Read Time:3 Minute


ഡോ. എം ആര്‍ സുദര്‍ശനകുമാര്‍

ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന  ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു.

1920 ലാണ് ഐസക് അസിമോവ് ജനിച്ചത്. വിശ്രുതനായ അമേരിക്കന്‍ ശാസ്ത്ര കഥാകാരനായിരുന്നു ഐസക് അസിമോവ്. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി പ്രൊഫസറായിരുന്നു. ശാസ്ത്രകഥ, ജനകീയ ശാസ്ത്രം എന്നീ സാഹിത്യ ശാഖകളിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരിലൊരാളായിരുന്നു അസിമോവ്. സത്യത്തിൽ അദ്ദേഹത്തിന്റെ ജനന തീയതി കൃത്യമായി അറിയില്ല. 1919 ഒക്‌ടോബര്‍ നാലിനും 1920 ജനുവരി രണ്ടിനുമിടയിലുള്ള (രണ്ടു തീയതിയുമടക്കം) ഏതോ ദിവസമാണ് ജനിച്ചതെന്നേ അറിവുണ്ടായിരുന്നുള്ളു. ഇതിലേതാണ് ശരിയെന്നറിയില്ലെങ്കിലും അസിമോവ് ജനുവരി രണ്ടിനാണ് ജന്മദിനമായി ആഘോഷിച്ചിരുന്നത്. 1921 ല്‍ അസിമോവടക്കം 16 കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെട്ടു. അസിമോവൊഴിച്ച് ബാക്കി 15 പേരും മരണപ്പെട്ടു. അസിമോവിന് മൂന്നു വയസുള്ളപ്പോള്‍ കുടുംബം അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തു. ന്യുയോര്‍ക്കിലായിരുന്നു കുടുംബം കുടിയേറി പാര്‍ത്തത്. അഞ്ച് വയസായപ്പോള്‍ തന്നെ പൂര്‍ണമായി വായിക്കുവാനുള്ള കഴിവ് നേടി. രക്ഷകര്‍ത്താക്കള്‍ തുടങ്ങിയ കടകളില്‍ കുടുംബത്തിലെ എല്ലാവരും പ്രവൃത്തിയെടുക്കണമെന്ന് നിര്‍ബന്ധമായിരുന്നു. കടയിലുണ്ടായിരുന്ന പത്രങ്ങളും മാസികകളും വായിക്കുവാന്‍ അസിമോവിന് ഇത് അസുലഭ അവസരം നല്‍കി. സ്‌കൂള്‍ പഠനത്തിനുശേഷം 1941 ല്‍ കെമിസ്ട്രിയില്‍ മാസ്റ്റര്‍ ബിരുദവും 1948 ല്‍ ബയോ കെമിസ്ട്രിയില്‍ പിഎച്ച്ഡിയും നേടി. ഇതിനിടയില്‍ 1942 മുതല്‍ 1945 വരെ രണ്ടാം ലോക മഹായുദ്ധകാലത്ത് ആര്‍മിയില്‍ സേവനമനുഷ്ഠിച്ചു.

Photograph Copyright © 2008-present Joriel Jimenez

ശാസ്ത്രസാഹിത്യ രംഗത്ത് അഞ്ഞൂറോളം പുസ്തകങ്ങള്‍ അസിമോവ് രചിച്ചിട്ടുണ്ട്. കൂടാതെ 90,000 കത്തുകളും അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനകളാണ് ഫൗണ്ടേഷന്‍ സീരീസ്, ഗാലക് ടിക്ക് എമ്പയര്‍ സീരീസ്, റോബോ സീരീസ് എന്നിവ. നൂറുകണക്കിന് ശാസ്ത്ര ചെറുകഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗൈഡ് ടു സയന്‍സ്, അണ്ടര്‍സ്റ്റാന്‍ഡിങ് ഫിസിക്‌സ് എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്. 1952 ആയപ്പോള്‍ ഒരു എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ വരുമാനം നേടി തുടങ്ങി. 1958 ല്‍ മുഴുവന്‍ സമയ അധ്യാപനം ഉപേക്ഷിച്ചു. 1979 ല്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിനു ‘പ്രൊഫസര്‍’ പദവി നല്‍കി ആദരിച്ചു. 1992 ഏപ്രില്‍ ആറിന് അസിമോവ് അന്തരിച്ചു.


കടപ്പാട് : ജനയുഗം

Happy
Happy
0 %
Sad
Sad
25 %
Excited
Excited
25 %
Sleepy
Sleepy
25 %
Angry
Angry
0 %
Surprise
Surprise
25 %

One thought on “ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മവാര്‍ഷികം

Leave a Reply

Previous post അന്താരാഷ്ട്ര പഴം-പച്ചക്കറി വർഷം
Next post ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ? 
Close