Read Time:14 Minute

വി.സി.ബാലകൃഷ്ണൻ

വിജയകുമാർ ബ്ലാത്തൂർ

കൊച്ച, കൊറ്റി, കൊക്ക് എന്ന പേരിലൊക്കെ അറിയപ്പെടുന്ന പക്ഷിവർഗ്ഗക്കാരെക്കുറിച്ചറിയാം

കുളക്കൊക്ക്‌ | കടപ്പാട് : വിക്കിപീഡിയ Kaippally 

റഞ്ഞിരിക്കാൻ വിരുതരായ കുളക്കൊക്കുകൾ. കുളക്കരയിലെ പുല്ലിനിടയിലും മരക്കൊമ്പിലും സന്യാസി തപസുചെയ്യും പോലെ കൂനിക്കൂടി പൂർണ്ണനിശ്ചലതയിൽ കാത്ത് നിൽക്കും.. കാഴ്ചക്കുറവുള്ള സാധുവിന്റെ പ്രകൃതം. പുറം ചിറകിലെ മൺതവിട്ട്നിറം ആരുടെയും കണ്ണിൽ പെടില്ല. ആരെങ്കിലും തൊട്ടടുത്തെത്തുന്നതുവരെയും നിന്നനിൽപ്പിൽ നിന്ന് അനങ്ങില്ല. പെട്ടന്ന് പറന്നുപൊങ്ങുമ്പോൾ, മായാജാലത്തിലെന്നപോലെ ചിറകുകളുടെ മിന്നൽ വെളുപ്പ് നമ്മെ അമ്പരപ്പിക്കും. Pond Heron , Paddy Bird എന്നൊക്കെ ഇംഗ്ളീഷിൽ പേരുള്ള ഈ പക്ഷിയുടെ ശാസ്ത്ര നാമം: Ardeola grayii. എന്നാണ്. മഴനനഞ്ഞ് ജലാശയങ്ങളുടെ അരികിലെ മരക്കൊമ്പിൽ കൂനിക്കൂടിയിരിക്കുന്നത് കാണാം, അത്യാവശ്യം നീളമുള്ള കഴുത്ത് ഉള്ളിലേക്ക് ചുരുക്കിഒതുക്കി വെച്ചാണ് ഇരിപ്പ്. വേനലിൽ പാടത്തും വെളിമ്പ്രദേശങ്ങളിലും ഇര തേടും. ഈ അനങ്ങാ നിൽപ്പ് കാരണം ഇതിന്റെ സാന്നിദ്ധ്യം കുഞ്ഞ് പ്രാണികളും തവളകളും ഞണ്ടും ഒന്നും ശ്രദ്ധിക്കില്ല. തൊട്ടടുത്ത് ഇര എത്തിയാൽ കഴുത്തു നീട്ടി ഇരയെ അകത്താക്കി ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടിൽ കുളക്കൊക്ക് വീണ്ടും പഴയ തപസ്സ് തുടരും. നീർകാക്കകൾ, മുണ്ടികൾ തുടങ്ങിയവർക്കൊപ്പം പുളിമരത്തിലും, മാവിലും ഒക്കെ കൂടുകെട്ടും ഇവർ. കാക്കക്കൂടുപോലെ ചുള്ളിക്കമ്പുകൾ കൊണ്ടൊരു പീഠം. കൂടിന് വലിയ തകരാറും ശല്യവും ഒന്നും ഇല്ലെങ്കിൽ അധികം മിനക്കെടാതെ അതിൽ തന്നെ അടുത്ത വർഷവും മുട്ടയിടും. 24 ദിവസം ആണും പെണ്ണും മാറിമാറി അടയിരിക്കും. കുഞ്ഞുങ്ങളെ പോറ്റലും ഇരുവരും ചേർന്നാണ്` നടത്തുന്നത്. തിന്ന ഭക്ഷണം തികട്ടി പുറത്തെടുത്ത് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന രീതിയും ഉണ്ട്..

കടപ്പാട് : വിക്കിപീഡിയ  Fernando21

ചാരമുണ്ടി (Grey Heron) Ardea cinerea എന്നാണ് ശാസ്ത്ര നാമം. ‘കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്ന് പറയാവുന്ന പക്ഷിയാണിത്. കഴുകനോളം വലുതും വളരെ നീണ്ടകാലുകൾ ഉള്ളതും സുദീർഘവും ലോലവുമായ ‘കഴുത്തുകൾ ഉള്ളതുമായ നീർപ്പക്ഷി ‘യാണിത്. പ്രാദേശികമായി ചാരക്കൊക്ക്, നീലക്കൊക്ക് എന്ന പേരുകളിലും ഇവ അറിയപ്പെടുന്നു. നീളമുള്ള കാലുകൾ. നല്ല ചാരനിറം. വെള്ള നിറത്തിലുള്ള  ട ആകൃതിയിലുള്ള കഴുത്തും മകുടവും. മകുടത്തിനു താഴെ, നീളത്തിലുള്ള കറുത്ത നിറം. അടിഭാഗം ചാരനിറം കലർന്ന വെള്ളയാണ്. കഴുത്തിനു  മുന്നിൽ കറുത്ത കുത്തുകൾ കൊണ്ടുള്ള തെളിഞ്ഞുകാണാവുന്ന വര. മിതശീതോഷ്ണമേഖലകളിൽ, പ്രത്യേകിച്ച് യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ. കേരളത്തിൽ ഇവ ദേശാടനക്കിളികളായി ‘ മഞ്ഞുകാലത്തോടനുബന്ധച്ച് കാണപ്പെടുന്നു. ഉഷ്ണകാലമാവുന്നതോടെ വീണ്ടും തണുപ്പുള്ള മറ്റു സ്ഥലങ്ങളെ ലക്ഷ്യമാക്കി പോകുകയും ചെയ്യും.

കൊച്ച, കൊറ്റി, കൊക്ക് എന്ന പേരിലൊക്കെ അറിയപ്പെടുന്ന പക്ഷിവർഗ്ഗക്കാർ ഇഗ്രറ്റ് (Egret) കുടുംബക്കാരാണ്. ഇവരിൽ തന്നെ ഹെറൊൺ (Heron) എന്ന വിഭാഗക്കാരുമുണ്ട്. കുളക്കൊക്കുകൾ ഹെറോണുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തീട്ടുള്ളത്. ജീവശാസ്ത്രപരമായുള്ളതിലും കൂടുതൽ കാഴ്ച സാമ്യങ്ങളാണ് ഈ വിഭജനത്തിന് ആധാരം. വയലുകളിലും ചതുപ്പുകളിലും, കയ്പ്പാടുകളിലും, കണ്ടൽ കാടുകളിലും പുഴയോരങ്ങളിലും കുളക്കരകളിലും ഒക്കെ കൊക്കുകളെക്കാണാം. പൊതുവേ വെള്ളനിറക്കാരായതുകൊണ്ടാണ് ‘കാക്കകുളിച്ചാൽ കൊക്കാകുമോ തുടങ്ങിയ ചൊല്ലുകളിൽ കൊക്ക് കടന്നത്.

കടപ്പാട് : വിക്കിപീഡിയ “Mike” Michael L. Baird

പെരുമുണ്ടി  (Eastern Large egret) പ്രകടമായ വലിപ്പവ്യത്യാസം കൊണ്ട് തന്നെ പെരുമുണ്ടിയെ തിരിച്ചറിയാം. വലിയ ‘ട’ ആക്യതിയിലുള്ള ഉഗ്രൻ കഴുത്താണിതിന്. പ്രജനന കാലത്തൊഴികെ മഞ്ഞ നിറമുള്ള കൊക്കുകളാണിതിനുണ്ടാകുക. ആ കാലമാകുമ്പോൾ കൊക്കിന്റെ നിറം കറുപ്പാകും. പ്രജനനകാലത്ത് പെരുമുണ്ടിക്ക്, പുറത്ത് അലങ്കാരത്തൂവലുകൾ കാണപ്പെടുന്നു. ഇക്കാലത്ത് കണ്ണിന് മുകളിലുള്ള ചർമ്മം നീലനിറമാകും. കൊറ്റില്ലങ്ങളിൽ മറ്റ് കൊക്കുകളോടൊപ്പം പെരുമുണ്ടിയും കൂടുകെട്ടും.

പക്ഷെ ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു’ എന്ന പഴഞ്ചൊല്ലിലെ കൊക്ക് ഈ പക്ഷിയല്ല. എണ്ണയാട്ട് ചക്കിലെ ഉരൽ ഉണ്ടാക്കാൻ സൂക്ഷിച്ച് വെച്ച തടി അവസാനം ചക്കിലെ നിസാരഘടകമായ കൊളുത്ത് ‘കൊക്ക്’ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിച്ചു എന്നാണർത്ഥം. വളരെ വലിയ കാര്യത്തിനായി സൂക്ഷിച്ച ഒരു വസ്തു ഉപകാരപ്പെട്ടത് തീരെ ചെറിയ ഒരു ആവശ്യം സാധിക്കാനാണ് എന്നാണ് ഈ ചൊല്ലിന്റെ സൂചന. പലരും ഇതിന്റെ അർത്ഥം മനസിലാകാതെ നമ്മുടെ കൊക്കാണിതിലെ കക്ഷി എന്ന് തെറ്റിദ്ധരിച്ച് അർത്ഥം മനസിലാകാതെ അന്തിച്ച് നിൽക്കാറുണ്ട്.. അതുപോലെ സുപരിചിത സ്ഥലമാണെന്നും, ഇതൊക്കെ എനിക്കെന്ത്? എന്നീ സൂചനകളാണ് ‘കൊക്കെത്ര കുളം കണ്ടതാ?’ എന്ന സാധാരണ പ്രയോഗൽ ഉള്ളത്..

തിരമുണ്ടി മണിമലക്കടുത്ത് കോട്ടയം ജില്ലയിൽ |കടപ്പാട് വിക്കിപീഡിയ Deepugn 

തിരമുണ്ടി. Ardeidae കുടുംബത്തിൽ പെട്ട ഒരിനം കൊക്കാണ്  Western reef heron എന്നും western reef egret എന്നും വിളിക്കുന്ന തിരമുണ്ടി (Egretta gularis). ചിന്നമുണ്ടിയുടെ ഏകദേശ വലിപ്പമുള്ള ഇവർ പൊതുവ ഇരുണ്ട് ചാരനിറമാണങ്കിലും തൂവെള്ള നിറത്തിലും കാണാറുണ്ട് (dark morph). ഇരുണ്ട്. ചാരനിറമുള്ളവയുടെ തൊണ്ടയും താടിയും വെള്ളനിറമായിരിക്കും. തൂവെള്ള നിറക്കാർ കാഴ്ചയിൽ ചിന്നമുണ്ടിയെ പോലെ തന്നെ ഇരിക്കും. കാലുകൾക്കും കൊക്കിനും മഞ്ഞ നിറമാണെന്ന സൂചന നോക്കി മാത്രമേ ഇവയെ തിരിച്ചറിയാൻ കഴിയൂ. പ്രജനനകാലമൊഴികെ ബാക്കി എല്ലാക്കാലങ്ങളിലും തിരമുണ്ടികൾ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. കടലിനോടും കായലിനോടും ചേർന്ന പരിതഃസ്ഥിതിയിൽ ജീവിക്കുന്ന  ഈ പക്ഷികൾ പതഞ്ഞു ‘പൊങ്ങുന്ന തിരകളിൽപ്പോലും നിർഭയമായി നിന്ന് മത്സ്യങ്ങളെ കൊത്തിയെടുക്കുന്നു. ഇവ ഞണ്ടുകളേയും കക്കാ പ്രാണികളേയും ഭക്ഷിക്കാറുണ്ടെങ്കിലും മത്സ്യങ്ങളാണ് മുഖ്യ ആഹാരം. കേരളത്തിലെ തീരപ്രദേശത്തും ചതുപ്പുകളിലും കായലോരത്തും നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ദേശാടനപ്പക്ഷിയായി ഇവ എത്താറുണ്ട്.

കാലി മുണ്ടികൾ ആണ് നമുക്ക് ഏറ്റവും പരിചയമുള്ള വെള്ളക്കൊക്കുകൾ. Cattle egret എന്ന് അറിയപ്പെടുന്ന ഇവരുടെ ശാസ്ത്ര നാമം Bubulcus ibis എന്നാണ്. മേഞ്ഞു പുല്ലുതിന്നുന്ന കന്നുകാലികൾക്കൊപ്പവും നിലം ഉഴുവുന്ന കാളകൾക്കൊപ്പവും പേടിയൊന്നും കൂടാതെ തത്തിനടന്ന് പറ്റിക്കൂടി കഴിയുന്ന ഇവരെ കാണാം. കാലികളുടെ മുകളിൽ കയറി വലിയ പവറിൽ ഇരുന്ന് ഓസിൽ യാത്രനടത്തും ചിലർ. ഇടക്ക് ദേഹത്തെ പാലുണ്ണികളേയും ശല്യക്കാരായ കീടങ്ങളേയും കൊത്തിതിന്ന് ശരീരം വൃത്തിയാക്കികൊടുക്കുന്നതിനാൽ കാലികൾക്കും സന്തോഷം. പൈക്കൾ മേയുന്നതിനിടയിൽ പുല്ലിൽ നിന്ന് രക്ഷപ്പെട്ട് ചാടുന്ന തുള്ളന്മാരും തവളകളുമൊക്കെയാണ് പ്രധാന തീറ്റ. .

Cattle egret – തലശ്ശേരി ബീച്ച്, കേരളം,ഇന്ത്യ | കടപ്പാട് : വിക്കിപീഡിയ Shagil Kannur 

പ്രതിമപോലെ ചലിക്കാതെ ഒറ്റക്കാലിൽ ഇരയും പ്രതീക്ഷിച്ച് പാടത്തെ വെള്ളത്തിൽ തപസ് ചെയ്യുന്ന കൊറ്റികളെ കാണാം. വളരെ സങ്കീർണ്ണവും അർത്ഥശൂന്യവുമായ പരിഹാരങ്ങൾ നിർദേശിക്കുന്നവരെ കളിയാക്കാൻ ഒരു ചൊല്ലുണ്ട്. ‘കൊറ്റിയെ തലയിൽ വെണ്ണവെച്ച് പിടികൂടുക’ അൽപ്പം വെണ്ണ തപസിരിക്കുന്ന കൊറ്റിയുടെ നെറുകയിൽ കൊണ്ട് വെച്ചാൽ മതി. വെയിൽ കൊണ്ട് വെണ്ണ ഉരുകി ഒലിച്ച് താഴോട്ടിറങ്ങും. കണ്ണുമൂടിയാൽ പിന്നെ എളുപ്പമായില്ലെ , വേഗം നമുക്ക് അതിനെ പിടികൂടാം. എന്തൊരു സൂത്രം!

കടപ്പാട് : വിക്കിപീഡിയ  V.gimmelli 

ചിന്നമുണ്ടി (Little egret) – കാലിമുണ്ടികളേക്കാൾ അല്പം കൂടി വലിപ്പമുള്ളവയാണ് ചിന്നമുണ്ടി എന്ന (Egretta ‘garzetta എന്ന് ശാസ്ത്ര നാമം) കൊക്കുകൾ. കൊക്കുകൾക്കും കാലുകൾക്കും കറുപ്പ് നിറമാണെങ്കിലും വിരലുകൾ മഞ്ഞ നിറമാണ്. പ്രജനന കാലത്ത് സൗന്ദര്യവത്കരണത്തിനായാവാം തലയ്ക്ക് പിറകുവശത്ത് നിന്ന് രണ്ട് മനോഹരമായ വെള്ളനാടത്തൂവലുകൾ കാണാം. ഇവയുടെ തൂവലുകൾ യൂറോപ്പിൽ അലങ്കാരതൊപ്പികളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നത് ചിന്നമുണ്ടികൾക്ക് വലിയ ഭീഷണിയായിരുന്നു.

ചിന്നമുണ്ടി വർക്കല പാപനാശം കടൽത്തീരത്ത് ഇരതേടി നടക്കുന്നു. തിരകളെ പേടിയില്ലാതെ വെള്ളത്തിലൂടെ തന്നെയാണ് ഇവരുടെ നടത്തം. | കടപ്പാട് : വിക്കിപീഡിയ  Navaneeth Krishnan S 

കാലിമുണ്ടികളുടെ കൊക്കുകൾക്ക് എല്ലാ കാലത്തും മഞ്ഞ നിറമാണ്. പ്രജനന കാലത്ത് തല, കഴുത്ത്, മാറിടം , പുറം എന്നീ ഭാഗങ്ങൾ ഇളം ഓറഞ്ച് നിറമായി സുന്ദരരൂപികളാകും. ഇതേതോ പുതിയ ഇനമാണെന്ന് പരിചയമില്ലാത്തവർ തെറ്റിദ്ധരിക്കും.

കടപ്പാട് : വിക്കിപീഡിയCLPramod

പാതിരകൊക്ക് (NycticoraX TIycticorax)രാത്രിഞ്ചരരായ  പാതിരക്കൊക്കുകൾ പകൽ കണ്ടൽമരക്കൂട്ടങ്ങളിലോ, കുളക്കരയിലേയോ പുഴയിറമ്പിലേയോ മരക്കൊമ്പുകളിൽ കഴിച്ച് കൂട്ടും. ചില പ്രദേശങ്ങളിൽ പകലുണ്ണാൻ എന്നും ഇവർക്ക് പേരുണ്ട്.കറുത്ത കൊക്കും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. സാധാരണ ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന കാലുകൾ പ്രജനനകാലത്ത് മഞ്ഞനിറത്തിലോ ഇളംചുവന്ന നിറത്തിലോ ആയിരിക്കും കാണപ്പെടുക. കൂടാതെ ഇവയുടെ തലയ്ക്ക് പുറകിലായി ഒരു ശിഖയും കാണപ്പെടുന്നു.


പരിഷത്ത് ആനുകാലികങ്ങൾ ഓൺലൈനായി വരിചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Happy
Happy
29 %
Sad
Sad
14 %
Excited
Excited
57 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “കൊക്കെത്ര കുളം കണ്ടതാ…!

  1. Excited to come across this wonderful website. It came as a forward to me from my brother but was an amazing experience. I was part of KSSP in the 80s as the coordinating member of Gujarat chapter. Was part of the Jatra covering all the districts of Gujarat, after getting trained at Veli Hostel, near Trivandrum.

Leave a Reply to vijayakumar blathurCancel reply

Previous post ക്രിപ്‌റ്റോൺ – ഒരു ദിവസം ഒരു മൂലകം
Next post സമ്മർത്രികോണം കാണാം
Close