ഒമ്പതക്കസംഖ്യയുടെ വര്‍ഗ്ഗമൂലം മനക്കണക്കില്‍ പറയാന്‍ നല്ല ഓർമശക്തിയും ദീർഘകാലം നീണ്ടുനിന്ന പരിശ്രമവുമൊക്കെയുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്കും സാധിക്കും
[dropcap]ആ[/dropcap]രേയുംഅതിശയിപ്പിക്കുന്ന വേഗത്തിൽ ഗണിതക്രിയകൾ ചെയ്യുക വഴി ഏറെ പ്രസിദ്ധയായിരുന്നു ശകുന്തളാ ദേവി (1929 – 2013). അവരുടെ ഗണിതത്തിലെ അമാനുഷശേഷിയെപ്പറ്റി ഒട്ടേറെ കഥകള്‍ പ്രചാരത്തിലുണ്ട്. അവയിലൊന്നില്‍ 170859375 ന്റെ ഏഴാം വർഗമൂലവും (seventh root) 61629875 ന്റെ മൂന്നാം വർഗമൂലവും (cube root) അവർ ഞൊടിയിടയിൽ കണ്ടെത്തിയതിനെ ഇതിനായി ഉദാഹരിക്കുന്നുണ്ട്. ഇത് ഗംഭീരം തന്നെ. ഇത് അവർക്ക് എങ്ങനെ സാധിച്ചു എന്ന് അത്ഭുതം തോന്നുക സ്വാഭാവികം. എന്നാൽ ഇതിൽ അമാനുഷികമായി എന്തെങ്കിലുമുണ്ടോ? ഒന്നാന്തരം ഓർമശക്തിയും ദീർഘകാലം നീണ്ടുനിന്ന പരിശ്രമവുമൊക്കെയുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്കും ഇത് സാധ്യമാകും എന്നതാണ് യാഥാര്‍ത്ഥ്യം.
1. ആദ്യം ഒന്നാമത്തെ ഉദാഹരണമെടുക്കാം. 170859375 എന്നത് ഏതു എണ്ണൽ സംഖ്യയുടെ ഏഴാം ഘാതമെന്നു കണ്ടെത്തുകയാണ് ഇവിടുത്തെ പ്രശ്നം. 10 എന്ന സംഖ്യയുടെ ഏഴാം ഘാതം 10000000 ആണല്ലോ? (ഒന്നിനു ശേഷം ഏഴ് പൂജ്യം) 20-ന്റെ ഏഴാം ഘാതമാകട്ടെ 1280000000 ( 128- നു ശേഷം ഏഴ് പൂജ്യം). നമ്മുടെ സംഖ്യ 170859375 ഇതിനു രണ്ടിനുമിടയിലായതിനാൽ ഉത്തരം 10-നും 20-നും ഇടയിലാകണമല്ലോ? പിന്നെ വർഗത്തിന്റെ ഒറ്റയുടെ സ്ഥാനത്തുള്ള അക്കം 5 എങ്കിൽ ഏഴാം വർഗമൂലത്തിലും ഒറ്റയുടെ അക്കം 5 ആയല്ലേ പറ്റൂ. അപ്പോൾ പിന്നെ ഉത്തരം 15. അതായത് 170859375 ന്റെ 7ാം വർഗമൂലം 15 ആകുന്നു.
2. ഇനി രണ്ടാമത്തെ ഉദാഹരണം നോക്കാം. 61629875-ന്റെ മൂന്നാം വർഗമൂലം കണ്ടെത്തുക എന്നതാണ് നമ്മുടെ ആവശ്യം. 64-ന്റെ മൂന്നാം വർഗമൂലം 4 – ആണെന്നത് ഓർക്കുക. എങ്കിൽ 64000000-ന്റെ മൂന്നാം വർഗമൂലം 400 ആകണമല്ലോ? എങ്കിൽ 61629875-ന്റെ വർഗമൂലം 400-നു തൊട്ടു താഴെയാകണം. ഒറ്റയുടെ സ്ഥാനത്തെ അക്കം 5 ആകണമെന്നു കാണാൻ വലിയ ബുദ്ധി വേണ്ട. അങ്ങനെയെങ്കിൽ ഉത്തരം 395 ആണെന്ന് ഊഹിക്കാം. അതു ശരിയായ ഉത്തരമാണുതാനും. ഈ രീതിയിൽ തന്നെയാണോ ശകുന്തളാ ദേവി ഇതു കണ്ടെത്തിയതെന്ന് നമുക്കറിയില്ല. എങ്കിലും ഇത്തരം നേട്ടങ്ങൾ സാധാരണ മനുഷ്യനും സാധ്യമാണ് എന്ന് ഇതിലൂടെ വ്യക്തമാണ്. .