Read Time:21 Minute

ഡോ: നാരായണൻ. എസ്. ബി.

പാൻഡെമിക്, സൂനോസിസ് തുടങ്ങിയ വാക്കുകളാണ് ഏതാണ്ട് രണ്ടു മൂന്നു മാസക്കാലമായി ലോകത്തെ സകല ജനങ്ങളും മാധ്യമങ്ങളിലൂടെ കേൾക്കുന്നത്. എമർജിങ് ടെക്നോളജിയുടെയും ആശയങ്ങളുടെയും ഒക്കെ ആസ്വാദന ലോകത്തേക്കാണ് എമർജിങ്  ഡിസീസ് എന്ന പ്രയോഗം മനുഷ്യന്റെ നിത്യജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിൽകൊണ്ടുപോകുന്നത്. ചൈനയിൽ ഉത്ഭവിച്ച് ലോകത്തെ വികസിതവും വികസ്വരവും ആയ ഒട്ടനവധി രാജ്യങ്ങളെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ് കൊവിഡ്-19 എന്ന മഹാമാരി. കൊറോണ വൈറസ് ഗണത്തിൽ പെടുന്ന  SARS-CoV-2 എന്ന വൈറസാണ് ഈ മഹാമാരിക്കു കാരണം എന്നും, ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള മുൻകരുതലുകളും പാലിക്കേണ്ട സുരക്ഷയും എല്ലാം എന്താണെന്നും ഒക്കെ  ഇന്ന് ലോക ജനതയ്ക്ക് ഏകദേശം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞെട്ടലോടു കൂടിയാണ് ഇക്കഴിഞ്ഞ മാർച്ച് 24-ാo തീയതി ചൈനയിലെ തന്നെ യുനാൻ പ്രവിശ്യയിൽ ഒരു ബസ് യാത്രികൻ ഹാന്റാവൈറസ് എന്ന വൈറസ് ബാധ മൂലം മരിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്. സോഷ്യൽ മീഡിയകൾ ഇത് ഹാന്റാവൈറസ് എന്ന ഒരു പുതിയ വൈറസാണെന്നും, കോവിഡിനു പുറമേ  അടുത്ത മഹാമാരിയും എത്തി എന്നുമൊക്കെ പ്രചരിപ്പിച്ചു ലോകജനതയെ ഭയപ്പെടുത്തുകയും ചെയ്തു. എന്നാൽ ഹാന്റാവൈറസ് രോഗം എന്നത് ഒരു പുതിയ വൈറസ് രോഗമല്ലെന്നും അവ എലികളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണെന്നും ഭയപ്പെടേണ്ടതില്ല എന്നും ഉടൻതന്നെ പത്രമാധ്യമങ്ങൾ പല ആരോഗ്യ സംഘടനകളുടെയും പ്രസ്താവനകളിലൂടെ ലോകത്തെ അറിയിച്ചു.

എന്താണ് ഹാന്റാവൈറസ്?

സാംക്രമികരോഗങ്ങളിൽ ഏതാണ്ട് 70 ശതമാനം രോഗങ്ങളും ജന്തുജന്യ രോഗങ്ങൾ അഥവാ Zoonotic diseases ആണ്. മൃഗങ്ങളുമായുള്ള സമ്പർക്കം മൂലമോ, മൃഗങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ,  നിത്യ ഉപയോഗ വസ്തുക്കളിൽ നിന്നുമോ ആണ് ഇത്തരം രോഗങ്ങൾ മനുഷ്യനിലേക്ക് പകരുന്നത്. മനുഷ്യൻറെ ആരോഗ്യം എന്നത് അവന് ചുറ്റുമുള്ള പ്രകൃതിയുടെയും കൂടി ആരോഗ്യം ആണെന്നുള്ള ഈ തിരിച്ചറിവോടെയാണ് ലോകാരോഗ്യസംഘടനയും മറ്റു ലോക രാഷ്ട്ര സംഘടനകളും വൺ ഹെൽത്ത് (One Health) എന്ന രോഗ നിയന്ത്രണ രീതി അവലംബിച്ചത്.

അഭിമാനകരമായ പ്രതിരോധപ്രവര്‍ത്തനം കൊണ്ട് കേരളീയര്‍ക്ക് സുപരിചിതമായ നിപ്പാ വൈറസ് ബാധ, എലിപ്പനി, പേവിഷ ബാധ, ബ്രൂസല്ലോസിസ്, കുരങ്ങു പനി തുടങ്ങി നിരവധി  ജന്തുജന്യ രോഗങ്ങളാണുള്ളത്. അവയിൽ ഏറെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഹാന്റാവൈറസ്.
ഹാന്റാവൈറസ് – ഘടന കടപ്പാട് nature.com

റിഫ്ട് വാലി ഫീവർ ( Rift valley fever) എന്ന മാരകമായ പകർച്ചവ്യാധി ഉണ്ടാക്കുന്ന ഫ്ലെബോവൈറസുകളുള്ള (Phleboviruses)   ബുണ്യവിറിഡേ (Bunyaviridae) ഫാമിലിയിൽ ഉൾപ്പെടുന്ന ആർ എൻ എ (RNA) വൈറസുകളാണ് ഹാന്റാ വൈറസുകൾ. 1951-1953 കാലഘട്ടത്തിൽ കൊറിയൻ  യുദ്ധസമയത്ത് മൂവായിരത്തോളം യുദ്ധ പോരാളികൾക്ക് കൊറിയൻ ഹെമറേജിക് ഫീവർ എന്ന രോഗം സ്ഥിതീകരിക്കുകയുണ്ടായി. എന്നാൽ 25 വർഷങ്ങൾക്കു ശേഷമാണ് ഈ രോഗത്തിന് കാരണം എന്താണെന്നും അവ ഹാന്റാവൈറസ് മൂലമുണ്ടാകുന്നതാണെന്നും കണ്ടെത്തുന്നത്. ലോകത്തു ആദ്യമായി സ്ഥിതീകരിച്ചിട്ടുളള ഹാന്റാ വൈറസ് പകർച്ചവ്യാധി ഇതാണ്.  1978ൽ സൗത്ത് കൊറിയയിലെ ഹാൻ നദീ തീരത്തു നിന്നും പിടിച്ച സ്ട്രൈപ്പ്ഡ് ഫീൽഡ് എലി (Striped field rat, Apodemus agrarius) കളിൽ നിന്നുമാണ് ആദ്യമായി ഹാൻഡ വൈറസിന്റെ ഏഷ്യൻ പ്രോട്ടോ ടൈപ്പ് (മാതൃക)   ആയ ഹാന്റാൻ വൈറസ് (Hantaan virus) കണ്ടെത്തിയത്. എന്നാൽ ജപ്പാൻ ജ്വരത്തെ കുറിച്ചുള്ള പഠനം നടത്തവേ  ആകസ്മികമായി തമിഴ്‍നാട്ടിലെ വെല്ലൂരിൽ നിന്നും ലഭിച്ച വീട്ട്നച്ചെലിയിൽ (Suncus murinus) നിന്നും  1964ൽ കണ്ടെത്തിയ തോട്ടപാളയം വൈറസ് ( Thottapalayam virus) ആണ് ലോകത്ത് ആദ്യമായി കണ്ടെത്തിയ ഹാന്റാവൈറസ്. 1983ൽ  ലോകാരോഗ്യ സംഘടന ഹാന്റാവൈറസ് മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളെ ഹെമറേജിക് ഫീവർ റീനൽ സിൻഡ്രോo ( Haemorrhagic Fever with Renal Syndrome -HFRS ) എന്ന് വിളിച്ചു.

ലോകത്ത്  രണ്ടാമത്തെ ഹാന്റാവൈറസ് പകർച്ചവ്യാധിയായി സ്ഥിരീകരിക്കപ്പെട്ടത്‌, 1993ൽ അമേരിക്കയിലെ ഫോർ കോർണർ പ്രദേശത്ത് ആരോഗ്യവാന്മാരായ യുവാക്കളിൽ പെട്ടെന്ന് പടർന്നുപിടിച്ച ശ്വാസകോശത്തെ ബാധിച്ച രോഗമാണ് . കാരണം അറിയാത്ത ഈ രോഗം ആദ്യം ഫോർ കോർണേഴ്‌സ് ഡിസീസ് എന്നാണ് അറിയപ്പെട്ടത്. തുടർന്നുള്ള പരിശോധനകളിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഈ പകർച്ച വ്യാധിക്ക് കാരണം സിൻ നോംബ്‌റി വൈറസ് ( Sin Nombre Virus -SNV ) എന്ന ഒരു പുതിയ ഹാന്റാവൈറസ് ആണെന്ന്  ശാസ്ത്രലോകം കണ്ടെത്തുകയുണ്ടായി. പഠനങ്ങളിൽ അമേരിക്കയിൽ കാണപ്പെടുന്ന ഡിയർ മൈസ് (Deer mice ) എന്ന എലി വർഗ്ഗമാണ് ഈ വൈറസിന്റെ വാഹകർ എന്നും കണ്ടെത്തി. ഫോർ കോർണേഴ്‌സ് ഡിസീസ് എന്ന് ആദ്യം അറിയപ്പെട്ട ഈ അസുഖത്തെ പിന്നീട് ഹാന്റാ വൈറസ് പൾമണറി സിന്ട്രോം (HPS -Hantavirus Pulmonary Syndrome) എന്ന് വിശേഷിപ്പിച്ചു. അന്നുവരെ ഏഷ്യയിലും, യൂറോപ്പിലും കാണപ്പെട്ട ഹാന്റാവൈറസ്  രോഗലക്ഷണങ്ങളിൽ നിന്ന് വിഭിന്നമായി ശ്വാസകോശത്തെയും ഹൃദയത്തെയും ഈ രോഗം ബാധിക്കുകയുണ്ടായി. തുടർന്ന് അന്ന് വരെ ഏഷ്യയിലും യൂറോപ്പിലും ഹാന്റാവൈറസ് മൂലം ഉണ്ടായ ഹെമറേജിക് ഫീവർ റീനൽ സിൻഡ്രോo (HFRS ) എന്ന, വൃക്കകളെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെ ഓൾഡ് വേൾഡ് ഹാന്റാവൈറസ് രോഗങ്ങൾ എന്നും അമേരിക്കയിൽ കാണപ്പെട്ട ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ ന്യൂ വേൾഡ് ഹാന്റാവൈറസ് രോഗങ്ങൾ എന്നും നാമകരണം ചെയ്തു.

ശാസ്ത്രമിന്ന്  ഇരുപത്തിരണ്ടോളം  രോഗോല്പാദനക്ഷമമായ ഹാന്റാ വൈറസുകളെ ഏഷ്യ, യൂറോപ്പ്, അമേരിക്കൻ  ഭൂഖണ്ഡങ്ങളിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തിൽ ചൈന, അമേരിക്കൻ രാജ്യങ്ങൾ, റഷ്യ എന്നീ രാജ്യങ്ങളിൽ ഏകദേശം ആയിരത്തോളം ഹാന്റാവൈറസ് രോഗബാധകൾ സ്ഥിരീകരിക്കപ്പെടാറുണ്ട്. ചൈനയിൽ 2010ൽ  മാത്രം പതിനൊന്നായിരത്തോളം പേരിലാണ് ഹാന്റാവൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

ആരാണ് ഹാന്റാവൈറസ് വാഹകർ ?

ഹാന്റാവൈറസ് രോഗബാധ എലികൾ പകർത്തുന്നതും എലികളിൽ നിന്നും മനുഷ്യനിലേക്ക് കടക്കുന്നതുമാണ്. എലി വർഗ്ഗത്തിൽ പെടുന്ന ചെറിയ സസ്തനികളാണ്  ഹാന്റാവൈറസിന്റെ വാഹകർ. ആഫ്രിക്കയിൽ 2007ൽ നടന്ന ഒരു പഠനത്തിൽ ആഫ്രിക്കയിൽ കാണപ്പെടുന്ന വവ്വാലുകളിലും ഹാന്റാവൈറസിനെ കണ്ടെത്തിയിരുന്നു . ഇതുവരെയുള്ള പഠനങ്ങൾ പ്രകാരം  എലികളിൽ കാണപെടുന്നതും, എലികൾ സ്വാഭാവിക വാഹകർ ആയിട്ടുമുള്ള ഹാന്റാവൈറസുകൾക്ക് മാത്രമാണ് മനുഷ്യരിൽ രോഗം ഉണ്ടാക്കാൻ ശേഷിയുള്ളത്.

ഏഷ്യയിലെ ഹാന്റാവൈറസിന്റെ പ്രധാന വാഹകർ സ്ട്രൈപ്പ്ഡ് ഫീൽഡ് റാറ്റ് (Striped field rat, Apodemus agrarius )എന്ന എലികൾ, തവിടാൻ എലികൾ (Common rat, Rattus norvegicus ), പെരുച്ചാഴി (Greater bandicoot, Bandicoota indica) തുടങ്ങിയവയാണ്. അമേരിക്കൻ രാജ്യങ്ങളിൽ ഡിയർ മൈസ് ( Deer mice, Peromyscus maniculatus ), പിഗ്‌മി റൈസ് റാറ്റ് ( Pigmy rice rat, Oligoryzomys sp )  എന്നിവയാണ് പ്രധാന വാഹകർ.

രോഗ വാഹകർ ആണെങ്കിലും എലികളിലോ, വാഹകരായുള്ള മറ്റു ചെറിയ സസ്തനികളിലോ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല.

ഹാന്റാവൈറസ് മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ ?

എലികളുമായി നേരിട്ടോ, അവയുടെ വിസർജ്യ വസ്തുക്കളുമായോ, എലി ശല്യമുള്ള സ്ഥലങ്ങളുമായി അടുത്തിടപഴകുമ്പോഴോ  ആണ് സാധാരണയായി ഹാന്റാവൈറസ് മനുഷ്യനിലേക്ക് പകരുന്നത്.  എലികളുടെ വിസർജ്യ വസ്തുക്കളിൽ നിന്നും ഹാന്റാവൈറസുകൾ വായുവിലൂടെ നമ്മുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു.  എലികളുടെ മൂത്രം, മലം, ഉമിനീര് എന്നിവയിലൂടെ വൈറസ്  പുറം തള്ളപ്പെടുന്നു. ഈ വൈറസുകൾ വായുവിലെ സൂക്ഷ്മകണങ്ങളി  (ഏറോസോൾ = aerosol) ലേക്ക് കടക്കുന്നു . നാം ശ്വസിക്കുമ്പോൾ ഈ വൈറസ് അടങ്ങിയ  ഏറോസോൾ  ശ്വാസകോശത്തിലൂടെ ശരീരത്തിലേക്കു കടക്കുകയും ചെയ്യും.

  • എലികളുടെ കടിയിലൂടെയും, അവയുടെ വിസർജ്യ വസ്തുക്കളാൽ മലിനീകരിക്കപ്പെട്ട വസ്‌തുക്കളിലൂടെയും വൈറസ് മനുഷ്യനിലേക്ക് പകരാം.
  • എലിശല്യം അധികമായുള്ള പ്രദേശങ്ങളിൽ അടഞ്ഞു കിടന്ന മുറികൾ വൃത്തിയാക്കുമ്പോൾ വൈറസുകൾ ഏറോസോളുകൾ ആയി ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.
  • കർഷകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ സമൂഹങ്ങൾ എലികളുമായി വളരെ അടുത്ത സമ്പർക്കത്തിന് സാധ്യത ഉള്ളതിനാൽ ഇവരിൽ ഹാന്റാ വൈറസ് രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്.
  • മനുഷ്യർക്കിടയിൽ ഹാന്റാവൈറസ് സാധാരണയായി പകരാറില്ല. എന്നാൽ അർജന്റീനയിൽ 1996 ൽ മനുഷ്യനിൽ നിന്നുo മനുഷ്യനിലേക്ക് ഹാന്റാവൈറസ് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • വളർത്തു മൃഗങ്ങൾക്ക് ഹാന്റാവൈറസ് രോഗ ബാധയുണ്ടാകാൻ സാധ്യത ഉണ്ടെങ്കിലും വളർത്തു മൃഗങ്ങളിലൂടെ രോഗം മനുഷ്യനിലേക്ക് പകരാൻ സാധ്യത ഇല്ല.

എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ ?

ശ്വാസകോശത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച ശേഷം മറ്റു അവയവങ്ങളെ കൂടി വൈറസ് ബാധിക്കും. ശ്വാസകോശത്തേയും, വൃക്കകളേയും രക്തക്കുഴലുകളേയുമാണ് പ്രധാനമായും ബാധിക്കുന്നത്. ഓൾഡ് വേൾഡ് ഹാന്റാവൈറസുകൾ ഉണ്ടാക്കുന്ന ഹെമറാജിക് ഫീവർ റീനൽ സിൻഡ്രോo  (Haemorrhagic Fever with Renal Syndrome -HFRS ), ന്യൂ വേൾഡ് വൈറസുകൾ കാരണമാകുന്ന ഹാന്റാവൈറസ്‌ പൾമണറി സിൻഡ്രോം (HPS -Hantavirus Pulmonary Syndrome ) ആണ് രണ്ടു പ്രധാന രോഗങ്ങൾ.

ഹെമറാജിക് ഫീവർ റീനൽ സിൻഡ്രോം

HFRS രോഗബാധ മനുഷ്യരിൽ പന്ത്രണ്ടു ശതമാനo വരെ മരണ നിരക്കുണ്ടാക്കാറുണ്ട്. രണ്ടു മുതൽ നാലാഴ്ചവരെ നീളുന്ന ഇൻക്യൂബേഷൻ പീരിയഡിന് ശേഷം ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന കടുത്ത പനി, തലവേദന, ശർദി, വയറുവേദന, ദേഹാസ്വാസ്ഥ്യം, കാഴ്ച്ച സംബന്ധമായ പ്രശ്നങ്ങൾ, അണ്ണാക്കിനുള്ളിൽ മുറിവുകളുണ്ടാകുക, മൂത്ര തടസം, നടുവേദന എന്നിവ കാണപ്പെടാം. രോഗം മൂർച്ഛിക്കുന്നതോടു കൂടി രക്തസമ്മർദ്ദം കുറയുന്നതിനും  ഹൈപൊട്ടെൻസീവ്‌ ഷോക്ക് ഉണ്ടാകുന്നതിനും ഇടയാകുന്നു. ഇത് പലപ്പോഴും മരണത്തിന് കാരണമാകും.

ഹാന്റാവൈറസ്‌ പൾമണറി സിൻഡ്രോം

HFRS രോഗത്തേക്കാൾ അപകടകരവും, അറുപതു ശതമാനം വരെ മരണ നിരക്ക് ഉണ്ടാക്കാനും സാധ്യതയുണ്ട്. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങൾ , പനി, കിടുങ്ങൽ, ദേഹാസ്വാസ്ഥ്യം, വയറുവേദന, ശർദി, വയറിളക്കo, തലകറക്കം, കടുത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയവ അനുഭവപ്പെടുന്നു. രോഗം മൂർച്ഛിക്കുന്നതോടു കൂടി ഹൃദയം ഇടിപ്പ് താളം തെറ്റുകയും ( Arrhythmia ), ശ്വാസകോശത്തിൽ നീർകെട്ടുണ്ടാകുകയും(Pulmonary edema), രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്നു. ഇത് മൂലം ഉണ്ടാകുന്ന ഷോക്ക് മരണം സംഭവിക്കാൻ കാരണമായേക്കാം. രോഗ മുക്തി നേടിയവർ നെഞ്ചു വരിഞ്ഞു മുറുക്കിയ പോലുള്ള വേദന അനുഭവപ്പെട്ടതായി പറയുന്നു.

ഹാന്റാവൈറസ്‌ പൾമണറി സിൻഡ്രോം Illustration by Electronic Illustrators Group. © 2016 Cengage Learning®.

 

എങ്ങനെ രോഗം നിർണയിക്കാം ?

പ്രാരംഭ രോഗ ലക്ഷണങ്ങൾ നിർദ്ദിഷ്ടമല്ലാത്തതിനാൽ രോഗ ലക്ഷണങ്ങൾ കൊണ്ട് മാത്രം ഹാന്റാവൈറ്സ് രോഗം കണ്ടെത്തുവാൻ സാധിക്കുകയില്ല. സെറോളജിക്കൽ ടെസ്റ്റുകളായ IFA (ഇമ്മുണോ ഫ്ലൂറസന്സ്  അസ്സയ്), എലൈസ (ELISA) എന്നിവ ഉപയോഗിച്ചു ഹാന്റാവൈറസിനെതിരെ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികളെ ( ഐജി എം IgM, ഐജി ജി  IgG ) കണ്ടെത്തി രോഗം കണ്ടുപിടിക്കുകയാണ് സാധാരണ ആയി ചെയ്യുന്നത്. റിവേഴ്‌സ് ട്രാൻസ്‌ക്രിപ്റ്റേസ് പോളിമറേസ് ചെയിൻ റീയാക്ഷൻ (RT-PCR) ഉപയോഗിച്ച് ഹാന്റാവൈറസിന്റെ ജനിതക ഘടന കണ്ടെത്തിയും രോഗം നിർണയിക്കാം.

എന്താണ് ചികിത്സ ?

വൈറസ് രോഗങ്ങൾക്ക് എതിരെയുള്ള മരുന്നുകൾ താരതമ്യേന മറ്റു സാംക്രമിക രോഗങ്ങളെ അപേക്ഷിച്ഛ് കുറവാണ്. ഹാന്റാവൈറസ്സിനെതിരെയുള്ള  നിർദ്ദിഷ്ടമായ ആന്റിവൈറൽ മരുന്നുകൾ ലഭ്യമല്ല. റൈബാവിറിൻ എന്ന ആന്റിവൈറൽ മരുന്നാണ് നിലവിൽ ഹാന്റാവൈറസ് രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇവ HFRS രോഗത്തിന്റെ ചികിത്സയ്ക് ഫലപ്രദമാണ്.

ശരീരത്തിന്റെ സാധാരണ സ്ഥിതിഗതികൾ നിലനിർത്താനായുള്ള സപ്പോർട്ടീവ് തെറാപ്പി തന്നെയാണ് ഹാന്റാവൈറസ് രോഗങ്ങളുടെയും പ്രധാന ചികിത്സാ രീതി. നിർജലീകരണം തടയാനായുള്ള ഫ്ലൂയിഡ് തെറാപ്പി, ശ്വസനം നിലനിർത്താനായുള്ള  വെന്റിലേറ്റർ ഉപയോഗം, ഇതര രോഗ ബാധയുണ്ടാകാതിരിക്കാൻ  ആന്റിബൈയോട്ടിക്ക് തെറാപ്പി, എന്നിവയെല്ലാം ഉൾപ്പെടുന്ന സപ്പോർട്ടീവ് തെറാപ്പിയിലൂടെ രോഗം ഭേദപെടുത്തുവാൻ കഴിയും.

ഹാന്റാവൈറസിനെ എങ്ങനെ പ്രതിരോധിക്കാം ?

  • എലികളിലൂടെ പകരുന്ന മറ്റു രോഗങ്ങളുടേതെന്നപോലെ  എലികളുടെ നിയന്ത്രണം തന്നെയാണ് ഹാന്റാവൈറസിന്റെയും പ്രധാന പ്രതിരോധ മാർഗം. അശാസ്ത്രീയമായ മാലിന്യ സംസ്കരണവും, ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ലാത്ത മാലിന്യ കൂമ്പാരങ്ങളും എല്ലാം നമ്മുടെ നാട്ടിൽ എലികളുടെ പെറ്റുപെരുകലിന് കാരണമായിട്ടുണ്ട്. സുലഭമായ ആഹാര സ്രോതസാണ് ഈ വലിച്ചെറിയപ്പെടുന്ന മാലിന്യകൂമ്പാരങ്ങൾ എലിവർഗത്തിനും, തെരുവ് നായകൾക്കും ഒക്കെ നൽകുന്നത്. നല്ല ഭക്ഷണം ലഭിക്കുമ്പോൾ ഇവയുടെ പ്രജനന ശേഷി വർധിക്കുകയും അവ ധാരാളമായി പെറ്റുപെരുകുകയും ചെയ്യുന്നു. ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണം എലികളുടെ പെരുകല്‍ കുറയ്ക്കാൻ സഹായിക്കും.
  • കാർഷികവൃത്തിയുമായി ബന്ധപെട്ട് പണ്ട് മുതൽക്കേ തന്നെ  ധാന്യങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ സൂക്ഷിക്കുന്നിടത്ത്  എലികളെ ധാരാളമായി കണ്ടുവരുന്നു. ഇത് നിയന്ത്രിക്കാനായുള്ള ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കേണ്ടതുണ്ട്.
  • എലി ശല്യമുള്ള പ്രദേശങ്ങളിൽ ശുചീകരണം അടങ്ങിയ പ്രവൃത്തികൾ ചെയ്യുമ്പോൾ വൈറസ് അടങ്ങിയ ഏറോസോളുകൾ ശ്വസിക്കാനിടയുണ്ട്. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. മുഖം, മാസ്ക് കൊണ്ടോ, തൂവാലകൊണ്ടോ മറയ്ക്കുക, കയ്യുറകൾ ഉപയോഗിക്കുക തുടങ്ങിയവ പാലിക്കാം.
  • മറ്റു ഏതസുഖങ്ങളുടെയും പ്രതിരോധത്തിനെന്നപോലെ വ്യക്തി ശുചിത്വം പുലർത്തുക എന്നതാണ് ഇവിടെയും പ്രധാനം.
  • നിലവിൽ HFRS രോഗത്തിനെതിരെ കൊറിയയിൽ പ്രതിരോധ കുത്തിവെപ്പുകൾ (വാക്‌സിൻ) ഉപയോഗിക്കുന്നുണ്ട്. എന്നാൽ HPS രോഗത്തിനെതിരെ നിലവിൽ വാക്സിൻ ലഭ്യമല്ല.

എലികളുടെ സാന്നിദ്ധ്യം നമ്മുടെ നാട്ടിൽ ഉണ്ടെന്നുള്ള യാഥാർത്ഥ്യ ബോധം കൊണ്ടും, ഹാന്റാ വൈറസിന്റെ സാന്നിദ്ധ്യം ഇന്ത്യയിൽ നടത്തിയ   സീറോസർവൈലൻസ് എപിഡെമിയോളജി പഠനങ്ങളിൽ കണ്ടത്തിയിട്ടുള്ളതിനാലും, 2017 ൽ മുംബൈയിൽ ഒൻപതു വയസ്സുളള ഒരു കുട്ടിയിൽ ഹാന്റാവൈറസ് രോഗബാധ സ്ഥിതീകരിച്ചിരുന്നു എന്നത് കണക്കിലെടുത്തും ഈ രോഗത്തെ പറ്റി നാം അവബോധമുള്ളവരാകേണ്ടതാണ്. മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതുമാണ്.. ഹാന്റാ വൈറസിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നമ്മുടെ രാജ്യത്തു നടക്കേണ്ടത് ഈ രോഗത്തെ നല്ല രീതിയിൽ പ്രതിരോധിക്കാൻ ആവശ്യമാണ്.


പോണ്ടിച്ചേരിയിലെ രാജീവ് ഗാന്ധി  ഇൻസ്റ്റിട്യൂട്ട് ഓഫ് വെറ്ററിനറി എഡ്യൂക്കേഷൻ & റിസേർച്  വെറ്ററിനറി പബ്ലിക് ഹെൽത്ത് & എപിഡെമിയോളജി വിഭാഗത്തില്‍ എം.വി.എസ് സി  സ്കോളറാണ് ലേഖകന്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 ഉം ഇൻക്യുബേഷൻ കാലവും
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 12
Close