Thu. Feb 27th, 2020

LUCA

Online Science portal by KSSP

ഇന്ത്യൻ സർവകലാശാലകളെ സംരക്ഷിക്കുക : നേച്ചർ

ശാസ്ത്രഗവേഷണ മാഗസിനുകളിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് നേച്ചർ മാഗസിൻ. നേച്ചർ മാഗസിനിൽ, "ഇന്ത്യൻ സർവ്വകലാശാലകളെ സംരക്ഷിക്കണം" എന്ന തലക്കെട്ടിൽ 2020 ജനുവരിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ.

ശാസ്ത്രഗവേഷണ മാഗസിനുകളിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് നേച്ചർ മാഗസിൻ.  നേച്ചർ മാഗസിനിൽ, “ഇന്ത്യൻ സർവ്വകലാശാലകളെ സംരക്ഷിക്കണം” എന്ന തലക്കെട്ടിൽ 2020 ജനുവരിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ.

ഇന്ത്യൻ ജനത ആഴ്ചകളോളമായി തെരുവിലാണ്. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കൂട്ടമായി വായിച്ചും പ്രകടനങ്ങൾ നടത്തിയും പ്രതിഷേധിക്കുന്ന ആ കൂട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും എഴുത്തുകാരും ബുദ്ധിജീവികളും ഉൾപ്പെടുന്നുണ്ട്. 

അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് പ്രഥമദൃഷ്ട്യാ പൗരത്വ ഭേദഗതി നിയമം അതിന്റെ ഉദ്ദേശമായി മുന്നോട്ടു വെക്കുന്നത്. മേൽപറഞ്ഞ രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന  മതന്യൂനപക്ഷങ്ങൾക്ക് ഇതുവഴി ഇന്ത്യൻ മണ്ണിൽ സ്ഥിരമായ ഇടം ലഭിക്കുന്നു. എന്നാൽ ആർക്കെല്ലാം പൗരത്വത്തിന് അർഹതയുണ്ട് എന്ന് തീരുമാനിക്കപ്പെടുന്നത് മതാടിസ്ഥാനത്തിലാണ്. വ്യക്തമായിപ്പറഞ്ഞാൽ, ഓരോ വ്യക്തിക്കും നിയമത്തിനു മുന്നിൽ തുല്യ പരിഗണന ഉറപ്പു നൽകുന്ന ഭരണഘടനയെ നിഷേധിച്ചുകൊണ്ട്, മുസ്ലിംകളെ പൂർണമായും ഈ നിയമം മാറ്റിനിർത്തുന്നു. അവിടെയാണ് പൗരത്വ നിയമത്തിന്റെ അപകടവും. 

ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് സംസാരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധസ്വരങ്ങൾ ഏറ്റവും ഉച്ചത്തിൽ ഉയർന്നുവന്നത് ഇന്ത്യയിലെ സർവകലാശാലകളിൽ നിന്നാണ്. ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെ ,അത് ജനങ്ങൾക്ക് മീതെ അടിച്ചേൽപ്പിക്കുന്ന ഭരണകൂടത്തിനെതിരെ വലിയൊരു വിദ്യാർത്ഥി സമൂഹം ഇന്നും ആർജ്ജവത്തോടെ പ്രതിരോധം തീർക്കുന്നുണ്ട്. എന്നാൽ, സർവ്വകലാശാലകൾ കേന്ദ്രീകരിച്ചു നടക്കുന്ന, തീർത്തും സമാധാനപരമായ സമരങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടുകയാണ് സംഘപരിവാറും അതുപോലെ തന്നെ ഭരണകൂടവും.

ജെ.എൻ.യു കാഴ്ച വൈകല്യമുള്ള സൂര്യപ്രകാശ് എന്ന (സംസ്‌കൃത വിഭാഗം) വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ കയറിയാണ് അക്രമികൾ മർദിച്ചത്.

ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ ഒന്നായ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഈ അടുത്തു നടന്ന അക്രമം ഏറെ ഭയപ്പെടുത്തുന്നതായിരുന്നു. ഹോസ്റ്റൽ ഫീസ് വർധനവിനെതിരായുള്ള സമരം നടന്നുകൊണ്ടിരിക്കുന്ന ജെഎൻയു ക്യാമ്പസിൽ ജനുവരി 5 ന് രാത്രിയാണ് മാസ്കുകളണിഞ്ഞ് ആയുധങ്ങളുമായി ഒരു കൂട്ടം അക്രമം നടത്തിയത്. തലയ്ക്ക് അടിയേറ്റ് ചോരയൊലിച്ചു നിൽക്കുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയരീതിയിൽ ചർച്ചയാവുകയും പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.  കാഴ്ച വൈകല്യമുള്ള സൂര്യപ്രകാശ് എന്ന (സംസ്‌കൃത വിഭാഗം) വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ കയറിയാണ് അക്രമികൾ മർദിച്ചത്. ജെഎൻയുവിലെ തന്നെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് റീജിയണൽ ഡെവലപ്മെന്റിലെ ഗവേഷക വിദ്യാർഥിയായ സുചരിത സെനിന് വലിയ കല്ലുകൊണ്ട് തലക്കാണ് അടിയേറ്റത്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ ഡൽഹി പൊലീസ് നോക്കിനിൽക്കുക മാത്രമേ ചെയ്തുള്ളൂ. സംഭവസമയത്ത് ക്യാമ്പസിനകത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പോലീസ് പരാജയപ്പെട്ടതായി അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും റിപോർട്ട് ചെയ്യുന്നു.

ജെഎൻയുവിലെ അക്രമത്തിന് നിശബ്ദരായി സാക്ഷ്യം വഹിച്ച അതേ പോലീസ് തന്നെയാണ് പ്രധാനപ്പെട്ട മറ്റു രണ്ട് ഇന്ത്യൻ സർവ്വകലാശാലകൾ കയ്യേറ്റം ചെയ്തത് എന്ന വസ്തുത നാം മറന്നുകൂടാ.  ഡൽഹിയിലെ തന്നെ ജാമിയ മിലിയ ഇസ്ലാമിയ, ഉത്തർപ്രദേശിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവയാണ് ഭരണകൂടം സ്പോൺസർ ചെയ്ത അക്രമത്തിന് സാക്ഷ്യം വഹിച്ചത്. തോക്കും ടിയർ ഗാസുമായി കാമ്പസുകളിലെത്തിയ പോലീസ് വിദ്യാർത്ഥികളെ മർദിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. പോലീസ് അതിക്രമം അംഗീകരിക്കാനാവുന്നതല്ലെന്ന് ജാമിയ വൈസ് ചാൻസലറായ നജ്മ അക്തർ പറയുകയുണ്ടായി.

പോലീസും ഭരണകൂടവും ചേർന്നൊരുക്കിയ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുകയാണ്. പ്രതിഷേധമുയർത്തിയവരിൽ നോബൽ സമ്മാന ജേതാക്കളായ അഭിജിത്ത് ബാനർജിയും (ഇക്കണോമിസ്റ്റ് ) വെങ്കി രാമകൃഷ്ണനും ഉൾപ്പെടുന്നു. വിദ്യാർത്ഥികളും അധ്യാപകരും തുടങ്ങി ശാസ്ത്രജ്ഞർ വരെ എത്തിനിൽക്കുന്ന ഒരു വലിയ സമൂഹം പുതിയതായി കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോകുന്നു , പലതരത്തിലുള്ള അക്രമങ്ങളൊന്നും തന്നെ അവരെ ബാധിക്കുന്നില്ല എന്നതിൽ ഭരണപക്ഷവും അതിനെ പിന്തുണക്കുന്നവരും വളരേയധികം അസ്വസ്ഥരാണ് എന്ന് നമുക്കു കാണാം. പ്രതിഷേധസ്വരങ്ങളെ തച്ചുതീർക്കാൻ നോക്കുമ്പോൾ പക്ഷെ , അവർ ഒന്നോർക്കേണ്ടതുണ്ട് ; അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ് സർവകലാശാലകളുടെ ആത്മാവ്. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുക എന്നത് ആർഭാടമല്ല അവകാശമാണെന്നും, അത്തരം വിയോജിപ്പുകളോട് സഹിഷ്ണുത കാണിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

പ്രതിഷേധങ്ങൾ ഇനിയും വ്യാപിക്കേണ്ടതുണ്ട്. ഇന്ത്യയിലും ഇന്ത്യക്കു പുറത്തുമുള്ള അധ്യാപക-വിദ്യാർത്ഥി സൂമൂഹം ഉറച്ച പ്രതിരോധം തീർക്കേണ്ട സമയമായിരിക്കുകയാണ്. എന്തെന്നാൽ സർവ്വകലാശാലകൾക്കു നേരെയാണ് ഫാസിസം എത്തിനിൽക്കുന്നത്. നമ്മുടെ സർവ്വകലാശാലകൾ ഭയം വിഴുങ്ങിയിരിക്കാനുള്ളവയല്ല.

പ്രതിഷേധങ്ങൾക്കു നേരെ തോക്കും ലാത്തിയും കണ്ണീർ വാതകവുമായി വരും മുൻപ് ഇന്ത്യൻ ഭരണകൂടം അതിന്റെ പ്രധാനമന്ത്രിയുടെ തന്നെ പ്രിൻസിപ്പൽ സൈന്റിഫിക് അഡ്വൈസർ കൃഷ്ണസ്വാമി വിജരാഘവന്റെ വാക്കുകൾ കേട്ടു നോക്കുക : ” ക്യാമ്പസുകൾ കൂട്ടായ പഠനത്തിന്റേയും വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളുടേയും സംവാദത്തിന്റേയും ഗവേഷണങ്ങളുടേയും ഇടങ്ങളാണ്. അവിടെ അക്രമത്തിന് സ്ഥാനമുണ്ടായിരിക്കുന്നതല്ല. “
 


വിവർത്തനം: :ആർദ്ര വി.എസ്‌

  1. https://www.nature.com/articles/d41586-020-00085-6

 

%d bloggers like this: