ഈ പുതിയ ഗുരുത്വ സിദ്ധാന്തം ഇരുണ്ട ഊർജത്തിന്റെ ചുരുൾ അഴിക്കുമോ?

വി.എസ്. നിഹാൽ 

സ്വിറ്റ്‌സർലൻഡിലെ  ജനീവ സർവകലാശായിലെ പ്രൊഫസറായ ക്ളോഡിയ ദിറാം മുന്നോട്ട് വച്ച മാസീവ് ഗ്രാവിറ്റി സിദ്ധാന്തം പ്രപഞ്ചത്തിന്റെ ത്വരിത വികാസം വിശദീകരിച്ചേക്കും.

ക്ളോഡിയ ദിറാം കടപ്പാട് ©Linda Nylind/The Guardian

പ്രപഞ്ചമുണ്ടായ ബിഗ് ബാങ് സിദ്ധാന്തം ഇന്ന് ഏറെക്കുറെ നിരീക്ഷണങ്ങളാലും പരീക്ഷങ്ങളാലും തെളിയിക്കപ്പെട്ട വസ്തുതയായി നിലനിൽക്കെ, ശാസ്ത്ര ലോകത്തെ വട്ടം കറക്കുന്ന മറ്റൊരു ചോദ്യമാണ്, ഇനി എന്ത്? എന്നുള്ളത്. പ്രപഞ്ചം വികസിക്കുന്നു എന്ന് മനസ്സിലാക്കിയതിനപ്പുറം  അത് ത്വരിത വേഗതയിലാണ് എന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കിയതാണ്. തുടർന്ന് അനേകം മാതൃകകൾ അതിനെ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, ഒന്നിനും അതിന്റെ ചുരുളഴിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. അക്കൂട്ടത്തിൽ ഏറ്റവും വിഖ്യാതമായ മാതൃകയാണ് ഇരുണ്ട ഊർജം (തമോ ഊർജ്ജം – ഡാർക്ക് എനർജി) എന്ന മാതൃക.

 

©Roen Kelly after Mcdonald observatory

പ്രപഞ്ചത്തിൽ അജ്ഞാതമായ ഒരു ഊർജം നിലനിക്കുന്നുണ്ട് എന്നും, അതിന്റെ സ്വാധീനത്താലാണ് പ്രപഞ്ചം ത്വരിത വേഗതിയിൽ വികസിച്ചു കൊണ്ടിരിക്കുന്നത് എന്നും ഈ സിദ്ധാന്തം മുന്നോട്ട് വക്കുന്നു. പ്രപഞ്ചത്തിന്റെ നിലവിലെ നിരീക്ഷിത വലുപ്പവും, അതിനകത്തെ ഊർജവും എടുത്ത്, ഈ ത്വരിത വേഗത്തെചേർത്ത് കൂട്ടി കിഴിച്ചാൽ, ഇപ്പറഞ്ഞ ഇരുണ്ട ഊർജം, പ്രപഞ്ചമാസിന്റെ  എഴുപത് ശതമാനത്തോളം ഉൾകൊള്ളുന്ന വലിയൊരു ഊർജ്ജസ്രോതസ്സാണ് എന്ന് കാണാൻ കഴിയും. അതിനാലാണ് ഇരുണ്ട ഊർജ്ജത്തിന് ഇത്രയേറെ പ്രസക്തി കിട്ടിയത്. പക്ഷെ, ഇവിടെയിപ്പോൾ അതിന്റെ തമസ്സിനു കാരണമായ ആ അജ്ഞേയതയെ വെട്ടിച്ചുരുക്കിയതായിട്ടാണ് പ്രൊഫസർ ദിറാമിന്റെ പഠനം അവകാശപ്പെടുന്നത്.

കടപ്പാട്‌ astronomy.com

വൈദ്യുത കാന്തിക ബലത്തിന് ഫോട്ടോണുകൾ എന്നപോലെ, ഗുരുത്വബലത്തിന് മാധ്യമമായി പ്രവർത്തിക്കുന്ന സാങ്കല്പിക കണികകളാണ് ഗ്രാവിറ്റോണുകൾ. പ്രപഞ്ചം ഇങ്ങനെ വേഗത കൂടുന്ന മാതൃകയിൽ വികസിക്കുന്നതിന്റെ കാരണമായ ഇരുണ്ട ഊർജത്തെ വിശദീകരിക്കാൻ പൊതു ആപേക്ഷിക സിദ്ധാന്തം മുന്നോട്ട് വച്ച ആൽബർട്ട് ഐൻസ് റ്റൈന്റെ സിദ്ധാന്തതിൽ ചില മാറ്റങ്ങൾ വരുത്തി പുതിയ ഒരു മാതൃക തയ്യാറാക്കി എന്നതാണ് ദിറാമും സംഘവും ചെയ്തത്.

ഗുരുത്വ കണികകളായ ഗ്രാവിറ്റോണുകൾക്ക് മാസ് ഇല്ല എന്നാണ് ഐൻസ്റ്റൈൻ നിർവ്വചിച്ചിരുന്നത്. എന്നാൽ അവയ്ക്ക് മാസ് ഉണ്ടാകും എന്നാണ് പ്രൊഫസർ ദിറാം അവകാശപ്പെടുന്നത്. അങ്ങനെ വന്നാൽ, ഒരു പരിധിയിൽ കവിഞ്ഞു ഗ്രാവിറ്റോണുകൾക്ക് അവയുടെ സ്വാധീനം ചെലുത്താൻ കഴിയാതെ വരും; അതായത് ഒരുപാട് ദൂരേക്ക് ഗ്രാവിറ്റോണുകൾക്ക് ആകർഷണ ബലം കുറഞ്ഞിരിക്കും എന്ന്. അങ്ങനെ ആണെങ്കിൽ, എന്തുകൊണ്ട് ഗുരുത്വം പ്രപഞ്ചത്തെ ഉള്ളിലേക്ക് ആകർഷിച്ചു ചുരുക്കുന്നില്ല എന്നതിന് കാരണമായി.  കൂടാതെ, പ്രപഞ്ച വികാസത്തിന്റെ നിരക്ക് കൂടുന്നതിന് തടയിടാൻ എന്തുകൊണ്ട് ഗുരുത്വത്തിനു കഴിയാതെ പോകുന്നു എന്നും വിശദീകരിക്കാം. പ്രൊഫസർ ദിറാമും സംഘവും അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ, പി ആർ എൽ ജേണലിൽ 2011 ഇൽ പ്രസിദ്ധീകരിച്ച പേപ്പറിനാണ് ഇപ്പോൾ അംഗീകാരം കിട്ടിയിരിക്കുന്നത്. നിലവിൽ ഗണിതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ സിദ്ധാന്തം തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇനിയും വർഷങ്ങൾ വേണ്ടി വന്നേക്കാം ഇത് വാസ്തവത്തിൽ ശരിയാണോ എന്ന് തെളിയിക്കാൻ. പുതിയ കാലഘട്ടത്തിലെ ഗുരുത്വ തരംഗ നിരീക്ഷണ നിലയങ്ങളിലെ ദൂരദർശിനികൾ ഈ സിദ്ധാന്തം തെളിയിച്ചേക്കാം. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ തന്നെ പുതിയ സംരംഭമായ ലിസ ദൂരദർശിനി ഇതിലേക്ക് വെളിച്ചം പകരുമെന്ന് കരുതുന്നു.

ഗുരുത്വതരംഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ലിസ ഒബ്‌സർവേറ്ററി സംവിധാനം കടപ്പാട്‌ astronomy.com

ഗുരുത്വം,അതിന്റെ സവിശേഷ ഗുണങ്ങൾ, ഗുരുത്വത്തിന്റെ വേഗത തുടങ്ങിയവയിലാണ് പ്രൊഫസർ ദിറാം ഇപ്പോൾ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശ യാത്രക്കുള്ള അസ്‌ട്രോനോട്ട് സെലക്ഷൻ ലഭിച്ച വ്യക്തിയാണ് പ്രൊഫസർ ദിറാം. ദിവസങ്ങൾക്ക് മുമ്പ്, ഒരുലക്ഷം അമേരിക്കൻ ഡോളർ (എഴുപത് ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാന തുക വരുന്ന, യുവ ശാസ്ത്രജ്ഞർക്കുള്ള ബ്ലവട്ട്ണിക്ക് അവർ നേടി. രണ്ടു വർഷങ്ങൾക്ക് മുമ്പ് കേംബ്രിഡ്ജ് സർവകലാശാലയുടെ ഏറ്റവും പഴക്കം ചെന്നതും, പ്രൗഢിയേറിയതുമായ ആഡംസ് പ്രൈസും കരസ്ഥമാക്കിയിരുന്നു. കൂടെ പ്രവർത്തിക്കുന്ന ഗ്രിഗറി ഗാബഡാഡ്‌സെ ന്യൂയോർക് സർവ്വകലാശാലയിലെയും , ആൻഡ്രൂ ടോളി ലണ്ടൻ ഇമ്പീരിയൽ കോളേജിലെയും ഗവേഷകരാണ്.


അധികവായനയ്ക്ക്‌

  1. https://www.theguardian.com/science/2020/jan/25/has-physicists-gravity-theory-solved-impossible-dark-energy-riddle
  2. ലിസ ദൂരദർശിനിയെക്കുറിച്ചറിയാൻ: https://www.elisascience.org/
  3. Claudia  de Rham നെക്കുറിച്ച്‌
  4. ലേഖനം : https://journals.aps.org/prl/abstract/10.1103/PhysRevLett.106.231101

Leave a Reply