യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്…
യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്.
യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്. യുദ്ധത്തിൽ ഒരു പങ്കുമില്ലാതെ തന്നെ പ്രിയപ്പെട്ടവരുടെ മരണം , പിറന്നനാടും കൂടും വിട്ട പാലായനങ്ങൾ, ഭൂമിയിൽ അവകാശമില്ലാത്ത അഭയാത്ഥി, ദാരിദ്ര്യം എല്ലാറ്റിനും ഒപ്പം അതിലൊക്കെ അധികമായി നീറുന്ന മനസ്സ് . ഈടുവെപ്പുകളൊന്നും ബാക്കിയാവാതെ തകർന്നടിയുന്ന ജനതയുടെ നിരാശയിലാണ്ട മനസ്സ് കുട്ടികളുടെ വികാസത്തെ (Development) പലരീതിയിൽ ബാധിക്കും.
Complex post-traumatic stress disorder (CPTSD)
ഈ അവസ്ഥയിൽ വികാര നിയന്ത്രണം (Emotion regulation) , വ്യക്തിത്വ ബോധം (Self-identity) , ബന്ധത്വ ശേഷി (Relational capacity -വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും വിശ്വസിക്കുന്നതിനും ഉള്ള കഴിവ്) എന്നിവ നഷ്ടമാവും. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത പലരും ആത്മഹത്യാശ്രമങ്ങൾ നടത്തിയെന്നോ ഒറ്റപ്പെട്ട അക്രമണങ്ങൾ നടത്തിയെന്നോ വരാം. ഭയവും ഉറക്കക്കുറവും ശ്രദ്ധ കിട്ടായ്കയും അവരുടെ ദിവസങ്ങളെ ദുരിതത്തിലാക്കും.
Somatic Disorder
മാനസിക സമ്മർദങ്ങൾ (Stress), ശാരീരിക അസുഖങ്ങളുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്ന അവസ്ഥ എന്ന് സാമാന്യേനെ പറയാം. പ്രവർത്തന നിരതരാവുന്നതിന് കഴിയാത്ത വിധം ശാരീരികമായ വേദനകൾ, അസുഖങ്ങളെ പറ്റിയുള്ള ഭയം, മരണഭയം എന്നിവ ഇവരെ പിടിമുറുക്കും
Depression
തന്നെ ഒന്നിനും കൊള്ളില്ല എന്നും ആരും തനിക്ക് സഹായത്തിനില്ലെന്നും തന്റെ അവസ്ഥക്ക് ഇനി ഒരു മാറ്റവും സംഭവിക്കാനില്ലെന്നും തീർത്തും നിസ്സഹായമായി ജീവിതത്തിന് അർഥമില്ലാത്ത ഈ നിലയിൽ ദുരിതങ്ങൾക്ക് മുന്നിൽ മനമിടറി ആത്മഹത്യയിൽ അഭയം തേടുന്നവർ ഏറെയാണ്.
കുട്ടികളുടെ വികാസത്തെ ബാധിക്കുന്ന ചില ഉദാഹരണങ്ങൾ
3 വയസ്സുകാരനായ ഒരു അതിജീവൻ !. മാസങ്ങളോളം സംസാരിക്കാതാവുന്നു. പലതരത്തിൽ കെയർ ചെയ്യപ്പെട്ടിട്ടും മിണ്ടാനാവുന്നില്ല അവന്. 8 മാസങ്ങൾക്ക് ശേഷം അത്രയും നാൾ കൂടെ കിട്ടിയ പാവയോട് അവൻ ബോംബ് വീഴുന്നതിനെ പറ്റിയും ജനാല തലയിൽ വന്ന് വീണതിനെ പറ്റിയും പറയുന്നു. അതിന് ശേഷമാണവൻ സ്വന്തം ആവശ്യങ്ങൾ പറഞ്ഞ് തുടങ്ങിയത്. മാസങ്ങളോളം അവൻ അനുഭവിച്ച ഭയം മരവിപ്പ് അതെത്ര വലുതാവാം !!
ഒന്നര വയസ്സുള്ള ഒരു കുഞ്ഞ്. ശക്തവും തുടർച്ചയുമായ അപസ്മാരം ദുസ്വപ്നങ്ങൾ ഭയം എന്നിവയാൽ സ്വാഭാവിക ജീവിതത്തിലേക്കെത്താൻ വർഷങ്ങൾ എടുക്കുന്നു. മുതിർന്നതിന് ശേഷവും എഞ്ചിൻ ശബ്ദം പോലെ ശക്തമായ ശബ്ദങ്ങൾ അവനെ ഭയപ്പെടുത്തുന്നു ! ദാരിദ്ര്യം പോഷകാഹാരക്കുറവ് വൈകാരികമായ സുരക്ഷിതത്വമില്ലായ്ക പഠനാവസരങ്ങളില്ലായ്ക എന്നിവയും കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും മാനസികവുമായ വളർച്ചയെ ബാധിക്കും.
ചെറുപ്രായത്തിൽ ട്രോമ അനുഭവിച്ച മുതിർന്നവർക്ക് അവരുടെ കുട്ടികളോട് രക്ഷാകർതൃ ശേഷി കുറയുന്നു. ആഘാതത്തിന്റെ ഫലമായി മുതിർന്നവരുടെ സ്ട്രെസ് പ്രതികരണ സംവിധാനത്തിൽ സംഭവിച്ച മാറ്റങ്ങൾ ആരോഗ്യകരമായ രീതിയിൽ അധിക സമ്മർദ്ദങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കുറയുന്നതിന് കാരണമാകും. ഇത് കുട്ടികൾക്ക് ആരോഗ്യകരമായ പാരന്റിംഗിന് തടസ്സമാവും. കുഞ്ഞു മനസ്സിൽ തന്റെ ഉറ്റവരെ കൊന്നവരോട് പ്രതികാരമനോഭാവം ഉണ്ടാവാൻ ഇത് കാരണമായേക്കും
മയക്കുമരുന്നുകളുടെ ഉപയോഗം, അക്രമ സ്വഭാവം, കൂട്ടമായി ചെയ്യുന്ന അക്രമങ്ങൾ, പ്രതികാര ബുദ്ധി, തുടങ്ങി പലതരം സ്വാഭാവിക പ്രതികരണങ്ങൾ നിരാശയിലാണ്ട മുതിർന്നവരിൽ കാണാം. ഇത് കുട്ടികളിലേക്കും പടരുന്നു.
ഇവരെ ഏത് രീതിയിൽ കൈകാര്യം ചെയ്യുന്നുവോ അതുപോലെ മാറാനിടയുണ്ട്. കുടിപ്പക പോലെ പ്രതികാരം ചെയ്യാൻ തയ്യാറാവുന്നവരും യുദ്ധവിരുദ്ധ പ്രവർത്തകരാവുന്നതും സമാധാനപരമായി എത്തുന്ന ഇടത്തിൽ പുതു ജീവിതത്തോട് ഇടപെട്ട് അതിജീവിക്കുന്നവരും ആയി മാറ്റുന്നതിന് കുട്ടി വളർത്തപ്പെടുന്ന രീതിക്ക് വലിയ പങ്കുണ്ട്.
അമ്മമാർ / രക്ഷപ്പെട്ട മുതിർന്നവർ എങ്ങനെ യുദ്ധത്തോട്, അതിന്റെ നഷ്ടത്തോട് പ്രതികരിക്കുന്നു എന്നതും കുട്ടികളുടെ ട്രോമയുടെ ആഴവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
യുദ്ധങ്ങളുടെ അതിജീവനം എന്നാൽ ജീവൻ രക്ഷപ്പെടൽ മാത്രമല്ല. ആഹാരത്തിനും വിദ്യാഭ്യാസത്തിനും പൗരത്വത്തിനും മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷത്തിനും മാനസികമായ അതിജീവനത്തിനും കൂടിയുള്ള അന്തരീക്ഷം സാധ്യമാവണം. യു.എൻ നിർദ്ദേശങ്ങൾ പോലും സാമ്രാജത്വം അംഗീകരിക്കാത്ത ലോകത്ത് ഇത്രയൊക്കെ പ്രതീക്ഷിക്കാനാവുമോ?
ആധുനിക സമൂഹം എന്ന് നാം നമ്മെ വിളിക്കുന്ന കാലത്തും രാഷ്ട്രങ്ങൾക്ക് അതിർത്തി തീരുമാനിക്കാൻ പോലും ഗോത്രകാലത്തെ പോലെ ഇരുവശം മരിച്ചവരുടെ കണക്കുവേണം. ഓരോ യുദ്ധവും പട്ടിണിക്കും പാലായനങ്ങൾക്കുമൊപ്പം മറ്റൊരു യുദ്ധത്തിന്റെ വിത്തുപാകലുമാവുന്നു.
- Bodman War conditions and the mental health of the child Brit. Med. J., Oct. (1941)
- E.A. Brett et al. Imagery and post-traumatic stress disorder: an overview Amer. J. Psychiat. (1985)
- C.J. Carey-Trefzer The results of a clinical study of war damaged children who attended the child guidance clinic. The Hospital for Sick Children.
- Cowell .A.et al, Posttraumatic Phenomena in a Longitudinal Study of Children Following a NaturalDisaster Journal of the American Academy of Child & Adolescent PsychiatryVolume 26, Issue 5, September 1987, Pages 764-769
- Shonkoff J et al.The lifelonge effect of early childhood adversity and toxic stress Pediatrics (2012) 129 (1): e232–e246.
- https://doi.org/10.1542/peds.2011-26