കോവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ മൂന്ന് ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്:
- പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, യുകെ ഓക്സ്ഫോർഡ് സർവകലാശാല, ആസ്ട്ര സെനെക്ക എന്നിവര്‍
- ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, (ഐ.സി.എം.ആർ.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുകതമായിട്ട്
- സൈഡസ് കാഡില അഹമ്മദാബാദ് തനിച്ചും നടത്തുന്ന സംരംഭങ്ങള്‍
തങ്ങളുടെ വാക്സിൻ വികസന സംരംഭം മനുഷ്യരിലുള്ള ക്ലീനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് ഐ.സി.എം.ആർ. അവകാശപ്പെടുന്നു. ആഗസ്റ്റ് പതിനഞ്ചിന് തന്നെ വാക്സിൻ പുറത്തിറക്കേണ്ടതുള്ളത് കൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐ സി എം ആർ ക്ലിനിക്കൽ ട്രയൽ നടത്താനായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികൾക്ക് ഭീഷണിയുടെ സ്വരത്തിൽ കത്തയച്ചത് വിവാദമായിരിക്കയാണ്. സംസ്ഥാനങ്ങളിൽ നിന്നും ഔഷധ ഗവേഷണത്തിനും മറ്റുമായി ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ കുറ്റകരമായ അനാസ്ഥകാട്ടുന്ന സ്ഥാപനമാണ് ഐ സി എം ആർ എന്ന് കൂടി ചൂണ്ടിക്കാട്ടേതുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലിനുള്ള അനുമതി ഐ സി എം ആർ വൈകിച്ചുവെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. .
അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലിനിക്കൽ ട്രയൽ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് ആശുപത്രികളിലെ നൈതിക കമ്മറ്റികളാണ് (Institutional Ethics Committee). ഗവേഷണ മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളും തയ്യാറാക്കുകയും അവ നടപ്പിലാക്കയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ട സമിതി കൂടിയാണ് ഐ സി എം ആർ. അവർ തന്നെ എല്ലാ മരുന്ന് പരീക്ഷണ കരുതൽ നടപടികളും ലംഘിക്കാൻ നിർബന്ധിക്കുന്ന തരത്തിൽ ഇങ്ങനെയൊരു നിർദ്ദേശം നൽകിയതിനെതിരെ രാജ്യത്തെ ശാസ്ത്രസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരിക്കയാണ്.
സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വാതന്ത്ര്യ ദിനത്തിന് ഒരു ദേശീയ തട്ടികൂട്ട് വാക്സിൻ തയാറായി എന്ന് പ്രഖ്യാപിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.