Read Time:10 Minute

എന്‍.എസ്. അരുണ്‍കുമാര്‍

ലെനിന്റെ പേര് ജീവശാസ്ത്രപാഠ പുസ്തകങ്ങളിലും! മൺമറഞ്ഞുപോയ ഒരു ജീവസ്പീഷീസ്, ലെനിന്റെ പേരിൽ  അറിയപ്പെടുന്നുണ്ട് -ലെനിനിയ സ്റ്റെല്ലൻസ്(Leninia Stellans).  ലെനിന്റെ മാത്രമല്ല നെല്‍സണ്‍ മണ്ടേല, ബോബ് മര്‍ലി തുടങ്ങി ഒട്ടേറെ പേരിലും ശാസ്ത്രീയനാമങ്ങളുണ്ട്

ലെനിന്റെ പേര് ജീവശാസ്ത്രപാഠ പുസ്തകങ്ങളിലും! മൺമറഞ്ഞുപോയ ഒരു ജീവസ്പീഷീസ്, ലെനിന്റെ പേരിൽ  അറിയപ്പെടുന്നുണ്ട് -ലെനിനിയ സ്റ്റെല്ലൻസ്(Leninia Stellans).  ഇന്നേക്ക് ഇരുന്നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതും ഇപ്പോൾ സമ്പൂർണ്ണമായ വംശനാശം സംഭവിച്ചുകഴിഞ്ഞതുമായ ജീവസ്പീഷിസുകളിൽ ഒന്നാണിത്. ദിനോസറുകൾ കരയിൽ കഴിഞ്ഞപ്പോൾ ആ യുഗത്തിന്റെ പ്രതിനിധികളായി കടലിൽ ജീവിച്ചിരുന്നവയാണിവ. ചീങ്കണ്ണികളെപ്പോലെ നീണ്ട ശരീരമുള്ള, എന്നാൽ തിമിംഗലത്തിന്റെ വാലും ഡോൾഫിന്റേത് മാതിരി പല്ലുകളുമുള്ള ഇവ ജീവപരിണാമത്തിലെ ഇടക്കണ്ണികളിലൊന്നായാണ് പരിഗണിക്കപ്പെട്ടുപോരുന്നത്.

റഷ്യയിലെ ഉല്യനോവ്‌സ്‌ക് സർവ്വകലാശാലയിലെ ( Ulyanovsk State University) ശാസ്ത്രജ്ഞർക്കാണ് അവിടെയുള്ള ക്രിയുഷി ( Kriushi) എന്ന ഗ്രാമത്തിൽ നിന്നും ഈ പരിണാമ ഇടക്കണ്ണിയുടെ ഫോസിൽ ലഭിച്ചത്. ഉരഗജീവികൾക്കും മത്സ്യങ്ങൾക്കുമിടയിലുള്ള പരിണാമപരമായ ഇടക്കണ്ണി എന്ന നിലയ്ക്കാണ് ലെനിനിയ സ്റ്റെല്ലൻസ് ഉൾപ്പെടുന്ന ജീവിവർഗ്ഗത്തിന്റെ പ്രസക്തി.

അതേസമയം ഇത് നേർരേഖയിലുള്ള പരിണാമത്തിന്റെ ദിശാസൂചകവുമല്ല. ആദ്യം മത്സ്യങ്ങൾ, മത്സ്യങ്ങളിൽ നിന്നും ഉഭയജീവികൾ അവയിൽ നിന്നും ഉരഗങ്ങൾ, പിന്നെ പക്ഷികളും സസ്തനികളും -ഇതാണല്ലോ ജീവി വർഗ്ഗങ്ങളുടെ പരിണാമദിശ. എന്നാൽ ലെനിനിയ സ്റ്റെല്ലൻസ് പ്രതിനിധീകരിക്കുന്നവ, കരയിൽ നിന്നും വീണ്ടും കടലിലേക്കിറങ്ങിയ ഉരഗങ്ങളാണ്. അതിനാലാണ് അവയ്ക്ക് ഉരഗങ്ങളുടെ ശരീരഘടനയും മത്സ്യങ്ങളുടെ ആകൃതിയുമുണ്ടായതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

©researchgate.net

പൂർണ്ണമായും കടലിൽ കഴിഞ്ഞിരുന്ന ഇവ ദിനോസറുകളുടെ കാലമായി അറിയപ്പെടുന്ന ജുറാസിക് (Jurassic) യുഗത്തിലാണ് ജീവിച്ചിരുന്നത്. അതിനാൽ ദിനോസറുകളുമായി ബന്ധമൊന്നുമില്ലെങ്കിലും അവയുടെ പേരുകളോട് സമാനമായ ഒരു വിളിപ്പേരാണ് ഇവയ് ക്ക് പരിണാമ ശാസ്ത്രജ്ഞർ നൽകിയിരിക്കുന്നത്. ഇക്തിയോ സോറസ് (Ichthyo Saurus). അതേസമയം ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയ അഞ്ചാം കൂട്ടവംശനാശത്തെ (Fifth Mass Extinction)  ഇവ അതിജീവിക്കുകയും ചെയ്തു. ദിനോസറുകളെ മാത്രമല്ല അന്നത്തെ കടൽ ജീവന്റെ പകുതിയോളവും ഉന്മൂലനം ചെയ്തുകൊണ്ടായിരുന്നു അഞ്ചാം കൂട്ടവംശനാശം അവസാനിച്ചത്. എന്നാൽ വിട്ടൊഴിയാതെ പിടിച്ചു നിന്ന ഇക്തിയോ സോറസുകൾ, വളരെക്കാലങ്ങൾക്ക് ശേഷമാണ് പിന്നീട് സ്വയം വംശനാശത്തിന് വിധേയരായത്.

മധ്യ ട്രയാസ്സിക് മുതൽ അന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിചിരുന്ന ഒരു വലിയ സമുദ്ര ഉരഗങ്ങളുടെ ജീവശാഖ ആണ് ഇക്തിയോസോറസുകള്‍

പരിണാമ പഠനത്തിന്റെ ചരിത്രത്തിൽ, മറ്റൊരു തലത്തിലും ലെനിനിയ സ്റ്റെല്ലൻസ് പ്രതിനിധീകരിക്കുന്ന ഇക്തിയോ സോറസുകൾ പ്രസക്തമാവുന്നുണ്ട്. ആദ്യ കാലങ്ങളിൽ ഫോസ്സിലുകളെ(Fossils) അംഗീകരിക്കാൻ പലരും തയ്യാറായിരുന്നില്ല. മുമ്പെന്നോ ജീവിച്ചിരുന്ന, ഇപ്പോൾ സമ്പൂർണ്ണമായി വംശനാശം സംഭവിച്ചുകഴിഞ്ഞ ജീവികളുടെ അവശിഷ്ടങ്ങളെയാണല്ലോ ഫോസിലുകൾ എന്ന് പറയുന്നത്. അപ്പോൾ ഫോസിലുകളെ അംഗീകരിക്കുകയാണെങ്കിൽ വംശനാശത്തേയും (Extinction)  അംഗീകരിക്കേണ്ടിവരും. ഭൂമിയിലെ എല്ലാ ജീവികളേയും ദൈവം ഒരേ സമയത്ത് സൃഷ്ടിച്ചതാണെന്ന് വിശ്വസിച്ചിരുന്ന സൃഷ്ടിവാദികൾക്ക് ഇത് സ്വീകാര്യമായിരുന്നില്ല. കാരണം സൃഷ്ടിച്ചു എന്ന് പറയുന്നതല്ലാതെ സൃഷ്ടിച്ച യാതൊന്നിനേയും നശിപ്പിച്ചതായി വേദഗ്രന്ഥങ്ങളിൽ പറയുന്നില്ല, അതിനാൽ വംശനാശം എന്നൊരു സംഗതിയില്ല എന്ന് സൃഷ്ടിവാദക്കാർ വിശ്വസിച്ചു. 1800-കളുടെ തുടക്കം മുതൽ ഇക്തിയോ സോറസുകളുടെ സമ്പൂർണ്ണമായ ഫോസിലുകൾ ലഭിച്ചു തുടങ്ങിയ മുറയ്ക്കാണ് ശാസ്ത്രജ്ഞരിൽ ഒരു വിഭാഗം പോലും തങ്ങളുടെ ഈ വക വിശ്വാസ പ്രമാണങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായത്.

മേരി അന്നിങ്ങ് (Mary Anning) – ഫോസില്‍ പര്യവേഷക

ഇക്തിയോ സോറസിന്റേതായ ഫോസിൽ കണ്ടെത്തിയതും, ശ്രദ്ധേയമായ തരത്തിൽ അത് ആദ്യമായി അവതരിപ്പിച്ചതും ഒരു വനിതയായിരുന്നു എന്നതും ഈ മേഖലയിലെ ഒരു വിപ്ലവ നാന്ദിയായിരുന്നു. മേരി അന്നിങ്ങ് (Mary Anning) എന്നായിരുന്നു ഈ പര്യവേഷകയുടെ പേര്. 1811-1812 കാലത്താണ് അന്നിങ്ങ് ഈ കണ്ടെത്തൽ നടത്തുന്നത്. ദിനോസറുകളുടേതായ ഒരൊറ്റ ഫോസിൽ പോലും അന്ന് കണ്ടെത്തപ്പെട്ടിരുന്നില്ല. 1820 മുതലാണ് ദിനോസറുകളുടെ ഫോസിലുകൾ ലഭിച്ചുതുടങ്ങിയത്. അതിനാൽ, ചാൾസ് ലെയ്ൽ (Chals Lyell)-നെപ്പോലെയുള്ള പ്രശസ്തരായ ശാസ്ത്രജ്ഞർ പോലും മേരി അന്നിങ്ങിന്റെ കണ്ടെത്തലിനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. പിൽക്കാലത്ത് ചാൾസ് ഡാർവിൻ ജീവപരിണാമത്തെ വിശദീകരിക്കാനും സിദ്ധാന്തവൽക്കരിക്കാനും ശ്രമിച്ചപ്പോൾ ഇക്തിയോ സോറസിന്റേതടക്കമുള്ള കണ്ടെത്തലുകൾ വിലമതിക്കാനാവാത്തവയായി മാറുകയും ചെയ്തു.

അർത്ഥം:നക്ഷത്ര ശോഭയുള്ള ലെനിൻ

നക്ഷത്രശോഭയുള്ളത് (Brilliant as a star) എന്നാണ് സ്റ്റെല്ലൻസ് എന്ന വാക്കിന്റെ അർത്ഥം. ലാറ്റിനിൽ നിന്നുമാണ് ഈ വാക്കിന്റെ വരവ്. ലെനിനിയ സ്റ്റെല്ലൻസ് എന്നാൽ ”നക്ഷത്ര ശോഭയുള്ള ലെനിൻ” എന്നാവും. എന്നേന്നേയ്ക്കുമായി പ്രകാശം പൊഴിക്കുന്നത്, മാർഗ്ഗദർശിയാവുന്നത്, എന്നൊക്കെയും ഇതിന് അർത്ഥമുണ്ട്. ലെനിനിയ എന്നത് ജനുസ്സി (Genus) പേരാണ്. സ്റ്റെല്ലൻസ് എന്നതു കൂടി ചേരുമ്പോഴാണ് അത് നിശ്ചിത സ്പീഷീസിന്റെ സൂചകമായി മാറുന്നത്. റഷ്യയിലെ ഉല്ല്യാനോവ്‌സ്‌കിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഇപ്പോൾ ലെനിന്റെ ഈ നിത്യസ്മാരകം പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നത്.

ശാസ്ത്രീയനാമങ്ങളിലെ മറ്റ് പ്രമുഖർ

ലെനിന്റെ പേരിൽ ആദ്യമായാണ് ഒരു ശാസ്ത്രീയനാമം ഉടലെടുക്കുന്നതെങ്കിലും മറ്റ് പലരുടേയും പേരിൽ നേരത്തേ തന്നെ ശാസ്ത്രീയ നാമങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഉദാ: ആസ്ട്രലോ പിക്കസ് നെൽസൺ മണ്ടേലെയ് (Australopicus nelsonmandelai) എന്ന ഒരിനം മരകൊത്തി (2012), ബോബ് മാർളിയുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia Marleyi) എന്ന ഒരിനം പരാദ ജീവി (2012), ഡേവിഡ് ആറ്റെൻ ബെറോയുടെ പേര് വഹിക്കുന്ന നെപെന്തെസ് ആറ്റെൻബെറോഗി (Nepenthes Attenboroughii) എന്ന ഒരിനം ചെടി  (2003), അർനോൾഡ് ഷ്വാർസ്‌നെഗറിന്റെ പേര് നൽകപ്പെട്ട ആഗ്ര ഷ്വാർ സെനെഗ്ഗേരി(Agra Schwarzene ggeri) എന്ന ഒരിനം വണ്ട്(2002), ഒബാമയുടെ പേരിലുള്ള ഒബാമ ഡോൺ ഗ്രാസിലി സ്(Obamadon Gracilis)എന്ന ഒരിനം പല്ലി-അങ്ങനെ പോകുന്നു ആ പട്ടിക.

ആസ്ട്രലോ പിക്കസ് നെൽസൺ മണ്ടേലെയ് (Australopicus nelsonmandelai) എന്ന ഒരിനം മരകൊത്തി (2012) കടപ്പാട്
ബോബ് മാർളിയുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia Marleyi) എന്ന ഒരിനം പരാദ ജീവി (2012)
ഡേവിഡ് ആറ്റെൻ ബെറോയുടെ പേര് വഹിക്കുന്ന നെപെന്തെസ് ആറ്റെൻബെറോഗി (Nepenthes Attenboroughii) എന്ന ഒരിനം ചെടി  (2003)
അർനോൾഡ് ഷ്വാർസ്‌നെഗറിന്റെ പേര് നൽകപ്പെട്ട ആഗ്ര ഷ്വാർ സെനെഗ്ഗേരി(Agra Schwarzene ggeri) എന്ന ഒരിനം വണ്ട്(2002)

 

ഒബാമയുടെ പേരിലുള്ള ഒബാമ ഡോൺ ഗ്രാസിലി സ്(Obamadon Gracilis)എന്ന ഒരിനം പല്ലി കടപ്പാട് abc.net.au

കടപ്പാട് : ശാസ്ത്രഗതി ഒക്ടോബര്‍ 2013

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇലക്ടോണിക്സില്‍ നിന്ന് സ്പിൻട്രോണിക്‌സിലേക്ക്…
Next post വിശുദ്ധ പശുവും അവിശുദ്ധ മാംസവും
Close