മീഞ്ചട്ടിയുടെ ഓർമ്മ
‘ഇന്ന് വലോം നടക്കോറീ കുഞ്ഞ്യോളേ.. കൊറേ നേരായിലോ താടിക്കും കൈകൊടുത്ത് മീഞ്ചട്ടീം അടുപ്പത്ത് വച്ച് അയിലും നോക്കി നിക്കുണു?’
‘എൻ്റെ പെണ്ണമ്മിച്ചേ ഇതൊന്നു നോക്യേൻ അരമണിക്കൂറായിറ്റ് ഞാനീ മീഞ്ചട്ടീന്ന് ഊറി വരണ എണ്ണ തൊടച്ചോണ്ടിരിക്യാ .. ദേ ഇപ്പഴും കണ്ട മഞ്ഞളും എണ്ണ്യോം ഊറി വരണ കണ്ടാ.’
‘അയിനിപ്പോ എന്താടീ എല്ലാ മീഞ്ചട്ട്യോളും അങ്ങന്യല്ലേ.. നീയിത് എവിടന്നാ എടുത്തേ?’
‘മച്ചുമ്പുറത്ത്ന് വലത്തേ സൈഡിൽ മൂലക്ക് ഇരുന്നതാ.. കാണാൻ ഒരു പ്രത്യേക ഭംഗി തോന്നി. നല്ല വലിപ്പോം ഇണ്ട്.’
‘അത് പെരുന്നാളു ചട്ട്യല്ലേ..അമ്മാമ്മേരെ അമ്മേരെ അമ്മേരെ സ്ത്രീധനം ആയിരുന്നണ്ടാവും. നീയിപ്പോ എന്തിനാ അതെടുത്തേ. ഇവിടെ സ്ഥിരം പെരുമാറണ ചട്ടി അവിടീണ്ടല്ലോ. നീയീ ചട്ടീം നോക്കീരിക്കാണ്ട് മീനെടുത്ത് കൂട്ടാൻ വയ്ക്കാൻ നോക്ക്’.
‘അയ്യേ അപ്പോ എത്ര കഴുക്യാലും വൃത്തിയാകാത്ത ഈ മീഞ്ചട്ടി സ്വാദാണോ മലയാളികളുടെ ചട്ടി നൊസ്റ്റാൾജിയ!’
‘അങ്ങന്യല്ലടീ.. നീ ഇങ്ങനെ മറ്റീരിയലിസ്റ്റ് ആകാതെ അല്പം കാല്പനികമായി ചിന്തിക്ക്. ഇത് ഇമ്മടെ മുതുമുത്തശ്ശി അമ്മാമ്മയുടെ കാലത്തെ ആണെന്നു വയ്ക്. അന്ന് ആദ്യമായി ഇമ്മടെ മുതുമുത്തശ്ശി അമ്മാമ്മ, വെളിച്ചണ്ണയൊഴിച്ച് ഉലുവ പൊട്ടിച്ച്, കറിവേപ്പില താളിച്ച്, മുളകും പുളിയുമിട്ട് ഇണ്ടാക്കിയ മീങ്കൂട്ടാൻ്റെ ഒരു പങ്ക് മീഞ്ചട്ടിയുടെ സുക്ഷിരങ്ങൾ സൂക്ഷിച്ചു വച്ചു. ഇന്ന് പേരപേരകുട്ടിയുടെ പേരമോളു മീങ്കൂട്ടാൻ വയ്ക്കാൻ ചട്ടി ചൂടാക്കുമ്പോൾ നൂറോളം വർഷം പഴക്കമുള്ള ഒന്നുരണ്ട് തന്മാത്രകൾ ഇന്നത്തെ കൂട്ടാനിലേക്കും ഊറി വരും.. അതല്ലേ ഈ മീഞ്ചട്ടി യുടെ ആ നൊസ്റ്റാൾജിക് സ്വാദ്. സയൻ്റിസ്റ്റോളു ചെലപ്പോ കേശികത്വം, കാപ്പില്ലറി ആക്ഷൻ എന്നൊക്കെ പറയും.’
‘ഉണ്ടമ്പൊര്യാണു. അയ്യേയ്..മര്യായ്ക്ക് കഴുകിയിട്ടില്ല. അതന്നെ.’
‘നീയിത് ഇപ്പോ എത്ര പ്രാവശ്യം കഴുകി.’
‘ഇതുങ്കൂട്ടി നാലായി..ഹും’.
‘നിനക്ക് ചെറ്യേ ഒരു ഓ.സി.ഡി ഉണ്ടോടീ.. നീയത് ചൂടാക്കി ഉലുവപൊട്ടിക്കെൻ്റെ ക്ടാവേ.’.
‘ഹേയ് ഗയ്സ് .. പെണ്ണമ്മച്ചി & കുഞ്ഞുമോൾ .. വോട്ടീസ് റ്റുഡേയ്സ് ഇഷ്യൂ ഗയ്സ്..’
‘വന്നവളു .. വായേലു ചൂടള്ള ഉരുളകെഴങ്ങുമിട്ട്.. പോടി മദാമ്മേ ഇദ് അടുക്കള പ്രശ്നാണു ഞങ്ങളു കൈക്കാര്യം ചെയ്തോളാം.’
‘ഹേയ് കുഞ്ഞുമോൾ ചൂടാവല്ലേ .. ഇമ്മക്ക് പരിഹാരണ്ടാക്കാം.. റ്റെൽ മി ദ ഇഷ്യൂ..’
‘ഒന്നൂല്യറി ഉണ്ണ്യോളേ.. പഴേയൊരു മീഞ്ചട്ടി ചൂടാക്കേപ്പോ ഇത്തിരി എണ്ണ ഊറുണു. വൃത്തീല്യാന്ന് കുഞ്ഞോള്, അതൊന്നു കാര്യക്കണ്ട അതാണു മീഞ്ചട്ടി നൊസ്റ്റാൾജിക് സ്വാദെന്ന് ഞാൻ. വാട്ടീസ് യുവർ റ്റേക്?’
‘ഓഹ് .. ദി ഈസ് ഇൻ്ററസ്റ്റിങ്. സീ.. കഴിഞ്ഞ ദിവസം ഞാനൊരു ന്യൂസ് റീഡ് ചെയ്തു.
‘ന്യൂസ് വായിച്ചു’.
‘ആ .. ദാറ്റീസിറ്റ് ‘
എൻ്റെ വല്യമ്മച്ച്യേയ് അവളെ മലയാളം പിന്നെ പഠിപ്പിക്കാം.. നീ കാര്യം പറയെറീ..’
‘ദിസ് ചട്ടി മൈറ്റ് ബി 100 ഇയേഴ്സ് ഓൾഡ് റൈറ്റ്. ദേർ ആർ ചട്ടീസ് & സ്റ്റോൺസ് ഈവൺ 2000 ഇയേഴ്സ് ഓൾഡ് ആൻഡ് സ്റ്റിൽ ബെയറിങ്ങ് ദോസ് ഓൾഡ് സ്പൈസ്സസ്സ്’.
‘വാട്ട്?’
‘റീഡ് ദിസ്.. ഡിയർ ഷെഫ് ആൻഡ് സോസ് ഷെഫ് ..ആൻഡ് കുക്ക് ഫാസ്റ്റ് ..ഐ ആം ഹഗ്രീ..’
‘എന്താണു കാര്യം വല്യമ്മിച്ചീ?’
വായിക്കട്ട്രീ.. നീയാ കണ്ണടയിങ്ങെടുക്ക്
‘വായിക്കുന്ന വല്യമ്മച്ചിയുടെ കണ്ണുകൾ വലുതാകുന്നതും ചിമ്മിയടയുന്നതും കണ്ട കുഞ്ഞുമോൾ ഉടൻ തന്നെ ‘ക്ടാങ്ങൾ” വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ഒരു മേസേജിട്ടു. ‘ഗൈസ് അസബിൾ ഇൻ കിച്ചൻ ഏരിയ. വൺ സ്റ്റോറി ഈസ് കുക്കിങ് ബൈ വല്യമ്മിച്ചി’.
‘എന്നീട്ട് ശടപടേന്ന് പോയി ചൂടായ മീഞ്ചട്ടിയിൽ വെളൂരി കൂട്ടാൻ വച്ചു. പെണ്ണമ്മിച്ചി വായിച്ച് കഥയുണ്ടാക്കിയപ്പോഴേക്കും മീങ്കൂട്ടാനും ഉപ്പേരിയും ചോറും ക്ടാങ്ങളും ഡൈനിങ് റ്റേബിളിൽ കഥയ്ക്ക് റെഡി.’
‘2000 വർഷം മുൻപ് ഫുനായ് സാമ്രാജത്തിൽ ഒരു വല്യമ്മിച്ചിയുണ്ടായിരുന്നു.’
‘ഫുനായ് സാമ്രാജ്യോ അതെവിടെ?’
‘അതങ്ങ് വിയറ്റ്നാമിലുണ്ടായിരുന്ന ഇന്ത്യൻ സംസ്കാരവുമായി ബന്ധമുണ്ടായിരുന്ന ഒരു സംസ്കാരമായിരുന്നു.’
‘ഒരു കാര്യം പറഞ്ഞേക്കാം, കഥ പറയുമ്പോൾ എടയ്ക്ക് കയറി ചോദ്യം ചോദിക്കലില്ല. ഞാൻ കഥപറയും നിങ്ങളു ചോറുണ്ണും. കഥകഴിയുമ്പോളേക്കും ചോറൂണ്ണു കഴിയുന്നവർക്ക് ചോദ്യം ചോദിക്കാനും ഡിസ്കഷനും അവസരം തരും. ചോറുണ്ട് കഴിയാത്തോർക്ക് ചോദിക്കാൻ പറ്റില്ല. അല്ലെങ്കിൽ ഈ കളിയ്ക്ക് ഞാനില്ല.’
‘എഗ്രീഡ് ഡ്യൂഡ്..’
‘ആ വല്യമ്മിച്ചി വലിയ പാചക വിദഗ്ദയായിരുന്നു. അടുക്കളയിൽ പുതിയതൊക്കെ പരീക്ഷിക്കുക, അടുക്കളയിലെ പാചകം രസകരവും ലളിതവുമാക്കാൻ ഉപകരണങ്ങൾ ഉണ്ടാക്കുക ഇതൊക്കെ ഇഷ്ടമുള്ള ആളായിരുന്നു വല്യമ്മിച്ചി. അങ്ങനെയിരിക്കെ ആ വല്യമ്മിച്ചിയുടെ വീട്ടിലേക്ക് ഒരുദിവസം ഒരു കച്ചോടക്കാരൻ വന്നു. സാധാരണ സിൽക്കും പിഞ്ഞാണ പാത്രങ്ങളും ചട്ടിയുമായി വരുന്ന ചൈനീസ് കച്ചോടക്കാരനല്ലായിരുന്നു അന്ന് വന്നത്. ഇതൊരു പുതിയ ആളു. തോളിൽ തൂക്കിയിട്ടിരിക്കുന്ന ഭാണ്ഡങ്ങൾ നിറയെ എന്തോക്കെയോ ഉണ്ട്. ആളു വരുമ്പോൾ തന്നെ ഒരു പ്രത്യേക മണം.
വല്യമ്മിച്ചി കൗതുകം കാരണം ആദ്യം ആ കെട്ടുകൾ മണത്തു നോക്കി. പിന്നെ ആ കച്ചോടക്കാരന്റെ ക്ഷീണം കണ്ട് ഒരു പാത്രത്തിൽ കഞ്ഞിയും, ചീരയും, കാച്ചിൽ ഉപ്പിട്ട് പുഴുങ്ങിയതും ഒന്നു രണ്ട് പഴവും1 2 കൊണ്ടുവന്നു വച്ചു. കച്ചോടക്കാരനു സന്തോഷായി. നിലത്തിരുന്ന് അയാൾടെ ഭാണ്ഢം തുറന്ന് ഒരു വലിയ കല്ലും ചെറിയ കല്ലുമെടുത്ത് വച്ചു. എന്നീട്ട് സുഗന്ധം പരക്കുന്ന കെട്ടുകളിൽ നിന്ന് ഉണങ്ങിയ കമ്പുകൾ പോലുള്ള സാധനങ്ങൾ എടുത്ത് പൊടിച്ച് കാച്ചിലിൽ ഇട്ടു. എന്നീട്ട് ഒരു കഷ്ണം വല്യമ്മിച്ചിക്ക് കൊടുത്തു.
വല്യമ്മിച്ചി താൻ കൊടുത്ത കാച്ചിൽ ഇയാളെന്തിനാ തനിക്ക് തന്നെ തരുന്നേ എന്നർത്ഥത്തിൽ കച്ചോടക്കാരനെ നോക്കി.
അത് തിന്നു എന്നു കച്ചോടക്കാരൻ ആംഗ്യം കാണിച്ചു.
അമ്മിച്ചി അത് വായിൽ വച്ചതും ‘ അരേ വാാാ .. എന്താ ഒരു രുചി. ഉപ്പിട്ടു പുഴുങ്ങിയ വെറും കാച്ചിലല്ലായിരുന്നു അത്. സുഗന്ധ വ്യജ്ഞങ്ങൾ കൊണ്ട് കൺകെട്ട് നടത്തിയ വേറൊരു രുചിക്കൂട്ട്. വല്യമ്മിച്ചി ആകാംഷ കൊണ്ട് ആ ഭാണ്ഡങ്ങളൊക്കെ തുറന്ന് നോക്കി. പലതരം നിറങ്ങളിൽ ഉണങ്ങിയ ചെടികളുടെ കഷ്ണങ്ങൾ! ഒരോന്നിനും ഒരോതരം സുഗന്ധം, ഒരോ പ്രത്യേക രുചി.
ഇതൊക്കെ ഇന്ത്യൻ സുഗന്ധ വ്യജ്ഞനങ്ങളാണെന്നു കച്ചോടക്കാരൻ. മഞ്ഞനിറമുള്ള ഒന്നെടുത്ത് ഇത് മഞ്ഞൾ, പിന്നൊന്നെടുത്ത് ഇത് ഗ്രാമ്പു, പിന്നെ ജാതിക്ക, ചുക്ക്, പട്ട..
സുഗന്ധ വ്യജ്ഞനങ്ങളുടെ അത്ഭുതലോകം വല്യമ്മിച്ചിക്കു മുന്നിൽ തുറന്നിട്ട് കച്ചോടക്കാരൻ ചിരിച്ചു.
അമ്മിച്ചി അയാളുടെ ഭാണ്ഢത്തിലുണ്ടായിരുന്ന എല്ലാത്തിൽ നിന്നും കുറച്ച് വാങ്ങി. കൂട്ടത്തിൽ ഇത് ഇടിച്ച് പൊടിക്കുന്ന കല്ലും.’
‘അപ്പോൾ ഈ ഫുനാൻ രാജ്യത്ത് സ്പൈസസൊന്നും അതുവരെ ഉണ്ടായിരുന്നില്ലേ’ ആദ്യം ചോറുണ്ട് കഴിഞ്ഞ ഉണ്ണിമോൾക്ക് ഇനിയും ചോദ്യം പിടിച്ചിരിക്കാനുള്ള ക്ഷമയില്ല.
‘ഉണ്ടായിരുന്നില്ലല്ലോ. വെങ്കലയുഗത്തിൽ വരെ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമായിരുന്നു. രണ്ടായിരം കൊല്ലങ്ങൾക്കൊക്കെ മുൻപായിരിക്കും അത് മറ്റ് തെക്ക് കിഴക്കേഷ്യൻ രാജ്യങ്ങളിൽ, വിയറ്റ്നാമിലൊക്കെ എത്തിയിരിക്കുക എന്നാണിപ്പോഴത്തെ പഠനങ്ങൾ പറയുന്നത് ‘3.
‘എൻ്റെ പൊന്നു വല്യമ്മിച്ചി ഒന്നു കഥ മുഴുവനാക്ക്’. എറ്റവും അവസാനം തീറ്റ കഴിയുന്ന ഉണ്ണികുട്ടനു ക്ഷമകെട്ടു.
‘ആ എന്നീട്ടെന്താ.. ആ ഇന്ത്യൻ കച്ചോടക്കാരൻ അമ്മിച്ചിയ്ക്ക് ഒരു കൊല്ലത്തേക്കുള്ള സുഗന്ധ വ്യജ്ഞനങ്ങളും കൊടുത്തു; സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കുന്ന അമ്മിക്കലിൻ്റേം കൂടക്കല്ലിൻ്റേം പടങ്ങളും വരച്ച് കൊടുത്തു.’
‘അടുത്ത കൊല്ലം വരണേ എന്നും പറഞ്ഞ് അമ്മിച്ചി അയാൾക്ക് ഇഷ്ടമ്പോലെ കാശും കൊടുത്തു.
എന്നീട്ട് അമ്മിക്കല്ലും കൂടക്കലുമൊക്കെ ഉണ്ടാക്കി ആ സുഗന്ധ വ്യഞ്ജനങ്ങളൊക്കെ ഇടിച്ച് പൊടിച്ചു ആരേയും കൊതിപ്പിക്കുന്ന ഉഗ്രൻ കൂട്ടാനുകളുണ്ടാക്കി. ‘
‘എന്നീട്ട്.’
‘എന്നീട്ടെന്താ.. കുറേ കഴിഞ്ഞപ്പോൾ അമ്മിച്ചി മരിച്ചു പോയി. അമ്മിച്ചിയുടെ അമ്മിക്കല്ലും കൂടക്കല്ലുമൊക്കെ മഴത്ത് ഒലിച്ച് ഒക് ഇയോ എന്ന തുറമുഖ പട്ടണത്തിൽ അടിഞ്ഞു. എന്നട്ടവടെ കാത്തു കിടന്നു. ഒരു 2000 വർഷം കഴിയുമ്പോൾ കണ്ടെടുത്ത് ആ ജാതിക്കയുടെ സുഗന്ധം ഈ ലോകത്ത് മുഴുവൻ പരത്താൻ.’
‘വാട്ട് ? 2000 ഇയേഴ്സ് കഴിഞ്ഞട്ടും ജാതിക്കേം മഞ്ഞളും ആ അമ്മിക്കല്ലിൽ ഉണ്ടായിരുന്നെന്നോ?’
‘യെസ്, യുവർ ഓണർ. മൈക്രോസ്കോപ്പിലൂടെ നോക്കിയപ്പോൾ ഇവയെല്ലാമവിടെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, 2000 വർഷത്തിനു ശേഷവും ആ ജാതിക്ക കഷ്ണം തൊട്ടപ്പോൾ ജാതിക്ക മണമുണ്ടാക്കി4’.
‘വാവ് ദാറ്റീസ് എമേസിങ്ങ്!’
‘വെറ്ത്യല്ലാ .. നൂറുകൊല്ലത്തിനു ശേഷം അമ്മാമ്മയുടെ അമ്മാമ്മയുണ്ടാക്കിയ മീങ്കൂട്ടാൻ ചട്ടിയിൽ നിന്നും ഊറി വരുന്നത്.’
എന്താണീ ഇല്ലനക്കരി ?
പണ്ട് വിറകടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് അടുപ്പ് സ്ഥിതി ചെയ്യുന്ന സ്ലാബിന് (പാതിയമ്പുറം) മുകളിലായി വിറക് സൂക്ഷിക്കാന്‍ ഒരു പറം അഥവാ മേക്കട്ടി ഉണ്ടായിരുന്നു. വിറകടുപ്പില്‍ നിന്നും വരുന്ന പുക പറത്തിലും ചുമരിന്റെ വശങ്ങളിലും തട്ടി അവിടെ ഘനീഭവിച്ച് കിടക്കും. കുറേ കാലത്തെ ഈ പുകകരി ചുമരിലും പറത്തിലും കട്ടപ്പിടിച്ച് ഒലിക്കാന്‍ തുടങ്ങും ഇതാണ് ഇല്ലനക്കരി. ശ്രദ്ധിച്ചീട്ടുണ്ടെങ്കില്‍ അറിയാം അടുക്കളയുടെ ഈ ഭാഗം എത്ര കുമ്മായം അടിച്ചാലും കറുത്ത് തന്നെ കിടക്കും. അന്നത്തെ സ്ത്രീയുടെ അധ്വാനത്തിന്റെ അളവാണ് ആ പുകകരിയുടെ കനം! ഈ ഇല്ലനക്കരി അന്ന് മുറിവുണക്കുന്നതിനു ബെസ്റ്റ് ആയിരുന്നു. സ്തീകളും കുട്ടികളും വലിയ മുറിവുകള്‍ പോലും വച്ചുകെട്ടാന്‍ ധാരാളമായി ഉപയോഗിച്ചിരുന്നത് ഇല്ലനക്കരിയാണ്. ഭയങ്കര നീറ്റലുണ്ടാവും അതോടെ ആ മുറിവ് കരിയുകയും ചെയ്യും.
ഒരുപക്ഷെ ഈ വാക്ക് ഇല്ലം എന്നതില്‍ നിന്ന് തന്നെ വന്നതായിരിക്കാം. എന്നാല്‍ ഇല്ലം അടുക്കളയെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. ഇല്ലനം അല്ലെങ്കില്‍ ഇല്ലന എന്നതിന് തമിഴിലോ സംസ്കൃതത്തിലോ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ? (തമിഴില്‍ ഇല്ലാന എന്നു പറഞ്ഞാല്‍ ഇല്ലെങ്കില്‍ എന്നര്‍ത്ഥം അതല്ലാതെ എന്തെങ്കിലും ഉണ്ടോ). ഈ വാക്കിന്റെ ഉദ്ഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ?
കഥാപാത്രങ്ങൾ
അച്ചന്‍കുഞ്ഞ് – പെണ്ണമ്മയുടെ കെട്ടിയോന്, വിരമിച്ച ബാങ്കുദ്യോഗസ്ഥന്.
കുഞ്ഞച്ചന്– പെണ്ണമ്മയുടെ ഇളയ സഹോദരന്
കുഞ്ഞുമോള്‍ – കുഞ്ഞച്ചന്റെ മകള്‍, ഗവേഷണ വിദ്യാര്‍ത്ഥിനി
വല്യാപ്പി – പെണ്ണമ്മയുടെ രണ്ടാമത്തെ സഹോദരന്റെ മകള്‍. ഡിഗ്രി വിദ്യാര്‍ത്ഥിനി
സിയാപ്പി -പെണ്ണമ്മയുടെ മൂത്ത അനിയത്തിയുടെ മകള്‍,ഡിഗ്രി വിദ്യാര്‍ത്ഥിനി
കുഞ്ഞാപ്പി – പെണ്ണമ്മയുടെ ഇളയ അനിയത്തിയുടെ മകള്‍, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി
വല്യമ്മിച്ചി – പെണ്ണമ്മയുടെ ചേച്ചി
കുഞ്ഞുമോന് – വല്യമ്മിച്ചിയുടെ മകന്, കണക്കപ്പിള്ള.
കുഞ്ഞുമോള്‍ ചേച്ചി -കുഞ്ഞുമോന്റെ ഭാര്യ
കുഞ്ഞുണ്ണി – കുഞ്ഞുമോന്റെ മകന്
ഉണ്ണിമോള് – വല്യമ്മിച്ചിയുടെ മകള്‍
ഉണ്ണിചേട്ടന് – ഉണ്ണിമോളുടെ ഭര്‍ത്താവ്
കുഞ്ഞമ്മിച്ചി- പെണ്ണമ്മയുടെ മൂത്ത അനിയത്തി.
ഉണ്ണിമോന് – കുഞ്ഞമ്മിച്ചിയുടെ മകന്, കണക്കപ്പിള്ള
ഇളയമ്മിച്ചി– പെണ്ണമ്മിച്ചിയുടെ ഇളയ അനിയത്തി
കുട്ടന് – ഇളയമ്മിച്ചിയുടെ മകന്, ഡിഗ്രി വിദ്യാര്‍ത്ഥി.
ഉണ്ണിയച്ചന്‍ – പെണ്ണമ്മയുടെ മൂത്ത സഹോദരന്
മോനച്ചന് – ഉണ്ണിയച്ചന്റെ മൂത്തമകന്
കുഞ്ഞൂഞ്ഞ്– ഉണ്ണിയച്ചന്റെ ഇളയമകന്
Simply പൊളിച്ചു. ലൂക്കയിൽ ഇങ്ങനെ ചെലത് കാത്തിരിക്കുകയായിരുന്നു.
മോളമ്മ തൃശ്ശൂരുകാരിയാണോ.. ഞങ്ങടെ നാട്ടിൽ ഇല്ലനക്കരി എന്നു തന്നാ പറയുന്നത്… സംസാരത്തിലും ഒരു തൃശ്ശൂർ ചുവയുണ്ട്…
ഏതായാലും അടുക്കള വർത്തമാനം കസറി..
ഈ പംക്തിയുടെ പേരാണ് വായിക്കാൻ പ്രേരിപ്പിച്ചത്. സംഗതി കിടുക്കി..സയൻസിലെ ഒരു വാർത്ത ഇങ്ങനെയും അവതരിപ്പിക്കാമല്ലോ… തുടർ എഴുത്തുകൾ കാത്തിരിക്കുന്നു
അട്ടക്കരി
ഗംഭീര എഴുത്ത്.. ♥️
കണ്ണൂർ ജില്ലയിൽ ചിലസ്ഥലങ്ങളിൽ ഇല്ലനക്കരി എന്ന് പരാമർശിച്ച കരിക്ക് ഇല്ലട്ടക്കരി എന്നുപറയാറുണ്ട്
ഈ കരി ചെറിയ കുട്ടികൾക്ക് നീർദോഷം വന്നാൽ നെറുകിൽ പുരട്ടിയിരുന്നു.
രസകരം ആയ അവതരണം. അടുക്കളയിൽ ശാസ്ത്രമുണ്ട്.. വീട്ടമ്മമാർ ശാസ്ത്രജ്ഞ രും. കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു