Read Time:7 Minute

സുഘോഷ്. പി.വി

ഇടുക്കി  ജലവൈദ്യുത പദ്ധതിയുടെ നി൪മ്മാണപ്രവ൪ത്തനങ്ങൾ ആരംഭിക്കുന്നത് 1968 ലാണ്. 1974 ൽ കമ്മീഷ൯ ചെയ്ത ഇതിന്റെ ഭാഗമായി 4 ഡാമുകളാണുള്ളത്. 

  1. Concrete double curvature parabolic thin arch സ്ട്രക്ച൪ ഉള്ള ഇടുക്കി ഡാം
  2. straight gravity concrete സ്ട്രക്ചറുള്ള ചെറുതോണിഡാം 
  3. asonry straight gravity ഘടനയുള്ള  കുളമാവ് ഡാം 
  4. കുളമാവ് സാഡിൽ ഡാം 

എന്നിവയാണിവ. കുളമാവ് സാഡിൽ ഡാമിന് രണ്ട് ചെറിയ ഡാം സ്ട്രക്ചറുകളാണുള്ളത്, right bank saddle dam ഉം saddle near kulamavu junction ഉം.

ഇടുക്കി ഡാം നിർമ്മാണ ഫോട്ടോകൾ കടപ്പാട്: movingshoe.com

ആ൪ച്ച് ഡാം എന്നാൽ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെതന്നെ  ആർച്ച് രൂപത്തിലുള്ളതാണ്. കല്ലുകളും മറ്റും ഉപയോഗപ്പെടുത്തി നി൪മ്മിച്ചിരിക്കുന്ന ഡാമുകളേയാണ് Masonry dam എന്ന് പറയുന്നത്. സാഡിൽ ഡാം നി൪മ്മിക്കുന്നത് റിസ൪വോയറിന്റെ കപ്പാസിറ്റി വ൪ദ്ധിപ്പിക്കാനാണ്. ജലനിരപ്പ് വ൪ദ്ധിപ്പിക്കുമ്പോൾ വെള്ളം താഴേക്ക് പോകാനിടയുള്ള സ്പേസുകളിൽ ചെറിയ ചെറിയ തടയണകൾനി൪മിക്കുന്നു. ഇത്തരത്തിൽ രണ്ട് സാഡിലുകളാണ് ഇടുക്കി പദ്ധതിയിലുള്ളത്. ഇത്രയും ഡാമുകൾ സംയോജിച്ച് ഫുൾറിസ൪വോയ൪ ലെവലിൽ ജലനിരപ്പ് 58.83 ചതുരശ്രകിലോമീറ്ററിൽ (58.83 km²) പരന്ന് കിടക്കുന്നു. സീസ്മിക് സോൺ 3 ൽ സ്ഥിതിചെയ്യുന്ന ഈ പദ്ധതി അതീവ സുരക്ഷയോടെയാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. 780 MW വൈദ്യുതോൽപാദനത്തിനായി ഉപയോഗിച്ചുവരുന്ന ഈ റിസ൪വോയറിൽ 1996 മില്യൺ ഘനമീറ്റ൪ ജലം സംഭരിക്കാനാകും. 365.85 മീറ്റ൪ നീളവും, 169.16 മീറ്റ൪ പരമാവധി ഉയരവുമുള്ള ഇടുക്കി ആ൪ച്ച് ഡാമിന് ജലം തുറന്നുവിടാനുള്ള സ്പിൽവേകളില്ല.

ഡാമിൽ 6 ഗാലറികൾ നിലവിലുണ്ട്. സുരക്ഷാപരിശോധനകൾക്കും ഡ്രയിനേജ് ഹോൾ പരിശോധനക്കുമൊക്കെയായാണ് ഗാലറികൾ ഉപയോഗിച്ച് വരുന്നത്. ഇതിലൂടെ ഉദ്യോഗസ്ഥ൪ക്ക് നടന്നുപോകാ൯കഴിയും. പ്രകാശത്തിനായി വൈദ്യുതി വെളിച്ചവും ഇതിനുള്ളിലുണ്ട്.

1900 അടിയിലാണ് ഗാല്ലറി 1 സ്ഥിതിചെയ്യുന്നത്. 2100 അടിയിൽ ഗാല്ലറി 2 സ്ഥിതിചെയ്യുന്നു. 2300 അടിയിൽ ഗാല്ലറി 3 സ്ഥിതിചെയ്യുന്നു. ഇതിനോടൊപ്പം ഒരു abutment gallery ഉം ഉണ്ട്. ഈ ഗാലറികളിലേക്ക് സഞ്ചരിക്കാനായി ലിഫ്റ്റുകൾ ഡാമിനുള്ളിലുണ്ട്. ഏതാണ്ട് 6 ഫ്ലോറുകളിലേക്ക് സഞ്ചരിക്കാ൯ ഈ ലിഫ്റ്റുകൾ ഉപയോഗപ്പെടുത്തിവരുന്നു. അതേ ഒരു വലിയ കെട്ടിടം പ്രവ൪ത്തിക്കുന്ന പോലെതന്നെ. Rock abutment ഗാലറികളും ഈ ഡാം സ്ട്രക്ചറിൽ നിലനിൽക്കുന്നു. 1900 അടിയിൽ വലത് ഗാലറിയും, 1925 അടിയിൽ ഇടത് ഗാലറിയും, 2100, 2300 അടിയിൽ വലത് ഇടത് ഗാലറിയും സ്ഥിതിചെയ്യുന്നു. 

ചെറുതോണി ഡാമിനുള്ളിലെ ലിഫ്റ്റ്

ഇവ കൂടാതെ ചെറുതോണി ഡാമിൽ 7  ഗാലറികളുണ്ട്. ഇതിനുള്ളിൽ സഞ്ചരിക്കാനായി ലിഫ്റ്റുകളും പ്രവ൪ത്തിക്കുന്നു. എന്നാൽ സുരക്ഷാകാരണങ്ങളാൽ ഇതിനുള്ളിലേക്ക് ജനങ്ങൾക്കോ ടൂറിസ്റ്റുകൾക്കോ പ്രവേശനം അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ അധികമാ൪ക്കുമറിയാത്ത  രഹസ്യമാണ് ഈ ഡാമുകളിലെ ആറ് നിലകളിലേക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റുകളും നടന്ന് പോകാവുന്ന ഗാലറികളും മറ്റ് വഴികളും. 650.75 മീറ്റ൪ നീളവും 138.38 മീറ്റ൪ പരമാവധി ഉയരവുമുള്ള ചെറുതോണി ഡാമിന് 5 റേഡിയൽ ഗേറ്റുകളാണ് ഉള്ളത്. ജലം തുറന്നുവിടാ൯ ഉപയോഗിക്കാറുള്ളത് ഈ അഞ്ച് ഗേറ്റുകളാണ്. ഇവ 723.29 മീറ്റ൪ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് അതായത് 723.29 മീറ്റ൪ ഉയരത്തിൽ ജലം എത്തിയാൽമാത്രമേ ഈ ഷട്ടറുകളിലൂടെ ജലം തുറന്നുവിടാനാകൂ. എന്നാൽ ഇതിനൊപ്പം തന്നെ രണ്ട് ലോവ൪ വെ൪ട്ടിക്കൽ ഔട്ട് ലറ്റുകളും  ചെറുതോണി ഡാമിലുണ്ട്. ഇവ 673.45 മീറ്റ൪ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. 673.45 മീറ്റ൪ ഉയരത്തിനു മുകളിൽ ജലനിരപ്പ് എത്തിയാൽ ആവശ്യമെങ്കിൽ ലോവ൪ ഔട്ട് ലെറ്റ് വഴി ജലം തുറന്നുവിടാ൯ സാധിക്കും. ഇതിനുപുറമേ റിസ൪വോയറിൽ നിന്ന് പവ൪സ്റ്റേഷനിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പുകളും, വിവിധ ആവശ്യങ്ങൾക്കായുള്ള ഡൈവേ൪ഷ൯ ചാനലുകളും ഇടുക്കിയിലുണ്ട്. ഡാമിലെ ചെളിയും മണ്ണും നീക്കാനായുള്ള സ്ലൂയിസ് ഗേറ്റുകളും ഈ പദ്ധതിയിൽ ഉൾപെട്ടിരിക്കുന്നു.

കുളമാവ് ഡാം കടപ്പാട്: wikipedia

ഇതിനുപുറമേ കുളമാവ് ഡാമിൽ രണ്ട് HB valve കളും പ്രവ൪ത്തിക്കുന്നുണ്ട്. അടിയന്തിര സമയങ്ങളിൽ ജലം തുറന്നുവിടാ൯ ഈ വാൽവുകളേയും ആശ്രയിക്കാനാകും. ഡാമിന്റെ ഗേറ്റുകളുയ൪ത്താനായി മെക്കാനിക്കൽ മോട്ടോ൪ സിസ്റ്റവും, സുരക്ഷാപരിശോധനകൾക്കായി പലതരം ഉപകരണങ്ങളും ഉപയോഗിച്ച് വരുന്ന ഇടുക്കി പദ്ധതി  കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ്. ചരിത്രത്തിൽ നാല് തവണ മാത്രമേ കേരളത്തിലെ ഏറ്റവും വലിയ ഈ ഡാം തുറന്ന് പുറത്തേക്ക് ജലമൊഴുക്കിയിട്ടുള്ളൂ. 1981 ഒക്ടോബ൪ 29 ന് 2401.44 അടി ആയപ്പോഴാണ് ജലം ആദ്യമായി പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് 1992 ഒക്ടോബ൪ 12 ന് 2401.44 അടിയായപ്പോൾ ജലം തുറന്നുവിടുകയുണ്ടായി. 2018 ലെ പ്രളയകാലത്ത് ആഗസ്ത് 10 ന് 2401 അടിയെത്തിയപ്പോഴും ഏറ്റവും അവസാനം 2021 ഒക്ടോബ൪ 19 ന് 2398.08 അടിയായപ്പോഴും ഡാം തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കിവിട്ടു.


അധിക വായനയ്ക്ക്

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് റൂൾ കർവ്?
Next post ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം?
Close