ഹെപ്പറ്റൈറ്റിസ് വൈറസുകൾ A, B, C,D, E എന്നിങ്ങനെ പല തരത്തിൽ ഉണ്ട്. പൊതു ജനാരോഗ്യ മേഖലയിൽ പ്രധാനപ്പെട്ടതാണ് Aയും Eയും, കാരണം ജലജന്യമായി മനുഷ്യനിൽ എത്തുന്ന ഈ രോഗം ശുചിത്വരഹിതമായ രീതികൾ കൊണ്ട് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാവുന്നതാണ്. നമ്മുടെ നാട്ടിലൊക്കെ മഞ്ഞപിത്തം എന്ന് പറയുന്നത് ഈ രോഗങ്ങളെ ആണ്, അത് യഥാർത്ഥത്തിൽ ശരിയല്ല. കാരണം മഞ്ഞപിത്തം ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണ്. ഇതിന്റെ പകർച്ച തടയാൻ വേണ്ടതോ, വളരെ ലളിതമായ ശീലങ്ങളും – തിളപ്പിച്ച് ആറ്റിയ വെള്ളം മാത്രം കുടിയ്ക്കുക, കക്കൂസിൽ പോയതിന് ശേഷം കൈ വൃത്തിയായി സോപ് ഇട്ട് കഴുകുക.
[box type=”warning” align=”” class=”” width=””]സ്വതവേ പ്രശ്നക്കാരൻ അല്ലാത്ത ഹെപ്പറ്റൈറ്റിസ് E പക്ഷേ ഗർഭിണികളിൽ മാരകം ആയേക്കാം.[/box]ഹെപ്പറ്റൈറ്റിസ് B, C വൈറസുകൾ കുറച്ച് കൂടി സീരിയസ് ആയ കക്ഷികൾ ആണ്. ചിലപ്പോൾ ഏറെ നാൾ ഒരു രോഗലക്ഷണവും കാണിച്ചെന്ന് വരില്ല. പക്ഷേ ഒടുവിൽ സിറോസിസ് എന്ന അവസ്ഥയിൽ എത്തിച്ചേരാം. വളരെ അപൂർവമായി കരൾ അർബുദവും വരാം. ഇവയും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാം – സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രോഗിയിൽ ഉപയോഗിച്ച സൂചി കൊണ്ട് മുറിവ് ഉണ്ടാകുക, രോഗിയായ ഒരാളിൽ നിന്ന് രക്തം സ്വീകരിയ്ക്കുക തുടങ്ങിയവ ആണ് പ്രധാനകാരണം.
[box type=”info” align=”” class=”” width=””]ഹെപ്പറ്റൈറ്റിസ് Bക്ക് കൃത്യമായ വാക്സിനേഷൻ ഉണ്ട്. സ്ഥിരമായി രക്തം വേണ്ടി വരുന്നവർ, ഡയാലിസിസ് രോഗികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ നിർബന്ധമായും ഈ വാക്‌സിനേഷൻ എടുക്കേണ്ടതാണ്.[/box]രോഗലക്ഷണങ്ങൾ അക്കമിട്ട് പറയുന്നതിൽ അർത്ഥമില്ല. മനസിലാക്കേണ്ടത് ഒരു അതിപ്രാധാന അവയവം ആണ് കരൾ എന്നതാണ്. വൃക്കയെ പോലെ തന്നെ ശുചീകരണപ്രവൃത്തിയുണ്ട് കരളിന്. പ്രോട്ടീനുകൾ, പിത്തരസം തുടങ്ങിയവ ഉത്പാദിപ്പിയ്ക്കുന്നുണ്ട്. നമ്മുടെ വീട്ടിലെ അടുക്കള അനേക ദിവസം പ്രവർത്തനരഹിതമായെന്ന് കരുതുക. ഫലം, വീട്ടുകാർ ഭക്ഷണം കിട്ടാതെ വലയും. വീട്ടിലെ മാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്ന പ്രധാന വേസ്റ്റ് ബോക്സും അടുക്കളയിൽ തന്നെയാണ്. വീട് നിറച് മാലിന്യം കുന്ന് കൂടും. ഈ അവസ്ഥയിൽ ഏതെങ്കിലും ഒരു മുറിയാണോ ഉപയോഗശൂന്യം ആകുന്നത് ?, അല്ല എല്ലാ മുറികളും ഉപയോഗിയ്ക്കാൻ പറ്റാതെ ആവും. ഇത് തന്നെയാണ് ഏതൊരു സീരിയസ് ആയ കരൾ രോഗത്തിലും സംഭവിക്കുന്നത് – തലച്ചോറിന്, വൃക്കയ്ക്ക്, രക്തം കട്ട പിടിയ്ക്കുന്നതിന് എന്ന് വേണ്ട ശരീരത്തിന്റെ ഒട്ടുമിക്ക പ്രവർത്തങ്ങങ്ങളെയും ഇത് ബാധിയ്ക്കും. മഞ്ഞപിത്തവും വയറുവേദനയും അല്ല പ്രധാനലക്ഷണം എന്ന് ചുരുക്കം. ബോധക്ഷയം, അപസ്മാരം, വൃക്കത്തകരാർ, ബിപി കുറഞ്ഞു പോകുക തുടങ്ങിയ അനവധി ലക്ഷണങ്ങൾ കാണിയ്ക്കാം.
ഒട്ടുമിക്കതരം ഹെപ്പറ്റൈറ്റിസിനും ഫലപ്രദമായ ചികിത്സയുണ്ട്. അതിൽ പ്രധാനം കാരണം കണ്ടെത്തി അതിനെ ചികിത്സിയ്ക്കുക എന്നതാണ്. മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലിയ്ക്ക് രോഗകാരണം കണ്ട് പിടിയ്ക്കേണ്ട ബാധ്യതയില്ല. ഒരു കുഞ്ഞിന് വിശക്കുമ്പോൾ അത് കരയും, ആധുനിക ശാസ്ത്രം അതിന്റെ വിശപ്പ് മാറ്റുന്നു. കുഞ്ഞിന്റെ വാ പൊത്തി പിടിയ്ക്കുന്നതാണ് ഒറ്റമൂലി. കരച്ചിൽ കേള്‍ക്കേണ്ട, പക്ഷേ കുഞ്ഞു വിശന്ന് വിശന്ന് മരിയ്ക്കും. കരച്ചിലാണോ വിശപ്പാണോ യഥാർത്ഥ പ്രശ്നമെന്ന് തീരുമാനിയ്ക്കുക.
നല്ല ഭക്ഷണം, ശുദ്ധമായ വെള്ളം, നല്ല വിശ്രമം എന്നിവ വളരെ പ്രധാനമാണ്. നിർബന്ധമല്ല, പക്ഷേ രോഗനിർണയത്തിന്റെ ഭാഗമായി സ്കാനും വേണ്ടി വന്നാൽ ബയോപ്സിയും ചെയ്യേണ്ടി വന്നേക്കും.
അവസാനമായി പറയാൻ ഉള്ളത് മരുന്നുകളെ പറ്റിയാണ്. മരുന്നുകൾ കരളിനെ ഫ്രൈ ചെയ്ത് കളയും എന്ന രീതിയിൽ ഉള്ള പ്രചാരണങ്ങൾ ഇന്ന് സാധാരണമാണ്. ദിവസവും മദ്യപിച്ചുനടക്കുന്ന സഹോദരൻമാർക്ക് ആണ് ഒരു പാരാസിറ്റാമോൾ തിന്നാൽ കരൾ മോശം ആവുമോ എന്ന സംശയം. മരുന്നുകൾ വളരെ അത്യാവശ്യമായ കാര്യമാണ്. അവ അനാവശ്യമായി കഴിയ്‌ക്കേണ്ട കാര്യവുമില്ല.
ഏത് മരുന്നും അതിന്റെ അളവിൽ കഴിച്ചാൽ കരൾ അതിനെ കൃത്യമായി ഡീൽ ചെയ്തോളും. ഏത് സാധനവും അളവിൽ കൂടുതൽ കഴിച്ചാൽ പ്രശ്നവുമാണ്.
മുൻപ് പറഞ്ഞ വീട്ടിലേയ്ക്ക് വരാം. വീട്ടിലെ ഫാൻ കേടായി, ഇലക്ട്രീഷ്യൻ വന്നു. അയാൾ അടുക്കളയിൽ കേറിയപ്പോൾ കാലിലെ ഒരല്പം അഴുക്ക് നിലത്തായി. ആ ചെറിയ അഴുക്ക് തുടച്ചു കളയാവുന്നതേ ഉള്ളൂ, അത് പേടിച്ചു ഫാൻ നന്നാക്കില്ല എന്ന് വാശി പിടിയ്ക്കണോ? അത് പോലെയാണ് കരൾ- വൃക്ക മോശമാകും എന്ന് കരുതി മരുന്ന് ഒഴിവാക്കുന്നത്. അമിതമായി കൊഴുപ്പ് അടിഞ്ഞും കരൾ വീക്കം വരാം.
ചുരുക്കത്തിൽ നേരത്തേ രോഗനിർണ്ണയം നടത്തുക, ചികിത്സ എടുക്കുക, ഒറ്റമൂലി ഒഴിവാക്കുക എന്നിവ ചെയ്‌താൽ എല്ലാവരുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യത്തിന് മറുപടി ആയി –
“പേടിയ്ക്കാൻ ഒന്നും ഇല്ലല്ലോ അല്ലേ? “..
ഇല്ല, പേടിയ്ക്കാൻ ഇല്ല, പക്ഷേ ശ്രദ്ധിയ്ക്കാൻ ഉണ്ട്.