Read Time:9 Minute

ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ…) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.

ഇപ്പോഴിതാ, ഏതാണ്ട് 370 കോടി വർഷങ്ങൾക്ക് മുൻപ്, അതായത് ഭൂമിക്ക് 80 കോടി വർഷം മാത്രം പ്രായം ഉള്ളപ്പോൾ, സയനോബാക്റ്റീരിയങ്ങൾ പോലുള്ള ജീവികൾ നമ്മുടെ കടലുകളെ ‘സജീവ’മാക്കിയിരുന്നു എന്നതിന് തെളിവുകളുമായി ശാസ്ത്രജ്ഞർ വന്നിരിക്കുന്നു. സ്ട്രൊമാറ്റോലൈറ്റുകൾ (Stromatolites) എന്ന തരം ഫോസിൽ പാറകളുടെ പഠനമാണ് ഈ നിഗമനങ്ങളിലേക്ക് നയിച്ചത്.

സയനോ ബാക്റ്റീരിയങ്ങൾ (കടപ്പാട് : https://commons.wikimedia.org/wiki/File:Tolypothrix_(Cyanobacteria).JPG)
സയനോ ബാക്റ്റീരിയങ്ങൾ (കടപ്പാട് : https://commons.wikimedia.org/wiki/File:Tolypothrix_(Cyanobacteria).JPG)

ഇത്തരം ഫോസിലുകൾ ശാസ്ത്രത്തിന് പുതുമയല്ല. വളരെക്കാലമായി ശാസ്ത്രജ്ഞർ ഇവയെപ്പറ്റി പഠിച്ചുവരികയായിരുന്നു. ഇപ്പോൾ ലഭിച്ച ഫോസിലുകൾ ഗ്രീൻലാന്റിലെ ഇഷുവ ഗ്രീൻ സ്റ്റോൺ ബെൽറ്റിൽ (Isua Greenstone Belt) നിന്ന് കണ്ടെത്തിയവയാണ്. കാലാവസ്ഥാമാറ്റം കാരണം പഴയ മഞ്ഞുപാളികൾ ഉരുകിയപ്പോൾ പുറത്തുവന്നതാണ് ഈ ഫോസിൽ പാറകൾ, ആഴം കുറഞ്ഞ കടൽഭാഗത്ത് 370 കോടി വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടവയാണിവ. അലെൻ നട്ട്മാൻ എന്ന ആസ്ത്രേലിയൻ ശാസ്ത്രജ്ഞനും സംഘവുമാണ് ഗ്രീൻലാന്റിലെ സ്ട്രൊമാറ്റോലൈറ്റുകൾ വിശദമായി പഠിച്ച് അവയുടെ ജൈവപരവും പരിണാമപവുമായ പ്രാധാന്യം വിശദമാക്കിയത്. പഠനഫലങ്ങൾ ‘നേച്ചർ‘ എന്ന പ്രശസ്ത ജേർണലിൽ പ്രസിദ്ധീകരിച്ചു. ഇതിന് മുമ്പ് ശേഖരിച്ച സ്ട്രോമാറ്റോലൈറ്റ് ഫോസിലുകൾ അധികവും ആസ്ട്രേലിയൻ ഭാഗത്തുനിന്നുള്ളവയാണ്. ഗ്രീൻലാന്റിൽ നിന്ന് ശേഖരിച്ച ഫോസിലുകൾക്ക് അവയേക്കാൾ 22 കോടി വർഷം പഴക്കമുണ്ട്. എന്താണ് ഈ സ്ട്രൊമാറ്റോലൈറ്റുകൾ എന്ന് പരിശോധിക്കാം. സയനോബാക്റ്റീരിയങ്ങൾ പോലുള്ള സൂക്ഷ്മജീവികൾ ഉണ്ടാക്കുന്ന നേർത്ത പാളികളിൽ (biofilms) സെഡിമെന്റ് തരികൾ കുടുങ്ങി പിന്നീട് കാൽസിയം കാർബണേറ്റിനാൽ ദൃഡീകരിക്കപ്പെട്ടാണ് ഇവയുണ്ടാവുന്നത്. പാളികളായാണ് ഇത്തരം നിക്ഷേപം നടക്കുന്നത്.

സ്ട്രൊമാറ്റോലൈറ്റുകൾ ന്യൂയോർക്കിലെ ലെസ്റ്റർ പാർക്കിലെ ദൃശ്യം. വിക്കിപീഡിയയോട് കടപ്പാട്
സ്ട്രൊമാറ്റോലൈറ്റുകൾ ന്യൂയോർക്കിലെ ലെസ്റ്റർ പാർക്കിലെ ദൃശ്യം. വിക്കിപീഡിയയോട് കടപ്പാട്

അപൂർവം ചിലതിൽ സൂക്ഷ്മജീവികളുടെ ഫോസിലുകൾ തന്നെയുണ്ടാവും. മറ്റുചിലതിൽ ആർഗോണൈറ്റ് നാനോക്രിസ്റ്റലുകൾ പോലുള്ള ജൈവഘടകങ്ങൾ (ജൈവസിഗ്നലുകൾ) കാണപ്പെടും. ഭൂരിപക്ഷം പാറകളിലും ഇവയൊന്നുമുണ്ടാവില്ല. മാത്രമല്ല ജീവികളുടെ പ്രവർത്തനം കൂടാതെയും ഇത്തരം പാറകൾ രൂപപ്പെടാറുണ്ട്. പല ആകൃതികളിലുള്ള സ്ട്രൊമാറ്റോലൈറ്റുകളുണ്ട്. സയനോബാക്റ്റീരിയങ്ങൾക്ക് പുറമെ ചിലതരം ലൈക്കനുകളും ഇവ രൂപപ്പെടാനിടയാക്കും. ലൈക്കൻ സ്ട്രൊമാറ്റോലൈറ്റുകൾ ജലത്തിന് പുറത്താണ് കണ്ടുവരാറുള്ളത്. സ്ട്രൊമാറ്റോലൈറ്റുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് പ്രീകാംബ്രിയൻ കാലഘട്ടത്തിലാണ്. അതിൽതന്നെ ഏറ്റവും കൂടുതലുള്ളത് 125 കോടി വർഷങ്ങൾക്ക് മുൻപാണ്. ഉയർന്ന ബഹുകോശജീവികൾ ഇല്ലാത്ത/ താരതമ്യേന കുറവായ അവസ്ഥയാണ് ഇതിന് കാരണമായി എടുത്തുകാട്ടുന്നത്. അതേപോലെ ഭൂരിഭാഗം കടൽജീവികളും നശിച്ച കൂട്ടവംശനാശങ്ങളെ തുടർന്നും (ഓർഡോവിഷൻ പെർമിയർ പീരിയഡുകൾക്കവസാനം) ഇത്തരം ഫോസിലുകൾക്ക് വർധനവുണ്ടായതായി നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണം ആധുനികകാലത്ത് രൂപപ്പെടാറുള്ള സ്ട്രൊമാറ്റോലൈറ്റുകളെ സംബന്ധിച്ചാണ്. ഉയർന്ന ലവണതയുള്ള തടാകങ്ങൾ, ലഗൂണുകൾ, ഉയർന്ന താപനിലയുള്ള കടൽഭാഗങ്ങൾ എന്നിവിടങ്ങളാണ് ഇവയുണ്ടാവാറുള്ളത്. തീവ്രപരിസ്ഥിതികളിൽ സയനോബാക്റ്റീരിയങ്ങളെ ഭക്ഷിക്കുന്ന ജീവികളുടെ അഭാവം തന്നെയാണ് ഇവിടെയും കാരണമായി എടുത്തുകാട്ടുന്നത്. 370 കോടി വർഷങ്ങൾക്ക് മുമ്പ് സയനോബാക്റ്റീരിയങ്ങൾ വൈവിധ്യവൽക്കരിക്കപ്പെട്ടിരുന്നു.

അലെൻ നട്ട്മാൻ കടപ്പാട് ലൈവ് സയൻസ്
അലെൻ നട്ട്മാൻ കടപ്പാട് ലൈവ് സയൻസ്

അന്നത്തെ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് കൂടുതലും ഓക്സിജൻ വളരെ കുറവുമായിരുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് വർധിക്കാൻ കാരണം സയനോബാക്റ്റീരിയങ്ങളിൽ നടന്ന പ്രകാശ സംശ്ലേഷണ പ്രവർത്തനമാണ്. പിന്നീട് ആൽഗകളും മറ്റ് ഉയർന്ന സസ്യങ്ങളും ഈ പ്രവർത്തനം ഏറ്റെടുത്തു. ആദ്യ കാല ജീവപരിണാമത്തിന് പ്രധാന പ്രേരകമായത് സയനോബാക്റ്റീരിയങ്ങളുടെ പ്രവർത്തനമാണ്. ഇന്ന് സസ്യലോകവും ജന്തുലോകവും വൈവിധ്യവൽക്കരിച്ച അവസ്ഥയിലും ആദിമ ജനിതക ഘടനയും ജൈവ രസതന്ത്ര പ്രവർത്തനങ്ങളുമായി ഇവ അവശേഷിക്കുന്നു. DNA യും ജനിതക കോഡുമൊക്കെ സയനോബാക്റ്റീരിയങ്ങളുടെ പൂർവിക ജൈവരൂപങ്ങളിൽ രൂപപ്പെട്ടതാവണം. ജീവന്റെ ഉദയകാലം പിന്നോട്ട് എത്തിച്ചതു മാത്രമല്ല ഗ്രീൻലാന്റ് ഫോസിൽ പാറകളുടെ പ്രാധാന്യം ഭൂമിക്ക് പുറത്തുള്ള ജീവനെപ്പറ്റി ഇന്ന് പഠനങ്ങൾ (പരികൽപ്പന നിർമാണങ്ങളും) ധാരാളമായി നടക്കുന്നു.

370 കോടി വർഷങ്ങൾക്ക് മുൻപ് ചൊവ്വയിലും സമാന കാലാവസ്ഥയോ അതിലും അനുകൂല കാലാവസ്ഥയോ ആയതിനാൽ ചൊവ്വയിലെ പാറകളുടെ പഠനത്തിനും ഇതേ രീതികൾ ഉപയോഗപ്പെടുത്താമെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. ജീവന്റെ കഥ ഭൂമിക്ക് പുറത്തേക്ക് എത്തിക്കുന്നതിന്റെ തുടക്കമായിരിക്കുമോ ഈ ഗ്രീൻലാന്റ് പാറക്കഷണങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങൾ?

Happy
Happy
58 %
Sad
Sad
0 %
Excited
Excited
31 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
12 %

2 thoughts on “ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്

  1. സയനോ ബാക്റ്റീരിയയിൽ photosynthesis നടക്കുന്നുവെന്ന് സൂചിപ്പിച്ചല്ലോ? ബാക്റ്റീരിയയിൽ എങ്ങനെയാണ് പ്രകാശ സംശ്ലേഷണപ്രവർത്തനം നടക്കുന്നത് എന്ന് വിശദീകരിക്കാമോ?

Leave a Reply

Previous post Uncertainty Principle
Next post സെപ്തംബറിലെ ആകാശം
Close