Read Time:16 Minute

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള -ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത്

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കും. ജനുവരി 15ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയില്‍തന്നെ ഇത്തരത്തില്‍ ആദ്യത്തേതും ഏറ്റവും വലുതുമായിരിക്കും. ആകെ 25 ഏക്കര്‍ സ്ഥലത്താണ് ഫെസ്റ്റിവല്‍ സമുച്ചയം തയ്യാറാകുന്നത്. ‘ലൈഫ് സയന്‍സ്’ എന്ന വിഷയത്തില്‍ അധിഷ്ഠിതമായി കൃത്യമായ തിരക്കഥയുടെ സഹായത്താല്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഫെസ്റ്റിവല്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിമുതല്‍ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തും.

അറിയാനും അനുഭവിക്കാനും ഒത്തിരി…

പ്രദര്‍ശനവസ്തുക്കള്‍ കലാപരവും സംവാദാത്മകവും വിഷയാധിഷ്ഠിതവുമായാണ് സജ്ജമാക്കുക. സാങ്കേതിക വിദ്യകളുടെയും എ.ആര്‍, വി.ആര്‍ സങ്കേതങ്ങളുടെയും മറ്റും സഹായത്തോടെ ഇമേഴ്‌സീവ് എക്‌സ്പീരിയന്‍സുകളുള്‍പ്പെടെ ഫെസ്റ്റിവലില്‍ വിനോദവും വിജ്ഞാനവും പകരാനുണ്ടാകും. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ സഞ്ചരിച്ച എച്ച്എംഎസ് ബീഗിള്‍ എന്ന കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ യഥാര്‍ത്ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, കാഴ്ചയുടേയും ഭാഷയുടേയും വികാസവും വ്യത്യസ്തതകളും, മനുഷ്യമസ്തിഷ്‌കത്തിന്റെ വാക്ക്-ഇന്‍, വീടിനുള്ളില്‍ നിത്യവും കാണുന്ന വസ്തുക്കള്‍ക്കു പിന്നിലെ ശാസ്ത്രം, ബഹിരാകാശനിലയത്തില്‍ നിന്നുള്ള കാഴ്ചകള്‍, മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ക്യൂറേറ്റഡ് പവിലിയനില്‍ കലയുടെ സഹായത്തോടെ പ്രദര്‍ശനത്തിനുണ്ടാകും.

ആഗോളമാനമുള്ള ശാസ്ത്രോത്സവം

യു.എസ്. കോണ്‍സുലേറ്റ് ജനറല്‍, ബ്രിട്ടിഷ് കൗണ്‍സില്‍, ജര്‍മന്‍ കോണ്‍സുലേറ്റ്, അലിയാന്‍സ് ഫ്രാന്‍സൈസ്, ഐസര്‍ തിരുവനന്തപുരം, സിഎസ്‌ഐആ-എന്‍ഐഐഎസ്ടി എന്നിങ്ങനെ നിരവധി അന്തര്‍ദേശീയ, ദേശീയ ഏജന്‍സികള്‍ ഇതിലേയ്ക്ക് സംഭാവന ചെയ്യുന്നുണ്ട്. ജര്‍മന്‍ കോണ്‍സുലേറ്റിന്റെ ‘എനര്‍ജി ഇന്‍ ട്രാന്‍സിഷന്‍’, പെസിഫിക് വേള്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഡഗ്ലസ് ഹെര്‍മന്‍ ക്യൂറേറ്റ് ചെയ്യുന്ന ‘വാട്ടര്‍ മാറ്റേഴ്‌സ്’, അലിയാന്‍സ് ഫ്രാന്‍സൈസ് സജ്ജമാക്കുന്ന ‘ക്ലൈമറ്റ് ചെയ്ഞ്ച്’, ബ്രിട്ടീഷുകാരനായ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക് ജെറം നിര്‍മിച്ച ചന്ദ്രന്റേയും ചൊവ്വയുടേയും യഥാര്‍ഥ മാതൃകകള്‍ ഉള്‍പ്പെട്ട ‘മ്യൂസിയം ഓഫ് മൂണ്‍ ആന്‍ഡ് മാഴ്‌സ്’, മെല്‍ബണിലെ ലോകപ്രശസ്ത ബയോ മോളിക്യുലാര്‍ അനിമേറ്ററായ ഡ്ര്യൂ ബെറിയുടെ ‘മോളിക്യുലാര്‍ അനിമേഷന്‍’, ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ ‘സീഡ്‌സ് ഓഫ് കള്‍ച്ചര്‍’, വിവിധ ദേശീയതല സയന്‍സ് സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിവലിന് ആഗോളമാനം നല്‍കുന്നു.

ശാസ്ത്രസമൂഹം കൈകോ‍ര്‍ക്കുന്നു

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല, ഐസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, കെഎസ്‌ഐഡിസി, സിയാല്‍, ഇന്‍ഡ്യന്‍ ഓയില്‍, കുസാറ്റ്, ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എന്നിവ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ, ദേശീയ, തദ്ദേശീയ സ്ഥാപനങ്ങള്‍ സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്. കേരള സംസ്ഥാന ശാസ്ത്രസങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ രാത്രികാല വാനനിരീക്ഷണം ഉള്‍പ്പെടെയുള്ള പരിപാടികളുമുണ്ട്. സിറ്റിസണ്‍ സയന്‍സ് പ്രദര്‍ശനം, മറൈന്‍ അക്വേറിയം, സയന്‍സ് കോണ്‍ഫറന്‍സ്, സെമിനാറുകള്‍, കോണ്‍ക്ലേവുകള്‍, ഫുഡ് കോര്‍ട്ട്, ട്രേഡ് ഫെയര്‍ എന്നിവയും ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടാകും.

ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം

ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ഭിന്നശേഷി സൗഹൃദ റാംപുകളും മറ്റും സജ്ജമാക്കി എല്ലാവര്‍ക്കും പ്രാപ്യമായ രീതിയിലാണ് രൂപകല്‍പന. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉണ്ടെങ്കിലേ ഫെസ്റ്റിവല്‍ പൂര്‍ണമായും കണ്ടുതീര്‍ക്കാനാകൂ. മുതിര്‍ന്നവര്‍ക്ക് 250 രൂപയും, പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. രണ്ടുദിവസത്തേക്ക് യഥാക്രമം 400 രൂപയ്ക്കും 250 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്‌കൂളുകളില്‍ നിന്നു വരുന്ന 30 പേരില്‍ കുറയാത്ത എണ്ണം വിദ്യാര്‍ഥികളുടെ സംഘത്തിന് ഒരാള്‍ക്ക് 100 രൂപ വീതമാണ് നിരക്ക്. സ്‌കൂള്‍ സംഘങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് പാക്കേജായും ടിക്കറ്റുകള്‍ ലഭിക്കും. ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ആളുകളുടെ എണ്ണത്തിന് സാങ്കേതിക പരിധിയുള്ള അഞ്ച് പ്രദര്‍ശനങ്ങളില്‍ പ്രത്യേകം ടിക്കറ്റിംഗ് ഉണ്ടാകും. gsfk.org എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്കാണ്  ജി എസ് എഫ് കെയുടെ ബാങ്കിങ്ങ്  പാര്‍ട്‌നര്‍. ഫെഡറല്‍ ബാങ്ക് വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റ് വില്‍പന ജനുവരി ഒന്നിന് ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.

പ്രഭാഷണങ്ങളും ചര്‍ച്ചകളും

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രഭാഷണ പരിപാടികളും ഫെസ്റ്റവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നാസ-ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ കേരളത്തില്‍ ആദ്യമായി പ്രഭാഷണം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി. മെല്‍ഡല്‍, നാസയില്‍ നിന്നുള്ള ഡോ. മധുലിക ഗുഹാത്തകുര്‍ത്ത, ഡെനീസ് ഹില്‍, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോബര്‍ട്ട് പോട്ട്‌സ്, ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ. മൈക്കല്‍ വില്‍സണ്‍, അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സുരേഷ് സി. പിള്ള, റൂഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടണ്‍ ലബോറട്ടറിയിലെ ഡോ. രാജീവ് പാട്ടത്തില്‍,  ശ്രീമതി. കനിമൊഴി കരുണാനിധി എം. പി., മാഗ്‌സസേ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്ര സിങ്, ഇന്‍ഡ്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ശ്രീമതി. മാലിനി വി ശങ്കര്‍ ഐ.ഏ.എസ്., തുടങ്ങി നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ഉണ്ടാകും.

വിശേഷങ്ങളേറെ…

ജോര്‍ജിയന്‍ ബാന്‍ഡായ ബാനി ഹില്‍സിന്റെ സംഗീത പരിപാടിയും പത്മപ്രിയ, നവ്യാ നായര്‍, ഡോ. മേതില്‍ ദേവിക, ആശാ ശരത്, രൂപാ രവീന്ദ്രന്‍, പാരീസ് ലക്ഷ്മി, മീരാ നായര്‍, മഹാലക്ഷ്മി, റിഗാറ്റ തുടങ്ങിയവരുടെ നൃത്തനൃത്യങ്ങളും സിതാര കൃഷ്ണകുമാര്‍, ഊരാളി ബാന്‍ഡ് തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശകളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. പ്രഭാഷണ പരിപാടികള്‍ക്കും കലാ സാംസ്‌കാരിക പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഈ പരിപാടികള്‍ക്ക് ഓണ്‍ലൈനിലൂടെ സൗജന്യമായി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫെസ്റ്റിവല്‍ സമുച്ചയത്തിനകത്ത് ഓണ്‍ലൈനായി ഭക്ഷണം വാങ്ങിക്കാനുള്ള സൗകര്യവും പണംകൊടുത്ത് ഉപയോഗിക്കാവുന്ന വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ 14 ജില്ലകളിലെ രുചികള്‍ അണിനിരക്കുന്ന ഭക്ഷ്യമേള ഇതൊടൊപ്പം സംഘടിപ്പിക്കും. ഒരേസമയം അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടാകും. നഗരത്തില്‍നിന്നും മറ്റ് പ്രധാന കേന്ദ്രങ്ങളില്‍നിന്നും ഫെസ്റ്റിവല്‍ കോംപ്ലക്‌സിലേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയും ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചെയര്‍മാനും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി. സുധീര്‍ ജനറല്‍ കണ്‍വീനറും ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സംഘാടക സമിതിയാണ് ഫെസ്റ്റിവലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ശ്രീ. എ.എ. റഹീം എം.പി., തിരുവനന്തപുരം മേയര്‍ ശ്രീമതി. ആര്യാ രാജേന്ദ്രന്‍ എന്നിവരാണ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍മാര്‍. ഡോ. ജി.അജിത് കുമാര്‍ ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ചീഫ് സെക്രട്ടറി വി.വേണു ഐഎഎസ് അധ്യക്ഷനും ഡോ. രതീഷ് കൃഷ്ണന്‍ കണ്‍വീനറുമായ കമ്മറ്റിക്കാണ് പ്രോഗ്രാമുകളുടെ ചുമതല.  ശാസ്ത്രപ്രചാരകനും അധ്യാപകനുമായ ഡോ. വൈശാഖന്‍ തമ്പിയുടെ മേല്‍നോട്ടത്തിലാണ് സയന്‍സ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ശില്‍പി ലക്ഷ്മണന്‍ കോമത്ത്മണാളത്തിന്റെ നേതൃത്വത്തില്‍ മുപ്പതോളം കലാകാരര്‍ പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി പത്തുലക്ഷത്തോളം പേര്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സയന്‍സിന്റെയും കലയുടെയും പ്രചരണത്തിനായി തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാഭ രഹിത പബ്ലിക് ട്രസ്റ്റാണ് അമ്യൂസിയം ആര്‍ട്‌സയന്‍സ്.

 ഫെബ്രുവരി 12 ന് പരിഷത്ത് ദിനം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പവലിയന്‍ ഉണ്ടായിരിക്കും കൂടാതെ ഫെബ്രുവരി 12 ന് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക പരിപാടികള്‍ പരിഷത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സയന്‍സ് പോളിസി സംബന്ധിച്ചുള്ള പാന്ല്‍ ചര്‍ച്ച,  അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സംഗമം, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അമ്പത് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളെ പരിചയപ്പെടുത്തുന്ന പരിഷത്ത് @60, കലാവതരണങ്ങള്‍ എന്നിവ ഈ ദിവസം നടക്കും. ലൂക്ക സംഘടിപ്പിക്കുന്ന Evolution Quiz ന്റെ ഫൈനല് മത്സരവും ഈ ഫെബ്രുവരി 12 ന് നടക്കും. ഫെബ്രുവരി 3 ന് സംസ്ഥാനത്തുടനീളമുള്ള ബാലവേദി  കൂട്ടുകാര്‍ക്ക് GSFK സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്.

GSFK യിൽ ലൂക്ക

Global Science Festival of Kerala (GSFK) യുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി  ജീവപരിണാമം വിഷയത്തിൽ  സംസ്ഥാന തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആര്‍ട്സ് , സയന്‍സ്, പ്രൊഫഷണല്‍, ബി.എഡ്. കോളേജുകളിലെയും പോളിടെക്നിക് കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. പ്രിലിമിനറി തലം ഓൺലൈനായാണ് സംഘടിപ്പിക്കുക. ഒരു കോളേജിനെ പ്രതിനിധീകരിച്ച് എത്ര ടീമിനും പ്രിലിമിനറി തലത്തില്‍  പങ്കെടുക്കാം. ജില്ലാ തലം സംസ്ഥാനത്തെ 14 ക്യാമ്പസ്സുകളിലായി ജനുവരി അവസാന വാരം നടക്കും. സംസ്ഥാന തലം ഫെബ്രുവരി 12 ഡാർവ്വിൻ ദിനത്തിന് തിരുവനന്തപുരത്ത് GSFK പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. വിശദാംശങ്ങൾ ലൂക്കയിൽ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

സന്ദർശിക്കുക
 
Happy
Happy
11 %
Sad
Sad
7 %
Excited
Excited
70 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post ശാസ്ത്രകോൺഗ്രസ് തടയുന്നത് ശാസ്ത്രവിരുദ്ധതയുടെ തെളിവ്
Next post ആദിത്യവിജയം…
Close