ആദിത്യ L1 2024 ജനുവരി 6 വൈകിട്ട് ആറ് മണിയോടെ ഭ്രമണപഥത്തിലെത്തി. 2023 സെപ്റ്റംബർ 2 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം നാലുമാസത്തെ പ്രയാണത്തിന് ശേഷമാണ് 15 ലക്ഷം കിലോമീറ്റർ ദൂരെയുള്ള Lagrangian point L1 നു ചുറ്റുമുള്ള ഹാലോ ഓർബിറ്റ് എന്ന ലക്ഷ്യം കണ്ടത്. തടസ്സങ്ങൾ കൂടാതെ സൂര്യനെ നിരീക്ഷിക്കാനും പഠനം നടന്നതുന്നതിനും പേടകത്തിന് ഇനി സാധിക്കും.
ഭൂമിയിൽ നിന്നും സൂര്യന്റെ നേരെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ചിയൻ പോയിൻ്റിൻ്റെ (L1) ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്കാണ് ആദിത്യ ഇപ്പോൾ എത്തിയത്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനം മാത്രമാണിത്. എന്നാൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ ഏതാണ്ട് നാലിരട്ടി വരും. അവിടെ അത് ഒരു പ്രത്യേക ഭ്രമണപഥത്തിൽ സൂര്യനെ ഒരു കൃത്രിമഗ്രഹ എന്ന നിലയിൽ ചുറ്റിക്കൊണ്ടിരിക്കും. ഭൂമിയെപ്പോലെ തന്നെ നമ്മുടെ ആദിത്യയും 365 ദിവസം കൊണ്ടാകും സൂര്യനെ കറങ്ങി വരിക. ഇതാണ് L1 പ്രദേശത്ത് അതിനെ എത്തിച്ചതു കൊണ്ടുണ്ടാവുന്ന ഒരു ഗുണം. അതിനാൽ അത് ഒരിക്കലും ഭൂമിയിൽ നിന്നും അധിക ദൂരത്തിലേക്കു നീങ്ങില്ല. ഇത് വാർത്താവിനിമയം എളുപ്പമാക്കും. ആദിത്യ ഒരിക്കലും ഭൂമിയുടെയോ ചന്ദ്രൻ്റെയോ നിഴലിലേക്ക് പോവില്ല എന്നതിനാൽ വർഷത്തിൽ 365 ദിവസവും രാപകലില്ലാതെ സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കാം എന്ന ഗുണവുമുണ്ട്.
അഞ്ചു വർഷക്കാലം സൗരവാതങ്ങളെ കുറിച്ചും സൂര്യൻറെ കൊറോണ ഫോട്ടോസ്ഫിയർ ക്രോമോസ്ഫിയർ കാന്തികമണ്ഡലം എന്നിവയെക്കുറിച്ചും ആദിത്യ പഠനം നടത്തും. സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ സൂര്യനെ കുറിച്ചുള്ള നിരവധി വിവരങ്ങളും ചിത്രങ്ങളും ആദിത്യ ഭൂമിയിലേക്ക് അയക്കുകയുണ്ടായി.
വാർത്ത : https://www.isro.gov.in/halo-orbit-insertion-adtya-l1.html