Read Time:18 Minute

എൻ.എസ്.അരുൺകുമാർ

സൗരോര്‍ജ്ജത്തിന്റെ ചരിത്രം…

ബിസി ഏഴാം നൂറ്റാണ്ട്: ലെൻസ് ഉപയോഗിച്ച് സൂര്യരശ്മികളെ കേന്ദ്രീകരിക്കാനും തീയുണ്ടാക്കാനും കഴിയുമെന്ന കണ്ടെത്തൽ.

ബി.സി മൂന്നാം നൂറ്റാണ്ട്: ഗ്രീക്കുകാരും റോമാക്കാരും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനും കേന്ദ്രീകരിക്കാനും കഴിയുന്ന കണ്ണാടികൾ മതപരമായ ചടങ്ങുകളിൽ ഉപയോഗിച്ചു.

ബി.സി രണ്ടാം നൂറ്റാണ്ട്: പിച്ചളകൊണ്ട് നിർമിച്ച പരിചകളുപയോഗിച്ച് സൂര്യപ്രകാശത്തെ കേന്ദ്രീകരിച്ച് ഗ്രീക്ക് സൈന്യം റോമൻ കപ്പലുകളെ അഗ്നിക്കിരയാക്കി. ചരിത്രപ്രസിദ്ധനായ ആർക്കിമിഡീസ് ആണത്രേ ഈ ബുദ്ധി ഉപദേശിച്ചത്. സൈറാക്യൂസ് (Syracuse)  തുറമുഖമാണ് ഇതിന് വേദിയായത്.

എ.ഡി ആറാം നൂറ്റാണ്ട്: പൊതുജനങ്ങൾ സമ്മേളിക്കുന്ന ഇടങ്ങളിൽ സൂര്യപ്രകാശം നേരിട്ട് പതിയാനുള്ള അവസരമൊരുക്കുക എന്നത് പൗരാവകാശങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു Justinian Code of Sun Rights).

1200: സൂര്യന്റെ വെളിച്ചവും ചൂടും ശീതകാലങ്ങളിൽ ഉറപ്പു വരുത്തുന്നതിനായി  വീടുകൾ തെക്കുദിശക്ക് അഭിമുഖമായി നിർമിക്കുന്ന ശീലം വടക്കേ അമേരിക്കയിലെ അനാസസി(Anasazi) മേഖലയിൽ ഏറെക്കാലം നിലനിന്നു.

1767: സൂര്യപ്രകാശത്തിൽ നിന്നുള്ള താപം ശേഖരിക്കാനും പാചകമടക്കമുള്ള ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും കഴിയുമെന്ന് സ്വിസ് ശാസ്ത്രജ്ഞനായ ഹൊറേസ് ഡീ സൗസുറെ (Horace de Saussure)  കണ്ടെത്തി. ഇന്നത്തെ ‘ചൂടാറാപ്പെട്ടി'(Hot Box) യുടെ മറ്റൊരു രൂപമാണ് അദ്ദേഹം നിർമിച്ചത്.

1816: സൗരോർജത്തിൽ നിന്നുള്ള താപപ്രഭാവ(Heating Effect) ത്തെ പ്രയോജനപ്പെടുത്തി യന്ത്രങ്ങൾ(Heat Engines)  നിർമിക്കാൻ കഴിയുമെന്ന് കാണിച്ച് സ്‌കോട്ട്‌ലൻഡിലെ ഒരു ക്രിസ്ത്യൻ പുരോഹിതനായ റോബർട്ട് സ്റ്റിർലിങ്(Robert Stirling)  1816 സെപ്തംബർ 27 ന് പേറ്റന്റിന് അപേക്ഷിച്ചു.

1830: ഫ്രഞ്ച് ശാസ്ത്രജ്ഞനായ എഡ്മണ്ട് ബെക്കാറൽ(Edmond Becquerel)  ‘പ്രകാശ വൈദ്യുത പ്രഭാവം’ (Photot-Voltaic Effect) കണ്ടെത്തി. വൈദ്യുതി വിശ്ലേഷണം നടത്തിക്കൊണ്ടിരുന്ന ഒരു പരീക്ഷണ സംവിധാനത്തെ വെയിലത്ത് വച്ചപ്പോൾ, അതിൽ നിന്നുള്ള വൈദ്യുത പ്രവാഹത്തിന്റെ അളവിൽ മാറ്റമുണ്ടാവുന്നതായി ബെക്കറൽ നിരീക്ഷിച്ചു. ഇതിനെയാണ്  ‘പ്രകാശവൈദ്യുതപ്രഭാവം’ എന്ന് അദ്ദേഹം വിളിച്ചത്.

1860: ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ അഗസ്റ്റ് മൗചെറ്റ്   (August Mouchet), തന്റെ സഹായി അബെൽ പിഫ്രെ (Abel Pifre)യുമായിച്ചേർന്ന് സൗരോർജത്താൽ പ്രവർത്തിക്കുന്ന ആവിയന്ത്രങ്ങൾ നിർമിച്ചു. അവയായിരുന്നു ആദ്യ ത്തെ സൗരോർജ ആവിയന്ത്രങ്ങൾ (Solar Steam Engines)..

1873: സെലീനിയംSelenium)  എന്ന മൂലകത്തിന് പ്രകാശവൈദ്യുതപ്രഭാവമുണ്ടെന്ന് വില്ലോഫ്ബി സ്മിത്ത് (Willoughby Smith)എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി.

1876: വില്ല്യം ഗ്രിൽസ് ആഡംസ്(William Grylls Adams),, റിച്ചാർഡ് ഇവാൻസ് ഡേ(Richard Evans Day) എന്നിവർ സെലീനിയം അധിഷ്ഠിത സോളാർ സെല്ലു കൾ (Solar Cells) വികസിപ്പിച്ചു. സൗരോർജത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റാം എന്ന് ആദ്യമായി തെളിയിച്ചത് ഇവരായിരുന്നു.

1880: പ്രകാശവൈദ്യുതപ്രഭാവത്തെ ആധാരമാക്കി സാമുവൽ.പി.ലാങ്‌ലി (Samuel.P. Langely), വിദൂരനക്ഷത്രങ്ങളുടെ സാന്നിധ്യം പോലും തിരിച്ചറിയാൻ സഹായിക്കുന്ന ‘ബോളോമീറ്റർ'(Bolometer) എന്ന ഉപകരണം ഉണ്ടാക്കി.

1883: ചാൾസ് ഫ്രിറ്റ്‌സ്(Charles Fritts)  എന്ന അമേരിക്കക്കാരൻ, സ്വർണ്ണത്തകിടിന്മേൽ സെലീനിയം ഒട്ടിച്ചുള്ള സോളാർ സെല്ലുകൾ നിർമിച്ചു. എന്നാൽ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു ഇവയുടെ പ്രവർത്തന ക്ഷമത.

1887: രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ പ്രവഹിക്കാൻ ഒരുങ്ങിനിൽക്കുന്ന വൈദ്യുതചാർജുകളെ ഒരു ‘എടുത്തുചാട്ട’ത്തിന് പ്രേരിപ്പിക്കാൻ അൾട്രാ വയലറ്റ് വികിരണങ്ങൾക്ക് കഴിയുമെന്ന് ഹെൻറിച്ച് ഹേർട്‌സ് (Heinrich Hertz)  കണ്ടെത്തി. സൂര്യപ്രകാശത്തിലെ ഘടകങ്ങളിലൊന്നാണ് അൾട്രാ വയലറ്റ് വികിരണങ്ങൾ.

1888: സൗരോർജ സെല്ലിന് എഡ്വാർഡ് വെസ്റ്റൺ(Edward Weston) പേറ്റന്റ് സ്വന്തമാക്കി. പിൽക്കാലത്ത് മെൽവിൻ സെവ്‌റി Melvin Severyþ (1894), ഹാരി റീഗൺ(Harry Reagan-1897) എന്നിവരും സൗരോർജ സെൽ പേറ്റന്റുകൾക്ക് അർഹത നേടുകയുണ്ടായി.

1891: ആദ്യ ‘സൗരോർജ വാട്ടർ ഹീറ്റർ’ (Solar Water Heater)  പേറ്റന്റ് ചെയ്യപ്പെട്ടു. ബാൾട്ടിമോറിൽ നിന്നുള്ള ക്ലാറെൻസ് കെംപ് (Clarence Kemp)  ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.

1904: ചെമ്പ് (Copper),, ചെമ്പിന്റെ ഓക്‌സൈഡ് സംയുക്തങ്ങളിലൊന്നായ ‘കുപ്രസ് ഓക്‌സൈഡ്’  എന്നിവ ചേരുന്ന സങ്കരത്തിന് പ്രകാശ-വൈദ്യുതപ്രഭാവം ഉളവാക്കാനാവുമെന്ന് വിൽഹെം ഹാൾവാക്‌സ്  (Wilhem Hallwachs) എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി.

1905: പ്രകാശവൈദ്യുത പ്രഭാവ(Photo -Electric Effect)ത്തെ ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന പ്രബന്ധം ഐൻസ്റ്റീൻ അവതരിപ്പിച്ചു. തന്റെ പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്ത'(Theory of Relativity) ത്തിനൊപ്പമാണ് അദ്ദേഹം ഇതും അവതരിപ്പിച്ചത്.

1916: പ്രകാശവൈദ്യുത പ്രഭാവം തെളിയിക്കുന്ന അനവധി പരീക്ഷണങ്ങളിലൂടെ റോബർട്ടി മില്ലിക്കൺ (Robert Millikan)  ശ്രദ്ധ നേടി.

1932: കാഡ്മിയം സെലെനൈഡ് (Cadmium Selenide)   എന്ന രാസസംയുക്തത്തിന് പ്രകാശവൈദ്യുതപ്രഭാവമുള്ളതായി കണ്ടെത്തപ്പെട്ടു. ഇന്നത്തെ സൗരോർജ സെല്ലുകളിൽ പോലും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.

1947: നീണ്ടുപോയ രണ്ടാംലോകമഹായുദ്ധം അമേരിക്കയിൽ വൈദ്യുത പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ, അതിന് പരിഹാരമായി പല കമ്പനികളും സൗരോർജ സങ്കേതങ്ങളെ അവതരിപ്പിക്കുകയുണ്ടായി. ‘യുവർ സോളാർ ഹൗസ്’ (Your Solar House)  എന്നൊരു പുസ്തകം തന്നെ ഇക്കാലത്ത് പുറത്തിറങ്ങിയിരുന്നു.

1954: അമേരിക്കയിലെ ബെൽ ലബോറട്ടി (Bell Labs)യിലെ മൂന്ന് ശാസ്ത്രജ്ഞർ -ഡാരിൽ ചാപ്പിൻ (Daryl Chapin), കാൽവിൻ ഫുല്ലെർ(Calvin Fuller), ജെ റാൾഡ് പീയർസൺ (Gerald Pearson)- ആദ്യത്തെ പ്രയോജനക്ഷമമായ സൗരോർജ സെൽ നിർമിച്ചു. സിലിക്കൺ(Silicon) അധിഷ്ഠിതമായ ഇത് 4 ശതമാനം പ്രവർത്തനക്ഷമതയുള്ളതായിരുന്നു.

1955: സൗരോർജം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിത്യോപയോഗ സാധനങ്ങൾ വിപണിയിലെത്തി, ‘വെസ്റ്റേൺ ഇലക്ട്രിക്’ എന്ന കമ്പനിക്കായിരുന്നു ഇവയ്ക്ക് മേൽ കുത്തകാവകാശം.

1955: അമേരിക്കയിലെ ‘ബ്രിഡ്‌ജേഴ്‌സ്-പാക്സ്റ്റൺ ബിൽഡിങ്’ (Bridgers-Paxton Building)  എന്ന ഓഫീസ് മന്ദിരത്തിലെ ഉപകരണങ്ങൾ പൂർണ്ണമായും സൗര വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായി.  ഇത് ഇന്ന് പ്രവർത്തിക്കുന്നതും സൗര വൈദ്യുതിയിലാണ്. ലോകത്തിലെ ആദ്യത്തെ ‘സൗരോർജ താപനിയന്ത്രിത ഓഫീസ്’ എന്ന ബഹുമതിയും ഇതിനാണ്.

1956: അമേരിക്ക, ബഹിരാകാശ വാഹനങ്ങളിലും കൃത്രിമോപഗ്രഹങ്ങളിലും സൗരോർജസെല്ലുകൾ ഉപയോഗപ്പെടുത്താൻ ആലോചിക്കുന്നു. ‘യു.എസ്.സിഗ്നൽ കോർപ്‌സ് ലബോറട്ടറീസി’ൽ സേവനമനുഷ്ഠിച്ചിരുന്ന വില്ല്യം ചെറി  (William Cherry) യായിരുന്നു ഇതിന് മുൻകയ്യെടുത്തത്.

1958:  ‘വാൻഗാർഡ്-1”(Vanguard-1)  എന്ന കൃത്രിമോപഗ്രഹത്തിന്റെ ഭാഗമായി സൗരോർജ സെൽ ആദ്യമായി ബഹിരാകാശത്തെത്തി. ഉപഗ്രഹത്തിലെ റേഡിയോ പ്രവർത്തിപ്പിക്കാനാണ് ഇത് ഉപയോഗിക്കപ്പെട്ടത്. പിന്നീട് വന്ന ‘എക് സ്‌പ്ലോറർ  III(Explorer III), വാൻഗാർഡ് -2′(Vanguard II) എന്നിവയിലും ‘സ്പുട്‌നിക്ക്-3’ (Sputnik -3)യിലും സൗരോർജ സെല്ലുകൾ ഉപയോഗിക്കപ്പെട്ടു.

1959: ‘എക്‌സ്‌പ്ലോറർ’ 6, 7 ഉപഗ്രഹങ്ങൾ (Explorer VI & VII),, 9,600 സൗരോർജസെല്ലുകൾ ചേരുന്ന ബാറ്ററി ഉൾക്കൊള്ളുന്നതായിരുന്നു.

1961: ‘സൗരോർജ്ജം വികസ്വര ലോകത്തിൽ'(Solar Energy in the Developing World) എന്നപേരിൽ ഒരു അന്തർദേശീയ സമ്മേളനം ഐക്യരാഷ്ട്രസംഘടനയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടു.

1962: ബെൽ ലബോറട്ടറീസ് വികസിപ്പിച്ച 14 വാട്ട് ശേഷിയുള്ള സൗരോർജ ബാറ്ററിയുമായി ‘ടെൽസ്റ്റാർ’(Telstar)  എന്ന ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടു.

1963: ജപ്പാൻ, സോളാർ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ‘ലൈറ്റ് ഹൗസ്(Light House) നിർമ്മിച്ചു.

1967: സൗരവൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ‘മനുഷ്യസഹിത ബഹിരാകാശ പേടകം'(Manned Space Craft)  വിക്ഷേപിക്കപ്പെട്ടു. ‘സോയൂസ് 1(Soyuz 1) എന്നായിരുന്നു ഇതിന്റെ പേര്.

1968: സൗരോർജംകൊണ്ട്  ഓടുന്ന, ‘കീ’ കൊടുക്കേണ്ട ആവശ്യമില്ലാത്ത, റിസ്റ്റ് വാച്ച് വിപണിയിൽ.

1972:  വൈദ്യുതിയെത്താത്ത ഗ്രാമങ്ങൾക്ക് സൗര വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ‘ടെലിവിഷൻ കിയോസ്‌ക്’കൾ ഫ്രഞ്ച് ഗവണ്മെന്റ് നിർമ്മിച്ചുനൽകി.

1973:  ഡെലാവരെ സർവ്വകലാശാലാ ഗവേഷകർ, ‘സോളാർ വൺ’ എന്ന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ ‘സൗരോർജ ഭവനങ്ങൾ’ നിർമിച്ചു. സൗരോർജ ഫലകങ്ങൾ  സ്ഥാപിച്ചത് വീടുകളുടെ മേൽക്കൂരയിലാണ്. പുറമേനിന്നുള്ള വൈദ്യുതി, ഇവയ്ക്ക് രാത്രികാലങ്ങളിൽ മാത്രമേ വേണ്ടിവന്നുള്ളു.

1976: ‘നാസ’ യുടെ കീഴിലുള്ള ലൂയിസ് റിസർച്ച് സെന്റർ (Lewis Research Centre), സൗരോർജം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിളക്കുകളും ശീതീകാരികളും ടെലിവിഷൻ സെറ്റുകളും പമ്പ്‌സെറ്റുകളും ഓസ്‌ട്രേലിയ ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിൽ പ്രചാരത്തിലെത്തിക്കുന്ന ഒരു പദ്ധതിക്ക് തുടക്കമിട്ടു. 1995-ലാണ് ഈ പദ്ധതി പൂർത്തീകരിക്കപ്പെട്ടത്.

1977: അമേരിക്ക: പ്രസിഡന്റ് ജിമ്മികാർട്ടർ, വൈറ്റ് ഹൗസിലെ തന്റെ ഔദ്യോഗിക വസതിയിൽ സൗരോർജഫലകങ്ങൾ സ്ഥാപിച്ച് മാതൃക കാട്ടി. ഊർജവകുപ്പിന്റെ കീഴിൽ സൗരോർജ വൈദ്യുതിയെക്കുറിച്ച് ഗവേഷണം നടത്താനായി മാത്രം ‘നാഷണൽ റിന്യൂവബിൾ എനർജി ലബോറട്ടറി’ (National Renewable Energy Laboratory)  എന്ന സ്ഥാപനവും ആരംഭിച്ചു.

1978: സൗരവൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന കാൽക്കുലേറ്ററുകൾ (Solar Calculators) വിപണിയിലെത്തി.

1981: പോൾ മക്ഗ്രീഡി (Paul MacCready),  സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനം നിർമ്മിച്ചു. ‘സോളാർ ചലഞ്ചർ'(Solar Challenger)  എന്ന് പേരിട്ടിരുന്ന ഇതിന്റെ ചിറകുകളിലായിരുന്നു സൗരോർജഫലകങ്ങൾ ഘടിപ്പിച്ചിരുന്നത്.

1982: സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന  കാർ (‘ക്വയറ്റ് അച്ചീവർ(Quiet Achiever) എന്ന് പേര്) ഓസ്‌ട്രേലിയയിൽ നിരത്തിലിറങ്ങി. കാറോടിച്ച  ഹാൻ സ് തോൾസ്ട്രപ്( Hanz Tholstrup) സൗരോർജ കാറുകളുടെ മത്സരഓട്ടത്തിനായി ‘വേൾഡ് സോളാർ ചലഞ്ച്’ (World Solar Challenge)  എന്ന പേരിൽ ഒരു സ്ഥിരം വേദി ഓസ്‌ട്രേലിയയിൽ പിന്നീട് സംഘടിപ്പിക്കുകയുണ്ടായി .

1986: അമേരിക്ക: വൈറ്റ് ഹൗസിൽ ഘടിപ്പിക്കപ്പെട്ടിരുന്ന സോളാർ ഫലകങ്ങൾ  പ്രസിഡന്റ് റൊണാൾഡ് റീഗൺ നീക്കം ചെയ്തു.

1991: സൗര വൈദ്യുതി  ഗവേഷണങ്ങൾക്ക് അമേരിക്കയിൽ  പ്രസിഡന്റ് ജോർജ് ബുഷ് പ്രോത്സാഹനം നൽകി; കൂടുതൽ ധനസഹായം അനുവദിച്ചു.

1998: സൗരോർജംകൊണ്ട് പ്രവർത്തിക്കുന്ന ‘പാത് ഫൈൻഡർ’ ( Path Finder)  എന്ന ചെറുവിമാനം, കാലിഫോർണിയയ്ക്ക് 80,000 അടി ഉയരത്തിൽ പറന്നുകൊണ്ട് റെക്കോഡ് സ്ഥാപിച്ചു. ആളില്ലാവിമാനമായിരുന്നുവെങ്കിലും സാധാരണ വിമാനങ്ങൾ (ജെറ്റ് വിമാനങ്ങളല്ല) ഇത്രയും ഉയരത്തിൽ പറന്നിരുന്നില്ല.

2000: ‘ഫസ്റ്റ് സോളാർ(First Solar) എന്ന  കമ്പനി സ്ഥാപിച്ച, സൗരോർജ പാനൽ നിർമാണത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി അമേരിക്കയിലെ ഒഹിയോ(Ohio)വിൽ, പ്രവർത്തനമാരംഭിച്ചു.  .

2000:  ബഹിരാകാശത്തെ ഏറ്റവും വലിയ സൗരോർജഫലകം ‘രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത്  സ്ഥാപിക്കപ്പെട്ടു. നിലയത്തിലെ അന്തേവാസികളാണ് ഇത് നിർവഹിച്ചത്.

2000: ഭവനങ്ങൾ വൈദ്യുതീകരിച്ച് നൽകുന്ന ‘മില്ല്യൺ സോളാർ റൂഫ്‌സ്’  എന്ന പദ്ധതി അമേരിക്കൻ ഊർജവകുപ്പ് നടപ്പാക്കിത്തുടങ്ങി. 12 കിലോവാട്ട് ശേഷിയുള്ള സൗരോർജ  ഫലകങ്ങളാണ് ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കപ്പെട്ടത്. ഒരു എട്ടംഗ കുടുംബത്തിന്റെ വൈ ദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാകും.

2001: നാസയുടെ സൗരോർജവിമാനം ‘ഹീലിയോസ്'(Helios) സാധാരണ വിമാനങ്ങൾക്ക് പറക്കാനാവുന്നതിനെക്കാൾ ഉയരത്തിൽ (96,863 അടി) പറന്നുകൊണ്ട് പുതിയ റെക്കോഡ് സൃഷ്ടിച്ചു.

2002: ഏറ്റവും വിലകുറഞ്ഞ തരം സൗരോർജ പാനലുകൾ നിർമിക്കുന്നതിനുള്ള ‘സ്‌ഫെറൽ സോളാർ ടെക്‌നോളജി'(Spheral Solar Technology)  പരീക്ഷണം കാനഡ ആരംഭിച്ചു. അലൂമിനിയം തകിടുകൾക്കിടയിൽ സിലിക്കൺ തരികൾ ഒട്ടിച്ച് ഉണ്ടാക്കുന്ന ഇത്തരം ഫലകങ്ങളിൽ സിലിക്കണിന്റെ അളവ് കുറവായതിനാലാണ് വില കുറയുന്നത്.

2004: കാലിഫോർണിയയിലെ എല്ലാ ഭവനങ്ങളിലും 2017 ഓടെ സൗരവൈദ്യുതി എത്തിക്കുമെന്ന് ഗവർണർ അർനോൾഡ് ഷ്വാർസ്‌നെഗർ പ്രഖ്യാപിച്ചു.

2007: പരമ്പരാഗതരീതിയിൽ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി, പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ദോഷങ്ങൾ പരിഗണിച്ച്, തങ്ങളുടെ കെട്ടിടങ്ങളിൽ ചിലതിന് സൗരോർജസ്രോതസ്സുകൾ സ്വീകരിക്കുന്നതായി വത്തിക്കാൻ പ്രഖ്യാപിച്ചു.

2010: അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, ‘വൈറ്റ് ഹൗസി’ൽ സൗരോർജഫലകങ്ങൾ കൂടുതലായി സ്ഥാപിക്കാൻ നിർദ്ദേശം നൽകി.

2011: നിർമാണ ച്ചെലവുകൾ വളരെ ലഘൂകരിച്ചുകൊണ്ട് ചൈന, സൗരോർജ ഉൽപ്പന്നങ്ങളും ബാറ്ററികളും കുറഞ്ഞവിലയിൽ വൻതോതിൽ ലഭ്യമാക്കി. സൗരോർജ ഉപകരണങ്ങൾ ലോകമെങ്ങും വ്യാപകമാവാൻ ഇത് കാരണമായി.

2014 ന് ശേഷം: സൂര്യപ്രകാശത്തിലെ താപഘടകത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടും. ‘സോളാർ തെർ മൽ ഇലക്ട്രിസിറ്റി'(Solar Thermal Electricity)എന്നറിയപ്പെടുന്ന ഇത് കൂടുതൽ വ്യാപകമാവും. കടൽജലത്തിൽനിന്നും വൈദ്യുതവിശ്ലേഷണം   വഴി ഹൈഡ്രജനെ വേർപെടുത്താൻ ഇതിലൂടെ എളുപ്പം സാധ്യമാവും. (ഹൈഡ്രജൻ ആയിരിക്കും നാളത്തെ ലോകത്തിന്റെ ഊർജസ്രോതസ്സ്).


(2014 ജൂലൈ മാസത്തിലെ ശാസ്ത്രഗതിയിൽ നിന്നും)

Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ഈ പുതിയ ഗുരുത്വ സിദ്ധാന്തം ഇരുണ്ട ഊർജത്തിന്റെ ചുരുൾ അഴിക്കുമോ?
Next post ഓറിയോണിഡ് ഉൽക്കാ പ്രവാഹം മനുഷ്യൻ ആദ്യമായി നിരീക്ഷിച്ചതെന്ന്‌ ?
Close