മനുഷ്യന്റെ ജനിതക പുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളും വായിച്ചെടുക്കാനായി 1990-ൽ ആരംഭിച്ച ബൃഹത് പദ്ധതിയാണ് ഹ്യൂമൻ ജീനോം പ്രോജക്റ്റ്. അമേരിക്കയുടെ നേതൃത്വത്തിൽ ചൈന, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ സജീവ പങ്കാളിത്തത്തോടെ 300 കോടി ഡോളർ ചെലവിൽ 15 വർഷം നീളുന്ന ഒരു മഹാ ഗവേഷണ പദ്ധതിയാണ് വിഭാവനം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഗവേഷണ ശാലകളും ഗവേഷകരും ഈ അന്താരാഷ്ട്ര ഗവേഷണ പ്രോജക്റ്റിൽ പങ്കാളികളായി. ലോകം ഏറെ വിസ്മയത്തോടെയും ആകാംക്ഷയോടെയും ഉറ്റുനോക്കിക്കൊണ്ടിരുന്ന മനുഷ്യ ജീനോം പദ്ധതി പ്രതീക്ഷിച്ച സമയത്തിനും മുന്നേ തന്നെ മനുഷ്യന്റെ ജനിതകസാരത്തിന്റെ രഹസ്യങ്ങൾ ചുരുൾ നിവർത്തി ലോകത്തെ അമ്പരിപ്പിച്ചു ചരിത്രം കുറിക്കുകയും ചെയ്തു. മനുഷ്യ ജീനോമിന്റെ കരടു രൂപരേഖ 2000-ൽ തയ്യാറായി. 2001 ഫെബ്രുവരി 12 ന് കരട് റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഈരണ്ടു ദശകത്തിനിടെ ജീനോം ഗവേഷണരംഗം സാക്ഷ്യം വഹിച്ചത് ശാസ്ത്രകല്പിത കഥകളെയും വെല്ലുന്ന നേട്ടങ്ങൾക്കാണ്. 2003-ൽ മനുഷ്യ ജീനോമിന്റെ ഘടന പൂർണ്ണമായും ചുരുൾ നിവർത്തിയതായി ഗവേഷക സംഘം പ്രഖ്യാപിച്ചു.
ചുരുൾ നിവർന്ന രഹസ്യങ്ങൾ
ഹ്യൂമൻ ജീനോം പ്രോജക്റ്റിലൂടെ പുറത്തുവന്ന പല രഹസ്യങ്ങളും അമ്പരപ്പിക്കുന്നതും അതുവരെയുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതും ആയിരുന്നു. മനുഷ്യ ഡി എൻ എ യിലെ ജീനുകളുടെ എണ്ണം ഇരുപതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയ്ക്ക് മാത്രമാണ് എന്ന വിവരം ശാസ്ത്രലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പരിണാമശ്രേണിയുടെ ഇങ്ങേയറ്റത്തുള്ള മനുഷ്യനിൽ ഒരു ലക്ഷത്തോളം ജീനുകളുണ്ടാവാം എന്ന ധാരണയാണ് തിരുത്തപ്പെട്ടത്. ഉള്ളത് ഒരു പഴയീച്ചയിലുള്ളതിന്റെ ഏതാണ്ട് ഇരട്ടി ജീനുകൾ മാത്രം! മുന്നൂറു കോടി ഡിഎൻ എ ന്യൂക്ലിയോടൈഡ് ജോടികളെ തിരിച്ചറിഞ്ഞു. ജനിതക കോഡിന്റെ 99 ശതമാനത്തോളവും എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. അതേസമയം രണ്ടു വ്യക്തികളുടെ ജീനുകൾ തമ്മിൽ സിംഗിൾ ന്യൂക്ലിയോടൈഡ് പോളിമോർഫിസം എന്നറിയപ്പെടുന്ന അതി സൂക്ഷ്മമായ ലക്ഷക്കണക്കിനു വ്യത്യാസങ്ങളുണ്ട്. ചിമ്പൻസി, നായ, പഴയീച്ച, ബാക്റ്റീരിയ, യീസ്റ്റ് തുടങ്ങിയ പല ജീവികളുടെയും ജനിതക ഘടനയുമായി മനുഷ്യന്റെ ജനിതക ഘടനയ്ക്ക് സാമ്യമുണ്ട്. മനുഷ്യന്റെയും ചിമ്പാൻസിയുടേയും ഡി എൻ എ തമ്മിൽ സാദൃശ്യങ്ങൾ ഏറെയാണ്. മനുഷ്യ ജീനുകളിൽ പലതിന്റെയും ധർമ്മങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ അമ്പരപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് ഈ ഗവേഷണത്തിലൂടെ പുറത്തുവന്നത്.
വാട്സൺ, വെന്റർ, കോളിൻസ്
ഡി.എൻ.എ ഘടന ചുരുൾ നിവർത്തിയതിൽ പ്രധാന പങ്കു വഹിച്ച ,നൊബേൽ ജേതാവായ ജയിംസ് വാട്സൺ ആയിരുന്നു ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ആദ്യ ഡയറക്റ്റർ. അന്ന് അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനായിരുന്ന ക്രെയ്ഗ് വെന്ററും ഈ ഗവേഷണത്തിൽ പ്രധാന പങ്കാളിയായിരുന്നു. ഇപ്പോൾ സിന്തറ്റിക് ബയോളജിയിലെ അതികായൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അതേ വെന്റർ തന്നെ. എന്നാൽ മനുഷ്യ ജീനുകളുടെ വിന്യാസക്രമത്തിനു പേറ്റന്റ് എടുക്കണമെന്ന വെന്ററുടെ അഭിപ്രായത്തോട് വാട്സണ് യോജിപ്പുണ്ടായിരുന്നില്ല. വെന്ററുമായുള്ള ഇത്തരം ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് വാട്സൺ ഡയറക്റ്റർ സ്ഥാനം രാജിവയ്ക്കുകയും ഫ്രാൻസിസ് കോളിൻസ് പദ്ധതി ഡയറക്റ്റർ ആവുകയും ചെയ്തു. പിന്നീട് ക്രെയ്ഗ് വെന്ററും ഹ്യൂമൻ ജീനോം പ്രോജക്റ്റിൽ നിന്ന് രാജിവയ്ക്കുകയും ഇതേ ഗവേഷണം സ്വന്തം മേൽനോട്ടത്തിൽ നടത്താനായി സെലെറാ ജീനോമിക്സ് എന്ന ഗവേഷണ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. രണ്ടു ഗവേഷണങ്ങളും മുന്നേറി. ഇരു കൂട്ടരും ജീനോം മാപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ജീനോം പദ്ധതി പകർന്ന ഊർജ്ജം
ഹ്യൂമൻ ജീനോം പ്രോജക്റ്റിലൂടെ മനുഷ്യന്റെ ജനിതക രഹസ്യങ്ങളുടെ ബ്ലൂപ്രിന്റ് ആണ് ശാസ്ത്രജ്ഞരുടെ കൈപ്പിടിയിൽ ഒതുങ്ങിയത്. ഈ രണ്ടുദശകത്തിനിടെ ജനിതക എഞ്ചിനീയറിങ്ങിലും ബയോടെക്നോളജിയിലും സിന്തറ്റിക് ബയോളജിയിലുമൊക്കെ വിസ്മയങ്ങളുടെ പെരുമഴ പെയ്യിച്ച ഗവേഷണങ്ങൾക്ക് ഊർജ്ജം പകർന്നത് ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ വിജയവും അതിൽ നിന്ന് ലഭിച്ച അറിവുകളും ആണെന്ന് നിസ്സംശയം പറയാം. ജീൻ തെറാപ്പി മുതൽ ഡിസൈനർ ശിശുക്കളുടെ രൂപകല്പന വരെ എത്തിനിൽക്കുന്നു അത്. കൊവിഡ് 19 ലോകത്തെ നിശ്ചലമാക്കിയപ്പോൾ അധികം വൈകാതെ തന്നെ സാർസ് കോവ് -2 വൈറസ്സിന്റെ ജീനോം രഹസ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും ഫലപ്രദമായ എം ആർ എൻ എ വാക്സിൻ വികസിപ്പിച്ചെടുക്കാനുമൊക്കെ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കിയതും ജീനോം പ്രോജക്റ്റിൽ നിന്നുള്ള അനുഭവസമ്പത്തു തന്നെ.
രോഗങ്ങളെ പേടിക്കേണ്ടാത്ത കാലം
വിവിധ ജനിതക രോഗങ്ങൾക്ക് പിന്നിലെ സൂക്ഷ്മ ജനിതക രഹസ്യങ്ങൾ കണ്ടെത്താനും ഫലപ്രദമായ ജീൻ തെറാപ്പി വികസിപ്പിച്ചെടുക്കാനും മനുഷ്യ ജീനോം വിശകലനത്തിലൂടെ സാധിക്കും. പല രോഗങ്ങളുടെയും പിന്നിലെ ജീനുകളെ ഇതിനകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പല രോഗങ്ങൾക്കും ജീൻ തെറാപ്പി വിജയകരമാണെന്ന് പരീക്ഷണാടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടിട്ടുമുണ്ട്.ഡൗൺസ് സിൻഡ്രോം, എഡ്വേഡ്സ് സിൻഡ്രോം, ടർണേർസ് സിൻഡ്രോം , സിസ്റ്റിക് ഫൈബ്രോസിസ്, മസ്കുലാർ ഡിസ്ട്രോഫി തുടങ്ങി ഒരു നിര ജനിതക രോഗങ്ങളെയും അർബ്ബുദം, പാർക്കിൻസൺസ് പോലുള്ള രോഗങ്ങളെയും പേടിക്കേണ്ടാത്ത ഒരു കാലമാണ് ജീൻ തെറാപ്പി നൽകുന്ന വാഗ്ദാനം. 2020-ൽ രസതന്ത്ര നൊബേലിന് അർഹമായ ക്രിസ്പർ എന്ന നൂതന ജീൻ എഡിറ്റിങ് സങ്കേതം ഈ രംഗത്ത് വിസ്മയങ്ങൾ വിരിയിച്ചുകൊണ്ടിരിക്കുകയാണ്. നൂതന സാധ്യതകളുമായി പ്രൈം എഡിറ്റിങ്ങും രംഗത്തെത്തിക്കഴിഞ്ഞു.
ജീനോം പ്രോജക്റ്റുകൾ പല വിധം
ഈ നൂറ്റാണ്ടിൽ ജീനോം പ്രോജക്റ്റുകൾ സംബന്ധിച്ച നിരവധി വാർത്തകൾ ലോകശ്രദ്ധ നേടി. അതിലൂടെ മനുഷ്യന്റെയും സൂക്ഷ്മജീവികളുടെയും വിവിധ ജന്തുക്കളുടെയുമൊക്കെ ജനിതക രഹസ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ സാധിക്കുകയും ചെയ്തു. മനുഷ്യ ജീനോം കൃത്രിമമായി നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ നാലു വർഷം മുമ്പ് യു.എസ് ശാസ്ത്രജ്ഞർ രൂപം നൽകുകയും അനുമതിക്കായി അപേക്ഷ നൽകുകയും ചെയ്ത ഹ്യൂമൻ ജീനോം പ്രോജക്റ്റ് റൈറ്റ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യയിലെ വൈവിധ്യമാർന്ന ജനസമൂഹത്തിന്റെ വിസ്മയാവഹമായ ജനിതക വൈവിധ്യം അടയാളപ്പെടുത്താനും പല രോഗങ്ങളുടെയും ജനിതക തലത്തിലേക്ക് വെളിച്ചം വീശാനുമായി പ്രഖ്യാപിക്കപ്പെട്ട ജീനോം ഇന്ത്യാ പ്രോജക്റ്റും വാർത്താ പ്രാധാന്യം നേടി.
അനന്ത സാധ്യതകളും കുറേ ആശങ്കകളും
പല ജനിതക രോഗങ്ങളോടും വിട പറയാൻ ഭ്രൂണാവസ്ഥയിലുള്ള ജനിതക നിർണ്ണയത്തിലൂടെയും ജനിതക പരിഷ്ക്കരണത്തിലൂടെയും സാധിക്കും എന്ന് പല ശാസ്ത്രജ്ഞരും അടിവരയിട്ടു പറയുന്നുണ്ട്. എന്നാൽ ഭ്രൂണാവസ്ഥയിലെ ജനിതക പരിഷ്ക്കരണം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്നതുകൊണ്ടു തന്നെ ഇത്തരം പരീക്ഷണങ്ങൾക്ക് മിക്ക രാജ്യങ്ങളിലും കർശന വിലക്കുകൾ ഉണ്ട്. ചികിൽസാ രംഗത്ത് വൻ സാധ്യതകൾ ഉള്ള ഭ്രൂണവിത്തുകോശങ്ങൾക്കായുള്ള ഗവേഷണങ്ങളുടെ മറവിൽ മനുഷ്യ ക്ലോണിങ്ങും ഭ്രൂണത്തിലെ ജനിതക പരിഷ്ക്കരണത്തിലൂടെ എല്ലാം തികഞ്ഞ ഡിസൈനർ ശിശുക്കളും സൃഷ്ടിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്.അങ്ങനെ സംഭവിച്ചാൽ യൂജനിക്സിന്റെ പുതിയ രൂപമാവും അത്. രണ്ടു വർഷം മുമ്പ് ഹി ജിയാൻ കുയി എന്ന ചൈനീസ് ശാസ്ത്രജ്ഞൻ ഭ്രൂണത്തിലെ ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ എച്ച് ഐ വി ബാധയെ ചെറുക്കാൻ ശേഷിയുള്ള ഇരട്ടക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
മനുഷ്യ ജീനുകളും ജനിതക വിവരങ്ങളും പേറ്റന്റ് ചെയ്യപ്പെട്ടേക്കാം എന്നതാണ് മനുഷ്യ ജീനോം ഗവേഷണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മറ്റൊരു ആശങ്ക. ഒരു വ്യക്തിയുടെ ജനിതക വിവരങ്ങൾ നോക്കി മാത്രം ആ വ്യക്തിക്ക് ജോലിയും ഇൻഷൂറൻസും ഒക്കെ ലഭിക്കുന്ന കാലം വന്നുകൂടെന്നുമില്ല. വ്യത്യസ്ത ജനിതക പാരമ്പര്യമുള്ള ജീവികളിൽ നിന്നുള്ള ജനിതക ഘടകങ്ങൾ അടങ്ങിയ കിമേറകൾ (ഭിന്ന ജീവി സങ്കരങ്ങൾ) സംബന്ധിച്ച ഗവേഷണങ്ങളും വിവാദങ്ങൾക്ക് നടുവിലാണ്. എന്നാൽ മനുഷ്യ അവയവങ്ങൾ മറ്റു ജീവികളിൽ വളർത്തിയെടുക്കുന്നതു പോലുള്ള മുന്നേറ്റങ്ങൾക്ക് ഇത്തരം ഗവേഷണങ്ങൾ ആവശ്യമാണെന്ന് ഈ രംഗത്തെ ഗവേഷകർ പറയുന്നു.
എന്തായാലും അനന്ത സാധ്യതകളുടെ അത്ഭുതലോകങ്ങളാണ് ജീനോം ഗവേഷണങ്ങൾ ശാസ്ത്രജ്ഞർക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്. ഈ രംഗത്തെ ഗവേഷണങ്ങൾ സുതാര്യമാവുകയും ആവശ്യമായ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്താൽ തന്നെ ആശങ്കകളും വിവാദങ്ങളും വലിയൊരളവു വരെ ദൂരീകരിക്കാൻ സാധിക്കും. ഇത്തരം ഗവേഷണങ്ങളുടെ, നൂതന സാധ്യതകളുടെ ഗുണഫലങ്ങൾ മാനവരാശിക്ക് മുഴുവൻ ലഭ്യമാവേണ്ടതും അത്യാവശ്യമാണ്.