Read Time:17 Minute

കഥാപാത്രങ്ങൾ

വെളുത്ത വിഷ(മ)ങ്ങൾ 

ഡീ കുഞ്ഞുമോളെ, ഈ വീട്ടിലെ പഞ്ചസാരയെവിടെടീ.. ഞാനൊരു കാപ്പിയിടാൻ  ഈ അടുക്കള മൂന്നടുക്കളയാക്കി.. പഞ്ചാര മാത്രമില്ല. ഒരു 10 കുപ്പി ബെല്ലണ്ട്. എന്തിനാടീ ഇത്ര ബെല്ലം?

അയ്യയ്യോ അത് പെണ്ണമ്മിച്ചിയ്ക്കറിയില്ലേ.. ഈ അടുക്കള വെളുത്ത വിഷം ഫ്രീ അടുക്കളയാണു. കുഞ്ഞുമോൻ ചേട്ടൻ്റെ ഉത്തരവാണു.

വെളുത്ത വെഷോ? അതെന്തൂട്ട് വെഷം?

വെളുത്ത നിറത്തിൽ ചിരച്ചിരുന്നു ആൾക്കാരെ കൊല്ലുന്ന പഞ്ചസാര, ഉപ്പ്, മൈദ ..

എൻ്റെ പൊന്നേ  ഇതൊക്കിവനെ ആരു പഠിപ്പിക്കുന്നു?

വാട്ട്സാപ്പ് യൂണിവേഴ്സിറ്റി അല്ലാണ്ടാരാ

ഞാനും കുഞ്ഞോളും വല്യമ്മിച്ചിം ഒക്കെ പറഞ്ഞ് നോക്കി ഒരു രക്ഷയുമില്ല. പഞ്ചസാരയും ഉപ്പും കണ്ടാൽ അപ്പോ എടുത്തെറിയും. ഞങ്ങൾ അത് രണ്ടും അലമാരയിൽ രഹസ്യമായി പൂട്ടി വച്ചേക്കാണു. ഇപ്പോ എടുത്ത് തരാം.

എനിക്കൊന്നും വേണ്ട നിൻ്റെ രഹസ്യ പഞ്ചാരേം ഉപ്പും. എവടൻ ആ വാട്സാപ്പ് പ്രൊഫസർ കുഞ്ഞോൻ?

ഇന്ന് ശനിയാഴ്ചയല്ലേ, ഇറച്ചി വാങ്ങാൻ പോയേക്കാണു. ഇനി ഇമ്മളു വിറച്ച് ചാവാറാവുമ്പോ വരും.

നീയിങ്ങനെ അവനെ കയറൂരി വിട്ടീട്ടാണു ചേച്ചി അവനിങ്ങനെ. നിന്നേം പേടിയില്ല, അവൻ്റെ ഭാര്യേം വിലയില്ല. ഇതെന്തൂട്ടാണു.

ആ നിന്നെ വല്യ കാര്യാണു.  നീയോന്ന് പറഞ്ഞോക്ക് പെണ്ണമ്മേ.

************

നോക്കറാ കുഞ്ഞുണ്ണി, എന്തൂട്ടാ മാങ്ങ, നിർത്തി പൊട്ടിച്ചതാണു. നീ തിന്നു നോക്ക് എന്തൂട്ടാ മതരം!

ഇതാ ഈ ഒരു സൈഡ് ചീഞ്ഞ മാങ്ങ്യാ..നിർത്തി പൊട്ടിച്ചതാ.. നിന്നെ നിർത്തി ഒന്നു പൊട്ടിച്ചട്ട് തന്നതായിരിക്കും.

അല്ലാ ആരിത് പെണ്ണമ്മിച്ച്യാ.. എപ്പോ വന്നു കേറി! ഇനിപ്പോ ജുദ്ധായിരിക്കൂലോ. ഇന്നത്തെ ജുദ്ധത്തിൻ്റെ വിഷയമെന്ത് യുവതി.

‘വെളുത്ത വിഷം’

ആ വന്നു കയറിയപ്പഴേ അമ്മായമ്മീം മരുമോളും കൂടെ അതെഴുന്നുള്ളിച്ചാ.

എഴുന്നുള്ളിച്ചതവടെ നിക്കട്ടെ, നീയെന്തൂട്ടിനാ അടുക്കളേന്നു പഞ്ചസാര എടുത്ത് കളയുന്നത്.

എന്റെ പെണ്ണമ്മിച്ചി പഞ്ചാര ശരിയ്ക്കും വെളുത്ത നിറത്തിലുള്ള വെഷാണു. പെണ്ണമ്മിച്ചിയ്ക്ക് അറിയാഞ്ഞിട്ടാണു. എന്തോരം കെമിക്കലോളു ഇട്ടാണു ഈ പഞ്ചാര വെളുപ്പിക്കണേന്നറിയോ. പൊണ്ണത്തടീം ഷുഗറുമൊക്കെ ഇണ്ടാക്കണത് പഞ്ചാരയാണു. അതും പൊരാണ്ട് ബെല്ലത്തിലുള്ള ധാതുക്കളോ ഇരുമ്പോ പഞ്ചാരേലുണ്ടോ?

ഈ മഹനീയ അറിവോളോക്കെ  എവടന്ന് കിട്ടുന്നു?

എവടന്നായാലും അറിവ്, അറിവല്ലേ? അതിൽ കള്ള് ചേർക്കാൻ പറ്റോ?

അറിവിൽ കള്ള് ചേർക്കാൻ പറ്റില്ലായിരിക്കും; പക്ഷേ വെഷം ചേർക്കാൻ പറ്റും.

നീയങ്ങാണ്ട് ബി.എസ്സി മാത്സ് വിത് കെമിസ്ട്രി സബല്ലേ. എന്താണു പഞ്ചസാര കേക്കട്ടെ

അത് സുക്രോസ്

അത് സുക്രോസ് എന്നല്ല. വെള്ള പഞ്ചാര 99.95% സുക്രോസ് ആണു.

ആ സുക്രോസ് എന്താണു ?

50% ഗ്ലൂകോസ് 50% ഫ്രക്റ്റോസ്

ഷുഗർ അല്ലെങ്കിൽ ഡയബെറ്റിക്സ് എന്ന് വിളിക്കുന്ന അസുഖത്തിനു ഗ്ലസീമിക് ഇൻ്റക്സ് കുറവുള്ള മധുരങ്ങൾ കഴിക്കണം അല്ലെ?

അല്ല പിന്നെ

വെള്ള പഞ്ചസാരയുടെ ഗ്ലൈസീമിക് ഇൻ്റക്സ് എത്രയാ?

ആ.. എനിക്കറിയില്ല. ഭയങ്കര കൂടുതലാവും.

അറിയാത്തത് ഊഹിച്ചെടുത്ത് പൂരിപ്പിക്കണ്ട. ഞാബറയാം

65

ഇനി ഈ ബെല്ലത്തിൻ്റെ അല്ലെങ്കി ചക്കരയുടെ ഗ്ലൈസീമിക് ഇൻ്റക്സ് എത്രയാ

എന്തായാലും 65 ഇൽ കുറവാവും

പിന്നേം ഊഹിച്ചെടുത്ത് പൂരിപ്പിക്കണ്ട

എവിടന്ന് ചക്കര ഉണ്ടാക്കുന്നു അനുസരിച്ച് കുറച്ചങ്ങടും ഇങ്ങടും മാറിയാലും ഏതാണ്ട് 84 ഓളം വരും അതിൻ്റെ ഗ്ലൈസീമിക് ഇൻ്റക്സ്

ഗുണ്ട് ഗുണ്ട്.. അങ്ങനെ വരില്ല.

ഗൂഗിളെടുത്ത് നോക്കറാ മത്തങ്ങ മോറാ..

വെള്ള പഞ്ചസാരയിലെ ഫ്രക്റ്റോസ് ആണു പൊട്ട.  ഫ്രക്റ്റോസിനു മധുരം  കുടുതലാണു. അപ്പോൾ എളുപ്പം മധുരം കിട്ടാൻ ഫ്രക്റ്റോസ് അധികമുള്ള കോൺസിറപ്പൊക്കെ ഒരുപാട്  ഉപയോഗിച്ചാൽ  ഫാറ്റി ലിവർ വരാം. മധുരമുള്ള സാധനങ്ങൾ കഴിക്കുമ്പോൾ ലേബൽ നോക്കി കഴിക്കുക.

കണ്ട കണ്ട ഞാൻ പറഞ്ഞില്ലേ പഞ്ചാര അപ്പോൾ 50% പൊട്ടയല്ലേ?

എടാ മത്തങ്ങമോറാ ഈ ചക്കരയിലും 85% സുക്രോസ് അല്ലെ അതായത് 50% ഫ്രക്റ്റോസ്, 50% ഗ്ലൂകോസ്. പിന്നെ ബാക്കി 15 % മര്യാദയ്ക്ക് ശുദ്ധീകരിച്ച് പരലുകൾ ആക്കാത്തത് കൊണ്ടുള്ള അഴുക്കും.  അതായത് 15% ഗ്ലൂക്കോസ് കുറവായത് കൊണ്ട് 15% പൊട്ടയാണു.

അഴുക്കോ? അതൊക്കെ ഇരുമ്പും ചെമ്പും വിറ്റാമിനുകളുമൊക്കെയാണു.

പിന്നെ ഇത്രയെങ്കിലും ശുദ്ധീകരിക്കാൻ  ഗൗവാർ ഗം പൗഡറും സോഡിയം ഹൈഡ്രജൻ സൾഫേറ്റും, കാൽസ്യം കാർബണേറ്റും സോഡിയം ബൈകാർബണേറ്റും ഒക്കെ ഉപയോഗിച്ചാണ്. എല്ലിന്റെ ചാരം അഥവ ബോൺ ആഷ് ഉപയോഗിക്കുന്നുവെന്നും പറഞ്ഞ് വെള്ള പഞ്ചാര തിന്നാത്ത മൊതലോൾക്ക് ഇത്ര കെമിക്കലുകൾ ഉപയോഗിച്ചീട്ടും മര്യാദ്യക്ക് ശുദ്ധികരിക്കാത്ത ചക്കര തിന്നാൻ ഒരു ഉളുപൂല്യ. എന്തൂട്ടാടാ..

ഇനിപ്പോ ഒരിത്തിരി ഇരുമ്പും മഗനീഷ്യം മനുഷ്യർക്ക് ആവശ്യത്തിനുള്ളത് കിട്ടാൻ ഗ്ലൈസീമിക് ഇൻഡക്സ് 84 ഉള്ള ചക്കര നീ കിലോകണക്കിനു തിന്നോ?

അതില്ല, എന്നാലും ഉണ്ണ്യപ്പത്തില് ചക്കരയിട്ടാലല്ലേ രുചി..

ആ.. രുചി.. അത് വേറെക്കാര്യം. രുചിയുടെ ഇഷ്ടമനുസരിച്ച് എന്ത് വേണേൽ ചേർക്കാം. പക്ഷേ അയിനു വെളുത്ത പഞ്ചസാരയുടെ നെറ്റിയിൽ വെളുത്ത വെഷന്ന ലേബലൊട്ടിക്കണാ..

അത് പിന്നെ..

ചക്കരകൊണ്ടുണ്ടാക്കിയ ഉണ്ണ്യപ്പം ഡയബെറ്റിക് സ്പെഷ്യൽ ഉണ്ണ്യപ്പമല്ല. അത് ജസ്റ്റ് ഉണ്ണ്യപ്പം. അത്രയ്ക്ക് ഡെക്കറേഷൻ മതി. മനസ്സിലായാ..

എന്നാൽ ചക്കര വേണ്ട പക്ഷേ വെള്ള വെഷം ഞാൻ സമ്യ്ക്കില്ല. ഇനി മുതൽ ബ്രൗൺ ഷുഗർ വാങ്ങാം.

എന്താണു ബ്രൗൺ ഷുഗർ?

ചക്കര ക്രിസ്റ്റൽസ്..

ഹ ഹ ഹ

എന്റെ മത്തങ്ങ മോറാ

എന്തു ഷുഗറും നന്നായി ശുദ്ധീകരിച്ചാൽ സുക്രോസ് പരലുകളാവും. ശുദ്ധീകരിച്ച പഞ്ചസാരയിൽ കുറച്ച് മോളാസസ്, എന്നു വച്ചാൽ പഞ്ചസാരയുണ്ടാക്കുന്ന കരിമ്പ് അരച്ച ആ ദ്രാവകം, അൽപ്പം ചേർത്ത് ബൗൺ നിറം വരുത്തുന്നതാണു ഈ ബ്രൗൺഷുഗർ, അതുകൊണ്ട് ഒരുതരം ആരോഗ്യമെച്ചോം ഉണ്ടാവാൻ പോണില്ല. വെറും മാർക്കറ്റിങ് ഗിമ്മിക്

എന്നാ നമുക്ക് തേൻ ചേർക്കാമിനി ചായേലൊക്കെ.

കൊള്ളാറാ അടിപൊളി. തേനിൽ അധികവും ഫ്രക്റ്റോസാണു. പഞ്ചാര ഒരു സ്പൂൺ 50 കലോറി ആണെകിൽ തേൻ 64 കലോറിയാണു. ഫ്രക്റ്റോസ് ലിവറിൽ  ഫാറ്റായി മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ തേനും ഉണ്ടാക്കും. പൊട്ട കൊളസ്ട്രോൾ, യൂറിക് ആസിഡ് ഒക്കെ ഫ്രക്റ്റോസിൻ്റെ ലിവർ മെറ്റാബോളിസത്തിന്റെ സന്തതിയായുണ്ടാകും. തേനൊക്കെ റ്റേസ്റ്റിനു ഉപയോഗിച്ചോ, ആരോഗ്യകരം എന്നൊക്കെ പറയണത് ശുദ്ധ ഡാവാട്ട്.

മര്യാദയ്ക്ക് പോയി ഒരു കിലോ പഞ്ചാര വാങ്ങി കൊണ്ടു വാടാ, ഒരു ചായീട്ട് കുടിയ്ക്കട്ടെ. നിൻ്റെ ഈ തോന്ന്യാസം കണ്ട് തലപെരുക്കണ്.

പെണ്ണമ്മച്ച്യേ.. ആ ഉപ്പിൻ്റെ കാര്യംകൂടി..

എടീ നീ എത്ര വരെ പഠിച്ചു?

എം.കോം..

ഗൂഗ്ഗിൾന്ന് കേട്ടണ്ടാ..

ആ..

അതിൽ നിന്ന് കണ്ട ബൈജൂസും വേദാന്തും ടൈസോഫ് ഇന്ത്യ ആരോഗ്യ പംക്തികളുമല്ലാണ്ട് നല്ല ഗവേഷണ പേപ്പറുകളും കിട്ടുമെന്നറിയാമോ?

ഉവ്വ്വാ.. പക്ഷേ അതൊക്കെ നോക്കാൻ പാടാ.

ആ അപ്പോ തൽക്കാലം മോളു കല്ലുപ്പോണ്ട് അഡ്ജസ്റ്റ് ചെയ്തോ. അവളവൾക്ക് വേണേങ്കി ഇവടെ വാട്ട്സാപ്പ് യൂണിവേഴ്സിറ്റി മാത്രല്ല ഉള്ളതെന്ന് കുഞ്ഞുമോളോളും ഓർക്കണത് നല്ലതാ..

ഡാ..കുഞ്ഞോനേ അവടെ നിന്നേറാ.. ഞാനൊരു രഹസ്യം ചോയ്ക്കട്ടെ.

നീയെന്തിനാടാ ആവശ്യല്യാണ്ട് ആ കുഞ്ഞോളെ കഷ്ടപ്പെടുത്തണേ..

എന്റെ പെണ്ണമ്മച്ചേയ് അവൾക്കൊരു പണീല്യാന്നേ.. നിങ്ങടെ കാലത്തൊക്കെ എന്തൊക്കെ ചെയ്യണം. അരയ്ക്കണം, പൊടിയ്ക്കണം, അലക്കണം, പാത്രം കഴുകണം, കൂർക്ക നന്നാക്കണം. ഇവൾക്ക് എല്ലാത്തിനു പാത്രം കഴുകാനും കൂർക്ക നന്നാക്കാനും വരെ മെഷീനുണ്ട്. ഫുൾ ടൈമും വാട്ട്സാപ്പും നോക്കി ഇരിപ്പാണു. അപ്പോ കൊറച്ച് പണിയെടുക്കട്ടേന്നേ..

അയ്ശരി ഇതാണു നിന്റെ കുന്തളിപ്പല്ലേ.. നിനക്ക് ഞാൻ വച്ചണ്ട്രാ.. പോയി പഞ്ചാര വാങ്ങീട്ട് വാ.


വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്താം

വായനക്കാർക്ക് ഉത്തരങ്ങൾ കമന്റ് ചെയ്യാം അല്ലെങ്കിൽ [email protected] എന്ന ഐഡിയിലേക്ക് അയക്കാം.


എന്താണീ ഇല്ലനക്കരി ?

പണ്ട് വിറകടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് അടുപ്പ് സ്ഥിതി ചെയ്യുന്ന സ്ലാബിന് (പാതിയമ്പുറം) മുകളിലായി വിറക് സൂക്ഷിക്കാന്‍ ഒരു പറം അഥവാ മേക്കട്ടി ഉണ്ടായിരുന്നു. വിറകടുപ്പില്‍ നിന്നും വരുന്ന പുക പറത്തിലും ചുമരിന്റെ വശങ്ങളിലും തട്ടി അവിടെ ഘനീഭവിച്ച് കിടക്കും. കുറേ കാലത്തെ ഈ പുകകരി ചുമരിലും പറത്തിലും കട്ടപ്പിടിച്ച് ഒലിക്കാന്‍ തുടങ്ങും ഇതാണ് ഇല്ലനക്കരി. ശ്രദ്ധിച്ചീട്ടുണ്ടെങ്കില്‍ അറിയാം അടുക്കളയുടെ ഈ ഭാഗം എത്ര കുമ്മായം അടിച്ചാലും കറുത്ത് തന്നെ കിടക്കും. അന്നത്തെ സ്ത്രീയുടെ അധ്വാനത്തിന്റെ അളവാണ് ആ പുകകരിയുടെ കനം! ഈ ഇല്ലനക്കരി അന്ന് മുറിവുണക്കുന്നതിനു ബെസ്റ്റ് ആയിരുന്നു. സ്തീകളും കുട്ടികളും വലിയ മുറിവുകള്‍ പോലും വച്ചുകെട്ടാന്‍ ധാരാളമായി ഉപയോഗിച്ചിരുന്നത് ഇല്ലനക്കരിയാണ്. ഭയങ്കര നീറ്റലുണ്ടാവും അതോടെ ആ മുറിവ് കരിയുകയും ചെയ്യും.

ഒരുപക്ഷെ ഈ വാക്ക് ഇല്ലം എന്നതില്‍ നിന്ന് തന്നെ വന്നതായിരിക്കാം. എന്നാല്‍ ഇല്ലം അടുക്കളയെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. ഇല്ലനം അല്ലെങ്കില്‍ ഇല്ലന എന്നതിന് തമിഴിലോ സംസ്കൃതത്തിലോ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ? (തമിഴില്‍ ഇല്ലാന എന്നു പറഞ്ഞാല്‍ ഇല്ലെങ്കില്‍ എന്നര്‍ത്ഥം അതല്ലാതെ എന്തെങ്കിലും ഉണ്ടോ). ഈ വാക്കിന്റെ ഉദ്ഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ?

ഇല്ലനക്കരി – അടുക്കള സയൻസ് കോർണർ ഇതുവരെ

Happy
Happy
63 %
Sad
Sad
0 %
Excited
Excited
21 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
16 %

Leave a Reply

Previous post ചൈനയിൽ പുതിയ രോഗവ്യാപനം
Next post ചൈനയിലെ സാഹചര്യം മറ്റൊരു മഹാമാരിക്ക് സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർഥ്യം ?
Close