വയോജനങ്ങളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന വലിയ വർദ്ധനവ് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ആയുർദൈർഘ്യം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അത് എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയിലെ പ്രായമേറിയ ആളുകളുടെ അംഗസംഖ്യയിൽ വർദ്ധന ഉണ്ടാക്കുന്നുണ്ട്. പൊതുജനസംഖ്യയിൽ ഉണ്ടാകുന്ന വർദ്ധനവ്, ജീവിത സാഹചര്യങ്ങളിൽ ഉണ്ടായി വന്നിട്ടുള്ള മാറ്റങ്ങൾ, ആരോഗ്യ കാര്യങ്ങളിൽ നൽകുന്ന കരുതൽ എന്നിവയെല്ലാം ഇത്തരത്തിലുള്ള വർദ്ധനവിന് സഹായമാകുന്ന ഘടകങ്ങളാണ്. 1951ൽ പ്രതീക്ഷിത ആയൂർദൈർഘ്യം 46 വയസ്സായിരുന്നുവെങ്കിൽ ഇന്ന് അത് 73.2 ൽ എത്തി നിൽക്കുകയാണ്. 1950 കളിൽ ജനിച്ചവരേക്കാൾ ശരാശരി 25 വർഷം കൂടുതലായി ഇന്നുള്ളവർക്ക് ജീവിക്കുവാൻ സാധിക്കുന്നു.
ജനസംഖ്യ വളർച്ചയെക്കാൾ വേഗത്തിൽ വയോജനങ്ങളുടെ ജനസംഖ്യ വളരുകയാണ്. 65 വയസ്സിന് മുകളിലുള്ള 76 കോടി 10 ലക്ഷം പേരാണ് (2021 കണക്കനുസരിച്ച്) ഇന്ന് ലോകത്താകെയുള്ളത് .
2050 ആകുമ്പോഴേക്കും ഇത് 160 കോടിയാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ലോക ജനസംഖ്യയുടെ 16 ശതമാനം ആണ്. 2050 ൽ 6 പേരിൽ ഒരാൾ 65 വയസ്സിന് മുകളിലുള്ളവർ ആയിരിക്കും. 2021ൽ അത് 10 ൽ ഒരാളായിരുന്നു. 2018 ൽ തന്നെ ജനസംഖ്യയിൽ അഞ്ച് വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തെ 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം മറികടന്നിരുന്നു. ഇപ്പോൾ അത് അഞ്ച് വയസ്സിന് താഴെയുള്ളവരുടെ ജനസംഖ്യയുടെ ഇരട്ടിയായി മാറിയെന്ന് മാത്രമല്ല 12 വയസ്സിന് താഴെയുള്ളവരുടെ ജനസംഖ്യക്ക് തുല്യവുമായിരിക്കുന്നു. (UN വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ് 2022)
60 വയസ്സ് കഴിഞ്ഞവരെയാണ് വയോജനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . 60 വയസ്സ് കഴിഞ്ഞവർ ഇപ്പോൾ തന്നെ 104 കോടിയാണ്. 2050 ആകുമ്പോഴേക്കും 210 കോടി ആയി അത് മാറും.
2030 ൽ ലോകത്ത് 6 പേരിൽ ഒരാൾ 60 വയസ്സിന് മുകളിലുള്ളവർ ആയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുപോലെതന്നെ 80 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ 2020 ൽ ഉണ്ടായിരുന്നതിനേക്കാൾ മൂന്നുമടങ്ങ് വർദ്ധിച്ച് 42.6 കോടിയായി മാറും.
വയോജന ദിനം
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1982-ൽ വിയന്നയിൽ ചേർന്ന ആദ്യ ലോക അസംബ്ലിയിൽ വയോജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് വളരെ ഗൗരവമായ ചർച്ചകൾ നടത്തുകയുണ്ടായി. ലോക ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ഒരു യാഥാർത്ഥ്യമായി ലോക ഗവൺമെൻറ്കൾ അംഗീകരിക്കുകയും, അവർക്ക് ആവശ്യമായ സഹായക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. പ്രധാനമായും ആരോഗ്യ സംരക്ഷണം, സാമൂഹ്യ സുരക്ഷിതത്വം , വരുമാന സുരക്ഷിതത്വം, ജീവിത സാഹചര്യങ്ങളുടെ മെച്ചപ്പെടലിനാവശ്യമായ ഇടപെടലുകൾ, ജീവിതത്തെയും ആരോഗ്യത്തെയും സഹായിക്കുന്ന പരിസ്ഥിതിയുടെ ഉറപ്പാക്കൽ എന്നിവയെല്ലാം ചർച്ചക്ക് വിധേയമായി. അതിനെ തുടർന്ന് 1990 ഡിസംബർ 14ന് ചേർന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയാണ് ഒക്ടോബർ ഒന്ന് വയോജനങ്ങളുടെ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. 1991 മുതൽ വയോജന ദിനം ആചരിക്കുവാനും ആരംഭിച്ചു.
സ്വാതന്ത്ര്യം, പങ്കാളിത്തം, സംരക്ഷണം. അന്തസ്സ് ,ആത്മ സംതൃപ്തി ,ഇവയൊക്കെ വയോജനങ്ങളുടെ പ്രധാന അവകാശങ്ങളായി അംഗീകരിച്ച് കൊണ്ടാണ് വയോജന ദിനാചരണം പ്രഖ്യാപിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണവും സാമൂഹ്യ സുരക്ഷിതത്വവും വരുമാനവും തൊഴിലും, തീരുമാനങ്ങൾ എടുക്കുന്നതിലുള്ള പങ്കാളിത്തവുമെല്ലാം വളരെ പ്രധാനമായി മാറുന്നു.
ആരോഗ്യകരമായ വൃദ്ധത്വം
2021 മുതൽ 2030 വരെയുള്ള ഒരു ദശാബ്ദകാലം ലോകാരോഗ്യ സംഘടന ആരോഗ്യകരമായ വയോജന ദശാബ്ദം ആചരിക്കുകയാണ്. എല്ലാ വയോജനങ്ങൾക്കും മാന്യതയും സുരക്ഷയും ഒക്കെ ലഭിക്കുന്ന ഒരു ആരോഗ്യകരമായ പരിസരം രൂപപ്പെടുത്തുകയും, അവരുടെ ശാരീരികവും മാനസികവുമായ പ്രവർത്തനശേഷിയിൽ വർദ്ധനവുണ്ടാക്കികൊണ്ട് ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ഗൗരവമാർന്ന ഒരു പ്രക്രിയയാണിത്. സുസ്ഥിരവികസനം ലക്ഷ്യമാക്കിക്കൊണ്ട് സമൂഹത്തിൻ്റെയൊന്നാകെയുള്ള ശക്തമായ സഹകരണം ഈ പ്രക്രിയയിൽ ഉറപ്പ് വരുത്തുകയെന്നതാണ് പ്രധാനം. ഇതൊരു അവസരമാണ് ഭരണകൂടങ്ങൾക്കും സമൂഹത്തിനും സംഘടനകൾക്കും മാധ്യമങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമെല്ലാം. അവരെല്ലാം ചേർന്ന് വയോജനങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ, പരിമിതികളെ മുറിച്ചുകടക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയവും സംയോജിതവുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുമുള്ള ഒരു അവസരം. ഈ അവസരത്തെ ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്.
ഇന്ത്യയും വയോജനങ്ങളും
2011ലെ സെൻസസ് പ്രകാരം 10.38 കോടി 60 വയസ്സിന് മുകളിലുള്ളവർ ഇന്ത്യയിലുണ്ട് അതിൽ 80 വയസ്സിന് മുകളിലുള്ളവർ 3.8 കോടിയാണ്. 1961 ൽ 5.6% ആയിരുന്ന പ്രായമേറിയവരുടെ ജനസംഖ്യ 2011ൽ 8.6% ആയി വർധിച്ചു. 2050 ആകുമ്പോൾ അത് 20% ആയി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു ജനസംഖ്യ പോലെ തന്നെ വയോജന ജനസംഖ്യയിലും മുന്നിലെത്തുന്ന രാജ്യങ്ങളിലൊ ന്നായി ഇന്ത്യ മാറും .ഇന്ത്യയിലെ വയോജനങ്ങളിൽ 29 ശതമാനം പേർ മാത്രമാണ് നഗരങ്ങളിൽ താമസമാക്കിയവർ 71 ശതമാനം പേരും ഗ്രാമീണ ഇന്ത്യയിൽ താമസിക്കുന്നവരാണ്. 90 ശതമാനം വയോജനങ്ങൾക്കും സാമൂഹികമായ സുരക്ഷിതത്വം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
നിരവധി പ്രതിസന്ധികളാണ് പ്രായമേറിയവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ദൈനംദിന കാര്യങ്ങൾക്കും ഭക്ഷണം. താമസം ,ആരോഗ്യം തുടങ്ങിയവയ്ക്കുമെല്ലാം വലിയ ചെലവ് അവർക്ക് വഹിക്കേണ്ടി വരുന്നുണ്ട്. അണുകുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൻ്റെ ഫലമായി വയോജനങ്ങൾ ഒറ്റപ്പെടുകയും കുട്ടികളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്ന് താമസിക്കേണ്ടി വരികയും ചെയ്യുന്നു. കാര്യക്ഷമമായ സഹായക സംവിധാനം ഒരുക്കുന്നതിന് വിദഗ്ധ പരിശീലനം കിട്ടിയവരുടെ അഭാവം ഒരു പ്രധാന പ്രശ്നമായി നിലകൊള്ളുന്നു. ഇന്ത്യയിൽ യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന വിഭാഗമാണ് വയോജനങ്ങൾ.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ വയോജനങ്ങളെ നാലുതരത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
- യുവവൃദ്ധർ – 60 മുതൽ 69 വയസ്സ് വരെ ഉള്ളവരെ എന്ന പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ
- വൃദ്ധർ – 70 മുതൽ 79 വയസ്സ് വരെയുള്ളവർ
- വയോവൃദ്ധർ – 80 മുതൽ 89 വയസ്സ് വരെയുള്ളവർ
- മഹാവൃദ്ധർ – 90 വയസ്സിന് മുകളിലുള്ളവരെ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
60 വയസ്സ് കഴിഞ്ഞ എല്ലാവരുടെയും പ്രശ്നങ്ങളെയും ആവശ്യങ്ങളെയും ഒരു പോലെ കാണാൻ കഴിയില്ല. ഓരോ വിഭാഗത്തിലും പെട്ടവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വ്യത്യസ്ത്യങ്ങളായിരിക്കും. അത് തിരിച്ചറിഞ്ഞ് സവിശേഷ ശ്രദ്ധയോടെ ഇടപെടുകയെന്നതാണ് പ്രധാനം.
വയോജനങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ
ഒന്നാമത്തേത് സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ്.
മറ്റെല്ലാവരും നേരിടുന്നത് പോലെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വലിയ തോതിൽ വയോജനങ്ങളും നേരിടുന്നുണ്ട്. പ്രായമേറുന്നതോടുകൂടി അവർക്ക് സ്വന്തമായി വരുമാന സമ്പാദനം നടത്തുന്നതിന് ആവശ്യമായ ജോലികൾ ചെയ്യുന്നതിന് സാധിക്കാതെ വരുന്നു. അത് അവരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുവെന്നത് വളരെ പ്രധാന വിഷയമാണ്. സാമ്പത്തിക ആശ്രിതത്വം വർദ്ധിച്ച് വരുന്നത് അവരുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് സാമ്പത്തിക രംഗത്ത് നേരിടുന്ന ചൂഷണവും.
രണ്ട് അവരുടെ ശാരീരികമായ പ്രശ്നങ്ങളാണ്.
വയസ്സാകുന്നതോടുകൂടി സ്വാഭാവികമായും ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവരുടെ സ്വഭാവത്തെയും, ജീവിതരീതികളെയും ഇടപെടലിനെയുമെല്ലാം ബാധിക്കും. അത് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകളിലേക്കും നയിക്കുന്നുണ്ട്.
താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മൂന്നാമത്തേത്.
പ്രായമേറുന്നതോടെ അവരുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കാൻ സഹായകമായ തരത്തിലുള്ള താമസസൗകര്യത്തിന് പറ്റിയ ഒരു സംവിധാനം രൂപപ്പെടുത്തേണ്ടി വരും അതൊരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നു. അവർക്ക് നേരെയുള്ള അതിക്രമങ്ങളാണ് നാലാമത്തേത് . ക്രിമിനൽ കുറ്റങ്ങൾ സ്ത്രീകൾക്കും പ്രായമേറിയവർക്കും നേരെയാണ് കൂടുതലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. (കൊലപാതകം ,മോഷണം, മർദ്ദനം . പിടിച്ചുപറി ,ആക്രമണം തുടങ്ങിയവ). പ്രായമേറെയുള്ളത് കൊണ്ട് സ്വയം പ്രതിരോധിക്കാൻ കഴിയില്ലായെന്ന തോന്നൽ വല്ലാത്ത പേടിയായി അവരെ പിൻതുടരുന്നുണ്ട്. പ്രത്യേകിച്ചും ഒറ്റക്ക് താമസിയ്ക്കുന്നവരെ.
ഇതോടൊപ്പം സാമൂഹ്യ സുരക്ഷിതത്വമില്ലായ്മയും ആരോഗ്യ സംരക്ഷണ പ്രശ്നങ്ങളും,
- തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളിത്തമില്ലായ്മയും, ഒറ്റപ്പെടലും , ഒഴിവാക്കലും, സാമൂഹികമായി അവഗണിക്കലുമൊക്കെ പ്രായമേറിയവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.
- അന്തസ്സോടെയുള്ള ജീവിതം, സാമൂഹിക സുരക്ഷിതത്വം, സുരക്ഷ ഉറപ്പാക്കൽ, സാമ്പത്തിക വികസനത്തിന് സഹായകമായ പ്രവർത്തനങ്ങൾ, രാജ്യ പുരോഗതിക്ക് സഹായകമായ പ്രവർത്തനങ്ങളിലെ ഇടപെടൽ, സാമൂഹികമായ പരിഗണന ഇതൊക്കെ പ്രായമേറിയ ആളുകളുടെ ഇന്ത്യയിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭരണകൂടങ്ങൾ ഉറപ്പുവരുത്തുക തന്നെ വേണം.
കേരളത്തിനും വയസ്സാകുന്നു
ഇന്ത്യയിൽ വയോജന ജനസംഖ്യ വളരെ വേഗത്തിൽ വളരുന്ന സംസ്ഥാനമാണ് കേരളം. 1961 ലെ 5.1ശതമാനത്തിൽ നിന്നും 16.5 ശതമാനമായി വയോജനങ്ങളുടെ ജനസംഖ്യ വർദ്ധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2026 ആകുമ്പോഴേക്കും കേരളത്തിൽ 23% പേരും 60 വയസ്സിന് മുകളിലുള്ളവർ ആയിരിക്കും എന്നാണ് കേരളത്തിലെ വയോജന ജനസംഖ്യയുടെ പ്രതീക്ഷിത വർദ്ധന കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ 20.8 ശതമാനം സ്ത്രീകളും 16.8 ശതമാനം പുരുഷന്മാരും ആയിരിക്കും എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ വയോജനങ്ങളിൽ കൂടുതൽ പേരും സ്ത്രീകളാണെന്ന് മാത്രമല്ല അവരിൽ 55 ശതമാനം പേരും വൈധവ്യം അനുഭവിക്കുന്നവരുമാണ്. ഇത് വളരെ ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണ്. കേരളത്തിൽ വയോജന ജനസംഖ്യയുടെ ഈ വർദ്ധനവ് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിൽ പുതിയ നയങ്ങളും പരിപാടികളുമൊക്കെ ആസൂത്രണം ചെയ്യുമ്പോൾ ഈ വലിയ ജനസംഖ്യയെയും അവരുടെ അവകാശങ്ങളെയും പരിഗണിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. വയോജന നയം അംഗീകരിച്ച് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി മുന്നോട്ട് പോകുന്ന സംസ്ഥാനം. എങ്കിലും വയോജന വികസന പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം ഇനിയും വർദ്ധിപ്പിക്കേണ്ടി വരും.
- അവർക്കായി പ്രാദേശികമായി പൊതു ഇടങ്ങൾ സൃഷ്ടിക്കൽ.
- മാനസികമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കൽ .
- ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം പരിശീലനം സിദ്ധിച്ചവരുടെ ഒരു സ്ഥിരംസഹായക സംവിധാനം ശക്തിപ്പെടുത്തൽ,
- ഒറ്റക്ക് വീടുകളിൽ താമസിക്കേണ്ടി വരുന്നവർക്ക് സുരക്ഷിതമായി ജീവിക്കാൻ സൗകര്യമൊരുക്കൽ,
- അവർക്ക് എത് സമയത്തും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ അടക്കമുള്ള എല്ലാ പ്രശ്നങ്ങൾക്കും സഹായം ലഭിക്കുമെന്ന ഉറപ്പ് , സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പടെ വയോജനങ്ങളുടെ സവിശേഷമായ ചില പ്രശ്നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനും നമുക്ക് കഴിയേണ്ടതുണ്ട്.
രാജ്യപുരോഗതി യുടെ ഭാഗമായി പ്രാദേശികമായി നടന്നു വരുന്ന പ്രവർത്തനങ്ങൾക്ക് വയോജനങ്ങളിൽ നല്ലൊരു വിഭാഗം പേരുടെയും അറിവിനെയും കഴിവിനെയും നന്നായി ഉപയോഗിക്കാൻ കഴിയും. അത് വയോജനങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ അനുഭവം നൽകുന്നതാണ്. ജനകീയാസൂത്രണ പദ്ധതിയുടെ ആദ്യഘട്ടങ്ങളിൽ ഇത്തരത്തിലുള്ള കഴിവുകളെയും അറിവുകളെയും പരമാവധി പ്രാദേശികമായി പ്രയോജനപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും തുടർന്ന് അത് പൂർണമായും ഏതാണ്ട് ഒഴിവാക്കപ്പെട്ട ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
ഏറെക്കാലമായി അവർ ആർജിച്ചെടുത്തിട്ടുള്ള ഈ അറിവുകളെയും കഴിവുകളെയും ഗൗരവമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ സമൂഹത്തിൻറെ വളർച്ചയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. അത് പ്രയോജനപ്പെടുത്താൻ ഭരണകൂടങ്ങൾക്കും സമൂഹത്തിനും കഴിയേണ്ടതുണ്ട്. പ്രായമായവരുടെ പ്രശ്നങ്ങൾ പ്രായമായവരുടേത് മാത്രമല്ല അത് സമൂഹത്തിലെ ഓരോരുത്തരെയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്നതാണ്.