സാബു ജോസ്
രാഷ്ട്രീയപരമായ ചേരിതിരിവുകള്‍ നിലനില്‍ക്കുമ്പോഴും അത്തരം അതിര്‍വരമ്പുകള്‍ ശാസ്‌ത്രലോകത്ത് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ പങ്കാളിയായിട്ടുള്ള ബഹുരാഷ്ട്ര പ്രൊജക്‌ടുകള്‍.
അന്താരാഷ്‌ട്ര സഹകരണത്തോടെയുള്ള നിരവധി മെഗാ ശാസ്‌ത്രപ്രൊജക്‌ടുകളില്‍ ഇന്ത്യ പങ്കാളിയാണ്. ലോകശാസ്‌ത്ര ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു ദശാബ്‌ദമായിരിക്കും ഇനി വരാന്‍ പോകുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇന്ത്യാ ബേസ്‌ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയും ഇന്ത്യന്‍ ലിഗോയും ആ കുതിച്ചുചാട്ടത്തിന് നല്‍കുന്ന പിന്‍ബലം നിസ്സാരമല്ല. രാഷ്ട്രീയപരമായ ചേരിതിരിവുകള്‍ നിലനില്‍ക്കുമ്പോഴും ഇത്തരം അതിര്‍വരമ്പുകള്‍ ശാസ്‌ത്രലോകത്ത് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ പങ്കാളിയായിട്ടുള്ള ബഹുരാഷ്ട്ര പ്രൊജക്‌ടുകള്‍.
സേണ്‍
യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ന്യൂക്ലിയര്‍ റിസര്‍ച്ചുമായി (CERN) 1991 മാര്‍ച്ച് 28 ന് ഒപ്പുവച്ച ധാരണ പ്രകാരം സോണിന്റെ നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷശാലയായ ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ (LHC) പ്രവര്‍ത്തനത്തില്‍ ഇന്ത്യയും പങ്കാളിയാണ്. 1996 മാര്‍ച്ച് 29 ന് ആണ് ഈ പരീക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചത്. 2017 ആയപ്പോഴേക്കും LHC പരീക്ഷണങ്ങളില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ പങ്ക് ഗണ്യമായി വര്‍ദ്ധിച്ചു. പ്രപഞ്ചോല്‍പ്പത്തി, ജീവന്റെ ഉത്ഭവം തുടങ്ങി ഉന്നത ഊര്‍ജ്ജ നിലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കാനുള്ള പരിശ്രമമാണ് ഈ പരീക്ഷണശാലയില്‍ നടക്കുന്നത്.
ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 100 മീറ്റര്‍ ആഴത്തില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ തുരങ്ക പരീക്ഷണശാലയുള്ളത്. മാസുള്ള കണികകളായ പ്രോട്ടോണുകളുടെയും ലെഡ് അയോണുകളുടെയും കൂട്ടിയിടിയാണ് ഇവിടെ നടത്തുന്നത്. മാസുള്ള കണികകളെയാണ് ഹാഡ്രോണുകള്‍ എന്ന് വിളിക്കുന്നത്. 13 ടെറാ ഇലക്‌ട്രോണ്‍ വോള്‍ട്ട് ഊര്‍ജ്ജനിലയത്തിലാണ് പ്രോട്ടോണ്‍ സംഘട്ടനം നടക്കുന്നത്, അയോണ്‍ സംഘട്ടനം 5.7 TeV യിലും. പ്രകാശ വേഗതയുടെ അടുത്താണ് ഈ സൂക്ഷ്‌മ കണികകളുടെ സഞ്ചാരം ക്രമീകരിക്കുന്നത്. വൈദ്യുത കാന്തങ്ങള്‍ ഉപയോഗിച്ചാണ് സഞ്ചാര വേഗത നിയന്ത്രിക്കുന്നത്. കോളറൈഡിന്റെ രണ്ട് പ്രധാന പരീക്ഷണങ്ങളായ ആലീസിന്റെയും (A Large Iron Collider Experiment-ALICE) സി.എം.എസ്സിന്റെയും (Compact Muon Solenoid-CMS) നിര്‍മ്മാണത്തിലും ഓപ്പറേഷനിലും ഇന്ത്യന്‍ ശാസ്‌ത്രജ്ഞരും എന്‍ഞ്ചിനീയര്‍മാരും പങ്കെടുത്തിട്ടുണ്ട്. ലാര്‍ജ്ജ് ഹാഡ്രോണ്‍ കോളറൈഡില്‍ നടത്തിയിട്ടുള്ള പല പ്രമുഖ കണ്ടെത്തലുകള്‍ക്ക് പിന്നിലും ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക് പങ്കുണ്ട്. 2012 ലെ ഹിഗ്‌സ് ബോസോണ്‍ കണ്ടുപിടുത്തത്തിലും 2015 ലെ ക്വാര്‍ക്ക് ഗ്ലുവോണ്‍ പ്ലാസ്‌മ നിര്‍മ്മാണത്തിലും ഇന്‍ഡോറിലെ രാജാ രമാണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് ടെക്‌നോളജിയിലെ ( RRCAT) ശാസ്‌ത്രജ്ഞര്‍ പങ്കാളികളായിരുന്നു.
ഫെയര്‍
ഒമ്പത് ലോകരാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഫെയര്‍ പദ്ധതിയില്‍ (Facility for Antiproton and Ion Research) ഇന്ത്യയും പങ്കാളിയാണ്. ഇന്ത്യയെ കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, റൊമാനിയ, റഷ്യ, സ്വീഡന്‍, സ്ലൊവേന്യ എന്നീ രാജ്യങ്ങളും ഈ പദ്ധതിയില്‍ സഹകാരികളാണ്. 200 കോടി യു.എസ് ഡോളര്‍ ചിലവ് വരുന്ന ഈ അന്താരാഷ്‌ട്ര കണികാ പരീക്ഷണശാല ജര്‍മ്മനിയിലാണ് നിര്‍മ്മിക്കുന്നത്. 1100 മീറ്റര്‍ ചുറ്റളവുള്ള ഒരു സര്‍ക്കുലര്‍ ടണല്‍ ആണ് ഈ കണികാ പരീക്ഷണശാലയുടെ പ്രധാന ഭാഗമായ ആക്‌സിലറേറ്റര്‍. 20 ഹെക്‌ടര്‍ പ്രദേശത്താണ് പരീക്ഷണശാല സ്ഥാപിക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 3000 ല്‍ പരം ശാസ്‌ത്രജ്ഞര്‍ക്ക് ഈ പരീക്ഷണശാല ഉപയോഗപ്പെടുത്താന്‍ സാധിക്കും. ദ്രവ്യത്തിന്റെ ഘടനയും രൂപീകരണവും മഹാ വിസ്‌ഫോടനം മുതല്‍ ഇതുവരെയുള്ള പ്രപഞ്ച പരിണാമവും ഈ പരീക്ഷണശാലയില്‍ പഠന വിഷയമാണ്.
നാല് ഗവേഷണ പദ്ധതികളാണ് ഈ ഫെയറില്‍ നടപ്പിലാക്കുന്നത്. ദ്രവ്യവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ (Compressed Baryonic Matter-CBM) ന്യൂ സ്‌ററാര്‍ ( Nuclear Structure, Astrophysics and Reactions-NUSTAR) ആപ്പ ( Atomic Plasma Physics and Applications-APPA), പാണ്ട (Antiproton Annihilation at Darmsadt–PANDA) എന്നിവയാണവ. ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ ഇപ്പോള്‍ ന്യൂസ്റ്റാര്‍ പദ്ധതിയ്‌ക്ക് ആവശ്യമായ ഹൈ റെസല്യൂഷന്‍ ഗാമാ റേ സ്‌പെക്‌ട്രോമീറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയര്‍ എക്‌സപെരിമെന്റല്‍ റിയാക്‌ടര്‍ (ITER)
ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളുടെ പങ്കാളിത്തതോടെ നിര്‍മ്മിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ പവര്‍ പ്ലാന്റാണ് ITER. ചൈന, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, കൊറിയ, റഷ്യ, അമേരിക്ക എന്നിവരാണ് മറ്റു പങ്കാളികള്‍. നക്ഷത്രങ്ങളിലും സൂര്യനിലും ഊര്‍ജ്ജോല്‍പ്പാദനം നടക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങള്‍ കൂടിചേര്‍ന്ന് ഭാരം കൂടിയ അണുകേന്ദ്രമായി മാറുമ്പോള്‍ ധാരാളം ഊര്‍ജ്ജം പുറത്ത് വിടും. നക്ഷത്രങ്ങളുടെ കേന്ദ്രത്തിലെ താപനിലയും മര്‍ദ്ദവും ഗുരുത്വാകര്‍ഷണവുമൊന്നും ഒരു പരീക്ഷണശാലയില്‍ സൃഷ്‌ടിക്കുക എളുപ്പമല്ല. വൈദ്യുത കാന്തങ്ങളുപയോഗിച്ച് നിയന്ത്രിതമായി ഫ്യൂഷന്‍ നടത്താന്‍ കഴിയുമെന്ന സിദ്ധാന്തത്തിന്റെ പ്രയോഗ വല്‍ക്കരണമാണ് ITER ല്‍ നടത്താനുദ്ദേശിക്കുന്നത്. 4000 കോടി യു.എസ് ഡോളറിന്റെ ഈ ഭീമന്‍ പ്രൊജക്‌ടിന്റെ 45 ശതമാനവും വഹിക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. മറ്റു രാജ്യങ്ങള്‍ 9 ശതമാനം വീതം മുതല്‍ മുടക്ക് നടത്തുന്നു. ക്ലീന്‍ എനര്‍ജ്ജി എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായുള്ള കൂളിംഗ് വാട്ടര്‍ സിസ്റ്റം, ക്രയോജനിക് സിസ്റ്റം, ഇലക്‌ട്രോണ്‍ ഹീറ്റിംഗ് സിസ്റ്റം, ഡയഗ്‌നോസ്‌ററിക്ക് ന്യൂട്രല്‍ ബീം സിസ്റ്റം തുടങ്ങിയവയിലാണ് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യാ ബേസ്‌ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി (INO)
തമിഴ്‌നാട്ടിലെ തേനിയില്‍ 1500 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കാനാരംഭിക്കുന്ന ന്യട്രിനോ പരീക്ഷണശാലയാണ് ഐ.എന്‍.ഒ. കണികാഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ അനുസരിച്ച് ന്യൂട്രിനോകള്‍ മൗലിക കണങ്ങളാണ്. സൂര്യന്‍, നക്ഷത്രങ്ങള്‍ അന്തരീക്ഷം എന്നിവയാണ് ന്യൂട്രിനോകളുടെ ഉറവിടങ്ങള്‍. ന്യൂട്രിനോകളെ കണ്ടെത്തുന്നത് വളരെ പ്രയാസകരമാണ്. കടന്നുപോകുന്ന വസ്‌തുക്കളെ അയണീകരിക്കുകയോ പ്രതിപ്രവര്‍ത്തിക്കുകയോ ചെയ്യാത്തതുകൊണ്ട് ന്യൂട്രിനോകള്‍ക്ക് ഏതു വസ്‌തുവില്‍ കൂടിയും അനായാസം തുളച്ച് കടന്നുപൊകാന്‍ കഴിയും. ന്യൂട്രിനോ ഡിക്‌ടറ്ററുകള്‍ തുരങ്കങ്ങളിലോ ഖനികള്‍ക്കുള്ളിലോ ആണ് സാധാരണ സ്ഥാപിക്കാറുള്ളത്. ഇന്ത്യാ ബേസ്‌ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി ഒരു അന്താരാഷ്‌ട്ര പരീക്ഷണശാലയാണ്. രണ്ടു കിലോമീറ്റര്‍ നീളമുള്ള ഒരു ടണല്‍ ആണ് പരീക്ഷണശാലയുടെ പ്രധാനഭാഗം. അന്തരീക്ഷ ന്യൂട്രോണുകളെ കുറിച്ചുള്ള പഠനമാണ് ഈ പരീക്ഷണശാലയില്‍ നടക്കുന്നത്. മധുരയിലുള്ള സെന്റര്‍ ഫോര്‍ ഹൈ എനര്‍ജി ഫിസിക്‌സിനു പുറമെ ഇന്ത്യയിലും വിദേശത്തുമായുള്ള 21 ഗവേഷണ സ്ഥാപനങ്ങള്‍ ഈ പദ്ധതിയില്‍ പങ്കാളികളാണ്. പ്രപഞ്ചരഹസ്യങ്ങളുടെ സന്ദേശവാഹകരാണ് ന്യൂട്രിനോകള്‍. ന്യൂട്രിനോകളെ കുറിച്ചുള്ള പഠനം പ്രപഞ്ചത്തെകുറിച്ചുള്ള നമ്മുടെ കാഴ്‌ച്ചപ്പാടുകള്‍ നവീകരിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും സഹായിക്കും.
സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ (SKA)
പതിമൂന്ന് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണണ് സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ. ഇന്ത്യയ്‌ക്കു പുറമെ ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി,ന്യൂസിലാന്റ്, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, നെതര്‍ലാന്റ്, ബ്രിട്ടണ്‍ എന്നിവരാണ് പദ്ധതിയിലെ പങ്കാളികള്‍. ഒരു ചതുരശ്ര കിലോമീറ്റര്‍ (ഒരു ദശലക്ഷം സ്‌ക്വയര്‍ മീറ്റര്‍) ആണ് ദൂരദര്‍ശിനിയുടെ കളക്‌ടിംങ്ങ് ഏരിയ. പദ്ധതിയുടെ പങ്കാളികള്‍ 13 രാജ്യങ്ങളാണെങ്കിലും 20 രാജ്യങ്ങളഅ# പദ്ധതിയ്‌ക്ക് ഫണ്ടിംങ്ങ് നടത്തുന്നുണ്ട്. 1000 ശാസ്‌ത്രജ്ഞന്‍മാരും എഞ്ചിനീയര്‍മാരും പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയുടെ വിഹിതം 700 മില്ല്യണ്‍ യൂറോ ചിലവ് വരുന്ന പദ്ധതിയുടെ 10 ശതമാനമാണ്. ദക്ഷിണാഫ്രിക്കയിലെ കാരു പ്രവിശ്യയില്‍ 200 ഡിഷ് ആന്റിനകളും ഓസ്‌ട്രേലിയയിലെ കര്‍ക്കിസണ്‍ഷൈറില്‍ 1,30,000 ലോ-ഫ്രീക്കന്‍സി ആന്റിനകളും സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. റേഡിയോ തരംഗങ്ങള്‍ക്ക് പ്രക്ഷുബ്‌ധതകള്‍ ഏറ്റവും കുറഞ്ഞ പ്രദേശമാണ് മേല്‍ പറഞ്ഞ രണ്ട് സ്ഥലങ്ങളും. ഒരു ഐ ടി ടെലസ്‌ക്കോപ്പ് ആണ് സ്‌ക്വയര്‍ കിലോമീറ്റര്‍ അറെ എന്ന് പറയാന്‍ കഴിയും. ലോകമെമ്പാടുമുള്ള നിരവധി ശാസ്‌ത്രജ്ഞര്‍ ഈ ദൂരദര്‍ശിനിയ്‌ക്ക് വേണ്ടി കമ്പ്യൂട്ടറുകള്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പൂനെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോഫിസിക്‌സ് (NCRA) ആണ് ഇന്ത്യയില്‍ നിന്നുമുള്ള മുഖ്യപങ്കാളി. എസ്.കെ.എ ഇന്ത്യ കണ്‍സോഷ്യമാണ് സ്‌ക്വയര്‍ കിലോമീറ്റര്‍ അറെയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടെലിസ്‌ക്കോപ്പിന്റെ ഡിസൈനിംഗിലും ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ഇന്ത്യന്‍ ഐ.ടി വിദഗ്‌ദരാണ് എസ്.കെ.എ യുടെ കംപ്യൂച്ചര്‍ ശൃഖംലയ്‌ക്ക് മേല്‍നോട്ടം വഹിക്കുന്നത്. എസ്.കെ.എ കൂടാതെ ഓസ്‌ട്രേലിയയില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ക്കിസണ്‍ വൈഡ് ഫീല്‍ഡ് അറേയുടെ പ്രവര്‍ത്തനത്തിലും ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ പങ്കാളിത്തമുണ്ട്.
ലിഗോ ഇന്ത്യ (LIGO INDIA)
ഗുരുത്വാകര്‍ഷണ അംഗങ്ങളും പഠനത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പരീക്ഷണശാലയാണ് ലേസര്‍ ഇന്റര്‍ഫെറോ മീറ്റര്‍ ഗ്രാവിറ്റേഷന്‍ വേവ് ഒബ്‌സര്‍വേറ്ററി (LIGO) ഇന്ത്യ. അമേരിക്കയിലെ ലീഗോ പരീക്ഷണശാലയും മറ്റ് മൂന്ന് രാജ്യങ്ങളും ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്. ഓസ്‌ട്രേലിയ, ജര്‍മ്മനി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ മൂന്ന് ഗവേഷണസ്ഥാപനങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഗാന്ധിനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്‌മ റിസര്‍ച്ച് (IPR) പൂനേയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സ് (IUCAA), ഇന്‍ഡോറിലുള്ള രാജ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് ടെക്‌നോളജി (RRCAT) എന്നീ സ്ഥാപനങ്ങളാണവ. 950 ദശലക്ഷം യു.എസ് ഡോളറാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചപ്പോഴാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ സാധ്യത ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിക്കുന്നത്. നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയിലുള്ള ലിഗോ പരീക്ഷണശാലയില്‍ വച്ചാണ് ആദ്യമായി അവ കണ്ടെത്തുന്നത്. മഹാവിസ്‌ഫോടനം, തമോദ്വാരങ്ങളുടെയും ന്യൂട്രോണ്‍ താരങ്ങളുടെയും കൂട്ടിമുട്ടല്‍, സൂപ്പര്‍നോവ പോലെയുള്ള തീവ്ര പ്രതിഭാസങ്ങള്‍ സംഭവിക്കുമ്പോള്‍ സ്ഥകാലത്തിലുണ്ടാകുന്ന ഓളങ്ങളാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ എന്നറിയപ്പെടുന്നത്. അത്യന്തം ദുര്‍ബലമായ ഈ തരംഗങ്ങള്‍ പ്രകാശ വേഗതയിലാണ് സഞ്ചരിക്കുന്നത്. കടലില്‍ ഉണ്ടാകുന്ന തിരമാലകള്‍ക്ക് സമാനമാണിവ. വളരെ സൂക്ഷമതയുള്ള ഡിറ്റക്‌ടറുകള്‍ ഉപയോഗിച്ചു മാത്രമേ ഇവയെ കണ്ടെത്താന്‍ സാധിക്കുകയുള്ളു. പ്രപഞ്ച പഠനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും വിശ്വസനീയമായ ടൂളാണ് ഗുരുത്വാകര്‍ഷണ തരംഗ പഠനം. ഇന്തയില്‍ നിര്‍മ്മിക്കുന്നു എന്നതിനു പുറമെ പദ്ധതിയില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തുന്നതും ഓപ്പറേഷന്‍ നടത്തുന്നതും ഇന്ത്യയാണ് എന്ന പ്രത്യേകത കൂടി ഈ പരീക്ഷണശാലയ്‌ക്കുണ്ട്.
തേര്‍ട്ടി മീറ്റര്‍ ടെലസ്‌ക്കോപ്പ് (TMT)
ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനികളിലൊന്നായ തേര്‍ട്ടി മീറ്റര്‍ ടെലസ്‌ക്കോപ്പിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ മുഖ്യ പങ്കാളിയാണ്. ഇന്ത്യയെ കൂടാതെ കാനഡ, ജപ്പാന്‍, ചൈന, യ.എസ് എന്നീ രാജ്യങ്ങളാണ് ഈ സംരംഭത്തിനു പിന്നുലുള്ളത്. ദൂരദര്‍ശിനിയുടെ മുഖ്യ ദര്‍പ്പണത്തിന്റെ വ്യാസം 30 മീറ്റര്‍ ആണ്. ജ്യോതിശാസ്‌ത്ര നിരീക്ഷണങ്ങളുടെ നിലവാരം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന് ഈ ദൂരദര്‍ശിനിയ്‌ക്ക് കഴിയും. തമോദ്വാരങ്ങളെ കുറിച്ചുള്ള പഠനം, ഗാലക്‌സികളുടെ ഉല്‍പ്പത്തി തുടങ്ങി നിരവധി ജ്യോതിശാസ്‌ത്രപ്രഹേളികള്‍ക്കുള്ള ഉത്തരം തേടുന്നതിന് ഈ ദൂരദര്‍ശിനി സഹായിക്കുമെന്നാണ് കരുതുന്നത്. തേര്‍ട്ടി മീറ്റര്‍ ടെലസ്‌ക്കോപ്പിന്റെ ഇന്ത്യയിലെ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലാണ്. 147 കോടി യു.എസ് ഡോളര്‍ മുതല്‍ മുടക്കുള്ള പദ്ധതിയില്‍ ഇന്ത്യയുടെ പങ്ക് 216 മില്യണ്‍ യു.എസ് ഡോളറാണ്. പദ്ധതിയുടെ ഐ.ടി വിഭാഗത്തിന്റെ 70 ശതമാനവും നിര്‍വ്വഹിക്കുന്നത് ഇന്ത്യയിലെ ഐ.ടി വിദഗ്‌ദരാണ്.
ഇത്തരം വലിയ ശാസ്‌ത്ര പദ്ധതികളില്‍ പങ്കാളി ആകുന്നതുകൊണ്ട് ഇന്ത്യന്‍ ശാസ്‌ത്രസമൂഹത്തിനും വ്യവസായിക മേഖലയ്‌ക്കുമുണ്ടാകുന്ന പുരോഗതി വളരെയേറെയാണ്. ബഹുരാഷ്‌ട്ര സഹകരണത്തോടെയുള്ള ശാസ്‌ത്ര പദ്ധതികളില്‍ പങ്കുകൊള്ളുന്നതു കൊണ്ട് നമ്മുടെ രാജ്യത്തെ സ്‌ക്കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യഭ്യാസത്തിന്റെ നിലവാരം ഉയരുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.