Science In Action ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന #JoinScienceChain ൽ ബിജുമോഹൻ ചാനൽ കണ്ണിചേരുന്നു. ഡോ. ആർ വി ജി മേനോൻ അവതരിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം – വീഡിയോ സീരീസ് കാണാം
ശാസ്ത്രം ഒരു ദേശത്തിന്റെയോ ഏതെങ്കിലുമൊരു വംശത്തിന്റേയോ സൃഷ്ടിയല്ല. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ, വ്യത്യസ്ത സംസ്കാരങ്ങളിലും, വർഗ്ഗങ്ങളിലും, ലിംഗങ്ങളിലും പെട്ടവർ ശാസ്ത്ര പുരോഗതിയിൽ പങ്കു ചേർന്നിട്ടുണ്ട്. ചോദ്യങ്ങൾ ചോദിക്കാൻ മടിക്കാത്ത ജനതയാണ് ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടു പോയിട്ടുള്ളത്. യൂറോപ്പ് ഇരുണ്ട യുഗത്തിലേയ്ക്ക് നടന്നു നീങ്ങിയപ്പോൾ അറിവിന്റെ വെളിച്ചം കെടാതെ മുന്നോട്ട് കൊണ്ടുപോയത് അറബ് സാമ്രാജ്യത്തിൻ കീഴിലുള്ള ശാസ്ത്ര കുതുകികളായിരുന്നു. അറബ് ലോകത്തെ ശാസ്ത്ര മുന്നേറ്റം ലോക ചരിത്രത്തെ തന്നെ എങ്ങനെ മാറ്റി മറിച്ചു എന്ന് വിവരിക്കുകയാണ് ഡോ.ആർ വി ജി മേനോൻ. ശാസ്ത്ര-സാങ്കേതികവിദ്യയുടെ ചരിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം.
റോയൽ സൊസൈറ്റിയുടെ പ്രമാണവാക്യം (Motto) ‘Nullius in verba’ എന്നാണ്. അതിനർത്ഥം “ആരുടേയും വാക്കിന്റെ ബലത്തിലല്ല” എന്നാണ്. ശാസ്ത്രം വിശ്വാസങ്ങളിൽ നിന്നും മറ്റു വിജ്ഞാന ശാഖകളിൽ നിന്നും വ്യത്യസ്തമായിരിക്കുവാൻ ഒരു പ്രധാന കാരണമിതാണ്. ആര് പറഞ്ഞു എന്നതിലല്ല, തെളിവുകളുടെ സാധൂകരണമുണ്ടോ എന്നതാണ് ശാസ്ത്രത്തിന്റെ കാതൽ. അതുകൊണ്ടു തന്നെ ആധുനിക ശാസ്ത്രത്തിനു ഏകദേശം 400 വർഷത്തെ ചരിത്രമേ ഉള്ളൂ. ഇത്തരം ഒരു വിജ്ഞാനശാഖയിലേക്ക് നമ്മെ നയിച്ച സംഭവവികാസങ്ങൾ മനുഷ്യന്റെ പരിണാമത്തിലുടനീളം കാണുവാൻ കഴിയും. പക്ഷെ ആധുനിക ശാസ്ത്രം പുരാതനക്കാലത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നത്, സയൻസ് എന്താണ് എന്ന് മനസ്സിലാകാത്തത് കൊണ്ടാണ്. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുകയാണ് ഡോ. ആർ വി ജി മേനോൻ. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും, ആവേശം കൊള്ളിക്കുന്നതും ഒപ്പം ശാസ്ത്രത്തെ കുറിച്ച് ഉൾക്കാഴ്ച നൽകുന്നതുമാണ് ഈ വീഡിയോ പരമ്പര. “ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം” എന്ന ഈ പരമ്പരയിലെ ആദ്യ എപ്പിസോഡിലേക്ക് സ്വാഗതം.