Read Time:38 Minute
രുക്‌മിണി എസ് എഴുതിയ Whole Numbers and Half Truths എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.

ഇത് ഡാറ്റയുടെ ലോകം. ഡാറ്റ, വായുവും ഇന്ധനവും സ്വത്തും ആവുന്ന സമയം… നാമോരോരുത്തരും ഒരേ സമയം ഡാറ്റയുടെ ഉപഭോക്താക്കളും ഡാറ്റതന്നെയും ആവുന്ന കാലം.

ഒരു രാജ്യത്തെ സംബന്ധിച്ച ഡാറ്റ, ആ രാജ്യം എന്തായിരുന്നു, എന്താണ്, എന്താകണം എന്നതിന്റെ നേർചിത്രമാണ് തരുന്നത്. വിശേഷിച്ചും ഇന്ത്യയെപ്പോലെ ഒരു വലിയ, തിരക്കേറിയ, ബഹുസ്വരമായ രാജ്യത്തിന്റെ സംസ്കാരത്തെയോ രാഷ്ട്രീയത്തെയോ ഭരണപ്രക്രിയയെയോ ഒന്നും ഒറ്റ സമവാക്യത്തിൽ ഒതുക്കാനോ ഒറ്റ ചിത്രത്തിൽ വരയ്ക്കാനോ സാധ്യമല്ല. അവിടെയാണ് ഡാറ്റയുടെ പ്രാധാന്യം. ഡാറ്റയാൽ സമ്പുഷ്ടമാണ് ഇന്ത്യ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാറ്റ ഇവിടെ ലഭ്യമാണ്. എന്നാൽ നിലവിൽ ലഭ്യമായ ഡാറ്റ നൽകുന്ന ആധുനിക ഇന്ത്യയുടെ  ചിത്രം, നാം കരുതുന്നതിൽനിന്നും നമ്മെ വിശ്വസിപ്പിച്ചിട്ടുള്ളതിൽനിന്നും എത്രമാത്രം വിഭിന്നമായിരിക്കുന്നു എന്നാണ് രുക്‌മിണി എസ്. എഴുതി വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ് 2021ൽ പ്രസിദ്ധീകരിച്ച ‘Whole Numbers and Half Truths’ എന്ന പുസ്തകം ചർച്ച ചെയ്യുന്നത്.

രുക്‌മിണി എസ്. ഒരു ഡാറ്റാ ജേണലിസ്റ്റാണ്. മുൻപ് ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലവിൽ മിന്റ്, ഇന്ത്യസ്‌പെൻഡ്, ദി ഗാർഡിയൻ എന്നിവയുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ സ്വതന്ത്ര ഡാറ്റാ ജേർണലിസ്റ്റായി എഴുതിവരുന്നു.

ലഭ്യമായ സർക്കാർ-സർക്കാരിതര ഉറവിടങ്ങളിൽനിന്നുള്ള വിവിധതരം ഡാറ്റകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയാണ് രുക്‌മിണി ഈ പുസ്തകത്തിൽ. ഇന്ത്യക്കാർ എന്ത് ജോലി ചെയ്യുന്നു, എന്ത് കഴിക്കുന്നു, എത്ര പേർ ഗ്രാമങ്ങളിൽ താമസിക്കുന്നു, നഗരങ്ങളിൽ എത്ര പേർ താമസിക്കുന്നു, ഇന്ത്യ എങ്ങനെ വോട്ട് ചെയ്യുന്നു, ചെയ്യാതിരിക്കുന്നു, ഇന്ത്യക്കാർ എത്ര പണം സമ്പാദിക്കുന്നു, അതെങ്ങനെ ചെലവഴിക്കുന്നു, ആരാണ് മധ്യവർഗം, ഡൽഹി യഥാർത്ഥത്തിൽ ഇന്ത്യയുടെ rape capital ആണോ ഇങ്ങനെ വലുതും ചെറുതുമായ നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്. പൂർണ്ണമായും ഡാറ്റയുടെ അടിസ്ഥാനത്തിൽ.

പുസ്തകം പ്രധാനമായും ആശ്രയിക്കുന്നത് സർക്കാർ നേതൃത്വത്തിൽ ശേഖരിച്ചിട്ടുള്ള പൊതു ഡാറ്റയെ ആണ്. ദേശീയ സെൻസസ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, നാഷണൽ ഫാമിലി ഹെൽത്ത് സർവേ, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ ഹെൽത്ത് മിഷൻ, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം, സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം തുടങ്ങിയവയിൽ നിന്നുള്ളത്. ഇതിനുപുറമേ ഉയർന്ന നിലവാരമുള്ള സ്വകാര്യ ഡാറ്റാസ്രോതസ്സുകളും രുക്‌മിണി ഉൾപ്പെടുത്തിയിട്ടുണ്ട് (ഉദാ: ഇന്ത്യൻ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേകൾ, ലോക്‌നീതി-CSDS സർവേകൾ, ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി ചേർന്നുള്ള ലോക് സർവേ, CMIE സർവ്വേകൾ). പുസ്തകത്തിൽ ഓരോ ഡാറ്റയും പ്രതിപാദിക്കുന്നിടത് അത് കൃത്യമായി ഉദ്ധരിക്കുകയും സ്രോതസ്സിന്റെ വിശദാംശങ്ങൾ സൂചികയിൽ നൽകുകയും, വേണ്ടയിടങ്ങളിൽ ഡാറ്റയുടെ പരിമിതികൾ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ലഭ്യമായ വിവിധ ഡാറ്റകളുടെ ശേഖരണവും വിശദീകരണവും മാത്രമല്ല എഴുത്തുകാരി നൽകുന്നത്. പകരം രുക്‌മിണി ഇവിടെ കുറച്ചധികം ദൂരംകൂടി സഞ്ചരിക്കുകയും ഇന്ത്യ എന്ന സമൂഹത്തെയും  സ്ഥാപനത്തെയും സംബന്ധിച്ച നിരവധി ആഖ്യാനങ്ങളെ ചോദ്യംചെയ്യുകയും തകർക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും രണ്ട് ചോദ്യങ്ങൾക്കാണ് എഴുത്തുകാരി ഉത്തരം നൽകാൻ ശ്രമിക്കുന്നത്.

  1. ഡാറ്റയിലെ ഇന്ത്യ എന്താണ്?
  2. ഇന്ത്യയിലെ ഡാറ്റ എന്താണ്?

ഡാറ്റയിലെ ഇന്ത്യ

ഇന്ത്യയെക്കുറിച്ച് ഇന്ത്യക്കാർക്കിടയിലുള്ള ആഖ്യാനങ്ങൾ പല രീതിയിൽ സ്വാധീനിക്കപ്പെട്ടിട്ടുള്ളവയാണ്. മാധ്യമങ്ങൾ പറയുന്നത്, രാഷ്ട്രീയനേതാക്കൾ പറയുന്നത്, സുഹൃത്തുക്കൾ പറയുന്നത്, മതനേതാക്കൾ പറയുന്നത്, സോഷ്യൽമീഡിയ പറയുന്നത് എന്നിങ്ങനെ പലതും. എന്നാൽ വിശ്വസനീയമായ ഡാറ്റാസ്രോതസ്സുകൾ ഇന്ത്യയെക്കുറിച്ച് എന്തുപറയുന്നു എന്ന അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതൽ. പത്ത് അദ്ധ്യായങ്ങളിലായി, പത്ത് വ്യത്യസ്ത വിഷയങ്ങളിൽ ആധുനിക ഇന്ത്യ എന്താണെന്നും പ്രചാരത്തിലുള്ള ആഖ്യാനങ്ങളിൽനിന്ന് ഇന്ത്യ എങ്ങനെ എത്രത്തോളം വ്യത്യസ്തമായിരിക്കുന്നു എന്നും ഡാറ്റയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് എഴുത്തുകാരി. അങ്ങനെ ലഭിക്കുന്ന ആധുനിക ഇന്ത്യയുടെ ചിത്രം പലപ്പോഴും നമ്മുടെ പൊതുബോധത്തിൽ നിന്ന് വളരെ വിഭിന്നമാണ് എന്നുകാണാം. പുസ്തകത്തിൽനിന്നുള്ള ചില ഉദാഹരണങ്ങൾ പരിശോധിക്കാം.

ഉള്ളിന്റെ ഉള്ളിൽ ഇന്ത്യക്കാർ യാഥാസ്ഥിതികരും, മൗലികവാദികൾപോലുമാണെന്നുള്ള അപ്രിയസത്യം പുസ്തകത്തിൽ വായിക്കാൻ സാധിക്കും(അധ്യായം 2). ജനാധിപത്യത്തെ നാം കരുതുന്ന അത്രയും പ്രാധാന്യത്തോടെയല്ല ഇന്ത്യക്കാർ കാണുന്നത് എന്ന് വിവിധ സർവേ ഫലങ്ങൾ ഉദ്ധരിച്ചുകൊണ്ട് രുക്‌മിണി വിശദീകരിക്കുന്നു. പൗരാവകാശങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാടുകൾ പല രാജ്യങ്ങളേക്കാൾ (പാകിസ്ഥാൻ ഉൾപ്പെടെ) പിന്തിരിപ്പനാണ് എന്നും അഭിപ്രായസ്വാതന്ത്ര്യം എന്നത് ഇന്ത്യക്കാർക്ക് ‘അത്ര’ പ്രധാനപ്പെട്ടതല്ലെന്നും മറ്റുരാജ്യക്കാരെ അപേക്ഷിച്ച് നല്ലൊരു ശതമാനം ഇന്ത്യക്കാർ ‘ഒരു ശക്തനായ ഭരണാധികാരിയുടെയോ ആർമിയുടെയോ’ കീഴിലൂള്ള ഭരണത്തെ പിന്തുണയ്ക്കുന്നു എന്നുമെല്ലാം ഡാറ്റയുടെ അടിസ്ഥാനത്തിൽ രുക്‌മിണി ചർച്ച ചെയ്യുന്നു.

ജാതി-മത ചിന്തകളുടെ കാര്യത്തിലും ഒട്ടും ശുഭകരമല്ല കാര്യങ്ങൾ (അധ്യായം 2). 85 ശതമാനത്തോളം ഇന്ത്യക്കാർ വ്യത്യസ്ത മതസ്ഥർ തമ്മിലുള്ള വിവാഹത്തെ എതിർക്കുന്നവരാണ്. ബ്രാഹ്മണജാതിക്കാരിൽ ഏകദേശം 52% പേർ തങ്ങൾ തൊട്ടുകൂടായ്മ ആചരിക്കുന്നുണ്ടെന്ന് തുറന്ന് അംഗീകരിക്കുന്നു. അവരിൽതന്നെ ഉയർന്ന സാമ്പത്തികനില, കൂടിയ തൊട്ടുകൂടായ്മയുമായി ചേർന്നുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. മദ്ധ്യ-ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മറ്റുസംസ്ഥാനങ്ങളേക്കാൾ കൂടുതൽ തൊട്ടുകൂട്ടായ്മ ആചരിക്കുന്നത്. തൊട്ടൂകൂടായ്മയെ ഉന്നതജാതിക്കാർ എങ്ങനെ നിർവചിക്കുന്നു എന്നതും, എത്രപേർ അത് തുറന്നുപറയാതിരിക്കുന്നു എന്നതും കൂടി ചേർത്തുവായിക്കുമ്പോൾ കുറേക്കൂടി ഭീതിദമായ ചിത്രം ലഭിക്കും. അയൽക്കാരെ ഉൾക്കൊള്ളുന്നതിൽ, വീട് വാടകയ്ക്ക് കൊടുക്കുന്നതിൽ, കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ തുടങ്ങി ഇന്ത്യയിൽ മനുഷ്യൻ എന്ന സാമൂഹികജീവിയുടെ ജീവിതത്തിലെ നാനാതുറകളിൽ ജാതിയും മതവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന കണക്കുകൾ ഈ പുസ്തകത്തിൽ(അധ്യായങ്ങൾ 2,4,9) കാണാം.

ഇന്ത്യയിലെ ജനസംഖ്യാവളർച്ചയുടെ നിരക്ക് മുമ്പത്തേതിനേക്കാൾ വളരെയേറെ  കുറഞ്ഞിട്ടുണ്ട്(അധ്യായം8). എന്നാൽ പൊതുവിടങ്ങളിൽ പ്രചരിക്കുന്നത് അങ്ങനെയല്ല. 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഒരു ‘ജനസംഖ്യാ വിസ്ഫോടനം’ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും അത് നേരിടാൻ വേണ്ടിയുള്ള പദ്ധതികൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ കണക്കുകൾ നോക്കിയാലോ? ശരാശരി ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്നതാണ് ജനസംഖ്യ അതേ നിലയിൽ തുടരുന്നതിനായി കണക്കാക്കിയിട്ടുള്ള ‘replacement level of fertility’. 2013-ഓടെ ഇന്ത്യയുടെ ആകെ പ്രത്യുല്പാദനനിരക്ക് (TFR) ഒരു സ്ത്രീക്ക് 2.3 കുട്ടികൾ എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾതന്നെ 2.1 എന്ന നിരക്കിൽ എത്തിയിട്ടുമുണ്ട്. ജനസംഖ്യാവിസ്ഫോടനത്തേക്കാൾ, ജനസംഖ്യ കുറഞ്ഞുവരുന്നതിന്റെ ഫലമായി സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നേരിടാൻ ഇന്ത്യ തയ്യാറാകേണ്ട സമയമായിരിക്കുന്നു എന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.

വർഷങ്ങളായി നമ്മൾ ഇന്ത്യൻ മധ്യവർഗത്തെക്കുറിച്ച്(middle class) ചർച്ച ചെയ്യുകയും സ്വയം മധ്യവർഗകുടുംബം എന്ന് വിശേഷിപ്പിക്കുകയും ചെയ്യാറുണ്ടല്ലോ. ഇന്ത്യൻ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേ (IHDS)യുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2011-12ൽ രാജ്യത്തെ ശരാശരി കുടുംബവരുമാനം 1.13 ലക്ഷം രൂപയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മധ്യവർഗം എന്ന നമ്മുടെ പൊതുചിത്രം ഈ പുസ്തകം തകർക്കുന്നുണ്ട്.(അധ്യായം 5). ‘നിങ്ങൾ എന്റെ ഈ പുസ്തകം വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മധ്യവർഗമല്ല’ എന്ന അല്പം സാമാന്യവൽക്കരിച്ച ഒന്നാണെങ്കിലും, ലളിതവും എന്നാൽ ശക്തവുമായ ഒരു വാചകം കൂടി രുക്‌മിണി ഇവിടെ ചേർക്കുന്നുണ്ട്.

കണക്കുകൾപ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ വളരെ കുറഞ്ഞിരിക്കുമ്പോഴും തൊഴിൽ മേഖലയിലെ ഇന്ത്യൻ കണക്കുകൾ അത്ര ആരോഗ്യകരമായ തൊഴിൽസംസ്കാരമല്ല സൂചിപ്പിക്കുന്നത്(അധ്യായം 7). ലോകത്ത് തൊഴിൽ ചെയ്യാൻവേണ്ടി ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.  ഗാംബിയ, മംഗോളിയ, മാലിദ്വീപ്, ഖത്തർ (ജനസംഖ്യയുടെ നാലിലൊന്ന് ഇന്ത്യക്കാരുള്ള രാജ്യമാണ്) എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ മോശമായ അവസ്ഥയിലുള്ളത്. നഗരങ്ങളിലെ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികൾക്കാണ് ഗ്രാമീണരേക്കാൾ കൂടുതൽ സമയം തൊഴിലിനായി നീക്കിവെക്കേണ്ടിവരുന്നത്. തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം ഇന്ത്യയിൽ വളരെ കുറവാണ്. ആഗോളതലത്തിൽ സിറിയയും ഇറാഖും ഉൾപ്പെടെയുള്ള ഒൻപതുരാജ്യങ്ങൾ മാത്രമാണ് ഈ വിഷയത്തിൽ ഇന്ത്യയേക്കാൾ മോശം അവസ്ഥയിൽ ഉള്ളത്.

എങ്ങനെയാണ് ഇന്ത്യ (യഥാർത്ഥത്തിൽ) വോട്ട് ചെയ്യുന്നത്, ഇന്ത്യയിൽ ആരെല്ലാമാണ് വോട്ട് ചെയ്യുന്നത്, ആരെല്ലാമാണ് വോട്ട് ചെയ്യാത്തത് സമ്പന്നരും ദരിദ്രരും വോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള കാരണങ്ങൾ എന്തെല്ലാമാണ്, വോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും ആർക്ക് ചെയ്യണം എന്ന്  തീരുമാനിക്കാനും ജാതി, മതം വർഗ്ഗം, ലിംഗം തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയ ഡാറ്റാധിഷ്ഠിത ചർച്ച മൂന്നാമത്തെ അധ്യായത്തിൽ കാണാം. കൂടുതൽ മാധ്യമസ്വാധീനം ഉള്ള വിഭാഗങ്ങൾക്കിടയിൽ ദേശീയതലത്തിൽ BJP വോട്ടുകൾ കൂടിയപ്പോൾ അത് ലഭിക്കാത്ത വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസ് വോട്ടുകൾ കൂടിയതിന്റെ പുറകിലെ രാഷ്ട്രീയനീക്കം എന്തെന്നും ഇതിൽ വായിക്കാം. CAA പ്രതിഷേധസമരങ്ങൾക്കുശേഷം നടന്ന ഡൽഹി തെരഞ്ഞെടുപ്പുഫലം മുൻനിർത്തി, ‘ഇന്ത്യക്കാർ വികസനത്തിന് ആണ് വോട്ട് ചെയ്യുമ്പോൾ പ്രാധാന്യം നൽകുന്നത്’ എന്ന ആഖ്യാനം എത്രത്തോളം തെറ്റാണെന്ന് ഡാറ്റയുടെ അടിസ്ഥാനമാക്കി ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

ഇന്ത്യക്കാർ കൂടുതൽ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും ഏതെല്ലാം ആണ്, കുടിക്കുന്ന മദ്യം വിദേശി ആണോ സ്വദേശി ആണോ തുടങ്ങിയ രസകരമായ കണക്കുകളും പുസ്തകത്തിലുണ്ട് (അധ്യായം 4). ശരാശരി മലയാളി ഒരു മാസത്തിൽ പത്ത് നേന്ത്രപ്പഴവും അഞ്ച് തേങ്ങയും കഴിക്കുന്നു എന്നറിയാമോ? കേരളം ഏറ്റവും കൂടുതൽ മത്സ്യം കഴിക്കുമ്പോൾ ആന്ധ്രപ്രദേശ് ഏറ്റവും കൂടുതൽ ചിക്കനും ജമ്മു കശ്മീർ മട്ടനും കഴിക്കുന്നു. നഗരങ്ങളിലെ ഗാർഹിക ചെലവുകളുടെ ഏറ്റവും വലിയ പങ്ക് ധാന്യങ്ങളിൽനിന്ന് പാലും പാലുൽപ്പന്നങ്ങളിലേക്കും (2011 – 12) പിന്നീട് റിഫ്രഷ്‌മെന്റുകൾ, സംസ്‌കരിച്ച ഭക്ഷണം (2017-18 ൽ) എന്നിവയിലേക്കും മാറിയതെങ്ങനെയെന്ന് ഇതേ അധ്യായത്തിൽ കാണാം. ഇന്ത്യക്കാരുടെ പ്രാർത്ഥന, വിനോദം, പ്രണയം, വിവാഹം എന്നിവ എങ്ങനെ? (അധ്യായം 4),  ഇന്ത്യ എങ്ങനെ വളരുകയും പ്രായമാകുകയും ചെയ്യുന്നു? (അധ്യായം 8)  ഇന്ത്യ എവിടെ, എങ്ങനെ ജീവിക്കുന്നു? (അധ്യായം 9) ഇന്ത്യ എങ്ങനെ രോഗബാധിതയാകുകയും സുഖപ്പെടുകയും ചെയ്യുന്നു?(അധ്യായം 10) എന്നിങ്ങനെ നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ പുസ്തകത്തിലെ പത്ത് അധ്യായങ്ങളിലായി വായിക്കാം.

ഇന്ത്യയിലെ ഡാറ്റ

പൊതുമണ്ഡലത്തിൽ നിലവിലുള്ള ആഖ്യാനങ്ങളിൽനിന്നും വ്യത്യസ്തമായി ഇന്ത്യയെക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഉറ്റുനോക്കുന്നത് ഡാറ്റയിലേക്കാണ്. സർക്കാർ ഏജൻസികളോ, സ്വകാര്യ സ്ഥാപനങ്ങളോ പുറത്തുവിടുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ നമ്മൾ അഭിപ്രായങ്ങൾ രൂപീകരിക്കുകയും സംവാദങ്ങൾ നടത്തുകയും ചെയ്യുന്നു. എന്നാൽ ഈ ഡാറ്റ എത്രമാത്രം യഥാർത്ഥ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്ന് രുക്‌മിണി പരിശോധിക്കുന്നുണ്ട്. ഡാറ്റാശേഖരണം മുതൽ ഡാറ്റാവായന വരെ നീണ്ടുനിൽക്കുന്ന പ്രക്രിയയിൽ മനപ്പൂർവ്വവും അല്ലാത്തതുമായ പിഴവുകളും പരിമിതികളും ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ വിശകലനവും പുസ്തകത്തിൽ അങ്ങോളമിങ്ങോളം കാണാം.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ആവട്ടെ, നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ ആവട്ടെ, നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ ആവട്ടെ, ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിടുന്ന വിവിധ സ്ഥാപനങ്ങളാവട്ടെ, കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികളുടെ ഡാറ്റാശേഖരണ സമ്പ്രദായത്തിൽ എണ്ണമറ്റ ന്യൂനതകൾ നില നിൽക്കുന്നുണ്ട്. ശേഖരണരീതിയിലെ ന്യൂനതകൾ തീർച്ചയായും ശേഖരിച്ച ഡാറ്റയുടെ ഗുണനിലവാരത്തിലും കൃത്യതയിലും പ്രതിഫലിക്കപ്പെടും. ഏതാനും ചില ഉദാഹരണങ്ങൾ നോക്കാം.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിൽ ഫയൽ ചെയ്ത FIRകളുടെ അടിസ്ഥാനത്തിൽ വർഷം തോറും സമാഹരിക്കുന്ന റിപ്പോർട്ടാണ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ഏക ഔദ്യോഗിക സ്ഥിതിവിവരക്കണക്ക്. 2012ൽ ഇന്ത്യയെ ഇളക്കിമറിച്ച ‘നിർഭയ’ കേസ്, ആ വർഷം NCRB പുറത്തു വിട്ട ബലാത്സംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് വിശ്വസിക്കാൻ സാധിക്കുമോ? ഇത് മനപ്പൂർവം ഉള്ള മാറ്റി നിർത്തലല്ല മറിച്ച് NCRBയുടെ ഡാറ്റാശേഖരണരീതിയുടെ ഒരു പരിമിതിയാണ്. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ചുമത്തുന്ന വകുപ്പുകൾപ്രകാരം  ‘ഏറ്റവും ഹീനമായ’ കുറ്റകൃത്യംമാത്രം തിരഞ്ഞെടുക്കുന്ന ‘പ്രിൻസിപ്പൽ ഒഫൻസ് റൂൾ’ അനുസരിച്ചാണ് NCRB ഡാറ്റ ശേഖരിക്കുന്നത്. അതുപ്രകാരം ബലാൽസംഗവും കൊലപാതകവും നടന്ന സംഭവങ്ങൾ കൊലപാതകങ്ങളുടെ NCRB പട്ടികയിൽ മാത്രമാണ് ഉൾപ്പെടുന്നത്. റിപ്പോർട് ചെയ്യപ്പെട്ട, ബലാൽസംഗത്തിനുശേഷം കൊലപാതകം നടന്ന കേസുകൾ ഒന്നും തന്നെ NCRBയുടെ ബലാത്സംഗങ്ങളുടെ കണക്കിൽപ്പെടുന്നില്ല എന്ന് ചുരുക്കം (അധ്യായം 1). നമ്മൾ ആശ്രയിക്കുന്ന ഡാറ്റയുടെ പരിമിതികൾ എന്തെല്ലാമാണ്, തന്നിരിക്കുന്ന ഡാറ്റ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നത് എന്തിനെയാണെന്നെല്ലാം കൃത്യമായി മനസിലാക്കാതെയുള്ള അവലോകനം തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നത് എങ്ങനെ എന്നതിനുള്ള നിരവധി ഉദാഹരണങ്ങളും ഈ പുസ്തകത്തിലുണ്ട്.

മുകളിൽ സൂചിപ്പിച്ചത് ഡാറ്റാശേഖരണത്തിൽ സാങ്കേതികമായി സംഭവിക്കുന്ന ഒരു ന്യൂനതയാണ്. എന്നാൽ നിയമനിർമ്മാണ – സംരക്ഷണ വ്യവസ്ഥയിൽ സമൂഹത്തിലെ വ്യവസ്ഥാപിതമായ അനീതികൾ പ്രതിഫലിക്കുമ്പോൾ, അത് ഡാറ്റയുടെ പരിമിതി ആയി തെളിഞ്ഞുകിടക്കുന്നതാണ് പലപ്പോഴും കാണാൻ കഴിയുക. ഉദാഹരണത്തിന്, കുറ്റകൃത്യങ്ങളെ സംബന്ധിച്ച കണക്കുകൾ നോക്കാം. NCRB പുറത്തുവിട്ട ലൈംഗികാതിക്രമ കേസുകളുടെ കണക്കിൽ നല്ലൊരു ശതമാനവും ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങൾ ആയിരുന്നു എന്നും, അവ അന്തർ-ജാതി ബന്ധങ്ങളായതിനാൽ മാതാപിതാക്കൾ ബലാത്സംഗമായി കേസ് രജിസ്റ്റർ ചെയ്തവ ആണെന്നും രുക്‌മിണിതന്നെ നേരിട്ടുനടത്തിയ പഠനങ്ങൾ പങ്കുവെച്ചുകൊണ്ട് തെളിയിക്കുന്നുണ്ട് (അധ്യായം 1). അതോടൊപ്പം, റിപ്പോർട് ചെയ്യപ്പെടാത്ത അതിക്രമങ്ങൾ (ഉദാ: ഗാർഹിക അതിക്രമങ്ങൾ), നിയമത്തിന്റെ കണ്ണിൽ കുറ്റകൃത്യം ആയി കാണാത്ത അതിക്രമങ്ങൾ (ഉദാ: വിവാഹിതർക്കിടയിലെ ബലാത്സംഗങ്ങൾ) എന്നിവയുടെ എണ്ണം വളരെ കൂടുതലാണ്. NCRBയിൽനിന്ന് ലഭിക്കുന്ന കുറ്റകൃത്യഡാറ്റ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഒന്നാമത്തെ അധ്യായത്തിൽതന്നെ വായിക്കാം.

ഔദ്യോഗികഡാറ്റയിൽ മനപ്പൂർവം കൃത്രിമത്വം നടത്തുന്നതും വിരളമല്ല- അതിന്റെ കാരണങ്ങൾ രാഷ്ട്രീയ മുതലെടുപ്പോ രാജ്യത്തിന്റെ മുഖം സംരക്ഷിക്കലോ ആവാം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ത്യയുടെ COVID ഡാറ്റ (അധ്യായം 10). COVIDന് മുമ്പും ഇന്ത്യയിൽ നടക്കുന്ന പത്തുമരണങ്ങളിൽ ഒമ്പതെണ്ണം മാത്രമേ രജിസ്റ്റർ ചെയ്യാറുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ COVID മരണനിരക്കിന്റെ കാര്യത്തിൽ പ്രശ്നം കുറേക്കൂടി രൂക്ഷമായിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ COVID കണക്കുകളിൽ എങ്ങനെ കൃത്രിമത്വം നടന്നു എന്നും, ഇന്ത്യ COVIDനെ വിജയകരമായി നേരിടുന്നു എന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ അപൂർണ്ണഡാറ്റ എങ്ങനെ ഉപയോഗപ്പെടുത്തി എന്നും അധ്യായം പത്തിൽ വായിക്കാം.

ഡാറ്റയെ ഡാറ്റയ്ക്കപ്പുറത്തേക്ക് വായിക്കാത്തതിന്റെ പ്രശ്നമാണ് മറ്റൊന്ന്. ഏറെ വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ അത് പരമപ്രധാനമാണ് താനും. എന്നാൽ പലപ്പോഴും ഭാഗികമായ ഈ ഡാറ്റാവായന ബോധപൂർവമായ ഒരു ‘രാഷ്ട്രീയ’ ആയുധമാണ് എന്നതാണ് വാസ്തവം. ഒരു പ്രദേശത്തെ ഡാറ്റയെ അവിടത്തെ പശ്ചാത്തലവുമായി ചേർത്ത് വായിക്കാതെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതിന്റെ ഒരു ഉദാഹരണം നോക്കാം.  2021 അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രസ്താവനയുണ്ടായിരുന്നു. ‘ജൽ ജീവൻ ദൗത്യം’ തുടങ്ങിയശേഷം ദേശീയതലത്തിൽ 20% വീടുകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും എന്നാൽ കേരളത്തിൽ ഇതിന്റെ പുരോഗതി 4.5% മാത്രമാണ് എന്നുമായിരുന്നു ആ പ്രസ്താവന. ‘ക്രെഡിറ്റ് സംസ്ഥാന ഗവണ്മെന്റ് എടുത്തുകൊള്ളൂ പക്ഷെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്’ എന്നും അദ്ദേഹം പറയുകയുണ്ടായി.  NSS (നാഷണൽ സാമ്പിൾ സർവേ) റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ പ്രസ്താവന ശരിയുമാണ്. എന്നാൽ ഇതിലെ പ്രശ്നം എന്താണ്? ഉത്തരം NSS റിപ്പോർട്ടിൽതന്നെ ഉണ്ട്. മറ്റ് മിക്ക സംസ്ഥാനങ്ങളെയുംപോലെ കേരളത്തിൽ ഭൂരിപക്ഷം ജനങ്ങളും ഹാൻഡ് പമ്പുകളെയോ പൊതുടാപ്പുകളെയോ അല്ല ജലത്തിനായി ആശ്രയിക്കുന്നത്. മറിച്ച്, കേരളത്തിലെ 71% വീടുകളും സ്വകാര്യകിണറുകൾ ആണ് വെള്ളത്തിനായി ഉപയോഗിക്കുന്നത്.  കുടിവെള്ള വിതരണത്തിൽ മറ്റുസംസ്ഥാനങ്ങളെപ്പോലെ കേരളത്തിൽ വലിയ പുരോഗതി കാണാത്തതിന്റെ കാരണം അതാണ് (അധ്യായം 6).

ഡാറ്റയുടെ പുറത്തേക്ക് വായന വികസിപ്പിച്ചാൽ മാത്രമേ ഡാറ്റാവായന പൂർണ്ണമാവുകയുള്ളൂ. പലപ്പോഴും അത്തരം വായനകൾ ഡാറ്റ നേരിട്ട് നൽകിയ ചിത്രത്തിൽനിന്നും വ്യത്യസ്തമായ ഉത്തരങ്ങളായിരിക്കും നൽകുന്നത്. ഉദാഹരണത്തിന്, ബലാത്സംഗകേസുകളിൽ ഇന്ത്യയിലെ ശിക്ഷാനിരക്ക് ഇത്രയും കുറഞ്ഞിരിക്കുന്നതിന്റെ (2018 ൽ 27%) കാരണങ്ങൾ എന്തെല്ലാമാണ്, മുംബൈയിൽ 2015-2016 വർഷങ്ങളിൽ IPC സെക് ഷൻ 328 (വിഷപദാർത്ഥം ഉപയോഗിച്ച് ഉപദ്രവം ഏൽപ്പിക്കൽ) പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട നൂറുകണക്കിന് കേസുകളിൽ ശിക്ഷാ നിരക്ക് പൂജ്യം ആയത് എന്തുകൊണ്ട്, ഇന്ത്യയിലെ തൊഴിലില്ലായ്മ വളരെ കുറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്, തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം എഴുത്തുകാരി തേടുന്നുണ്ട്. ഇതിന്റെയൊന്നും ഉത്തരം കേവല ഡാറ്റാ വായനയിലല്ല, മറിച്ച് ഡാറ്റയിൽനിന്നും തുടങ്ങി പുറത്തേക്ക് നീളുന്ന വായനയിൽനിന്നേ ലഭിക്കുകയുള്ളൂ.

പലപ്പോഴും വിവിധ ഡാറ്റകൾ ചേർത്തുവെച്ച് വായിക്കുമ്പോഴാണ് യഥാർത്ഥ ഉത്തരം ലഭിക്കുക. ഉദാഹണത്തിനു ഇന്ത്യൻ ജനത വോട്ടിങ് തീരുമാനത്തിൽ പ്രധാന പരിഗണന നൽകുന്നത് വികസനത്തിനാണെന്ന് ചില സർവ്വേഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ വോട്ട് ചെയ്യാൻ പോകുന്ന സ്ഥാനാർത്ഥിയുടെ ജാതിയുടെ കാര്യം ചോദിക്കുമ്പോൾ ഇന്ത്യ മലക്കം മറിയുന്നതും കാണാം.

ഇന്ത്യയുടെ ഡാറ്റാസങ്കേതത്തിലെ അഞ്ച് പ്രധാനപ്രശ്നങ്ങൾ രുക്‌മിണി അവസാന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.

  • അവശ്യഡാറ്റ മുഴുവൻ ശേഖരിക്കാതിരിക്കുന്നത്.
  • നിലവിലുള്ള ഡാറ്റ ഉപയോഗയോഗ്യമായ രീതിയിൽ ക്രോഡീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാതിരിക്കുന്നത്.
  • ചില ഡാറ്റ അവ്യക്തമാക്കുകയോ അടിച്ചമർത്തുകയോ ചെയ്യുന്നത്.
  • ചില ഡാറ്റമാത്രം പറയുക, പറയുന്നതിനപ്പുറമുള്ളത് അമിതമായി പ്രചരിപ്പിക്കുക എന്നത്.
  • തങ്ങൾക്ക് അസൗകര്യമായ, അപ്രിയമായ ഡാറ്റയെ മാത്രം വിമർശിക്കുന്നത്. ഇവയിൽ ചിലത് സ്ഥാപനപരമായ പ്രശ്നങ്ങളാണെങ്കിൽ ചിലത് താരതമ്യേന പുതിയ രാഷ്ട്രീയപ്രശ്നങ്ങളാണ്. എന്നിരുന്നാലും, എല്ലാ ഔദ്യോഗിക ഡാറ്റയെയും നമ്മൾ സംശയിക്കേണ്ടതില്ല എന്ന് രുക്‌മിണി പറയുന്നുണ്ട്. മറിച്ച്, തുറന്ന മനസ്സോടെ, ശാസ്ത്ര ബോധത്തോടെയുള്ള ഡാറ്റാസംസ്കാരം (ഡാറ്റാശേഖരണം മുതൽ ഡാറ്റാവായന വരെ നീണ്ടുനിൽക്കുന്നത്) ഇന്ത്യയിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയ്ക്കാണ് എഴുത്തുകാരി ഊന്നൽ കൊടുക്കുന്നത്.

വായനാനുഭവം

ഒരു പക്ഷെ, പൂർണ്ണമായും ഡാറ്റയുടെ അടിസ്ഥാനത്തിൽ ആധുനിക ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ പുസ്തകമായിരിക്കും ഇത്. ഏറ്റവും മികച്ച ഡാറ്റയുടെ തിരഞ്ഞെടുപ്പ്, ഡാറ്റാസ്രോതസ്സുകളെക്കുറിച്ചുള്ള സുതാര്യത, ഉപയോഗിച്ചിട്ടുള്ള ഡാറ്റയുടെ ന്യൂനതകളെപ്പറ്റിയുള്ള വിശദീകരണം എന്നിവ പുസ്തകത്തിന്റെ കെട്ടുറപ്പ് കൂട്ടുന്നുണ്ട്. എഴുത്തുകാരി നടത്തുന്ന ഈ ഡാറ്റാധിഷ്ഠിത (data-driven) അന്വേഷണത്തിൽ മാധ്യമപ്രവർത്തനസ്വഭാവവും ഗവേഷണസ്വഭാവവും ഇട കലരുന്നത് കാണാൻ കഴിയും.

ഒരു മാധ്യമപ്രവർത്തക എന്നനിലയിൽ എഴുത്തുകാരി ഇതിനുമുമ്പ് നടത്തിയിട്ടുള്ള പരിശ്രമങ്ങളും അങ്ങനെ ആർജിച്ച അനുഭവസമ്പത്തും പുസ്തകത്തിനായി വളരെയേറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഡാറ്റയുടെ യഥാർത്ഥചിത്രം പരിശോധിക്കാൻ ഡൽഹിയിലെയും മുംബയിലെയും വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നും കോടതികളിൽനിന്നുമുള്ള റിപ്പോർട്ടുകൾ ശേഖരിച്ചുകൊണ്ട് നടത്തിയ വിശകലനം (അധ്യായം 1).

പലയിടങ്ങളിലും വ്യക്തികളുടെ അനുഭവങ്ങളെയും സംഭവങ്ങളെയും ഉദാഹരണങ്ങളായി നൽകുന്നത് പലപ്പോഴും പുസ്തകത്തിന് മനോഹരമായ narrative non-fiction സ്വഭാവം നൽകുകയും വായനാനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിരവധി മാപ്പുകളുടെയും ഗ്രാഫുകളുടെയും ഉപയോഗം ആശയസംവേദനം കാര്യക്ഷമമാക്കുന്നു.

സ്വയം ന്യൂനപക്ഷമായും ഇരകളായും ചിത്രീകരിക്കുന്ന വലത് സവർണ-ഹിന്ദുത്വ ചിന്തകളെയും (ഉദാ: ‘മുസ്ലിം വിഭാഗക്കാരുടെ ഉയർന്ന പ്രത്യുല്പാദന നിരക്ക്‘, ‘ തൊട്ടു കൂടായ്മയൊന്നും ഇന്നത്തെ കാലത്തില്ല‘, ‘സംവരണം പുരോഗമനപരമായ മാറ്റം ഉണ്ടാക്കിയിട്ടില്ല’,) അതേവിഭാഗംതന്നെ ഇന്ത്യയിലെ ഭൂരിപക്ഷത്തെക്കുറിച്ച്  പ്രചരിപ്പിക്കുന്ന തെറ്റായ ധാരണകളെയും (ഉദാ: ‘ഇന്ത്യയിൽ ഭൂരിപക്ഷം സസ്യാഹാരികൾ ആണ്’, ‘ഇന്ത്യക്കാർ വികസനത്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നത്‘) എന്നെല്ലാമുള്ള വാദങ്ങൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ രുക്‌മിണി വളരെ കൃത്യമായി പൊളിച്ചെഴുതുന്നു എന്നത് അഭിനന്ദനാർഹമാണ്. പുസ്തകത്തിൽ വേണ്ടത്ര പരാമർശിച്ചിട്ടില്ലാത്ത സുപ്രധാന വിഷയങ്ങളിൽ (ഉദാ: ഇന്ത്യയിലെ ശാസ്ത്രവും ശാസ്ത്രബോധവും, മാധ്യമങ്ങളുമായുള്ള ഇടപെടൽ, ഇന്ത്യയിലെ ലിംഗഭേദങ്ങളും ജീവിതവും)  കൂടുതൽ ഡാറ്റാധിഷ്ടിതമായ വിശകലനങ്ങളും ചർച്ചകളും പ്രതീക്ഷിക്കാവുന്നതാണ്.

അശുഭദർശിയായ ഒരു പുസ്തകമായി ഇതിനെ വേണമെങ്കിൽ കാണാം. പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ഡാറ്റയും അവയുടെ വിശകലനങ്ങളും മിക്കപ്പോഴും വിരൽ ചൂണ്ടുന്നത് ആധുനിക ഇന്ത്യയുടെ വളരെ മോശമായ ചിത്രത്തിലേക്കാണ്. അത് നിരാശാജനകം മാത്രമല്ല പലപ്പോഴും ഞെട്ടിപ്പിക്കുന്നതുമാണ്. എന്നാൽ നിലവിൽ പ്രചരിക്കപ്പെടുന്നതും  പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതുമായ ആഖ്യാനങ്ങൾ യാഥാർത്ഥ്യത്തിൽനിന്ന് തീർത്തും വിഭിന്നമാണ്.

സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പൊള്ളിക്കുന്ന ഒന്നാണ് ഡാറ്റ. ഡാറ്റ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് വലുതോ ചെറുതോ ആയ ദോഷഫലങ്ങൾ സൃഷ്ടിക്കാം. രുക്‌മിണിതന്നെ ഒരിടത്ത് പറയുന്നത്, ‘ഡാറ്റയുടെ തെറ്റായ വായന കാരണം ഇല്ലാത്ത മധ്യവർഗത്തിനായി സിനിമകൾ നിർമ്മിക്കപ്പെട്ടേക്കാം (അധ്യായം 5). സ്ത്രീസുരക്ഷ ഇല്ലാത്തയിടങ്ങൾ ഉള്ളയിടങ്ങൾ ആയി തെറ്റിദ്ധരിക്കപ്പെടാം(അധ്യായം1), ആരോഗ്യസംവിധാനത്തിന്റെ തെറ്റായ ചിത്രം നൽകി ആളെ കൊല്ലുകപോലും ചെയ്തേക്കാം (അധ്യായം 10). അതുകൊണ്ട് ഡാറ്റയുടെ ശേഖരണത്തിലും ഉപയോഗത്തിലും പരമാവധി ശാസ്ത്രീയത പാലിക്കേണ്ടതുണ്ട്. അങ്ങനെയാണ് ഒരേ സമയം രാഷ്ട്രീയം സംസാരിക്കുന്ന പുസ്തകം എന്ന നിലയിൽ മാത്രമല്ല, ഡാറ്റയെ ശാസ്ത്രീയമായി എങ്ങനെ വായിക്കാം, വിശകലനം ചെയ്യാം, നിഗമനത്തിൽ എത്തിച്ചേരാം എന്നെല്ലാം പഠിപ്പിക്കുന്ന ശാസ്ത്രത്തിന്റെ പുസ്തകം എന്ന നിലയ്ക്കുകൂടി ‘Whole Numbers and Half Truths’  എന്ന പുസ്തകം മാറുന്നത്.


ശാസ്ത്രവായന

ഏറ്റവും പുതിയ ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടാം

Happy
Happy
64 %
Sad
Sad
0 %
Excited
Excited
36 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആദിത്യവിജയം…
Next post LUCA CLIMATE TALK – COP 28 and India – Dr. T Jayaraman
Close