
പാലക്കാട് ചുരത്തിൽ നിന്നും കുടകപ്പാല ഇനത്തിലെ പുതിയ സസ്യത്തെ കണ്ടെത്തി. ആറു പതിറ്റാണ്ടു പിന്നിടുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളോടുള്ള ആദരമായി ഹോളറീന പരിഷദി (Holarrhena parishadii) എന്നാണ് സസ്യത്തിന് പേര് നൽകിയത്.

ഹൊളറാന ഗ്രൂപ്പിലെ ഇന്ത്യയിൽ കാണപ്പെടുന്ന രണ്ടാമത്തെ സസ്യത്തെ നാട്ടുകല്ലിൽ നിന്നും കണ്ടെത്തി. അപ്പോസൈനേസിയെ കുടുംബത്തിൽപ്പെടുന്ന ഈ ഇനത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനോടുള്ള ആദരസൂചകമായി ഹോളറീന പരിഷദി (Holarrhena parishadii) എന്ന് പേര് നൽകിയത്. ഇവ സിരാവിന്യാസം, ബ്രാക്ടുകൾ, വിദളങ്ങൾ, ദളങ്ങൾ, ഫലത്തിന്റെയും വിത്തിന്റെയും പ്രത്യേകതകൾ എന്നിവയുമായി ബന്ധപ്പെട്ട് മറ്റു നാല് ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകരായ ഡോ. സുരേഷ് വി, ഡോ. സോജൻ ജോസ്, ഗവേഷണ വിദ്യാർത്ഥിനിയായ അംബിക വി എന്നിവർ ഉൾപ്പെടുന്ന ഗവേഷണ സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ന്യൂസിലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ഫൈറ്റോടാക്സയിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
