തത്തിന് ഗയ എന്ന പേര് നിർദ്ദേശിച്ചത്.

ജയിംസ് ലവ് ലോക്കും ലിൻ മാർഗുളിസും (James Lovelock and Lynn Margulis)

ജൈവ വ്യവസ്ഥയ്ക്കകത്തെ വിവിധ ജൈവരൂപങ്ങൾ തമ്മിലും,ജൈവ വ്യവസ്ഥയും ഭൂമിയും തമ്മിലുമുള്ള പരസ്പരാശ്രിതത്വവും സഹകരണവും , ഡാർവിന്റെ പരിണാമ സിദ്ധാന്ത പ്രകാരമുള്ള ‘കരുത്തുള്ളത് അതിജീവിക്കു’മെന്ന (Survival of the fittest) പ്രകൃതിനിർധാരണ തത്വവുമായി ചേർന്ന് പോകില്ല എന്നതിനാൽ ഗയ സിദ്ധാന്തം ആദ്യഘട്ടത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായി. മാത്രമല്ല ഭൂമീ ദേവിയായ ഗയ എന്ന മിത്തുകളിലെ വിശേഷണം ഈ സിദ്ധാന്തത്തിന് ആധ്യാത്മികതയുടെ പരിവേഷമാണ് നൽകുന്നത് എന്നതും വിമർശനങ്ങൾക്ക് മൂർച്ച കൂട്ടി. റിച്ചാർഡ് ഡോക്കിൻസുൾപ്പെടെയുള്ള ശാസ്ത്രജ്ഞരായിരുന്നു പ്രധാന വിമർശകർ. എന്നാൽ പിന്നീട് പരിസ്ഥിതി പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചപ്പോൾ ഈ ആശയത്തിന് അവരുടെ ഇടയിൽ സ്വീകാര്യത വർധിച്ചു. ജെയിംസ് ലവ് ലോക്ക് തന്നെ പിന്നീട് തന്റെ പുസ്തകത്തിന്റെ പുതിയ പതിപ്പിനെഴുതിയ ആമുഖത്തിൽ ഇതു സംബന്ധമായ പരാമർശങ്ങൾ നടത്തുന്നുണ്ട്.

ജൈവരൂപങ്ങളും, വായുമണ്ഡലവും, സമുദ്രങ്ങളുൾപ്പെടെയുള്ള ഭൗമോപരിതലവുമെല്ലാം ചേർന്നുള്ള ഒരു വിശിഷ്ട ജൈവരൂപമെന്ന നിലയിലായിരുന്നു ഗയ എന്ന പരികല്പനയിലൂടെ ലവ് ലോക്ക് ഭൂമിയെ കണ്ടത്. ഭൂമിയെ അതിന്റെ വിവിധ ഘടകങ്ങളുടെ ന്യൂനവൽകൃതമായ (reductionistic) പഠനങ്ങളിലൂടെ മനസ്സിലാക്കുന്നതിനു പകരം അതിന്റെ സമഗ്രതയിലാണ്( holistic) പഠന വിധേയമാക്കേണ്ടത് എന്നതായിരുന്നു ലവ് ലോക്കിന്റെ അഭിപ്രായം. തന്റെ ഈ അഭിപ്രായങ്ങൾ, തന്നെ ഒരേ സമയം ഉത്തരാധുനികതയുടെ പക്ഷത്തും മുഖ്യധാരാ ശാസ്ത്രപക്ഷത്തും പ്രതിഷ്ഠിക്കാനിട നൽകിയിട്ടുണ്ട് എന്നും തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം കുറിക്കുന്നുണ്ട്. തനിക്കു നേരെ ഉയർന്നുവന്നിട്ടുള്ള വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഒപ്പം തന്നെ ശാസ്ത്രത്തോട് തികഞ്ഞ പ്രതിബദ്ധത പുലർത്തുകയും ശാസ്ത്രത്തെ തന്റെ ജീവിത രീതിയായി സ്വീരിക്കുകയും ചെയ്തിട്ടുള്ള ഒരു ശാസ്ത്രജ്ഞനാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

Tim McDonagh ന്റെ ചിത്രം

1988 ൽ അമേരിക്കൻ ജിയോഫിസിക്കൽ യൂനിയന്റെ സമ്മേളനം കാലിഫോർണിയയിലെ സാൻഡീഗോവിൽ നടന്നപ്പോൾ അവിടെ പങ്കെടുത്ത പ്രശസ്ത ഭൗതികശാസ്ത്രജ്ഞരും, ജീവശാസ്ത്രജ്ഞരും, കാലാവസ്ഥാ ശാസ്ത്രജ്ഞരും ചേർന്ന് ഭൂമിയുടെ വർത്തമാന സ്ഥിതിവിശേഷവും ഭാവിയുമായി ബന്ധപ്പെട്ടുള്ള ഗയാ സിദ്ധാന്തത്തിന്റെ പ്രസക്തി വിശകലനം ചെയ്യുകയും സിദ്ധാന്തത്തിന്‌ അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

പിന്നീട് 2001ൽ ഭൗമ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പഠനം നടത്തുന്ന ആയിരത്തിലേറെ ശാസ്ത്രജ്ഞർ ആംസ്റ്റർഡാമിൽ ഒത്തുചേർന്ന് ഭൗമ വ്യവസ്ഥയുമായി ബന്ധപ്പെട്ട  ഒരു സംയുക്ത പ്രഖ്യാപനം നടത്തുകയുണ്ടായി.ഭൂമി മനുഷ്യനുൾപ്പെടെ ഭൗതികവും, രാസികവും, ജൈവീകവുമായ ഒരു സ്വയം ക്രമീകരിക്കുന്ന വ്യവസ്ഥയായാണ് സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിയിലെ മനുഷ്യരുടെ ഇടപെടലുകൾ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർധിച്ച് കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനു പുറമേ  ദൗമപരിസ്ഥിതിയിൽ മറ്റു പല പ്രത്യാഘാതങ്ങൾ കൂടി സൃഷ്ടിക്കുന്നു എന്നതായിരുന്നു പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. ഇത് യഥാർത്ഥത്തിൽ ജയിംസ്‌ ലവ് ലോക്കിന്റെയും ലിൻ മാർഗുളിസിന്റെയും ഗയാസിദ്ധാന്തത്തിന്റെ കൂടി സാധൂകരണമായിരുന്നു.

തന്റെ സിദ്ധാന്തത്തിന് ശാസ്ത്രജ്ഞരുടെ ഇടയിൽ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത സംബന്ധിച്ചും അദ്ദേഹത്തിന്റെ മേൽ സൂചിപ്പിച്ച ആമുഖ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഓക്സ്ഫോർഡ്  സർവകലാശാലയിൽ 1996 ലും 1999 ലും നടന്ന ശാസ്ത്ര സമ്മേളനങ്ങളിൽ സ്വയം ക്രമീകരിക്കുന്ന ഭൗമ വ്യവസ്ഥയെ സംബന്ധിച്ച ചർച്ചകൾ നടന്നതായും ഗയാസിദ്ധാന്തം ശാസ്ത്ര ഗവേഷണങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ജിയോഫിസിയോളജി  (Geophysiology) എന്ന ശാസ്ത്ര ശാഖയുടെ ഭാഗമായാണ് ജയിംസ് ലവ് ലോക്കിന്റെ സിദ്ധാന്തം പരിഗണിക്കപ്പെടുന്നത്. എന്നാൽ ഈ സ്വീകാര്യത നിരുപാധികമല്ല. സിദ്ധാന്തത്തിന് ഗയ എന്ന പേരിൽ ഒരു ദൈവീകസങ്കല്പം ഉള്ളതിനാൽ അതുപേക്ഷിക്കണമെന്നതാണ് ഉപാധി. ഗയ എന്ന പരികല്പന ഇന്നത്തെ ഭൂമിയുടെ അവസ്ഥയ്ക്ക് എറെ അനുയോജ്യമാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെങ്കിലും ഒരു യോദ്ധാവ് മിലിറ്ററി അച്ചടക്കം പാലിക്കുന്ന പോലെ ശാസ്ത്രജ്ഞ സമൂഹത്തിന്റെ പൊതു അഭിപ്രായത്തെ താൻ മാനിക്കുന്നതായും അദ്ദേഹം ലേഖനത്തിൽ കുറിക്കുന്നു.

ഭൗമപരിസ്ഥിതിയെ സംബന്ധിച്ച ഗയാ സിദ്ധാന്തം അവതരിപ്പിച്ച ജയിംസ് ലവ് ലോക്ക് മറ്റനേകം ശാസ്ത്ര ശാഖകൾക്കും സംഭാവനകൾ നൽകിയിട്ടുണ്ട്. അന്തരീക്ഷവാതകങ്ങളിലെ അതിസൂക്ഷ്മ രാസകണങ്ങൾ കണ്ടെത്താൻ അദ്ദേഹം നിർമിച്ച  ഉപകരണം ഉപയോഗിച്ചാണ് ഓസോൺ പാളീക്ഷയത്തിനു കാരണമായിട്ടുള്ള അന്തരീക്ഷവാതകങ്ങളിലെ ക്ലോറോഫ്ലൂറോ കാർബണുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അദ്ദേഹം തീപ്പെട്ടി രൂപത്തിൽ നിർമിച്ച ഈ ഉപകരണം ഇലക്ട്രോൺ ക്യാപ്ചർ ഡിററക്റ്റർ (Electron Capture Detector) എന്ന പേരിലാണറിയപ്പെടുന്നത്. കീടനാശിനികളിലെ വിഷാംശം കലർന്ന രാസവസ്തുക്കളെ കണ്ടെത്താനും ഈ ഉപകരണമാണ് ഉപയോഗപ്പെടുത്തിയത്. കീടനാശിനികൾ പ്രയോഗിച്ചതിന്റെ ഫലമായി അമേരിക്കയിലെയും യൂറോപ്പിലെയും  ജീവിവർഗ്ഗങ്ങളിലും അമ്മമാരുടെ മുലപ്പാലിൽ പോലും വിഷാംശങ്ങൾ കലർന്നിട്ടുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. തുടർന്നാണ് 1962 ൽ അമേരിക്കയിൽ റേച്ചൽ കാഴ്സൺ (Rachel Carson) കീടനാശിനികളിലെ വിഷാംശം ഉണ്ടാക്കുന്ന അപകടങ്ങൾ പ്രതിപാദിക്കുന്ന വിഖ്യാതമായ ‘നിശബ്ദ വസന്തം’ (Silent Spring) എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

1962 ൽ റേച്ചൽ കാഴ്സൺ(Rachel Carson) രചിച്ച ‘നിശബ്ദ വസന്തം’ (Silent Spring) പുറത്തിറങ്ങി

ഇലക്ട്രോൺ ക്യാപ്ചർ ഡിറ്റക്റ്റർ വഴി ഉണ്ടാക്കിയ സാമ്പത്തിക നേട്ടം ലവ് ലോക്കിന് ഒരു സ്വതന്ത്ര ശാസ്ത്രജ്ഞനെന്ന നിലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം സംജാതമാക്കി. ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായി അദ്ദേഹം NASA യിലേക്ക് ക്ഷണിക്കപ്പെട്ടു. അവിടെ നിന്ന് അദ്ദേഹം അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന ഒരു ശാസ്ത്രജ്ഞ സംഘത്തോടൊപ്പം ചേർന്ന് ചൊവ്വ ഗ്രഹത്തിലെ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യത സംബന്ധിച്ച പഠനത്തിലേർപ്പെട്ടു. ചൊവ്വാഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ രാസഘടന പഠന വിധേയമാക്കി അവിടെ ജീവന്റെ സാന്നിധ്യമില്ല എന്ന് അദ്ദേഹം സ്ഥാപിച്ചു.

ഭൂമിയുടെയും ചൊവ്വയുടെയും ശുക്രന്റെയും അന്തരീക്ഷവാതക ഘടനയിലെ വ്യത്യാസം അദ്ദേഹം പഠന വിധേയമാക്കി. ചൊവ്വയുടെയും, ശുക്രന്റെയും അന്തരീക്ഷത്തിന്റെ 95 ശതമാനത്തിലധികവും കാർബൺ ഡൈ ഓക്സൈഡും ബാക്കി ഒരു ചെറിയ ശതമാനം ഓക്സിജനും, നൈട്രജനും മറ്റു ചില വാതകങ്ങളുമാണ്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിന്റെ 78 ശതമാനം നൈട്രജനും, 21 ശതമാനം ഓക്സിജനും ശേഷിക്കുന്ന ഒരു ശതമാനത്തിനുള്ളിലാണ് കാർബൺഡൈഓക്സൈഡും മറ്റു വാതകങ്ങളുമടങ്ങിയിരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷവാതക ഘടന ഇങ്ങിനെ വ്യത്യസ്തമായതിന്റെ കാരണം ലവ് ലോക്ക് പഠന വിധേയമാക്കി. മാത്രമല്ല ഭൂമിയിൽ ജീവൻ ആവിർഭവിച്ചതിനു ശേഷമുള്ള 350 കോടി വർഷത്തിനകം സൗരോർജം30 ശതമാനം വർധിച്ചെങ്കിലും ഇക്കാലമത്രയും ഭൂമിയുടെ ഉപരിതല ഊഷ്മാവ് ഏതാണ്ട് സ്ഥിരമായി നിലനിന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു.

ഭൗതിക ശാസ്ത്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ സൗരോർജത്തിൽ ഉണ്ടായിട്ടുള്ള വർധനവ് കാരണം ഭൂമിയുടെ ഉപരിതലം ചുട്ടുപൊള്ളുന്ന അവസ്ഥയിലെത്തേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ഇതെന്തുകൊണ്ടായിരിക്കുമെന്നതു സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനങ്ങളുടെ തുടർച്ചയായാണ് പിന്നീട്  അദ്ദേഹവും ലിൻ മാർഗുളിസും ചേർന്ന് ഗയ സിദ്ധാന്തം ആവിഷ്ക്കരിച്ച് അവതരിപ്പിച്ചത്. ഭൂമിയിൽ ജീവനും അവ നിലനിൽക്കുന്ന അജൈവമായ ഭൗമ ഉപരിതലവും പരസ്പരം സഹകരിച്ചും, പ്രതി പ്രവർത്തിച്ചും സ്വയം ക്രമീകൃതമായ ഒരു വ്യവസ്ഥയായാണ് നിലനില്ക്കുന്നത് ഭൂമിയിലെ ജീവജാതികൾ തന്നെയാണ് ഭൗമ പരിസ്ഥിതിയെ സന്തുലിതവും സ്ഥായിയുമായി നിലനിർത്തുന്നത് എന്നും അദ്ദേഹം സിദ്ധാന്തിച്ചു.

ഭൂമിയിൽ ജീവന്റെ ആവിർഭാവം മുതൽ തന്നെ സമുദ്രങ്ങളിലെ ആദ്യകാല ജീവരൂപങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും ഓക്സിജൻ പുറത്തേക്ക് വിടാനും ആരംഭിച്ചു. നിണ്ട കാലത്തെ ഈ പ്രക്രിയ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാനും ഓക്സിജന്റെ അളവ് കൂട്ടാനും ഇടയാക്കി. ഇത് മൂലം പിന്നീട് ഓക്സിജനെ ആശ്രയിച്ചു വളരുന്ന മറ്റു ജീവജാലങ്ങളുടെ ആവിർഭാവത്തിനും തുടർന്ന് ഇന്നത്തെ നിലയിലുള്ള ജൈവ വൈവിധ്യത്തിന്റെയും അന്തരീക്ഷവാതങ്ങളുടെയും ഒരു സന്തുലിതാവസ്ഥയിലേക്കെത്തുകയും ചെയ്തു. അങ്ങനെ സ്വയം ക്രമീകരിച്ചും സ്വയം പരിണമിച്ചും വികസിക്കുന്ന ഒരു ജൈവമണ്ഡലവും അന്തരീക്ഷവുമാണ് ഭൂമിയെ സൗരയൂഥത്തിലെ ഇതര ഗ്രഹങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്നത് എന്ന ആശയമാണ് ഗയാ സിദ്ധാന്തത്തിലൂടെ ലവ് ലോക്കും ജീൻ മാർഗുളിസും മുന്നോട്ടു വെച്ചത്.

ഭൂമിയിൽ മനുഷ്യന്റെ ഇടപെടലുകളുടെ ഭാഗമായുള്ള അന്തരീക്ഷതാപ വർധനവ് ഏതെല്ലാം വിധത്തിലാണ് നമ്മെ ബാധിക്കാൻ പോകുന്നത് എന്നതിനെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ദി റിവഞ്ച് ഓഫ് ഗയ(The Revenge of Gaia) എന്ന തന്റെ പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. നമ്മുടെ നിലനില്പിനെ ബാധിക്കുന്ന ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള ചിന്തകളിൽ കടലിനെക്കുറിച്ചുള്ള പഠനങ്ങൾ വേണ്ടത്ര നടന്നിട്ടില്ല എന്നാണദ്ദേഹം നിരീക്ഷിക്കുന്നത്. നമ്മുടെ ഗ്രഹത്തിന്റെ ഭൂരിഭാഗവും കടലാണെങ്കിലും നാമതിനെ ഭൂമിയെന്ന് തെറ്റായാണ് നാമകരണം ചെയ്തിട്ടുള്ളത്. കടലിന്റെ ശരാശരി ഉപരിതല ഊഷ്മാവ് 15°C ന് മുകളിൽ പോയാൽ അവിടം ജീവനില്ലാത്ത മരുഭുമിക്ക് സമാനമാകും. കടലിലെ ജൈവ വ്യവസ്ഥ നശിക്കുന്ന അവസ്ഥ നമ്മെ ഏറെ പ്രതിസന്ധികളിലെത്തിക്കും. അതുകൊണ്ട് തന്നെ കടലിന്റെ ഊഷ്മാവ് നിയന്ത്രിച്ച് നിർത്താനുള്ള വഴികൾക്കാണ് നാം മുൻഗണന നൽകേണ്ടത്.

ദി വാനിഷിംഗ് ഫെയ്സ് ഓഫ് ഗയ(The Vanishing Face of Gaia) എന്ന തന്റെ പുസ്തകത്തിൽ കാലാവസ്ഥാ വ്യതിയാനം ഏതെല്ലാം വിധത്തിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ് എന്ന് വിശദമായി പ്രതി പാദിക്കുന്നതോടൊപ്പം പാശ്ചാത്യ ജീവിത രീതികൾ തുടർന്നു കൊണ്ടുള്ള പരിഹാരങ്ങൾ അസാധ്യമാവുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും ഹരിത രാഷ്ട്രിയക്കാർക്കും ജയിംസ് ലവ് ലോക്കിന്റെ ഗയാ സിദ്ധാന്തം സ്വീകാര്യമായിരുന്നെങ്കിലും അദ്ദേഹം അവരുടെ നിശിത വിമർശകനായിരുന്നു. അവരിൽ പലരും ശാസ്ത്രത്തെ സംബന്ധിച്ച് അപക്വ ധാരണകൾ മാത്രമുള്ളവരും , ചിലർ ശാസ്ത്ര വിരുദ്ധർ പോലുമാണ് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.എന്നാൽ ക്രമേണ അവർ കാര്യങ്ങൾ മനസ്സിലാക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

ഫോസിൽ ഇന്ധനങ്ങൾ അടിയന്തിരമായി ഉപേക്ഷിക്കേണ്ടതുള്ളതിനാൽ ശുദ്ധ ഊർജ സ്രോതസ് എന്ന നിലയിൽ ആണവോർജ്ജം തന്നെയാണ് അഭികാമ്യമെന്നായിരുന്നു ജയിംസ് ലവ് ലോക്ക് വാദിച്ചിരുന്നത്. 2019 ൽ ജെയിംസ് ലവ് ലോക്കിന് 99 വയസ്സ് പൂർത്തിയായ ശേഷം പ്രസിദ്ധീകരിച്ച പുസ്തകമാണ് നൊവാസീൻ , ദി കമിംഗ് ഏയ്ജ് ഓഫ് ഹൈപ്പർ ഇന്റലിജൻസ് (Novacene,The Coming Age of Hyperintelligence) എന്നത്.

മനുഷ്യപരിണാമത്തിന്റെ അടുത്ത ഘട്ടം ഹൈപ്പർ ഇന്റലിജൻസിന്റെ ആവിർഭാവത്തോടു കൂടിയായിരിക്കുമെന്നാണ് ലവ് ലോക്ക് തന്റെ ഈ പുസ്തകത്തിൽ വിശദമാക്കുന്നത്. നിലവിലുള്ള കൃത്രിമ ബുദ്ധിയുടെ 10,000 മടങ്ങ് ശേഷിയുള്ള പ്രത്യുല്പാദന ശേഷിയുള്ള സൈബോർഗുകളായിരിക്കും ഭാവിയിൽ ഭൂമിയിലെ കാര്യങ്ങൾ നിശ്ചയിക്കുക. 1960 ൽ മാൻ ഫ്രെഡ് ക്ലൈൻസും, നാഥാൻ ക്ലൈനും സൈബർ നെററിക് ജീവിവർഗങ്ങളെ സംബന്ധിച്ച് വിഭാവനം ചെയ്ത് അവയ്ക്ക് നൽകിയ സൈബോൾഗ് എന്ന പദമാണ് താനും സ്വീകരിച്ചത് എന്നും അദ്ദേഹം പറയുന്നു. എന്നാൽ സൈബോർഗുകൾ ഭൂമിയിലെ മനുഷ്യനുൾപ്പെടെയുള്ള മറ്റു ജീവജാലങ്ങൾക്ക് ഭീഷണിയാവാനിടയില്ല. അവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ജൈവ വ്യവസ്ഥയും ഭൂമിയും പരസ്പരം പ്രതി പ്രവർത്തിച്ചും സഹകരിച്ചുമുള്ള ക്രമീകരണവും സന്തുലിതാവസ്ഥയും ആവശ്യമാണ്. നമുക്ക് ഈ അവസ്ഥ നിലനിർത്താൻ നാം ഭൂമിയിലെ ജൈവ വ്യവസ്ഥയ്ക്ക് നൽകുന്ന പരിഗണനപോലെ നാമുൾപ്പെടെയുള്ള ജൈവ വ്യവസ്ഥയെ നിലനിർത്തുന്നതിൽ അവയുടെ ശ്രദ്ധയുണ്ടാവും. ഈ പരികല്പനയുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന  ജിയോളജിക്കൽ കാലഘട്ടത്തെ നൊവാസീൻ എന്ന് നാമകരണം ചെയ്യണമെന്ന നിർദ്ദേശമാണ് ജയിംസ് ലോവ് ലോക്ക് തന്റെ പുസ്തത്തിലൂടെ മുന്നോട്ടു വെക്കുന്നത്.

103 വയസ്സു വരെയുള്ള തന്റെ ജീവിതം  ലവ് ലോക്ക് ഏതാണ്ട് മുഴുവനായും പിന്നിട്ടത് ഒരു ശാസ്ത്രാന്വേഷകനെന്ന നിലയിലാണ്. 200 ലേറെ ശാസ്ത്ര പ്രബന്ധങ്ങളും, ഗയ സിദ്ധാന്തവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഹോമേജ് ടു ഗയാ  (Homage to Gaia)എന്നത് ആത്മ കഥാരൂപത്തിൽ അദ്ദേഹം എഴുതിയ പുസ്തകമാണ്. 50 ലേറെ പേറ്റന്റുകൾ സ്വന്തം പേരിലുള്ള ലവ് ലോക്ക് റോയൽ സൊസൈറ്റിയിലെ അംഗമായിരുന്നു. നിരവധി അവാർഡുകളും , അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയ ഏറെ ആദരണീയനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ജയിംസ് ലവ് ലോക്കിന്റെ ചരമത്തോടെ ശാസ്ത്ര ലോകത്തെ  ഒരു മഹാമനീഷി നമ്മോട് വിട പറഞ്ഞിരിക്കയാണ്.

ജെയിംസ് ലവ് ലോക്ക്  ലബോറഠ്ടറിയിൽ  കടപ്പാട് : Nature /Image shot 2004.

അധിക വായനയ്ക്ക്

  1. https://www.theguardian.com/environment/2022/jul/27/james-lovelock-obituary.
  2. Gaia,A new look at life on Earth .
  3. The Revenge of Gaia.
  4. The Vanishing Face of Gaia.
  5. Novacene,The Coming Age of  Hyperintelligence.

Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ജെയിംസ് ലവ് ലോക്കും ‘ഗയാ’ സിദ്ധാന്തവും

  1. നല്ല ലേഖനം. ഡാക്കിൻസ്‌, മേയ്നാഡ്‌ സ്മിത്‌ മുതലായ പ്രശസ്ത ബയോളജിസ്റ്റുകളൊന്നും ഗയ സിദ്ധാന്തത്തെ അനുകൂലിച്ചില്ല എന്നത്‌ പ്രസ്താവ്യമാണ്‌. ലവ്ലോക്ക്‌ ആണവോർജ്ജത്തിന്റെ ഒരു വക്താവുമായിരുന്നു

Leave a Reply

Previous post ജനിതക സാങ്കേതിക വിദ്യയും നൈതികപ്രശ്നങ്ങളും – ഡോ.ബി.ഇക്ബാൽ LUCA TALK
Next post റികോംബിനന്റ് ഡി.എൻ.എ.സാങ്കേതികവിദ്യക്ക് ഒരാമുഖം – ഡോ.ജാസ്മിൻ.എം.ഷാ LUCA TALK
Close