Read Time:7 Minute

സംഗീത ചേനംപുല്ലി

സാധാരണയായി വ്യാജവാർത്തകൾ വരുന്ന സാമൂഹിക മാധ്യമങ്ങളിലല്ല…. എറെ സമൂഹത്തിൽ പ്രചാരത്തിലുള്ള മാധ്യമത്തിൽ തന്നെ.(മാതൃഭൂമി,13.10.2020, പേജ് 10). മൂക്കില്‍ ദിവസവും ഗ്ലൂക്കോസ് ഒഴിക്കുന്നത് കൊറോണ വരുന്നത് തടയും എന്ന കേരളത്തില്‍ നിന്നുള്ള ഒരു ഇ.എന്‍.ടി ഡോക്ടറുടെ അവകാശവാദമാണ് ഇന്നത്തെ പത്രത്തിലെ താരം.

ഗ്ലൂക്കോസ്സില്‍ നിന്നുണ്ടാകുന്ന ഓക്സിജന്‍ അയോണുകള്‍ കൊറോണ വൈറസിന്റെ ബാഹ്യാവരണത്തെ നശിപ്പിക്കും എന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. വാസ്തവമാണോ എന്നുറപ്പില്ലെങ്കിലും ഒഴിച്ച് നോക്കുന്നതുകൊണ്ട് എന്താ കുഴപ്പം എന്ന ചോദ്യവുമായി കുറേപ്പേരും ഇറങ്ങിയിട്ടുണ്ട്. കണ്ടുപിടിത്തം നടത്തിയ ഡോക്ടറെ പ്രധാനമന്ത്രിയുടെ ഓഫീസ് അഭിനന്ദിച്ചു എന്ന വാചകമാണ് അവരുടെ പരീക്ഷണ കൗതുകത്തിനു കാരണം. ശാസ്ത്രം പഠിച്ചയാളായതുകൊണ്ട് ഈ അവകാശ വാദത്തിലെ വസ്തുതകളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കുകയാണല്ലോ ആദ്യ പടി. അതിന് പഠിച്ച രസതന്ത്രത്തിലെ മുന്നറിവുകളുമായി ഒത്തുനോക്കി പരിശോധിക്കേണ്ടതുണ്ട്.

ഗ്ലൂക്കോസില്‍ ഓക്സിജന്‍ അയോണ്‍ ഉണ്ടാകുമോ?

ഗ്ലൂക്കോസില്‍ ഓക്സൈഡ് അയോണ്‍ ഉണ്ടാകുമോ എന്നതാണ് ഉത്തരം കാണേണ്ട ഒന്നാമത്തെ ചോദ്യം. ഗ്ലൂക്കോസ് ഒരു കാര്‍ബോഹൈഡ്രേറ്റ് ആണ്. അതായത് കാര്‍ബണും, ഹൈഡ്രജനും, ഓക്സിജനും അടങ്ങിയ വസ്തു. നമ്മുടെ മുഖ്യഭക്ഷണമായ അരിയിലെ പ്രധാനിയായ അന്നജം ഗ്ലൂക്കോസിന്റെ പോളിമര്‍ ആണ്. അപ്പോള്‍ ഗ്ലൂക്കോസില്‍ ഓക്സിജന്‍ ഉണ്ടെന്നുറപ്പായി. ധാരാളം -OH അഥവാ ഹൈഡ്രോക്സില്‍ ഗ്രൂപ്പുകളും, ഹൈഡ്രജന്‍ ആറ്റങ്ങളും കാര്‍ബണ്‍ ആറ്റത്തോട് ബന്ധിക്കപ്പെട്ട ഒരു സഹസംയോജക (covalent) സംയുക്തമാണ് ഗ്ലൂക്കോസ്. സഹസംയോജക സംയുക്തങ്ങള്‍ പൊതുവേ വെള്ളത്തില്‍ ലയിക്കാറില്ലെങ്കിലും ഗ്ലൂക്കോസിലുള്ള അഞ്ച് ഹൈഡ്രോക്സില്‍ ഗ്രൂപ്പുകള്‍ ജലവുമായി ഹൈഡ്രജന്‍ ബോണ്ട്‌ ഉണ്ടാക്കുന്നത് കൊണ്ട് ഗ്ലൂക്കോസ് ജലത്തില്‍ ലയിക്കും. പക്ഷേ ഇത് ഒരു അയോണുകളെയും സ്വതന്ത്രമാക്കുന്നില്ല.

 

ഉപ്പ് വെള്ളത്തില്‍ ലയിക്കുമ്പോള്‍ സോഡിയം അയോണും, ക്ലോറൈഡ് അയോണുമായി മാറുന്നില്ലേ? പിന്നെന്താ ഗ്ലൂക്കോസ് അയോണായി മാറാത്തത് ?

സോഡിയം ക്ലോറൈഡ് ഇലക്ട്രോണ്‍ കൈമാറ്റം വഴിയുണ്ടാകുന്ന ഒരു അയോണിക (ionic compound) സംയുക്തമാണ്. ഇലക്ട്രോണ്‍ കൈമാറ്റം നടക്കുന്നതിനാല്‍ അതിലെ അയോണുകള്‍ക്ക് പോസിറ്റീവ് നെഗറ്റീവ് ചാര്‍ജ്ജുകള്‍ ഉണ്ടാകും. എന്നാല്‍ ഗ്ലൂക്കോസ് പോലുള്ള സഹസംയോജക സംയുക്തങ്ങളില്‍ ഇലക്ട്രോണ്‍ പങ്കുവെക്കല്‍ ആണ് നടക്കുന്നത്. ഇലക്ട്രോണ്‍ നേടലോ നഷ്ടപ്പെടലോ ഇല്ലാത്തതിനാല്‍ അവക്ക് ചാര്‍ജ്ജ് ഉണ്ടാവില്ല. അയോണുകളായി അവ വേര്‍പിരിയുകയുമില്ല. അടുത്ത സാധ്യത ജലത്തിലെ അയോണുകളാണ്. എന്നാല്‍പ്പിന്നെ മൂക്കില്‍ വെള്ളമൊഴിച്ചാല്‍ പോരേ എന്ന് ചോദിക്കാമെങ്കിലും ആ സാധ്യതയും പരിശോധിക്കാം. വെള്ളത്തിന്‌ ഹൈഡ്രജന്‍, ഹൈഡ്രോക്സില്‍ അയോണുകളായി മാറാന്‍ കഴിയുമെങ്കിലും നൂറുകോടി ജലതന്മാത്രകള്‍ എടുത്താല്‍ അതില്‍ പരമാവധി രണ്ടെണ്ണമാണ് അയോണുകള്‍ ആയി മാറുക. ഇവ തന്നെയും പെട്ടെന്ന് തിരിച്ച് പഴയതുപോലെ തന്മാത്രാ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. ഗ്ലൂക്കോസ് ജലത്തില്‍ ലയിക്കുമ്പോള്‍ ഗ്ലൂക്കോസിലുള്ള അഞ്ച് ഹൈഡ്രോക്സില്‍ ഗ്രൂപ്പുകളും ജലവും തമ്മില്‍ ഹൈഡ്രജന്‍ ബോണ്ടിംഗ് വഴി ദുര്‍ബലമെങ്കിലും സ്ഥിരതയുള്ള ഒരു വ്യവസ്ഥ രൂപം കൊള്ളുന്നുണ്ട്. ഗ്ലൂക്കോസിന്റെ അയോണീകരണം പരിശോധിക്കാന്‍ അത് വൈദ്യുതി കടത്തിവിടുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. ഗ്ലൂക്കോസ് വിദ്യുത്ചാലകത കാണിക്കാത്ത ഒരു നോണ്‍-ഇലക്ട്രോലൈറ്റ് ആണ്.

ഓക്സിജന്‍ അയോണുകള്‍ അഥവാ ഓക്സൈഡ് അയോണുകള്‍ പിന്നെവിടന്നു വരുന്നു? ഹൈഡ്രോക്സില്‍ അയോണ്‍ വളരെ സ്ഥിരതയുള്ളതായത് കൊണ്ടുതന്നെ അത് വിഘടിച്ച് ഓക്സിജന്‍ അയോണ്‍ രൂപപ്പെടില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഗ്ലൂക്കോസ് ലായനിയില്‍ ഒരിക്കലും ഓക്സിജന്‍ അയോണ്‍ ഉണ്ടാവില്ലെന്ന് കാണാം.

വൈറസിന്റെ ആവരണത്തെ ജലീയ ലായനികള്‍ നശിപ്പിക്കുമോ?

 എന്നാല്‍ കാര്യങ്ങള്‍ എന്തെളുപ്പമായേനെ. ഏത് വൈറസിനേയും എളുപ്പത്തില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലാമായിരുന്നു. മനുഷ്യനേക്കാളൊക്കെ ഉയര്‍ന്ന അതിജീവന ശേഷിയുള്ളവയാണ് വൈറസുകള്‍. വൈറസുകളിലെ താരതമ്യേന ദുര്‍ബലമായ ഭാഗം അവയുടെ കോശത്തിന് പുറമെയുള്ള ആവരണമാണ്. ബാക്റ്റീരിയകളുടെയും വൈറസിന്റെയും കോശത്തിന്റെ പുറമേയുള്ള ആവരണമായ കോശസ്തരം (cell membrane) പ്രോട്ടീനുകളും കൊഴുപ്പിന്‍റെ ഘടകമായ ലിപ്പിഡുകളും കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.

ലിപ്പിഡുകളുടെ അടിസ്ഥാന നിര്‍വചനം  തന്നെ ജലത്തിലോ ജലീയ ലയനികളിലോ ലയിക്കാത്ത വസ്തുക്കള്‍ എന്നാണ്. അതുകൊണ്ടുതന്നെ ജലത്തിനോ, ജലത്തിനോട് ഏറെ താല്‍പ്പര്യമുള്ള (hydrophilic) ഗ്ലൂക്കോസ് ലായനിക്കോ വൈറസിന്‍റെ കോശസ്തരത്തെ ഒന്നും ചെയ്യാനാവില്ല. ജലത്തില്‍ ലയിക്കാത്ത ഭാഗങ്ങള്‍ കൂടുതലുള്ള, അതേസമയം പോളാര്‍ ആയ ആല്‍ക്കഹോള്‍ സാനിറ്റൈസർ (സോപ്പോ) ആയി ഉപയോഗിക്കാന്‍ കാരണം ആല്‍ക്കൊഹോളിലെ ജലവുമായി പ്രവര്‍ത്തിക്കാത്ത ഭാഗം കോശസ്തരത്തില്‍ അടങ്ങിയ ലിപ്പിഡുകളെ ലയിപ്പിക്കുന്നതുകൊണ്ടാണ്.

ചുരുക്കി പറഞ്ഞാൽ ഗ്ലൂക്കോസ് വെള്ളത്തിൽ ഓക്സിജൻ അയോണുമില്ല, ജലീയ ലായനികള്‍ വൈറസിനെ നശിപ്പിക്കുകയും ഇല്ല. ഇതൊക്കെക്കൊണ്ട് കാളപെറ്റു എന്ന് പത്രത്തില്‍ കണ്ടാലും കയറെടുക്കും മുമ്പ് ഒള്ളത് തന്നേ? എന്നൊന്ന് ചോദിക്കുന്നത് നല്ലതാവും.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഗ്ലൂക്കോസ് വെള്ളത്തില്‍ കൊറോണ മുങ്ങിമരിക്കുമോ?

  1. Thank you for article on soap / alcoholic sanitizer.
    Health/ municipal authorities use bleaching powder diluted to 0.5-* as disinfectant. I like clarification whether/how chlorine destroy virus.
    With regards,
    Ramachandran P K

Leave a Reply to Ramachandran P KCancel reply

Previous post യൂറോപ്പിൽ ഈ പന്നൽച്ചെടി എങ്ങനെയെത്തി ?
Next post ജിയോമിത്തോളജി – മിത്തുകളിലെ ഭൂശാസ്ത്രം !
Close