Read Time:42 Minute

അറിയാം, ഗ്രീൻ വാഷിംഗ്

വൈറ്റ് വാഷും , ബ്രയിൻവാഷും നമ്മൾ കേട്ടിട്ടുണ്ട്..അപ്പോൾ എന്താണീ ഗ്രീൻ വാഷ് ? പേര് സൂചിപ്പിക്കുന്നത് പോലെ, പരിസ്ഥിതി സൗഹാർദപരമായ അവകാശവാദങ്ങളുമായി ബന്ധപ്പെട്ടാണ് ഗ്രീൻ വാഷിംഗ് എന്ന പ്രയോഗം ഉണ്ടാകുന്നത്.

മനില ഒ.വി. എഴുതുന്നു…


ഒരു വ്യക്തിയെയോ ഒരു വസ്തുതയെയോ നല്ലതാണെന്നു സമർത്ഥിക്കാൻ അതിന്റെ നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടി  മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നതിനെ വൈറ്റ് വാഷ് ചെയ്യുക എന്ന് നമ്മൾ പറയാറുണ്ട്. തീവ്രസ്വാധീനം  ഉപയോഗിച്ച് ഒരാളുടെ വിശ്വാസങ്ങളെയോ മനോഭാവങ്ങളെയോ മാറ്റിയെടുക്കുന്നതിനെ നമ്മൾ ബ്രെയിൻ വാഷ് (മസ്തിഷ്ക്ക പ്രക്ഷാളനം) ചെയ്യുക എന്ന് പറയാറുണ്ട്. എന്നാൽ ഗ്രീൻ വാഷിംഗ് എന്താണെന്നു കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നത് പോലെ, പരിസ്ഥിതി സൗഹാർദപരമായ അവകാശവാദങ്ങളുമായി ബന്ധപ്പെട്ടാണ് ഗ്രീൻ വാഷിംഗ് എന്ന പ്രയോഗം ഉണ്ടാകുന്നത്.

എന്താണ് ഗ്രീൻ വാഷിംഗ് ?

വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതിന്റെ ഫലമായി വർദ്ധിച്ച പൊതുജന അവബോധവും കാരണം, പല വൻകിട കമ്പനികളും പരിസ്ഥിതി സൗഹൃദത്തിന് വലിയ പരിഗണനയാണ് നൽകി വരുന്നത്. കഴിഞ്ഞ ദശകത്തിൽ, നിക്ഷേപകർ, ഭരണകൂടങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതലായവർ പാരിസ്ഥിതിക സൗഹാർദത്തിന്റെ തോതും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ വെളിപ്പെടുത്താൻ നിർബന്ധിതരാവുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഉപഭോക്താക്കളായ നമ്മൾ വിപണിയിൽ ഇന്ന് ലഭ്യമായ പല ഉത്പന്നങ്ങളുടെയും പരസ്യങ്ങളിൽ അതാത് കമ്പനികൾ പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നൊക്കെ അവകാശപ്പെടുന്നത് ഇതിന്റെ പ്രതിഫലനമെന്നോണം കാണാറുണ്ട്. പരിസ്ഥിതി അവബോധം സമൂഹത്തിൽ വളർന്നതിനാൽ തന്നെ ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളിൽ തല്പരരുമാണ്. ഇതിനോടനുബന്ധിച്ച് നീൽസൺ മീഡിയ റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ആഗോള ഉപഭോക്താക്കളിൽ 66% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പണം നൽകാൻ തയ്യാറായിട്ടുണ്ടെന്നാണ്. ഈ ഉപഭോക്താക്കൾ സ്ഥാപനങ്ങളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി കാണുമ്പോൾ, അവരുടെ അവകാശവാദങ്ങളെ വിശ്വാസത്തിലെടുക്കുന്നതുകൊണ്ട് ഈ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറാവുകയും ചെയ്യും. യഥാർത്ഥത്തിൽ ഇവയൊക്കെ സുതാര്യമായ അവകാശവാദങ്ങളാണോ, ആണെങ്കിൽ പരിസ്ഥിതി സംരക്ഷിക്കാൻ കമ്പനികൾക്കൊക്കെ അത്രയധികം ആത്മാർത്ഥതയോ , കോർപ്പറേറ്റ് പരിസ്ഥിതിവാദം യാഥാർത്ഥ്യമാണോ എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരം അവകാശവാദങ്ങൾ അത്ര സുതാര്യമല്ലെന്ന് വരുമ്പോഴോ? അവിടെയാണ് ഗ്രീൻ വാഷിംഗ് എന്ന പ്രയോഗത്തിന്റെ പ്രസക്തി.

Merriam Webster നിഘണ്ടുവിലെ നിർവചനപ്രകാരം ഗ്രീൻ വാഷിംഗ് എന്നാൽ “ഒരു ഉൽപ്പന്നം, നയം, പ്രവർത്തനം മുതലായവ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പരിസ്ഥിതി സൗഹൃദമോ അല്ലെങ്കിൽ കുറഞ്ഞ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതോ ആണെന്ന പ്രതീതിയുളവാക്കുന്നത് ” എന്നാണ്. കേംബ്രിഡ്ജ് നിഘണ്ടു പ്രകാരം ഗ്രീൻ വാഷിംഗ് രൂപ കല്പന ചെയ്തിരിക്കുന്നത് ” നിങ്ങളുടെ കമ്പനി പരിസ്ഥിതി സംരക്ഷിക്കാൻ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിന് ” എന്നാണ്.

യഥാർത്ഥ സുസ്ഥിരത എന്താണെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയുടെ ഫലമായി മനഃപൂർവമല്ലാത്ത ഗ്രീൻവാഷിംഗ് നടക്കാറുണ്ടെങ്കിലും, പലപ്പോഴും ഇത് മനഃപൂർവ്വമുള്ള വിപുലമായ മാർക്കറ്റിംഗ്, പി ആർ ശ്രമങ്ങളിലൂടെ വിപണി പിടിച്ചെടുക്കാറുണ്ട്. മറ്റ് “വാഷി’ങ്ങുകളെ പോലെ തന്നെ, ഇവിടെയും പൊതുവായ സവിശേഷത തെറ്റിദ്ധാരണ ജനിപ്പിക്കുക എന്നതാണ്. ഇതിന്റെ ഫലമായി ഒരു ഉൽപ്പന്നം/പ്രവർത്തനം/നയത്തിന്റെ പാരിസ്ഥിതിക പ്രകടനത്തെ സംബന്ധിച്ച ന്യൂനതകൾ മറച്ചുവെക്കുകയും, പാരിസ്ഥിതിക നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

COP26 ലെ ഗ്രീൻ വാഷിംഗ് ശ്രമങ്ങളെ അപലപിച്ചുകൊണ്ട് നടത്തിയ പ്രതിഷേധം

രസകരമായ മറ്റൊരു വസ്തുത ചില പരിസ്ഥിതി പ്രവർത്തകരും വിമർശകരും 2021 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം (COP26) ആകെ തന്നെ ഒരു ഗ്രീൻ വാഷിംഗ് ശ്രമമായി അപലപിച്ചു എന്നുള്ളതാണ്. കാരണം കാലാവസ്ഥാ പ്രവർത്തകർ നിലവിലെ കാർബൺ നിയന്ത്രണ സംവിധാനങ്ങൾ യഥാർത്ഥ മലിനീകരണം കുറയ്ക്കുന്നത് ഒഴിവാക്കാൻ കേവലം മലിനീകരണക്കാർ പയറ്റുന്ന തന്ത്രങ്ങൾ മാത്രമാണെന്ന് വാദിച്ചു.

കടപ്പാട്:@unschools

1980 കളിലാണ് ഗ്രീൻ വാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. 1986-ൽ പരിസ്ഥിതി പ്രവർത്തകനായ ജെയ് വെസ്റ്റർവെൽഡ് ആണ് ഗ്രീൻവാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഹോട്ടലുകളിലെ കിടപ്പുമുറികളിൽ ടവലുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനായി “പരിസ്ഥിതി സംരക്ഷണത്തിന് “ എന്ന നോട്ടീസ് പതിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലായിരുന്നു ഈ പരാമർശം. ടവലുകളുടെ പുനരുപയോഗം അലക്കൽ ചെലവ് ലാഭിച്ചെങ്കിലും ഊർജനഷ്ടം കുറയ്ക്കുന്നതിന് ഈ സ്ഥാപനങ്ങൾ പലപ്പോഴും ചെറിയ ശ്രമങ്ങൾ പോലും നടത്തിയിട്ടില്ലെന്നും ‘പരിസ്ഥിതി സൗഹൃദം’ എന്ന് സ്വയം ലേബൽ ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീട് 1990-കളുടെ തുടക്കത്തിൽ, സുസ്ഥിരതയെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഉപഭോക്താക്കൾ തുടങ്ങിയതോടെ, ഗ്രീൻ വാഷിംഗ് എന്ന പ്രയോഗം ജനകീയമായി. വ്യാജ കോർപറേറ്റ് പരിസ്ഥിതിവാദത്തെ പ്രതിപാദിക്കാൻ ‘ഗ്രീൻവാഷിംഗ്’ എന്ന പ്രയോഗം വ്യാപകമായി. ഇതിന്റെ പരിണതഫലമായി 1999-ൽ, ‘ഗ്രീൻവാഷിംഗ്’ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഔദ്യോഗികമായി കൂട്ടിച്ചേർക്കപ്പെട്ടു.

“ഏഴ് ഗ്രീൻ വാഷിംഗ് പാപങ്ങൾ”

​ബൈബിളിലെ പത്ത് കല്പനകളുടെ മോഡലിൽ ഗ്രീൻ വാഷിങ്ങുമായി ബന്ധപ്പെട്ടും ചില സവിശേഷതകൾ ഉണ്ട്. 2007ൽ ​ഗ്രീൻവാഷിംഗിന്റെ വളർച്ച വിവരിക്കാനും മനസ്സിലാക്കാനും അതിന്റെ സ്വാധീനം അളക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി, അണ്ടർ റൈറ്റേഴ്‌സ്ന് ലബോറട്ടറിയുടെ (UL) പരിസ്ഥിതി കൺസൾട്ടിംഗ് വിഭാഗമായ ടെറാ ചോയ്സ്, ഭീമൻ കമ്പനികളുടെ സ്റ്റോർ ഷെൽഫുകളിൽ വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പാരിസ്ഥിതിക അവകാശവാദങ്ങളെ കുറിച്ച് ഒരു പഠനം നടത്തി. തുടർന്ന് ഈ പഠന ഫലങ്ങളെ അടിസ്ഥാനമാക്കി, തെറ്റിദ്ധരിപ്പിക്കുന്ന പാരിസ്ഥിതിക അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഉൽപ്പന്നങ്ങളെ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് “ഏഴ് ഗ്രീൻ വാഷിംഗ് പാപങ്ങൾ ” (The 7 Sins of Greenwashing) എന്ന പേരിൽ ഒരു ലഘു വിവരണം തയ്യാറാക്കി. എന്തൊക്കെയാണ് ആ “ഏഴ് പാപങ്ങൾ”?

1.Sin of the hidden trade-off

മറ്റ് പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്താതെ യുക്തിരഹിതമാ​യോ അവബോധമില്ലാത്തതുകൊണ്ടോ വളരെ ഇടുങ്ങിയ പ്രശ്നങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു ഉൽപ്പന്നം ​പരിസ്ഥിതി സൗഹൃദമാണെന്ന അവകാശവാദം. ഉദാഹരണത്തിന്, ​നമ്മൾ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ് പ്ലാസ്റ്റിക്കിന് ബദലായി ​കടലാസ് ​ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ. എന്നാൽ എവിടെ നിന്നാണ് കടലാസ് വരുന്നത് ?​​ ​ആഴത്തിൽ ഒന്ന് പരിശോധിക്കുകയാണെങ്കിൽ കടലാസിന്റെ ഉപയോഗവും പരിസ്ഥിതിക്ക് അഭികാമ്യമല്ല, കാരണം അത് ​വരുന്നത് ​ ​വനനശീകരണത്തിൽ അല്ലെങ്കിൽ മരം വെട്ടുന്നതിലൂടെയാണ്. ​കൂടാതെ കടലാസ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സംഭവിക്കുന്ന ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനവും അല്ലെങ്കിൽ ബ്ലീച്ചിംഗിലെ ക്ലോറിൻ ഉപയോഗം പോലുള്ള മറ്റ് പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതേപോലെ പ്രധാനപ്പെട്ടതായിരിക്കാം.

​​2. Sin of no proof

ലഭ്യമായ വിവരങ്ങൾ വെച്ച് ​എളുപ്പത്തിൽ ​പരിശോധിക്കാനോ വിശ്വസനീയമായ ​തേഡ് പാർട്ടി സർട്ടിഫിക്കേഷ​ൻ മുഖേന ​സ്ഥിരീകരിക്കാനോ കഴിയാത്ത ഒരു പരിസ്ഥിതി ​വാദം. റീസൈക്കിൾ ​ചെയ്ത ചേരുവകളാണ് നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത് എന്നും ​പരിസ്ഥിതി സൗഹൃദമാണെന്നും അവകാശപ്പെ​ട്ട് വിപണിയിൽ ലഭ്യമായിട്ടുള്ള ഫേഷ്യൽ ടിഷ്യൂകൾ അല്ലെങ്കിൽ ടോയ്‌ലറ്റ് ടിഷ്യു​ മുതലായ ​ ഉൽപ്പന്നങ്ങളാണ് ​ ഇതിനുള്ള ​സർവ സാധാരണ ഉദാഹരണങ്ങൾ.​ എത്ര ശതമാനം റീസൈക്കിൾ ചെയ്ത ചേരുവകളാണ് ​ ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളത് എന്നതിന് ​പലപ്പോഴും കമ്പനികൾ ​യാതൊരു ​തെളിവുകളും ​നൽകാറില്ല. ഇത്തരം പരിസ്ഥിതിവാദങ്ങൾ ഉയർത്തുമ്പോൾ ‘ഒരു സർട്ടിഫൈയിംഗ് അതോറിറ്റി വിലയിരുത്തിയ ഒരു എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനം റീസൈക്കിൾ ചെയ്‌ത ചേരുവകൾ അടങ്ങിയിരിക്കുന്നു’ പോലുള്ള വ്യക്തമായ ഭാഷ ഉപയോഗിച്ച് അത് സാധൂകരിക്കേണ്ടതുണ്ട്.

3. ​Sin of vagueness

വിശാലമായ ​​നിർവചനങ്ങ​ളോ പദപ്രയോഗങ്ങളോ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന മറ്റൊരു തരത്തിലുള്ള ​പരിസ്ഥിതി സൗഹൃദ വാദമാണ് അവ്യക്തത​ സൃഷ്ടിക്കുക എന്നത്. “നാച്ചുറൽ (natural), ഗ്രീൻ (green) എന്നീ വാക്കുകളാണ് ഇതിനുള്ള മികച്ച ഉദാഹരണങ്ങൾ. നമ്മുടെ വിപണികളിൽ യഥേഷ്ടം ലഭിക്കുന്ന 7 up പോലുള്ള ശീതള പാനീയങ്ങളുടെ പരസ്യം പരിശോധിച്ചാൽ ആ കമ്പനി തങ്ങളുടെ ഉത്പന്നം natural ആണെന്ന പ്രതീതി സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ മനസ്സിലാവും. നുരയും പതയും ഒക്കെ ഉള്ള പരസ്യം കാണുമ്പോൾ ഒരു ‘ഉണർവ്’ ഉപഭോക്താവിലും അനുഭവപ്പെട്ടേക്കാം. എന്നാൽ എന്താണീ നാച്ചുറലിന്റെ നിർവചനം? പല നിർമാണ ഘട്ടങ്ങളിലൂടെ കടന്നു പോയി കൂടിയ അളവിൽ ഫ്രക്ടോസ് (പഞ്ചസാര) കലർന്ന് നമുക്ക് മുന്നിൽ എത്തുന്ന ഉത്പന്നം നാച്ചുറൽ ആണോ? അതോ ഇത്തരം പ്രക്രിയകൾക്കൊക്കെ മുമ്പ് പ്രകൃതി ദത്തമായ ഏതെങ്കിലും ഉൽപന്നങ്ങളിൽ നിന്നും ഇവക്ക് വേണ്ടി സത്ത് വേർതിരിച്ചെടുത്തു എന്നുള്ളത് കൊണ്ടാണോ? ഇതാണ് അവ്യക്തത. ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് പ്രകൃതിയിലുള്ളതെല്ലാം പരിസ്ഥിസൗഹൃദമാവണമെന്നില്ല എന്നുള്ളതും. ഉദാഹരണത്തിന്, ഫോർമാൽഡിഹൈഡ്, ആർസെനിക്, മെർക്കുറി, യുറേനിയം പോലുള്ള വിഷ മൂലകങ്ങൾ/ പദാർത്ഥങ്ങൾ എല്ലാം പരിസ്ഥിസൗഹൃദമല്ലെങ്കിലും പ്രകൃതിദത്തമാണ്. അവ്യക്തത സൃഷ്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഒരു ഉത്പന്നത്തിന്റെ പാക്കേജിങ്ങിൽ ‘റീസൈക്കിൾ ചെയ്യാവുന്നത്’ എന്ന് ലേബൽ ചെയ്യുന്നത്. പലപ്പോഴും അത് പൂർണമായി പാക്കേജിനാണോ, ഉത്പന്നത്തിനാണോ, അവ രണ്ടിനുമാണോ, പാക്കേജിന്റെയോ ഉത്പന്നത്തിന്റെയോ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തിന് മാത്രമാണോ ബാധകം എന്ന് വ്യക്തമായി പരാമർശിക്കാറില്ല. ഇത്തരത്തിൽ ഉള്ള വസ്തുക്കൾ ഭൂരിഭാഗവും റീസൈക്കിൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കമ്പനികൾ ഉയർത്തുന്ന പരിസ്ഥിതി വാദങ്ങൾ വഞ്ചനാപരമാണ് എന്ന് അനുമാനിക്കാം.

4. Sin of worshipping false labels

ഏറ്റവും ലളിതമായി പറഞ്ഞാൽ വ്യാജ പരിസ്ഥിതിവാദ ലേബലുകൾ ഉപയോഗിക്കുന്നത്. ചില പ്രത്യേക വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ (ഉദാഹരണത്തിന് കുടിവെള്ളത്തിന്റെ കുപ്പിയിന്മേൽ മല, അരുവി മുതലായവയുടെ ചിത്രങ്ങൾ, പാലിന്റെ പാക്കറ്റിന്മേൽ പച്ച പുൽമേടുകളിൽ മേയുന്ന പശുക്കളുടെ ചിത്രം), വ്യാജ അംഗീകാരങ്ങളുടെ മറവിൽ ആധികാരികതയുള്ള ഒരു തേഡ് പാർട്ടി അംഗീകരിച്ചുവെന്ന പ്രതീതി നൽകുന്ന ഒരു ഉത്പന്നത്തിന്റെ പരിസ്ഥിതി വാദത്തെ ഈ ഗണത്തിൽ പെടുത്താം.

​5. ​Sin of irrelevance

നിരുപദ്രവകരമായ ഒരു “പാപം” ആണിത്. ചില പരിസ്ഥിതി അവകാശവാദങ്ങൾ സത്യമായിരിക്കുമെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ച് അപ്രസക്തമായിരിക്കും. ഇത്തരം പരിസ്ഥിതിവാദങ്ങളാണ് sin of irrelevance ന്റെ പരിധിയിൽ വരുന്നത്. ഉദാഹരണത്തിന് ഫ്രിഡ്ജ്, എ സി മുതലായവയിൽ കാണുന്ന CFC-free (CFC =ക്ലോറോ ഫ്ളൂറോ കാർബണുകൾ) എന്ന ​ലേബൽ. മോൺട്രിയൽ പ്രോട്ടോക്കോൾ പ്രകാരം CFC-കൾ നിരോധിച്ചിട്ടുണ്ടെങ്കിലും, CFC-ഫ്രീ എന്ന ലേബൽ പരിസ്ഥിതി സൗഹാർദ്ദപരമായ സമീപനമാണ് നിർമാതാക്കൾ പ്രത്യേകമായി എടുത്തിരിക്കുന്നതെന്നും ഇതിന് വേണ്ടി കമ്പനികൾ എന്തോ ചെയ്തിട്ടുണ്ടെന്നുമുള്ള തെറ്റിദ്ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നു. മറ്റൊരുദാഹരണമാണ് ‘മുമ്പത്തേതിനേക്കാൾ 50% കൂടുതൽ റീസൈക്കിൾ ചെയ്ത ചേരുവകൾ (has 50% more recycled content than before) ‘ എന്ന ലേബൽ. പഴയ ഉത്പന്നത്തിൽ റീസൈക്കിൾ ചെയ്ത ചേരുവകൾ 2 ശതമാനമുണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയവക്ക് 3% റീസൈക്കിൾ ചെയ്ത ചേരുവകൾ ഉണ്ടായിരിക്കാം. സാങ്കേതികമായി ശരിയാണെങ്കിലും, ഉൽപ്പന്നത്തിൽ റീസൈക്കിൾ ചെയ്ത വസ്തുക്കളുടെ ഉപയോഗം നിർമ്മാതാവ് ഗണ്യമായി വർദ്ധിപ്പിച്ചു എന്ന തെറ്റായ ധാരണയാണ് ഇത്തരം അവകാശവാദം നൽകുന്നത്.

6.Sin of lesser of two evils

രണ്ടു തിന്മകൾ ചെയ്യുമ്പോൾ പാപം കുറഞ്ഞതും പാപം കൂടിയതും ​എന്ന് വേർതിരിക്കാറുള്ളത് പോലെ ഒരു ഉത്പന്നം ഉൾപ്പെടുന്ന വിഭാഗം മാത്രമായി പരിഗണിക്കുമ്പോൾ മറ്റ് ഉത്പന്നങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പാരിസ്ഥിക പ്രശ്‍നം ഉണ്ടാക്കുന്നത് എന്ന തരത്തിലുള്ള വാദത്തെ ഈ ഗണത്തിൽ ഉൾപ്പെടുത്താം. എന്നാൽ അത് ആ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വലിയ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ഉപഭോക്താവിന്റെ ധാരണയെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഓർഗാനിക് സിഗരറ്റുകൾ, ഇന്ധനക്ഷമതയുള്ള സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളെക്കുറിച്ചുള്ള വാദങ്ങൾ ഇവയൊക്കെ ഇതിനുദാഹരങ്ങളാണ്. വേര് തിരിച്ചെടുക്കുന്ന പ്രക്രിയകൾ പരിസ്ഥിതി സൗഹൃദമല്ലെങ്കിലും പ്രകൃതി വാതകത്തെ കൽക്കരിയെക്കാൾ ‘ശുദ്ധമായ ഇന്ധനം’ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു ഉദാഹരണം.

​7. ​Sin of fibbing

100 ശതമാനം തെറ്റായ പാരിസ്ഥിതിക അവകാശവാദങ്ങളാണിവ. വളരെ അപൂർവമായേ ഇത്തരം വാദങ്ങൾ ഉണ്ടാകാറുള്ളൂ. ഊർജ്ജ ക്ഷമത സൂചിപ്പിക്കാനായി ENERGY STAR അംഗീകൃതം അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതാണെന്ന് തെറ്റായി അവകാശപ്പെടുന്ന ഉൽപ്പന്നങ്ങളാണ് ഏറ്റവും സാധാരണമായ ഉദാഹരണങ്ങൾ. എനർജി സ്റ്റാർ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഡാറ്റ സമർപ്പിക്കുകയും അവരുടെ പാക്കേജുകളിൽ സ്ഥാപിക്കുന്നതിന് അംഗീകാരത്തിന്റെ സ്റ്റാമ്പ് തേടുകയും ചെയ്യുന്ന കമ്പനികൾക്ക് മാത്രമാണ് ഈ ലേബലുകൾ നൽകുന്നത്. എന്നാൽ നിലവിൽ, ഭൂരിഭാഗം ഉത്പന്നങ്ങളിലും എനർജി സ്റ്റാർ നിർമ്മാതാവിന്റെ സ്വയം സർട്ടിഫിക്കേഷനാണ് എന്നാണ് The Government Accountability Office GAO-യുടെ ഡാള്ളസ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ജോനാഥൻ മേയർ അവരുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നത്.

കോർപറേറ്റ് കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങൾ

ഗൂഗിൾ ക്‌ളൗഡ്‌ നടത്തിയ ഒരു സർവേ അനുസരിച്ച് യുഎസ് ആസ്ഥാനമായുള്ള കോർപറേറ്റ് കമ്പനികളിൽ നിന്നുള്ള സിഇഒമാരിൽ മൂന്നിൽ രണ്ട് പേരും അവരുടെ കമ്പനികളുടെ സുസ്ഥിര നയങ്ങളെ കുറിച്ച് പൂർണമായി ബോധവാന്മാരല്ല. സർവേയിൽ മനസ്സിലായ പ്രധാനപ്പെട്ട വസ്തുത പല കമ്പനികലും പരിസ്ഥിസൗഹൃദപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് അവർ കരുതുന്നുവെങ്കിലും അത് എത്രത്തോളം കാര്യക്ഷമമാണെന്ന് കൃത്യമായി അളക്കാൻ സംവിധാനങ്ങൾ ഒന്നുമില്ലെന്നതാണ്. പ്രതികരിച്ചവരിൽ 36% പേർ മാത്രമാണ് തങ്ങളുടെ സ്ഥാപനങ്ങൾക്ക് അവരുടെ സുസ്ഥിര പ്രയത്‌നങ്ങൾ അളക്കുന്നതിനുള്ള മെഷർമെന്റ് ടൂളുകൾ ഉണ്ടെന്നും, ഫലങ്ങളെ അടിസ്ഥാനമാക്കി ഒപ്റ്റിമൈസ് ചെയ്യാൻ 17% പേർ ആ അളവുകൾ ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞത്. നെസ്‌ലെ, ഫോക്സ്വാഗൺ, യൂണിലിവർ, ആമസോൺ, ഐകിയ, കൊക്ക കോള തുടങ്ങിയ അന്താരാഷ്ട്ര ഭീമൻമാരുൾപ്പെടെ മിക്ക ആഗോള കമ്പനികളും ഗ്രീൻവാഷിംഗിന്റെ ആരോപണങ്ങളിൽ പെട്ടു. എങ്കിലും നെസ്‌ലെയുടെയും യൂണിലിവറിന്റെയും ഗ്രീൻവാഷിംഗിലേക്കുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങളിൽ പാക്കേജിംഗിൽ റീസൈക്കിൾ ചെയ്‌ത വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും ‘പ്ലാസ്റ്റിക് ന്യൂട്രാലിറ്റി’ നേടുന്നതിനെയും കുറിച്ചുള്ള അവകാശവാദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ശ്ലാഘനീയമാണ്. ഈ രണ്ട് കമ്പനികളും സിമന്റ് വ്യവസായവുമായി കൈകോർക്കുകയും ‘പ്ലാസ്റ്റിക് ന്യൂട്രൽ’ ആണെന്ന് അവകാശപ്പെടാൻ പ്ലാസ്റ്റിക്കുകൾ ഇന്ധനമായി ഉപയോഗിക്കുന്നതിന് തെക്കുകിഴക്കൻ ഏഷ്യയിലെ മാലിന്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും ഒരമ്മ പെറ്റ മക്കളാണെന്ന പൊതുബോധം നിലനിൽക്കെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ഏതൊരു നടപടിയും പ്രശംസ നേടുമല്ലോ. അതിനാൽ തന്നെ പ്ലാസ്റ്റിക്കുമായി ചുറ്റിപ്പറ്റിയാണ് ഗ്രീൻ വാഷിംഗ് കൂടുതലും നടക്കുന്നതും. ജൈവവിഘടനം സാധ്യമായ ബയോ ഡീഗ്രേഡബിൾ (bio degradable) പ്ലാസ്റ്റിക്കുകൾ, റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾ, ഇന്ധനം ആക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾ മുതലായ പല മാർഗങ്ങളും പാരിസ്ഥിതിക വാദങ്ങൾക്കായി സ്വീകരിച്ച് വരുന്നുണ്ട്.

പ്ലാസ്റ്റിക് റിവ്യൂസിന്റെ അവലോകനം പരിശോധിച്ചാൽ പ്ലാസ്റ്റിക്  പുനരുപയോഗം  സംബന്ധിച്ച പാരിസ്ഥിതിക വാദങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് വ്യക്തമാവും. പ്ലാസ്റ്റിക് റിവ്യൂസിന്റെ നിരീക്ഷണ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള ഇന്ധനങ്ങൾ എന്ന പരിഹാരം പൂർണമായും സുസ്ഥിരമെന്ന് അവകാശപ്പെടാൻ സാധിക്കാത്ത ഒരു സമീപനമാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാനുള്ള ഇന്ധനമാക്കി മാറ്റുന്നതിലൂടെ, പ്ലാസ്റ്റിക്-ടു ഫ്യുഎൽ (plastic-to-fuel, PTF ) അടിസ്ഥാനപരമായി പ്ലാസ്റ്റിക് മാലിന്യ ഉൽപ്പാദനം കുറയ്ക്കുന്നതിനോ പുതിയ പ്ലാസ്റ്റിക്കിന്റെ ആവശ്യകത കുറയ്ക്കുന്നതിനോ ഒന്നും ചെയ്യുന്നില്ല. അതേ സമയം, ഫോസിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള പ്ലാസ്റ്റിക്കുകളെ കാർബൺ ഡൈ ഓക്സൈഡായും, മറ്റ്  വായു മലിനീകരണ വസ്തുക്കളായും മാറ്റുന്നതിലൂടെ ഗണ്യമായ തോതിൽ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം ഉണ്ടാകുന്നു. അതിനാൽ തന്നെ മൊത്തത്തിൽ, PTF സാങ്കേതികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. മറ്റൊന്ന്, പ്ലാസ്റ്റിക് റീസൈക്ലിങ് ആണ്. പ്ലാസ്റ്റിക് മാലിന്യങ്ങളെ പുതിയ പ്ലാസ്റ്റിക് ആക്കി മാറ്റുമെന്ന അടിസ്ഥാന വാഗ്ദാനങ്ങൾ നിറവേറ്റാൻ കെമിക്കൽ റീസൈക്ലിംഗ് കമ്പനികൾ തന്നെ പാടുപെടുകയാണ്. രാസ പുനരുപയോഗത്തിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നഷ്ടം സൈദ്ധാന്തികമായി അസാധ്യമാണെങ്കിലും, പ്രായോഗികമായി, ഈ പ്രക്രിയയിലൂടെയുള്ള ഓരോ ലൂപ്പും അസംസ്കൃത വസ്തുക്കളുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകുന്നുണ്ട്. ഒരു കെമിക്കൽ റീസൈക്ലിംഗ് ഫെസിലിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീസൈക്ലിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 35% വരെ നഷ്ടപ്പെടാം എന്നാണ്. ഓരോ 1 കിലോഗ്രാം പുതിയ പ്ലാസ്റ്റിക്കിനും 3.9 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ്  പുറന്തള്ളാൻ കഴിയും എന്നും കണക്കുകൾ പറയുന്നു. ഇനി ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകളുടെ കാര്യം എടുക്കാം. പല പഠനങ്ങളും കാണിക്കുന്നത്, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ യഥാർത്ഥത്തിൽ പൂർണ്ണമായി ജൈവ വിഘടനം നടത്തുന്നതിൽ  പരാജയപ്പെടുകയും, സ്ഥിരതയുള്ള മൈക്രോപ്ലാസ്റ്റിക് ആയി വിഘടിപ്പിക്കുന്നതിന് മുമ്പ് വർഷങ്ങളോളം കേടുകൂടാതെയിരിക്കുകയും ചെയ്യും എന്നാണ്. ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ “ഇക്കോ ഫ്രണ്ട്ലി” ആണെന്നും സ്വാഭാവികമായും ബയോഡീഗ്രേഡ് ചെയ്യാമെന്നും ഉള്ള സമൂഹത്തിന്റെ പൊതുവായ ധാരണ കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. അതിനാൽ തന്നെ കമ്പനികൾ ഉപയോഗിക്കുന്ന ജൈവവിഘടനം സംബന്ധിച്ച വാദങ്ങൾ എത്രത്തോളം സുതാര്യവും ഫലവത്തുമാണെന്നുള്ള ചോദ്യവും പ്രസക്തമാണ്.

പ്ലാസ്റ്റിക്ക് നിർമാർജനം പോലെ കമ്പനികൾ ഗ്രീൻ വാഷിങിനായി തിരിച്ചും മറിച്ചും പ്രയോഗിക്കുന്ന മറ്റൊരു വാദമാണ് കാർബൺ ഉത്സർജനം സംബന്ധിച്ചുള്ള വാദങ്ങൾ. ഓട്ടോമൊബൈൽ, ഓയിൽ കമ്പനികൾ ഒക്കെയാണ് ഇതിൽ മത്സരിക്കുന്നത്. ഇത്തരം ശ്രമങ്ങളിൽ ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു ഗ്രീൻ വാഷിംഗ് ആയിരുന്നു ഫോക്സ്‌വാഗൺ എന്ന ജർമൻ വാഹന നിർമാണ കമ്പനിയുടേത്. അമേരിക്കയിൽ ഡീസൽ കാറുകളുടെ വില്പനയിൽ ഫോക്സ്‌വാഗണിന്‌ ഒരു വലിയ മേൽക്കൈ ഉണ്ടായിരുന്നു. കാരണം അവയുടെ കുറഞ്ഞ മലിനീകരണം എന്ന പാരിസ്ഥിതിക വാദം തന്നെ. എന്നാൽ ഇതിനെയെല്ലാം പൊളിച്ചടുക്കിക്കൊണ്ടാണ് അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി രംഗത്ത് വന്നത്. 2015-ൽ ഫോക്‌സ്‌വാഗൺ, ഉത്സർജനം അളക്കാനുള്ള ടെസ്റ്റുകൾ (emission ടെസ്റ്റ്) നടത്തുമ്പോൾ തിരിച്ചറിയാൻ കഴിയുന്ന ഉപകരണങ്ങൾ തങ്ങളുടെ കാറുകളിൽ സ്ഥാപിച്ച് ടെസ്റ്റുകളിൽ വഞ്ചന കാണിച്ചതായി സമ്മതിക്കുകയുണ്ടായി. “ഡീസൽ ഡ്യൂപ്പ്” എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സെപ്റ്റംബറിൽ, യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) അമേരിക്കയിൽ വിൽക്കുന്ന പല ഫോക്‌സ്‌വാഗൺ കാറുകളിലും ഡീസൽ എഞ്ചിനുകളിൽ ഒരു “പരാജയ ഉപകരണം (defeat device)” അല്ലെങ്കിൽ സോഫ്റ്റ്വെയർ ഉണ്ടെന്ന് കണ്ടെത്തി. വേഗത, എഞ്ചിൻ പ്രവർത്തനം, വായു മർദ്ദം, സ്റ്റിയറിംഗ് വീലിന്റെ സ്ഥാനം എന്നിവ നിരീക്ഷിച്ച് ടെസ്റ്റ് സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ എഞ്ചിനുകളിൽ ഉണ്ടായിരുന്നു. അത്തരം സംവിധാനത്തിന് എമിഷൻ ടെസ്റ്റ് നടത്തുമ്പോൾ പ്രകടനം നിയന്ത്രിച്ച് ഫലങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. ഇപി എ കണ്ടെത്തിയത് യുഎസിൽ അനുവദനീയമായതിനേക്കാൾ 40 മടങ്ങ് വരെ നൈട്രജൻ ഓക്സൈഡ് എഞ്ചിനുകൾ പുറന്തള്ളുന്നു എന്നാണ്. ഈ കണ്ടെത്തലുകളിൽ യുഎസിൽ മാത്രം 482,000 കാറുകൾ ഉൾപ്പെട്ടു. ഫോക്‌സ്‌വാഗൺ നിർമ്മിച്ച ഓഡി എ3, മറ്റ് മോഡലുകളായ ജെറ്റ, ബീറ്റിൽ, ഗോൾഫ്, പസാറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്പിലും, എന്തിന് ലോകമെമ്പാടും, ഫോക്‌സ്‌വാഗണിന്റെ ഗ്രീൻ വാഷിംഗ് മോശമായിരുന്നില്ല. യൂറോപ്പിലെ എട്ട് ദശലക്ഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 11 ദശലക്ഷം കാറുകളിൽ ഈ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അവർ സമ്മതിച്ചു.പെട്രോൾ വാഹനങ്ങൾ ഉൾപ്പെടെ യൂറോപ്പിലെ ഏകദേശം 800,000 കാറുകളെ ബാധിച്ചേക്കാവുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് അളക്കുന്നതിനുള്ള പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി നവംബറിൽ ഫോക്‌സ്‌വാഗൺ പറഞ്ഞു.

എണ്ണക്കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങൾക്കും നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ഏറെയാണ്. 1965 മുതലുള്ള ആഗോള കാർബൺ ഉത്സർജനത്തിന്റെ 10% ത്തിലധികം ഉത്തരവാദികളായ ആഗോള കമ്പനികളായ എക്സോൺ മോബിൽ, ഷെവ്രാൻ, ഷെൽ, ബ്രിട്ടീഷ് പെട്രോളിയം (BP) എന്നിവയുടെ 2020 വരെയുള്ള 12 വർഷത്തെ വാർഷിക റിപ്പോർട്ടുകളും രേഖകളും പരിശോധിച്ച പ്ലസ് വൺ എന്ന ജേണലിലെ പ്രബന്ധത്തിൽ പറയുന്നത് കമ്പനികളുടെ പാരിസ്ഥിതിക അവകാശവാദങ്ങളും അവരുടെ പ്രവർത്തനങ്ങളുമായി പൊരുത്തമൊന്നുമില്ലെന്നാണ്. മാത്രവുമല്ല ഷെൽ, ബ്രിട്ടീഷ് പെട്രോളിയം എന്നീ കമ്പനികളിൽ പ്രത്യേകിച്ചും സമീപ വർഷങ്ങളിലെ വാർഷിക റിപ്പോർട്ടുകളിൽ “കാലാവസ്ഥ”, “ലോ-കാർബൺ”, “പരിവർത്തനം” എന്നിവയെ കുറിച്ചുള്ള പരാമർശങ്ങളിൽ കുത്തനെ വർദ്ധനവുണ്ടായതായി പഠനം കണ്ടെത്തി. ഉദാഹരണത്തിന്, BP യുടെ “കാലാവസ്ഥാ വ്യതിയാനം” 22 ൽ നിന്ന് 326 പരാമർശങ്ങളിലേക്ക് പോയി. ഇതിനു പുറമേ  ഇത്തരം കമ്പനികൾക്കകത്തു നടക്കുന്ന ഇമെയിൽ സംഭാഷണങ്ങളിൽ നിക്ഷേപകരും കമ്പനികളും തമ്മിൽ ഇക്കാര്യത്തിലുള്ള അവിശുദ്ധ കൈകോർക്കലുകളും തെളിഞ്ഞു. ലോബിയിസ്റ്റുകളും ഷെൽ, ഷെവ്‌റോൺ, എക്‌സോൺമൊബിൽ ജീവനക്കാരും തമ്മിലുള്ള 200-ലധികം പേജ് വരുന്ന ഇൻ-ഹൗസ് സന്ദേശങ്ങൾ പുറത്തു വന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട താപനില ലക്ഷ്യമായ 1.5C ന് താഴെ നിജപ്പെടുത്തി നിലനിർത്താൻ കത്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ എണ്ണയുടെയും വാതകത്തിന്റെയും കരുതൽ ശേഖരവും കൂടുതൽ ആസൂത്രിത ഉൽപ്പാദനവും ഉണ്ടെന്ന് ഇതിന് മുമ്പ് തന്നെ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2021 മെയ് മാസത്തിൽ, ഇന്റർനാഷണൽ എനർജി ഏജൻസി (IEA) 2050 ഓടെ net zero ബഹിർഗമനത്തിൽ എത്തണമെങ്കിൽ പുതിയ ഫോസിൽ ഇന്ധന വികസനം ഉണ്ടാകാൻ പാടില്ല എന്ന് കൂടി പറഞ്ഞ പശ്ചാത്തലത്തിലാണിതെന്ന് കൂടി ഓർക്കണം.

പരിഹാരങ്ങൾ എന്തൊക്കെ?

​ഉത്തരവാദിത്തമുള്ള ഒരു ഉപഭോക്താവെന്ന നിലയിൽ ഗ്രീൻ വാഷിങ്ങിനെ കുറിച്ച് നിരാശപ്പെടേണ്ടതില്ല.​​ മാർക്കറ്റിങ് ​തന്ത്രങ്ങളായി കമ്പനികൾ ഉപയോഗിക്കുന്ന ​ഗ്രീൻ വാഷിംഗ് ശ്രമങ്ങളുടെ വിവിധ ഷേഡുകൾ ​തിരിച്ചറിയുക എന്നത് തന്നെയാണ് പരിഹാരത്തിലേക്കുള്ള ആദ്യ ചവിട്ടുപടി. നിലവിൽ, ഗ്രീൻവാഷിംഗിനെതിരെ ​സമൂഹത്തിലുണ്ടായിട്ടുള്ള ​​ ​​പൊതുബോധവും ശക്തമായ തിരിച്ചടികൾ​ കിട്ടുമെന്നുള്ള ഭയവും ​ ​കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങളെ ഒരു പരിധിവരെ നിയന്ത്രണത്തിലാക്കുന്നു. ശക്തമായ സാമൂഹിക ഉത്തരവാദിത്തവും, ഒരു ഓർഗനൈസേഷൻ, ഒരു റെഗുലേറ്ററി അതോറിറ്റി, ​​നിക്ഷേപകർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, എൻ‌ജി‌ഒകൾ മുതലായവ​ർ അടങ്ങുന്ന ​ഒരു മൂന്നാം കക്ഷി​ എന്നിവർ ഉൾപ്പെടുന്ന ​ഒരു മോണിറ്ററിങ് സംവിധാനവും ​ ഗ്രീൻവാഷിംഗ് തടയുന്നതിന് അഭികാമ്യമാണ്‌.​ ഉപഭോക്താക്കൾ കൂടുതൽ സുതാര്യത ആവശ്യപ്പെടുന്നതിനാൽ കമ്പനികൾ പൊതുവേ  അവരുടെ ഗ്രീൻ മാർക്കറ്റിംഗ് മെച്ചപ്പെടുത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനികളെയും നയരൂപീകരണക്കാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനായി ചെയ്യേണ്ടത്. എന്നാൽ, അത്തരം ഘടനാപരമായ സംവിധാനങ്ങൾ മിക്ക രാജ്യങ്ങളിലും ഇതുവരെ വികസിപ്പിച്ചിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുകയാണ്.

ഉപഭോക്താവെന്ന നിലയിൽ നമുക്കും ചിലത് ചെയ്യാനുണ്ട്. ഒരു ഉത്പന്നം ഒട്ടും ആവശ്യമില്ലെങ്കിൽ അത് വാങ്ങാതിരിക്കുക എന്നതാണ് സാമാന്യ ബുദ്ധി. ഉത്പന്നം എത്ര പാരിസ്ഥിതിക വാദം ഉയർത്തിയാലും, എത്ര ഹരിത സ്റ്റിക്കറുകൾ ഉണ്ടെങ്കിലും ഒരിക്കലും നിർമ്മിക്കാത്ത ഉൽപ്പന്നമാണ് ഏറ്റവും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നം എന്ന് ഓർക്കുക. നിങ്ങൾ എന്തെങ്കിലും ഒരു ഹരിത ഉത്പന്നം വാങ്ങുകയാണെങ്കിൽ, പാരിസ്ഥിതിക ആഘാതം കുറക്കുന്നുണ്ട് എന്നതിന് ഏറ്റവും തെളിവുള്ള ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുക.

നിർമാണ രീതികളെ കുറിച്ച് ഗവേഷണം നടത്തുകയും വിശ്വസനീയമായ മൂന്നാം കക്ഷി സർട്ടിഫിക്കേഷനുകൾക്കായി തിരയുകയും ചെയ്യുക എന്നാണ് അതിനർത്ഥം​. ​ദ ഗുഡ് ഗൈഡ് പോലുള്ള ആപ്പുകൾ ​ ഇതിന് ​സഹായിക്കും​. കേവലം ലേബലുകളിൽ വഞ്ചിതരാവാതിരിക്കുക. ഒരു കമ്പനി അതിന്റെ ഉൽപ്പന്നം ഗ്രീൻവാഷ് ചെയ്യുകയാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ​അതിനെ കുറിച്ച് ​​ചുരുങ്ങിയ തോതിൽ ഒരു ഗവേഷണം നടത്തുക, അതിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയുക, അതിനെക്കുറിച്ച് ​സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യുക, ​കഴിയുമെങ്കിൽ ​വിശദീകരണം ചോദിക്കാൻ ​കമ്പനിയെ നേരിട്ട് ബന്ധപ്പെടുക. വ്യക്തിഗത ഉപഭോക്തൃ തിരഞ്ഞെടുപ്പുകൾ ​ തീർച്ചയായും ​ഒരു വ്യത്യാസം ​ഉണ്ടാക്കും. ​നമ്മുടെ വാങ്ങൽ ശേഷിയും താല്പര്യങ്ങളും കമ്പനികൾ  ​നിരന്തരം ​നിരീക്ഷിക്കുന്നു​ണ്ട്​. ​അതിനാൽ തന്നെ വൃത്തിയുള്ളതും സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ, അവർ ​ സുതാര്യമായ മാർഗങ്ങൾ ​പിന്തുടരുക തന്നെ ചെയ്യും.


നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഗ്രീൻവാഷിംഗ് പരസ്യങ്ങൾ, തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് താഴെ കമന്റ് ചെയ്യാം. ഒപ്പം ഗ്രീൻവാഷിംഗ് എന്നതിന് അനുയോജ്യമായ മലയാളപ്പേരും.

അധിക വായനയ്ക്ക്

  1. https://india.mongabay.com/2022/10/what-is-greenwashing/
  2. https://www.theguardian.com/sustainable-business/2016/aug/20/greenwashing-environmentalism-lies-companies
  3. https://medium.com/what-is-greenwashing-how-to-spot-it-and-stop-it-c44f3d130d5
  4. https://www.ul.com/insights/sins-greenwashing
  5. https://www.bbc.com/news/business-34324772
  6. https://en.wikipedia.org/wiki/Greenwashing
  7. https://cloud.google.com/blog/topics/views-about-sustainability
  8. https://www.reuters.com/article/environment-plastic-cement
  9. https://plasticsolutionsreview.com/
  10. https://www.euronews.com/deceptive-climate-tactics-and-greenwashing
  11. https://www.unschools.co/journal-blog/what-is-greenwashing-and-how-to-spot-it
  12. https://journals.plos.org/plosone/article?id=10.1371/journal.pone.0263596
Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

9 thoughts on “അറിയാം, ഗ്രീൻ വാഷിംഗ്

  1. അഭിനന്ദനങ്ങൾ മനില. തുടർന്നും എഴുതുക.

  2. തനി പച്ച മലയാളത്തിൽ ആയാലോ? പച്ച പൂശൽ
    “തങ്ങളുടെ പ്രവർത്തനങ്ങൾക് പച്ച പൂശാൻ ഉള്ള പല ശ്രമങ്ങളും കമ്പനികൾ നടത്തി വരാറുണ്ട്.”
    :-)

  3. നമ്മുടെയൊന്നും പൊതുശ്രദ്ധയിൽ വരാത്ത എന്നാൽ നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിഷയം ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ വിശദമായി പറഞ്ഞു തന്നതിൽ ലേഖികക്കും (?) ‘ലൂക്ക’യുടെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  4. ഗംഭീരൻ ലേഖനം. പാചക ഘടനയിലെ പിശകുകളും അക്ഷരത്തെറ്റുകളും കൂടി ഗംഭീരൻ ലേഖനം. വാചക ഘടനയിലെ പിശകുകളും അക്ഷരത്തെറ്റുകളും കൂടി കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നാവും.കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നാവും.

  5. ഗംഭീരൻ ലേഖനം. വാചകഘടനയിലെ പിശകുകളും അക്ഷരത്തെറ്റുകളും കൂടി കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നാവും.

Leave a Reply

Previous post ഇന്ത്യയിൽ അക്കാദമിക സ്വാതന്ത്ര്യം അപകടത്തിലോ ?
Next post Pillars of Creation – ഹബിൾ – ജെയിംസ് വെബ്ബ് ചിത്രങ്ങൾ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
Close