Read Time:23 Minute

സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുകയും റോബോട്ടിക്‌സ് എന്ന ശാസ്ത്ര-സാങ്കേതിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുകളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്ന ലേഖനത്തിന്റെ ഒന്നാംഭാഗം.

സ്വയം പ്രവർത്തിക്കുന്ന യന്ത്രപ്പാവകൾ പണ്ടു മുതലേ കഥകളിലും ഐതിഹ്യങ്ങളിലുമുണ്ടായിരുന്നു. ജഡവസ്തുക്കൾക്കും പാവകൾക്കും ജീവൻ വെച്ചു വരുന്ന നിരവധി കഥകൾ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പഴങ്കഥകളിലും മിത്തുകളിലും ഒക്കെ കാണാം. പിനോക്യോ എന്ന മരപ്പാവയും അറബിക്കഥയിലെ യന്ത്രക്കുതിരയും പെരുന്തച്ചന്റെ ചരിത്രത്തിലെ പാലത്തിന്മേൽ കയറി വെളളം തുപ്പുന്ന ശില്പവും ഒക്കെ നമ്മെ രസിപ്പിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ എന്ന ശാസ്ത്ര കല്പിതകഥകളുടെ ഭാവനാലോകത്തു നിന്നും നമുക്കിടയിലേക്ക് ഇറങ്ങി വന്ന സാങ്കേതിക സത്യങ്ങളാണ് റോബോട്ടുകൾ. ആദ്യകാലത്ത് മനുഷ്യാകാരമുള്ള തകരക്കൂടിന്റെ രൂപമായിരുന്നു ഇവയ്ക്ക്. അതുകൊണ്ടുതന്നെ ‘യന്ത്രമനുഷ്യർ’ എന്ന് വ്യവഹാരഭാഷയിൽ അവയെ വിളിച്ചു പോന്നു. പക്ഷേ, ആധുനിക റോബോട്ടുകൾക്ക് മനുഷ്യരൂപം നിർബന്ധമില്ല. പല രൂപത്തിൽ പല ഘടനയിൽ അവ ലഭ്യമാണ്. അതിനാൽ, ‘റോബോട്ടുകൾ’ എന്ന പേരിൽത്തന്നെ അവയുടെ ചരിത്രം പിന്തുടരാം.

കാപെക്ക്

ആധുനിക കാലത്ത് ‘റോബോട്ട്’ എന്നു പേരിട്ട് കൃത്രിമ മനുഷ്യനെ അവതരിപ്പിച്ചതിന്റെ ബഹുമതി ചെക്കോസ്ലാവാക്യൻ നാടകകൃത്ത് കാപെക്കിനാണ് (Karel Kapek). 1921-ൽ അദ്ദേഹം രംഗത്തെത്തിച്ച ‘Rossum’s Universal Robots’ എന്ന നാടകമായിരുന്നു അതിനു നിമിത്തമായത്. അവയ്ക്ക് ശാസ്ത്രീയ പരിവേഷം നൽകിയത് പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഐസക് അസിമോവിന്റെ തൂലികയാണ്. 1942-ലെ ‘Run Around’ തൊട്ട് സാങ്കേതിക പൂർണ്ണതയുള്ള യന്ത്രമനുഷ്യർ കഥാപാത്രങ്ങളായി വരുന്ന ഒരു കൂട്ടം ശാസ്ത്ര കല്പിത (Science Fiction) കഥകൾ അദ്ദേഹം മെനഞ്ഞു. ഇതെല്ലാം സമാഹരിച്ച് 1951-ൽ ‘I Robot’ എന്ന പുസ്തകവും പുറത്തിറക്കി. റോബോട്ടുകളുടെ അപാര സാധ്യതകളും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും അവയുടെ സാമൂഹികപ്രസക്തിയും എല്ലാം ഇതിൽ തെളിഞ്ഞു കാണാം. റോബോട്ടുകളെക്കുറിച്ചു പഠിക്കാൻ ഒരു പ്രത്യേക ശാസ്ത്ര ശാഖ (‘റോബോട്ടിക്‌സ്’) വിഭാവനം ചെയ്തതും അദ്ദേഹം തന്നെ. ഒരു ഉത്തമ റോബോട്ട് എങ്ങനെയിരിക്കണം എന്നതിനുള്ള നിർവചനങ്ങൾക്ക് ശാസ്ത്രലോകം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. 

അസിമോവ്

അസിമോവിന്റെ റോബോട്ട് നിയമങ്ങൾ

നിർമ്മിക്കപ്പെടുന്ന റോബോട്ട് ലക്ഷണമൊത്തതായിരിക്കാൻ അസിമോവ് മൂന്നു നിയമങ്ങൾ രൂപപ്പെടുത്തിവച്ചിട്ടുണ്ട്.

  1. ഒന്നാം നിയമം: ഒരു റോബോട്ട് ഏതെങ്കിലും മനുഷ്യന് ഹാനി വരുത്തുകയോ സ്വയം ഹാനി വരുത്താൻ മനുഷ്യരെ അനുവദിക്കുകയോ ഇല്ല. 
  2. രണ്ടാം നിയമം: ഒരു റോബോട്ട്, മനുഷ്യർ നല്കുന്ന നിർദേശങ്ങൾ, ഒന്നാം നിയമം അനുസരിച്ചുകൊണ്ട്, പാലിച്ചിരിക്കണം.
  3. മൂന്നാം നിയമം: ഒരു റോബോട്ട്, ഒന്നാമത്തെയും രണ്ടാമത്തെയും നിയമങ്ങൾ അനുസരിച്ചുകൊണ്ട് സ്വയം സംരക്ഷണം അനുവർത്തിക്കണം. 

റോബോട്ടിക്‌സ് രൂപംകൊണ്ടശേഷം ആറു പതിറ്റാണ്ടുകൾക്കിപ്പുറം നിന്നുകൊണ്ട് റോബോട്ടുകളെ ഇപ്രകാരം നിർവചിക്കാം. ‘‘മനുഷ്യരിലും മൃഗങ്ങളിലും കണ്ടുവരുന്ന അംഗചലനങ്ങൾ, പരിസരാവബോധം, ഗ്രഹണശേഷി ഇവ സ്വായത്തമാക്കി മനുഷ്യശേഷിക്കു പകരമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യന്ത്രങ്ങളാണ് (Machines) റോബോട്ടുകൾ. ഇവ മനുഷ്യന്റെ ജീവിതം സുഖകരമാക്കുകയും സമൂഹത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു’‘. ഇന്നത്തെ ഒരു ആധുനിക റോബോട്ടിൽ യന്ത്രവൽക്കരണം (Mechanisation), സ്വയം പ്രവർത്തനം (Automation), നിർമ്മിതബുദ്ധി (Artificial Intelli-gence) ഇവ സമ്മേളിക്കുന്നു. 

പഴയ യന്ത്രപ്പാവകൾ 

മനുഷ്യരൂപത്തിലും അല്ലാതെയുമുള്ള സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങൾ നിർമ്മിക്കപ്പെട്ടു തുടങ്ങിയത് മധ്യകാലഘട്ടത്തിൽ യൂറോപ്പിലാണ്. ഈ സംരംഭങ്ങൾക്കു തുടക്കം കുറിച്ചതു വിശ്രുത ചിത്രകാരനായ ലിയോണാർദോ ദാവിഞ്ചിയും. 1495-ൽ അദ്ദേഹം പടച്ചട്ടയണിഞ്ഞ യോദ്ധാവിന്റെ രൂപത്തിലുള്ള നടക്കുന്ന യന്ത്രത്തിനു രൂപം നൽകി. ‘ഓട്ടോമേറ്റ’ (Automata) എന്നറിയപ്പെട്ട യന്ത്രപ്പാവ നിർമ്മാണ പ്രസ്ഥാനം ഉടലെടുത്തു. യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടോടെ കടന്നു വന്ന വ്യാവസായിക വിപ്ലവവും എഞ്ചിനീയറിങ് വിദ്യകളും കൂടുതൽ മികച്ച യന്ത്രപ്പാവകളുണ്ടാക്കാനുള്ള പ്രേരണയായി. ഇതിൽ എടുത്തു പറയേണ്ടത് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ വോക്കാൻസൺ (Jacques de Vau-canson) എന്ന ഫ്രഞ്ച് എഞ്ചിനീയറുടെ പാവകളാണ്. ഓടക്കുഴലും വാദ്യോപകരണങ്ങളും വായിക്കാൻ കെല്പുള്ള പാവകൾ ജനശ്രദ്ധ നേടി. അതിലേറെ അദ്ദേഹത്തെ പ്രശസ്തനാക്കിയത് ചിറകടിക്കുകയും കൂവുകയും ചെയ്യുന്ന യന്ത്രത്താറാവിന്റെ നിർമ്മിതിയാണ്. 400 ഘടകങ്ങളുള്ള ഈ ലോഹപ്പക്ഷി ധാന്യം കൊത്തിത്തിന്നുകയും വയറ്റിലെ അരപ്പുയന്ത്രം വഴി ദഹിപ്പിച്ച് വിസർജിക്കുകയും ചെയ്യുമായിരുന്നു. സ്വിറ്റ്‌സർലന്റിലെ ഘടികാര നിർമ്മാതാവായിരുന്ന പിയറി ജാക്‌ഡ്രോസ് (Pierre Jaquet-Droz) ജീവസ്സുറ്റ മനുഷ്യപ്പാവകൾ നിർമ്മിച്ച് ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഇവ എഴുതാനും വരയ്ക്കാനും പിയാനോ മീട്ടാനും കഴിവുള്ളവയായിരുന്നു. രാജാക്കന്മാരെ വിസ്മയിപ്പിച്ച് പുരസ്‌കാരങ്ങൾ കരസ്ഥമാക്കലായിരുന്നു ഈ പ്രവർത്തനങ്ങൾക്കു പിന്നിലെ പ്രധാന ചോദന. 

ജാക്ക്ഡ്രോവ് പാവകൾ

പൽച്ചക്ര സംവിധാനത്തിലുള്ള യന്ത്രപ്പാവകൾക്ക് പിന്നാലെ വായുമർദ നിയന്ത്രിതവും (Pneumatic) ദ്രവമർദ നിയന്ത്രിതവും (hydraulic) ആയ നിർമ്മിതികളുടെ വരവായി. വിക്ടോറിയൻ കാലഘട്ടത്തിൽ ആവിയന്ത്രത്തിന്റെ തത്വം സ്വാംശീകരിച്ച പാവകൾ പുറത്തു വന്നു. വൈദ്യുതിയുടെയും വൈദ്യുത-കാന്തിക പ്രേരണത്തിന്റെയും കണ്ടുപിടിത്തം പുതിയ സാധ്യതകൾ തുറന്നിട്ടു. അകലെ നിന്നു നിയന്ത്രിക്കാവുന്ന ‘ഓട്ടോമേറ്റ’ (automata) ആദ്യമായി വികസിപ്പിച്ചെടുക്കുന്നത് ടെസ്ലയാണ് (Nicolas Tesla). 1898-ൽ റേഡിയോ തരംഗങ്ങളുപയോഗിച്ചുള്ള വിദൂരനിയ്രന്തിത നൗക (Remotely controlled boat) ന്യൂയോർക്കിലെ ഒരു എക്‌സിബിഷനിൽ പ്രദർശിപ്പിച്ച് അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു. നിരവധി പേറ്റന്റുകളും കരസ്ഥമാക്കി.

തകരക്കൂടു മനുഷ്യനും യന്ത്രക്കൈകളും 

മനുഷ്യശരീരാകൃതിയിലുള്ള, ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ലോഹരൂപങ്ങളിൽ ആദ്യത്തേത് ലണ്ടനിൽ 1928-ലെ എഞ്ചിനീയറിങ് മേളയിൽ അവതരിപ്പിക്കപ്പെട്ട ‘എറിക്ക്’ (Eric) ആണ്. ബ്രിട്ടീഷ് ആർമിയിൽ ക്യാപ്റ്റനായിരുന്ന റിച്ചാർഡ്‌സ് (WH Richards) ആയിരുന്നു ഇതിനു പിന്നിൽ. ഇരിക്കുന്ന നിലയിലുള്ള ഈ യന്ത്രമനുഷ്യൻ എഴുന്നേറ്റു നിന്ന് മറ്റുള്ളവരെ വന്ദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തിരുന്നു. അന്ന് പുതുതായി പ്രചാരത്തിൽ വന്ന മാർക്കോണിയുടെ റേഡിയോ സങ്കേതം ഉപയോഗപ്പെടുത്തിയാണ് ‘എറിക്ക്’ സംഭാഷണം നടത്തിയത്. അടുത്ത വർഷം റിച്ചാർഡ്‌സ് ഇതിനെ പ്രദർശിപ്പിച്ചുകൊണ്ട് അമേരിക്കയിൽ പര്യടനം നടത്തി. ദുരൂഹസാഹചര്യത്തിൽ ‘എറിക്ക്’ അപ്രത്യക്ഷമാവുകയും ‘ജോർജ്’ എന്ന പേരിൽ റിച്ചാർഡ്‌സ് വേറൊരു പകർപ്പ് ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിൽനിന്നും പ്രചോദനമുൾക്കൊണ്ട് ഒഹയോയിലെ വൈദ്യുതോപകരണ നിർമ്മാതാവായ വെസ്റ്റിങ് ഹൗസ് (Westinghouse) ‘ഇലക്ട്രോ’ (Elektro) എന്ന തകരക്കൂടു മനുഷ്യനെ നിർമ്മിച്ച് 1933-ൽ ന്യൂയോർക്കിലെ വേൾഡ് ഫെയറിൽ പ്രദർശിപ്പിച്ചു. എഴടി ഉയരവും 120 കിലോ ഭാരവുമുള്ള ഈ ഭീമന് കുറച്ചു ദൂരം നടക്കാനും ഏതാനും വാചകങ്ങൾ സംസാരിക്കാനും (എഡിസന്റെ ഗ്രാമഫോൺ സങ്കേതം വഴി) സാധിച്ചിരുന്നു. ചെറിയൊരു ഉല (bellows) ഘടിപ്പിച്ച ‘ശ്വാസകോശം’ വഴി പുകവലിച്ചും ബലൂൺ വീർപ്പിച്ചും ഇലക്ട്രോ ജനങ്ങളെ രസിപ്പിച്ചു. തൊട്ടടുത്ത വർഷം അതിനു കൂട്ടായി സ്പാർക്കോ (Sparko) എന്ന് കുരയ്ക്കുകയും ചാടുകയും ചെയ്യുന്ന യന്ത്രപ്പട്ടിയും നിർമ്മിക്കപ്പെട്ടു. 

എറിക്ക്

അസിമോവിന്റെ ശാസ്ത്രകഥകളുടെ ആവേശത്തിൽ ഇലക്ട്രോണിക് സർക്യൂട്ടുകൾ അടിസ്ഥാനപ്പെടുത്തി സംവേദനശീലം കാട്ടുന്ന, പരിസരത്തോടു പ്രതികരിക്കുന്ന റോബോട്ടുകളുണ്ടാക്കാൻ ധാരാളംപേർ മുന്നിട്ടിറങ്ങി. ഇതിൽ ശ്രദ്ധേയമായ നാമമാണ് ഗ്രേ വാൾട്ടറുടേത് (Grey Walter). ഒരു ന്യൂറോളജിസ്റ്റായിരുന്ന അദ്ദേഹം സർക്യൂട്ടുകളുപയോഗിച്ച് ഡോ. വാൾട്ടർ 1948-ൽ നിർമ്മിച്ച എൽമർ (Elmar), എൽസി (Elsie) എന്നീ ഇഴയുന്ന റോബോട്ടുകൾ എഞ്ചിനീയർമാരുടെ പ്രശംസ നേടി. ശിരസ്സിൽ പ്രകാശസംവേദകങ്ങൾ ഘടിപ്പിച്ച ഇവ പ്രകാശം കാണുന്ന ദിശയിലേക്ക് ഇഴഞ്ഞു ചെല്ലുമായിരുന്നു. 1950-കളുടെ മധ്യത്തോടെ ‘റോബോട്ടിക്‌സ്’ പ്രത്യേക ശാഖയായി ഉരുത്തിരിഞ്ഞു. നിശ്ചിത പ്രവർത്തനങ്ങൾക്കായി മാത്രം നിർമ്മിക്കപ്പെട്ട മെക്കാനിക്കൽ യന്ത്ര സംവിധാനത്തിലുപരിയായി ‘അനുസരണയുള്ള’ (പ്രോഗ്രാമബിൾ) ഇനം യന്ത്രങ്ങളായിരുന്നു അതിന്റെ ലക്ഷ്യം. അന്നു വികസിച്ചു വരുന്നുണ്ടായിരുന്ന ഇലക്ട്രോണിക്‌സും കമ്പ്യൂട്ടർ സാങ്കേതികവിദ്യയും റോബോട്ടിക്‌സിന് ശക്തി പകർന്നു. സെമികണ്ടക്ടർ ഇലക്ട്രോണിക്‌സ് വന്നതോടുകൂടി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒതുക്കമുള്ള സർക്യൂട്ടുകൾ ഉണ്ടാക്കാമെന്നായി. ‘നിർമ്മിത ബുദ്ധി’ (Artificial Intelligence) എന്ന സങ്കല്പവും റോബോട്ട് രൂപകല്പനക്ക് വലിയ ഊർജമേകി. ട്രാൻസിസ്റ്റർ സങ്കേതം ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രോസസറുകളുടെയും നിർമ്മിതബുദ്ധി പ്രോഗ്രാമിങ്ങിന്റെയും ആവിർഭാവം ‘റോബോട്ട്’ എന്ന സ്വപ്‌നത്തെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുക തന്നെ ചെയ്തു. 

ഇലക്ട്രോയും സ്പാർക്കോയും

അമേരിക്കൻ എഞ്ചിനീയറായ ജോർജ് ഡെവോൾ (George De-vol)) 1954-ൽ യന്ത്രക്കൈയുടെ രൂപത്തിലുള്ള ആദ്യത്തെ പ്രോഗ്രാമബിൾ റോബോട്ട് സൃഷ്ടിച്ച് പേറ്റന്റ് കരസ്ഥമാക്കി. വസ്തുക്കൾ പെറുക്കിയെടുക്കുക, തരം തിരിക്കുക, അടുക്കിവെക്കുക, തുടങ്ങിയ ജോലികൾ ചെയ്യാൻ ചിട്ടപ്പെടുത്തി വെക്കാവുന്ന ഈ യന്ത്രത്തിന് ‘യൂണിവേഴ്‌സൽ ഓട്ടോമേഷൻ’ എന്നാണ് സാങ്കേതിക നാമം. അതിന്റെ പരിഷ്‌കൃത മാതൃക 1962-ൽ ‘യൂനിമേറ്റ്’ (Unimate) എന്ന പേരിൽ വ്യാവസായിക ആവശ്യത്തിനായി പുറത്തിറക്കി. ഫാക്ടറികളിൽ ഉപയോഗിക്കപ്പെട്ട ആദ്യത്തെ റോബോട്ടായിരുന്നു അത്. ജനറൽ മോട്ടോർസിന്റെ കാർ സംയോജന വിഭാഗത്തിൽ (Assembly Unit) ഇതു വളരെ വിജയകരമായി പരീക്ഷിക്കപ്പെട്ടു. അപകടകരവും ബുദ്ധിമുട്ടുള്ളതുമായ ജോലികൾ (വെൽഡിങ്, സ്‌പ്രേയിങ്, ലോഹങ്ങളുടെ ഊതിക്കാച്ചൽ) കൃത്യമായും ഇടതടവില്ലാതെയും ചെയ്യുവാൻ ഫലപ്രദമെന്നു തെളിഞ്ഞതോടെ യൂണിവേഴ്‌സൽ ഓട്ടോമേഷൻ റോബോട്ടുകൾക്ക് വ്യവസായ മേഖലയിൽ പുതിയ വാതായനങ്ങൾ തുറന്നു കിട്ടി. 

ബാഹ്യ നിർദേശം അറിഞ്ഞു പെരുമാറുന്ന യന്ത്രങ്ങൾക്ക് യഥേഷ്ടം ചലിക്കാനും പരസ്പരമറിഞ്ഞു സ്വയം പ്രവർത്തിക്കാനും പറ്റിയാലേ അവയെക്കൊണ്ടു കൂടുതൽ പ്രയോജനമുണ്ടാകൂ എന്ന് ഈ മേഖലയിലുള്ളവർക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കാൻ പരിശ്രമിച്ചിരുന്ന മക്കാർത്തിയും (John McCarthy) മിൻസ്‌കിയും (Marvin Minsky) 1959-ൽ ഈ വഴിക്കുള്ള പര്യവേഷണങ്ങൾ തുടങ്ങിവച്ചു. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT) സ്ഥാപിക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലായിരുന്നു ഇവരുടെ പരീക്ഷണങ്ങൾ. ഏതാനും വർഷങ്ങൾക്കകം സ്റ്റാൻഫഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എഡിൻബ്‌റോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും ഇത്തരം സംരംഭങ്ങളാരംഭിച്ചു. ഈ രംഗത്ത് ശോഭിച്ച മറ്റൊരു ഗവേഷണ കേന്ദ്രമാണ് കാർനെഗി-മെല്ലൺ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട്. ജപ്പാനിൽ, വസേദാ സർവകലാശാലയിലെ ഇച്ചിരോ കാട്ടോ (Ichiro Kato), ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഷീഗോ ഹിരോസെ (Shiego Hirose) എന്നിവർ റോബോട്ടിക്‌സ് ഗവേഷണത്തിന് അടിത്തറ പാകി. 1960-കളുടെ ഒടുവിലായപ്പോൾ ഈ സംഘങ്ങളെല്ലാം ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാഴ്ചവച്ചു കഴിഞ്ഞിരുന്നു. 

ഷേക്കി

പരിമിതമെങ്കിലും കാണാനുള്ള കഴിവും തിരിച്ചറിയൽ ശേഷിയും സന്നിവേശിപ്പിച്ച ‘ഷേക്കി’ (Sha-key) റോബോട്ട് ആയിരുന്നു സ്റ്റാൻഫോർഡിന്റെ സംഭാവന. പൊതുവായ പ്രവൃത്തികൾക്കായി പ്രോഗ്രാം ചെയ്‌തെടുക്കാവുന്ന ആദ്യത്തെ ചലിക്കുന്ന റോബോട്ട്. മനുഷ്യന്റെ കൈവഴക്കം സമർഥമായി അനുകരിക്കുന്ന റോബോട്ടിക് കൈകൾ സൃഷ്ടിച്ചെടുത്ത് ഷീൻമാൻ (Victor Shienmann) ഈ രംഗത്തു സ്ഥാനമുറപ്പിച്ചു.

സ്റ്റാൻഫഡ് കാർട്ട്’

1970-ലാണ് പ്രശസ്തമായ സ്റ്റാൻഫഡ് കാർട്ട്’ (Stanford Cart) ഇറങ്ങുന്നത്. തടസ്സങ്ങൾ തിരിച്ചറിഞ്ഞു തട്ടാതെ മുട്ടാതെ സ്വയം നീങ്ങുന്നൊരു ‘ബുദ്ധിയുള്ള തള്ളുവണ്ടി’ ആയിരുന്നു അത്. അന്യഗ്രഹങ്ങളിലേക്കു ചെന്ന് ഉപരിതലം പര്യവേഷണം ചെയ്യുന്നതു മുന്നിൽ കണ്ടായിരുന്നു അതിന്റെ രൂപകല്പന. എഡിൻബ്‌റോയിലെ ഗവേഷകർ 1973-ൽ ക്യാമറക്കണ്ണുകളും രണ്ടു കൈകളുമുള്ള ‘ഫ്രെഡ്ഡി’യെ സൃഷ്ടിച്ചെടുത്തു. നിരത്തിവച്ച വസ്തുക്കളോ ഉപകരണങ്ങളോ ‘കണ്ടു മനസ്സിലാക്കി’ ആവശ്യമായത് കൃത്യമായി എടുക്കാനും നിർദിഷ്ട സ്ഥാനത്ത് അടുക്കിവെക്കാനും അതിന് സാമർഥ്യമുണ്ടായിരുന്നു. വസേദാ സർവകലാശാലയിൽ ഇരുകാലിൽ ചലിക്കുന്ന മനുഷ്യഘടനയിലുള്ള (Anthropomorphic) റോബോട്ട് വികസിപ്പിച്ചെടുക്കപ്പെട്ടു. WABOT എന്നറിയപ്പെട്ട ഈ മോഡൽ പല ആവശ്യങ്ങൾക്കായി പിന്നീടു പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഷഡ്പദങ്ങളുടെയും ഉരഗങ്ങളുടെയും ചലനമനുകരിക്കുന്ന റോബോട്ടുകളാണ് ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിർമ്മിക്കപ്പെട്ടത്. ജപ്പാൻ ഗവണ്മെന്റ് റോബോട്ടിക്‌സ് ഗവേഷണത്തെ വൻതോതിൽ പ്രോത്സാഹിപ്പിച്ചു. 

വ്യാവസായിക ആവശ്യങ്ങൾക്കായുള്ള റോബോട്ടുകൾ ധാരാളമായി രൂപകല്പന ചെയ്യപ്പെടുന്നുണ്ടായിരുന്നു. അമേരിക്കയിൽ മിലാക്രോൺ കമ്പനി (Milacron, Cinci-nati) ഇറക്കിയ T3, യൂനിമേഷൻ കമ്പനിയുടെ PUMA (Programma-ble Universal Manipulation Arm) എന്നിവ ആവശ്യാനുസരണം പ്രോഗ്രാം ചെയ്ത് ഫാക്ടറികളിൽ ഉപയോഗിക്കാവുന്ന യന്ത്ര ക്കൈകളായിരുന്നു. 1970-കളുടെ മധ്യത്തോടെ മനുഷ്യന് നേരിട്ടു ചെയ്യാനാവാത്ത കാര്യങ്ങൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് റോബോട്ടിക് സാങ്കേതികവിദ്യ വളർന്നു. അണുപ്രസരണ ശേഷിയുള്ള (Radio-active) വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് മുഖ്യ ഉദാഹരണം.

വൈക്കിങ്

1976-ലെ വൈക്കിങ് (Viking) ചൊവ്വാഗ്രഹ പര്യവേക്ഷണ ദൗത്യങ്ങളിൽ ഉപരിതല സാമ്പിളുകൾ ശേഖരിക്കുവാനായി റോബോട്ടിക് കൈകൾ ഘടിപ്പിച്ചിരുന്നു. 1980-കൾ തൊട്ട് ഘടനയിലും പ്രവർത്തനത്തിലും കുടുതൽ മികവോടെ റോബോട്ടിക്‌സ് വിവിധങ്ങളായ മേഖലകളിലേക്ക് പടർന്നു കയറി.

(തുടരും…)

2023 ശാസ്ത്രഗതിയില്‍ പ്രസിദ്ധീകരിച്ച ലേഖനം


Happy
Happy
8 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

Leave a Reply

Previous post നവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
Next post ചരിത്രം നേരിടുന്ന വെല്ലുവിളികൾ
Close